Wednesday, December 23, 2009

മനുഷ്യരാശിയുടെ ഉത്ഭവവും പരിണാമവും

മനുഷ്യന്‍ എങ്ങനെ ഉണ്ടായി? ജീവന്‍ തന്നെ എങ്ങനെ ഉണ്ടായി? ഒരു പക്ഷെ, പ്രപഞ്ചം എങ്ങനെ ഉണ്ടായി എന്ന ചോദ്യത്തോടൊപ്പം മനുഷ്യനു് അറിയാന്‍ ഏറ്റവും താല്പര്യമുള്ള കാര്യങ്ങളായിരിക്കും ഇവയൊക്കെ. മനുഷ്യന്റെ ഉത്ഭവത്തേപ്പറ്റി പല മതങ്ങളും നമുക്കു് പലതും പറഞ്ഞു തരുന്നുണ്ടു്. ശാസ്ത്രജ്ഞര്‍ അവരുടെ വഴിക്കു് ചിലതൊക്കെ കണ്ടുപിടിച്ചിട്ടുമുണ്ടു്. പുതിയ കണ്ടെത്തലുകള്‍ ഉണ്ടാകുന്നതനുസരിച്ചു് ശാസ്ത്രീയ സത്യങ്ങള്‍ മാറിക്കൊണ്ടിരിക്കുമല്ലോ. മനുഷ്യന്റെ ഉത്ഭവത്തെപ്പറ്റി ശാസ്ത്രം ഇപ്പോള്‍ എന്താണു് പറയുന്നതു് എന്നു് നമുക്കു് പരിശോധിക്കാം.

ഭൂമിയും സൌരയൂഥവും ഉണ്ടായതു് ഏതാണ്ടു് 460 കോടി വര്‍ഷം മുമ്പായിരിക്കണം എന്നു് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ഭൂമിയില്‍ ജീവനുണ്ടായിട്ടു് ഏതാണ്ടു് 300-400 കോടി വര്‍ഷം ആയിട്ടുണ്ടാവണം. ആദ്യമുണ്ടായതു് ജലത്തില്‍ ജീവിക്കുന്ന ചില സൂക്ഷ്മജീവികള്‍ ആയിരിക്കണം. ഇവയെങ്ങനെ ഉണ്ടായി എന്നതു് കൃത്യമായി മനസിലാക്കാനായിട്ടില്ല. എങ്കിലും, ഭൂമിയിലുണ്ടായിരുന്ന ചില രാസവസ്തുക്കള്‍ മിന്നലിന്റെയും മറ്റും ഫലമായി കൂടിച്ചേര്‍ന്നു് കൂടുതല്‍ സങ്കീര്‍ണ്ണമായ ജൈവ രാസപദാര്‍ത്ഥങ്ങള്‍ ഉണ്ടായി എന്നും കടലില്‍ കലങ്ങിയ ഇവയില്‍ നിന്നും അനേകം നൂറ്റാണ്ടുകളിലൂടെ ജീവന്റെ പ്രാഥമിക തന്മാത്രകളുണ്ടായി എന്നും കരുതപ്പെടുന്നു. എന്നാല്‍ സൂക്ഷ്മ ജൈവരൂപങ്ങള്‍ ബഹിരാകാശത്തുനിന്നു് എത്തിച്ചേര്‍ന്നു എന്നു കരുതുന്ന ശാസ്ത്രജ്ഞരുമുണ്ടു്. ഇത്രയധികം വൈരുദ്ധ്യം നിലനില്‍ക്കുന്നതു് തന്നെ നമുക്കു് ഈ പ്രക്രിയ നന്നായി മനസിലാക്കാനായിട്ടില്ല എന്നതിന്റെ തെളിവാണു്.

ആദ്യകാലത്തെ ജീവജാലങ്ങള്‍ കടലില്‍ ആയിരുന്നിരിക്കണം ഉണ്ടായതു് എന്ന കാര്യത്തില്‍ വലിയ തര്‍ക്കമില്ല. അന്നത്തെ അന്തരീക്ഷത്തില്‍ ഓക്സിജന്‍ തീരെ ഇല്ലായിരുന്നതുകൊണ്ടും കാര്‍ബണ്‍ ഡയോക്സൈഡ് ധാരാളം ഉണ്ടായിരുന്നതുകൊണ്ടും കാര്‍ബണ്‍ ഡയോക്സൈഡ് ശ്വസിച്ചു് ഓക്സിജന്‍ പുറന്തള്ളുന്ന സൂക്ഷ്മജീവികള്‍ ആയിരിക്കണം ആദ്യമുണ്ടായതു്. അവയാണു് ഇന്നു കാണുന്ന ജീവജാലങ്ങള്‍ക്കു് ജീവിക്കാന്‍ ഉതകുന്ന തരത്തില്‍ ഓക്സിജന്‍ ധാരാളമുള്ള അന്തരീക്ഷം സൃഷ്ടിക്കാന്‍ സഹായിച്ചതു്. പിന്നീടു് ചെടികളും സങ്കീര്‍ണ്ണമായ മറ്റു ജീവികളും ഉത്ഭവിച്ചു. കരയില്‍ ചെടികളും ആദ്യകാലജന്തുക്കളും ഉണ്ടായതു് ഏതാണ്ടു് 48 കോടി വര്‍ഷം മുമ്പായിരിക്കണം. ഏതാണ്ടു് 37 കോടി വര്‍ഷങ്ങള്‍ക്കും 36 കോടി വര്‍ഷങ്ങള്‍ക്കും ഇടയ്ക്കായിരിക്കണം എല്ലുള്ള ജീവികളുണ്ടായതു്. അവയില്‍നിന്നു് പരിണമിച്ചാണു് മനുഷ്യനും ഇന്നു കാണുന്ന മറ്റു പല ജീവികളും ഉണ്ടായതു്.

ഏതാണ്ടു് മൂന്നു കോടി വര്‍ഷങ്ങള്‍ക്കു മുമ്പു് ആഫ്രിക്കയിലും ദക്ഷിണേഷ്യയിലും ഒഴിച്ചു് ബാക്കിയെല്ലാ പ്രദേശങ്ങളിലെയും പ്രൈമേറ്റുകള്‍ (മനുഷ്യനും കുരങ്ങനും അടങ്ങുന്ന കുടുംബം) വംശനാശത്തിനു് ഇരയായി. പിന്നീടു്, ഏതാണ്ടു് ഒന്നേമുക്കാല്‍ കോടി വര്‍ഷം മുമ്പു്, ആയിരിക്കണം ഹോമിനിഡുകള്‍ എന്നറിയപ്പെടുന്ന വര്‍ഗം ആഫ്രിക്കയില്‍നിന്നു് യൂറോപ്പിലേക്കു് കുടിയേറിയതു്. മെഡിറ്ററേനിയന്‍ കടല്‍ വികസിച്ചു് ആഫ്രിക്കയും യൂറോപ്പും തമ്മില്‍ വേര്‍പെടുന്നതിനു് മുമ്പായിരിക്കണം ഇതുണ്ടായതു്. മനുഷ്യനും ചിംപന്‍സിയും ഒരേ ശാഖയില്‍ നിന്നു് ഉരുത്തിരിഞ്ഞതാണു് എന്നാണു് ശാസ്ത്രജ്ഞര്‍ കരുതുന്നതു്. അവര്‍ വഴി പിരിഞ്ഞതു് ഏതാണ്ടു് 50 - 70 ലക്ഷം വര്‍ഷം മുമ്പു് ആയിരിക്കണം. പക്ഷെ അപ്പോഴും ഇന്നു കാണുന്ന രൂപത്തിലുള്ള മനുഷ്യന്‍ ഉണ്ടായിരുന്നില്ല. ചിംപന്‍സികളുമായി വഴി പിരിഞ്ഞ ശേഷം ഉണ്ടായ ഒരു ശാഖയില്‍ നിന്നാണു് മനുഷ്യനും ഗോറില്ലകളും ഉണ്ടായതു്.

മനുഷ്യന്റെ ശാഖയിലെ ആദ്യത്തെ വര്‍ഗം എന്നു പറയപ്പെടുന്നതു് ആസ്ട്രേലോപിത്തെക്കസ് എന്നു പേരുള്ള ഒന്നാണു്. ഏതാണ്ടു് 25 ലക്ഷം വര്‍ഷം മുമ്പായിരിക്കണം കല്ലുകൊണ്ടുണ്ടാക്കിയ പണിയായുധങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയതു്. അക്കാലത്തു് ഈ ശാഖയിലെ ജന്തുക്കളുടെ തലച്ചോറു് ചെറുതായിരുന്നു എന്നാണു് ഫോസിലുകള്‍ സൂചിപ്പിക്കുന്നതു്. എന്നാല്‍ അതിന്റെ ഏതാണ്ടു് നാലിരട്ടി വലുപ്പമുണ്ടു് ഇന്നു് മനുഷ്യന്റെ തലച്ചോറിനു്. ഇക്കാലത്തിനിടയ്ക്കുള്ള ഫോസിലുകളില്‍ നിന്നു് കാലം കഴിയുന്നതനുസരിച്ചു് തലച്ചോറിന്റെ വലുപ്പം കൂടി വരുന്നതു് നമുക്കു് കാണാനാകും. തലച്ചോറിന്റെ വലുപ്പം ബുദ്ധിശക്തിയുടെ സൂചനയാണു് എന്നാണു് കരുതപ്പെടുന്നതു്. ജന്തുശാസ്ത്രം നയിക്കുന്ന പരിണാമത്തില്‍ നിന്നു് ബുദ്ധിശക്തി നയിക്കുന്ന പരിണാമത്തിലേക്കുള്ള മാറ്റമാണു് ഇവിടെ കാണുന്നതു് എന്നു പറയാം.

പിന്നീടുള്ള മനുഷ്യന്റെ പരിണാമത്തെപ്പറ്റി രണ്ടു് തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടു്. ആഫ്രിക്കയിലുണ്ടായിരുന്ന മനുഷ്യരൂപമുള്ള ചെറിയൊരു കൂട്ടത്തില്‍ നിന്നു് പരിണമിച്ചു് ഏതാണ്ടു് രണ്ടു ലക്ഷം വര്‍ഷം മുമ്പു് ലോകത്തിലെ മറ്റു ദിക്കുകളിലേക്കു് കുടിയേറി അവിടെ ആധിപത്യം സ്ഥാപിക്കുകയായിരുന്നോ, അതോ ലോകത്തു പലയിടത്തും പ്രത്യേകമായി ഉത്ഭവിക്കുകയായിരുന്നോ എന്നതാണു് ഒരു തര്‍ക്കം. ഏതാണ്ടു് ഒരു ലക്ഷം വര്‍ഷം മുമ്പു്, ഫോസിലുകളില്‍ ദൃശ്യമല്ലാത്ത സിരാവ്യൂഹത്തില്‍ വന്ന മാറ്റങ്ങള്‍ കാരണമാവാം, ബുദ്ധിപരവും സാംസ്ക്കാരികവും സാങ്കേതികവുമായ ഒരു കുതിച്ചുചാട്ടം മനുഷ്യനില്‍ സംഭവിച്ചോ എന്നതാണു് മറ്റൊരു തര്‍ക്കം. ഈ തര്‍ക്കങ്ങള്‍ നിലനില്‍ക്കുമ്പോള്‍ത്തന്നെ മനുഷ്യരാശിയുടെ മാതാവായി ഏത്തിയോപ്പിയയില്‍ കണ്ടെത്തിയ, ലൂസി എന്ന ഓമനപ്പേരില്‍ വിളിക്കുന്ന, ഒരു ഫോസിലിനെ ചിത്രീകരിക്കാറുണ്ടു്. കുരങ്ങന്മാരുടേതു പോലെ ചെറിയ തലയുള്ള, എന്നാല്‍ മനുഷ്യരെപ്പോലെ രണ്ടുകാലില്‍ നടന്നിരുന്ന, ഈ സ്ത്രീ ഏതാണ്ടു് 32 ലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പു് ജീവിച്ചിരുന്നു എന്നു് കരുതുന്നു. ബുദ്ധി വികസിക്കുന്നതിനു മുമ്പുതന്നെ രണ്ടു കാലില്‍ നടക്കുന്ന ശീലം ആരംഭിച്ചിരുന്നു എന്നു് ലൂസി തെളിയിക്കുന്നു. ലൂസിയെ ശാസ്ത്രീയമായി ആസ്ട്രേലോപിത്തെക്കസ് അഫാറെന്‍സിസ് Australopithecus afarensis എന്നാണു് വിളിക്കുന്നതു്.

വളരെക്കാലത്തേക്കു് ലൂസിയെ മനുഷ്യരാശിയുടെ മുതുമുത്തശ്ശിയായി കരുതിയിരുന്നു. ഒരുപക്ഷെ ഇത്രയും പഴക്കമുള്ള, എന്നാല്‍ ഇത്ര ഭംഗിയായി സംരക്ഷിക്കപ്പെട്ട മറ്റൊരു ഫോസില്‍ കണ്ടെത്തിയിരുന്നില്ല എന്നതായിരിക്കാം ലൂസിയോടുണ്ടായിരുന്ന സ്നേഹത്തിനു പിന്നിലുള്ള ഒരു കാരണം. ലൂസിയുടെ അസ്ഥിപഞ്ചരത്തിന്റെ ഏതാണ്ടു് നാല്പതു് ശതമാനത്തോളം ഭാഗം നല്ല രൂപത്തില്‍ തന്നെ ലഭിച്ചു. അതു് കണ്ടെത്തിയതിന്റെ പിന്നിലും രസകരമായ കഥയുണ്ടു്. രണ്ടു തവണ പരിശോധിച്ചു് ഫോസിലുകളില്ല എന്നു് തീരുമാനിച്ച ഒരു പ്രദേശത്തു് അകാരണമായ ഒരു വിളിപ്പാടിന്റെ ഫലമായി എന്നപോലെ നടത്തിയ തിരച്ചിലില്‍ ആണു് ലൂസിയുടെ ഫോസില്‍ കഷണങ്ങള്‍ ലഭിച്ചതു്. പ്രശസ്ത പുരാവസ്തു ഗവേഷകയും നരവംശശാസ്ത്രജ്ഞയുമായിരുന്ന മേരി ലീക്കി അടങ്ങിയ സംഘത്തിലുണ്ടായിരുന്ന ഡോണാള്‍ഡ് ജോഹാന്‍സണ്‍ എന്ന അമേരിക്കന്‍ നരവംശശാസ്ത്രജ്ഞനും അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥിയായിരുന്ന ടോം ഗ്രേയും ആണു് ലൂസിയുടെ ഭാഗങ്ങള്‍ കണ്ടതു്. ഒരു പ്രദേശം പരിശോധിച്ചശേഷം തിരിച്ചു് ജീപ്പിലേക്കു് നടക്കുന്നതിനിടയ്ക്കു് വെറുതെ ഒരു താഴ്ന്ന പ്രദേശം, അതു് മുമ്പു് ടീമിലെ അംഗങ്ങള്‍ പരിശോധിച്ചതാണെങ്കിലും, ഒന്നുകൂടി പരിശോധിച്ചു് തിരികെ പോകാന്‍ തുടങ്ങുമ്പോഴാണു് ഒരു എല്ലിന്റെ അറ്റത്തിന്റെ ഫോസില്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടതു്. 1974 നവംബര്‍ 24നായിരുന്നു ഈ സുപ്രധാനമായ കണ്ടുപിടിത്തം നടന്നതു്. എന്നാല്‍ ഇരുപതു് വര്‍ഷം കഴിഞ്ഞപ്പോള്‍ ലൂസിയെ സ്ഥാനഭ്രഷ്ടയാക്കുന്ന മറ്റൊരു കണ്ടുപിടിത്തമുണ്ടായി.

ഒക്ടോബര്‍ 2009ലാണു് പുതിയ കണ്ടെത്തലിനെ കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടായതെങ്കിലും 1994ലാണു് കണ്ടുപിടിത്തം നടന്നതായി അവര്‍ അവകാശപ്പെടുന്നതു്. എത്തിയോപ്പിയയിലെ അഫാര്‍ താഴ്ച എന്ന സ്ഥലത്തു നിന്നു കണ്ടെത്തിയ ആര്‍ഡിപിത്തെക്കസ് രാമിഡസ് (Ardipithecus ramidus) എന്നു പേരിട്ടിരിക്കുന്ന ജന്തുവിന്റെ ഫോസിലാണു് ലൂസിയെ സ്ഥാനഭ്രഷ്ടയാക്കിയിരിക്കുന്നതു്. രണ്ടു കാലില്‍ നടക്കുകയും കുരങ്ങന്റെയും മനുഷ്യന്റെയും ശാരീരിക സ്വഭാവങ്ങള്‍ കാണിക്കുകയും ചെയ്യുന്ന ആര്‍ഡിപിത്തെക്കസ് ഏതാണ്ടു് 44 ലക്ഷം വര്‍ഷം മുമ്പായിരിക്കണം ജീവിച്ചിരുന്നതു്. ആര്‍ഡി എന്നു പേരിട്ടിരിക്കുന്ന ഈ വ്യക്തിക്ക് ഏതാണ്ടു് 120 സെന്റിമീറ്റര്‍ ഉയരവും 50 കിലോഗ്രാം ഭാരവും ഉണ്ടായിരുന്നിരിക്കണം എന്നു കണക്കാക്കുന്നു. ആര്‍ഡിയുടെ അസ്ഥിപഞ്ചരത്തിന്റെ ഭാഗങ്ങള്‍ കൂടാതെ ആര്‍ഡിപിത്തെക്കസ് വര്‍ഗത്തിലെതന്നെ മറ്റു ചില വ്യക്തികളുടെ ഏതാനും എല്ലുകളുടെ ഫോസിലുകളും ലഭിച്ചിട്ടുണ്ടു്. ബര്‍ക്കിലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ പ്രവര്‍ത്തിയെടുക്കുന്ന ടിം വൈറ്റ് എന്ന നരവംശശാസ്ത്രജ്ഞന്‍ നയിച്ച സംഘമാണു് ആദ്യത്തെ ആര്‍ഡിപിത്തെക്കസ് രാമിഡസ് ഫോസില്‍ കണ്ടെത്തിയതു്.

ഇതോടെ മനുഷ്യന്റെ ഉത്ഭവത്തിന്റെ വഴി വ്യക്തമായി എന്നു കരുതാനാവില്ല. എന്നെങ്കിലും പൂര്‍ണ്ണമായി മനസിലാകുമോ? പറയാനാവില്ല. കാലം കഴിയുംതോറും പുതിയ അറിവുകള്‍ ലഭിക്കാം. നമ്മുടെ ധാരണകള്‍ തിരുത്തിക്കുറിക്കേണ്ടി വരാം. പ്രപഞ്ചത്തിന്റെയോ ജീവന്റെയോ ഉത്ഭവത്തെപ്പറ്റി എന്നെങ്കിലും എല്ലാം അറിയാനാവുമോ? പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ ഒരു യൂറോപ്യന്‍ ശാസ്ത്രജ്ഞന്‍ ശാസ്ത്രം തീര്‍ന്നു എന്നു പ്രഖ്യാപിച്ചുവത്രെ. നമുക്കു് പ്രഞ്ചം മുഴുവനും മനസിലായിക്കഴിഞ്ഞു, ഇനി പെട്ടെന്നു തന്നെ മനസിലക്കാനാവുന്ന അല്പം ചില സംശയങ്ങള്‍ മാത്രമെ ബാക്കി നില്‍ക്കുന്നുള്ളൂ എന്നാണദ്ദേഹം പറഞ്ഞതു്. ഭൌതികശാസ്ത്രത്തെപ്പറ്റി ആയിരുന്നു പ്രസ്താവന. എന്നാല്‍ തുടര്‍ന്നുള്ള ഏതാനും വര്‍ഷങ്ങള്‍ക്കുള്ളിലാണു് ഭൌതികശാസ്ത്രത്തില്‍ വിപ്ലവം സൃഷ്ടിച്ചുകൊണ്ടു് രണ്ടു പുതിയ സിദ്ധാന്തങ്ങള്‍ പ്രത്യക്ഷമായതു് -- ക്വാണ്ടം ബലതന്ത്രവും ഐന്‍സ്റ്റൈന്റെ ആപേക്ഷികതാ സിദ്ധാന്തവും. മനുഷ്യനു് എല്ലാ കാര്യങ്ങളും നന്നായി മനസിലാക്കാനായിട്ടുണ്ടു് എന്ന വിശ്വാസം പലപ്പോഴും വഴിതെറ്റിക്കുന്നതാണു്. നമുക്കു് സങ്കല്പിക്കാന്‍ പോലും കഴിയാത്തത്ര സങ്കീര്‍ണ്ണമായിരിക്കാം നമ്മുടെ പ്രപഞ്ചം.

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് \eng by-sa \mal ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)

Wednesday, December 9, 2009

ഡിജിറ്റല്‍ വിടവു്

മനുഷ്യന്‍ വികസിപ്പിച്ചെടുത്തിട്ടുള്ളതില്‍ വെച്ചു് ഏറ്റവും കൂടുതല്‍ സാദ്ധ്യതകളുള്ള സാങ്കേതികവിദ്യകളില്‍ ഒന്നാണു് കമ്പ്യൂട്ടറും മറ്റു പല ഉപകരണങ്ങളും ഉപയോഗിക്കുന്ന ഡിജിറ്റല്‍ സാങ്കേതികവിദ്യ. ലഘുവായ ഇലക്‍ട്രോണിക് സര്‍ക്യൂട്ടുകളില്‍ നിന്നു് തുടങ്ങി സങ്കീര്‍ണ്ണമായ ഡിജിറ്റല്‍ കമ്പ്യൂട്ടറുള്‍ വരെ 1940കളില്‍ തന്നെ എത്തിച്ചേര്‍ന്നതാണു് ഡിജിറ്റല്‍ ഇലക്‌ട്രോണിക്സ് (1946ലാണു് എനിയാക് എന്ന ആധുനിക അര്‍ത്ഥത്തിലുള്ള ആദ്യത്തെ ഇലക്‌ട്രോണിക് കമ്പ്യൂട്ടര്‍ ഉണ്ടായതു്). ആദ്യകാലത്തു് ഉപയോഗിച്ചിരുന്ന, വളരെയധികം ഊര്‍ജം ആവശ്യമായിരുന്ന, എന്നാല്‍ വളരെ കുറച്ചു മാത്രം ശേഷിയുണ്ടായിരുന്ന ഈ കമ്പ്യൂട്ടറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്നത്തെ കമ്പ്യൂട്ടര്‍ തിരിച്ചറിയാനാവാത്തവിധം മാറിപ്പോയിരിക്കുന്നു എന്നു കാണാം.

വാല്‍വുകള്‍ക്കു പകരം 1950കളില്‍ ട്രാന്‍സിസ്റ്റര്‍ എന്ന അത്ഭുതവസ്തു കണ്ടുപിടിച്ചു. 1960കളില്‍ അനേകം ട്രാന്‍സിസ്റ്റര്‍ സര്‍ക്യൂട്ടുകള്‍ ഒരു ചെറിയ സിലിക്കണ്‍ `ചിപ്പില്‍' ഉള്‍ക്കൊള്ളിക്കാനുള്ള വിദ്യ കണ്ടുപിടിച്ചു. `വന്‍കിട ഉദ്ഗ്രഥനം' (large scale integration) എന്ന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തതു് 1970കളിലാണു്. ഇതോടെ സ്വന്തമായി കെട്ടിടവും ശീതീകരണവും വേണ്ടിയിരുന്ന സ്ഥിതിയില്‍നിന്നു് കമ്പ്യൂട്ടറുകള്‍ മേശപ്പുറത്തു് വയ്ക്കാന്‍ പറ്റുന്ന ഉപകരണമായി തീര്‍ന്നു. മാത്രമല്ല കമ്പ്യൂട്ടറുകളുടെ വിലയും ആവശ്യമായ ഊര്‍ജവും വളരെയധികം കുറഞ്ഞു. ഏതാണ്ടു് ഇതേ കാലത്തുതന്നെ കമ്പ്യൂട്ടറുകളെ പരസ്പരം ബന്ധിപ്പിച്ചു് ശൃംഘല തീര്‍ക്കാനുള്ള ശ്രമം വിജയിച്ചു. ഇതോടെ ഒറ്റയ്ക്കൊറ്റയ്ക്കു് കമ്പ്യൂട്ടര്‍ ഉപയോഗിക്കുക എന്നതില്‍നിന്നു് വളരെ വ്യത്യസ്തമായ ഇന്റര്‍നെറ്റ് എന്ന ആശയം പ്രചാരത്തിലായി. ഇന്നു് ഇതു് വിവരവിനിമയ സാങ്കേതികവിദ്യ (Information Communication Technology, ICT) എന്ന പേരില്‍‌ അറിയപ്പെടുന്നു.

സങ്കീര്‍ണ്ണമായ കണക്കുകൂട്ടലുകള്‍ നടത്താനാണു് കമ്പ്യൂട്ടര്‍ വിഭാവനം ചെയ്തതു്. എന്നാല്‍ സാങ്കേതികവിദ്യയിലുണ്ടായ വികസനം കമ്പ്യൂട്ടറിന്റെ കഴിവുകള്‍ വളരെയധികം വര്‍ദ്ധിപ്പിച്ചപ്പോള്‍ അതു് ഉപയോഗിക്കുന്നതു് എളുപ്പമാവുകയും വൈവിദ്ധ്യമാര്‍ന്ന പല മേഖലകളിലും ഉപയോഗിക്കാന്‍ സാദ്ധ്യമാവുകയും ചെയ്തു. ഇന്നു് കണക്കുകൂട്ടാന്‍ കൂടാതെ പ്രബന്ധങ്ങള്‍ രചിക്കാനും ചിത്രങ്ങള്‍ വരയ്ക്കാനും ഫോട്ടോകളില്‍ മാറ്റം വരുത്താനും സംഗീതം കേള്‍ക്കാനും ചലച്ചിത്രം കാണാനും ആശയവിനിമയം നടത്താനും എന്നല്ല മനുഷ്യന്‍ ചെയ്യുന്ന ഏതാണ്ടു് എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നുണ്ടല്ലോ. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പലതും കമ്പ്യൂട്ടര്‍ വഴി ആക്കിക്കൊണ്ടിരിക്കയാണല്ലോ. ഭാവിയില്‍ എന്തിനെല്ലാം കമ്പ്യൂട്ടര്‍ ഉപയോഗിക്കും എന്നതു് നമുക്കിന്നു് സങ്കല്പിക്കാന്‍പോലും കഴിയില്ല.

ഇത്രയും സാദ്ധ്യതകളുള്ള ഒരു യന്ത്രം മനുഷ്യജീവിതത്തിന്റെ എല്ലാ തുറകളിലേക്കും കടന്നു വന്നുകൊണ്ടിരിക്കുമ്പോള്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളില്‍പ്പെട്ട ആളുകളും ഇതുപയോഗിക്കാന്‍ അറിഞ്ഞിരിക്കുകയും അവര്‍ക്കു് ആവശ്യത്തിനു് ഉപയോഗിക്കാനുള്ള അവസരം ഉണ്ടായിരിക്കുകയും ചെയ്യേണ്ടതുണ്ടു് എന്നു് വ്യക്തമാണല്ലോ. എന്നാല്‍ ഇതു് എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരുന്നില്ല. ഈ സാങ്കേതികവിദ്യ ചെലവേറിയതാണു് എന്നതാണു് ഇതിനൊരു പ്രധാന കാരണം. എന്നാല്‍ കമ്പ്യൂട്ടറുകളുടെ വില തുടര്‍ച്ചയായി കുറഞ്ഞുകൊണ്ടിരിക്കയാണു്. മാത്രമല്ല, വാഹനങ്ങളുടെ കാര്യത്തിലെന്നതു പോലെ ഉപയോഗിച്ച കമ്പ്യൂട്ടറുകള്‍ ഇന്നു് നിസ്സാര വിലയ്ക്കു് ലഭ്യമാണുതാനും (അവ ഉപയോഗിക്കുന്നതിനു് ബൂദ്ധിമുട്ടുകളുണ്ടാകാമെങ്കിലും). കൂടാതെ ഇന്റര്‍നെറ്റ് കഫെകളില്‍ ചുരുങ്ങിയ ചെലവില്‍ കുറച്ചു സമയത്തേക്കു് കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഉപയോഗിക്കാനുള്ള സൌകര്യവും ഇന്നുണ്ടു്. ഇതൊക്കെയാണെങ്കിലും ഇന്ത്യയെപ്പോലുള്ളൊരു വികസ്വര രാഷ്ട്രത്തില്‍ വളരെയധികം പേര്‍ക്കു് കമ്പ്യൂട്ടര്‍ ഉപയോഗിക്കാനാവില്ല എന്നതു് വ്യക്തമാണു്.

കമ്പ്യൂട്ടറിന്റെ കാര്യത്തില്‍ മറ്റൊരു ചെലവും കൂടിയുണ്ടു്. സോഫ്റ്റ്‌വെയര്‍ എന്നൊരു ഭാഗം കൂടി ഉണ്ടെങ്കിലേ കമ്പ്യൂട്ടര്‍ ഉപയോഗിക്കാനാവൂ. പൊതുവില്‍ വലിയ ശതമാനം കമ്പ്യൂട്ടറുകളിലും ഇന്നുപയോഗിക്കുന്ന സോഫ്റ്റ്‌വെയര്‍ വിലകൊടുത്തു വാങ്ങേണ്ടതാണു്. സാധാരണഗതിയില്‍ ഒരു കമ്പ്യൂട്ടറില്‍ ആവശ്യമാകുന്ന സോഫ്റ്റ്‌വെയറിനു് കമ്പ്യൂട്ടറിനേക്കാള്‍ വിലയാകും. എന്നാല്‍ അതിനു് ഇന്നു് പരിഹാരമുണ്ടു്. കേരള സര്‍ക്കാര്‍ നയപരമായി തന്നെ സ്വീകരിച്ചിരിക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ക്കു് ഇന്നു് മിക്കവാറും എല്ലാ കാര്യങ്ങളും ചെയ്യാനാവും. അതു് വില കൊടുക്കാതെ ലഭിക്കും എന്നു മാത്രമല്ല അതില്‍ മാറ്റം വരുത്താന്‍ പോലുമുള്ള സ്വാതന്ത്ര്യം നമുക്കു് ലഭിക്കുകയും ചെയ്യുന്നു. എന്നാല്‍ അതു് പൊതുജനങ്ങളുടെ ഇടയില്‍ പ്രചാരത്തിലായി വരുന്നതേയുള്ളൂ. എങ്കിലും ഡിജിറ്റല്‍ വിടവു് കുറയ്ക്കാന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സഹായിക്കും എന്നതു് വ്യക്തമാണു്.

