Friday, March 20, 2009

കാലാവസ്ഥാവ്യതിയാനവും നമ്മളും

(തേജസ് എന്ന പത്രത്തിന്റെ 2009 മാര്‍ച്ച് 19ലെ ലക്കത്തില്‍ നാലാം പേജില്‍ പ്രസിദ്ധീകരിച്ച ലേഖനം)

ഇന്നു് ലോകത്താകമാനം ചര്‍ച്ചചെയ്യപ്പെടുന്ന ഒരു വിഷയമാണല്ലോ കാലാവസ്ഥാവ്യതിയാനം. മനുഷ്യരുടെ പ്രവൃത്തികളുടെ ഫലമായുണ്ടാകുന്ന കാലാവസ്ഥാമാറ്റങ്ങളാണു് ആ വാക്കുകൊണ്ടു് പ്രധാനമായി ഉദ്ദേശിക്കുന്നതു്. പെട്രോളിയം കത്തിക്കുകയും കാടുവെട്ടിത്തെളിക്കുകയും മറ്റും ചെയ്യുന്നതിലൂടെ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവു് വര്‍ദ്ധിക്കുന്നു. ഇതു്, ഒരു കമ്പിളിപ്പുതപ്പുപോലെ, ചൂടു് പുറത്തേക്കു് പോകുന്നതു് തടയുന്നു. അങ്ങനെ അന്തരീക്ഷത്തിന്റെ താപനില വര്‍ദ്ധിക്കുന്നുണ്ടത്രെ. ഇതിനു് ഭൌമതാപനം എന്നു പറയുന്നു. കാര്‍ബണ്‍ ഡയോക്സൈഡ് കൂടാതെ നീരാവി, മീഥെയ്ന്‍, ഓസോണ്‍ തുടങ്ങിയ, ഹരിതഗൃഹവാതകങ്ങള്‍ എന്നറിയപ്പെടുന്ന, ചില വാതകങ്ങള്‍ക്കും ഈ സ്വഭാവമുണ്ടു്. ഇക്കൂട്ടത്തില്‍ ഭൌമതാപനത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ടതു് കാര്‍ബണ്‍ ഡയോക്സൈഡാണു്. ഭൂമിയിലെല്ലായിടത്തും ജീവനാവശ്യമായ ചൂടു് നിലനിര്‍ത്തണമെങ്കില്‍ ഈ വാതകങ്ങള്‍ ആവശ്യവുമാണു്. എന്നാല്‍ , ``അധികമായാല്‍ അമൃതും വിഷം'' എന്നു പറയാറുള്ളതുപോലെ, ഹരിതഗൃഹവാതകങ്ങളുടെ അളവു് അധികമായാല്‍ അന്തരീക്ഷത്തിന്റെ ചൂടും കൂടും. ഇതാണു് കാലാവസ്ഥാവ്യതിയാനത്തിലേക്കു് നയിക്കുന്നതത്രെ.

ഭൌമതാപനം സംഭവിക്കുന്നതു് സാവധാനത്തിലാണത്രെ. പക്ഷെ, ഭൂമിയുടെ ശരാശരി താപനില വര്‍ദ്ധിക്കുന്നതു് കൂടുതല്‍ വേഗത്തിലായിക്കൊണ്ടിരിക്കയാണെന്നു് പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ടു്. ഉദാഹരണമായി, കഴിഞ്ഞ ഏതാണ്ടു് നൂറു വര്‍ഷങ്ങളില്‍ ഭൂമിയുടെ അന്തരീക്ഷത്തിന്റെ താപനില വര്‍ദ്ധിച്ചതിനേക്കാള്‍ ഇരട്ടിയോളം വേഗത്തിലാണു് കഴിഞ്ഞ അമ്പതു് വര്‍ഷമായി ചൂടു കൂടുന്നതു്. ഒന്നര നൂറ്റാണ്ടോളമായി ഭൂമിയില്‍ പലയിടത്തും താപനില അളക്കുന്നതില്‍നിന്നു് വ്യക്തമാകുന്ന കാര്യങ്ങളാണിതു്. ഭൌമതാപനമുണ്ടാകുന്നതു് മനുഷ്യരുടെ പ്രവൃത്തികള്‍ മൂലമാണെന്നതിനു് വലിയ സംശയമൊന്നും ഇപ്പോള്‍ അവശേഷിക്കുന്നില്ല.

