Friday, May 6, 2011

കാന്‍കണ്‍ സമ്മമേളനം

(തേജസ് പത്രത്തിനുവേണ്ടി എഴുതിയ ലേഖനം)
കാലാവസ്ഥാവ്യതിയാനവും അതിന്റെ അനന്തരഫലങ്ങളും അതുമായി ബന്ധപ്പെട്ടു് ലോകരാഷ്ട്രങ്ങള്‍ ചെയ്യേണ്ട കാര്യങ്ങളും ചര്‍ച്ച ചെയ്യാനായി ഐക്യരാഷ്ട്രസഭ വിളിച്ചുകൂട്ടിയ സമ്മേളനം മെക്സിക്കൊയിലെ കാന്‍കണ്‍ എന്ന സ്ഥലത്തു് ഇക്കഴിഞ്ഞ നവംബര്‍ 29 മുതല്‍ ഡിസംബര്‍ 10 വരെയുള്ള ദിവസങ്ങളില്‍ നടക്കുകയുണ്ടായല്ലൊ. കാലാവസ്ഥാവ്യതിയാനത്തിന്റെ കാര്യത്തില്‍ എന്തെങ്കിലും ഫലപ്രദമായി ചെയ്യുന്നതിനു് വികസിത രാഷ്ട്രങ്ങളും വികസ്വര രാഷ്ട്രങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ തടസമായി നില്‍ക്കെയാണു് ഈ സമ്മേളനവും നടന്നതു്. ലോകത്തെങ്ങുമുള്ള മനുഷ്യരുള്‍പ്പെടെയുള്ള ജീവജാലങ്ങളുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്ന കാര്യമാണു് കാലാവസ്ഥാവ്യതിയാനം. ആ നിലയ്ക്കു് നാമെല്ലാം അതെക്കുറിച്ചു് മനസിലാക്കുകയും ഭൂമിയില്‍ ജീവന്റെ നിലനില്‍പ്പിനു് ഭീഷണി ഉണ്ടാക്കുന്ന വിധത്തില്‍ വ്യക്തികളൊ സംഘടനകളൊ രാഷ്ട്രങ്ങളൊ പ്രവര്‍ത്തിക്കാനിടയാകരുതു് എന്നു് ലോകരാഷ്ട്രങ്ങളുടെ ഭരണകര്‍ത്താക്കളോടു് ആവശ്യപ്പെടുകയും ചെയ്യേണ്ടതുണ്ടു്. ഇത്തരം തീരുമാനങ്ങളെടുക്കേണ്ടതു് ഭരണകര്‍ത്താക്കളോ സാമ്പത്തികമായോ രാഷ്ട്രീയമായോ സ്വാധീനമുള്ള കുറെപ്പേരോ മാത്രമല്ല എന്നതു് വ്യക്തമാണല്ലോ. ഈ സാഹചര്യത്തില്‍ കാന്‍കണ്‍ സമ്മേളനത്തില്‍ എന്തു് സംഭവിച്ചു എന്നു് നമുക്കു് പരിശോധിക്കാം.

കാലാവസ്ഥാവ്യതിയാനം എന്ന ഭീഷണിയെപ്പറ്റി മനസിലായപ്പോള്‍ അതിനെപ്പറ്റി ചര്‍ച്ച ചെയ്യാനും അതിനെ നേരിടാനായി എന്തെല്ലാം ചെയ്യണം എന്നു് തീരുമാനിക്കാനുമായി ഐക്യരാഷ്ട്രസഭ 1992 ജൂണ്‍ 3 മുതല്‍ 14 വരെയുള്ള ദിവസങ്ങളില്‍ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ ഒരു സമ്മേളനം നടത്തുകയുണ്ടായി. ഭൌമ ഉച്ചകോടി (Earth Summit) എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ സമ്മേളനത്തിന്റെ യഥാര്‍ത്ഥ നാമം പരിസ്ഥിതിയെയും വികസനത്തെയും സംബന്ധിക്കുന്ന ഐക്യരാഷ്ട്ര സമ്മേളനം (United Nations Conference on Environment and Development, UNCED) എന്നായിരുന്നു. അവിടെവച്ചു് കാലാവസ്ഥാവ്യതിയാനത്തെ സംബന്ധിക്കുന്ന ഒരു ഉടമ്പടി ചട്ടക്കൂടു് (UN Framework Convention on Climate Change, UNFCCC) തയാറാക്കുകയുണ്ടായി. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ അതില്‍ 192 അംഗങ്ങള്‍ ചേര്‍ന്നു കഴി‍ഞ്ഞിരുന്നു. ഇവര്‍ ചെയ്ത ആദ്യകാര്യങ്ങളിലൊന്നു് ഓരോ രാഷ്ട്രവും അന്തരീക്ഷത്തിലേക്കു് വിസര്‍ജ്ജിക്കുകയോ വായുവില്‍നിന്നു് നീക്കം ചെയ്യുകയോ ചെയ്യുന്ന ഹരിതഗ്രഹവാതകങ്ങളുടെ കണക്കുകള്‍ തയാറാക്കുക എന്നതാണു്. 1997ല്‍ ക്യോട്ടോ പ്രോട്ടോക്കോള്‍ എന്ന ഉടമ്പടി ഒപ്പിടുകയും വികസിത രാഷ്ട്രങ്ങള്‍ ഹരിതഗ്രഹവാതകങ്ങള്‍ പുറപ്പെടുവിക്കുന്നതിനു് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.