കമ്പ്യൂട്ടറും സോഫ്റ്റ്‌വെയറും ലഭിച്ചാലും മതിയായില്ലല്ലോ. അതു് ഉപയോഗിക്കാനുള്ള അറിവും കൂടി ഉണ്ടാവണ്ടേ. കേരളത്തിലെ സ്ക്കൂളുകളില്‍ ഐ.റ്റി. വിദ്യാഭ്യാസം തുടങ്ങാനുള്ള തീരുമാനത്തിനു പുറകില്‍ എല്ലാവര്‍ക്കും കമ്പ്യൂട്ടറുമായി പരിചയമുണ്ടാകുക എന്ന ഉദ്ദേശ്യവും ഉണ്ടായിരുന്നു. മാത്രമല്ല എല്ലാവരും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പഠിച്ചാല്‍ മതി എന്നും സര്‍ക്കാര്‍ തീരുമാനിച്ചു. അതുകൊണ്ടു് ഇപ്പോള്‍ ഹൈസ്ക്കൂള്‍ പാസായി വരുന്ന കുട്ടികള്‍ക്കു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു് കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. വിവര സാങ്കേതികവിദ്യ അത്രയുംകൂടി ജനങ്ങളുടെ അടുത്തെത്തിക്കാന്‍ ഇതു് സഹായിക്കും എന്നാണു് പ്രതീക്ഷിക്കുന്നതു്. ഇന്നു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രം ഉപയോഗിച്ചു് പ്രവര്‍ത്തിക്കുന്ന, ഡി.റ്റി.പി.യും ത്രിമാന അനിമേഷനുമൊക്കെ പഠിപ്പിക്കുകയും ചെയ്യുന്ന, ഒരു കമ്പ്യൂട്ടര്‍ സെന്ററെങ്കിലും കേരളത്തില്‍ ഉള്ളതു് അതിനു് തെളിവാണു്. അതുകൊണ്ടു് ഭാവിയിലെങ്കിലും ഭൂരിഭാഗം ജനങ്ങള്‍ക്കും കമ്പ്യൂട്ടര്‍ ഒരു പേടിപ്പെടുത്തുന്ന വസ്തു ആവില്ല എന്നു് ആശ്വസിക്കാം.

കമ്പ്യൂട്ടര്‍ ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരത്തിനു് `ഡിജിറ്റല്‍ ഡിവൈ‍ഡ്' (digital divide) എന്ന പ്രയോഗം പ്രചാരത്തില്‍ വന്നതു് 1990കളിലാണു്. അമേരിക്കന്‍ രാഷ്ട്രപതിയായിരുന്ന ബില്‍ ക്ലിന്റണും ഉപരാഷ്ട്രപതിയായിരുന്ന ആല്‍ ഗോറും ഈ പ്രയോഗം പ്രചരിപ്പിക്കുന്നതില്‍ പങ്കു വഹിച്ചിരുന്നു. ഈ പദപ്രയോഗം പുതുതാണെങ്കിലും അതിലടങ്ങുന്ന ആശയം മുമ്പുതന്നെ ഉണ്ടായിരുന്നു. എന്തായാലും ഇക്കാലത്തു് ഈ പ്രശ്നം പല വേദികളിലും ചര്‍ച്ചാവിഷയമാണു് എന്നുമാത്രമല്ല ഈ രംഗത്തു് പ്രവര്‍ത്തിക്കുന്ന പല സംഘടനകളുമുണ്ടു് താനും.

ഡിജിറ്റല്‍ വിടവു് പല തരത്തിലുണ്ടു്. അതു് വരുമാനത്തിലുള്ള വ്യത്യാസം, പ്രാദേശികമായുള്ള വ്യത്യാസം എന്നിവ മൂലമാകാം. രാഷ്ട്രങ്ങള്‍ തമ്മിലുള്ളതാകാം. വ്യത്യസ്ത പ്രദേശങ്ങള്‍ തമ്മിലുമാകാം. ഉദാഹരണമായി ആഫ്രിക്കയില്‍ പൊതുവെ വിവരവിനിമയ സാങ്കേതിക വിദ്യയുടെ പ്രചാരം യൂറോപ്പിലേതിനേക്കാള്‍ കുറവാണു്. എന്നാല്‍ കേരളത്തില്‍ തന്നെ പ്രാദേശികമായ വ്യത്യാസങ്ങള്‍ കാണാനാകും. അതുപോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണു് ഈ സാങ്കേതികവിദ്യയുടെ ഗുണം ലഭിക്കുന്നതില്‍ പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള വ്യത്യാസം. ഇതിനു് പ്രാദേശികമായി വലിയ വ്യത്യാസം കാണാറില്ല. മിക്ക സ്ഥലങ്ങളിലും പുരുഷന്മാരേക്കാള്‍ വളരെ കുറച്ചു മാത്രമാണു് സ്ത്രീകള്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതു്. സോഫ്റ്റ്‌വെയര്‍ തയാറാക്കുന്നവരിലും പുരുഷന്മാരാണു് വളരെ കൂടുതല്‍.

ഡിജിറ്റല്‍ വിടവു് കുറയ്ക്കാനും വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനു് കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതു് സാര്‍വ്വത്രികമാക്കാനും സഹായിക്കാനായി കുറഞ്ഞ വിലയ്ക്കു് ലാപ്‌ടോപ്പുകള്‍ ലഭ്യമാക്കാനായി പല ശ്രമങ്ങള്‍ നടന്നിട്ടുണ്ടു്. അവയില്‍ താരതമ്യേന വിജയിച്ച ഒരു പദ്ധതിയാണു് അമേരിക്കയിലെ എം.ഐ.ടി.~എന്ന സ്ഥാപനത്തില്‍നിന്നു് ഉത്ഭവിച്ച OLPC (One Laptop Per Child) എന്ന പരിപാടി. ഓരോ കുട്ടിയുടെ കൈയിലും ഒരു ലാപ്‌ടോപ് എത്തിക്കുക എന്നതാണു് ഇതിന്റെ ലക്ഷ്യം. പെട്ടെന്നു് കേടാകാത്ത തരത്തിലുള്ളതും എന്നാല്‍ കുറഞ്ഞ വിലയ്ക്കു് വില്‍ക്കാനാകുന്നതുമായ ലാപ്‌ടോപ് രൂപകല്പന ചെയ്യുക എന്ന ബുദ്ധിമുട്ടുള്ള കാര്യം അവര്‍ ഫലപ്രദമായി ചെയ്തു. അതിനാവശ്യമായ സോഫ്റ്റ്‌വെയര്‍ സ്വതന്ത്രമായിത്തന്നെ നിര്‍മ്മിച്ചിട്ടുണ്ടു്. അടുത്ത കാലത്താണു് (ഒക്‌ടോബര്‍ 13നു്) തെക്കേ അമേരിക്കയിലെ ഉറുഗ്വെ എന്ന രാജ്യം അവിടത്തെ മൂന്നര ലക്ഷത്തിലധികം വരുന്ന പ്രൈമറി സ്ക്കൂള്‍ കുട്ടികള്‍ക്കു് ഇത്തരം ലാപ്‌ടോപ് നല്‍കിയതു്. ഇതിനു് ചെലവായതു് ആ രാജ്യത്തിന്റെ മൊത്തം വിദ്യാഭ്യാസ ബജറ്റിന്റെ അഞ്ചു ശതമാനത്തില്‍ താഴെ മാത്രമാണത്രെ.

മറ്റെല്ലാത്തിനും എന്നപോലെ, എല്ലാ സാങ്കേതിക വിദ്യയ്ക്കും അതിന്റേതായ രാഷ്ട്രീയമുണ്ടു്. സമൂഹത്തിലെ ഏതു് വിഭാഗത്തിനു് അതു് പ്രയോജനപ്പെടും, മറ്റു വിഭാഗങ്ങളെ അതെങ്ങനെ ബാധിക്കും തുടങ്ങിയവയാണു് ഈ രാഷ്ട്രീയത്തിനു് അടിസ്ഥാനം. സമൂഹത്തില്‍ സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികളെ സഹായിക്കുക എന്ന ഉദ്ദേശ്യത്തോടെ വികസിപ്പിച്ചെടുത്ത ഓ.എല്‍.പി.സിയുടെ കാര്യത്തിലും ഈ രാഷ്ട്രീയം തര്‍ക്കങ്ങള്‍ക്കു് ഇടയാക്കിയിട്ടുണ്ടു്. ദരിദ്രരാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കു് ലാപ്‌ടോപ് നല്‍കുന്നതിനേക്കാല്‍ പ്രധാനമാണു് അവിടങ്ങളിലെ വിദ്യാലയങ്ങളിലുള്ള സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്നു പറയുന്നവരുണ്ടു്. അതില്‍ കഴമ്പില്ല എന്നു പറയാനാവില്ലല്ലോ. എന്നാല്‍ ജീവിതത്തിലെ മിക്ക കാര്യങ്ങള്‍ക്കും ഉപയോഗിക്കുന്ന, ഇനിയും പ്രചാരം വര്‍ദ്ധിച്ചു വരുന്ന, ഈ സാങ്കേതികവിദ്യ വശമില്ലാതെ വളര്‍ന്നുവരുന്ന തലമുറയ്ക്കു് ഭാവിയില്‍ അതു് വലിയൊരു കടമ്പയാകും എന്നു മറ്റുചിലര്‍ വിശ്വസിക്കുന്നു. അതിലും സത്യമുണ്ടു്. ആ സ്ഥിതിക്കു് എന്തു ചെയ്യുന്നതാണു് ഏറ്റവും ഉചിതമെന്നു് നമുക്കു് മുന്‍കൂട്ടി പറയാന്‍ ബൂദ്ധിമുട്ടാണു്. അതുകൊണ്ടു് നമുക്കു് ഏറ്റവും ഉചിതം എന്നു തോന്നുന്ന തരത്തില്‍ പ്രവര്‍ത്തിക്കാനെ നിര്‍വ്വാഹമുള്ളൂ.

( ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് \eng by-sa \mal ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)

Friday, September 11, 2009

മിന്നല്‍ഗോളങ്ങള്‍

(ആഗസ്റ്റ് 20, 2009ലെ തേജസ് പത്രത്തിന്റെ നാലാം പേജില്‍ പ്രസിദ്ധീകരിച്ച ലേഖനം)

പ്രകൃതിയില്‍ കാണുന്ന ചില പ്രതിഭാസങ്ങള്‍ ചിലപ്പോള്‍ നമുക്കു് മനസിലാക്കാന്‍ വളരെ ബുദ്ധിമുട്ടാവാറുണ്ടു്. അവയില്‍ ഒന്നാണു് തീഗോളം പോലെയിരിക്കുന്ന, അന്തരീക്ഷത്തില്‍ക്കൂടി പറന്നു നടക്കുന്ന, പരിസരത്തുള്ളവരെയെല്ലാം ഭീതിപ്പെടുത്തുന്ന ഗോളീയമിന്നല്‍ ball lightning എന്നു വിളിക്കുന്ന പ്രതിഭാസം. വളരെ വിരളമായി കാണുന്നതായതുകൊണ്ടും മറ്റും ഈ പ്രതിഭാസത്തേപ്പറ്റി വിശദമായി പഠിക്കാന്‍ ഇതുവരെ ശാസ്ത്രജ്ഞര്‍ക്കായിട്ടില്ല. ചിലപ്പോഴെങ്കിലും ഇതു് പ്രകൃത്യതീതമായ എന്തോ പ്രതിഭാസമാണെന്നോ മറ്റേതോ ഗ്രഹത്തില്‍ നിന്നു വന്നതാണെന്നോ ഒക്കെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടു്.

ഗോളീയമിന്നലിന്റെ ചിത്രങ്ങള്‍ എടുക്കാന്‍ ചിലര്‍ക്കെങ്കിലും കഴിഞ്ഞിട്ടുണ്ടു്. അവയില്‍നിന്നും, ദൃക്‌സാക്ഷികളുടെ വിവരണങ്ങളില്‍ നിന്നും അതിനെ ഇങ്ങനെ വിവരിക്കാം. ഒരു തീഗോളമായാണു് അതു് കാണപ്പെടുക. അതിനു് ഏതാനും മില്ലിമീറ്റര്‍ മുതല്‍ ഏതാനും മീറ്റര്‍ വരെ വ്യാസമുണ്ടാകാം. ഈ ഗോളത്തിനു് മുകളിലേയ്ക്കും താഴേക്കും വശങ്ങളിലേക്കുമൊക്കെ നീങ്ങാനാവും. അതുപോലെ അതിനു് ഒരേ സ്ഥാനത്തു് അനങ്ങാതെ നില്‍ക്കാനുമാകും. ഒരേ ദിശയില്‍ തുടര്‍ച്ചയായി സഞ്ചരിക്കുന്ന ഗോളീയ മിന്നല്‍ കണ്ടതായി ആരും അവകാശപ്പെട്ടിട്ടില്ല. അതു് എപ്പോള്‍ എങ്ങോട്ടു് നീങ്ങും എന്നു് മനസിലാക്കാനും കഴിഞ്ഞിട്ടില്ല. മിക്ക സംഭവങ്ങളിലും ഈ തീഗോളം പെട്ടെന്നു് ഇല്ലാതാകുന്നതായാണു് ദൃക്‌സാക്ഷികള്‍ അവകാശപ്പെട്ടിട്ടുള്ളതു്. ഈ അത്ഭുത പ്രതിഭാസത്തിനെ കണ്ടിട്ടുള്ള എല്ലാവരും പറയുന്ന ഒരു കാര്യമുണ്ടു് -- അതിന്റെ സാന്നിദ്ധ്യത്തില്‍ സള്‍ഫറിന്റെ മണമുണ്ടാകുന്നു എന്നു്. ഇതു് ഒരു പ്രകൃത്യതീത പ്രതിഭാസമാണു് എന്നു് തോന്നിയെങ്കില്‍ അതില്‍ തെറ്റു കാണാനാവില്ലല്ലോ.

ഗോളീയമിന്നല്‍ പ്രത്യക്ഷപ്പെടുന്നതു് ഏതു് തരം ദിനാവസ്ഥയിലുമാകാം. ഇടിയും മഴയും ഉള്ളപ്പോഴും പ്രശാന്തമായ അന്തരീക്ഷത്തിലും ഇതു് കണ്ടിട്ടുള്ളതായി രേഖകളുണ്ടു്. അറിയപ്പെടുന്ന രേഖകളില്‍ ഏറ്റവും ആദ്യത്തേതു് വളരെയധികം നാശനഷ്ടം വരുത്തിയ ഒരു ഗോളീയമിന്നലിനെ പറ്റിയുള്ളതാണു്. 1638 ഒക്‌ടോബര്‍ 21നു് ഇംഗ്ലണ്ടിലെ ഡെവണ്‍ എന്ന പ്രദേശത്തെ ഒരു പള്ളിയെ ഏതാണ്ടു് ഇല്ലാതാക്കിയ ഒരു ഗോളീയമിന്നലാണു് ഇതു്. ശക്തമായ കാറ്റും മഴയും ഇടിമിന്നലും ഉള്ള സമയത്തു് ഏതാണ്ടു് എട്ടടി വ്യാസമുള്ള ഒരു തീഗോളം പള്ളിയില്‍ കടക്കുകയും അതു് കെട്ടിയിരുന്ന വലിയ കല്ലുകളും മറ്റും ഇളക്കി താഴെയിടുകയും ചെയ്തു. പള്ളിയ്ക്കു് വമ്പിച്ച നാശനഷ്ടം വരുത്തി എന്നു മാത്രമല്ല അതു് നാലു പേരുടെ ജീവന്‍ അപഹരിക്കുകയും 60 പേരെ പരിക്കേല്പിക്കുകയും കൂടി ചെയ്തുവത്രെ. ഒടുവില്‍ തീഗോളം രണ്ടായി പിളര്‍ന്നു. ഒന്നു് ജനലില്‍ക്കൂടി പുറത്തേയ്ക്കു് പോയി. മറ്റൊന്നു് പള്ളിയ്ക്കുള്ളിലെവിടെയോ അപ്രത്യക്ഷമായി. പരിസരത്തെല്ലാം സള്‍ഫറിന്റെ മണമുണ്ടായിരുന്നതായി പള്ളിയിലുണ്ടായിരുന്നവര്‍ പറയുന്നു. ജനങ്ങള്‍ ഈ സംഭവത്തെ സാത്താന്റെ പരാക്രമമായാണു് കണക്കാക്കിയതു് എന്നതില്‍ അത്ഭുതപ്പെടാനില്ലല്ലോ.

ഗോളീയമിന്നലേറ്റു് വ്യക്തികള്‍ മരിച്ച പല സംഭവങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടു്. മിന്നലിനെപ്പറ്റി പഠിക്കാന്‍ ശ്രമിക്കുകയായിരുന്ന റഷ്യന്‍ ശാസ്ത്രജ്ഞന്‍ പ്രൊഫസര്‍ ജോര്‍ജ് റിച്ച്‌മന്‍ 1753ല്‍ മരണമടഞ്ഞതു് ബഞ്ചമിന്‍ ഫ്രാങ്ക്ളിന്‍ നൂറു വര്‍ഷം മുമ്പു് ചെയ്തതുപോലെ ഒരു പട്ടം ഉപയോഗിച്ചു് മിന്നലിനേപ്പറ്റി പഠിക്കുന്നതിനിടയിലായിരുന്നു. ഒരു ഗോളീയ മിന്നലായിരുന്നു അദ്ദേഹത്തിന്റെ മരണത്തിനു് ഇടയാക്കിയതു്. 1809ല്‍ വാറന്‍ ഹേസ്റ്റിങ്‌സ് എന്ന ബ്രട്ടിഷ് കപ്പലിലെ മൂന്നു് പണിക്കാര്‍ ഒന്നിനു പുറകെ ഒന്നായി വന്ന മൂന്നു് ഗോളീയ മിന്നലുകളേറ്റു് മരണമടഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ടു്. ഇതു് തികച്ചും അസാധാരണമായ സംഭവമാണു്. പെട്ടെന്നുണ്ടായ ഇടിമിന്നലോടു കൂടിയ മഴയും കാറ്റും നിലനില്‍ക്കെയാണു് ഇതു് സംഭവിച്ചതു്.

സാര്‍ അലക്സാണ്ടര്‍ രണ്ടാമന്റെ പുത്രന്‍ സാര്‍ നിക്കൊളാസ് രണ്ടാമന്‍ തന്റെ പിതാമഹനോടൊപ്പം പള്ളിയിലിരിക്കുന്ന സമയത്തു് ഒരു ഗോളീയ മിന്നല്‍ അവിടെ വരികയും പിതാമഹന്റെ സമീപത്തു് പോയെങ്കിലും അദ്ദേഹത്തിനു് പരിക്കൊന്നും ഏല്പിക്കാതെ പുറത്തുപോകുകയും ചെയ്ത കഥ എഴുതിയിട്ടുണ്ടു്. അതു് സംഭവിച്ചതു് എന്നാണെന്നു് അദ്ദേഹം പറഞ്ഞിട്ടില്ലെങ്കിലും അദ്ദേഹം ഈ പ്രതിഭാസം കണ്ടു് ഭയന്ന കാര്യവും എന്നാല്‍ അദ്ദേഹത്തിന്റെ പിതാമഹന്‍ വളരെ ശാന്തനായി ഇരിക്കുകയും തീഗോളം പുറത്തു പോയശേഷം കുരിശുവരച്ചു് പുഞ്ചിരിക്കുകയും ചെയ്ത കാര്യം അദ്ദേഹം എഴുതിയിട്ടുണ്ടു്. എന്തായാലും അതോടെ നിക്കോളാസിനു് ഇടിമിന്നലിനോടുണ്ടായിരുന്ന ഭയം ഇല്ലാതായത്രെ.

ഇത്തരം അനേകം വിവരണങ്ങള്‍ ഉണ്ടായിട്ടുണ്ടു്. രണ്ടാം ലോകമഹായുദ്ധ സമയത്തു് പല പൈലറ്റുകളും പറന്നു നടക്കുന്ന പ്രകാശഗോളങ്ങളുടെ കാര്യം വിവരിച്ചിട്ടുണ്ടു്. അതുപോലെ അന്തര്‍വാഹിനികളില്‍ സഞ്ചരിച്ചിരുന്ന നാവികസേനയിലെ അംഗങ്ങളും അന്തര്‍വാഹിനിക്കുള്ളില്‍ ചെറിയ തീഗോളങ്ങള്‍ ചില സന്ദര്‍ഭങ്ങളില്‍ ഉണ്ടായതായി പറഞ്ഞിട്ടുണ്ടു്. എന്നാല്‍ പിന്നീടു് ഒരു പഴയ അന്തര്‍വാഹിനിയില്‍ ഇത്തരം തീഗോളം സൃഷ്ടിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെടുകയാണു് ചെയ്തതു്. 1994ല്‍ സ്വീഡനിലെ ഉപ്‌സാല എന്ന സ്ഥലത്തു് അടഞ്ഞുകിടന്ന ഒരു ജനലില്‍ക്കൂടി ഒരു തീഗോളം കടന്നുപോയതായി രേഖപ്പെടുത്തിയിട്ടുണ്ടു്. ഏതാണ്ടു് 5 സെന്റിമീറ്റര്‍ വ്യാസമുള്ള ഒരു ദ്വാരം അവശേഷിപ്പിച്ചുകൊണ്ടാണു് അതു് കടന്നുപോയതു്. ഇതു് ഉപ്‌സാല സര്‍വ്വകലാശാലയിലെ വൈദ്യുത-മിന്നല്‍ ഗവേഷണ വിഭാഗം രേഖപ്പെടുത്തിയിട്ടുണ്ടു്.

ഇന്ത്യയിലും ഗോളീയ മിന്നല്‍ ഉണ്ടായിട്ടുണ്ടു്. 1877ല്‍ ഒരു ഗോളീയമിന്നല്‍ അമൃത്‌സറിലെ സ്വര്‍ണ്ണക്ഷേത്രത്തില്‍ കടക്കുകയും വശത്തുള്ള ഒരു കതകിലൂടെ പുറത്തു പോകുകയും ചെയ്തതു് അവിടെയുണ്ടായിരുന്ന അനേകം പേര്‍ കണ്ടതായി അവിടെ തന്നെ രേഖപ്പെടുത്തിയിട്ടുണ്ടു്. കോട്ടയത്തടുത്തുള്ള ഒരു വീട്ടില്‍ ദശാബ്ദങ്ങള്‍ക്കു മുമ്പു് ഗോളീയ മിന്നല്‍ സന്ദര്‍ശിച്ചതായി ഈ ലേഖകനു് മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടു്. അവിടെ ഒരു ഭിത്തിയില്‍ വൃത്താകൃതിയില്‍ സിമന്റ് തേച്ചതായി കണ്ടിട്ടു് എന്തു സംഭവിച്ചതാണു് എന്നന്വേഷിച്ചപ്പോഴാണു് തീഗോളം സമീപത്തുള്ള ജനലില്‍ക്കൂടി അകത്തു കടന്നിട്ടു് ഭിത്തി തുളച്ചു് പുറത്തു പോയ കഥ അറിയുന്നതു്. അതുപോലെ, കല്‍ക്കട്ടയില്‍ ഗോളീയമിന്നല്‍ പത്യക്ഷമായതിന്റെ രസകരമായ കഥയും കേട്ടിട്ടുണ്ടു്. പറന്നു നടക്കുന്ന തീഗോളം കണ്ട ജനങ്ങള്‍ പോലീസിലും മറ്റും അറിയിച്ചപ്പോള്‍ അതെന്തോ പ്രകൃത്യതീതമായ പ്രതിഭാസമാണു് എന്നായിരുന്നു ആദ്യത്തെ നിഗമനം. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതേപ്പറ്റി അന്വേഷിക്കാന്‍ ജാദവ്‌പുര്‍ സര്‍വകലാശാലയിലെ ഒരു ഭൌതികശാസ്ത്ര പ്രൊഫസറെ ഏല്‍പ്പിച്ചു. പല ദൃക്‌സാക്ഷികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുകയും മറ്റും ചെയ്തതിനു ശേഷം ഈ പ്രതിഭാസം ഗോളീയ മിന്നലാണെന്നു് അദ്ദേഹം റിപ്പോര്‍ട്ടു നല്‍കി. എന്നാല്‍ ആ റിപ്പോര്‍ട്ടു ഒരു തമാശയായിട്ടാണു് പലരും കണ്ടതു്. ഇങ്ങനെയൊരു പ്രതിഭാസത്തേപ്പറ്റി പലര്‍ക്കും അറിയില്ല എന്നതുകൊണ്ടാണു് അവര്‍ക്കീ റിപ്പോര്‍ട്ടു് തമാശയായി തോന്നിയതു്.

എന്താണു് ഈ പ്രതിഭാസം എന്നു് മനസിലാക്കാന്‍ പല ശ്രമങ്ങളും നടന്നിട്ടുണ്ടു്. പല സിദ്ധാന്തങ്ങളും ഉണ്ടായിട്ടുണ്ടു്. എന്നാല്‍ ദൃക്‌സാക്ഷികളുടെ വിവരണങ്ങളില്‍ കാണുന്ന പ്രത്യേകതകളെല്ലാം വിശദീകരിക്കാന്‍ ഒരു സിദ്ധാന്തത്തിനും ആയിട്ടില്ല. ഗോളീയമിന്നല്‍ കണ്ടിട്ടുള്ളവര്‍ എല്ലാവരും ഒരേ തരത്തിലുള്ള സ്വഭാവമല്ല അതിനു് നല്‍കുന്നതു് എന്നൊരു പ്രശ്നവുമുണ്ടു്. ഉദാഹരണമായി, ചിലര്‍ പറയുന്നതനുസരിച്ചു് ഈ ഗോളം ഭിത്തിയില്‍ കൂടിയും തടിയില്‍ കൂടിയും മറ്റും ഒരു പ്രശ്നവുമില്ലാതെ കടന്നു പോകും എന്നാണു്. എന്നാല്‍ മറ്റു ചിലര്‍ പറയുന്നതു് അതു് ഖരവസ്തുക്കളില്‍ക്കൂടി കടന്നു പോകുമ്പോള്‍ അവിടെ ദ്വാരമുണ്ടാക്കും എന്നാണു്. അതുപോലെ, മിന്നലും മഴയും മറ്റും ഉള്ളപ്പോഴാണു് പലരും ഈ പ്രതിഭാസം കണ്ടിട്ടുള്ളതു്. എന്നാല്‍, വളരെ പ്രശാന്തമായ അന്തരീക്ഷത്തില്‍, ഒരു കാറ്റും മഴയുമൊന്നും അടുത്തെങ്ങും കാണാത്തപ്പൊഴും ഗോളീയമിന്നല്‍ കണ്ടതായി റിപ്പോര്‍ട്ടുകളുണ്ടു്. ഇതുപോലെ നിറത്തിന്റെയും ആകൃതിയുടെയും എല്ലാം കാര്യത്തില്‍ ദൃക്‌സാക്ഷികള്‍ തമ്മില്‍ വിയോജിപ്പു കാണാം. ശാസ്ത്രീയമായ വിശദീകരണം കണ്ടെത്തുന്നതില്‍ ഇതു് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടു്. അതുപോലെതന്നെ വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണു് എവിടെ എപ്പോള്‍ ഗോളീയമിന്നലുണ്ടാകും എന്നു് നേരത്തേകൂട്ടി അറിയാനാവില്ല എന്നതു്.

പരീക്ഷണശാലയില്‍ ഗോളീയമിന്നല്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ ഭാഗികമായി വിജയിച്ചിട്ടുണ്ടു് എന്നു പറയാം. എന്നാല്‍ ദൃശ്യമായിട്ടുള്ള സ്വഭാവങ്ങള്‍ കുറേയൊക്കെയെങ്കിലുമുള്ള ഒരു ഗോളം പരീക്ഷണശാലയിലുണ്ടാക്കാന്‍ ഇതുവരെ ആര്‍ക്കും ആയിട്ടില്ല. പല തരത്തിലുള്ള സിദ്ധാന്തങ്ങള്‍ ഈ പ്രതിഭാസം വിശദീകരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ദൃശ്യമായിട്ടുള്ള എല്ലാ സ്വഭാവങ്ങളും വിശദീകരിക്കാന്‍ ഒരു സിദ്ധാന്തത്തിനും ഇതുവരെ കഴിഞ്ഞിട്ടില്ല. അതായതു് പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍തന്നെ നമുക്കു് അജ്ഞാതമായ ഒരു പ്രതിഭാസമായി ഇതു് ഇപ്പൊഴും നിലനില്‍ക്കുകയാണു്. എന്നുവെച്ചു് ഇതൊരു പ്രകൃത്യതീതമായ പ്രതിഭാസമാണു് എന്നു് ചിന്തിക്കേണ്ടതില്ല. ഗോളീയമിന്നലിനെ മനസിലാക്കാനുള്ള ശ്രമം ശാസ്ത്രജ്ഞര്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണു്. 1999 മുതല്‍ രണ്ടു വര്‍ഷം ഇടവിട്ടു് ഗോളീയമിന്നലിനേപ്പറ്റി സെമിനാര്‍ നടക്കുന്നുണ്ടു്. ഇവിടെ പുതിയ പഠനങ്ങളും സിദ്ധാന്തങ്ങളും അവതരിപ്പിക്കുന്നുണ്ടു്. ഒരു ദിവസം ഈ പ്രതിഭാസവും മനസിലാക്കാന്‍ നമുക്കാവും എന്നു് പ്രതീക്ഷിക്കാം. എന്തായാലും ആധുനിക ശാസ്ത്രത്തിനും വിശദീകരിക്കാനാവാത്ത പ്രതിഭാസങ്ങള്‍ പ്രകൃതിയിലുണ്ടു് എന്നു് ഇത്തരം സംഭവങ്ങള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)

Sunday, July 26, 2009

നിറമുള്ള മഴ കേരളത്തില്‍

ഏതാനും വര്‍ഷങ്ങള്‍ക്കു് മുമ്പു് കേരളത്തില്‍ പലയിടത്തും പല നിറങ്ങളില്‍ മഴ പെയ്ത സംഭവം വായനക്കാരില്‍ ചിലരെങ്കിലും ഓര്‍മ്മിക്കുന്നുണ്ടാകുമല്ലോ. അക്കാലത്തു് ആ പ്രതിഭാസത്തേപ്പറ്റി പല അഭ്യൂഹങ്ങളും പലതരത്തിലുള്ള വിശദീകരണങ്ങളും പ്രചരിച്ചിരുന്നു. എന്നാല്‍ ഇപ്പോഴും അതിനു് വ്യക്തമായ ഒരു വിശദീകരണം നല്‍കാന്‍ ആര്‍ക്കും ആയിട്ടില്ല എന്നതാണു് സത്യം. (അതിനു് ശേഷവും ചില വര്‍ഷങ്ങളില്‍ അങ്ങിങ്ങായി നിറമുള്ള മഴ പെയ്തതായി കേട്ടിരുന്നു.) എട്ടു വര്‍ഷം മുമ്പു് നടന്ന ആ സംഭവത്തിലേക്കു് ഒരു തിരിഞ്ഞുനോട്ടമാവാമെന്നു തോന്നുന്നു. ``ചുവന്ന മഴ'' എന്നു് അക്കാലത്തു് അറിയപ്പെട്ടിരുന്ന ആ പ്രതിഭാസത്തേക്കുറിച്ചുള്ള ആദ്യകാല പഠനങ്ങളില്‍ ഈ ലേഖകനും പങ്കെടുത്തിരുന്നു.

2001 ജൂലൈ 25 ഉച്ചയ്ക്കാണു് ഞാന്‍ പ്രവൃത്തിയെടുത്തിരുന്ന ഭൌമശാസ്ത്രപഠനകേന്ദ്രത്തിലേക്കു് ചങ്ങനാശേരിയിലെ മോര്‍ക്കുളങ്ങര എന്ന പ്രദേശത്തു് താമസിച്ചിരുന്ന വിജയകുമാര്‍ (അദ്ദേഹമിന്നു് ജിവിച്ചിരിപ്പില്ല) എന്ന എന്റെ ബന്ധുവിന്റെ ഫോണ്‍വിളി എത്തിയതു്. അവിടെ അന്നു കാലത്തു് പെയ്ത മഴയ്ക്കു് രക്തവര്‍ണ്ണമായിരുന്നു എന്നാണു് അദ്ദേഹം പറഞ്ഞതു്. സ്വാഭാവികമായും അതെനിക്കു് വിശ്വസിക്കാനായില്ല. ഏതായാലും ഈ സംഭവത്തേപ്പറ്റി കഴിയുന്ന രീതിയില്‍ പഠിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.

അടുത്ത ദിവസം ചങ്ങനാശേരിയിലെത്തിയ എന്റെ വിഭാഗത്തിന്റെ തലവന്‍ ഡോ. സമ്പത്തിനെയും എന്നെയും എതിരേറ്റതു് വിശ്വസിക്കാനാവാത്ത കാഴ്ചയാണു്. വീട്ടുമുറ്റത്തു് വച്ചിരുന്ന ചരുവത്തില്‍ കടും തവിട്ടുനിറത്തിലുള്ള എന്തോ ഒന്നു് അടിഞ്ഞു കിടക്കുന്നു. അടുത്തുള്ള ചില വീടുകളിലും മഴവെള്ളം ശേഖരിച്ചു വച്ചിരുന്നു. കാലത്തു് ഏതാണ്ടു് എട്ടേകാലിനു് പെയ്ത മഴയ്ക്കു് ചുവന്ന നിറമായിരുന്നു് എന്നു് ആ പ്രദേശത്തുകാര്‍ പലരും സാക്ഷ്യപ്പെടുത്തി. മാത്രമല്ല അന്നു് വെളുപ്പിനു് ഏതാണ്ടു് അഞ്ചര മണിയടുപ്പിച്ചു് അതിഭയങ്കരമായ ഒരിടിവെട്ടു് കേട്ടതായും പലരും പറഞ്ഞു. അത്രയ്ക്കു് ഉച്ചത്തിലുള്ള ഇടിവെട്ടു് ഇതുവരെ കേട്ടിട്ടില്ല എന്നായിരുന്നു എല്ലാവരുടെയും അഭിപ്രായം. കട നടത്തുന്ന ഒരു വ്യക്തി പറഞ്ഞതു് കാലത്തു് കട തുറക്കാന്‍ എത്തിയപ്പോള്‍ ആരോ മുറുക്കി തുപ്പിയതുപോലെ കടയുടെ മുന്നിലെല്ലാം വൃത്തികേടായി കിടന്നിരുന്നു എന്നാണു്. വെളുപ്പിനു കേട്ട ഇടിവെട്ടിന്റെ ശബ്ദവും കാലത്തു് പെയ്ത മഴയിലെ നിറവും തമ്മില്‍ ബന്ധമുണ്ടാകാമെന്നു് ഞങ്ങള്‍ക്കു് സംശയം തോന്നി.

അടുത്ത ദിവസം കാലത്തു് പത്തനംതിട്ടയിലെ ഒരു സ്ഥലത്തു് ചുവന്ന മഴ പെയ്തു എന്നു കേട്ടു് ഞങ്ങള്‍ അവിടെയും പോയി. പക്ഷെ അവിടെ ഒരു വീട്ടില്‍ മാത്രമാണു് നിറമുള്ള മഴ കണ്ടതു്. അതു് മാധ്യമങ്ങളിലൂടെ പ്രശസ്തി നേടാനായി മന:പൂര്‍വം നിറം കലക്കി വെച്ചതാണു് എന്നു് നാട്ടുകാരില്‍ പലര്‍ക്കും അഭിപ്രായമുണ്ടായിരുന്നു. (അതു് വെറുതെയായിരുന്നു എന്നു് പിന്നീടു് മനസിലായി. ചങ്ങനാശേരിയിലെ സംഭവത്തേപ്പറ്റിയും മറ്റു് സ്ഥലങ്ങളില്‍ താമസിച്ചിരുന്ന ചിലര്‍ക്കു് ഈ അഭിപ്രായമുണ്ടായിരുന്നു എന്നു് പിന്നീടു് അറിയാന്‍ കഴിഞ്ഞു.) ഏതായാലും അവിടെനിന്നും ഞങ്ങള്‍ സാമ്പിള്‍ ശേഖരിച്ചു. ഇതേത്തുടര്‍ന്നു് ദിവസേനയെന്നോണം നിറമുള്ള മഴ പെയ്തതിന്റെ റിപ്പോര്‍ട്ടു് പത്രങ്ങളില്‍ വന്നുതുടങ്ങി. കുറച്ചിടങ്ങളില്‍ നിന്നു് മാത്രമെ ഞങ്ങള്‍ക്കു് സാമ്പിള്‍ ശേഖരിക്കാനായുള്ളു.

വെളുപ്പിനു് കേട്ട ശക്തമായ ഇടിവെട്ടും മഴയിലെ നിറവും തമ്മില്‍ ബന്ധമുണ്ടോ എന്നു പഠിക്കാനായി ചുവന്ന മഴ വീണ പ്രദേശത്തു് താമസിക്കുന്നവരുമായി ഞങ്ങള്‍ സംസാരിച്ചു. മോര്‍ക്കുളങ്ങര മുതല്‍ പടിഞ്ഞാറേയ്ക്കു് പാടം വരെ ഏതാണ്ടു് രണ്ടു് കിലോമീറ്റര്‍ നീളവും ഒരു കിലോമീറ്റര്‍ വീതിയും വരുന്ന ദീര്‍ഘവൃത്താകൃതിയിലുള്ള പ്രദേശത്താണു് ചുവന്ന മഴ വീണതു് എന്നു മനസിലായി. ആ പ്രദേശത്തു് താമസിക്കുന്നവരില്‍ ഞാന്‍ സംസാരിച്ചവരെല്ലാം പറഞ്ഞതു് നേരെ മുകളിലായിട്ടാണു് ശക്തമായ ഇടിവെട്ടു് കേട്ടതു് എന്നാണു്. ഇതിന്റെ വശങ്ങളില്‍ താമസിക്കുന്നവര്‍ പറഞ്ഞതു് മുകളില്‍ ഒരു വശത്തായിട്ടാണു് ശബ്ദം കേട്ടതു് എന്നാണു്. കൂടാതെ പടിഞ്ഞാറു നിന്നു് കിഴക്കോട്ടാണു് ശബ്ദത്തിന്റെ സ്രോതസ്സു് സഞ്ചരിച്ചതു് എന്നതിനും എവിടെയാണു് അതു് അവസാനിച്ചതു് എന്നതിനുമുള്ള സൂചനയും കിട്ടി. അവിടെത്തന്നെയാണു് ചുവന്ന മഴ പെയ്ത പ്രദേശത്തിന്റെ ഒരറ്റവും എന്നും മനസിലായി. ഇതോടെ, ശബ്ദം കേട്ട പ്രദേശത്തു തന്നെയാണു് ചുവന്ന മഴ പെയ്തതു് എന്നുറപ്പായി. ഏതാണ്ടു് അര നൂറ്റാണ്ടു മുമ്പു് നിറമുള്ള മഴ കണ്ട അനുഭവം ഒന്നുരണ്ടു പേര്‍ ഞങ്ങളോടു് പറയുകയും ചെയ്തു.

ഇതിനിടയില്‍ ഞങ്ങള്‍ക്കു് ലഭിച്ച സാമ്പിളുകളില്‍ നിന്നു് നിറമുള്ള വസ്തു വേര്‍തിരിച്ചെടുത്തു് രാസവിശ്ലേഷണത്തിനു് അയച്ചിരുന്നു. അതുവരെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഞങ്ങളൊരു താല്‍ക്കാലിക സിദ്ധാന്തം ഉണ്ടാക്കി. പടിഞ്ഞാറുനിന്നു് ഒരു ഉല്‍ക്ക അന്തരീക്ഷത്തിലൂടെ താഴ്ന്നു് വരികയും അതു് ക്രമേണ പൊടിഞ്ഞു് മേഘങ്ങളില്‍ പടരുകയും ചെയ്തതിന്റെ ഫലമാണു് മഴവെള്ളത്തിലെ നിറം എന്നതായിരുന്നു ആ സിദ്ധാന്തം. ശബ്ദത്തേക്കാള്‍ വേഗതയില്‍ സഞ്ചരിച്ച ഉല്‍ക്കയില്‍ നിന്നുണ്ടായതാണു് ജനങ്ങള്‍ കേട്ട ശബ്ദം എന്നായിരുന്നു ഞങ്ങളുടെ നിഗമനം. പക്ഷെ അപ്പോഴേയ്ക്കു് പലയിടങ്ങളില്‍ നിറമുള്ള മഴ പെയ്തതായി വന്ന റിപ്പോര്‍ട്ടുകള്‍ വിശദീകരിക്കേണ്ടി വന്നു. ഒരു പക്ഷെ അന്തരീക്ഷത്തില്‍ വളരെ ഉയരത്തില്‍നിന്നു തന്നെ ഉല്‍ക്ക പൊടിയാന്‍ തുടങ്ങുകയും ആ പൊടി സാവധാനത്തില്‍ താഴേയ്ക്കു് വരുന്നതിനിടയില്‍ പടര്‍ന്നു് പലയിടങ്ങളിലെത്തുകയും ചെയ്തതാവാം എന്നു് ഞങ്ങള്‍ വിചാരിച്ചു.

ചുവന്ന മഴവെള്ളത്തിലുള്ളതു് ഒരുതരം ജൈവവസ്തുവാണെന്നു് ജൂലൈ 27നു തന്നെ ഒരു പത്രത്തില്‍ റിപ്പോര്‍ട്ടു വന്നിരുന്നു. ഞങ്ങളതു് കാര്യമായി എടുത്തില്ല. എല്ലാ മഴവെള്ളത്തിലും പൂമ്പൊടിയും മറ്റു് ജൈവവസ്തുക്കളും ഉണ്ടാകാറുള്ളതാണു്. എന്നാല്‍ മഴവെള്ളത്തിനു് നിറം പകര്‍ന്ന വസ്തുവിന്റെ രാസവിശ്ലേഷണത്തിന്റെ ഫലം വന്നപ്പോള്‍ ഞങ്ങള്‍ ഞെട്ടി. അതില്‍ പകുതിയും കാര്‍ബണ്‍ എന്ന മൂലകമാണു് എന്നാണതു് സൂചിപ്പിച്ചതു്. അതിന്റെ അര്‍ത്ഥം അതു് ജൈവവസ്തുവാണെന്നാണു്! അത്തരം വസ്തുക്കള്‍ പഠിക്കാനുള്ള വൈദഗ്ദ്ധ്യമോ ഉപകരണങ്ങളോ ഞങ്ങളുടെ പക്കലില്ലായിരുന്നു. ഞങ്ങളുടെ സ്ഥാപനത്തിലെ ഏക ജൈവശാസ്ത്രജ്ഞനായ ഡോ. സി.എന്‍. മോഹനന്റെ അഭിപ്രായപ്രകാരം ഞങ്ങള്‍ പാലോടുള്ള ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (TBGRI) എന്ന സ്ഥാപനത്തിലെ ഡോ. ടി.കെ. ഏബ്രഹാമുമായി ബന്ധപ്പെട്ടു. അങ്ങനെ ഞങ്ങളുടെ കൈവശമവശേഷിച്ചിരുന്ന സാമ്പിളിന്റെ ഒരു ഭാഗം അദ്ദേഹത്തെ ഏല്‍പ്പിച്ചു.

ഇതിനു് മുമ്പുതന്നെ മാധ്യമങ്ങളുടെ ഇടതടവില്ലാത്ത അന്വേഷണങ്ങള്‍ക്കും പലരുടെയും നിര്‍ബന്ധങ്ങള്‍ക്കും വഴങ്ങി ഞങ്ങളുടെ സ്ഥിരീകരിക്കാത്ത സിദ്ധാന്തം ഞങ്ങളുടെ സ്ഥാപനം പുറത്തു വിട്ടുകഴിഞ്ഞിരുന്നു. ഇതു് പിന്നീടു് സ്ഥാപനത്തിന്റെ പേരിനു തന്നെ ദോഷമായി ഭവിച്ചു. ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ ദുഷ്പേരു് പൂര്‍ണ്ണമായി മാറിയിട്ടില്ല.

ഒരുതരം ആല്‍ഗയുടെ സ്പോറുകള്‍ (വിത്തുകള്‍) ആണു് മഴവെള്ളത്തിലുള്ളതു് എന്നാണു് TBGRI കണ്ടെത്തിയതു്. എന്നാല്‍ ഇത്രയധികം സ്പോറുകള്‍ എങ്ങനെയുണ്ടായി എന്നോ (മഴവെള്ളത്തിലൂടെ ചങ്ങനാശേരിയില്‍ ഒരു ടണ്ണോളമായിരിക്കണം വീണതു്) അവ എങ്ങനെ മഴവെള്ളത്തില്‍ കലര്‍ന്നു എന്നോ ഞങ്ങള്‍ക്കു് വിശദീകരിക്കാനായില്ല. മാത്രമല്ല ഇടിവെട്ടിന്റെ ശബ്ദം കേട്ട പ്രദേശത്തു മാത്രം എന്തുകൊണ്ടാണു് ചുവന്ന മഴ ഉണ്ടായതു് എന്നും എല്ലാ മഴക്കാലത്തും എന്തുകൊണ്ടു് നിറമുള്ള മഴ ഉണ്ടാകുന്നില്ല എന്നുമുള്ള സംശയങ്ങള്‍ ബാക്കി നിന്നു. ഞങ്ങളുടെ റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങളെല്ലാം വിശദീകരിക്കുകയും ഇനിയും ആവശ്യമായ പഠനങ്ങളേപ്പറ്റി പ്രതിപാദിക്കുകയും ചെയ്തിരുന്നു. എങ്കിലും പല കാരണങ്ങളാല്‍ പഠനം തുടരാനുള്ള അവസരമുണ്ടായില്ല. ഞങ്ങളുടെ പ്രാഥമിക സിദ്ധാന്തം പുറത്തു വിട്ടതുകൊണ്ടുണ്ടായ പ്രശ്നങ്ങളും പഠനം തുടരാനുള്ള താല്പര്യം സ്ഥാപനത്തില്‍ ഇല്ലാതാക്കി എന്ന വസ്തുതയുമുണ്ടു്.

ഇതിനിടയില്‍ ചുവന്ന മഴയുടെ സാമ്പിളുകള്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ (ഇപ്പോള്‍ കൊച്ചി സര്‍വ്വകലാശാലയിലെ) ഭൌതികശാസ്ത്ര വകുപ്പിലെ ഡോ. ഗോഡ്‌ഫ്രേ ലൂയിസും കൊണ്ടുപോയിരുന്നു. അവരുടെ പഠനങ്ങള്‍ മറ്റൊരു വഴിക്കാണു് നീങ്ങിയതു്. എല്ലാ ജീവജാലങ്ങളുടെ കോശങ്ങളിലും ഉണ്ടായിരിക്കേണ്ട ഡി.എന്‍.എ. തന്മാത്രകള്‍ മഴയിലെ കോശങ്ങളിലില്ല എന്നും ഈ കോശങ്ങള്‍ നൂറുകണക്കിനു് ഡിഗ്രി താപനിലയിലും വളരുകയും പുനരുല്പാദനം നടത്തുകയും ചെയ്യുന്നുണ്ടു് എന്നും അവര്‍ കണ്ടെത്തി. ഇതില്‍ ജൈവശാസ്ത്രവിദഗ്ദ്ധര്‍ സംശയം പ്രകടിപ്പിച്ചെങ്കിലും കാലക്രമേണ ഇവരുടെ കണ്ടെത്തലുകള്‍ക്കു് രാഷ്ടാന്തരീയ പ്രശസ്തി കിട്ടി. മാത്രമല്ല പ്രശസ്തനായ ഫ്രെഡ് ഹോയ്‌ലിനൊപ്പം പ്രവര്‍ത്തിച്ചു് ബഹിരാകാശത്തു് ജൈവകോശങ്ങളുണ്ടു് എന്നു് കണ്ടെത്തുന്നതില്‍ പങ്കു വഹിച്ച പ്രൊഫ. ചന്ദ്ര വിക്രമസിംഗെയ്ക്കു് ഇതില്‍ താല്പര്യമുണ്ടാകുകയും അദ്ദേഹം കോട്ടയത്തെത്തി മഹാത്മ ഗാന്ധി സര്‍വ്വകലാശാലയില്‍ ബഹിരാകാശത്തെ ജീവനെപ്പറ്റി പഠിക്കാനുള്ള പുതിയൊരു വകുപ്പു് ഉദ്ഘാടനം ചെയ്യുകയും ചെയ്തു. പക്ഷെ ഇന്നും നിറമുള്ള മഴയുടെ കാര്യത്തില്‍ ഒരു തീരുമാനമായിട്ടില്ല.

അക്കാലത്തു് നിറമുള്ള മഴവെള്ളം കാണുകയോ പെയ്ത സ്ഥലം സന്ദര്‍ശിക്കുകയോ ചെയ്യാതെ തന്നെ നിറമുണ്ടായതിന്റെ കാരണം ചിലര്‍ മാധ്യമങ്ങളിലൂടെ വിശദീകരിക്കുകയുണ്ടായി. ``ഇതു് മിന്നലിലുണ്ടാകുന്ന നൈട്രസ് ഓക്സൈഡ് മഴവെള്ളത്തില്‍ കലര്‍ന്നതു മൂലമുണ്ടാകുന്നതാണെന്നു പോലും ഈ ശാസ്ത്രജ്ഞര്‍ക്കറിയില്ലേ'' എന്നെഴുതിയ ഒരു കത്തു് എനിക്കു് ലഭിക്കുകയും ചെയ്തു. നമുക്കു മനസിലാക്കാനാകാത്ത ഒരു പ്രതിഭാസം കണ്ടാല്‍ അതു് ശാസ്ത്രീയമായി പഠിക്കുകയും ആ പഠനം ലക്ഷ്യത്തിലെത്തുന്നതു വരെ തുടരുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയാണു് ഈ സംഭവം സൂചിപ്പിക്കുന്നതു്. മനസിലാകാത്ത ഇത്തരം കാര്യങ്ങളേപ്പറ്റി പഠിക്കാന്‍ പോയതാണു് അബദ്ധം എന്നു വരെ ഞങ്ങളുടെ സ്ഥാപനത്തില്‍ ചിലര്‍ക്കു് അഭിപ്രായമുണ്ടായിരുന്നു. അതിനോടു് എനിക്കു് യോജിക്കാനാകുന്നില്ല.

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-nd ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. ഈ കുറിപ്പുകൂടി ഉള്‍പ്പെടുത്തിയാല്‍ ഈ ലേഖനം ഇതേ രീതിയില്‍ ഏതു് മാധ്യമത്തിലും പുന:പ്രസിദ്ധീകരിക്കാവുന്നതാണു്.)

Friday, July 24, 2009

The SSLC Examination Controversy

The recent announcements from central and state education ministers regarding the idea of discontinuing the SSLC examination have led to some people strongly opposing it. I don't think that the idea is as bad as many of them make it out to be, though I am not sure doing away with the examination is the solution for the problems at hand. To be frank, I don't have a readymade answer to the question. But let me just try to make my thoughts clear.

Let us see first what our education system is trying to achieve. From what I can see, the aim of our education system up to secondary school is to make children aware of general facts about the world and to develop some basic skills such as the famous three Rs. This was, perhaps, the intention of the British too when they introduced school education in India. The idea must have been that these children could be of some use to them when they grow up. After independence, it almost looks like we have not really looked into it or changed school education to suit our requirements. Undoubtedly, we have made changes to the curriculum, but that is about all.

Over the years, SSLC became an important stage in education and the examination acquired great importance -- much greater than it should have, in my opinion. Another change that happened was that the emphasis in schools shifted gradually from learning to scoring marks. Though marks are counted as an index of the knowledge acquired by children, it has now ceased to be so. It is rather common to see people who have passed out from some course with high marks, but incapable of making use of the knowledge they have supposedly acquired. I am sure that most people who have tried to employ someone to do a job would have faced this situation. Scoring in examinations has now become a skill different from what they are supposed to acquire from a course. As a consequence, we often find that someone who has learned something out of personal interest knows the subject better than someone who has passed out of a course in the subject. This is a tragedy that makes it necessary for any employer to conduct his own tests for candidates from among whom one has to be selected. And this makes the marks scored in the course irrelevant.

Another change is that parents, teachers and school authorities consider the marks scored by their children to be a matter of pride and something to be talked about. This is putting a lot of pressure on children, almost from their LKG class. Almost every child is expected to score the highest in class. Many children more or less loose their childhood and are worn out by the time they reach high school classes. Then comes the spectre of the SSLC examination. And this drives a few children to suicide every year and must be causing severe mental stress to many others. I am sure that this is reflected in their later lives.

It is in this context that Kapil Sibal and M.A. Baby are talking of doing away with the SSLC examination. In any case, most of the children only memorise the answers to questions, and that is what the teachers also tell them to do. So if the question is orded differently, children cannot answer it, which means that they have not absorbed the essence of the matter. What they have learned is only to apply certain methods mechanically.

And the examination system is far from perfect. Testing a child in two hours or so for what he has studied in ten years is, to say the least, a very unreasonable test. The way the scoring is done also has a number of problems. But, eventually, a student who has not scored good marks gets branded as "poor" or "useless", probably strongly affecting him/her mentally. Added to all this, many, if not most, teachers have hardly any clear concept on most subjects. But the children are taught by different teachers and some of them may be really good. His/her students may perform well in the examination. But the students of other teachers suffer. Many children, for instance, fare badly in mathematics because their teachers also don't have a clue about the subject.

What all this shows is that we have a system that is far from ideal. The teachers range from the very good to the real bad. Children learn only to memorise sentences most of the time so that they never really understand any subject. And, finally, the children are tested in two hours for what they studied, in effect, for ten years. Society puts a lot of pressure on the children to do well in the examinations, but the answer sheets are valued by different people and the marks are not adjusted to the subjective factors in the evaluation. But the child finally has to suffer for the marks (s)he has scored. And some of them succumb to the pressure and decide to end their life.

I could go on writing about the problems in our education system, but this is already rather long. So, let me conclude. I think society as a whole is responsible for making the SSLC examination and the marks scored for it so very important, and for putting so much pressure on children. As a consequence, the education system just creates people who cannot think independently or logically, or come up with innovative ideas. I think our education system is closely intertwined with our society (as in any society) that our social problems also are reflected there. I don't know how anyone can solve the problems in education without sorting out corresponding problems in society. For instance, where can we get good teachers with good understanding of the subject to teach in all the schools in the state? How do we get teachers to evaluate answer papers as objectively as possible?

I think the decision to wind up the SSLC examination is an attempt to remove some of the heavy burden placed on children, though I am not sure that is the best solution. But, to that extent, I am happy. Education should not become a burden to children. It should be enjoyable. On the other hand, every one should become willing to learn throughout their lives (and this will be needed in the world of the future). People should retain the willingness to learn new things even late into their lives, and formal education should be a means for introducing basic knowledge and learning and thinking skills -- things that our current education system do not impart.

Thursday, June 25, 2009

കേരളത്തിലെ മഴയുടെ വിതരണം

കേരളത്തില്‍ ഓരോ ഭാഗത്തും ഒരു വര്‍ഷം ശരാശരി എത്ര മഴ ലഭിക്കുന്നു, ഒരു വര്‍ഷത്തില്‍ എത്ര മണിക്കൂര്‍ മഴ പെയ്യുന്നു, എന്നൊക്കെയുള്ള കാര്യങ്ങളേപ്പറ്റി തിരുവനന്തപുരത്തെ ഭൌമശാസ്ത്രപഠനകേന്ദ്രം 1989ല്‍ തയാറാക്കിയ ഒരു റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയുള്ളതാണു് ഈ ലേഖനം. കേരളത്തിലെ 80 കേന്ദ്രങ്ങളിലെ മഴമാപിനികളില്‍ നിന്നുള്ള 70 വര്‍ഷത്തെ വിവരങ്ങളാണു് മേല്പറഞ്ഞ പഠനത്തിനു് ഉപയോഗിച്ചതു്. ഈ വിവരങ്ങള്‍ ഭാരതീയ കാലാവസ്ഥാനിരീക്ഷണ വകുപ്പില്‍ നിന്നു് ശേഖരിച്ചവയാണു്. ഡോ. എസ്. സമ്പത്ത്, ഡോ. പി.വി.എസ്.എസ്.കെ. വിനായക് എന്നിവര്‍ ചേര്‍ന്നാണു് റിപ്പോര്‍ട്ട് തയാറാക്കിയതു്.

കേരളത്തെ മൂന്നു് പ്രദേശങ്ങളായി തിരിക്കാം -- തീരദേശം, ഇടനാടു്, മലനാടു് എന്നിങ്ങനെ. അതുപോലെ, മഴയെ സംബന്ധിച്ചിടത്തോളം ഒരു കൊല്ലത്തെ മൂന്നു് കാലങ്ങളായും തിരിക്കാം -- കാലവര്‍ഷം (ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ), തുലാവര്‍ഷം (ഒക്‌ടോബര്‍, നവംബര്‍, ഡിസംബര്‍), ഇടക്കാലം (ജനുവരി മുതല്‍ മെയ് വരെ) എന്നിങ്ങനെ. ഓരോ പ്രദേശത്തും ഓരോ കാലത്തും ലഭിക്കുന്ന മഴയുടെ പ്രത്യേകതകള്‍ എന്താണെന്നു് നോക്കാം.

ആദ്യം തീരദേശത്തെ കാര്യം പരിശോധിക്കാം. തീരദേശത്തു് കാലവര്‍ഷക്കാലത്തു് ലഭിക്കന്ന മൊത്തം മഴയുടെ അളവു് തെക്കുനിന്നു് വടക്കോട്ടു് പോകുംതോറും വര്‍ദ്ധിച്ചു വരുന്നു എന്നാണു് കണക്കുകള്‍ കാണിക്കുന്നതു്. മേല്പറഞ്ഞ 70 വര്‍ഷത്തെ ശരാശരി മഴ പരിശോധിച്ചാല്‍ തിരുവനന്തപുലത്തു് കാലവര്‍ഷക്കാലത്തു് 863 മില്ലിമീറ്റര്‍ മഴ ലഭിക്കുമ്പോള്‍ ആലപ്പുഴയില്‍ 1331ഉം, കൊച്ചിയില്‍ 2004ഉം കോഴിക്കോട്ടു് 2377ഉം കണ്ണൂരില്‍ 2616ഉം കാസര്‍കോടില്‍ 2936ഉം മില്ലിമാറ്റര്‍ മഴയാണു് ലഭിക്കുന്നതു്. ഒരു വര്‍ഷം മൊത്തം ലഭിക്കുന്ന മഴയുടെ ശതമാനമായി നോക്കിയാല്‍ ഇതു് യഥാക്രമം 49, 56, 65, 75, 81, 83 ശതമാനമാണു്. അതായതു് കാലവര്‍ഷക്കാലത്തു് ലഭിക്കുന്ന മഴ വടക്കോട്ടു പോകുംതോറും വര്‍ദ്ധിക്കുന്നു എന്നു മാത്രമല്ല മഴയുടെ കൂടുതല്‍ ഭാഗവും ലഭിക്കുന്നതു് ഈ കാലത്താണു്. എന്നാല്‍ ഓരോ വര്‍ഷവും കാലവര്‍ഷക്കാലത്തു് ലഭിക്കുന്ന മഴയിലുണ്ടാകുന്ന വ്യത്യാസം പരിശോധിച്ചാല്‍ കാണുന്നതു് അതു് വടക്കോട്ടു പോകുംതോറും കുറഞ്ഞു വരുന്നതാണു്. അതായതു്, തെക്കന്‍ ജില്ലകളിലെ തീരദേശത്തു് വര്‍ഷാനുവര്‍ഷം കാലവര്‍ഷക്കാലത്തു് ലഭിക്കുന്ന മഴയുടെ അളവില്‍ വടക്കന്‍ ജില്ലകളില്‍ കാണുന്നതിനേക്കാള്‍ കൂടുതല്‍ വ്യത്യാസമുണ്ടാകുന്നുണ്ടു്.

ഇനി തീരദേശത്തു് തുലാവര്‍ഷക്കാലത്തു് ലഭിക്കുന്ന മഴയുടെ അളവു് പരിശോധിച്ചാല്‍ അതു് മേല്പറഞ്ഞതില്‍ നിന്നു് വ്യത്യസ്ഥമാണെന്നു കാണാം. അതു് തെക്കന്‍ ജില്ലകളിലാണു് കൂടുതല്‍. വടക്കോട്ടു് പോകുംതോറും തുലാവര്‍ഷക്കാലത്തു് ലഭിക്കുന്ന മഴയുടെ അളവു് കുറഞ്ഞു വരുന്നു. എഴുപതു് വര്‍ഷത്തെ ശരാശരി എടുക്കുമ്പോള്‍ തുലാവര്‍ഷക്കാലത്തു് തിരുവനന്തപുരത്തു് 626 മി.മീ. മഴ ലഭിക്കുമ്പോള്‍ ആലപ്പുഴയില്‍ 644ഉം കൊച്ചിയില്‍ 555ഉം കോഴിക്കോട്ടു് 444ഉം കണ്ണൂരില്‍ 329ഉം കാസര്‍കോടില്‍ 329ഉം മില്ലിമീറ്ററാണു് ലഭിക്കുന്നതു്. ഇതു്, യഥാക്രമം, ഒരു വര്‍ഷം മൊത്തത്തില്‍ ലഭിക്കുന്ന മഴയുടെ 33, 21, 18, 14, 10, 9 ശതമാനമാണു്. ഇടക്കാലത്തുള്ള മഴ കൊച്ചിയ്ക്കു് തെക്കുള്ള ഭാഗത്തു മാത്രമാണു് കാര്യമായുള്ളതു്. കോഴിക്കോടിനു് വടക്കു് അതു് ഒരു വര്‍ഷം ലഭിക്കുന്ന മഴയുടെ പത്തു് ശതമാനത്തിനു് താഴെയാണു്. (ഉദാഹരണമായി ഏതാനും കേന്ദ്രങ്ങളിലെ വിവരങ്ങള്‍ മാത്രമെ ഇവിടെ കൊടുത്തിട്ടുള്ളൂ.)

ഇതു് കാണിക്കുന്നതു് കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ തിരുവനന്തപുരം മുതല്‍ ഏതാണ്ടു് ആലപ്പുഴ വരെയുള്ള ഭാഗത്തു് വര്‍ഷത്തിലുടനീളം മോശമല്ലാത്ത മഴ ലഭിക്കുന്നുണ്ടു് എന്നാണു്. കോഴിക്കോടിനു് വടക്കുള്ള തീരദേശത്തു് മഴയുടെ വലിയ ഭാഗം, ഒരു കൊല്ലത്തില്‍ ആകെ ലഭിക്കുന്ന മഴയുടെ മുക്കാല്‍ പങ്കിലധികം, ലഭിക്കുന്നതു് കാലവര്‍ഷക്കാലത്താണു്. എന്നാല്‍ അവിടെ മഴയുടെ അളവില്‍ വര്‍ഷാവര്‍ഷം വലിയ ഏറ്റക്കുറച്ചില്‍ ഉണ്ടാകാറില്ല.

ഇനി ഇടനാടിലെ സ്ഥിതി എങ്ങനെയാണു് എന്നു നോക്കാം. ഇടനാടിലും തീരദേശത്തു് കാണുന്നതുപോലെ കാലവര്‍ഷക്കാലത്തു് ലഭിക്കുന്ന മഴയുടെ അളവു് വടക്കോട്ടു പോകുംതോറും വര്‍ദ്ധിച്ചുവരുന്നതായാണു് കാണുന്നതു്. എന്നാല്‍ ചെറിയൊരു വ്യത്യാസമുള്ളതു് പാലക്കാടു് ചുരത്തിനോടു് ചേര്‍ന്നുള്ള ഭാഗത്താണു്. അതിനു് തെക്കും വടക്കുമുള്ള സ്ഥലങ്ങളേക്കാള്‍ മഴ കുറവാണു് അവിടെ ലഭിക്കുന്നതു്. ഇതു് സ്വാഭാവികമാണു്. കാലവര്‍ഷക്കാലത്തു് പടിഞ്ഞാറുനിന്നു് വരുന്ന മഴമേഘങ്ങള്‍ സഹ്യാദ്രയുടെ സാന്നിദ്ധ്യത്താല്‍ കേരളത്തില്‍ തന്നെ മഴ പൊഴിക്കുമ്പോള്‍ പാലക്കാടു് ഭാഗത്തെത്തുന്ന മേഘങ്ങള്‍ ചുരത്തില്‍ക്കൂടി കടന്നു പോകുന്നു. എന്നാല്‍ മൊത്തം ഒരു കൊല്ലം ലഭിക്കുന്ന മഴയുടെ ശതമാനമായി നോക്കുമ്പോള്‍ തെക്കുനിന്നു് വടക്കോട്ടു് ക്രമമായി വര്‍ദ്ധിച്ചു വരുന്നതാണു് കാണുന്നതു്. തുലാവര്‍ഷക്കാലത്തെ മഴയുടെ അളവും, തീരദേശത്തെന്നപോലെ, തെക്കുനിന്നു് വടക്കോട്ടു് ക്രമമായി കുറഞ്ഞു വരുന്നതാണു് കാണുന്നതെങ്കിലും വടക്കന്‍ ജില്ലകളിലും അതു് തീരെ കുറവല്ല. ഉദാഹരണമായി, തുലാവര്‍ഷക്കാലത്തു് നെടുമങ്ങാടു് ലഭിക്കുന്നതു് ഒരു കൊല്ലം ലഭിക്കുന്ന മഴയുടെ 29 ശതമാനമാണെങ്കില്‍ കോട്ടയത്തു് അതു് 19 ശതമാനവും ഒറ്റപ്പാലത്തു് 16 ശതമാനവും തളിപ്പറമ്പില്‍ 10 ശതമാനവുമാണു്. ഇടക്കാലത്തു് കിട്ടുന്ന മഴയുടെ കാര്യവും ഏതാണ്ടു് ഇതേപോലെയാണു്. നെടുമങ്ങാടു് ലഭിക്കുന്നതു് മൊത്തം മഴയുടെ 24 ശതമാനമാണെങ്കില്‍ കോട്ടയത്തു് 17 ശതമാനവും ഒറ്റപ്പാലത്തു് 12 ശതമാനവും തളിപ്പറമ്പില്‍ 8 ശതമാനവുമാണു്. അതായതു്, തീരദേശത്തു കാണുന്ന രീതിയിലുള്ള മാറ്റങ്ങളാണു് ഇടനാടിലും കാണുന്നതെങ്കിലും തെക്കന്‍ ജില്ലകളും വടക്കന്‍ ജില്ലകളും തമ്മിലുള്ള വ്യത്യാസം കുറവാണു്.

നമ്മള്‍ മലനാട്ടിലെ മഴയേപ്പറ്റി ചര്‍ച്ച ചെയ്യുമ്പോള്‍ ഒരു കാര്യം ഓര്‍ക്കേണ്ടതുണ്ടു്. ഈ പ്രദേശത്തു് ഉയരത്തിനനുസരിച്ചു് മഴയുടെ അളവില്‍ മാറ്റമുണ്ടാകും എന്നതാണതു്. അതുകൊണ്ടു് തീരദേശത്തെയും ഇടനാട്ടിലെയും പോലെ പല സ്ഥലങ്ങളില്‍ പെയ്യുന്ന മഴയുടെ അളവു് നേരിട്ടു് താരതമ്യം ചെയ്യുന്നതില്‍ വലിയ കാര്യമില്ല. പകരം ഓരോ കാലത്തും ലഭിക്കുന്ന മഴ ഒരു കൊല്ലം മൊത്തം ലഭിക്കുന്ന മഴയുടെ ശതമാനമായി നോക്കുന്നതാവും കുറച്ചുകൂടി നല്ലതു്. എന്നാല്‍ പോലും ഇടനാട്ടിലെയും തീരദേശത്തെയും പോലെ വ്യക്തമായ ഒരു ചിത്രം ലഭിക്കണമെന്നില്ല. കൂടാതെ ഈ പ്രദേശത്തു് സ്ഥാപിച്ചിട്ടുള്ള മഴമാപിനികളുടെ എണ്ണം താരതമ്യേന കുറവുമാണു്. ഇക്കാര്യങ്ങള്‍ മനസില്‍ വച്ചുകൊ​ണ്ടു വേണം പഠനഫലങ്ങള്‍ വിലയിരുത്താന്‍.

പഠനത്തിനുപയോഗിച്ച വിവരങ്ങള്‍ ലഭിച്ച മലനാടന്‍ കേന്ദ്രങ്ങളില്‍ ഏറ്റവും തെക്കുള്ളതു് പീരുമേടാണു്. ഏറ്റവും വടക്കു് വൈത്തിരിയും. പീരുമേട്ടില്‍ കാലവര്‍ഷക്കാലത്തു് ആകെ മഴയുടെ 70 ശതമാനം ലഭിക്കുമ്പോള്‍ ദേവികുളത്തു് അതു് 68 ശതമാനവും മൂന്നാറില്‍ 77 ശതമാനവും വൈത്തിരിയില്‍ 80 ശതമാനവുമാണു്. തുലാവര്‍ഷക്കാലത്താണെങ്കില്‍ പീരുമേട്ടിലും ദേവികുളത്തും ലഭിക്കുന്നതു് മൊത്തം മഴയുടെ 17 ശതമാനമാണു്. മൂന്നാറിലും വൈത്തിരിയിലും 11 ശതമാനവും. ഇടക്കാലത്തു് പീരുമേട്ടില്‍ ലഭിക്കുന്നതു് മൊത്തം മഴയുടെ 13 ശതമാനവും ദേവികുളത്തു് 15 ശതമാനവും മൂന്നാറില്‍ 12 ശതമാനവും വൈത്തിരിയില്‍ 9 ശതമാനവുമാണു്.

മലനാട്ടില്‍ പാലക്കാടു് ചുരത്തിനു് തെക്കുള്ള നാലു് കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങളും ചുരത്തിനു് വടക്കുള്ള രണ്ടു് കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങളുമാണു് പഠനത്തിനു് ഉപയോഗിച്ചതു്. തെക്കുള്ള കേന്ദ്രങ്ങളില്‍വെച്ചു് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നതു് പീരുമേട്ടിലാണു്. ഏറ്റവും കുറവു് വണ്ടന്‍മേട്ടിലും. ഈ പ്രദേശത്തു് പ്രധാനപ്പെട്ട ജലവൈദ്യുതപദ്ധതികള്‍ ഉള്ളതുകൊണ്ടു് ഇവിടത്തെ മഴ കേരളത്തിനാകെത്തന്നെ പ്രാധാന്യമുള്ളതാണു്. ഈ നാലു് കേന്ദ്രങ്ങളിലെയും മഴയുടെ 25 മുതല്‍ 40 ശതമാനം വരെ ലഭിക്കുന്നതു് തുലാവര്‍ഷ-ഇടക്കാല കാലങ്ങളിലാണു്. ഈ കാലങ്ങളില്‍ വര്‍ഷാവര്‍ഷം ലഭിക്കുന്ന മഴയില്‍ ഉണ്ടാകാവുന്ന വ്യതിയാനം വലുതായതു കൊണ്ടു് മൊത്തം ലഭിക്കുന്ന മഴയിലും കാര്യമായ മാറ്റങ്ങളുണ്ടാകാം. നമ്മുടെ വൈദ്യുതിയുടെ ലഭ്യതയെ സംബന്ധിച്ചിടത്തോളം ഇതു് വളരെ പ്രധാനപ്പെട്ട ഒരു വിവരമാണു്.

മൊത്തം മഴയുടെ ലഭ്യത പരിശോധിച്ചാല്‍, തീരദേശത്തും ഇടനാട്ടിലും തെക്കന്‍ ജില്ലകളില്‍ പൊതുവെ കുറവും വടക്കോട്ടു പോകുംതോറും വര്‍ദ്ധിച്ചു വരുന്നതും ആണു് കാണുന്നതു്. അതുപോലെ, വടക്കോട്ടു പോകുംതോറും മൊത്തം ലഭിക്കുന്ന മഴയുടെ കൂടുതല്‍ ഭാഗവും കാലവര്‍ഷക്കാലത്തു് ലഭിക്കുന്നതായാണു് കാണുന്നതു്. മലനാട്ടില്‍ ഇത്രയും തന്നെ വ്യക്തമായ ഒരു മാറ്റം തിരിച്ചറിയാനാവില്ല. സ്ഥലത്തിന്റെ ഉയരമനുസരിച്ചു് മഴയുടെ അളവിലുണ്ടാകുന്ന വ്യത്യാസമാണു് ഇതിനു് കാരണം.

ഏതു് സിസ്റ്റവും കാര്യക്ഷമമായി നോക്കി നടത്തണമെങ്കില്‍ അതിന്റെ സവിശേഷതകള്‍ അറിയണമല്ലോ. ജനസംഖ്യ വര്‍ദ്ധിച്ചു വരികയും അതോടൊപ്പം ജലത്തിന്റെ പ്രതിശീര്‍ഷ ഉപഭോഗവും വര്‍ദ്ധിച്ചു വരികയും എന്നാല്‍ മുന്‍കാലങ്ങളില്‍ ജലം സംഭരിച്ചു വയ്ക്കാന്‍ സഹായിച്ചിരുന്ന ജലാശയങ്ങളും വനങ്ങളും ഇല്ലാതായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഓരോ പ്രദേശത്തും പെയ്യുന്ന മഴയുടെ പ്രത്യേകതകള്‍ മനസിലാക്കി അതനുസരിച്ചു് ജലലഭ്യത മെച്ചപ്പെടുത്താനാവശ്യമായ പദ്ധതികള്‍ തയാറാക്കുകയും ചെയ്യേണ്ടതുണ്ടു്. അതിനു് ഇത്തരം പഠനങ്ങള്‍ സഹായകമാണു്.

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)

Wednesday, June 17, 2009

കാലവര്‍ഷവും തുലാവര്‍ഷവും നമ്മളും

(2009 ജൂണ്‍ 4 ലെ തേജസ് ദിരപ്പത്രത്തിന്റെ നാലാം പേജില്‍ "കാലവര്‍ഷവും ജലക്ഷാമവും" എന്ന പേരില്‍ പ്രസിദ്ധീകരിച്ച ലേഖനം)

സ്ക്കൂള്‍ തുറന്നു, മഴയും തുടങ്ങി. സ്ക്കൂള്‍ തുറക്കുന്നതുപോലെതന്നെ മിക്ക വര്‍ഷവും കൃത്യമായി ജൂണ്‍ ഒന്നാം തീയതി മഴയെത്തും. നമ്മളതിനെ കാലവര്‍ഷമെന്നോ ഇടവപ്പാതിയെന്നോ ഒക്കെ വിളിക്കുന്നു. ഒരു കാലത്തു് കേരളീയരുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു സംഭവമായിരുന്നു കാലവര്‍ഷത്തിന്റെ വരവും പോക്കും. മഴയുടെ വരവു് നേരത്തെയോ വൈകിയോ ആയാല്‍ ആ വര്‍ഷത്തെ ഭക്ഷണം തന്നെ ബുദ്ധിമുട്ടിലാകുമായിരുന്നു. മാത്രമല്ല കിട്ടുന്ന മഴ കൂടുകയോ കുറയുകയോ ചെയ്താലും ബൂദ്ധിമുട്ടാകുമായിരുന്നു. ഇതെല്ലാം ഇന്നും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെങ്കിലും ഭക്ഷണം ശേഖരിച്ചു വയ്ക്കുന്നതിലൂടെയും മറ്റും നമുക്കു് പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ടു്. പക്ഷെ, മഴ കുറഞ്ഞാല്‍ വരള്‍ച്ചയും മഴ കൂടിയാല്‍ പ്രളയവും എന്ന സ്ഥിതിയാണല്ലോ ഇപ്പോഴുമുള്ളതു്. കൃത്യമായി ഈ മഴ എവിടെനിന്നു വരുന്നു? എന്തുകൊണ്ടാണു് ഈ മഴ ഇടവമാസം മദ്ധ്യത്തില്‍ തന്നെ വരുന്നതു്?

നമ്മള്‍ 'കാലവര്‍ഷം' എന്നും 'തുലാവര്‍ഷം' എന്നും വിളിക്കുന്ന മഴക്കാലങ്ങളെ കാലാവസ്ഥാശാസ്ത്രജ്ഞര്‍ വിളിക്കുന്നതു് `മണ്‍സൂണ്‍' എന്നാണു്. ആദ്യത്തേതു് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണാണെങ്കില്‍ രണ്ടാമത്തേതു് വടക്കുകിഴക്കന്‍ മണ്‍സൂണാണു്. തുലാവര്‍ഷത്തെ `മണ്‍സൂണിന്റെ മടങ്ങിപ്പോക്കു്' എന്നും വിളിക്കാറുണ്ടു്. ശാസ്ത്രജ്ഞര്‍ക്കു് മണ്‍സൂണ്‍ എന്നാല്‍ കാലാകാലം വരുന്ന ഒരു കാറ്റാണു്. 'കാലാവസ്ഥ' എന്നര്‍ത്ഥം വരുന്ന `മൌസം' എന്ന ഉര്‍ദു-അറബിക് വാക്കില്‍ നിന്നാണു് മണ്‍സൂണ്‍ എന്ന പദത്തിന്റെ ഉത്ഭവം. പണ്ടുകാലത്തു് അറബികള്‍ക്കു് പായ്ക്കപ്പലില്‍ ഇന്ത്യയിലേക്കു് വരാനായി ഈ കാറ്റു് സഹായിച്ചിരുന്നു.

സൂര്യപ്രകാശം ഭൂമിയില്‍ വീഴുമ്പോള്‍ ഭൂമിയുടെ ഉപരിതലം ചൂടാകും എന്നറിയാമല്ലോ. മണ്ണിലും പാറയിലുമാണു് പ്രകാശം വീഴുന്നതെങ്കില്‍ അതു് വേഗത്തില്‍ ചുടാകും. വെള്ളത്തിലാണെങ്കില്‍ പ്രകാശം ഉള്ളിലേയ്ക്കു് കടക്കുന്നതു കൊണ്ടും വെള്ളം ചൂടാക്കാന്‍ കൂടുതല്‍ ഊര്‍ജം വേണ്ടതുകൊണ്ടും പതുക്കെയേ ചൂടാകൂ. മാത്രമല്ല, കടലിന്റെ മുകളിലത്തെ 50 മീറ്ററോളം ആഴം വരെയുള്ള വെള്ളം എപ്പോഴും കൂടിക്കലര്‍ന്നു കിടക്കുന്നതുകൊണ്ടു് ലഭിക്കുന്ന ചൂടു് അത്രയും വെള്ളത്തിലാണു് കലരുന്നതു്. കരയിലാണെങ്കില്‍ ഒരു മീറ്ററോളം ആഴം വരെ മാത്രമെ ചൂടു് കടന്നു ചെല്ലുകയുള്ളൂ. കരയാണെങ്കിലും വെള്ളമാണെങ്കിലും ചൂടാകുമ്പോള്‍ തൊട്ടുമുകളിലുള്ള വായുവും ചൂടാകുകയും സാഹചര്യങ്ങള്‍ അനുയോജ്യമാണെങ്കില്‍ അതു് ഉയരുകയും ചെയ്യും. വായു താഴെനിന്നു് ഉയരുമ്പോള്‍ അതുകാരണം താഴെ വായുവിന്റെ മര്‍ദ്ദം കുറയുകയും ചുറ്റുപാടുമുള്ള വായു അങ്ങോട്ടു നീങ്ങാന്‍ തുടങ്ങുകയും ചെയ്യും. ഇതാണു് നമ്മള്‍ ``മണ്‍സൂണ്‍'' എന്നു വിളിക്കുന്ന പ്രതിഭാസത്തിന്റെ പിന്നിലുള്ള തത്വം.

ഭൂഗാളത്തില്‍ ഇന്ത്യ സ്ഥിതിചെയ്യുന്ന ഭാഗത്തിനു് ഒരു പ്രത്യേകതയുണ്ടു്. ഇവിടെ ഉത്തരാര്‍ദ്ധഗോളത്തിന്റെ വലിയ ഭാഗം കരയും ദക്ഷിണാര്‍ദ്ധഗോളത്തിന്റെ വലിയ ഭാഗം സമുദ്രവുമാണു്. ഏതു് ഭൂപടത്തില്‍നിന്നും ഇക്കാര്യം വ്യക്തമാകുമല്ലോ. വര്‍ഷത്തിലെ ആദ്യമാസങ്ങളില്‍ സൂര്യന്‍ ദക്ഷിണാര്‍ദ്ധഗോളത്തിലാണു്. അതായതു് സൂര്യപ്രകാശം നേരേ വീഴുന്നതു് ഭൂമദ്ധ്യരേഖയ്ക്കു് തെക്കുള്ള പ്രദേശത്താണു്. ആ മാസങ്ങളില്‍ തെക്കന്‍ പ്രദേശങ്ങളില്‍ ചൂടു കൂടുതലും വടക്കന്‍ പ്രദേശങ്ങളില്‍ തണുപ്പും ആയിരിക്കും. ഉത്തരായനം സംഭവിക്കുമ്പോള്‍ സൂര്യന്റെ സ്ഥാനം വടക്കോട്ടു് നീങ്ങി മാര്‍ച്ചു് 20 ആകുമ്പോള്‍ ഭൂമദ്ധ്യരേഖയ്ക്കു് നേരേ മുകളിലാകും. ജൂണ്‍ 21 വരെ സൂര്യന്‍ വടക്കോട്ടുള്ള ഈ യാത്ര തുടരുന്നു. ഈ സമയത്തു് ഉത്തരാര്‍ദ്ധ ഗോളത്തിലുള്ള കര ചൂടുപിടിക്കും. അങ്ങനെ അവിടെ ന്യൂനമര്‍ദ്ദമുണ്ടാകും. അതേ സമയം തെക്കുള്ള സമുദ്രജലം ക്രമേണ തണുക്കുകയും അവിടെ അധികമര്‍ദ്ദം ഉണ്ടാകുകയും ചെയ്യും. ഈ മര്‍ദ്ദവ്യത്യാസം തെക്കുനിന്നു് ഒരു കാറ്റുണ്ടാവാന്‍ ഇടയാക്കുന്നു. ഇതാണു് കാലവര്‍ഷക്കാറ്റിന്റെ ഉത്ഭവം.

ഈ കാറ്റു് ഇന്ത്യയ്ക്കു് തെക്കുഭാഗത്തു് ഇന്ത്യന്‍ മഹാസമുദ്രത്തിനു മുകളില്‍ കിഴക്കുനിന്നു് പടിഞ്ഞാറേക്കു് വീശിക്കൊണ്ടാണു് തുടങ്ങുന്നതു്. മേല്പറഞ്ഞ മര്‍ദ്ദവ്യത്യാസം മൂലം അതു് വടക്കോട്ടു് നീങ്ങുന്നു. അതു് മദ്ധ്യരേഖ കടന്നു് ഉത്തരാര്‍ദ്ധ ഗോളത്തിലേക്കു് വരുമ്പോള്‍ കോറിയോലിസ് ബലം എന്നറിയപ്പെടുന്ന ബലം അതിനെ വലത്തേക്കു് തിരിക്കും. ഭൂമി കറങ്ങിക്കൊണ്ടിരിക്കുന്നതാണു് ഇങ്ങനെയൊരു ബലം ഉണ്ടാവാന്‍ കാരണമാകുന്നതു്. കാറ്റു് ആഫ്രിക്കന്‍ തീരത്തു് എത്തുമ്പോഴേക്കു് ഈ ബലം കാറ്റിന്റെ ഗതി തിരിച്ചു് അതിനെ അറബിക്കടലിനു് മുകളിലൂടെ ഇന്ത്യയിലേക്കു് അയയ്ക്കുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിനും അറബിക്കടലിനും മുകളിലൂടെ വരുന്നതുകൊണ്ടു് കാറ്റില്‍ ധാരാളം ഈര്‍പ്പമുണ്ടാകും. ഈ ഈര്‍പ്പമാണു് മേഘമായി മാറുന്നതു്. അതുകൊണ്ടാണു് കാലവര്‍ഷക്കാറ്റു് വരുമ്പോള്‍ മഴയുണ്ടാകുന്നതു്.

കാലവര്‍ഷക്കാറ്റു് ഇന്ത്യയിലാദ്യമായി എത്തുന്ന സ്ഥലം തിരുവനന്തപുരമാണു്. മിക്കവാറും വര്‍ഷങ്ങളി‍ല്‍ ഇതു് ജൂണ്‍ ഒന്നാം തീയതി തന്നെ എത്തും. ധാരാളം മേഘങ്ങളുമായി എത്തുന്നതുകൊണ്ടു് ഈ കാറ്റു് നല്ല മഴ തരുന്നു. ഇതു് ഇടവമാസത്തിന്റെ മദ്ധ്യത്തിലായതു കൊണ്ടാണു് നാമിതിനെ ഇടവപ്പാതി എന്നു പറയുന്നതു്. ക്രമേണ കാറ്റു് വടക്കോട്ടു കൂടി വ്യാപിച്ചു് ജൂണ്‍ 10 ആകുമ്പോഴേക്കു് മഹാരാഷ്ട്രയിലും ജൂലൈ 1 ആകുമ്പോള്‍ ദില്ലിയിലും എത്തുന്നു. ഇതിനിടയ്ക്കു് ഈ കാറ്റിന്റെ മറ്റൊരു ശാഖ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ വഴി കടന്നു വരുന്നുണ്ടു്. നമ്മുടെ രാജ്യത്തിനും ജനങ്ങള്‍ക്കും കൃഷിക്കും എല്ലാം സര്‍വ്വപ്രധാനമായ കാലവര്‍ഷം ഇങ്ങനെയാണു് വരുന്നതു്.

ജൂണ്‍, ജൂലൈ മാസങ്ങളില്‍ തകര്‍ത്തു പെയ്യുന്ന കാലവര്‍ഷം ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ക്രമേണ കുറയുന്നു. പക്ഷെ ഈ സമയം കൊണ്ടു് കേരളത്തില്‍ മിക്ക സ്ഥലങ്ങളിലും ഒരു വര്‍ഷം മൊത്തം കിട്ടുന്ന മഴയുടെ നല്ലൊരു പങ്കും കിട്ടിയിട്ടുണ്ടാകും. കാലവര്‍ഷസമയത്തു് കേരളത്തില്‍ ഇത്രയധികം മഴ ലഭിക്കാനുള്ള ഒരു കാരണം നമ്മുടെ സംസ്ഥാനത്തിന്റെ കിഴക്കു ഭാഗത്തു് സ്ഥിതിചെയ്യുന്ന സഹ്യപര്‍വ്വതമാണു്. കാറ്റടിച്ചു് കരയിലേക്കു് വരുന്ന മേഘങ്ങള്‍ പര്‍വ്വതങ്ങള്‍ കാരണം മുകളിലേക്കു് ഉയരാന്‍ നിര്‍ബന്ധിതമാകുന്നു. ഇങ്ങനെ ഉയരുമ്പോള്‍ മേഘങ്ങള്‍ കൂടുതല്‍ തണുക്കും. അതു് മേഘത്തിലുള്ള ഈര്‍പ്പം വേഗത്തില്‍ മഴയായി വീഴാന്‍ ഇടയാക്കും. അതുകൊണ്ടു് സഹ്യനെ കടന്നു് കിഴക്കോട്ടു് പോകുന്ന വായുവില്‍ ഈര്‍പ്പം തീരെ കുറവായിരിക്കും.

ജൂണ്‍ 21 നു് മടക്കയാത്ര ആരംഭിക്കുന്ന സൂര്യന്‍ സെപ്റ്റംബര്‍ 22 ആകുമ്പോള്‍ ഭൂമദ്ധ്യരേഖ കടന്നു് വീണ്ടും തെക്കോട്ടുള്ള യാത്ര തുടരുന്നു. വടക്കുഭാഗത്തുള്ള ഭൂമി തണുത്തു തുടങ്ങുകയും തെക്കുഭാഗത്തുള്ള സമുദ്രം ചൂടായിത്തുടങ്ങുകയും ചെയ്യുന്നു. ഇതോടെ മണ്‍സൂണിന്റെ മടക്കയാത്രയും ആരംഭിക്കുകയായി. ഹിമാലയപര്‍വ്വത പ്രദേശത്തും മറ്റുമുള്ള തണുത്ത, ഈര്‍പ്പം കുറഞ്ഞ വായു തെക്കോട്ടു നീങ്ങിത്തുടങ്ങുന്നു. യാത്രാമദ്ധ്യേ അതു് ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും മറ്റും കുറേ ഈര്‍പ്പം നേടുന്നുണ്ടു്. വടക്കുകിഴക്കു നിന്നു് വീശുന്ന ഈ കാറ്റാണു്, കാലവര്‍ഷസമയത്തു് മഴ കിട്ടാതെ കിടക്കുന്ന, തമിഴ്‌നാട്ടിലും മറ്റും കുറേ മഴ നല്‍കുന്നതു്. തെക്കന്‍ കേരളത്തില്‍ ഇതു് തുലാവര്‍ഷമായി അനുഭവപ്പെടുന്നു. ഈ കാലത്തു് ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ചുഴലിക്കാറ്റുകള്‍ ഉണ്ടാകുക സാധാരണമാണു്. ഇതിന്റെ ഫലമായി കേരളത്തിലും പലപ്പോഴും മഴ ലഭിക്കാറുണ്ടു്. തിരുവനന്തപുരത്തും മറ്റും കാലവര്‍ഷസമയത്തും തുലാവര്‍ഷസമയത്തും ഒക്കെ ഏതാണ്ടു് ഒരേപോലെയാണു് മഴ ലഭിക്കുന്നതു്.

കേരളത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍ കുറവും വടക്കോട്ടു പോകുംതോറും കൂടുതലുമാണു് മഴ ലഭിക്കുന്നതു്. തിരുവനന്തപുരത്തു് വര്‍ഷത്തില്‍ ശരാശരി ഏതാണ്ടു് 1800 മില്ലിമീറ്ററാണു് മഴ കിട്ടുന്നതെങ്കില്‍ കണ്ണൂര്‍ ഭാഗത്തു് ഏതാണ്ടു് 4000 മി.മീ. ആണു്. അതായതു്, തിരുവനന്തപുരത്തു പെയ്യുന്ന മഴയില്‍ നിന്നുള്ള വെള്ളമെല്ലാം ഒഴുകിപ്പോകാതെ അവിടെത്തന്നെ കെട്ടിക്കിടക്കുകയാണെങ്കില്‍ രണ്ടു മീറ്ററോളം ഉയരത്തില്‍ വെള്ളമുണ്ടാകും. കണ്ണൂരിലാണെങ്കിലതു് നാലുമീറ്ററാവും. ഇങ്ങനെ കേരളത്തില്‍ മുഴുവനുമാകുമ്പോള്‍ അതു് എത്ര വെള്ളമുണ്ടാകുമെന്നു് ആലോചിച്ചു നോക്കൂ! എത്ര വെള്ളമാണു് നമുക്കു് മഴയായി ലഭിക്കുന്നതു്! എന്നിട്ടും നമുക്കെന്തേ ജലക്ഷാമം?

കേരളത്തിന്റെ തെക്കന്‍ പ്രദേശങ്ങളില്‍ വര്‍ഷത്തില്‍ മൂന്നോ നാലോ മാസമൊഴിച്ചു് ബാക്കി മാസങ്ങളിലെല്ലാം കുറച്ചു മഴയെങ്കിലും ലഭിക്കുമ്പോള്‍ വടക്കന്‍ പ്രദേശങ്ങളില്‍ കാലവര്‍ഷസമയത്താണു് മിക്കവാറും മഴമുഴുവനും ലഭിക്കുന്നതു്. തിരുവനന്തപുരത്തു് ഒരു കൊല്ലം ലഭിക്കുന്ന മൊത്തം മഴയുടെ 46 ശതമാനമാണു് കാലവര്‍ഷസമയത്തു് ലഭിക്കുന്നതെങ്കില്‍ ആലപ്പുഴയില്‍ അതു് 59ഉം, കോഴിക്കോട്ടു് 75ഉം കാസര്‍കോടു് 83ഉം ശതമാനമാണു്. ഇതുപോലെ വടക്കോട്ടു് പോകുംതോറും തുലാവര്‍ഷസമയത്തു് ലഭിക്കുന്ന മഴയുടെ അളവു് കുറഞ്ഞുവരികയാണു്. ജനുവരി മുതല്‍ മെയ് മാസം വരെ കിട്ടുന്ന മഴയുടെ കാര്യവും അതുപോലെ തന്നെ. അങ്ങനെയിരിക്കുമ്പൊഴും, ഒരു വര്‍ഷത്തിലെ ഏതാണ്ടു് 10 ശതമാനത്തില്‍ താഴെ സമയത്തു മാത്രമാണു് നമുക്കു് മഴ ലഭിക്കുന്നതു് (മഴ പെയ്യുന്ന മണിക്കൂറുകള്‍ മാത്രം എണ്ണിയാല്‍) എന്നോര്‍ക്കണം. അതായതു് ഒരു വര്‍ഷത്തില്‍ മുപ്പത്താറു ദിവസം പോലുമില്ല. ഈ ചെറിയ സമയംകൊണ്ടു് നമുക്കു കിട്ടുന്ന മഴവെള്ളം വേണം നമ്മള്‍ വര്‍ഷം മുഴുവനും ഉപയോഗിക്കാന്‍. മഴവെള്ളം സംഭരിച്ചുവെയ്ക്കേണ്ടതിന്റെ ആവശ്യമാണു് ഇതു് ചൂണ്ടിക്കാട്ടുന്നതു്.

ഒരുകാലത്തു്, ഇന്നത്തേക്കാള്‍ ജനസംഖ്യ വളരെ കുറവായിരുന്നപ്പോള്‍, സ്വാഭാവികമായ കുളങ്ങളും തടാകങ്ങളും കാടുകളും മറ്റും വെള്ളം സംഭരിച്ചു വയ്ക്കുന്ന കര്‍മ്മം ഫലപ്രദമായി ചെയ്തിരുന്നു. അന്നത്തേക്കാള്‍ ജനസംഖ്യ കൂടുകയും ജീവിതസൌകര്യങ്ങള്‍ കൂടുകയും വ്യവസായങ്ങള്‍ തുടങ്ങുകയും ചെയ്തതു് കാരണം വെള്ളത്തിനുള്ള ആവശ്യം കൂടിയിട്ടുണ്ടു്. എന്നാല്‍ കാടുകള്‍ വെട്ടിത്തെളിക്കുകയും കുളങ്ങള്‍ മൂടുകയുമാണു് നമ്മള്‍ ചെയ്തതു്. ജലക്ഷാമത്തിന്റെ തുടക്കം അതിലൊക്കെ തന്നെയാണു്. നമ്മുടെ മഴയുടെ സ്വഭാവം മനസിലാക്കി പ്രവര്‍ത്തിക്കുകയും മഴവെള്ളം വെറുതെ ഒലിച്ചുപോകാതെ സംഭരിക്കുകയും ചെയ്താല്‍ നമ്മുടെ ജലക്ഷാമത്തിനു് കുറെയേറെ ആശ്വാസമുണ്ടാക്കാനാകും.