അന്തരീക്ഷത്തിന്റെ താപനില വര്‍ദ്ധിക്കുന്നതു് മറ്റു പലതിനെയും ബാധിക്കുന്നുണ്ടു് എന്നു് വ്യക്തമായിട്ടുണ്ടു്.. അവയില്‍ പ്രധാനപ്പെട്ട ചിലവയാണു് കടല്‍നിരപ്പുയരുക, ആകെ ലഭിക്കുന്ന മഴയുടെ അളവു് കുറയുക, ശക്തമായ മഴയും കഠിനമായ വരള്‍ച്ചയും കൂടുതലുണ്ടാകുക, സമുദ്രജലത്തിന്റെ അമ്ലത കൂടുക, തുടങ്ങിയവ. കാലാവസ്ഥാവ്യതിയാനത്തേപ്പറ്റി പഠിക്കാന്‍ നിയോഗിച്ച അന്തര്‍സര്‍ക്കാര്‍ സമിതിയുടെ (Intergovernmental Panel on Climate Change, IPCC) നാലാമത്തെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു് ഇക്കാര്യങ്ങളിവിടെ എഴുതുന്നതു്.

അന്തരീക്ഷത്തിന്റെ ചൂടു് കൂടുന്നതു് ജീവിതം കൂടുതല്‍ ദുസ്സഹമാക്കും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവില്ലല്ലോ. മനുഷ്യര്‍ക്കു മാത്രമല്ല ചെടികള്‍ക്കും മൃഗങ്ങള്‍ക്കും ജീവിയ്ക്കാന്‍ ബുദ്ധിമുട്ടു കൂടും. താപനില കൂടുന്നതനുസരിച്ചു് കൃഷിയുടെ ഉല്പാദനക്ഷമത കുറയും എന്നു് \eng IPCC\mal യുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ടു്. യൂറോപ്പുപോലെയുള്ള മിതശീതോഷ്ണമേഖലകളില്‍ (കടുത്ത ചൂടോ കഠിനമായ തണുപ്പോ അനുഭവപ്പെടാത്ത പ്രദേശങ്ങളില്‍) മൂന്നു ഡിഗ്രി ചൂടു് കൂടുന്നതുവരെ ഉല്പാദനക്ഷമത കൂടാന്‍ സാദ്ധ്യതയുണ്ടത്രെ. പക്ഷെ കേരളവും ആന്ധ്രയും മറ്റും പോലെയുള്ള ഉഷ്ണമേഖലാപ്രദേശങ്ങളില്‍ അരിയുടെയും മറ്റും ഉല്പാദനം കുറയുകയെയുള്ളു. ഇപ്പോള്‍ത്തന്നെ ഭക്ഷ്യവസ്തുക്കള്‍ക്കായി മറ്റു് പ്രദേശങ്ങളെ ആശ്രയിക്കേണ്ടി വരുന്ന കേരള സംസ്ഥാനം ഒരുപക്ഷെ കുറേക്കൂടി ദൂരെ നിന്നു് അരിയും പച്ചക്കറികളും മറ്റും കൊണ്ടുവരേണ്ടി വരാം. ഇവിടത്തെ ഏതെല്ലാം കൃഷിയെ കൂടിവരുന്ന ചൂടു് എങ്ങനെയെല്ലാം ബാധിക്കാം എന്നു നമുക്കറിയില്ല. നെല്ലു്, വാഴ, കൈത, പച്ചക്കറി, തെങ്ങു്, തേയില, റബ്ബര്‍, തുടങ്ങിയവയുടെ തോട്ടങ്ങളെ കാലാവസ്ഥാവ്യതിയാനം എങ്ങനെ ബാധിക്കും എന്നറിയില്ല. കൂടുതല്‍ അറിവു കിട്ടുന്നതുവരെ, ഇവയുടെയെല്ലാം ഉത്പാദനക്ഷമത കുറയും എന്നു വിചാരിക്കുന്നതാവും നല്ലതു്.

