ഭൂമിയും സൌരയൂഥവും ഉണ്ടായതു് ഏതാണ്ടു് 460 കോടി വര്‍ഷം മുമ്പായിരിക്കണം എന്നു് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ഭൂമിയില്‍ ജീവനുണ്ടായിട്ടു് ഏതാണ്ടു് 300-400 കോടി വര്‍ഷം ആയിട്ടുണ്ടാവണം. ആദ്യമുണ്ടായതു് ജലത്തില്‍ ജീവിക്കുന്ന ചില സൂക്ഷ്മജീവികള്‍ ആയിരിക്കണം. ഇവയെങ്ങനെ ഉണ്ടായി എന്നതു് കൃത്യമായി മനസിലാക്കാനായിട്ടില്ല. എങ്കിലും, ഭൂമിയിലുണ്ടായിരുന്ന ചില രാസവസ്തുക്കള്‍ മിന്നലിന്റെയും മറ്റും ഫലമായി കൂടിച്ചേര്‍ന്നു് കൂടുതല്‍ സങ്കീര്‍ണ്ണമായ ജൈവ രാസപദാര്‍ത്ഥങ്ങള്‍ ഉണ്ടായി എന്നും കടലില്‍ കലങ്ങിയ ഇവയില്‍ നിന്നും അനേകം നൂറ്റാണ്ടുകളിലൂടെ ജീവന്റെ പ്രാഥമിക തന്മാത്രകളുണ്ടായി എന്നും കരുതപ്പെടുന്നു. എന്നാല്‍ സൂക്ഷ്മ ജൈവരൂപങ്ങള്‍ ബഹിരാകാശത്തുനിന്നു് എത്തിച്ചേര്‍ന്നു എന്നു കരുതുന്ന ശാസ്ത്രജ്ഞരുമുണ്ടു്. ഇത്രയധികം വൈരുദ്ധ്യം നിലനില്ക്കുന്നതു് തന്നെ നമുക്കു് ഈ പ്രക്രിയ നന്നായി മനസിലാക്കാനായിട്ടില്ല എന്നതിന്റെ തെളിവാണു്.
ആദ്യകാലത്തെ ജീവജാലങ്ങള്‍ കടലില്‍ ആയിരുന്നിരിക്കണം ഉണ്ടായതു് എന്ന കാര്യത്തില്‍ വലിയ തര്‍ക്കമില്ല. അന്നത്തെ അന്തരീക്ഷത്തില്‍ ഓക്സിജന്‍ തീരെ ഇല്ലായിരുന്നതുകൊണ്ടും കാര്‍ബണ്‍ ഡയോക്സൈഡ് ധാരാളം ഉണ്ടായിരുന്നതുകൊണ്ടും കാര്‍ബണ്‍ ഡയോക്സൈഡ് ശ്വസിച്ചു് ഓക്സിജന്‍ പുറന്തള്ളുന്ന സൂക്ഷ്മജീവികള്‍ ആയിരിക്കണം ആദ്യമുണ്ടായതു്. അവയാണു് ഇന്നു കാണുന്ന ജീവജാലങ്ങള്‍ക്കു് ജീവിക്കാന്‍ ഉതകുന്ന തരത്തില്‍ ഓക്സിജന്‍ ധാരാളമുള്ള അന്തരീക്ഷം സൃഷ്ടിക്കാന്‍ സഹായിച്ചതു്. പിന്നീടു് ചെടികളും സങ്കീര്‍ണ്ണമായ മറ്റു ജീവികളും ഉത്ഭവിച്ചു. കരയില്‍ ചെടികളും ആദ്യകാലജന്തുക്കളും ഉണ്ടായതു് ഏതാണ്ടു് 48 കോടി വര്‍ഷം മുമ്പായിരിക്കണം. ഏതാണ്ടു് 37 കോടി വര്‍ഷങ്ങള്‍ക്കും 36 കോടി വര്‍ഷങ്ങള്‍ക്കും ഇടയ്ക്കായിരിക്കണം എല്ലുള്ള ജീവികളുണ്ടായതു്. അവയില്‍നിന്നു് പരിണമിച്ചാണു് മനുഷ്യനും ഇന്നു കാണുന്ന മറ്റു പല ജീവികളും ഉണ്ടായതു്.