1995 മുതല്‍ "അംഗങ്ങളുടെ സമ്മേളനം" (Conference of Parties) എന്ന പേരില്‍ UNFCCയിലെ അംഗങ്ങള്‍ എല്ലാ വര്‍ഷവും സമ്മേളിക്കുകയും കാലാവസ്ഥാവ്യതിയാനത്തെ നേരിടുന്നതിലുള്ള പുരോഗതി വിലയിരുത്തുകയും ചെയ്തുവരുന്നുണ്ടു്. ഓരോ വര്‍ഷവും ഓരോ സ്ഥലത്താണു് സമ്മേളനം നടക്കുന്നതു്. 2009ല്‍ ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗനിലും 2008ല്‍ പോളണ്ടിലെ പോസ്‌നാനിലും 2007ല്‍ ഇന്‍ഡൊനേഷ്യയിലെ ബാലിയിലും 2002ല്‍ ന്യൂ ഡല്‍ഹിയിലും വച്ചാണു് സമ്മേളനം നടന്നതു്. ഇങ്ങനത്തെ പതിനാറാമത്തെ സമ്മേളനമാണു് 2010 ഡിസംബറില്‍ കാന്‍കണില്‍ നടന്നതു്. അതോടൊപ്പം ക്യോട്ടോ പ്രോട്ടോക്കോളിലെ അംഗങ്ങളുടെ ആറാമത്തെ സമ്മേളനവും നടന്നു.

ഇതിനു് മുമ്പു കോപ്പന്‍ഹേഗനില്‍ വച്ചു് 2009ല്‍ നടന്ന സമ്മേളനത്തില്‍ വച്ചു് എല്ലാ രാജ്യങ്ങള്‍ക്കും നിര്‍ബ്ബന്ധിതമായി ബാധകമാകുന്ന നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞിരുന്നില്ല. ഇതു് ആ സമ്മേളനത്തിന്റെ ഭാഗികമായ പരാജയമായിട്ടാണു് പൊതുവില്‍ കണ്ടിരുന്നതു്. ഇക്കാരണത്താല്‍ 2010ലെ കാന്‍കണ്‍ സമ്മേളനത്തെക്കുറിച്ചു് പ്രതീക്ഷകള്‍ കുറവായിരുന്നു. കാന്‍കണ്‍ സമ്മേളനത്തിനു് തയാറെടുപ്പെന്ന നിലയില്‍ നാലു് സമ്മേളനങ്ങള്‍ 2010ല്‍ നടന്നിരുന്നു. ഇവയില്‍ മൂന്നെണ്ണം ജര്‍മ്മനിയിലെ ബോണ്‍ നഗരത്തില്‍ വച്ചും നാലാമത്തേതു് ചൈനയിലെ ടിയാന്‍ജിന്നില്‍ വച്ചും ആയിരുന്നു. ആദ്യത്തെ മൂന്നു് സമ്മേളനങ്ങളില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല എന്നായിരുന്നു റിപ്പോര്‍ട്ടു്. ചൈനയിലെ സമ്മേളനത്തിലാണെങ്കില്‍ ചെറിയ പുരോഗതി ഉണ്ടായതായി റിപ്പോര്‍ട്ടു ചെയ്തിരുന്നെങ്കിലും ചൈനയും അമേരിക്കയും തമ്മില്‍ കാര്യമായ തര്‍ക്കത്തിലാണു് ആ സമ്മേളനം അവസാനിച്ചതു്. കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച കാര്യങ്ങളില്‍ സമ്പന്ന രാഷ്ട്രങ്ങളും ദരിദ്ര രാഷ്ട്രങ്ങളും ഇപ്പോഴും രണ്ടു തട്ടില്‍ തന്നെയാണു് എന്നു് സെപ്റ്റംബറില്‍ ചൈന പ്രഖ്യാപിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനായി ഒരു പുതിയ ഉടമ്പടി കാന്‍കണില്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍ ബാന്‍ കി-മൂണ്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണു് കാന്‍കണ്‍ സമ്മേളനം നടന്നതു്.

കൂടാതെ കാലാവസ്ഥാവ്യതിയാനം ഏറ്റവുമധികം ബാധിക്കും എന്നു് കരുതപ്പെടുന്ന 12 രാജ്യങ്ങള്‍ ഉഷ്ണമേഖലാ ശാന്തസമുദ്രത്തിലെ കിറബാസ് (Kiribati) എന്ന ദ്വീപരാഷ്ട്രത്തില്‍ നവംബര്‍ 9-10 തീയതികളില്‍ സമ്മേളിക്കുകയുണ്ടായി. ഇതുതന്നെ ഇതിനുമുമ്പു് മാലദ്വീപില്‍ 2009ല്‍ നടന്ന ഒരു സമ്മേളനത്തിന്റെ തുടര്‍ച്ചയായിരുന്നു. കാലാവസ്ഥാവ്യതിയാനം ഏmalറ്റവുമധികം ബാധിക്കാവുന്ന രാഷ്ട്രങ്ങള്‍ ഈ പ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടികള്‍ക്കു് ധാര്‍മ്മികമായ നേതൃത്വം നല്‍കുകയും കാലാവസ്ഥാവ്യതിയാനത്തെ ചെറുക്കാനുള്ള നടപടികള്‍ സ്വമേധയാ ആരംഭിക്കുകയും അവരുടെ പങ്കാളികളുമായി ചേര്‍ന്നു് ഐക്യരാഷ്ട്രസഭ നടത്തുന്ന ശ്രമങ്ങള്‍ക്കു് യോജിക്കുന്ന വിധത്തില്‍ സാഹചര്യമൊരുക്കാന്‍ സഹായിക്കുകയും ചെയ്യുക എന്നതായിരുന്നു സമ്മേളനത്തിന്റെ ലക്ഷ്യം.

ക്യോട്ടോ പ്രോട്ടോക്കോള്‍ പോലെ രാഷ്ട്രങ്ങള്‍ നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള, നിയമപരമായ ബാദ്ധ്യതയുള്ള, ഒരു ഉടമ്പടി ഉണ്ടാക്കുക എന്നതാണു് ഇത്തരം സമ്മേളനങ്ങളില്‍നിന്നു് പ്രതീക്ഷിക്കുന്നതു്. എന്നാല്‍ അത്തരമൊരു ഉടമ്പടി കാന്‍കണില്‍ ഉണ്ടായില്ല. പകരം കോപ്പന്‍ഹേഗനില്‍ സംഭവിച്ചതുപോലെ നിയമപരമായ ബാദ്ധ്യതയില്ലാത്ത പരസ്പരധാരണ മാത്രമാണു് അവിടെ ഉണ്ടായതു്. വികസിത-വകസ്വര രാഷ്ട്രങ്ങളുടെ കാഴ്ചപ്പാടിലുള്ള വ്യത്യാസം തന്നെയാണു് ഇതിനു് കാരണമായതു്. താപനിലയിലുള്ള വര്‍ദ്ധന വ്യവസായവല്‍ക്കരണത്തിനു് മുമ്പുണ്ടായിരുന്നതിനെക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസില്‍ കവിയാതെ നോക്കണം എന്നുള്ളതായിരുന്ന ധാരണയിലെ ഒരു ഇനം. കോപ്പന്‍ഹേഗനില്‍ ഉരുത്തിരിഞ്ഞ ധാരണയില്‍ പറയുന്നതുപോലെ സമ്പന്ന രാഷ്ട്രങ്ങള്‍ വമിക്കുന്ന ഹരിതഗ്രഹ വാതങ്ങളുടെ അളവില്‍ കുറവുവരുത്തണമെന്നും ദരിദ്രരാഷ്ട്രങ്ങള്‍ അത്തരം നടപടികള്‍ക്കു് പദ്ധതിയിടണം എന്നും ധാരണയായി. ഇതിനു് ദരിദ്ര രാഷ്ട്രങ്ങളെ സഹായിക്കാന്‍ ഒരു "ഹരിത കാലാവസ്ഥാ നിധി" (Green Climate Fund) ഉണ്ടാക്കാനും ഈ നിധി 2020ഓടെ പ്രതിവര്‍ഷം പതിനായിരം കോടി ഡോളറായിരിക്കണം എന്നും ധാരണയായി.