ഉയര്‍ന്നുവരുന്ന സമുദ്രജലനിരപ്പു് കടല്‍ത്തീരത്തു താമസിക്കുന്നവര്‍ക്കു് ബുദ്ധിമുട്ടുണ്ടാക്കും എന്നതു് വ്യക്തമാണല്ലൊ. കടലാക്രമണം കൂടുതല്‍ ശക്തമാകാം. തീരപ്രദേശത്തെ ചില ഭാഗങ്ങള്‍ കടലിനടിയിലാവാം. പക്ഷെ എത്രകാലം കൊണ്ടു് കടല്‍ എത്ര ഉയരുമെന്നൊ കരയുടെ ഏതൊക്കെ ഭാഗം കടലിലേയ്ക്കു് നഷ്ടപ്പെടാമെന്നൊ നമുക്കറിയില്ല. തീരദേശത്തു വസിക്കുന്നവരില്‍ ഭൂരിപക്ഷം വരുന്ന മത്സ്യത്തൊഴിലാളികള്‍ മറ്റൊരു പ്രശ്നവും നേരിടേണ്ടിവരും. കടല്‍ജലത്തന്റെ ചൂടു് കൂടുന്നതുകൊണ്ടു് മത്സ്യങ്ങള്‍ പലതും ചുടു കുറഞ്ഞ പ്രദേശങ്ങളിലേയ്ക്കു് നീങ്ങാന്‍ സാദ്ധ്യതയുണ്ടത്രെ. ഇതു് സംഭവിച്ചു തുടങ്ങി എന്നു് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുമുണ്ടു്. അങ്ങനെയെങ്കില്‍ ഒരു വശത്തു് മത്സ്യത്തിന്റെ ലഭ്യത കുറയുകയും മറുവശത്തു് കര നഷ്ടപ്പെടുകയും ചെയ്യാം. അതോടൊപ്പം സമുദ്രജലത്തിന്റെ അമ്ലത കൂടുന്നതു് പലതരം മീനുകളുടെ നിലനില്പിനെയും കാര്യമായി ബാധിച്ചേക്കാം. ഇതെല്ലാം മത്സ്യത്തൊഴിലാളികളുടെ ജീവിതം കൂടുതല്‍ കഷ്ടപൂര്‍ണ്ണമാക്കുമെന്നു വേണം അനുമാനിക്കാന്‍.

കടല്‍നിരപ്പുയരുന്നതുകൊണ്ടുണ്ടാകാവുന്ന മറ്റൊരു പ്രശ്നം നദികളിലേയ്ക്കു് ഉപ്പുവെള്ളം കടന്നുകയറുക എന്നതാണു്. ഇന്നുതന്നെ പലയിടങ്ങളിലും വേനല്‍ക്കാലത്തു് ഉപ്പുവെള്ളം കയറുന്നുണ്ടു്. മഴകുറയുന്നതുമൂലം നദിയിലൂടെയുള്ള ജലപ്രവാഹം കുറയുന്നതു് ഈ പ്രശ്നം കൂടുതല്‍ രൂക്ഷമാക്കാം. കാടുകള്‍ വെട്ടിത്തെളിച്ചതും തടാകങ്ങളും കുളങ്ങളും നികത്തിയതും അണക്കെട്ടുകള്‍ നിര്‍മ്മിച്ചതും നദീജലം മറ്റാവശ്യങ്ങള്‍ക്കായി തോടുകള്‍വെട്ടി തിരിച്ചുകൊണ്ടുപോയതും ആണു് നദികളില്‍ ഉപ്പുവെള്ളം കയറുന്നതിനു് കാരണമായിട്ടുള്ളതെന്നാണു് ശാസ്ത്രജ്ഞര്‍ കരുതുന്നതു്. ഈ പ്രശ്നത്തെ കാലാവസ്ഥാവ്യതിയാനം കൂടുതല്‍ തീവ്രമാക്കുമെന്നു് വേണം കരുതാന്‍.

ആകെ ലഭിക്കുന്ന മഴയുടെ അളവു് കുറയുകയും അതേ സമയം ലഭിക്കുന്ന മഴ കൂടുതല്‍ ശക്തമായതാകുകയും ചെയ്യുന്നതു് ഇപ്പോള്‍ത്തന്നെ നിലവിലുള്ള പ്രശ്നങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കാം. ഭൂഗര്‍ഭജലത്തിന്റെ ലഭ്യത കുറയാം. മഴയുടെ തീവ്രത കൂടുമ്പോള്‍ കൂടുതല്‍ വെള്ളം കുത്തിയൊലിച്ചു പോകാനും ഭൂമിയിലേയ്ക്കു് താഴ്ന്നിറങ്ങുന്ന വെള്ളം കുറയാനും ഇടയാകും. വെള്ളം താഴ്ന്നിറങ്ങാന്‍ സഹായിക്കുന്ന കാടുകളും തടാകങ്ങളും കുളങ്ങളും നമ്മള്‍ കുറേയേറെ ഇല്ലാതാക്കിക്കഴിഞ്ഞു. അതുകൊണ്ടു് കാലം കഴിയും തോറും ശുദ്ധജലം കിട്ടാനുള്ള ബുദ്ധിമുട്ടു് കൂടിവരുമെന്നു വേണം കരുതാന്‍. കൃഷിയ്ക്കും മനുഷ്യരുടെയും മൃഗങ്ങളുടെയും ഉപയോഗത്തിനും ശുദ്ധജലം കിട്ടാന്‍ കഷ്ടമാകാം. താപനില ഉയരുമ്പോള്‍ കൂടുതല്‍ വെള്ളം ആവശ്യമായിവരികയും ചെയ്യുമല്ലൊ.