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)

Thursday, May 28, 2009

മാളികകള്‍ പണിയുമ്പോള്‍

(തേജസ് ദിനപ്പത്രത്തിന്റെ 21.5.2009ലെ പതിപ്പിന്റെ നാലാം പേജില്‍ "കെട്ടിടനിര്‍മ്മാണവും ഊര്‍ജപ്രതിസന്ധിയും" എന്ന തലക്കെട്ടില്‍ വന്ന ലേഖനത്തിന്റെ മൂലരൂപം)

വീടുകളായും കടകളായും മറ്റും കെട്ടിടങ്ങള്‍ ധാരാളം ഉയര്‍ന്നുവരുന്ന കാലമാണല്ലോ ഇതു്. അതിനായി വളരെയധികംപ്രകൃതിവിഭവങ്ങള്‍ മനുഷ്യന്‍ ഉപയോഗിക്കുന്നുണ്ടു്. ഇതില്‍ ഒരു ഭാഗം പദാര്‍ത്ഥങ്ങളും (മണ്ണു്, കല്ലു്, തടി, തുടങ്ങി) മറ്റൊരു ഭാഗം ഊര്‍ജ്ജവുമാണെന്നു പറയാം. നിര്‍മ്മാണത്തിനു് ഉപയോഗിക്കുന്ന വസ്തുക്കള്‍ ഉണ്ടാക്കുന്നതിനും അവ കെട്ടിടനിര്‍മ്മാണസ്ഥലത്തു് എത്തിക്കുന്നതിനുമാണു് ഊര്‍ജ്ജം ധാരാളം വേണ്ടതു്. കെട്ടിടനിര്‍മ്മാണത്തിനു് സാധാരണ ഉപയോഗിക്കുന്ന വസ്തുക്കള്‍ ഇഷ്ടിക, സിമന്റ്, കമ്പി, ഗ്ലാസു്, അലുമിനിയം, ടൈലുകള്‍ തുടങ്ങിയവയാണല്ലോ. ഇവയെല്ലാം നിര്‍മ്മിക്കുന്നതിനും ഊര്‍ജ്ജം ആവശ്യമാണു്. കെട്ടിടം ഉപയോഗിക്കുമ്പോഴും നമുക്കു് ഊര്‍ജ്ജം വേണം. ആസമയത്തു് ആവശ്യമാകുന്ന ഊര്‍ജ്ജം എത്രയാണെന്നതു് തീരുമാനിക്കുന്നതില്‍ കെട്ടിടത്തിന്റെ രൂപകല്പയ്ക്കു് വലിയ പങ്കുണ്ടു്. അതുകൊണ്ടു്, കെട്ടിടം പ്ലാന്‍ ചെയ്യുമ്പോള്‍ത്തന്നെ ശ്രദ്ധിച്ചാല്‍ നിര്‍മ്മാണസമയത്തും ഉപയോഗിക്കുമ്പോഴും ചെലവിടേണ്ടി വരുന്ന ഊര്‍ജ്ജവും പണവും നിയന്ത്രിക്കാനാവും. എന്തായാലും അധികകാലം കഴിയുന്നതിനു മുമ്പു് ഇത്തരം നിയന്ത്രണങ്ങള്‍ നിര്‍ബന്ധമായും വേണ്ടിവരും എന്നാണു് ഇന്നത്തെ സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നതു്.

അനിയന്ത്രിതമായി വിഭവങ്ങള്‍ ചൂഷണം ചെയ്തതിന്റെ ഫലമായി ഭൂമി തന്നെ ഒരു പ്രതിസന്ധിയിലേക്കു് നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണല്ലോ ഇപ്പോഴുള്ളതു്. പെട്രോളിയത്തിന്റെ അമിതോപഭോഗവും വനനശീകരണവും മറ്റും കാരണം അന്തരീക്ഷത്തിന്റെ ചൂടു് കൂടി വരികയാണെന്നു് നമ്മള്‍ മനസിലാക്കിക്കഴിഞ്ഞു. "ആഗോളതാപനം" എന്നാണു് നമ്മളതിനെ വിളിക്കുന്നതു്. തത്ഫലമായി കാലാവസ്ഥയില്‍ കാര്യമായ മാറ്റങ്ങളുണ്ടാകുന്നുണ്ടെന്നും നമ്മള്‍ മനസിലാക്കി. വായുവിന്റെ ചൂടു് കൂടിയിട്ടു് മനുഷ്യനു് (മറ്റു് ജീവജാലങ്ങള്‍ക്കും) ജീവിക്കാന്‍ കഴിയാതാകുന്നതിനു് മുമ്പു് നമ്മളിക്കാര്യത്തില്‍ എന്തെങ്കിലും ചെയ്തേ പറ്റൂ. പെട്രോളിയത്തിന്റെ ഉപഭോഗം കുറയ്ക്കുക എന്നതാണു് മനുഷ്യന്‍ ചെയ്യേണ്ട ഒരു പ്രധാന കാര്യം. വികസിത രാഷ്ട്രങ്ങളിലാണു് ഊര്‍ജ്ജത്തിന്റെ പ്രതിശീര്‍ഷ ഉപഭോഗം ഏറ്റവും കൂടുതല്‍. അതുകൊണ്ടു് അവരതു് നിയന്ത്രിച്ചാലാണു് ഏറ്റവും കൂടുതല്‍ ഫലമുണ്ടാകുക. പക്ഷെ നമ്മളും അവരുടെ ജീവിതശൈലിയാണു് പിന്തുടരാന്‍ ശ്രമിക്കുന്നതു് എന്നോര്‍ക്കണം. ഇന്ത്യയും ചൈനയും പോലെയുള്ള രാഷ്ട്രങ്ങളില്‍ ഊര്‍ജ്ജത്തിന്റെ പ്രതിശീര്‍ഷ ഉപഭോഗം വികസിത രാഷ്ട്രങ്ങളുടേതുപോലെ ആയിത്തുടങ്ങിയാല്‍ പ്രകൃതി തന്നെ കഷ്ടത്തിലാകുമല്ലോ.

ഇതു കൂടാതെ മറ്റൊരു പ്രതിസന്ധികൂടി അടുത്തു വരുന്നുണ്ടു്, അതേക്കുറിച്ചു് അധികമാരും സംസാരിക്കുന്നില്ലെങ്കിലും. അതു് പെട്രോളിയത്തിന്റെ അന്ത്യമാണു്. ഇന്നത്തെ നിരക്കില്‍, ഏതാണ്ടു് പതിനഞ്ചു് മുതല്‍ മുപ്പതു് വരെ വര്‍ഷത്തേയ്ക്കു് കൂടിയേ ഖനനം ചെയ്യാന്‍ എണ്ണയുണ്ടാകൂ എന്നാണു് വിദഗ്ദ്ധര്‍ പറയുന്നതു്. കോടിക്കണക്കിനു് വര്‍ഷംമുമ്പു് ഉണ്ടായതാണല്ലോ പെട്രോളിയം. അതു് പുതുതായി ഉണ്ടാകുന്നില്ല. കുറഞ്ഞ ആഴത്തില്‍നിന്നു കിട്ടുന്ന എണ്ണ തീര്‍ന്നുകൊണ്ടിരിക്കുന്നു. പുതുതായി കണ്ടെത്തുന്ന എണ്ണക്കിണറുകള്‍ കൂടുതല്‍ ആഴമുള്ളവയാണു്. അവയില്‍ നിന്നു് ഖനനം ചെയ്യുന്നതിനുള്ള ചെലവും അതിനാവശ്യമായ ഊര്‍ജ്ജവും വര്‍ദ്ധിച്ചു വരികയാണു്. കുറച്ചുനാള്‍ കഴിയുമ്പോള്‍ ഒരു ലിറ്റര്‍ എണ്ണ എടുക്കാന്‍ അത്രയുംതന്നെ എണ്ണയില്‍ നിന്നു ലഭിക്കുന്ന ഊര്‍ജ്ജം വേണ്ടിവരും. അപ്പോള്‍ എണ്ണ ഖനനം ലാഭകരമല്ലാതാകും. ഇന്നു് നമുക്കു ലഭിക്കുന്ന ഊര്‍ജ്ജത്തിന്റെ ഏറിയ പങ്കും എണ്ണയില്‍ നിന്നാണെന്നോര്‍ക്കുമ്പോള്‍ ഇതിന്റെ ഗൌരവം ബോധ്യമാകും. ഇത്ര എളുപ്പത്തില്‍ ഊര്‍ജ്ജം ലഭിക്കുന്ന സ്രോതസ്സ് വേറെയില്ല എന്നു പറയാം.

ഈ സാഹചര്യത്തില്‍ ഊര്‍ജ്ജത്തിന്റെ ഉപഭോഗം കുറയ്ക്കുന്നതിനേപ്പറ്റി നമ്മള്‍ എന്നേ ചിന്തിച്ചു തുടങ്ങേണ്ടതായിരുന്നു. മാത്രമല്ല, കെട്ടിടനിര്‍മ്മാണം വരുത്തിവയ്ക്കുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതു് കാണാമല്ലോ. മണല്‍ വാരുന്നതിന്റെ പ്രശ്നങ്ങളും കരിങ്കല്‍ ക്വാറികളുണ്ടാക്കുന്ന പ്രശ്നങ്ങളും ഇന്നു് നിത്യേനയെന്നോണം വാര്‍ത്തയാകുന്നുണ്ടല്ലോ. ഇതിനെല്ലാമുള്ള പരിഹാരം നമ്മുടെ ഇന്നത്തെ കെട്ടിടനിര്‍മ്മാണ രീതികളില്‍ മാറ്റം വരുത്തുക എന്നുള്ളതാണു്. കെട്ടിടങ്ങളുടെ രൂപകല്പനയിലും ഉപയോഗിക്കുന്ന വസ്തുക്കള്‍ തെരഞ്ഞെടുക്കുന്നതിലും ഊര്‍ജ്ജത്തിന്റെ ഉപഭോഗം കുറയ്ക്കാനുള്ള പരിശ്രമമുണ്ടാകണം. അതുപോലെ മണലിന്റെ ഉപഭോഗവും കുറയ്ക്കാന്‍ ശ്രമിക്കണം. ഇക്കാര്യങ്ങളിലും നമുക്കു് പാശ്ചാത്യരില്‍നിന്നു് പഠിക്കാനാവും. കാരണം അവിടെ ഇത്തരം ശ്രമങ്ങള്‍ പണ്ടേ തുടങ്ങിക്കഴിഞ്ഞു. പക്ഷെ നമ്മുടെ പരമ്പരാഗത രീതികളില്‍ നിന്നു തന്നെ പലതും നമുക്കു പഠിക്കാനാവും -- അതെല്ലാം "പഴഞ്ചന്‍" എന്നു പറഞ്ഞു് തഴയാതിരുന്നാല്‍.

ഇനി കെട്ടിടനിര്‍മ്മാണ വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ ഊര്‍ജ്ജത്തിന്റെ കാര്യം പരിശോധിക്കാം. മണ്ണു്, കരിങ്കല്ലു് തുടങ്ങിയവ ഉപയോഗിക്കുമ്പോള്‍ അവ കൊണ്ടുവരുന്നതിനു് ആവശ്യമായ ഊര്‍ജ്ജം മാത്രം മതിയല്ലോ. മറ്റു വസ്തുക്കളുടെ കാര്യത്തില്‍ കൊണ്ടുവരുന്നതിനു പുറമെ അവ ഉല്‍പ്പാദിപ്പിക്കുന്നതിനും ഊര്‍ജ്ജം വേണ്ടിവരുന്നു. അക്കൂട്ടത്തില്‍ ഇഷ്ടികയുടെ ഉല്പാദനത്തിനാണു് ഏറ്റവും കുറച്ചു് ഊര്‍ജ്ജം ആവശ്യമുള്ളതു്. സിമന്റ്, ഇരുമ്പു് (കമ്പി), തുടങ്ങിയവയുടെ ഉല്പാദനത്തിനു് ആവശ്യമായ ഊര്‍ജ്ജം ഇനിയും കൂടുതലാണു്. നാമിവിടെ പരക്കെ ഉപയോഗിക്കുന്ന കെട്ടിടനിര്‍മ്മാണ വസ്തുക്കളില്‍ ഏറ്റവും കൂടുതല്‍ ഊര്‍ജ്ജം ആവശ്യമുള്ളതു് അലുമിനിയവും ഗ്ലാസും നിര്‍മ്മിക്കാനാണു്. സിമന്റും കമ്പിയും എല്ലാം ഫാക്ടറിയില്‍ നിന്നു് പണിസ്ഥലത്തു് എത്തിക്കുന്നതിനും ധാരാളം ഊര്‍ജ്ജം ആവശ്യമാണു്. ഊര്‍ജ്ജം അധികം വേണ്ട വസ്തുക്കളുടെ ഉപയോഗമാണു് വര്‍ദ്ധിച്ചു വരുന്നതും. ഇത്തരം വസ്തുക്കളുടെ ഉപഭോഗം കുറയ്ക്കുക എന്നതു് പ്രധാനമായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. മഴയില്‍ നിന്നും വെള്ളത്തില്‍ നിന്നും സംരക്ഷണം നല്‍കിയാല്‍ വെറും മണ്ണു് തന്നെ നല്ലൊരു കെട്ടിടനിര്‍മ്മാണ വസ്തുവാണു്. ബാംഗ്ലൂരിലെ ടിപ്പുവിന്റെ കോട്ട 1537ല്‍ കെംപെഗൌഡ മണ്ണില്‍ തീര്‍ത്തതാണു് എന്നോര്‍ക്കണം.

ആഗോളതാപനത്തിന്റെയും കാലാവസ്ഥാവ്യതിയാനത്തിന്റെയും സാഹചര്യത്തില്‍ പല വികസിത രാഷ്ട്രങ്ങളും അവര്‍ വിസര്‍ജ്ജിക്കുന്ന കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവു് കുറയ്ക്കാന്‍ ശ്രമിക്കുന്നുണ്ടു്. അതിനു് ഊര്‍ജ്ജത്തിന്റെ ഉപഭോഗം കുറയ്ക്കേണ്ടതുണ്ടു്. ഇതേക്കുറിച്ചു് ബോധ്യമുള്ള ആര്‍ക്കിടെക്‌ടുകള്‍ ഊര്‍ജ്ജം അധികം ആവശ്യമില്ലാത്ത വസ്തുക്കള്‍ ഉപയോഗിച്ചുകൊണ്ടു് നല്ല കെട്ടിടങ്ങള്‍ എങ്ങനെ നിര്‍മ്മിക്കാമെന്നു് പഠിക്കുകയും അതു് പ്രയോഗത്തില്‍ വരുത്തുകയും ചെയ്യുന്നുണ്ടു്. കെട്ടിടനിര്‍മ്മാണവസ്തുക്കളില്‍ വെച്ചു് ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ഡയോക്സൈഡ് പുറത്തുവിടുന്നതിനു് കാരണമാകുന്നതു് സിമന്റിന്റെയും അലുമിനിയത്തിന്റെയും നിര്‍മ്മാണമാണത്രെ. അതുകൊണ്ടു് കെട്ടിടത്തില്‍ ഇവയുടെ ഉപയോഗം കഴിയുന്നത്ര കുറയ്ക്കേണ്ടതു് ആവശ്യമാണു്. അതുപോലെ കെട്ടിടനിര്‍മ്മാണവസ്തുക്കള്‍ വാഹനങ്ങളില്‍ കയറ്റി പണിസ്ഥലത്തെത്തിക്കുമ്പോഴും ധാരാളം കാര്‍ബണ്‍ ഡയോക്സൈഡ് ഉല്പാദിപ്പിക്കുന്നുണ്ടു്. അതുകൊണ്ടു് ഏറ്റവും അടുത്തു് ലഭിക്കുന്ന വസ്തുക്കളാണു് കഴിവതും കെട്ടിടനിര്‍മ്മാണത്തിനു് ഉപയോഗിക്കേണ്ടതു്. ഇങ്ങനെ ശ്രദ്ധയോടെ രൂപകല്പന ചെയ്തു് നിര്‍മ്മിക്കുന്ന കെട്ടിടങ്ങളുടെ നിര്‍മ്മാണച്ചെലവും അവ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന ചെലവുകളും (വൈദ്യുതിച്ചെലവും മറ്റും) കുറവാണെന്നാണു് അവരുടെ അനുഭവങ്ങള്‍ കാണിക്കുന്നതു്. ഈ ശ്രമങ്ങളേപ്പറ്റി നമ്മള്‍ മനസിലാക്കുകയും നമ്മുടെ നാട്ടിലും ഇത്തരം ശ്രമങ്ങള്‍ നടക്കുകയും വേണം.

പാശ്ചാത്യ മാതൃകകള്‍ പിന്‍തുടരുന്ന ഡിസൈനുകള്‍ ഇന്നു നമ്മുടെ നാട്ടില്‍ ധാരാളമായി കാണാം. താരതമ്യേന തണുപ്പു കൂടുതലുള്ള രാജ്യങ്ങളിലെ മാതൃകകളാണു് നമ്മള്‍ സ്വീകരിക്കുന്നതു്. ഇവ നമ്മുടെ കാലാവസ്ഥയ്ക്കു് തീരെ യോജിച്ചതല്ല. പുറമെ നിന്നു് തണുപ്പു് അകത്തു കടക്കാതിരിക്കാനായിട്ടാണു് അവര്‍ കെട്ടിടങ്ങള്‍ രൂപകല്പന ചെയ്തിട്ടുള്ളതു്. അതുകൊണ്ടു് വായുസഞ്ചാരം തീരെ കുറയ്ക്കുന്ന രീതിയിലാണു് അവരുടെ ഡിസൈനുകള്‍. എന്നാല്‍ നമ്മുടെ കാലാവസ്ഥയില്‍ അത്തരം രൂപകല്പനയല്ല ആവശ്യം. കഴിയുന്നത്ര കാറ്റും വെളിച്ചവും അകത്തു കടക്കുന്ന രീതിയിലുള്ള കെട്ടിടങ്ങളാണു് നമ്മുടെ നാട്ടില്‍ വേണ്ടതു്. ചുടുകാലത്തു് നമുക്കു് അതാണാവശ്യം. മഴക്കാലത്താണെങ്കില്‍ വലിയ ചുടോ തണുപ്പോ നമുക്കു് നേരിടേണ്ടതില്ല. മറിച്ചു് വെള്ളം കെട്ടി നിന്നു് പ്രശ്നമുണ്ടാക്കാതിരിക്കണം. അതിനു് പരന്ന മേല്‍ക്കൂരയേക്കാള്‍ നല്ലതു് പഴയ രീതിയിലുള്ള ചെരിഞ്ഞ മേല്‍ക്കൂരതന്നെയാണു്. വേനല്‍ക്കാലത്തു് ചുടു് നിയന്ത്രിക്കാനും ഇതു് സഹായിക്കും. നമ്മുടെ ചില കെട്ടിടങ്ങളാണെങ്കില്‍, ഒരു കാരണവുമില്ലാതെ, എയര്‍കണ്ടീഷന്‍ ചെയ്യാന്‍വേണ്ടി രൂപകല്പന ചെയ്തവയാണു്. തല്‍ഫലമായി കുറച്ചു സമയം വൈദ്യുതിയില്ലെങ്കില്‍ അവയ്ക്കുള്ളിലിരിക്കുന്നതു് അസഹനീയമായിത്തീരുന്നു.

ഏതു രാജ്യത്തും ഉല്പാദിപ്പിക്കുന്ന ഊര്‍ജ്ജത്തിന്റെ പകുതിയും ഉപയോഗിക്കുന്നതു് കെട്ടിടങ്ങളിലാണത്രെ. നമ്മുടെ പല കെട്ടിടങ്ങളുടെയും രൂപകല്പന അധികമായി ഊര്‍ജ്ജം ഉപയോഗിക്കുന്നതിനു് നമ്മെ നിര്‍ബന്ധിക്കുന്ന തരത്തിലാണു്. ഇത്രയധികം സൂര്യപ്രകാശം ലഭിക്കുന്ന നമ്മുടെ നാട്ടിലെ പല കെട്ടിടങ്ങള്‍ക്കുള്ളിലും പകലു പോലും വിളക്കു വേണ്ടിവരുന്നുണ്ടല്ലോ. പുറമെ നല്ല കാറ്റുണ്ടെങ്കില്‍ പോലും കെട്ടിടത്തിനുള്ളില്‍ ഫാനില്ലാതെ പറ്റില്ല. പല വീടുകളിലും ഇന്നു് എയര്‍കണ്ടീഷനറുകള്‍ ഉപയോഗിക്കുന്നുണ്ടു്. ഇതെല്ലാം കെട്ടിടത്തിന്റെ രൂപകല്പനയിലെ പോരായ്മകളായി കാണാവുന്നതാണു്. കെട്ടിടങ്ങള്‍ രൂപകല്പന ചെയ്യുന്ന സമയത്തു് അല്പം ശ്രദ്ധിച്ചാല്‍ ഇത്തരത്തില്‍ ഊര്‍ജ്ജം വൃഥാ ചെലവഴിക്കേണ്ടി വരുന്നതു് കുറയ്ക്കാനെങ്കിലും കഴിയും.

അടുത്ത കാലത്താണു് കേരള സമൂഹം ഒറ്റക്കെട്ടായി നിന്നുകൊണ്ടു് വൈദ്യുത ഉപഭോഗം കുറയ്ക്കാനും അതിന്റെ ഫലമായി ലോഡ് ഷെഡിങ്ങും പവര്‍ കട്ടും ഒഴിവാക്കാനും കഴിഞ്ഞതു്. വൈദ്യുതിയാണെങ്കിലും മറ്റുതരത്തിലുള്ള ഊര്‍ജ്ജമാണെങ്കിലും ലഭിക്കാന്‍ ഭാവിയില്‍ കൂടുതല്‍ ബുദ്ധിമുട്ടാവും. അതുകൊണ്ടു് കഴിയുന്നത്ര പരമ്പരാഗത ഊര്‍ജ്ജ സ്രോതസ്സുകളെ ആശ്രയിക്കേണ്ടി വരാത്ത ഒരു ജീവിതരീതി കണ്ടെത്താന്‍ നമ്മള്‍ ശ്രമിക്കേണ്ടതുണ്ടു്.

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)

Wednesday, May 6, 2009

നമ്മുടെ ചില അബദ്ധധാരണകള്‍

(ഈ ലേഖനം ചെറിയ മാറ്റങ്ങളോടെ 2009 മെയ് 7ലെ തേജസ് ദിനപ്പത്രത്തിന്റെ നാലാം പേജില്‍ പ്രസിദ്ധീകരിച്ചിരുന്നു)

പ്രകൃതിയേക്കുറിച്ചും ആരോഗ്യത്തേക്കുറിച്ചും മറ്റും പല അബദ്ധ ധാരണകള്‍ നമുക്കിടയില്‍ നിലവിലുണ്ടു്. അവയില്‍ പലതും തെറ്റാണെന്നു് ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ളതാണു്. എന്നിട്ടും ഈ ധാരണകള്‍ ഇപ്പോഴും സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ടു്. ഇത്തരം ചില ധാരണകള്‍ ദോഷമൊന്നും ചെയ്യാത്തവയാണു്. മറ്റു ചിലവ ചിലര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കുന്നതാണു്. ഇനിയും ചിലതു് ഉപയോഗപ്പെടുത്തി പണം തട്ടാന്‍ ചിലര്‍ക്കു് കഴിയുന്നുണ്ടു്. ഇങ്ങനെയുള്ള ചില ധാരണകള്‍ ഇവിടെ നമുക്കു് പരിശോധിക്കാം.

മിന്നലുണ്ടാകുന്നതെങ്ങനെ

"ഇടിമിന്നലുണ്ടാകുന്നതെങ്ങനെ?" എന്ന ചോദ്യത്തിനു് "മേഘങ്ങള്‍ കൂട്ടിയിടിച്ചിട്ടാണു്'' എന്ന മറുപടിയാണു് പലപ്പോഴും ലഭിച്ചതു്. പലരും ഇങ്ങനെ വിശ്വസിക്കുന്നുണ്ടു് എന്നു തോന്നുന്നു. ഇതൊരു വലിയ തെറ്റിദ്ധാരണയാണു്. മേഘം ഒരുതരം ഖരവസ്തുവാണു് എന്നുള്ള ധാരണയില്‍ നിന്നാണു് ഇതിന്റെ തുടക്കം എന്നു തോന്നുന്നു. എങ്കിലല്ലേ കൂട്ടിയിടിച്ചു് ശബ്ദമുണ്ടാക്കാനും മിന്നല്‍ പോലെ "തീപ്പൊരി'' ഉണ്ടാക്കാനും സാധിക്കൂ.

വളരെ സൂക്ഷ്മമായ ജലബിന്ദുക്കള്‍ വായുവില്‍ തങ്ങി നില്‍ക്കുന്നതാണു് നമ്മള്‍ മേഘമായി കാണുന്നതു്. ഈര്‍പ്പമേറിയ വായു മുകളിലേക്കു് ഉയരുമ്പോള്‍ തണുക്കുകയും അതിലുള്ള നീരാവി ജലകണങ്ങളായി തീരുകയും ചെയ്യുന്നു. ജലകണങ്ങള്‍ വളരെ സൂക്ഷ്മമായതുകൊണ്ടാണു് അവയ്ക്കു് വായുവില്‍ തങ്ങി നില്‍ക്കാന്‍ കഴിയുന്നതു്. അവ ക്രമേണ വലുതാകുമ്പോള്‍ താഴേയ്ക്കു് നീങ്ങിത്തുടങ്ങുന്നു. മേഘത്തിനുള്ളിലൂടെ വീഴുമ്പോഴും അവ വളര്‍ന്നുകൊണ്ടിരിക്കും. മേഘത്തിനു പുറത്തെത്തിക്കഴിഞ്ഞാല്‍ ചില സമയത്തു് അവ വീണ്ടും ആവിയായിത്തീരാന്‍ സാദ്ധ്യതയുണ്ടു്. വായുവിന്റെ താപനില കൂടിയിരിക്കുകയും ഈര്‍പ്പത്തിന്റെ അളവു് കുറഞ്ഞിരിക്കുകയും ചെയ്താല്‍ ഈ മഴത്തുള്ളികള്‍ ആവിയായിപ്പോകാം. മേഘങ്ങളുടെ സ്ഥിതി ഇങ്ങനെയായിരിക്കെ അവ കൂട്ടിയിടിച്ചാലെങ്ങനെ ശബ്ദവും വെളച്ചവുമുണ്ടാകും?

ഇടിമിന്നലുണ്ടാകുന്നതു് ഒരു പ്രത്യേകതരം മേഘത്തില്‍ നിന്നാണു്. അത്തരം മേഘങ്ങള്‍ക്കു് ഇംഗ്ലീഷില്‍ തണ്ടര്‍സ്റ്റോം (thunderstorm) എന്നു പറയും. കൂറ്റന്‍ മേഘങ്ങളാണിവ. ഏതാണ്ടു് പതിനഞ്ചു് കിലോമീറ്റര്‍ ഉയരമുണ്ടാകും ഇവയ്ക്കു്. പത്തിരുപതു് കിലോമീറ്റര്‍ വ്യാസവും. ഈ മേഘങ്ങളില്‍ നടക്കുന്ന ശക്തമായ ചംക്രമണത്തിന്റെ ഫലമായിട്ടു് മുകളിലും താഴെയും വൈദ്യുത ചാര്‍ജുകള്‍ അടിഞ്ഞുകൂടുന്നു. അങ്ങനെ അവ കൂറ്റന്‍ ബാറ്ററികള്‍ പോലെയായിത്തീരുന്നു. ഈ ചാര്‍ജ് ശേഖരങ്ങള്‍ തമ്മിലോ താഴത്തെ ചാര്‍ജ് ശേഖരത്തില്‍ നിന്നു് ഭൂമിയിലേയ്ക്കോ ഉണ്ടാകുന്ന ഭീമന്‍ വൈദ്യുതസ്പാര്‍ക്കാണു് മിന്നലായി നമ്മള്‍ കാണുന്നതു്. മിന്നലില്‍ വൈദ്യുതിയുണ്ടു് എന്നു് പ്രശസ്ത അമേരിക്കന്‍ ശാസ്ത്രജ്ഞനും പ്രസിഡന്റുമായിരുന്ന ബഞ്ചമിന്‍ ഫ്രാങ്ക്ളിന്‍ 18-ആം നൂറ്റാണ്ടില്‍ കണ്ടുപിടിച്ചതാണു്.

മിന്നല്‍ ഒരു വൈദ്യുത ഡിസ്‌ച്ചാര്‍ജ് ആണു് എന്നു മനസിലാക്കുന്നതു് പ്രധാനമാണു്. കാരണം, അതറിയാമെങ്കില്‍ മിന്നലില്‍ നിന്നു് രക്ഷനേടാനുള്ള മാര്‍ഗങ്ങള്‍ തിരയാനും അവ മനസിലാക്കാനും എളുപ്പമാവും. ഇതേപ്പറ്റി മുമ്പൊരിക്കല്‍ ഇതേ പംക്തിയില്‍ എഴുതിയിരുന്നതുകൊണ്ടു് (ഏപ്രില്‍ 2ലെ പത്രം നോക്കുക) അതിവിടെ ആവര്‍ത്തിക്കുന്നില്ല.

ബഹിരാകാശത്തെ ഗുരുത്വാകര്‍ഷണം

വളരെ സാധാരണമായ മറ്റൊരു തെറ്റിദ്ധാരണയാണു് ബഹിരാകാശത്തു് ഗുരുത്വാകര്‍ഷണമില്ല എന്നതു്. ബലങ്ങളുടെ സ്വഭാവത്തേക്കുറിച്ചുള്ള തെറ്റിദ്ധാരണയാവാം ഇതിലേയ്ക്കു് നയിക്കുന്നതു്. ഗുരുത്വാകര്‍ഷണ ബലമോ, വിദ്യുത്കാന്ത ബലം പോലെയുള്ള മറ്റു ബലങ്ങളോ ഒന്നും തന്നെ അന്തരീക്ഷത്തിന്റെയോ വായുവിന്റെയോ സാന്നിദ്ധ്യവുമായി ബന്ധപ്പെട്ടിരിക്കുന്നില്ല. ഈ ബലങ്ങളെല്ലാം പദാര്‍ത്ഥത്തിന്റെ സ്വഭാവമാണു്. എല്ലാ വസ്തുക്കളും ഗുരുത്വാകര്‍ഷണബലം വഴി എപ്പോഴും പരസ്പരം ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നുണ്ടു്. നമ്മുടെ സമീപത്തുള്ള മേശയും ഭിത്തിയും കാറും ലോറിയും മരവും മലയും എല്ലാം പരസ്പരവും നമ്മെയും എപ്പോഴും ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നുണ്ടു്. ഈ ബലം തന്നെയാണല്ലോ സൂര്യന്റെ സമീപത്തു് ഭൂമിയെയും മറ്റു ഗ്രഹങ്ങളെയും പിടിച്ചു നിര്‍ത്തുന്നതു്.

ഈ തെറ്റിദ്ധാരണ എങ്ങനെയാവാം ഉണ്ടായതു്? മനുഷ്യന്‍ ബഹിരാകാശത്തു് പോയിത്തുടങ്ങിയ കാലം മുതല്‍ ബഹിരാകാശ വാഹനത്തിനുള്ളില്‍ അവര്‍ (ഭാരമില്ലാത്തതുപോലെ) നീന്തി നടക്കുന്നതിന്റെ ചിത്രങ്ങളും ചലച്ചിത്രങ്ങളും നാം കാണുന്നുണ്ടല്ലൊ. ഒരുപക്ഷെ ബഹിരാകാശ വാഹനത്തിനുള്ളില്‍ ഭാരം അനുഭവപ്പെടില്ല എന്നു് എഴുതിക്കാണുകയോ പറഞ്ഞു കേള്‍ക്കുകയോ ചെയ്തിരിക്കാം. ഇതെല്ലാം സത്യം തന്നെയാണു്. പക്ഷെ അതുകൊണ്ടു് `ബഹിരാകാശത്തു് ഗുരുത്വാകര്‍ഷണമില്ല' എന്നര്‍ത്ഥമാകുന്നില്ല. ഭൂമിയുടെ ഭ്രമണപഥത്തില്‍ സ്ഥിതിചെയ്യുന്ന ഒരു പേടകത്തില്‍ ഗുരുത്വാകര്‍ഷണബലം അനുഭവപ്പെടില്ല എന്നതാണു് സത്യം. അതിനുള്ള കാരണം അതിന്റെ ഏതിര്‍ദിശയില്‍ മറ്റൊരു തുല്യ ബലം ഉണ്ടെന്നുള്ളതാണു്.

ഏതു് വസ്തു വൃത്താകൃതിയില്‍ സഞ്ചരിക്കണമെങ്കിലും ഇങ്ങനെ രണ്ടു് ബലങ്ങള്‍ അനിവാര്യമാണു്. ഒരു ബലം വസ്തു അകന്നു പോകാതെ പിടിച്ചു നിര്‍ത്തുന്നു. രണ്ടാമത്തെ ബലം ഉണ്ടാകുന്നതു് പദാര്‍ത്ഥത്തിന്റെ ഒരു ഗുണത്തില്‍ നിന്നാണു്. ഏതു് വസ്തുവും സ്വാഭാവികമായി സഞ്ചരിക്കുക നേര്‍വരയിലൂടെയാണു് എന്നതാണു് ഈ ഗൂണം. ഇതിനെ "ജഢത്വം" (inertia) എന്നു വിളിക്കുന്നു. ഇക്കാര്യം വ്യക്തമാക്കുന്നതാണല്ലോ ന്യൂട്ടന്റെ ആദ്യത്തെ ചലനനിയമം. വസ്തുവിന്റെ ഗതി നേര്‍വരയില്‍നിന്നു് മാറ്റാന്‍ ഒരു ബലം ശ്രമിക്കുമ്പോള്‍ വസ്തു അതിനെ എതിര്‍ക്കുന്നു. ഗ്രഹമൊ ഉപഗ്രഹമൊ ഗുരുത്വാകര്‍ഷണബലം മൂലം നേര്‍വരയിലൂടെയുള്ള ചലനത്തില്‍ നിന്നു് മാറാന്‍ തുടങ്ങുമ്പോള്‍ അതിന്റെ ജഢത്വം മൂലം ഏതിര്‍ദിശയില്‍ ഒരു തുല്യബലം ഉണ്ടാകുന്നു. അപകേന്ദ്ര ബലം (centrifugal force) എന്ന പേരിലാണു് ഇതറിയപ്പെടുന്നതു്. ഫലമോ? അവിടെ ഒരു ബലവും അനുഭവപ്പെടുന്നില്ല. കാരണം രണ്ടു് തുല്യബലങ്ങള്‍ എതിര്‍ദിശകളിലേക്കു് പ്രവര്‍ത്തിക്കുകയാണു് -- തുല്യ ബലമുള്ള രണ്ടു പേര്‍ വടം വലിക്കുന്നതു പോലെ. ഇതാണു് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നതു്.

അങ്ങനെയാണു് ഭൂമിയുടെ ഭ്രമണപഥത്തിലുള്ള പേടകത്തില്‍ ഭാരമില്ലാത്ത അവസ്ഥ ഉണ്ടാകുന്നതു്. അതിന്റെ അര്‍ത്ഥം ബഹിരാകാശത്തു് ഗുരുത്വാകര്‍ഷണം ഇല്ല എന്നല്ല. ഭൂമിയുടെ ഗുരുത്വാകര്‍ഷണബലം തന്നെയാണു് ചന്ദ്രനെയും മനുഷ്യനിര്‍മ്മിതമായ പേടകങ്ങളെയും ഭൂമിക്കു സമീപം പിടിച്ചു നിര്‍ത്തുന്നതു് എന്നു് ഓര്‍മ്മിക്കണം.

സെല്‍ഫോണിന്റെ ദോഷവും മറ്റും

വളരെ രസകരമായ ഒരു വിശ്വാസമാണു് പാലു കാച്ചുകയോ പാല്‍പ്പായസം ഉണ്ടാക്കുകയോ ചെയ്യുമ്പോള്‍ ഇളക്കുന്നതു് ഒരേ ദിശയിലായിരിക്കണം എന്നതു്. അല്ലെങ്കില്‍ പാല്‍ പിരിഞ്ഞുപോകും എന്നാണു് ചിലരുടെ വിശ്വാസം. ചില സൂക്ഷ്മജീവികളാണു് പാലു് പിരിയാന്‍ കാരണമാകുന്നതു്. അമ്ലസ്വഭാവമുള്ള എന്തെങ്കിലും (ഉദാഹരണമായി, നാരങ്ങാനീരു്) പാലില്‍ ചേര്‍ത്താലും പാലു് പിരിയും. പാലിളക്കുന്നതുമായി പിരിയുന്നതിനു് യാതൊരു ബന്ധവുമില്ല. കുറച്ചു് പാലെടുത്തു് രണ്ടു പാത്രങ്ങളിലായി രണ്ടു രീതിയില്‍ (ഒരേ ദിശയിലും രണ്ടു ദിശകളിലും ഇളക്കിക്കൊണ്ടു്) ചൂടാക്കിയാല്‍ ഇതിന്റെ സത്യാവസ്ഥ മനസിലാക്കാവുന്നതല്ലേയുള്ളൂ?

മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതു് ആരോഗ്യത്തിനു് ഹാനികരമാണു് എന്നു് പലരും ധരിച്ചിട്ടുണ്ടു്. ഇതിനു് ശാസ്ത്രീയമായ തെളിവുകളൊന്നും കാണുന്നില്ല. അതില്‍ നിന്നുള്ള മൈക്രോവേവ് വികിരണം ശരീരത്തില്‍ തുടര്‍ച്ചയായി ഏല്‍ക്കുന്നതുകൊണ്ടു് കാന്‍സര്‍ ഉള്‍പ്പെടെയുള്ള പല രോഗങ്ങളും ഉണ്ടാകാമെന്ന ഭയം എങ്ങനെയോ പലരിലും ഉണ്ടായിട്ടുണ്ടു്. ഈ ഭയം മൂലം ഫോണ്‍ കമ്പനികളുടെ ടവര്‍ സ്ഥാപിക്കുന്നതിനു പോലും ചിലയിടങ്ങളില്‍ എതിര്‍പ്പുണ്ടായതായി കേട്ടിട്ടുണ്ടു്. ഇതിന്റെ സത്യാവസ്ഥ മനസിലാക്കാനായി പഠനങ്ങള്‍ നടന്നിട്ടുണ്ടു്. പക്ഷെ വികിരണങ്ങള്‍ മൂലം ഒരു ദോഷവും ഉണ്ടാകുന്നുണ്ടെന്നു് സംശയാതീതമായി ഇതുവരെ തെളിഞ്ഞിട്ടില്ല. തുടര്‍ച്ചയായി കുറേ സമയം സെല്‍ഫോണുപയോഗിച്ചാല്‍ അതില്‍ നിന്നു പ്രസരിക്കുന്ന മൈക്രോവേവ് തരംഗങ്ങള്‍ മൂലം അടുത്തുള്ള പേശികളും മറ്റും ചെറുതായി ചൂടാകാം. പക്ഷെ ഇതു് വളരെ നിസ്സാരമാണു് എന്നാണത്രെ പഠനങ്ങള്‍ കാണിക്കുന്നതു്. അതുകൊണ്ടു് സെല്‍ഫോണിന്റെ ഉപയോഗം യാതൊരു ദോഷവും ചെയ്യില്ല എന്നു തീരുമാനിക്കാന്‍ കഴിയില്ല. ഇതുവരെ ദോഷങ്ങളൊന്നും കണ്ടെത്തിയിട്ടില്ല എന്നേയുള്ളൂ. നാളെ ആരെങ്കിലും ഒരു ദോഷം കണ്ടെത്തില്ല എന്നുറപ്പിക്കാനാവില്ലല്ലോ. അതുകൊണ്ടു് ഇപ്പോള്‍ അറിയാവുന്നിടത്തോളം പ്രശ്നങ്ങളില്ല എന്നു മാത്രം തീരുമാനിക്കാം.

മാതാപിതാക്കള്‍ പലപ്പോഴും കുട്ടികളോടു് പറയാറുള്ളതാണല്ലോ മങ്ങിയ വെളിച്ചത്തിലിരുന്നു് വായിക്കരുതെന്നു്. അതു് കണ്ണിനു് ദോഷം ചെയ്യും എന്നതാണു് കാരണമായി അവര്‍ പറയാറുള്ളതു്. എന്നാല്‍ ഇതിനു് ശാസ്ത്രീയപിന്‍ബലമില്ല. ഏതാനും ദശാബ്ദങ്ങള്‍ക്കു് മുമ്പു്, അതായതു് വൈദ്യുതി വരുന്നതിനും മുമ്പു്, എല്ലാ വിദ്യാര്‍ത്ഥികളും (മണ്ണെണ്ണയോ വിളക്കെണ്ണയോ കത്തിക്കുന്ന) വിളക്കുകളുടെ വെളിച്ചത്തിലായിരുന്നല്ലോ രാത്രിയില്‍ പഠിച്ചിരുന്നതു്. അവരുടെയെല്ലാം കണ്ണുകള്‍ക്കു് ദോഷം വന്നിട്ടില്ലല്ലോ. മങ്ങിയ വെളിച്ചത്തില്‍ വായിക്കുന്നതു് കൂടുതല്‍ ബുദ്ധിമുട്ടാണു് എന്നതു് സത്യം. അതുകൊണ്ടു് കണ്ണിനു് എന്തെങ്കിലും പ്രശ്നമുണ്ടാകുന്നുണ്ടെങ്കില്‍ത്തന്നെ അതു് താല്‍ക്കാലികം മാത്രമാണു് എന്നാണു് ഇപ്പോഴും വൈദ്യശാസ്ത്രം പറയുന്നതു്.

ഇത്തരം അബദ്ധധാരണകള്‍ മനുഷ്യര്‍ക്കു് പ്രശ്നങ്ങളുണ്ടാക്കുന്നുണ്ടോ എന്നു് സ്വയം തീരുമാനിക്കുക. എന്തായാലും, തെറ്റായ ധാരണകള്‍ ഇല്ലാത്തതു തന്നെയാണു് നല്ലതു് എന്നു് എല്ലാവരും സമ്മതിക്കുമല്ലോ. നമ്മള്‍ കേള്‍ക്കുന്ന കാര്യങ്ങള്‍ (ഈ ലേഖനമുള്‍പ്പെടെ) അപ്പടി വിശ്വസിക്കാതെ അവ സത്യമായിരിക്കുമോ എന്നു് നമ്മള്‍ ചിന്തിക്കണം. ചിലപ്പോള്‍ ചെറിയ പരീക്ഷണങ്ങള്‍ നടത്തുകയുമാവാം. സത്യമല്ലാത്തവ തിരിച്ചറിയാന്‍ ഇതു് നമ്മെ സഹായിക്കും.

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)

Saturday, April 25, 2009

പെട്രോള്‍ സേവറും മറ്റു തട്ടിപ്പുകളും

(തേജസ് ദിനപ്പത്രത്തിന്റെ ഏപ്രില്‍ 16, 2009 ലക്കത്തില്‍ വന്ന ലേഖനം.)

ജനങ്ങളെ കബളിപ്പിച്ചു് പണമുണ്ടാക്കാനുള്ള എന്തെങ്കിലും മാര്‍ഗമുണ്ടെങ്കില്‍ അതുപയോഗിക്കാന്‍ തയാറായിട്ടുള്ളവര്‍ ധാരാളമുണ്ടാകും എന്നാണു് ചരിത്രം കാണിക്കുന്നതു്. ഇതു് എല്ലാ സമൂഹത്തിലും ഒരുപോലെയാണെന്നു തോന്നുന്നു. ശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലുമുണ്ടായ വികാസം ഇത്തരക്കാര്‍ക്കു് പുതിയ ചില അടവുകള്‍ കൂടി തുറന്നു കൊടുത്തു. ഏതാണ്ടു് രണ്ടു നൂറ്റാണ്ടുകള്‍ക്കു മുമ്പാണെന്നു തോന്നുന്നു, കണക്കുകൂട്ടുന്ന യന്ത്രവുമായി ഒരാള്‍ അമേരിക്കയില്‍ ചുറ്റിനടന്നു് പ്രദര്‍ശിപ്പിച്ചു് പണമുണ്ടാക്കിയതായി വായിച്ചതോര്‍ക്കുന്നു. യന്ത്രത്തിനുള്ളില്‍ ഇരിപ്പുണ്ടായിരുന്ന ഒരാളാണു് കണക്കുകള്‍ ചെയ്തു് ഉത്തരങ്ങള്‍ കടലാസില്‍ എഴുതി പുറത്തേയ്ക്കു് നല്‍കിയിരുന്നതു് എന്നു മനസിലായപ്പോഴേയ്ക്കു് ഈ തട്ടിപ്പുകാരനും അയാളുടെ യന്ത്രവും പ്രശസ്തമായിക്കഴിഞ്ഞിരുന്നു.

ചരിത്രത്തില്‍ നിന്നൊരു തട്ടിപ്പു്

രസകരമായ ചില തട്ടിപ്പുകളുടെ കഥകളുണ്ടു്. പ്രശസ്ത തത്വചിന്തകനായിരുന്ന ദിദെറൊ (Diderot) നിരീശ്വരവാദിയായിരുന്നു. ദൈവമുണ്ടോ ഇല്ലയോ എന്നതിനേപ്പറ്റി അന്നത്തെ റഷ്യന്‍ ചക്രവര്‍ത്തിയുടെ മുന്നില്‍ വച്ചു് ദിദെറൊയും പ്രശസ്ത ഗണിതജ്ഞനായിരുന്ന ഓയ്ലറും (Euler) തമ്മില്‍ തര്‍ക്കമുണ്ടായി. ദിദെറോയ്ക്കു് ഗണിതശാസ്ത്രത്തിലുള്ള അജ്ഞതയേപ്പറ്റി അറിയാമായിരുന്ന ഓയ്ലര്‍ ഒരു ഗണിതസമവാക്യം ഉരുവിട്ടശേഷം ഇപ്രകാരം തട്ടിവിട്ടു, "അതുകൊണ്ടു് ദൈവമുണ്ടു്. താങ്കള്‍ക്കിതു് ഖണ്ഡിയ്ക്കാമോ?" ഓയ്ലര്‍ പറഞ്ഞ സമവാക്യത്തിന്റെ അര്‍ത്ഥം പോലും ദിദെറോയ്ക്കു് മനസിലാവാത്തതിനാല്‍ അദ്ദേഹത്തിനു് തോല്‍വി സമ്മതിക്കേണ്ടി വന്നുവത്രെ!

ശാസ്ത്രവും സാങ്കേതികവിദ്യയും വികസിച്ചതനുസരിച്ചു് ശാസ്ത്രീയ പദങ്ങളും ആശയങ്ങളുമുപയോഗിച്ചുള്ള തട്ടിപ്പും വര്‍ദ്ധിച്ചിട്ടുണ്ടു്. ജനങ്ങളില്‍ പലര്‍ക്കും ശാസ്ത്രത്തിലുള്ള അജ്ഞത മുതലെടുത്താണു് ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നതു്. ഇതു് പണം നേടാനാവാം, സ്വന്തം ആശയം പ്രചരിപ്പിക്കാനുമാവാം. ഒരു പ്രയോജനവുമില്ലാത്ത ഒരു വസ്തു നമുക്കനിവാര്യമാണെന്നു് തോന്നിപ്പിക്കാനാണു് പലപ്പോഴും ഈ വിദ്യ ഉപയോഗിച്ചു കാണുന്നതു്. നമുക്കു് പരിചയമോ വ്യക്തമായ ധാരണയോ ഇല്ലാത്ത ശാസ്ത്രീയ പദങ്ങള്‍ ഉപയോഗിച്ചു് "ശാസ്ത്രീയം" എന്നു തോന്നിക്കുന്ന വിശദീകരണം തന്നു് നമ്മെ വിശ്വസിപ്പിക്കുന്നതാണു് വിദ്യ.

പെട്രോള്‍ ലാഭിക്കാം

ഒരുദാഹരണം. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പു്, വാഹനങ്ങളുടെ മൈലേജ് വര്‍ദ്ധിപ്പിക്കും എന്നവകാശപ്പെട്ട ഒരു ഉപകരണം വില്‍ക്കുകയായിരുന്നു ഒരാള്‍. ഒരു ടോര്‍ച്ച് ബാറ്ററിയുടെ രണ്ടറ്റത്തും ഓരോ കുഴല്‍ ഘടിപ്പിച്ചതു പോലിരിക്കും ഉപകരണം. ഒരറ്റത്തെ കുഴല്‍ പെട്രോള്‍ ടാങ്കിലേയ്ക്കും മറ്റേയറ്റത്തെ കുഴല്‍ കാര്‍ബറേറ്ററിലേയ്ക്കും ഘടിപ്പിക്കണം. ഒരറ്റത്തെ കുഴലിനുള്ളില്‍ക്കൂടി നോക്കിയാല്‍ മറുവശത്തെ കുഴലില്‍ക്കൂടി പുറത്തേയ്ക്കു് കാണാം. പെട്രോള്‍ അതില്‍ക്കൂടി വെറുതെ ഒഴുകി പോകുകയേയുള്ളു എന്നു് വ്യക്തം. ഇതു് ഘടിപ്പിച്ചാല്‍ പെട്രോള്‍ ചെലവു് 20 ശതമാനം വരെ കുറയുമെന്നായിരുന്നു അയാളുടെ അവകാശവാദം. ഈ ഉപകരണം എങ്ങനെയാണു് പ്രവര്‍ത്തിക്കുന്നതു് എന്നു ചോദിച്ചപ്പോള്‍ ലഭിച്ച ഉത്തരമിതാണു് :

കുഴല്‍ കടന്നുപോകുന്നതു് ഒരു കാന്തത്തിലൂടെയാണു്. ഈ കാന്തം പെട്രോളിന്റെ തന്മാത്രകളെ നിരയായി അടുക്കി നിര്‍ത്തും, പൈപ്പുകള്‍ അടുക്കി വയ്ക്കുന്നതുപോലെ! അങ്ങനെയാകുമ്പോള്‍ പെട്രോള്‍ കൂടുതല്‍ ഭംഗിയായി കത്തും. അങ്ങനെ പോട്രോള്‍ ചെലവു് കുറയുമത്രെ. എന്തൊരു തമാശ! ഒന്നാമതായി, പെട്രോളിന്റെ തന്മാത്ര എന്നൊന്നില്ല. പെട്രോള്‍ പലതരം തന്മാത്രകളുടെ മിശ്രിതമാണു്. രണ്ടാമതായി, ഒരു കാന്തിക മണ്ഡലത്തിലൂടെ കടന്നു പോകുമ്പോള്‍ ഈ തന്മാത്രകളെല്ലാം നിരന്നു നില്‍ക്കും എന്നു പറയുന്നതിനു് തീരെ ശാസ്ത്രീയാടിസ്ഥാനമില്ല. അവ ചിട്ടയോടുകൂടി നിരന്നിരുന്നാല്‍ കൂടുതല്‍ നന്നായി കത്തും എന്നതിനും ശാസ്ത്രീയാടിസ്ഥാനമില്ല. മൂന്നാമതായി, കാര്‍ബറേറ്ററിലൂടെ കടന്നു് എഞ്ചിനിലെത്തുന്നതിനിടയില്‍ ഈ തന്മാത്രകളുടെ അടുക്കും ചിട്ടയും നഷ്ടപ്പെടില്ല എന്നു് എങ്ങിനെയാണു് ഉറപ്പാക്കുക?

മേല്‍പ്പറഞ്ഞ ഉല്പന്നം ഇന്ധനം ലാഭിക്കാന്‍ സഹായിക്കുമായിരുന്നെങ്കില്‍ ആ ഉല്പന്നം ലോകപ്രശസ്തമാകുമായിരുന്നല്ലോ. അതു് സംഭവിച്ചിട്ടില്ല എന്നതു് ഈ ഉപകരണം വെറും തട്ടിപ്പായിരുന്നു എന്നതിനു് തെളിവാണല്ലോ. ശാസ്ത്രമറിയാവുന്ന ഒരാളിനു് ഈ തട്ടിപ്പില്‍ പെടാതിരിക്കാനാവും. ഇന്നത്തെ കാലത്തു് ഇതിനു് ഇന്‍റര്‍നെറ്റും സഹായകമാകും. ഇത്തരം തട്ടിപ്പുകള്‍ വ്യക്തമാക്കുന്ന വെബ്‌സൈറ്റുകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണു്. ഉദാഹരണമായി മേല്പറഞ്ഞ ഉല്പന്നത്തേപ്പറ്റിയുള്ള ഈ വെബ്‌പേജ് കാണുക.

രോഗം ശമിപ്പിക്കുന്ന വസ്ത്രം

മറ്റൊരു കച്ചവടക്കാരന്‍ പറഞ്ഞതു് അദ്ദേഹം തരുന്ന വസ്ത്രങ്ങളണിഞ്ഞാല്‍ രോഗങ്ങള്‍ മാറുമെന്നാണു്. വാതം, രക്തസമ്മര്‍ദം, തുടങ്ങി കാന്‍സര്‍ വരെ ഭേദപ്പെടുത്തുന്ന വസ്ത്രങ്ങളുണ്ടത്രെ. ഈ വസ്ത്രങ്ങളെങ്ങനെയാണു് രോഗം ഭേദപ്പെടുത്തുന്നതു് എന്നദ്ദേഹം വിശദീകരിച്ചു. ഇവയില്‍ അടങ്ങിയിട്ടുള്ള ഒരു പ്രത്യേകതരം കളിമണ്ണു്. നമ്മുടെ ശരീരത്തില്‍ നിന്നു പുറപ്പെടുന്ന ഇന്‍ഫ്രാറെഡ് രശ്മികളെ പിടിച്ചെടുത്തു് തിരിച്ചു് വികിരണം ചെയ്യുമത്രെ. ആ ഇന്‍ഫ്രാറെഡ് രശ്മികളാണത്രെ രോഗം ശമിപ്പിക്കുന്നതു്. ഇത്തരം വസ്ത്രങ്ങള്‍ രോഗം ശമിപ്പിക്കുമോ ഇല്ലയോ എന്നറിയില്ല. പക്ഷെ, രോഗം ശമിപ്പിക്കുന്നതില്‍ ഇവ ഫലപ്രദമാണെങ്കില്‍ മുകളില്‍ പറഞ്ഞ രീതിയിലല്ല അതു ചെയ്യുന്നതു് എന്നു തീര്‍ച്ച.

എല്ലാ വസ്തുക്കളും വിദ്യുത്കാന്ത രശ്മികള്‍ (electromagnetic radiation) വികിരണം ചെയ്യുന്നുണ്ടു്. സ്പെക്‌ട്രത്തിന്റെ ഏതു ഭാഗത്താണു് വികിരണം ഉണ്ടാകുന്നതു് എന്നതു് വസ്തുവിന്റെ താപനിലയനുസരിച്ചിരിക്കും. മനുഷ്യശരീരത്തന്റെ താപനിലയില്‍ സ്പെക്‍ട്രത്തിന്റെ ഇന്‍ഫ്രാറെഡ് ഭാഗത്താണു് വികിരണമുണ്ടാകുക. താപനില കൂടുമ്പോള്‍ തരംഗദൈര്‍ഘ്യം കുറഞ്ഞ വികിരണങ്ങള്‍ കൂടുതലുണ്ടാകും. അങ്ങനെയാണു് ചൂടുകൂടുമ്പോള്‍ നമുക്കു കാണാന്‍ കഴിയുന്ന പ്രകാശ വികിരണങ്ങള്‍ ഉണ്ടാകുന്നതു്. കൊല്ലന്‍ ഇരുമ്പിന്‍കഷണം ചൂടാക്കുമ്പോള്‍ അതിന്റെ നിറം മാറിവരുന്നതു് കണ്ടിരിക്കുമല്ലോ. ഏതാണ്ടു് 800 ഡിഗ്രി സെല്‍ഷ്യസ് ആകുമ്പോള്‍ ചെന്നിറത്തില്‍ കുറേശ്ശെ വികിരണമുണ്ടാകും. വെള്ള നിറമാകണമെങ്കില്‍ ആയിരക്കണക്കിനു് ഡിഗ്രി സെല്‍ഷ്യസെത്തണം. സൂര്യന്റെ ഉപരിതലത്തിലെ ചൂടു് ഏതാണ്ടു് 6000 ഡിഗ്രിയാണു്. എല്ലാ തരംഗദൈര്‍ഘ്യങ്ങളിലും വികിരണങ്ങള്‍ ഉണ്ടാകുമ്പോഴാണു് വെള്ളനിറമായി നാം കാണുന്നതു്. ബള്‍ബുകളിലെ ഫിലമെന്റിന്റെ ചൂടു് ഏതാണ്ടു് 3000 ഡിഗ്രി എത്തുമ്പോഴാണു് വെളുത്ത പ്രകാശം നമുക്കു് ലഭിക്കുന്നതു്.

വിശ്വാസങ്ങള്‍ പ്രചരിപ്പിക്കാന്‍

സ്വന്തം വിശ്വാസം പ്രചരിപ്പിക്കാനും ചിലര്‍ ശാസ്ത്രത്തിന്റെ ഭാഷയനുകരിച്ചു് സംസാരിക്കാറുണ്ടു്. ആദ്യം പറഞ്ഞ ദിദെറോയുടെയും ഓയ്‌ലറുടെയും കഥ ഇങ്ങനത്തെ ഒന്നാണല്ലൊ. ഇത്തരം വിദ്യകള്‍ നമ്മുടെ നാട്ടിലും പ്രയോഗിച്ചു കാണാറുണ്ടു്. അത്തരത്തിലുള്ള ഒരു പ്രയോഗം കുറച്ചുനാള്‍ മുമ്പു് ടെലിവിഷനില്‍ കാണുകയുണ്ടായി. ആര്‍ത്തവത്തിന്റെ മതപരമായ ആചാരങ്ങളുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയില്‍ പങ്കെടുത്ത ഒരു ഭിഷഗ്വരനാണു് ഇവിടത്തെ കഥാപാത്രം. അദ്ദേഹം പറഞ്ഞതു് ഒരു കഥയായിരുന്നു. അതു് ഓര്‍മ്മയില്‍ നിന്നു് വിവരിക്കട്ടെ.

ഏതോ ഒരു വികസിത രാജ്യത്തു് ഡയോഡുണ്ടാക്കുന്ന കമ്പനിയിലാണു് സംഭവം. (കമ്പനിയുടെ പേരു് അദ്ദേഹം പറഞ്ഞതായി ഓര്‍ക്കുന്നില്ല.) അവിടെ പണിയെടുത്തിരുന്നതു് കൂടുതലും സ്ത്രീകളാണത്രെ. അങ്ങനെയിരിക്കെ അവിടെയൊരു പ്രശ്നമുള്ളതായി അധികാരികള്‍ക്കു് മനസിലായി. ചില കാലങ്ങളില്‍ നിര്‍മ്മിക്കുന്ന ഡയോഡുകളില്‍ വലിയ ശതമാനവും നിലവാരം കുറഞ്ഞവയായി തീരുന്നെന്നു് അവര്‍ കണ്ടെത്തി. ഇതിന്റെ കാരണം പഠിച്ചപ്പോഴാണു് സ്ത്രീകള്‍ ആര്‍ത്തവകാലത്തുണ്ടാക്കുന്ന ഡയോഡുകളിലാണു് നിലവാരം കുറഞ്ഞവ കൂടുതല്‍ വരുന്നതെന്നു് മനസിലായതു്. അങ്ങനെ, ആര്‍ത്തവകാലത്തു് സ്ത്രീകള്‍ക്കു് അവധി കൊടുക്കാന്‍ അവര്‍ തീരുമാനിച്ചു. ഇതായിരുന്നു കഥ. കേള്‍ക്കുമ്പോള്‍ വളരെ വിശ്വസനീയം.

എന്നാല്‍ അല്പം ചിന്തിച്ചാല്‍ ഇതിലെ അബദ്ധങ്ങള്‍ വ്യക്തമാകും. ഡയോഡുകളുണ്ടാക്കുന്നതു് മനുഷ്യരല്ല, യന്ത്രങ്ങളാണു്. മനുഷ്യര്‍ക്കു് കൈകള്‍ കൊണ്ടു് ഡയോഡുകളുണ്ടാക്കാനാവില്ല. അതിനു് യന്ത്രങ്ങളുണ്ടെങ്കിലേ പറ്റൂ. അദ്ദേഹമെന്തിനാണു് ഇത്തരമൊരു ഉദാഹരണമെടുത്തതെന്നു് മനസിലാക്കാന്‍ പ്രയാസമാണു്. ഒരു പിക്കിള്‍ ഫാക്‌ടറിയുടെയൊ ഗാര്‍മെന്റ് ഫാക്‌ടറിയുടെയൊ കഥ പറയാമായിരുന്നു അദ്ദേഹത്തിനു്. അതിനു് മേല്‍പ്പറഞ്ഞ പ്രശ്നമില്ല. ഒരു പക്ഷെ ഒരു ഡയോഡ് ഫാക്‌ടറി സൃഷ്ടിക്കുന്ന ശാസ്ത്രസാങ്കേതികതയുടെ പരിവേഷം ഉപയോഗപ്പെടും എന്നു് അദ്ദേഹത്തിനു് തോന്നിയിട്ടുണ്ടാവാം. എന്തായാലും ചര്‍ച്ചയില്‍ പങ്കെടുത്ത ആര്‍ക്കും അദ്ദേഹത്തിന്റെ വാദം ഖണ്ഡിക്കാനായില്ല എന്നതു് പരിതാപകരമായിപ്പോയി.

ഇത്തരം തട്ടിപ്പുകളില്‍ പെടാതിരിക്കണമെങ്കില്‍ നമുക്കു് ശാസ്ത്രത്തില്‍ അറിവുണ്ടാകണം. അതേ സമയം, ശാസ്ത്രത്തോടു് അതിരു കവിഞ്ഞ ആരാധന ഇല്ലാതിരിക്കുകയും വേണം. എന്തിനെയും ചോദ്യം ചെയ്യാന്‍ നമ്മള്‍ തയാറായിരിക്കണം. എല്ലാ തരത്തിലുള്ള കുട്ടികള്‍ക്കും മനസിലാകുന്ന രീതിയിലാവണം ശാസ്ത്രപഠനം. ശാസ്ത്രവും സാങ്കേതികവിദ്യയും നമ്മുടെ ജീവിതത്തിന്റെ ഭാഗമാകണം. അദ്ധ്യാപകര്‍ക്കും സാമൂഹ്യസംഘടനകള്‍ക്കും ഇക്കാര്യത്തില്‍ പലതും ചെയ്യാനാവും.

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് \eng by-sa \mal ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)

Thursday, April 2, 2009

മിന്നല്‍ വരുന്നു, സൂക്ഷിക്കുക

(തേജസ് എന്ന ദിനപ്പത്രത്തിന്റെ 2009 ഏപ്രില്‍ 2ലെ ലക്കത്തില്‍ പ്രസിദ്ധീകരിച്ചു വന്ന ലേഖനം.)

അത്ഭുതകരവും ദൂരെ നിന്നു കാണാന്‍ സുന്ദരവും അടുത്താണെങ്കില്‍ ഭയമുണ്ടാക്കുന്നതുമായ ഒരു പ്രതിഭാസമാണു് മിന്നല്‍. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ക്കു് കാരണമാകുന്ന പ്രകൃതിയിലെ പ്രതിഭാസവും മിന്നലാണു് എന്നു് പലര്‍ക്കും അറിയുമെന്നു തോന്നുന്നില്ല. കേരളത്തില്‍ പ്രതിവര്‍ഷം 70ലധികം മരണങ്ങളാണു് മിന്നല്‍ മൂലമുണ്ടാകുന്നതു്. അതോടൊപ്പം നൂറിലധികം പേര്‍ക്കു് പരിക്കേല്‍ക്കുകയും ചെയ്യുന്നു. അതുപോലെ സ്വത്തിനുണ്ടാകുന്ന നഷ്ടവും വലുതാണു്. ടെലിഫോണ്‍ കമ്പനികള്‍ക്കും വൈദ്യുതി ബോര്‍ഡിനും മിന്നല്‍ മൂലം എല്ലാ വര്‍ഷവും വളരെയധികം നഷ്ടമുണ്ടാകുന്നുണ്ടു്. ജീവനും സ്വത്തിനും ഇത്രയേറെ നഷ്ടമുണ്ടാക്കുന്ന മറ്റൊരു പ്രതിഭാസമുണ്ടെന്നു തോന്നുന്നില്ല. വലിയ ജനസാന്ദ്രതയാവണം ഇതിനുള്ള ഒരു കാരണം. എന്നാല്‍ ധാരാളമായുള്ള വൃക്ഷങ്ങളും, വിശേഷിച്ചു് ഉയരമുള്ള തെങ്ങുകളും, മിന്നലില്‍നിന്നു് രക്ഷനേടുന്നതിനെക്കുറിച്ചുള്ള അജ്ഞതയും എല്ലാം ഈ നാശനഷ്ടത്തിനു് കാരണമായി ഭവിക്കുന്നുണ്ടാവണം.

മിന്നല്‍ ഒരു വൈദ്യുത പ്രതിഭാസമാണു്. മേഘങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുമ്പോഴാണു് മിന്നലുണ്ടാകുന്നതെന്നു് ചിലരെങ്കിലും ധരിച്ചിട്ടുണ്ടു്. മേഘമെന്താണെന്നതിനേപ്പറ്റി വ്യക്തമായ ധാരണയില്ലാത്തതു കൊണ്ടാണു് ഇങ്ങനെയൊരു വിശ്വാസമുണ്ടാകുന്നതെന്നു തോന്നുന്നു. മേഘം മരമോ കല്ലോ പോലെ ഒരു ഖരവസ്തുവല്ലല്ലോ, കൂട്ടിയിടിച്ചു് ശബ്ദമുണ്ടാക്കാന്‍. മേഘമായി നമ്മള്‍ കാണുന്നതു് സൂക്ഷ്മമായ ജലബിന്ദുക്കള്‍ വായുവില്‍ തങ്ങി നില്‍ക്കുന്നതു മാത്രമാണു് . അഥവാ ഇവ കൂട്ടി മുട്ടിയാല്‍ തന്നെ ശബ്ദമൊ വെളിച്ചമൊ ഉണ്ടാകാനുള്ള സാദ്ധ്യത തീരെയില്ല എന്നു വ്യക്തമാണല്ലോ.

ഒരു പ്രത്യേകതരം മേഘത്തില്‍ നിന്നാണു് ഇടിമിന്നല്‍ ഉണ്ടാകുന്നതു്. ഇത്തരം മേഘത്തിനു് ഇംഗ്ലീഷില്‍ തണ്ടര്‍സ്റ്റോം (thunderstorm) എന്നും സാങ്കേതികഭാഷയില്‍ ക്യുമുലോനിംബസ് (cumulonimbus) എന്നും പറയും. ഭൂമിയുടെ ഉപരിതലത്തില്‍ നിന്നു് ഏതാണ്ടു് ഒന്നോ രണ്ടോ കിലോമീറ്റര്‍ മുതല്‍ ഏതാണ്ടു് 16 കിലോമീറ്റര്‍ ഉയരം വരെ നീണ്ടു കിടക്കുന്ന വലിയ മേഘമാണിതു്. കേരളത്തില്‍ കാണുന്ന തണ്ടര്‍സ്റ്റോമുകള്‍ക്കു് ഏതാണ്ടു് ഇരുപതു് കിലോമീറ്റര്‍ വ്യാസമുണ്ടാകാം. ഇത്തരം മേഘങ്ങളില്‍ നിന്നാണു് വല്ലപ്പോഴും ആലിപ്പഴം വീഴാറുള്ളതു്. താരതമ്യേന ചെറിയ തണ്ടര്‍സ്റ്റോമുകളാണു് നമ്മുടെ നാട്ടിലുള്ളതു് എന്നതു് ഭാഗ്യമായി കരുതാം. ഏതാണ്ടു് അര മണിക്കൂര്‍ സമയമെ ഇവയില്‍നിന്നു് ശക്തമായ മഴ പെയ്യാറുള്ളു. ചില വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ നൂറുകിലോമീറ്ററും മറ്റും വ്യാസമുള്ള കൂറ്റന്‍ തണ്ടര്‍സ്റ്റോമുകളുണ്ടാകാറുണ്ടു്. ഇത്തരം മേഘങ്ങളില്‍ നിന്നു വീഴുന്ന ആലിപ്പഴത്തിനു് 15ഉം 20ഉം സെന്റിമീറ്റര്‍ വലുപ്പമുണ്ടാകാം. ഇവ വീണു് മനുഷ്യര്‍ക്കും കന്നുകാലികള്‍ക്കും അപകടമോ മരണം പോലുമോ ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടു്. ഇത്തരം മേഘങ്ങള്‍ മണിക്കൂറുകള്‍ തുടര്‍ച്ചയായി പെയ്യുകയുമാവാം.

മേഘത്തിന്റെ വലുപ്പവും അതിനുള്ളില്‍ നടക്കുന്ന ശക്തമായ ചംക്രമണവും ധനചാര്‍ജുകളെ (positive charges) മുകള്‍ഭാഗത്തേയ്ക്കും ഋണചാര്‍ജുകളെ (negative charges) അടിഭാഗത്തേയ്ക്കും വേര്‍തിരിച്ചു നിര്‍ത്താന്‍ കാരണമാകുന്നു. ഈ ചാര്‍ജുകള്‍ തമ്മിലോ അടിഭാഗത്തെ ചാര്‍ജുകളും ഭൂമിയും തമ്മിലോ വളരെ വലിയ, കോടിക്കണക്കിനുള്ള, വോള്‍ട്ടത (voltage) ഉണ്ടായിക്കഴിയുമ്പോഴാണു് മിന്നലുണ്ടാകുന്നതു്. മിന്നല്‍ വാസ്തവത്തില്‍ ഒരു വലിയ വൈദ്യുത സ്പാര്‍ക്കാണു്. അതിശക്തമായ കറന്റാണു് മിന്നല്‍പിണറില്‍ പ്രവഹിക്കുന്നതു് \dash\ പതിനായിരക്കണക്കിനു് ആംപിയര്‍. (ഒരു റഫ്രിജറേറ്റര്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഉപയോഗിക്കുന്നതു് ഏതാണ്ടു് ഒരാമ്പിയറാണു്.) ഇതു് വായുവിനെ പെട്ടെന്നു് ചൂടാക്കും. മുപ്പതിനായിരം ഡിഗ്രിയാണു് മിന്നല്‍പ്പിണരിലെ താപനില എന്നാണു് കണക്കാക്കിയിട്ടുള്ളുതു്. ശക്തമായ ഈ ചൂടേറ്റു് വായു പെട്ടെന്നു് വികസിക്കുന്നതു കൊണ്ടുണ്ടാകുന്ന ശബ്ദമാണു് ഇടിയായി നമ്മള്‍ കേള്‍ക്കുന്നതു്.

മൂന്നുതരം മിന്നലാണു് സാധാരണ ഉണ്ടാകുന്നതു് -- ഒരു മേഘത്തിനുള്ളില്‍ത്തന്നെ, രണ്ടു മേഘങ്ങള്‍ക്കിടയില്‍, പിന്നെ മേഘത്തില്‍നിന്നു് ഭൂമിയിലേയ്ക്കു്. ഇവയില്‍ അവസാനത്തേതാണു് നമുക്കു് അപകടകാരിയായിരിക്കുന്നതു് എന്നതു് വ്യക്തമാണല്ലൊ. മറ്റു രണ്ടു തരം മിന്നലുകളും വിമാനങ്ങള്‍ക്കു് പ്രശ്നമുണ്ടാക്കാം. ഇതും മറ്റു ചില കാരണങ്ങളും കൊണ്ടു് വിമാനങ്ങള്‍ ക്യമുലോനിംബസ് മേഘങ്ങളെ ഒഴിവാക്കുകയാണു് പതിവു്.

കേരളത്തില്‍ ഇടിമിന്നലുണ്ടാകുന്നതു് പ്രധാനമായും രണ്ടു് കാലങ്ങളിലാണു് കാലവര്‍ഷത്തിനു മുന്‍പു് ഏപ്രില്‍-മെയ് മാസങ്ങളിലും പിന്നെ തുലാവര്‍ഷ സമയത്തും (ഒക്‌ടോബര്‍--നവംബര്‍). ഇടിമിന്നലുകളുടെ കാലം തുടങ്ങുന്നു എന്നര്‍ത്ഥം. കൂടുതലും ഉച്ചതിരിഞ്ഞാണു് ഇടിമിന്നലോടുകൂടിയ മഴയുണ്ടാകുന്നതു്. തിരുവനന്തപുരത്തെ ഭൌമശാസ്ത്രപഠനകേന്ദ്രം നടത്തിയ ചില പഠനങ്ങള്‍ കേരളത്തിലെ ഇടിമിന്നലുകളേക്കുറിച്ചുള്ള പല വിവരങ്ങളും വെളിച്ചത്തു കൊണ്ടുവന്നിട്ടുണ്ടു്. ഇതില്‍നിന്നു് കാണുന്നതു് ഉച്ചതിരിഞ്ഞു് മൂന്നിനും ഏഴിനും ഇടയ്ക്കാണു് മിന്നലുകള്‍ കൂടുതലും ഉണ്ടാകുന്നതു് എന്നാണു്. കേരളത്തില്‍ മിക്ക ജില്ലകളിലുംഏകദേശം ഒരുപോലെ തന്നെയാണു് മിന്നല്‍ ഉണ്ടാകുന്നതു്. എന്നാല്‍ പാലക്കാടു് ചുരത്തിനു പടിഞ്ഞാറുള്ള പ്രദേശങ്ങളില്‍ മിന്നല്‍ കുറവാണെന്നു കാണാം. തണ്ടര്‍സ്റ്റോമുകളുണ്ടാകുന്നതിനു് പശ്ചിമഘട്ടത്തിനുള്ള സ്വാധീനമാണു് ഇതു് സൂചിപ്പിക്കുന്നതു്.

അപകടങ്ങളില്‍നിന്നു് രക്ഷപ്പെടാന്‍

മിന്നല്‍ മൂലമുണ്ടാകാവുന്ന അപകടങ്ങളില്‍നിന്നു് രക്ഷപ്പെടാന്‍ എന്താണു് മാര്‍ഗം? കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്കുള്ളിലാണു് ഏറ്റവും കൂടുതല്‍ സുരക്ഷ. എങ്കിലും പുറമെ നിന്നു വരുന്ന വൈദ്യുത, ടെലിഫോണ്‍ കമ്പികളുടെ സമീപത്തുനിന്നു് മാറുന്നതാണു് നല്ലതു്. ഇടിമിന്നലുണ്ടാക്കുന്ന മഴമേഘം അടുത്തെത്തുന്ന സമയത്തു് ടെലിഫോണ്‍ ഉപയോഗിക്കാതിരിക്കുന്നതാണു് അഭികാമ്യം. അതുപോലെ, ജനാലകളുടെയും വാതിലുകളുടെയും സമീപത്തുനിന്നും മാറുക; വിശേഷിച്ചു് ലോഹം കൊണ്ടുള്ള മാല, വള, തുടങ്ങി എന്തെങ്കിലും ധരിച്ചിട്ടുണ്ടെങ്കില്‍. തണ്ടര്‍സ്റ്റോം ദൂരത്തേയ്ക്കു് മാറിപ്പോയിക്കഴിഞ്ഞാല്‍ അപകടസാദ്ധ്യത കുറയും. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ നേരത്തേതന്നെ പ്ലഗ് ഊരിയിടണം. തണ്ടര്‍സ്റ്റോം അടുത്തെത്തിക്കഴിഞ്ഞാല്‍ അവയില്‍ നിന്നു് മാറി നില്‍ക്കണം.

ഓടിട്ടതോ ഓല മേഞ്ഞതോ ആയ കെട്ടിടം വലിയ രക്ഷ നല്‍കുന്നില്ല. ഭൂമിയുമായി ബന്ധിപ്പിച്ചിരിക്കുന്ന കമ്പികളോ തകിടുകൊണ്ടുള്ള പാത്തിയോ ഉണ്ടെങ്കില്‍ മിന്നലിന്റെ വൈദ്യുതി ഭൂമിയിലേയ്ക്കൊഴുകിപ്പോകാന്‍ അതു് കുറച്ചൊക്കെ സഹായിക്കും, കെട്ടിടത്തെ അത്രകണ്ടു് രക്ഷിയ്ക്കുകയും ചെയ്യും. ലൈറ്റ്നിങ് കണ്ടക്‌ടര്‍ എന്ന സുരക്ഷാസംവിധാനം ഉണ്ടെങ്കില്‍ കുറേക്കൂടി നല്ലതാണു്.

ഇവിടെ ഒരു കാര്യം വ്യക്തമാക്കട്ടെ. മിന്നലില്‍നിന്നു് രക്ഷ ലഭിക്കാനായി കെട്ടിടങ്ങളുടെ മുകളില്‍ സ്ഥാപിച്ചിരിക്കുന്ന കമ്പികള്‍ എല്ലാവരും കണ്ടിരിക്കും. ഇതു് കാന്തമാണു് എന്നു പലര്‍ക്കും ധാരണയുണ്ടു്. ആ ധാരണ ശരിയല്ല. മിന്നലിലടങ്ങുന്ന വൈദ്യുതിയെ ഭൂമിയിലേയ്ക്കു് നയിക്കാനുള്ള ചാലകം മാത്രമാണതു്. വിദ്യുച്ഛക്തിയ്ക്കു് സുഗമമായി പ്രവഹിക്കാനാകുന്ന ഒരു ലോഹപ്പട്ട ഇതില്‍നിന്നു് മണ്ണിലേയ്ക്കു് നയിക്കുന്നുണ്ടാകും. ഈ സംവിധാനത്തിനു് "മിന്നല്‍ചാലകം" (lightning conductor) എന്നാണു് പറയുക.

നമ്മള്‍ കെട്ടിടത്തിനു പുറത്താണെങ്കില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ടു്. പൂര്‍ണ്ണമായി ലോഹനിര്‍മ്മിതമായ വാഹനത്തിനുള്ളില്‍ ഇരിക്കുന്നതു് തികച്ചും സുരക്ഷിതമാണു്. മിന്നലില്‍ നിന്നുള്ള കറന്റ് പുറമെയുള്ള ലോഹഭാഗങ്ങളിലൂടെ പ്രവഹിച്ചു് ഭൂമിയിലേയ്ക്കു് പൊയ്ക്കോളും. വാഹനത്തിലല്ലെങ്കില്‍, തുറന്ന പ്രദേശത്തു് നില്‍ക്കുന്നതു് അപകടമാണു്. മൈതാനത്തു് കളിക്കുന്നതും കുളത്തിലും മറ്റും നീന്തുകയോ വള്ളത്തിലോ ബോട്ടിലെ സഞ്ചരിക്കുകയോ ചെയ്യുന്നതും ഒഴിവാക്കുന്നതാണു് നല്ലതു്. ഒറ്റയ്ക്കു് നില്‍ക്കുന്നതോ ഉയരമുള്ളതോ ആയ മരങ്ങളുടെ കീഴില്‍ നില്‍ക്കുന്നതു് അപകടം ക്ഷണിച്ചു വരുത്തുകയാവും. മഴ വരുന്നതുകണ്ടു് പശുവനെ അഴിച്ചു കെട്ടാനും ഉണങ്ങാനിട്ട തുണി എടുത്തു മാറ്റാനും മറ്റുമായി പുറത്തിറങ്ങിയ സമയത്തു് മിന്നലേറ്റു് അപകടമുണ്ടായ സംഭവങ്ങളുണ്ടു്. പശുവിന്റെ കയറോ തുണിയിടുന്ന അയയോ കെട്ടിയിരുന്ന മരത്തില്‍ മിന്നലേറ്റാണു് അപകടം പലപ്പോഴുമുണ്ടാകുന്നതു്.

ശക്തമായ ഇടിമിന്നല്‍ വരുന്ന സമയത്തു് തുറന്ന പ്രദേശത്തു് ആയിപ്പോയാല്‍ പെട്ടെന്നുതന്നെ സുരക്ഷിതമായ സ്ഥലത്തേയ്ക്ക് പോകുന്നതാണു് നല്ലതു്. അതിനു് കഴിയുന്നില്ല എങ്കില്‍ ഇപ്രകാരം ചെയ്യാം. രണ്ടുകാലും ചേര്‍ത്തുവെച്ചു് മറ്റൊരു ഭാഗവും നിലത്തു തൊടാതെ കുത്തിയിരിക്കുക. കൈകള്‍ കാലില്‍ ചുറ്റിപ്പിടിക്കുകയും തല കഴിവതും താഴ്ത്തി വയ്ക്കുകയും ചെയ്യണം. ഇങ്ങനെ ചെയ്താല്‍ത്തന്നെ മിന്നല്‍ ഏല്‍ക്കാതിരിക്കാനുള്ള സാദ്ധ്യത കൂടുമെന്നേ പറയാനാവൂ.

കേരളത്തിലെ പ്രത്യേകത

മിന്നല്‍ചാലകം സ്ഥാപിച്ചതുകൊണ്ടു് കെട്ടിടത്തിനു് പൂര്‍ണ്ണ സുരക്ഷ ലഭിക്കില്ല എന്നു് ഭൌമശാസ്ത്രപഠനകേന്ദ്രത്തിലെ ഡോ. മുരളീദാസ് പറയുന്നു. "ഇതു് കേരളത്തിലെ ഒരു പ്രത്യേകതയാണു്. ഇവിടെ ഉയരം കൂടിയ മരങ്ങള്‍ ധാരാളമുള്ളതുകൊണ്ടു് അവയിലൊന്നില്‍ മിന്നലേല്‍ക്കാന്‍ നല്ല സാദ്ധ്യതയുണ്ടു്. മിന്നലിന്റെ വൈദ്യുതി മരത്തില്‍ നിന്നു് ഭൂമിയില്‍ക്കൂടിയോ വൈദ്യുത, ടെലിഫോണ്‍ കമ്പികളില്‍ക്കൂടിയോ കെട്ടിടത്തിനകത്തേയ്ക്കു് പ്രവഹിയ്ക്കാനിടയുണ്ടു്". മിന്നല്‍മൂലമുള്ള കേരളത്തിലെ പല മരണങ്ങളും ഇങ്ങനെയാണുണ്ടായതത്രെ. ഭൂമിയില്‍ക്കൂടി മിന്നലിന്റെ വൈദ്യുതി വീട്ടില്‍ കടക്കുന്നതു് തടയണമെങ്കില്‍ കെട്ടിടത്തിനു ചുറ്റിലുമായി "റിംഗ് കണ്ടക്‌ടര്‍" എന്ന വൈദ്യുതചാലകം കുഴിച്ചിടുകയെ മാര്‍ഗമുള്ളു എന്നദ്ദേഹം പറയുന്നു.

മിന്നലേറ്റു് മരമോ കന്നുകാലിയോ നഷ്ടപ്പെട്ടാല്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുന്നുണ്ടു്.മനുഷ്യര്‍ക്കു് അപകടമുണ്ടായാലും വലുതല്ലാത്ത ഒരു തുക ലഭിക്കും. ഇതിനേക്കാള്‍ നന്നായിരിയ്ക്കും മിന്നലില്‍നിന്നു് രക്ഷനേടാനായി ധനസഹായം നല്‍കുന്നതെന്നു തോന്നുന്നു. മിന്നല്‍മൂലമുള്ള അപകടസാദ്ധ്യത കൂടിയ സ്ഥലങ്ങളില്‍ മിന്നല്‍ചാലകമോ റിംഗ് കണ്ടക്‌ടറോ സ്ഥാപിക്കാന്‍ സാമ്പത്തികമായി ബുദ്ധിമുട്ടുള്ളവര്‍ക്കു് അതിനുള്ള ചെലവിന്റെ ഒരു ഭാഗം വഹിക്കാന്‍ സര്‍ക്കാര്‍ തയാറാകുമെങ്കില്‍ അതു് നന്നായിരിക്കും. സന്നദ്ധസംഘടനകള്‍ക്കും മറ്റും ഇതില്‍ പങ്കുചേരാവുന്നതുമാണു്. നഷ്ടപരിഹാരം നല്‍കുന്നതിനേക്കാള്‍ നല്ലതാണല്ലോ നഷ്ടം തടയുന്നതു്.

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)

Friday, March 20, 2009

കാലാവസ്ഥാവ്യതിയാനവും നമ്മളും

(തേജസ് എന്ന പത്രത്തിന്റെ 2009 മാര്‍ച്ച് 19ലെ ലക്കത്തില്‍ നാലാം പേജില്‍ പ്രസിദ്ധീകരിച്ച ലേഖനം)

ഇന്നു് ലോകത്താകമാനം ചര്‍ച്ചചെയ്യപ്പെടുന്ന ഒരു വിഷയമാണല്ലോ കാലാവസ്ഥാവ്യതിയാനം. മനുഷ്യരുടെ പ്രവൃത്തികളുടെ ഫലമായുണ്ടാകുന്ന കാലാവസ്ഥാമാറ്റങ്ങളാണു് ആ വാക്കുകൊണ്ടു് പ്രധാനമായി ഉദ്ദേശിക്കുന്നതു്. പെട്രോളിയം കത്തിക്കുകയും കാടുവെട്ടിത്തെളിക്കുകയും മറ്റും ചെയ്യുന്നതിലൂടെ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവു് വര്‍ദ്ധിക്കുന്നു. ഇതു്, ഒരു കമ്പിളിപ്പുതപ്പുപോലെ, ചൂടു് പുറത്തേക്കു് പോകുന്നതു് തടയുന്നു. അങ്ങനെ അന്തരീക്ഷത്തിന്റെ താപനില വര്‍ദ്ധിക്കുന്നുണ്ടത്രെ. ഇതിനു് ഭൌമതാപനം എന്നു പറയുന്നു. കാര്‍ബണ്‍ ഡയോക്സൈഡ് കൂടാതെ നീരാവി, മീഥെയ്ന്‍, ഓസോണ്‍ തുടങ്ങിയ, ഹരിതഗൃഹവാതകങ്ങള്‍ എന്നറിയപ്പെടുന്ന, ചില വാതകങ്ങള്‍ക്കും ഈ സ്വഭാവമുണ്ടു്. ഇക്കൂട്ടത്തില്‍ ഭൌമതാപനത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ടതു് കാര്‍ബണ്‍ ഡയോക്സൈഡാണു്. ഭൂമിയിലെല്ലായിടത്തും ജീവനാവശ്യമായ ചൂടു് നിലനിര്‍ത്തണമെങ്കില്‍ ഈ വാതകങ്ങള്‍ ആവശ്യവുമാണു്. എന്നാല്‍ , ``അധികമായാല്‍ അമൃതും വിഷം'' എന്നു പറയാറുള്ളതുപോലെ, ഹരിതഗൃഹവാതകങ്ങളുടെ അളവു് അധികമായാല്‍ അന്തരീക്ഷത്തിന്റെ ചൂടും കൂടും. ഇതാണു് കാലാവസ്ഥാവ്യതിയാനത്തിലേക്കു് നയിക്കുന്നതത്രെ.

ഭൌമതാപനം സംഭവിക്കുന്നതു് സാവധാനത്തിലാണത്രെ. പക്ഷെ, ഭൂമിയുടെ ശരാശരി താപനില വര്‍ദ്ധിക്കുന്നതു് കൂടുതല്‍ വേഗത്തിലായിക്കൊണ്ടിരിക്കയാണെന്നു് പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ടു്. ഉദാഹരണമായി, കഴിഞ്ഞ ഏതാണ്ടു് നൂറു വര്‍ഷങ്ങളില്‍ ഭൂമിയുടെ അന്തരീക്ഷത്തിന്റെ താപനില വര്‍ദ്ധിച്ചതിനേക്കാള്‍ ഇരട്ടിയോളം വേഗത്തിലാണു് കഴിഞ്ഞ അമ്പതു് വര്‍ഷമായി ചൂടു കൂടുന്നതു്. ഒന്നര നൂറ്റാണ്ടോളമായി ഭൂമിയില്‍ പലയിടത്തും താപനില അളക്കുന്നതില്‍നിന്നു് വ്യക്തമാകുന്ന കാര്യങ്ങളാണിതു്. ഭൌമതാപനമുണ്ടാകുന്നതു് മനുഷ്യരുടെ പ്രവൃത്തികള്‍ മൂലമാണെന്നതിനു് വലിയ സംശയമൊന്നും ഇപ്പോള്‍ അവശേഷിക്കുന്നില്ല.

അന്തരീക്ഷത്തിന്റെ താപനില വര്‍ദ്ധിക്കുന്നതു് മറ്റു പലതിനെയും ബാധിക്കുന്നുണ്ടു് എന്നു് വ്യക്തമായിട്ടുണ്ടു്.. അവയില്‍ പ്രധാനപ്പെട്ട ചിലവയാണു് കടല്‍നിരപ്പുയരുക, ആകെ ലഭിക്കുന്ന മഴയുടെ അളവു് കുറയുക, ശക്തമായ മഴയും കഠിനമായ വരള്‍ച്ചയും കൂടുതലുണ്ടാകുക, സമുദ്രജലത്തിന്റെ അമ്ലത കൂടുക, തുടങ്ങിയവ. കാലാവസ്ഥാവ്യതിയാനത്തേപ്പറ്റി പഠിക്കാന്‍ നിയോഗിച്ച അന്തര്‍സര്‍ക്കാര്‍ സമിതിയുടെ (Intergovernmental Panel on Climate Change, IPCC) നാലാമത്തെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു് ഇക്കാര്യങ്ങളിവിടെ എഴുതുന്നതു്.

അന്തരീക്ഷത്തിന്റെ ചൂടു് കൂടുന്നതു് ജീവിതം കൂടുതല്‍ ദുസ്സഹമാക്കും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവില്ലല്ലോ. മനുഷ്യര്‍ക്കു മാത്രമല്ല ചെടികള്‍ക്കും മൃഗങ്ങള്‍ക്കും ജീവിയ്ക്കാന്‍ ബുദ്ധിമുട്ടു കൂടും. താപനില കൂടുന്നതനുസരിച്ചു് കൃഷിയുടെ ഉല്പാദനക്ഷമത കുറയും എന്നു് \eng IPCC\mal യുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ടു്. യൂറോപ്പുപോലെയുള്ള മിതശീതോഷ്ണമേഖലകളില്‍ (കടുത്ത ചൂടോ കഠിനമായ തണുപ്പോ അനുഭവപ്പെടാത്ത പ്രദേശങ്ങളില്‍) മൂന്നു ഡിഗ്രി ചൂടു് കൂടുന്നതുവരെ ഉല്പാദനക്ഷമത കൂടാന്‍ സാദ്ധ്യതയുണ്ടത്രെ. പക്ഷെ കേരളവും ആന്ധ്രയും മറ്റും പോലെയുള്ള ഉഷ്ണമേഖലാപ്രദേശങ്ങളില്‍ അരിയുടെയും മറ്റും ഉല്പാദനം കുറയുകയെയുള്ളു. ഇപ്പോള്‍ത്തന്നെ ഭക്ഷ്യവസ്തുക്കള്‍ക്കായി മറ്റു് പ്രദേശങ്ങളെ ആശ്രയിക്കേണ്ടി വരുന്ന കേരള സംസ്ഥാനം ഒരുപക്ഷെ കുറേക്കൂടി ദൂരെ നിന്നു് അരിയും പച്ചക്കറികളും മറ്റും കൊണ്ടുവരേണ്ടി വരാം. ഇവിടത്തെ ഏതെല്ലാം കൃഷിയെ കൂടിവരുന്ന ചൂടു് എങ്ങനെയെല്ലാം ബാധിക്കാം എന്നു നമുക്കറിയില്ല. നെല്ലു്, വാഴ, കൈത, പച്ചക്കറി, തെങ്ങു്, തേയില, റബ്ബര്‍, തുടങ്ങിയവയുടെ തോട്ടങ്ങളെ കാലാവസ്ഥാവ്യതിയാനം എങ്ങനെ ബാധിക്കും എന്നറിയില്ല. കൂടുതല്‍ അറിവു കിട്ടുന്നതുവരെ, ഇവയുടെയെല്ലാം ഉത്പാദനക്ഷമത കുറയും എന്നു വിചാരിക്കുന്നതാവും നല്ലതു്.

ഉയര്‍ന്നുവരുന്ന സമുദ്രജലനിരപ്പു് കടല്‍ത്തീരത്തു താമസിക്കുന്നവര്‍ക്കു് ബുദ്ധിമുട്ടുണ്ടാക്കും എന്നതു് വ്യക്തമാണല്ലൊ. കടലാക്രമണം കൂടുതല്‍ ശക്തമാകാം. തീരപ്രദേശത്തെ ചില ഭാഗങ്ങള്‍ കടലിനടിയിലാവാം. പക്ഷെ എത്രകാലം കൊണ്ടു് കടല്‍ എത്ര ഉയരുമെന്നൊ കരയുടെ ഏതൊക്കെ ഭാഗം കടലിലേയ്ക്കു് നഷ്ടപ്പെടാമെന്നൊ നമുക്കറിയില്ല. തീരദേശത്തു വസിക്കുന്നവരില്‍ ഭൂരിപക്ഷം വരുന്ന മത്സ്യത്തൊഴിലാളികള്‍ മറ്റൊരു പ്രശ്നവും നേരിടേണ്ടിവരും. കടല്‍ജലത്തന്റെ ചൂടു് കൂടുന്നതുകൊണ്ടു് മത്സ്യങ്ങള്‍ പലതും ചുടു കുറഞ്ഞ പ്രദേശങ്ങളിലേയ്ക്കു് നീങ്ങാന്‍ സാദ്ധ്യതയുണ്ടത്രെ. ഇതു് സംഭവിച്ചു തുടങ്ങി എന്നു് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുമുണ്ടു്. അങ്ങനെയെങ്കില്‍ ഒരു വശത്തു് മത്സ്യത്തിന്റെ ലഭ്യത കുറയുകയും മറുവശത്തു് കര നഷ്ടപ്പെടുകയും ചെയ്യാം. അതോടൊപ്പം സമുദ്രജലത്തിന്റെ അമ്ലത കൂടുന്നതു് പലതരം മീനുകളുടെ നിലനില്പിനെയും കാര്യമായി ബാധിച്ചേക്കാം. ഇതെല്ലാം മത്സ്യത്തൊഴിലാളികളുടെ ജീവിതം കൂടുതല്‍ കഷ്ടപൂര്‍ണ്ണമാക്കുമെന്നു വേണം അനുമാനിക്കാന്‍.