എന്നാല്‍ പല കാര്യങ്ങളും അവ്യക്തമായിത്തന്നെ നിലനില്‍ക്കുന്നു. ഉദാഹരണമായി, മേല്പറഞ്ഞ നിധി എവിടെനിന്നു് ഉണ്ടാകും എന്ന കാര്യത്തില്‍ വ്യക്തത ഉണ്ടായില്ല. ഹരിതഗ്രഹവാതകങ്ങള്‍ പുറപ്പെടുവിക്കുന്നതില്‍ വികസ്വര രാഷ്ട്രങ്ങള്‍ നിയന്ത്രണം കൊണ്ടുവരണമൊ അതോ വികസിത രാഷ്ട്രങ്ങള്‍ അതു് ചെയ്തതിനു് ശേഷം മാത്രം മതിയൊ എന്നതു് അവ്യക്തമായി തുടരുന്നു. ഇത്തരം അവ്യക്തത തുടരുന്നതില്‍ സമ്മേളനം ശക്തമായി വിമര്‍ശിക്കപ്പെട്ടു. എന്നാല്‍ നിലനിന്നിരുന്ന സാഹചര്യം കണക്കിലെടുക്കുമ്പോള്‍ ഇത്രയെങ്കിലും സാധിച്ചതു് ഒരു നേട്ടം തന്നെയാണു് എന്നു് ചിലര്‍ കരുതുന്നു.

കാലാവസ്ഥാവ്യതിയാനം സത്യമാണോ മിഥ്യയാണോ എന്നു് സംശയിക്കുന്നവരുണ്ടു്. ഐക്യരാഷ്ട്രസഭ സ്ഥാപിച്ച കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള അന്തര്‍സര്‍ക്കാര്‍ സമിതി (Intergovernmental Panel on Climate Change, IPCC) ആയിരക്കണക്കിനു് ശാസ്ത്രജ്ഞരുടെ പഠനങ്ങള്‍ മുന്‍നിര്‍ത്തി പറയുന്നു സത്യമാണെന്നു്. ഇതു് ശരിയായിരിക്കാനാണു് സാദ്ധ്യത ഏറെ. അങ്ങനെയല്ലെന്നാണു് ഭാവിയിലെ അനുഭവം തെളിയിക്കുന്നതെങ്കില്‍ പോലും ആ സാദ്ധ്യത കാര്യമായി എടുക്കാതെ പ്രവര്‍ത്തിക്കുന്നതു് മനുഷ്യരാശിക്കു് നന്നല്ല. കാരണം അതു് സത്യമാണെന്നു് തെളിഞ്ഞു കഴിയുമ്പോഴേക്കു് അക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യാന്‍ വളരെ വൈകിപ്പോകും. കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കാന്‍ ചെയ്യേണ്ട കാര്യങ്ങളെപ്പറ്റി ശാസ്ത്രലോകം പറഞ്ഞ കാര്യങ്ങളൊന്നും നടപ്പാക്കാനുള്ള ധാരണകള്‍ ഇതുവരെ ആയിട്ടില്ല. ഒരു വശത്തു് തങ്ങളുടെ ജീവിതരീതിയില്‍ മാറ്റം വരുത്താന്‍ മടിക്കുന്ന സമ്പന്നവര്‍ഗം ഇതിനു് പല രീതിയില്‍ തടസ്സം നില്‍ക്കുന്നു. എന്നാല്‍ തങ്ങളുടെ ജീവന്‍ പോലും നിലനിര്‍ത്താനാകുമോ എന്ന ശങ്കയിലാണു് വികസ്വര രാഷ്ട്രങ്ങളിലെയും ചെറിയ ദ്വീപരാഷ്ട്രങ്ങളിലെയും ജനങ്ങള്‍.

കേരളം പോലുള്ള പ്രദേശത്തു് കാലാവസ്ഥാവ്യതിയാനം കാര്യമായ നഷ്ടങ്ങളുണ്ടാക്കാം. എന്നാല്‍ ലോകത്തിലെ എല്ലാ ജനതകളും ചേര്‍ന്നല്ലാതെ ഒഴിവാക്കാനാവാത്ത പ്രശ്നമാണു് കാലാവസ്ഥാവ്യതിയാനം. ഇവിടെ നമുക്കു് ചെയ്യാവുന്നതു് രണ്ടു കാര്യങ്ങളാണു്. ഒന്നു്, ഇക്കാര്യത്തില്‍ ഇന്ത്യയുടെ നിലപാടു് ശക്തമാക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുക. രണ്ടു്, കാലാവസ്ഥാവ്യതിയാനം നമ്മളെ എങ്ങനെയെല്ലാം ബാധിക്കാം എന്നു് മനസിലാക്കി അതിനു് വേണ്ട തയാറെടുപ്പു നടത്തുക. ഇപ്പോഴത്തെയും വരും കാലങ്ങളിലെയും സര്‍ക്കാരുകള്‍ ഇതു് ചെയ്യുമെന്നു് നമുക്കു് പ്രതീക്ഷിക്കാം.


(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)