ഈ സന്ദര്‍ഭത്തില്‍ മറ്റൊരു കാര്യം കൂടി ഓര്‍മ്മിക്കട്ടെ. നമ്മുടെ വൈദ്യുതിയുടെ വലിയ ഭാഗം ലഭിക്കുന്നതു് ജലവൈദ്യുത പദ്ധതികളില്‍ നിന്നാണല്ലൊ. ജലത്തിന്റെ ലഭ്യത കുറയുമ്പോള്‍ വൈദ്യതോല്പാദനം കുറയും. പെട്രോളിയത്തിന്റെ ലഭ്യതയും കുറഞ്ഞുവരുന്നതിനാല്‍ താപോര്‍ജ്ജത്തിന്റെ സാദ്ധ്യതയും കുറയും. സൌരോര്‍ജ്ജവും വാതോര്‍ജ്ജവും മാത്രമാണു് സ്ഥിരമായി, പരിസ്ഥിതി പ്രശ്നങ്ങള്‍ കാര്യമായിട്ടില്ലാതെ (നമുക്കിന്നു് അറിയാവുന്നിടത്തോളം), ലഭിക്കാന്‍ സാദ്ധ്യതയുള്ളതു്. ഈ സാഹചര്യത്തില്‍ നമ്മുടെ വൈദ്യുതോല്പാദനത്തെക്കുറിച്ചും ഉപഭോഗത്തെക്കുറിച്ചും ഗാഢമായി ചിന്തിക്കുകയും പഠിക്കുകയും ചെയ്യേണ്ടതാവശ്യമാണു് എന്നു തോന്നുന്നു. കാലാവസ്ഥാവ്യതിയാനവും പെട്രോളിയം തീരാന്‍ തുടങ്ങുന്നതും നമ്മുടെ വികസന പരിപ്രേക്ഷ്യത്തെക്കുറിച്ചു് ഒരു പുനര്‍ചിന്തനം നടത്തുന്നതിലേയ്ക്കു് നമ്മെ നയിക്കേണ്ടതാണു്.

കാലാവസ്ഥാവ്യതിയാനമുണ്ടാക്കാവുന്ന പ്രശ്നങ്ങളേപ്പറ്റി നമ്മുടെ സര്‍ക്കാര്‍ ചിന്തിച്ചു തുടങ്ങി എന്നതു് സന്തോഷമുള്ള കാര്യമാണു്. ഇതു ചര്‍ച്ച ചെയ്യാനും ഒരു വൈറ്റ് പേപ്പര്‍ തയാറാക്കാനുമായി ഏതാനും മാസങ്ങള്‍ക്കുമുമ്പു് റവന്യൂ വകുപ്പു് ഒരു മീറ്റിങ്ങ് വിളിച്ചു ചേര്‍ത്തിരുന്നു. കാലാവസ്ഥാവ്യതിയാനം സംഭവിക്കുന്നതു് സാവധാനത്തിലാണു്. എങ്കിലും, ജനങ്ങള്‍ക്കു് വലിയ കഷ്ടപ്പാടുണ്ടാകാതിരിക്കണമെങ്കില്‍ നമുക്കു് ഒരുപാടു് കാര്യങ്ങള്‍ ചെയ്യാനുണ്ടു്. കേരളത്തെ കാലാവസ്ഥാവ്യതിയാനം എങ്ങനെ ബാധിക്കാം എന്നതിനേപ്പറ്റി കൃത്യമായ അറിവുണ്ടാക്കേണ്ടതുണ്ടു്. എങ്കിലല്ലേ നമുക്കതിനെ പ്രതിരോധിക്കാനാവൂ. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഗവേഷകര്‍ക്കും ഇക്കാര്യത്തില്‍ ചെയ്യാന്‍ ധാരാളമുണ്ടു്.

