2001 ജൂലൈ 25 ഉച്ചയ്ക്കാണു് ഞാന്‍ പ്രവൃത്തിയെടുത്തിരുന്ന ഭൌമശാസ്ത്രപഠനകേന്ദ്രത്തിലേക്കു് ചങ്ങനാശേരിയിലെ മോര്‍ക്കുളങ്ങര എന്ന പ്രദേശത്തു് താമസിച്ചിരുന്ന വിജയകുമാര്‍ (അദ്ദേഹമിന്നു് ജിവിച്ചിരിപ്പില്ല) എന്ന എന്റെ ബന്ധുവിന്റെ ഫോണ്‍വിളി എത്തിയതു്. അവിടെ അന്നു കാലത്തു് പെയ്ത മഴയ്ക്കു് രക്തവര്‍ണ്ണമായിരുന്നു എന്നാണു് അദ്ദേഹം പറഞ്ഞതു്. സ്വാഭാവികമായും അതെനിക്കു് വിശ്വസിക്കാനായില്ല. ഏതായാലും ഈ സംഭവത്തേപ്പറ്റി കഴിയുന്ന രീതിയില്‍ പഠിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.
അടുത്ത ദിവസം ചങ്ങനാശേരിയിലെത്തിയ എന്റെ വിഭാഗത്തിന്റെ തലവന്‍ ഡോ. സമ്പത്തിനെയും എന്നെയും എതിരേറ്റതു് വിശ്വസിക്കാനാവാത്ത കാഴ്ചയാണു്. വീട്ടുമുറ്റത്തു് വച്ചിരുന്ന ചരുവത്തില്‍ കടും തവിട്ടുനിറത്തിലുള്ള എന്തോ ഒന്നു് അടിഞ്ഞു കിടക്കുന്നു. അടുത്തുള്ള ചില വീടുകളിലും മഴവെള്ളം ശേഖരിച്ചു വച്ചിരുന്നു. കാലത്തു് ഏതാണ്ടു് എട്ടേകാലിനു് പെയ്ത മഴയ്ക്കു് ചുവന്ന നിറമായിരുന്നു് എന്നു് ആ പ്രദേശത്തുകാര്‍ പലരും സാക്ഷ്യപ്പെടുത്തി. മാത്രമല്ല അന്നു് വെളുപ്പിനു് ഏതാണ്ടു് അഞ്ചര മണിയടുപ്പിച്ചു് അതിഭയങ്കരമായ ഒരിടിവെട്ടു് കേട്ടതായും പലരും പറഞ്ഞു. അത്രയ്ക്കു് ഉച്ചത്തിലുള്ള ഇടിവെട്ടു് ഇതുവരെ കേട്ടിട്ടില്ല എന്നായിരുന്നു എല്ലാവരുടെയും അഭിപ്രായം. കട നടത്തുന്ന ഒരു വ്യക്തി പറഞ്ഞതു് കാലത്തു് കട തുറക്കാന്‍ എത്തിയപ്പോള്‍ ആരോ മുറുക്കി തുപ്പിയതുപോലെ കടയുടെ മുന്നിലെല്ലാം വൃത്തികേടായി കിടന്നിരുന്നു എന്നാണു്. വെളുപ്പിനു കേട്ട ഇടിവെട്ടിന്റെ ശബ്ദവും കാലത്തു് പെയ്ത മഴയിലെ നിറവും തമ്മില്‍ ബന്ധമുണ്ടാകാമെന്നു് ഞങ്ങള്‍ക്കു് സംശയം തോന്നി.
അടുത്ത ദിവസം കാലത്തു് പത്തനംതിട്ടയിലെ ഒരു സ്ഥലത്തു് ചുവന്ന മഴ പെയ്തു എന്നു കേട്ടു് ഞങ്ങള്‍ അവിടെയും പോയി. പക്ഷെ അവിടെ ഒരു വീട്ടില്‍ മാത്രമാണു് നിറമുള്ള മഴ കണ്ടതു്. അതു് മാധ്യമങ്ങളിലൂടെ പ്രശസ്തി നേടാനായി മന:പൂര്‍വം നിറം കലക്കി വെച്ചതാണു് എന്നു് നാട്ടുകാരില്‍ പലര്‍ക്കും അഭിപ്രായമുണ്ടായിരുന്നു. (അതു് വെറുതെയായിരുന്നു എന്നു് പിന്നീടു് മനസിലായി. ചങ്ങനാശേരിയിലെ സംഭവത്തേപ്പറ്റിയും മറ്റു് സ്ഥലങ്ങളില്‍ താമസിച്ചിരുന്ന ചിലര്‍ക്കു് ഈ അഭിപ്രായമുണ്ടായിരുന്നു എന്നു് പിന്നീടു് അറിയാന്‍ കഴിഞ്ഞു.) ഏതായാലും അവിടെനിന്നും ഞങ്ങള്‍ സാമ്പിള്‍ ശേഖരിച്ചു. ഇതേത്തുടര്‍ന്നു് ദിവസേനയെന്നോണം നിറമുള്ള മഴ പെയ്തതിന്റെ റിപ്പോര്‍ട്ടു് പത്രങ്ങളില്‍ വന്നുതുടങ്ങി. കുറച്ചിടങ്ങളില്‍ നിന്നു് മാത്രമെ ഞങ്ങള്‍ക്കു് സാമ്പിള്‍ ശേഖരിക്കാനായുള്ളു.
വെളുപ്പിനു് കേട്ട ശക്തമായ ഇടിവെട്ടും മഴയിലെ നിറവും തമ്മില്‍ ബന്ധമുണ്ടോ എന്നു പഠിക്കാനായി ചുവന്ന മഴ വീണ പ്രദേശത്തു് താമസിക്കുന്നവരുമായി ഞങ്ങള്‍ സംസാരിച്ചു. മോര്‍ക്കുളങ്ങര മുതല്‍ പടിഞ്ഞാറേയ്ക്കു് പാടം വരെ ഏതാണ്ടു് രണ്ടു് കിലോമീറ്റര്‍ നീളവും ഒരു കിലോമീറ്റര്‍ വീതിയും വരുന്ന ദീര്‍ഘവൃത്താകൃതിയിലുള്ള പ്രദേശത്താണു് ചുവന്ന മഴ വീണതു് എന്നു മനസിലായി. ആ പ്രദേശത്തു് താമസിക്കുന്നവരില്‍ ഞാന്‍ സംസാരിച്ചവരെല്ലാം പറഞ്ഞതു് നേരെ മുകളിലായിട്ടാണു് ശക്തമായ ഇടിവെട്ടു് കേട്ടതു് എന്നാണു്. ഇതിന്റെ വശങ്ങളില്‍ താമസിക്കുന്നവര്‍ പറഞ്ഞതു് മുകളില്‍ ഒരു വശത്തായിട്ടാണു് ശബ്ദം കേട്ടതു് എന്നാണു്. കൂടാതെ പടിഞ്ഞാറു നിന്നു് കിഴക്കോട്ടാണു് ശബ്ദത്തിന്റെ സ്രോതസ്സു് സഞ്ചരിച്ചതു് എന്നതിനും എവിടെയാണു് അതു് അവസാനിച്ചതു് എന്നതിനുമുള്ള സൂചനയും കിട്ടി. അവിടെത്തന്നെയാണു് ചുവന്ന മഴ പെയ്ത പ്രദേശത്തിന്റെ ഒരറ്റവും എന്നും മനസിലായി. ഇതോടെ, ശബ്ദം കേട്ട പ്രദേശത്തു തന്നെയാണു് ചുവന്ന മഴ പെയ്തതു് എന്നുറപ്പായി. ഏതാണ്ടു് അര നൂറ്റാണ്ടു മുമ്പു് നിറമുള്ള മഴ കണ്ട അനുഭവം ഒന്നുരണ്ടു പേര്‍ ഞങ്ങളോടു് പറയുകയും ചെയ്തു.
ഇതിനിടയില്‍ ഞങ്ങള്‍ക്കു് ലഭിച്ച സാമ്പിളുകളില്‍ നിന്നു് നിറമുള്ള വസ്തു വേര്‍തിരിച്ചെടുത്തു് രാസവിശ്ലേഷണത്തിനു് അയച്ചിരുന്നു. അതുവരെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഞങ്ങളൊരു താല്‍ക്കാലിക സിദ്ധാന്തം ഉണ്ടാക്കി. പടിഞ്ഞാറുനിന്നു് ഒരു ഉല്‍ക്ക അന്തരീക്ഷത്തിലൂടെ താഴ്ന്നു് വരികയും അതു് ക്രമേണ പൊടിഞ്ഞു് മേഘങ്ങളില്‍ പടരുകയും ചെയ്തതിന്റെ ഫലമാണു് മഴവെള്ളത്തിലെ നിറം എന്നതായിരുന്നു ആ സിദ്ധാന്തം. ശബ്ദത്തേക്കാള്‍ വേഗതയില്‍ സഞ്ചരിച്ച ഉല്‍ക്കയില്‍ നിന്നുണ്ടായതാണു് ജനങ്ങള്‍ കേട്ട ശബ്ദം എന്നായിരുന്നു ഞങ്ങളുടെ നിഗമനം. പക്ഷെ അപ്പോഴേയ്ക്കു് പലയിടങ്ങളില്‍ നിറമുള്ള മഴ പെയ്തതായി വന്ന റിപ്പോര്‍ട്ടുകള്‍ വിശദീകരിക്കേണ്ടി വന്നു. ഒരു പക്ഷെ അന്തരീക്ഷത്തില്‍ വളരെ ഉയരത്തില്‍നിന്നു തന്നെ ഉല്‍ക്ക പൊടിയാന്‍ തുടങ്ങുകയും ആ പൊടി സാവധാനത്തില്‍ താഴേയ്ക്കു് വരുന്നതിനിടയില്‍ പടര്‍ന്നു് പലയിടങ്ങളിലെത്തുകയും ചെയ്തതാവാം എന്നു് ഞങ്ങള്‍ വിചാരിച്ചു.