ഏതാണ്ടു് മൂന്നു കോടി വര്‍ഷങ്ങള്‍ക്കു മുമ്പു് ആഫ്രിക്കയിലും ദക്ഷിണേഷ്യയിലും ഒഴിച്ചു് ബാക്കിയെല്ലാ പ്രദേശങ്ങളിലെയും പ്രൈമേറ്റുകള്‍ (മനുഷ്യനും കുരങ്ങനും അടങ്ങുന്ന കുടുംബം) വംശനാശത്തിനു് ഇരയായി. പിന്നീടു്, ഏതാണ്ടു് ഒന്നേമുക്കാല്‍ കോടി വര്‍ഷം മുമ്പു്, ആയിരിക്കണം ഹോമിനിഡുകള്‍ എന്നറിയപ്പെടുന്ന വര്‍ഗം ആഫ്രിക്കയില്‍നിന്നു് യൂറോപ്പിലേക്കു് കുടിയേറിയതു്. മെഡിറ്ററേനിയന്‍ കടല്‍ വികസിച്ചു് ആഫ്രിക്കയും യൂറോപ്പും തമ്മില്‍ വേര്‍പെടുന്നതിനു് മുമ്പായിരിക്കണം ഇതുണ്ടായതു്. മനുഷ്യനും ചിംപന്‍സിയും ഒരേ ശാഖയില്‍ നിന്നു് ഉരുത്തിരിഞ്ഞതാണു് എന്നാണു് ശാസ്ത്രജ്ഞര്‍ കരുതുന്നതു്. അവര്‍ വഴി പിരിഞ്ഞതു് ഏതാണ്ടു് 50 - 70 ലക്ഷം വര്‍ഷം മുമ്പു് ആയിരിക്കണം. പക്ഷെ അപ്പോഴും ഇന്നു കാണുന്ന രൂപത്തിലുള്ള മനുഷ്യന് ഉണ്ടായിരുന്നില്ല. ചിംപന്‍സികളുമായി വഴി പിരിഞ്ഞ ശേഷം ഉണ്ടായ ഒരു ശാഖയില്‍ നിന്നാണു് മനുഷ്യനും ഗോറില്ലകളും ഉണ്ടായതു്.
മനുഷ്യന്റെ ശാഖയിലെ ആദ്യത്തെ വര്‍ഗം എന്നു പറയപ്പെടുന്നതു് ആസ്ട്രേലോപിത്തെക്കസ് എന്നു പേരുള്ള ഒന്നാണു്. ഏതാണ്ടു് 25 ലക്ഷം വര്‍ഷം മുമ്പായിരിക്കണം കല്ലുകൊണ്ടുണ്ടാക്കിയ പണിയായുധങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയതു്. അക്കാലത്തു് ഈ ശാഖയിലെ ജന്തുക്കളുടെ തലച്ചോറു് ചെറുതായിരുന്നു എന്നാണു് ഫോസിലുകള്‍ സൂചിപ്പിക്കുന്നതു്. എന്നാല്‍ അതിന്റെ ഏതാണ്ടു് നാലിരട്ടി വലുപ്പമുണ്ടു് ഇന്നു് മനുഷ്യന്റെ തലച്ചോറിനു്. ഇക്കാലത്തിനിടയ്ക്കുള്ള ഫോസിലുകളില്‍ നിന്നു് കാലം കഴിയുന്നതനുസരിച്ചു് തലച്ചോറിന്റെ വലുപ്പം കൂടി വരുന്നതു് നമുക്കു് കാണാനാകും. തലച്ചോറിന്റെ വലുപ്പം ബുദ്ധിശക്തിയുടെ സൂചനയാണു് എന്നാണു് കരുതപ്പെടുന്നതു്. ജന്തുശാസ്ത്രം നയിക്കുന്ന പരിണാമത്തില്‍ നിന്നു് ബുദ്ധിശക്തി നയിക്കുന്ന പരിണാമത്തിലേക്കുള്ള മാറ്റമാണു് ഇവിടെ കാണുന്നതു് എന്നു പറയാം.