കാലാവസ്ഥാവ്യതിയാനത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നതു് പെട്രോളിയത്തിന്റെ ഉപഭോഗമായതുകൊണ്ടു് വികസിത രാഷ്ട്രങ്ങളാണു് പ്രധാന ഉത്തരവാദികള്‍. അവരുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാവും എന്നാര്‍ക്കും പ്രവചിക്കാനാവാത്തതുകൊണ്ടു് കാലാവസ്ഥയിലെ മാറ്റം എത്ര വേഗത്തിലാവും എന്നും മുന്‍കൂട്ടി അറിയാനാവില്ല. എങ്കിലും നമ്മളതേപ്പറ്റി ഒരേകദേശരൂപം ഉണ്ടാക്കിയേ തീരൂ. അതോടൊപ്പം ഓരോ കാലഘട്ടത്തിലും കടല്‍നിരപ്പു് എത്രകണ്ടു് ഉയരുമെന്നും അപ്പോള്‍ കടല്‍ കരയിലേയ്ക്കു് എത്ര കയറിവരുമെന്നും ഏകദേശമായെങ്കിലും അറിയണം. എങ്കിലേ കടല്‍ത്തീരത്തു വസിക്കുന്നവരെ കടലാക്രമണത്തില്‍നിന്നും കഷ്ടപ്പാടില്‍നിന്നും രക്ഷിക്കാനാവൂ.

ജലലഭ്യത കുറയുമെന്നുള്ളതുകൊണ്ടു് ശുദ്ധജലം സംരക്ഷിക്കാനുള്ള നടപടികള്‍ കഴിവതും വേഗം തുടങ്ങണം. വനനശീകരണം തടയുക, വനവല്‍ക്കരണം നടത്തുക, അവശേഷിക്കുന്ന ജലാശയങ്ങള്‍ സംരക്ഷിക്കുകയും പുതിയവ നിര്‍മ്മിക്കുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ ആത്മാര്‍ത്ഥമായിത്തന്നെ നടത്തേണ്ടതുണ്ടു്. ഇത്തരം പല കാര്യങ്ങളിലും സര്‍ക്കാരിന്റെ സൂക്ഷ്മശ്രദ്ധ പതിയേണ്ടതിനോടൊപ്പം ഇതെല്ലാം നമ്മുടെ പ്രശ്നമായി കരുതി ജനങ്ങളും പ്രവര്‍ത്തിക്കേണ്ടതുണ്ടു്. നമ്മള്‍ ശ്രദ്ധയോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക ഭേദമില്ലാതെ നമ്മളും നമ്മുടെ കുഞ്ഞുങ്ങളും തന്നെയാണു് കഷ്ടപ്പെടാന്‍ പോകുന്നതെന്നു് നാം മനസിലാക്കണം.

ഉയരുന്ന താപനില ഏതെല്ലാം വിളകളെ എങ്ങനെയെല്ലാമാണു് ബാധിക്കാന്‍ പോകുന്നതെന്നു് മനസിലാക്കേണ്ടതുണ്ടു്. അത്തരം ചെടികളുടെ പുതിയ ഇനങ്ങള്‍ വികസിപ്പിച്ചെടുക്കുകയൊ മറ്റു് വിളകള്‍ പകരം കണ്ടെത്തുകയൊ ചെയ്യണം. കീടങ്ങളുടെ ഇനത്തിലും എണ്ണത്തിലും വ്യത്യാസമുണ്ടാകാം. ഇതെല്ലാം നേരിടാനായി കഴിയുന്നത്ര വിവരങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തുന്നതു സഹായകമാകും. രോഗങ്ങളുടെ വിതരണത്തിലും വ്യത്യാസമുണ്ടാകുമെന്നാണു് സൂചന. ഇവിടെയെല്ലാം ഗവേഷകര്‍ക്കു് ഒരുപാടു് കാര്യങ്ങള്‍ ചെയ്യാനുണ്ടു്. നമ്മളെല്ലാവരും ഒത്തുപിടിച്ചാല്‍ എല്ലാവരുടെയും, വിശേഷിച്ചു് സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്നവരുടെ, കഷ്ടപ്പാടു് കുറയ്ക്കാനായേക്കും.


(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)

No comments: