Thursday, May 28, 2009

മാളികകള്‍ പണിയുമ്പോള്‍

(തേജസ് ദിനപ്പത്രത്തിന്റെ 21.5.2009ലെ പതിപ്പിന്റെ നാലാം പേജില്‍ "കെട്ടിടനിര്‍മ്മാണവും ഊര്‍ജപ്രതിസന്ധിയും" എന്ന തലക്കെട്ടില്‍ വന്ന ലേഖനത്തിന്റെ മൂലരൂപം)

വീടുകളായും കടകളായും മറ്റും കെട്ടിടങ്ങള്‍ ധാരാളം ഉയര്‍ന്നുവരുന്ന കാലമാണല്ലോ ഇതു്. അതിനായി വളരെയധികംപ്രകൃതിവിഭവങ്ങള്‍ മനുഷ്യന്‍ ഉപയോഗിക്കുന്നുണ്ടു്. ഇതില്‍ ഒരു ഭാഗം പദാര്‍ത്ഥങ്ങളും (മണ്ണു്, കല്ലു്, തടി, തുടങ്ങി) മറ്റൊരു ഭാഗം ഊര്‍ജ്ജവുമാണെന്നു പറയാം. നിര്‍മ്മാണത്തിനു് ഉപയോഗിക്കുന്ന വസ്തുക്കള്‍ ഉണ്ടാക്കുന്നതിനും അവ കെട്ടിടനിര്‍മ്മാണസ്ഥലത്തു് എത്തിക്കുന്നതിനുമാണു് ഊര്‍ജ്ജം ധാരാളം വേണ്ടതു്. കെട്ടിടനിര്‍മ്മാണത്തിനു് സാധാരണ ഉപയോഗിക്കുന്ന വസ്തുക്കള്‍ ഇഷ്ടിക, സിമന്റ്, കമ്പി, ഗ്ലാസു്, അലുമിനിയം, ടൈലുകള്‍ തുടങ്ങിയവയാണല്ലോ. ഇവയെല്ലാം നിര്‍മ്മിക്കുന്നതിനും ഊര്‍ജ്ജം ആവശ്യമാണു്. കെട്ടിടം ഉപയോഗിക്കുമ്പോഴും നമുക്കു് ഊര്‍ജ്ജം വേണം. ആസമയത്തു് ആവശ്യമാകുന്ന ഊര്‍ജ്ജം എത്രയാണെന്നതു് തീരുമാനിക്കുന്നതില്‍ കെട്ടിടത്തിന്റെ രൂപകല്പയ്ക്കു് വലിയ പങ്കുണ്ടു്. അതുകൊണ്ടു്, കെട്ടിടം പ്ലാന്‍ ചെയ്യുമ്പോള്‍ത്തന്നെ ശ്രദ്ധിച്ചാല്‍ നിര്‍മ്മാണസമയത്തും ഉപയോഗിക്കുമ്പോഴും ചെലവിടേണ്ടി വരുന്ന ഊര്‍ജ്ജവും പണവും നിയന്ത്രിക്കാനാവും. എന്തായാലും അധികകാലം കഴിയുന്നതിനു മുമ്പു് ഇത്തരം നിയന്ത്രണങ്ങള്‍ നിര്‍ബന്ധമായും വേണ്ടിവരും എന്നാണു് ഇന്നത്തെ സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നതു്.

അനിയന്ത്രിതമായി വിഭവങ്ങള്‍ ചൂഷണം ചെയ്തതിന്റെ ഫലമായി ഭൂമി തന്നെ ഒരു പ്രതിസന്ധിയിലേക്കു് നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണല്ലോ ഇപ്പോഴുള്ളതു്. പെട്രോളിയത്തിന്റെ അമിതോപഭോഗവും വനനശീകരണവും മറ്റും കാരണം അന്തരീക്ഷത്തിന്റെ ചൂടു് കൂടി വരികയാണെന്നു് നമ്മള്‍ മനസിലാക്കിക്കഴിഞ്ഞു. "ആഗോളതാപനം" എന്നാണു് നമ്മളതിനെ വിളിക്കുന്നതു്. തത്ഫലമായി കാലാവസ്ഥയില്‍ കാര്യമായ മാറ്റങ്ങളുണ്ടാകുന്നുണ്ടെന്നും നമ്മള്‍ മനസിലാക്കി. വായുവിന്റെ ചൂടു് കൂടിയിട്ടു് മനുഷ്യനു് (മറ്റു് ജീവജാലങ്ങള്‍ക്കും) ജീവിക്കാന്‍ കഴിയാതാകുന്നതിനു് മുമ്പു് നമ്മളിക്കാര്യത്തില്‍ എന്തെങ്കിലും ചെയ്തേ പറ്റൂ. പെട്രോളിയത്തിന്റെ ഉപഭോഗം കുറയ്ക്കുക എന്നതാണു് മനുഷ്യന്‍ ചെയ്യേണ്ട ഒരു പ്രധാന കാര്യം. വികസിത രാഷ്ട്രങ്ങളിലാണു് ഊര്‍ജ്ജത്തിന്റെ പ്രതിശീര്‍ഷ ഉപഭോഗം ഏറ്റവും കൂടുതല്‍. അതുകൊണ്ടു് അവരതു് നിയന്ത്രിച്ചാലാണു് ഏറ്റവും കൂടുതല്‍ ഫലമുണ്ടാകുക. പക്ഷെ നമ്മളും അവരുടെ ജീവിതശൈലിയാണു് പിന്തുടരാന്‍ ശ്രമിക്കുന്നതു് എന്നോര്‍ക്കണം. ഇന്ത്യയും ചൈനയും പോലെയുള്ള രാഷ്ട്രങ്ങളില്‍ ഊര്‍ജ്ജത്തിന്റെ പ്രതിശീര്‍ഷ ഉപഭോഗം വികസിത രാഷ്ട്രങ്ങളുടേതുപോലെ ആയിത്തുടങ്ങിയാല്‍ പ്രകൃതി തന്നെ കഷ്ടത്തിലാകുമല്ലോ.

ഇതു കൂടാതെ മറ്റൊരു പ്രതിസന്ധികൂടി അടുത്തു വരുന്നുണ്ടു്, അതേക്കുറിച്ചു് അധികമാരും സംസാരിക്കുന്നില്ലെങ്കിലും. അതു് പെട്രോളിയത്തിന്റെ അന്ത്യമാണു്. ഇന്നത്തെ നിരക്കില്‍, ഏതാണ്ടു് പതിനഞ്ചു് മുതല്‍ മുപ്പതു് വരെ വര്‍ഷത്തേയ്ക്കു് കൂടിയേ ഖനനം ചെയ്യാന്‍ എണ്ണയുണ്ടാകൂ എന്നാണു് വിദഗ്ദ്ധര്‍ പറയുന്നതു്. കോടിക്കണക്കിനു് വര്‍ഷംമുമ്പു് ഉണ്ടായതാണല്ലോ പെട്രോളിയം. അതു് പുതുതായി ഉണ്ടാകുന്നില്ല. കുറഞ്ഞ ആഴത്തില്‍നിന്നു കിട്ടുന്ന എണ്ണ തീര്‍ന്നുകൊണ്ടിരിക്കുന്നു. പുതുതായി കണ്ടെത്തുന്ന എണ്ണക്കിണറുകള്‍ കൂടുതല്‍ ആഴമുള്ളവയാണു്. അവയില്‍ നിന്നു് ഖനനം ചെയ്യുന്നതിനുള്ള ചെലവും അതിനാവശ്യമായ ഊര്‍ജ്ജവും വര്‍ദ്ധിച്ചു വരികയാണു്. കുറച്ചുനാള്‍ കഴിയുമ്പോള്‍ ഒരു ലിറ്റര്‍ എണ്ണ എടുക്കാന്‍ അത്രയുംതന്നെ എണ്ണയില്‍ നിന്നു ലഭിക്കുന്ന ഊര്‍ജ്ജം വേണ്ടിവരും. അപ്പോള്‍ എണ്ണ ഖനനം ലാഭകരമല്ലാതാകും. ഇന്നു് നമുക്കു ലഭിക്കുന്ന ഊര്‍ജ്ജത്തിന്റെ ഏറിയ പങ്കും എണ്ണയില്‍ നിന്നാണെന്നോര്‍ക്കുമ്പോള്‍ ഇതിന്റെ ഗൌരവം ബോധ്യമാകും. ഇത്ര എളുപ്പത്തില്‍ ഊര്‍ജ്ജം ലഭിക്കുന്ന സ്രോതസ്സ് വേറെയില്ല എന്നു പറയാം.