പിന്നീടുള്ള മനുഷ്യന്റെ പരിണാമത്തെപ്പറ്റി രണ്ടു് തര്‍ക്കങ്ങള്‍ നിലനില്ക്കുന്നുണ്ടു്. ആഫ്രിക്കയിലുണ്ടായിരുന്ന മനുഷ്യരൂപമുള്ള ചെറിയൊരു കൂട്ടത്തില്‍ നിന്നു് പരിണമിച്ചു് ഏതാണ്ടു് രണ്ടു ലക്ഷം വര്‍ഷം മുമ്പു് ലോകത്തിലെ മറ്റു ദിക്കുകളിലേക്കു് കുടിയേറി അവിടെ ആധിപത്യം സ്ഥാപിക്കുകയായിരുന്നോ, അതോ ലോകത്തു പലയിടത്തും പ്രത്യേകമായി ഉത്ഭവിക്കുകയായിരുന്നോ എന്നതാണു് ഒരു തര്‍ക്കം. ഏതാണ്ടു് ഒരു ലക്ഷം വര്‍ഷം മുമ്പു്, ഫോസിലുകളില്‍ ദൃശ്യമല്ലാത്ത സിരാവ്യൂഹത്തില്‍ വന്ന മാറ്റങ്ങള്‍ കാരണമാവാം, ബുദ്ധിപരവും സാംസ്ക്കാരികവും സാങ്കേതികവുമായ ഒരു കുതിച്ചുചാട്ടം മനുഷ്യനില്‍ സംഭവിച്ചോ എന്നതാണു് മറ്റൊരു തര്‍ക്കം. ഈ തര്‍ക്കങ്ങള്‍ നിലനില്ക്കുമ്പോള്ത്തന്നെ മനുഷ്യരാശിയുടെ മാതാവായി ഏത്തിയോപ്പിയയില്‍ കണ്ടെത്തിയ, ലൂസി എന്ന ഓമനപ്പേരില്‍ വിളിക്കുന്ന, ഒരു ഫോസിലിനെ ചിത്രീകരിക്കാറുണ്ടു്. കുരങ്ങന്മാരുടേതു പോലെ ചെറിയ തലയുള്ള, എന്നാല്‍ മനുഷ്യരെപ്പോലെ രണ്ടുകാലില്‍ നടന്നിരുന്ന, ഈ സ്ത്രീ ഏതാണ്ടു് 32 ലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പു് ജീവിച്ചിരുന്നു എന്നു് കരുതുന്നു. ബുദ്ധി വികസിക്കുന്നതിനു മുമ്പുതന്നെ രണ്ടു കാലില്‍ നടക്കുന്ന ശീലം ആരംഭിച്ചിരുന്നു എന്നു് ലൂസി തെളിയിക്കുന്നു. ലൂസിയെ ശാസ്ത്രീയമായി ആസ്ട്രേലോപിത്തെക്കസ് അഫാറെന്‍സിസ് Australopithecus afarensis എന്നാണു് വിളിക്കുന്നതു്.