ചുവന്ന മഴവെള്ളത്തിലുള്ളതു് ഒരുതരം ജൈവവസ്തുവാണെന്നു് ജൂലൈ 27നു തന്നെ ഒരു പത്രത്തില്‍ റിപ്പോര്‍ട്ടു വന്നിരുന്നു. ഞങ്ങളതു് കാര്യമായി എടുത്തില്ല. എല്ലാ മഴവെള്ളത്തിലും പൂമ്പൊടിയും മറ്റു് ജൈവവസ്തുക്കളും ഉണ്ടാകാറുള്ളതാണു്. എന്നാല്‍ മഴവെള്ളത്തിനു് നിറം പകര്‍ന്ന വസ്തുവിന്റെ രാസവിശ്ലേഷണത്തിന്റെ ഫലം വന്നപ്പോള്‍ ഞങ്ങള്‍ ഞെട്ടി. അതില്‍ പകുതിയും കാര്‍ബണ്‍ എന്ന മൂലകമാണു് എന്നാണതു് സൂചിപ്പിച്ചതു്. അതിന്റെ അര്‍ത്ഥം അതു് ജൈവവസ്തുവാണെന്നാണു്! അത്തരം വസ്തുക്കള്‍ പഠിക്കാനുള്ള വൈദഗ്ദ്ധ്യമോ ഉപകരണങ്ങളോ ഞങ്ങളുടെ പക്കലില്ലായിരുന്നു. ഞങ്ങളുടെ സ്ഥാപനത്തിലെ ഏക ജൈവശാസ്ത്രജ്ഞനായ ഡോ. സി.എന്‍. മോഹനന്റെ അഭിപ്രായപ്രകാരം ഞങ്ങള്‍ പാലോടുള്ള ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (TBGRI) എന്ന സ്ഥാപനത്തിലെ ഡോ. ടി.കെ. ഏബ്രഹാമുമായി ബന്ധപ്പെട്ടു. അങ്ങനെ ഞങ്ങളുടെ കൈവശമവശേഷിച്ചിരുന്ന സാമ്പിളിന്റെ ഒരു ഭാഗം അദ്ദേഹത്തെ ഏല്‍പ്പിച്ചു.
ഇതിനു് മുമ്പുതന്നെ മാധ്യമങ്ങളുടെ ഇടതടവില്ലാത്ത അന്വേഷണങ്ങള്‍ക്കും പലരുടെയും നിര്‍ബന്ധങ്ങള്‍ക്കും വഴങ്ങി ഞങ്ങളുടെ സ്ഥിരീകരിക്കാത്ത സിദ്ധാന്തം ഞങ്ങളുടെ സ്ഥാപനം പുറത്തു വിട്ടുകഴിഞ്ഞിരുന്നു. ഇതു് പിന്നീടു് സ്ഥാപനത്തിന്റെ പേരിനു തന്നെ ദോഷമായി ഭവിച്ചു. ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ ദുഷ്പേരു് പൂര്‍ണ്ണമായി മാറിയിട്ടില്ല.