ഈ സാഹചര്യത്തില്‍ ഊര്‍ജ്ജത്തിന്റെ ഉപഭോഗം കുറയ്ക്കുന്നതിനേപ്പറ്റി നമ്മള്‍ എന്നേ ചിന്തിച്ചു തുടങ്ങേണ്ടതായിരുന്നു. മാത്രമല്ല, കെട്ടിടനിര്‍മ്മാണം വരുത്തിവയ്ക്കുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതു് കാണാമല്ലോ. മണല്‍ വാരുന്നതിന്റെ പ്രശ്നങ്ങളും കരിങ്കല്‍ ക്വാറികളുണ്ടാക്കുന്ന പ്രശ്നങ്ങളും ഇന്നു് നിത്യേനയെന്നോണം വാര്‍ത്തയാകുന്നുണ്ടല്ലോ. ഇതിനെല്ലാമുള്ള പരിഹാരം നമ്മുടെ ഇന്നത്തെ കെട്ടിടനിര്‍മ്മാണ രീതികളില്‍ മാറ്റം വരുത്തുക എന്നുള്ളതാണു്. കെട്ടിടങ്ങളുടെ രൂപകല്പനയിലും ഉപയോഗിക്കുന്ന വസ്തുക്കള്‍ തെരഞ്ഞെടുക്കുന്നതിലും ഊര്‍ജ്ജത്തിന്റെ ഉപഭോഗം കുറയ്ക്കാനുള്ള പരിശ്രമമുണ്ടാകണം. അതുപോലെ മണലിന്റെ ഉപഭോഗവും കുറയ്ക്കാന്‍ ശ്രമിക്കണം. ഇക്കാര്യങ്ങളിലും നമുക്കു് പാശ്ചാത്യരില്‍നിന്നു് പഠിക്കാനാവും. കാരണം അവിടെ ഇത്തരം ശ്രമങ്ങള്‍ പണ്ടേ തുടങ്ങിക്കഴിഞ്ഞു. പക്ഷെ നമ്മുടെ പരമ്പരാഗത രീതികളില്‍ നിന്നു തന്നെ പലതും നമുക്കു പഠിക്കാനാവും -- അതെല്ലാം "പഴഞ്ചന്‍" എന്നു പറഞ്ഞു് തഴയാതിരുന്നാല്‍.

ഇനി കെട്ടിടനിര്‍മ്മാണ വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ ഊര്‍ജ്ജത്തിന്റെ കാര്യം പരിശോധിക്കാം. മണ്ണു്, കരിങ്കല്ലു് തുടങ്ങിയവ ഉപയോഗിക്കുമ്പോള്‍ അവ കൊണ്ടുവരുന്നതിനു് ആവശ്യമായ ഊര്‍ജ്ജം മാത്രം മതിയല്ലോ. മറ്റു വസ്തുക്കളുടെ കാര്യത്തില്‍ കൊണ്ടുവരുന്നതിനു പുറമെ അവ ഉല്‍പ്പാദിപ്പിക്കുന്നതിനും ഊര്‍ജ്ജം വേണ്ടിവരുന്നു. അക്കൂട്ടത്തില്‍ ഇഷ്ടികയുടെ ഉല്പാദനത്തിനാണു് ഏറ്റവും കുറച്ചു് ഊര്‍ജ്ജം ആവശ്യമുള്ളതു്. സിമന്റ്, ഇരുമ്പു് (കമ്പി), തുടങ്ങിയവയുടെ ഉല്പാദനത്തിനു് ആവശ്യമായ ഊര്‍ജ്ജം ഇനിയും കൂടുതലാണു്. നാമിവിടെ പരക്കെ ഉപയോഗിക്കുന്ന കെട്ടിടനിര്‍മ്മാണ വസ്തുക്കളില്‍ ഏറ്റവും കൂടുതല്‍ ഊര്‍ജ്ജം ആവശ്യമുള്ളതു് അലുമിനിയവും ഗ്ലാസും നിര്‍മ്മിക്കാനാണു്. സിമന്റും കമ്പിയും എല്ലാം ഫാക്ടറിയില്‍ നിന്നു് പണിസ്ഥലത്തു് എത്തിക്കുന്നതിനും ധാരാളം ഊര്‍ജ്ജം ആവശ്യമാണു്. ഊര്‍ജ്ജം അധികം വേണ്ട വസ്തുക്കളുടെ ഉപയോഗമാണു് വര്‍ദ്ധിച്ചു വരുന്നതും. ഇത്തരം വസ്തുക്കളുടെ ഉപഭോഗം കുറയ്ക്കുക എന്നതു് പ്രധാനമായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. മഴയില്‍ നിന്നും വെള്ളത്തില്‍ നിന്നും സംരക്ഷണം നല്‍കിയാല്‍ വെറും മണ്ണു് തന്നെ നല്ലൊരു കെട്ടിടനിര്‍മ്മാണ വസ്തുവാണു്. ബാംഗ്ലൂരിലെ ടിപ്പുവിന്റെ കോട്ട 1537ല്‍ കെംപെഗൌഡ മണ്ണില്‍ തീര്‍ത്തതാണു് എന്നോര്‍ക്കണം.

ആഗോളതാപനത്തിന്റെയും കാലാവസ്ഥാവ്യതിയാനത്തിന്റെയും സാഹചര്യത്തില്‍ പല വികസിത രാഷ്ട്രങ്ങളും അവര്‍ വിസര്‍ജ്ജിക്കുന്ന കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവു് കുറയ്ക്കാന്‍ ശ്രമിക്കുന്നുണ്ടു്. അതിനു് ഊര്‍ജ്ജത്തിന്റെ ഉപഭോഗം കുറയ്ക്കേണ്ടതുണ്ടു്. ഇതേക്കുറിച്ചു് ബോധ്യമുള്ള ആര്‍ക്കിടെക്‌ടുകള്‍ ഊര്‍ജ്ജം അധികം ആവശ്യമില്ലാത്ത വസ്തുക്കള്‍ ഉപയോഗിച്ചുകൊണ്ടു് നല്ല കെട്ടിടങ്ങള്‍ എങ്ങനെ നിര്‍മ്മിക്കാമെന്നു് പഠിക്കുകയും അതു് പ്രയോഗത്തില്‍ വരുത്തുകയും ചെയ്യുന്നുണ്ടു്. കെട്ടിടനിര്‍മ്മാണവസ്തുക്കളില്‍ വെച്ചു് ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ഡയോക്സൈഡ് പുറത്തുവിടുന്നതിനു് കാരണമാകുന്നതു് സിമന്റിന്റെയും അലുമിനിയത്തിന്റെയും നിര്‍മ്മാണമാണത്രെ. അതുകൊണ്ടു് കെട്ടിടത്തില്‍ ഇവയുടെ ഉപയോഗം കഴിയുന്നത്ര കുറയ്ക്കേണ്ടതു് ആവശ്യമാണു്. അതുപോലെ കെട്ടിടനിര്‍മ്മാണവസ്തുക്കള്‍ വാഹനങ്ങളില്‍ കയറ്റി പണിസ്ഥലത്തെത്തിക്കുമ്പോഴും ധാരാളം കാര്‍ബണ്‍ ഡയോക്സൈഡ് ഉല്പാദിപ്പിക്കുന്നുണ്ടു്. അതുകൊണ്ടു് ഏറ്റവും അടുത്തു് ലഭിക്കുന്ന വസ്തുക്കളാണു് കഴിവതും കെട്ടിടനിര്‍മ്മാണത്തിനു് ഉപയോഗിക്കേണ്ടതു്. ഇങ്ങനെ ശ്രദ്ധയോടെ രൂപകല്പന ചെയ്തു് നിര്‍മ്മിക്കുന്ന കെട്ടിടങ്ങളുടെ നിര്‍മ്മാണച്ചെലവും അവ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന ചെലവുകളും (വൈദ്യുതിച്ചെലവും മറ്റും) കുറവാണെന്നാണു് അവരുടെ അനുഭവങ്ങള്‍ കാണിക്കുന്നതു്. ഈ ശ്രമങ്ങളേപ്പറ്റി നമ്മള്‍ മനസിലാക്കുകയും നമ്മുടെ നാട്ടിലും ഇത്തരം ശ്രമങ്ങള്‍ നടക്കുകയും വേണം.

പാശ്ചാത്യ മാതൃകകള്‍ പിന്‍തുടരുന്ന ഡിസൈനുകള്‍ ഇന്നു നമ്മുടെ നാട്ടില്‍ ധാരാളമായി കാണാം. താരതമ്യേന തണുപ്പു കൂടുതലുള്ള രാജ്യങ്ങളിലെ മാതൃകകളാണു് നമ്മള്‍ സ്വീകരിക്കുന്നതു്. ഇവ നമ്മുടെ കാലാവസ്ഥയ്ക്കു് തീരെ യോജിച്ചതല്ല. പുറമെ നിന്നു് തണുപ്പു് അകത്തു കടക്കാതിരിക്കാനായിട്ടാണു് അവര്‍ കെട്ടിടങ്ങള്‍ രൂപകല്പന ചെയ്തിട്ടുള്ളതു്. അതുകൊണ്ടു് വായുസഞ്ചാരം തീരെ കുറയ്ക്കുന്ന രീതിയിലാണു് അവരുടെ ഡിസൈനുകള്‍. എന്നാല്‍ നമ്മുടെ കാലാവസ്ഥയില്‍ അത്തരം രൂപകല്പനയല്ല ആവശ്യം. കഴിയുന്നത്ര കാറ്റും വെളിച്ചവും അകത്തു കടക്കുന്ന രീതിയിലുള്ള കെട്ടിടങ്ങളാണു് നമ്മുടെ നാട്ടില്‍ വേണ്ടതു്. ചുടുകാലത്തു് നമുക്കു് അതാണാവശ്യം. മഴക്കാലത്താണെങ്കില്‍ വലിയ ചുടോ തണുപ്പോ നമുക്കു് നേരിടേണ്ടതില്ല. മറിച്ചു് വെള്ളം കെട്ടി നിന്നു് പ്രശ്നമുണ്ടാക്കാതിരിക്കണം. അതിനു് പരന്ന മേല്‍ക്കൂരയേക്കാള്‍ നല്ലതു് പഴയ രീതിയിലുള്ള ചെരിഞ്ഞ മേല്‍ക്കൂരതന്നെയാണു്. വേനല്‍ക്കാലത്തു് ചുടു് നിയന്ത്രിക്കാനും ഇതു് സഹായിക്കും. നമ്മുടെ ചില കെട്ടിടങ്ങളാണെങ്കില്‍, ഒരു കാരണവുമില്ലാതെ, എയര്‍കണ്ടീഷന്‍ ചെയ്യാന്‍വേണ്ടി രൂപകല്പന ചെയ്തവയാണു്. തല്‍ഫലമായി കുറച്ചു സമയം വൈദ്യുതിയില്ലെങ്കില്‍ അവയ്ക്കുള്ളിലിരിക്കുന്നതു് അസഹനീയമായിത്തീരുന്നു.

ഏതു രാജ്യത്തും ഉല്പാദിപ്പിക്കുന്ന ഊര്‍ജ്ജത്തിന്റെ പകുതിയും ഉപയോഗിക്കുന്നതു് കെട്ടിടങ്ങളിലാണത്രെ. നമ്മുടെ പല കെട്ടിടങ്ങളുടെയും രൂപകല്പന അധികമായി ഊര്‍ജ്ജം ഉപയോഗിക്കുന്നതിനു് നമ്മെ നിര്‍ബന്ധിക്കുന്ന തരത്തിലാണു്. ഇത്രയധികം സൂര്യപ്രകാശം ലഭിക്കുന്ന നമ്മുടെ നാട്ടിലെ പല കെട്ടിടങ്ങള്‍ക്കുള്ളിലും പകലു പോലും വിളക്കു വേണ്ടിവരുന്നുണ്ടല്ലോ. പുറമെ നല്ല കാറ്റുണ്ടെങ്കില്‍ പോലും കെട്ടിടത്തിനുള്ളില്‍ ഫാനില്ലാതെ പറ്റില്ല. പല വീടുകളിലും ഇന്നു് എയര്‍കണ്ടീഷനറുകള്‍ ഉപയോഗിക്കുന്നുണ്ടു്. ഇതെല്ലാം കെട്ടിടത്തിന്റെ രൂപകല്പനയിലെ പോരായ്മകളായി കാണാവുന്നതാണു്. കെട്ടിടങ്ങള്‍ രൂപകല്പന ചെയ്യുന്ന സമയത്തു് അല്പം ശ്രദ്ധിച്ചാല്‍ ഇത്തരത്തില്‍ ഊര്‍ജ്ജം വൃഥാ ചെലവഴിക്കേണ്ടി വരുന്നതു് കുറയ്ക്കാനെങ്കിലും കഴിയും.

അടുത്ത കാലത്താണു് കേരള സമൂഹം ഒറ്റക്കെട്ടായി നിന്നുകൊണ്ടു് വൈദ്യുത ഉപഭോഗം കുറയ്ക്കാനും അതിന്റെ ഫലമായി ലോഡ് ഷെഡിങ്ങും പവര്‍ കട്ടും ഒഴിവാക്കാനും കഴിഞ്ഞതു്. വൈദ്യുതിയാണെങ്കിലും മറ്റുതരത്തിലുള്ള ഊര്‍ജ്ജമാണെങ്കിലും ലഭിക്കാന്‍ ഭാവിയില്‍ കൂടുതല്‍ ബുദ്ധിമുട്ടാവും. അതുകൊണ്ടു് കഴിയുന്നത്ര പരമ്പരാഗത ഊര്‍ജ്ജ സ്രോതസ്സുകളെ ആശ്രയിക്കേണ്ടി വരാത്ത ഒരു ജീവിതരീതി കണ്ടെത്താന്‍ നമ്മള്‍ ശ്രമിക്കേണ്ടതുണ്ടു്.

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)

3 comments:

ഉപ്പായി || UppaYi said...

ഇതു നമ്മള്‍ തന്നെ ശരി ആക്കണ്‍ട ഒരു പ്രശ്നം ആണ്...
നല്ല എഴുത്തായിരുന്നു.....ബോധവല്‍ക്കരണഅം തന്നെ ഒരു മാര്‍ഗ്ഗം ..
പരിശ്രമിക്കുക തന്നെ..

Manoj മനോജ് said...

“ആഗോളതാപനത്തിന്റെയും കാലാവസ്ഥാവ്യതിയാനത്തിന്റെയും സാഹചര്യത്തില്‍ പല വികസിത രാഷ്ട്രങ്ങളും അവര്‍ വിസര്‍ജ്ജിക്കുന്ന കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവു് കുറയ്ക്കാന്‍ ശ്രമിക്കുന്നുണ്ടു്. അതിനു് ഊര്‍ജ്ജത്തിന്റെ ഉപഭോഗം കുറയ്ക്കേണ്ടതുണ്ടു്.“
കാര്‍ബണ്‍ ഡൈ ഓക്സൈഡ് കുറച്ചാല്‍ ചൂട് കുറയുമെന്ന് തറപ്പിച്ച് പറയുവാന്‍ കഴിയുമോ? കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് കൂടിയിട്ടും എന്ത് കൊണ്ട് 2005ന് ശേഷം താപനിലയില്‍ കുറവ് വരുന്നു? 2009ല്‍ കഴിഞ്ഞ വര്‍ഷത്തേയ്ക്കാള്‍ ചൂട് കുറവായിരിക്കുമെന്നാണ് പറയുന്നത്! എന്നാല്‍ കാര്‍ബണിന്റെ ഉപയോഗം ഒട്ടും കുറയുകയുമില്ല!

വെസ്റ്റെണൈസേഷന് പുറകേ പോകാതെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ കെട്ടിടങ്ങളാണ് വേണ്ടതെന്ന് ബെക്കര്‍ കാട്ടി തന്ന് കഴിഞ്ഞല്ലോ. പക്ഷേ നമുക്ക് ജാഡകാട്ടാതിരിക്കുവാന്‍ കഴിയില്ലല്ലോ...

V. Sasi Kumar said...

കാലാവസ്ഥാ വ്യതിയാനം ഇന്നലെയും ഇന്നുമായി ഉണ്ടാകുന്നതല്ല. വര്‍ഷങ്ങള്‍ കൊണ്ടാണു് മാറ്റമുണ്ടാകുന്നതു്. പണ്ടു് പള്ളിക്കൂടത്തിലെ ഒരു അധ്യാപകന്‍ പറഞ്ഞഥോര്‍ക്കുന്നു, "നിങ്ങളും ഞാനും തമ്മില്‍ എന്താണു് വ്യത്യാസേ? കുരങ്ങു് പരിണമിച്ചാണു് മനുഷ്യന്‍ ഉണ്ടായതു് എന്നു പറയുന്നതു് ശുദ്ധ അബദ്ധമല്ലേ?"

അതേ സമയം കാലാവസ്ഥാവ്യതിയാനത്തിന്റെ വാസ്തവികതയേപ്പറ്റി ചില ശാസ്ത്രജ്ഞര്‍ സംശയങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ടു്. അതു് എത്രമാത്രം ശരിയാണു് എന്നു് പറയാനാകുന്നില്ല. എന്തായാലും ഒരു കാര്യം വ്യക്തമാണെന്നു തോന്നുന്നു. മനുഷ്യന്‍ കുറച്ചു് സംയമനത്തോടെ പെരുമാറുന്നതാണു് നല്ലതു് -- കാലാവസ്ഥാവ്യതിയാനത്തിന്റെ സത്യാവസ്ഥ മനസിലാകുന്നതു വരെയെങ്കിലും. അതു് യഥാര്‍ത്ഥമാണെങ്കില്‍ തിരിച്ചു വരാനാകാത്ത ഒരു അവസ്ഥയില്‍ എത്തിച്ചേരരുതല്ലോ.