വളരെക്കാലത്തേക്കു് ലൂസിയെ മനുഷ്യരാശിയുടെ മുതുമുത്തശ്ശിയായി കരുതിയിരുന്നു. ഒരുപക്ഷെ ഇത്രയും പഴക്കമുള്ള, എന്നാല്‍ ഇത്ര ഭംഗിയായി സംരക്ഷിക്കപ്പെട്ട മറ്റൊരു ഫോസില്‍ കണ്ടെത്തിയിരുന്നില്ല എന്നതായിരിക്കാം ലൂസിയോടുണ്ടായിരുന്ന സ്നേഹത്തിനു പിന്നിലുള്ള ഒരു കാരണം. ലൂസിയുടെ അസ്ഥിപഞ്ചരത്തിന്റെ ഏതാണ്ടു് നാല്പതു് ശതമാനത്തോളം ഭാഗം നല്ല രൂപത്തില്‍ തന്നെ ലഭിച്ചു. അതു് കണ്ടെത്തിയതിന്റെ പിന്നിലും രസകരമായ കഥയുണ്ടു്. രണ്ടു തവണ പരിശോധിച്ചു് ഫോസിലുകളില്ല എന്നു് തീരുമാനിച്ച ഒരു പ്രദേശത്തു് അകാരണമായ ഒരു വിളിപ്പാടിന്റെ ഫലമായി എന്നപോലെ നടത്തിയ തിരച്ചിലില്‍ ആണു് ലൂസിയുടെ ഫോസില്‍ കഷണങ്ങള്‍ ലഭിച്ചതു്. പ്രശസ്ത പുരാവസ്തു ഗവേഷകയും നരവംശശാസ്ത്രജ്ഞയുമായിരുന്ന മേരി ലീക്കി അടങ്ങിയ സംഘത്തിലുണ്ടായിരുന്ന ഡോണാള്‍ഡ് ജോഹാന്‍സണ്‍ എന്ന അമേരിക്കന്‍ നരവംശശാസ്ത്രജ്ഞനും അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥിയായിരുന്ന ടോം ഗ്രേയും ആണു് ലൂസിയുടെ ഭാഗങ്ങള്‍ കണ്ടതു്. ഒരു പ്രദേശം പരിശോധിച്ചശേഷം തിരിച്ചു് ജീപ്പിലേക്കു് നടക്കുന്നതിനിടയ്ക്കു് വെറുതെ ഒരു താഴ്ന്ന പ്രദേശം, അതു് മുമ്പു് ടീമിലെ അംഗങ്ങള്‍ പരിശോധിച്ചതാണെങ്കിലും, ഒന്നുകൂടി പരിശോധിച്ചു് തിരികെ പോകാന്‍ തുടങ്ങുമ്പോഴാണു് ഒരു എല്ലിന്റെ അറ്റത്തിന്റെ ഫോസില്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടതു്. 1974 നവംബര്‍ 24നായിരുന്നു ഈ സുപ്രധാനമായ കണ്ടുപിടിത്തം നടന്നതു്. എന്നാല്‍ ഇരുപതു് വര്‍ഷം കഴിഞ്ഞപ്പോള്‍ ലൂസിയെ സ്ഥാനഭ്രഷ്ടയാക്കുന്ന മറ്റൊരു കണ്ടുപിടിത്തമുണ്ടായി.
ഒക്ടോബര്‍ 2009ലാണു് പുതിയ കണ്ടെത്തലിനെ കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടായതെങ്കിലും 1994ലാണു് കണ്ടുപിടിത്തം നടന്നതായി അവര്‍ അവകാശപ്പെടുന്നതു്. എത്തിയോപ്പിയയിലെ അഫാര്‍ താഴ്ച എന്ന സ്ഥലത്തു നിന്നു കണ്ടെത്തിയ ആര്‍ഡിപിത്തെക്കസ് രാമിഡസ് (Ardipithecus ramidus) എന്നു പേരിട്ടിരിക്കുന്ന ജന്തുവിന്റെ ഫോസിലാണു് ലൂസിയെ സ്ഥാനഭ്രഷ്ടയാക്കിയിരിക്കുന്നതു്. രണ്ടു കാലില്‍ നടക്കുകയും കുരങ്ങന്റെയും മനുഷ്യന്റെയും ശാരീരിക സ്വഭാവങ്ങള്‍ കാണിക്കുകയും