കടല്‍നിരപ്പുയരുന്നതുകൊണ്ടുണ്ടാകാവുന്ന മറ്റൊരു പ്രശ്നം നദികളിലേയ്ക്കു് ഉപ്പുവെള്ളം കടന്നുകയറുക എന്നതാണു്. ഇന്നുതന്നെ പലയിടങ്ങളിലും വേനല്‍ക്കാലത്തു് ഉപ്പുവെള്ളം കയറുന്നുണ്ടു്. മഴകുറയുന്നതുമൂലം നദിയിലൂടെയുള്ള ജലപ്രവാഹം കുറയുന്നതു് ഈ പ്രശ്നം കൂടുതല്‍ രൂക്ഷമാക്കാം. കാടുകള്‍ വെട്ടിത്തെളിച്ചതും തടാകങ്ങളും കുളങ്ങളും നികത്തിയതും അണക്കെട്ടുകള്‍ നിര്‍മ്മിച്ചതും നദീജലം മറ്റാവശ്യങ്ങള്‍ക്കായി തോടുകള്‍വെട്ടി തിരിച്ചുകൊണ്ടുപോയതും ആണു് നദികളില്‍ ഉപ്പുവെള്ളം കയറുന്നതിനു് കാരണമായിട്ടുള്ളതെന്നാണു് ശാസ്ത്രജ്ഞര്‍ കരുതുന്നതു്. ഈ പ്രശ്നത്തെ കാലാവസ്ഥാവ്യതിയാനം കൂടുതല്‍ തീവ്രമാക്കുമെന്നു് വേണം കരുതാന്‍.

ആകെ ലഭിക്കുന്ന മഴയുടെ അളവു് കുറയുകയും അതേ സമയം ലഭിക്കുന്ന മഴ കൂടുതല്‍ ശക്തമായതാകുകയും ചെയ്യുന്നതു് ഇപ്പോള്‍ത്തന്നെ നിലവിലുള്ള പ്രശ്നങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കാം. ഭൂഗര്‍ഭജലത്തിന്റെ ലഭ്യത കുറയാം. മഴയുടെ തീവ്രത കൂടുമ്പോള്‍ കൂടുതല്‍ വെള്ളം കുത്തിയൊലിച്ചു പോകാനും ഭൂമിയിലേയ്ക്കു് താഴ്ന്നിറങ്ങുന്ന വെള്ളം കുറയാനും ഇടയാകും. വെള്ളം താഴ്ന്നിറങ്ങാന്‍ സഹായിക്കുന്ന കാടുകളും തടാകങ്ങളും കുളങ്ങളും നമ്മള്‍ കുറേയേറെ ഇല്ലാതാക്കിക്കഴിഞ്ഞു. അതുകൊണ്ടു് കാലം കഴിയും തോറും ശുദ്ധജലം കിട്ടാനുള്ള ബുദ്ധിമുട്ടു് കൂടിവരുമെന്നു വേണം കരുതാന്‍. കൃഷിയ്ക്കും മനുഷ്യരുടെയും മൃഗങ്ങളുടെയും ഉപയോഗത്തിനും ശുദ്ധജലം കിട്ടാന്‍ കഷ്ടമാകാം. താപനില ഉയരുമ്പോള്‍ കൂടുതല്‍ വെള്ളം ആവശ്യമായിവരികയും ചെയ്യുമല്ലൊ.

ഈ സന്ദര്‍ഭത്തില്‍ മറ്റൊരു കാര്യം കൂടി ഓര്‍മ്മിക്കട്ടെ. നമ്മുടെ വൈദ്യുതിയുടെ വലിയ ഭാഗം ലഭിക്കുന്നതു് ജലവൈദ്യുത പദ്ധതികളില്‍ നിന്നാണല്ലൊ. ജലത്തിന്റെ ലഭ്യത കുറയുമ്പോള്‍ വൈദ്യതോല്പാദനം കുറയും. പെട്രോളിയത്തിന്റെ ലഭ്യതയും കുറഞ്ഞുവരുന്നതിനാല്‍ താപോര്‍ജ്ജത്തിന്റെ സാദ്ധ്യതയും കുറയും. സൌരോര്‍ജ്ജവും വാതോര്‍ജ്ജവും മാത്രമാണു് സ്ഥിരമായി, പരിസ്ഥിതി പ്രശ്നങ്ങള്‍ കാര്യമായിട്ടില്ലാതെ (നമുക്കിന്നു് അറിയാവുന്നിടത്തോളം), ലഭിക്കാന്‍ സാദ്ധ്യതയുള്ളതു്. ഈ സാഹചര്യത്തില്‍ നമ്മുടെ വൈദ്യുതോല്പാദനത്തെക്കുറിച്ചും ഉപഭോഗത്തെക്കുറിച്ചും ഗാഢമായി ചിന്തിക്കുകയും പഠിക്കുകയും ചെയ്യേണ്ടതാവശ്യമാണു് എന്നു തോന്നുന്നു. കാലാവസ്ഥാവ്യതിയാനവും പെട്രോളിയം തീരാന്‍ തുടങ്ങുന്നതും നമ്മുടെ വികസന പരിപ്രേക്ഷ്യത്തെക്കുറിച്ചു് ഒരു പുനര്‍ചിന്തനം നടത്തുന്നതിലേയ്ക്കു് നമ്മെ നയിക്കേണ്ടതാണു്.

കാലാവസ്ഥാവ്യതിയാനമുണ്ടാക്കാവുന്ന പ്രശ്നങ്ങളേപ്പറ്റി നമ്മുടെ സര്‍ക്കാര്‍ ചിന്തിച്ചു തുടങ്ങി എന്നതു് സന്തോഷമുള്ള കാര്യമാണു്. ഇതു ചര്‍ച്ച ചെയ്യാനും ഒരു വൈറ്റ് പേപ്പര്‍ തയാറാക്കാനുമായി ഏതാനും മാസങ്ങള്‍ക്കുമുമ്പു് റവന്യൂ വകുപ്പു് ഒരു മീറ്റിങ്ങ് വിളിച്ചു ചേര്‍ത്തിരുന്നു. കാലാവസ്ഥാവ്യതിയാനം സംഭവിക്കുന്നതു് സാവധാനത്തിലാണു്. എങ്കിലും, ജനങ്ങള്‍ക്കു് വലിയ കഷ്ടപ്പാടുണ്ടാകാതിരിക്കണമെങ്കില്‍ നമുക്കു് ഒരുപാടു് കാര്യങ്ങള്‍ ചെയ്യാനുണ്ടു്. കേരളത്തെ കാലാവസ്ഥാവ്യതിയാനം എങ്ങനെ ബാധിക്കാം എന്നതിനേപ്പറ്റി കൃത്യമായ അറിവുണ്ടാക്കേണ്ടതുണ്ടു്. എങ്കിലല്ലേ നമുക്കതിനെ പ്രതിരോധിക്കാനാവൂ. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഗവേഷകര്‍ക്കും ഇക്കാര്യത്തില്‍ ചെയ്യാന്‍ ധാരാളമുണ്ടു്.

കാലാവസ്ഥാവ്യതിയാനത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നതു് പെട്രോളിയത്തിന്റെ ഉപഭോഗമായതുകൊണ്ടു് വികസിത രാഷ്ട്രങ്ങളാണു് പ്രധാന ഉത്തരവാദികള്‍. അവരുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാവും എന്നാര്‍ക്കും പ്രവചിക്കാനാവാത്തതുകൊണ്ടു് കാലാവസ്ഥയിലെ മാറ്റം എത്ര വേഗത്തിലാവും എന്നും മുന്‍കൂട്ടി അറിയാനാവില്ല. എങ്കിലും നമ്മളതേപ്പറ്റി ഒരേകദേശരൂപം ഉണ്ടാക്കിയേ തീരൂ. അതോടൊപ്പം ഓരോ കാലഘട്ടത്തിലും കടല്‍നിരപ്പു് എത്രകണ്ടു് ഉയരുമെന്നും അപ്പോള്‍ കടല്‍ കരയിലേയ്ക്കു് എത്ര കയറിവരുമെന്നും ഏകദേശമായെങ്കിലും അറിയണം. എങ്കിലേ കടല്‍ത്തീരത്തു വസിക്കുന്നവരെ കടലാക്രമണത്തില്‍നിന്നും കഷ്ടപ്പാടില്‍നിന്നും രക്ഷിക്കാനാവൂ.

ജലലഭ്യത കുറയുമെന്നുള്ളതുകൊണ്ടു് ശുദ്ധജലം സംരക്ഷിക്കാനുള്ള നടപടികള്‍ കഴിവതും വേഗം തുടങ്ങണം. വനനശീകരണം തടയുക, വനവല്‍ക്കരണം നടത്തുക, അവശേഷിക്കുന്ന ജലാശയങ്ങള്‍ സംരക്ഷിക്കുകയും പുതിയവ നിര്‍മ്മിക്കുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ ആത്മാര്‍ത്ഥമായിത്തന്നെ നടത്തേണ്ടതുണ്ടു്. ഇത്തരം പല കാര്യങ്ങളിലും സര്‍ക്കാരിന്റെ സൂക്ഷ്മശ്രദ്ധ പതിയേണ്ടതിനോടൊപ്പം ഇതെല്ലാം നമ്മുടെ പ്രശ്നമായി കരുതി ജനങ്ങളും പ്രവര്‍ത്തിക്കേണ്ടതുണ്ടു്. നമ്മള്‍ ശ്രദ്ധയോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക ഭേദമില്ലാതെ നമ്മളും നമ്മുടെ കുഞ്ഞുങ്ങളും തന്നെയാണു് കഷ്ടപ്പെടാന്‍ പോകുന്നതെന്നു് നാം മനസിലാക്കണം.

ഉയരുന്ന താപനില ഏതെല്ലാം വിളകളെ എങ്ങനെയെല്ലാമാണു് ബാധിക്കാന്‍ പോകുന്നതെന്നു് മനസിലാക്കേണ്ടതുണ്ടു്. അത്തരം ചെടികളുടെ പുതിയ ഇനങ്ങള്‍ വികസിപ്പിച്ചെടുക്കുകയൊ മറ്റു് വിളകള്‍ പകരം കണ്ടെത്തുകയൊ ചെയ്യണം. കീടങ്ങളുടെ ഇനത്തിലും എണ്ണത്തിലും വ്യത്യാസമുണ്ടാകാം. ഇതെല്ലാം നേരിടാനായി കഴിയുന്നത്ര വിവരങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തുന്നതു സഹായകമാകും. രോഗങ്ങളുടെ വിതരണത്തിലും വ്യത്യാസമുണ്ടാകുമെന്നാണു് സൂചന. ഇവിടെയെല്ലാം ഗവേഷകര്‍ക്കു് ഒരുപാടു് കാര്യങ്ങള്‍ ചെയ്യാനുണ്ടു്. നമ്മളെല്ലാവരും ഒത്തുപിടിച്ചാല്‍ എല്ലാവരുടെയും, വിശേഷിച്ചു് സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്നവരുടെ, കഷ്ടപ്പാടു് കുറയ്ക്കാനായേക്കും.


(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)

Friday, January 2, 2009

കാലാവസ്ഥാവ്യ‍തിയാനവും നമ്മളും

ഇല എന്ന വെബ്‌സൈറ്റിനു വേണ്ടി ഞാനെഴുതിയ ഒരു ലേഖനമാണു് താഴെ കൊടുത്തിരിക്കുന്നതു്. മലയാളത്തിലുള്ള ബ്ലോഗുകളില്‍ നിന്നു് തിരഞ്ഞെടുത്ത ചിലവയിലേക്കുള്ള ചൂണ്ടുപലകയായി ഈ സൈറ്റിനെ കണക്കാക്കാം.

കാലാവസ്ഥാവ്യ‍തിയാനവും നമ്മളും
വി. ശശി കുമാര്‍

പണ്ടൊരിക്കല്‍ വിദ്യാഭ്യാസവകുപ്പു് ഒരു പരീക്ഷണം നടത്തിയതോര്‍ക്കുന്നു. പള്ളിക്കൂടം തുറക്കുന്നതു് കാലവര്‍ഷം തുടങ്ങുന്ന ദിവസമായതുകൊണ്ടു് വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടു് ഒഴിവാക്കണമെന്നു് അവര‍ക്കു് ന്യായമായും തോന്നി. അങ്ങനെ മെയ് മാസത്തില്‍ ക്ലാസുകള്‍ നടത്തുകയും ജൂണ്‍ മാസത്തില്‍ അവധി കൊടുക്കുകയും ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അതനുസരിച്ചുള്ള നിര്‍‌ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. അക്കൊല്ലം വിദ്യാര്‍ത്ഥികള്‍ മെയ് മാസത്തില്‍ സ്ക്കൂളില്‍ പോയി. നല്ല മഴയായരുന്നു മിക്ക ദിവസവും. പക്ഷെ കുട്ടികള്‍ക്കു് മഴ ഇഷ്ടമാണല്ലോ. അവരതു് ആഘോഷിച്ചു. ജൂണ്‍ മാസം മുഴുവനും അവധിയായി പ്രഖ്യാപിച്ചു. കുട്ടികള്‍ അതും ആഘോഷിച്ചു. അക്കൊല്ലം ജൂണ്‍ മാസത്തില്‍ കേരളത്തില്‍ മഴയേ പെയ്തില്ല. കളിക്കാന്‍ നല്ല സൌകര്യം. ജൂലൈ ഒന്നിനു് സ്ക്കൂള്‍ തുറന്നു. കാലവര്‍ഷവും വന്നെത്തി. കാലവര്‍ഷം സര്‍ക്കാര്‍ നിര്ദ്ദേശമനുസരിക്കില്ല എന്നു വ്യക്തമായി. അതോടെ വിദ്യാഭ്യാസ വകുപ്പു് പരീക്ഷ​ണം അവസാനിപ്പിച്ചു. സ്ക്കൂള്‍കലണ്ടര്‍ വീണ്ടും പഴയപോലെയായി.

മഴയും വെയിലും കൃത്യമായി മാറിമാറി വരുന്നതു് നമ്മുടെ ജീവിതത്തെ എത്രമാത്രം സ്വാധീനിക്കുന്നു എന്നു സൂചിപ്പിക്കാനാണു് ഈ പഴയ കഥ പറഞ്ഞതു്. നമ്മുടെ കൃഷി കാലാവസ്ഥയെ എത്ര ആശ്രയിച്ചാണിരിക്കുന്നതു് എന്നെല്ലാവര്‍ക്കും അറിയാമല്ലോ. അതുപോലെ എല്ലാ ദിവസവും വെളിച്ചത്തിരുന്നു് അത്താഴം കഴിക്കാനാകുമോ എന്നതും. മഴ മാത്രമല്ല, അന്തരീക്ഷത്തിന്റെ ഊഷ്മാവും നമുക്കു വളരെ നിര്‍ണ്ണായകമാണെന്നു് ഒരുപക്ഷെ നാം പലപ്പോഴും ഓര്‍മ്മിക്കാറില്ല. ``ഹൊ, എന്തൊരുഷ്ണം'' എന്നും മറ്റും പറഞ്ഞു് ഫാനോ (ഇന്നത്തെ കാലത്തു്) AC യോ പ്രവര്‍ത്തിപ്പിക്കുകയല്ലാതെ ഉയര്‍ന്ന ഊഷ്മാവിന്റെ കാരണം നമ്മളാരും അന്വേഷിക്കാറില്ലല്ലോ. നഗരവല്‍ക്കരണവും മരങ്ങളും ചെടികളും വെട്ടി മാറ്റുന്നതും കുളങ്ങളും തടാകങ്ങളും നികത്തുന്നതും വായുവിന്റെ സ്വതന്ത്രമായ ഒഴുക്കു് അനുവദിക്കാത്ത വിധത്തില്‍ കെട്ടിടം രൂപകല്പന ചെയ്യുന്നതും ഒക്കെ കാരണമാകാം. ഇതൊക്കെ നമുക്കു് പരിഹാരം കാണാവുന്ന കാര്യങ്ങളാണു്. എന്നാല്‍ അന്തരീക്ഷത്തിന്റെ ഉഷ്മാവു് കൂടിക്കൊണ്ടിരുന്നാല്‍ എന്തൊക്കെ സംഭവിക്കാം? പല ചെടികള്‍ക്കും മൃഗങ്ങള്‍ക്കും ജീവിതം ദുസ്സഹമാകാം, മനുഷ്യര്‍ക്കുള്‍പ്പെടെ. പല ചെടികളുടെയും നിലനില്പു് തന്നെ പ്രയാസത്തിലാകാം. മറ്റു പല പ്രശ്നങ്ങളുമുണ്ടാകാം.

ഇതു് അനാവശ്യമായ ചിന്തയല്ല. അന്തരീക്ഷത്തിന്റെ ശരാശരി ഊഷ്മാവു് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണു് എന്നതിനു് ധാരാളം തെളിവുകളുണ്ടു്. ധ്രൂവങ്ങളിലെ മഞ്ഞുരുകുന്നതും സമുദ്രജലനിരപ്പുയരുന്നതും എല്ലാം ഇതിനുള്ള തെളിവുകളാണു്. അന്തരീക്ഷ ഊഷ്മാവു് ഇങ്ങനെ വര്‍ദ്ധിക്കുന്നതിനാണല്ലോ ആഗോളതാപനം (Global Warming) എന്നു പറയുന്നതു്. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡിന്റെയും മറ്റു് പല ഹരിതഗൃഹ വാതകങ്ങളുടെയും അളവു് വര്‍ദ്ധിക്കുന്നതു കൊണ്ടാണു് ഇങ്ങനെ സംഭവിക്കുന്നതു് എന്നു് നമുക്കറിവായിട്ടുണ്ടു്. ഈ വാതകങ്ങളില്‍ കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവു കൂടുന്നതിനുള്ള പ്രധാന കാരണം പെട്രോളിയത്തിന്റെ ഉപഭോഗമാണത്രെ. പ്രതിശീര്‍ഷ പെട്രോളിയം ഉപഭോഗത്തില്‍ ഏറ്റവും മുന്നിട്ടു നില്‍ക്കുന്ന രാജ്യം അമേരിക്കന്‍ ഐക്യനാടുകളാണു്. പിന്നെ മറ്റു വികസിത രാഷ്ട്രങ്ങളും. ഇന്ത്യയേപ്പോലുള്ള വികസ്വര രാഷ്ട്രങ്ങള്‍ പെട്രോളിയം ഉപഭോഗത്തില്‍ വളരെ പിന്നിലാണു്. ആഗോളതാപനം നിയന്ത്രിക്കാനായിരുന്നു ജപ്പാനിലെ ക്യോട്ടോ നഗരത്തില്‍ വെച്ചു് രാഷ്ട്രങ്ങള്‍ തമ്മില്‍ കാര്‍ബണ്‍ ഡയോക്സൈഡ് വിസര്‍ജ്ജിക്കുന്നതില്‍ നിയന്ത്രണം വരുത്താനുള്ള ഒരു കരാറില്‍ ഒപ്പു വെച്ചതു്. മറ്റെല്ലാ രാഷ്ട്രങ്ങളും ഈ കരാര്‍ ശരി വച്ചെങ്കിലും അമേരിക്കന്‍ ഐക്യനാടുകള്‍ ഈ കരാറനെ തള്ളിപ്പറയുകയാണു് ചെയ്തതു്. എന്തായാലും അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവു് നിയന്ത്രിക്കുന്നതില്‍ വികസിത രാഷ്ട്രങ്ങള്‍ക്കാണു് വലിയൊരു പങ്കു വഹിക്കാനുള്ളതു്. ഇന്ത്യയ്ക്കും മറ്റു വികസ്വരരാഷ്ട്രങ്ങള്‍ക്കും ഇപ്പോള്‍ സാമ്പത്തിക പുരോഗതിയാണു് ഏറ്റവും പ്രധാനം. അതു് സാദ്ധ്യമാകണമെങ്കില്‍ തത്ക്കാലം പെട്രോളിയം ഉപഭോഗം വര്‍ദ്ധിപ്പിച്ചേ പറ്റൂ.

ആഗോളതാപനത്തെയും അതിലൂടെയുണ്ടാകുന്ന കാലാവസ്ഥാവ്യതിയാനത്തെയും കുറിച്ചു പഠിക്കാനും അവമൂലം എന്തെല്ലാം മറ്റു ഫലങ്ങളുണ്ടാകാം, ഭാവിയിലെന്തെല്ലാം സംഭവിക്കാം എന്നും മറ്റും മനസിലാക്കാനുമായി സ്ഥാപിച്ച Inter Governmental Panel on Climate Change (IPCC) അവരുടെ നാലാം റിപ്പോര്‍ട്ടു് 2007 നവമ്പറില്‍ സമര്‍പ്പിച്ചു കഴിഞ്ഞു. ആഗോളതാപനം സംഭവിക്കുന്നുണ്ടു് എന്നും അതിനു പ്രധാന കാരണക്കാര്‍ മനുഷ്യര്‍ തന്നെയാണെന്നും ഈ റിപ്പോര്‍ട്ടു് തറപ്പിച്ചു പറയുന്നുണ്ടു്. (അതുകൊണ്ടു്, അടുത്ത തവണ നമ്മള്‍ "ഹൊ! എന്തൊരുഷ്ണം!" എന്നു പറയുമ്പോള്‍ ഓര്‍മ്മിക്കണം, നമ്മളൊക്കെത്തന്നെയാണു് അതിനു കാരണക്കാരെന്നു്.) ഇതുവരെ ലഭിച്ചിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണു് IPCC ഈ തീരുമാനത്തിലെത്തിയിരിക്കുന്നതു്. 1850നു ശേഷമുള്ള അമ്പതു വര്‍ഷങ്ങളില്‍ ഏറ്റവും ഊഷ്മാവു കൂടിയ പന്ത്രണ്ടു വര്‍ഷങ്ങളില്‍ പതിനൊന്നും 1995നു ശേഷമാണെന്നു് IPCCയുടെ നാലാം റിപ്പോര്‍ട്ടില്‍ പറയുന്നു. 1956നു ശേഷമുള്ള 50 വര്‍ഷത്തില്‍ ഓരോ ദശാബ്ദത്തിലും ശരാശരി 0.13 ഡിഗ്രി വീതം ഊഷ്മാവു വര്‍ദ്ധിച്ചിട്ടുണ്ടത്രെ. കൂടാതെ ധ്രുവങ്ങളിലും മറ്റും കാലാകാലങ്ങളായി അടിഞ്ഞുകൂടി കിടക്കുന്ന മഞ്ഞു് അസാധാരണമായ തോതില്‍ ഉരുകി തുടങ്ങിയിട്ടുണ്ടു്. സമുദ്രജലത്തിന്റെയും ഊഷ്മാവു് വര്‍ദ്ധിച്ചു വരുന്നതിനു തെളിവുകളുണ്ടു്. മാത്രമല്ല, സമുദ്രനിരപ്പു് ഉയര്‍ന്നുവരുന്നതിനും തെളിവുകളുണ്ടു്. ഇതു് മാനുഷികപ്രവര്‍ത്തനങ്ങള്‍ മൂലമാണെന്നു് തെളിവുകളുടെ അടിസ്ഥാനത്തില്‍ IPCC ഉറപ്പിച്ചു പറയുന്നു. എന്നിട്ടും ഈ കാണുന്ന മാറ്റങ്ങള്‍ സ്വാഭാവികമായുണ്ടാകുന്നവ മാത്രമാണെന്നു വിശ്വസിക്കുന്നവര്‍ ഇപ്പോഴുമുണ്ടു്. അതുകൊണ്ടു് നമ്മുടെ ജീവിതരീതിയില്‍ വലിയ മാറ്റമൊന്നും ആവശ്യമില്ല എന്നാണവരുടെ മതം. തല്‍ക്കാലത്തേക്കെങ്കിലും ഈ അഭിപ്രായത്തെ അവഗണിക്കുന്നതായിരിക്കും മനുഷ്യരാശിക്കു നല്ലതു് എന്നു തോന്നുന്നു. കാരണം, ഏതെങ്കിലും കാരണവശാല്‍, IPCC പറയുന്നതാണു് ശരിയെങ്കില്‍ അനിയന്ത്രിതമായി പെട്രോളിയം ഉപഭോഗം വര്‍ദ്ധിക്കുന്നതു് അനിയന്ത്രിതമായ ആഗോളതാപനത്തിലേക്കു് നയിക്കാം. തത്ഫലമായി ഭൂമിയില്‍ ജീവനു നിലനില്‍ക്കാന്‍ പോലും ബുദ്ധിമുട്ടാവാം. അതുകൊണ്ടു് നമ്മുടെ ജീവിതരീതിയിലും നമ്മുടെ വികസന പരിപ്രേക്ഷ്യത്തില്‍ തന്നെയും മാറ്റങ്ങള്‍ വരുത്തുന്നതു് നന്നായിരിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കേണ്ടതു് വികസിത രാഷ്ട്രങ്ങളാണല്ലോ. ഈ സാഹചര്യത്തില്‍ ഇന്ത്യയേപ്പോലൊരു വികസ്വര പ്രദേശത്തുള്ള നമുക്കു് എന്തു ചെയ്യാനാവും?

നമുക്കു പലതും ചെയ്യാനുണ്ടു്, പലതും ചെയ്യേണ്ടതുണ്ടു്. നമ്മുടെ നാട്ടില്‍ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകാവുന്ന മാറ്റങ്ങള്‍ എന്തെല്ലാമായിരിക്കുമെന്നു് മനസിലാക്കുക എന്നതാണു് ആദ്യമായി ചെയ്യേണ്ടതു് എന്നതു് വ്യക്തമാണല്ലോ. അതു് മനസിലായാലേ നമുക്കു് അതിനുവേണ്ടി തയാറെടുക്കാനാകുകയുള്ളല്ലോ. ഉദാഹരണമായി, ശരാശരി ഊഷ്മാവു് മൂന്നോ നാലോ ഡിഗ്രി കൂടിയാല്‍ അതു് നമുക്കു് പ്രാധാന്യമുള്ള ഏതെല്ലാം ചെടികളെ എങ്ങനെയൊക്കെ ബാധിക്കും എന്നറിയണമല്ലോ. ഊഷ്മാവു് വര്‍ദ്ധിക്കുന്നതനുസരിച്ചു് ഉഷ്ണമേഘലാ പ്രദേശങ്ങളില്‍ നെല്ലിന്റെ ഉല്പാദനക്ഷമത കുറയും എന്നു് IPCC മുന്നറിയിപ്പു തന്നിട്ടുണ്ടു്. എന്നാല്‍ മിതശീതോഷ്ണമേഘലകളില്‍ മൂന്നു ഡിഗ്രി വരെ ഊഷ്മാവു് വര്‍ദ്ധിക്കുമ്പോള്‍ നെല്ലിന്റെ ഉല്പാദനക്ഷമത വര്‍ദ്ധിക്കുകയാണു് ചെയ്യുന്നതത്രെ. അതുകൊണ്ടു് ഒരുപക്ഷെ നാളെ നമുക്കു് കുറേക്കൂടി ദൂരത്തുനിന്നു് അരി കൊണ്ടുവരേണ്ടി വന്നേക്കാം. നെല്ലു കൂടാതെ മറ്റു കൃഷികളെ ഭൌമതാപനം എങ്ങനെ ബാധിക്കുമെന്നു് പരിശോധിക്കേണ്ടതുണ്ടു്. നമുക്കിന്നു് സുലഭമായ ഭക്ഷണവസ്തുക്കള്‍ സുലഭമായിത്തന്നെ തുടരും എന്നതിനു് യാതൊരു ഉറപ്പുമില്ല. നമ്മുടെ ഭക്ഷണരീതിയല്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തേണ്ടി വരുമോ? നാം മനസിലാക്കേണ്ടിയിരിക്കുന്നു. സമുദ്രജലത്തിന്റെ ഊഷ്മാവു് വര്‍ദ്ധിക്കുമ്പോള്‍ ഇന്നു നമുക്കു ലഭിക്കുന്ന മത്സ്യങ്ങള്‍ തുടര്‍ന്നും ലഭിക്കുമോ? ചില മത്സ്യങ്ങള്‍ ഇപ്പോള്‍ തന്നെ കൂടുതല്‍ തണുപ്പുള്ള പ്രദേശങ്ങളിലേക്കു് മാറിപ്പോകുന്നതായി റിപ്പോര്‍ട്ടുകളുണ്ടു്. സമുദ്രനിരപ്പു് പത്തു സെന്റിമീറ്റര്‍ ഉയര്‍ന്നാല്‍ കടല്‍ എവിടെ വരെ കയറിവരും എന്നു നമുക്കറിയില്ല. കടല്‍വെള്ളം കരയിലേക്കു് കയറി നാശനഷ്ടം വരുത്തുമ്പോള്‍ മാത്രം അറിഞ്ഞിട്ടു കാര്യമില്ലല്ലോ. ഇത്തരം കാര്യങ്ങള്‍ മുന്‍കൂട്ടി മനസിലാക്കി നാശനഷ്ടം ഒഴിവാക്കാനുള്ള നടപടികള്‍ എടുക്കുകയാണല്ലോ വേണ്ടതു്.

കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ചു് ഇത്തരം പല കാര്യങ്ങളും പഠിക്കുകയും പ്രശ്നങ്ങള്‍ ലഘൂകരിക്കാനും ഒഴിവാക്കാനും നടപടികള്‍ എടുക്കുകയും ചെയ്യേണ്ടതുണ്ടു്. കാലാവസ്ഥാ വ്യതിയാനത്തേക്കുറിച്ചു് ഭാരത സര്‍ക്കാര്‍ ഒരു നയം സ്വീകരിച്ചതായി വാര്‍ത്തകള്‍ വന്നിട്ടുണ്ടു്. എന്നാല്‍ എന്തെല്ലാം നടപടികളാണു് സ്വീകരിക്കേണ്ടതു് എന്നതിനെപ്പറ്റി വ്യക്തമായ ധാരണ ഉണ്ടായതായി കണ്ടില്ല. അതുപോലെ, കേരള സര്‍ക്കാര്‍ ചില പ്രവര്‍ത്തനങ്ങള്‍ക്കായി മുന്‍കൈ എടുത്തെങ്കിലും കാര്യമായ പുരോഗതി കണ്ടില്ല. കാലാവസ്ഥാ വ്യതിയാനം സാവധാനത്തിലാണു് ഉണ്ടാകുന്നതെങ്കിലും നമ്മള്‍ ഇനിയും കണ്ണടച്ചിരുന്നുകൂട. ഈ വര്‍ഷം കാലാവസ്ഥയില്‍ ദൃശ്യമായ മാറ്റങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമാണോ എന്നു നമുക്കറിയില്ല. എങ്കിലും മാര്‍ച്ചു മാസത്തിലെ അസാധാരണമായ മഴയും തുടര്‍ന്നുള്ള കാലവര്‍ഷക്കാലത്തു ലഭിച്ച മഴയുടെ കുറവും നമുക്കു പല പ്രശ്നങ്ങളും ഉണ്ടാക്കിയിട്ടുണ്ടല്ലോ. ഈ സാഹചര്യത്തില്‍ ഭാവിയേപ്പറ്റി നമ്മള്‍ നന്നായി ചിന്തിക്കുകയും പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ കഴിയുന്നത്ര ചെയ്യുകയും വേണ്ടേ?