ചെയ്യുന്ന ആര്‍ഡിപിത്തെക്കസ് ഏതാണ്ടു് 44 ലക്ഷം വര്‍ഷം മുമ്പായിരിക്കണം ജീവിച്ചിരുന്നതു്. ആര്‍ഡി എന്നു പേരിട്ടിരിക്കുന്ന ഈ വ്യക്തിക്ക് ഏതാണ്ടു് 120 സെന്റിമീറ്റര്‍ ഉയരവും 50 കിലോഗ്രാം ഭാരവും ഉണ്ടായിരുന്നിരിക്കണം എന്നു കണക്കാക്കുന്നു. ആര്‍ഡിയുടെ അസ്ഥിപഞ്ചരത്തിന്റെ ഭാഗങ്ങള്‍ കൂടാതെ ആര്‍ഡിപിത്തെക്കസ് വര്‍ഗത്തിലെതന്നെ മറ്റു ചില വ്യക്തികളുടെ ഏതാനും എല്ലുകളുടെ ഫോസിലുകളും ലഭിച്ചിട്ടുണ്ടു്. ബര്‍ക്കിലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ പ്രവര്‍ത്തിയെടുക്കുന്ന ടിം വൈറ്റ് എന്ന നരവംശശാസ്ത്രജ്ഞന് നയിച്ച സംഘമാണു് ആദ്യത്തെ ആര്‍ഡിപിത്തെക്കസ് രാമിഡസ് ഫോസില്‍ കണ്ടെത്തിയതു്.
ഇതോടെ മനുഷ്യന്റെ ഉത്ഭവത്തിന്റെ വഴി വ്യക്തമായി എന്നു കരുതാനാവില്ല. എന്നെങ്കിലും പൂര്‍ണ്ണമായി മനസിലാകുമോ? പറയാനാവില്ല. കാലം കഴിയുംതോറും പുതിയ അറിവുകള്‍ ലഭിക്കാം. നമ്മുടെ ധാരണകള്‍ തിരുത്തിക്കുറിക്കേണ്ടി വരാം. പ്രപഞ്ചത്തിന്റെയോ ജീവന്റെയോ ഉത്ഭവത്തെപ്പറ്റി എന്നെങ്കിലും എല്ലാം അറിയാനാവുമോ? പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ ഒരു യൂറോപ്യന്‍ ശാസ്ത്രജ്ഞന് ശാസ്ത്രം തീര്‍ന്നു എന്നു പ്രഖ്യാപിച്ചുവത്രെ. നമുക്കു് പ്രഞ്ചം മുഴുവനും മനസിലായിക്കഴിഞ്ഞു, ഇനി പെട്ടെന്നു തന്നെ മനസിലക്കാനാവുന്ന അല്പം ചില സംശയങ്ങള്‍ മാത്രമെ ബാക്കി നില്‍ക്കുന്നുള്ളൂ എന്നാണദ്ദേഹം പറഞ്ഞതു്. ഭൌതികശാസ്ത്രത്തെപ്പറ്റി ആയിരുന്നു പ്രസ്താവന. എന്നാല്‍ തുടര്‍ന്നുള്ള ഏതാനും വര്‍ഷങ്ങള്‍ക്കുള്ളിലാണു് ഭൌതികശാസ്ത്രത്തില്‍ വിപ്ലവം സൃഷ്ടിച്ചുകൊണ്ടു് രണ്ടു പുതിയ സിദ്ധാന്തങ്ങള്‍ പ്രത്യക്ഷമായതു് -- ക്വാണ്ടം ബലതന്ത്രവും ഐന്‍സ്റ്റൈന്റെ ആപേക്ഷികതാ സിദ്ധാന്തവും. മനുഷ്യനു് എല്ലാ കാര്യങ്ങളും നന്നായി മനസിലാക്കാനായിട്ടുണ്ടു് എന്ന വിശ്വാസം പലപ്പോഴും വഴിതെറ്റിക്കുന്നതാണു്. നമുക്കു് സങ്കല്പിക്കാന് പോലും കഴിയാത്തത്ര സങ്കീര്‍ണ്ണമായിരിക്കാം നമ്മുടെ പ്രപഞ്ചം.
(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് \eng by-sa \mal ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)
No comments:
Post a Comment