ഒരുതരം ആല്‍ഗയുടെ സ്പോറുകള്‍ (വിത്തുകള്‍) ആണു് മഴവെള്ളത്തിലുള്ളതു് എന്നാണു് TBGRI കണ്ടെത്തിയതു്. എന്നാല്‍ ഇത്രയധികം സ്പോറുകള്‍ എങ്ങനെയുണ്ടായി എന്നോ (മഴവെള്ളത്തിലൂടെ ചങ്ങനാശേരിയില്‍ ഒരു ടണ്ണോളമായിരിക്കണം വീണതു്) അവ എങ്ങനെ മഴവെള്ളത്തില്‍ കലര്‍ന്നു എന്നോ ഞങ്ങള്‍ക്കു് വിശദീകരിക്കാനായില്ല. മാത്രമല്ല ഇടിവെട്ടിന്റെ ശബ്ദം കേട്ട പ്രദേശത്തു മാത്രം എന്തുകൊണ്ടാണു് ചുവന്ന മഴ ഉണ്ടായതു് എന്നും എല്ലാ മഴക്കാലത്തും എന്തുകൊണ്ടു് നിറമുള്ള മഴ ഉണ്ടാകുന്നില്ല എന്നുമുള്ള സംശയങ്ങള്‍ ബാക്കി നിന്നു. ഞങ്ങളുടെ റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങളെല്ലാം വിശദീകരിക്കുകയും ഇനിയും ആവശ്യമായ പഠനങ്ങളേപ്പറ്റി പ്രതിപാദിക്കുകയും ചെയ്തിരുന്നു. എങ്കിലും പല കാരണങ്ങളാല്‍ പഠനം തുടരാനുള്ള അവസരമുണ്ടായില്ല. ഞങ്ങളുടെ പ്രാഥമിക സിദ്ധാന്തം പുറത്തു വിട്ടതുകൊണ്ടുണ്ടായ പ്രശ്നങ്ങളും പഠനം തുടരാനുള്ള താല്പര്യം സ്ഥാപനത്തില്‍ ഇല്ലാതാക്കി എന്ന വസ്തുതയുമുണ്ടു്.
ഇതിനിടയില്‍ ചുവന്ന മഴയുടെ സാമ്പിളുകള്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ (ഇപ്പോള്‍ കൊച്ചി സര്‍വ്വകലാശാലയിലെ) ഭൌതികശാസ്ത്ര വകുപ്പിലെ ഡോ. ഗോഡ്‌ഫ്രേ ലൂയിസും കൊണ്ടുപോയിരുന്നു. അവരുടെ പഠനങ്ങള്‍ മറ്റൊരു വഴിക്കാണു് നീങ്ങിയതു്. എല്ലാ ജീവജാലങ്ങളുടെ കോശങ്ങളിലും ഉണ്ടായിരിക്കേണ്ട ഡി.എന്‍.എ. തന്മാത്രകള്‍ മഴയിലെ കോശങ്ങളിലില്ല എന്നും ഈ കോശങ്ങള്‍ നൂറുകണക്കിനു് ഡിഗ്രി താപനിലയിലും വളരുകയും പുനരുല്പാദനം നടത്തുകയും ചെയ്യുന്നുണ്ടു് എന്നും അവര്‍ കണ്ടെത്തി. ഇതില്‍ ജൈവശാസ്ത്രവിദഗ്ദ്ധര്‍ സംശയം പ്രകടിപ്പിച്ചെങ്കിലും കാലക്രമേണ ഇവരുടെ കണ്ടെത്തലുകള്‍ക്കു് രാഷ്ടാന്തരീയ പ്രശസ്തി കിട്ടി. മാത്രമല്ല പ്രശസ്തനായ ഫ്രെഡ് ഹോയ്‌ലിനൊപ്പം പ്രവര്‍ത്തിച്ചു് ബഹിരാകാശത്തു് ജൈവകോശങ്ങളുണ്ടു് എന്നു് കണ്ടെത്തുന്നതില്‍ പങ്കു വഹിച്ച പ്രൊഫ. ചന്ദ്ര വിക്രമസിംഗെയ്ക്കു് ഇതില്‍ താല്പര്യമുണ്ടാകുകയും അദ്ദേഹം കോട്ടയത്തെത്തി മഹാത്മ ഗാന്ധി സര്‍വ്വകലാശാലയില്‍ ബഹിരാകാശത്തെ ജീവനെപ്പറ്റി പഠിക്കാനുള്ള പുതിയൊരു വകുപ്പു് ഉദ്ഘാടനം ചെയ്യുകയും ചെയ്തു. പക്ഷെ ഇന്നും നിറമുള്ള മഴയുടെ കാര്യത്തില്‍ ഒരു തീരുമാനമായിട്ടില്ല.
അക്കാലത്തു് നിറമുള്ള മഴവെള്ളം കാണുകയോ പെയ്ത സ്ഥലം സന്ദര്‍ശിക്കുകയോ ചെയ്യാതെ തന്നെ നിറമുണ്ടായതിന്റെ കാരണം ചിലര്‍ മാധ്യമങ്ങളിലൂടെ വിശദീകരിക്കുകയുണ്ടായി. ``ഇതു് മിന്നലിലുണ്ടാകുന്ന നൈട്രസ് ഓക്സൈഡ് മഴവെള്ളത്തില്‍ കലര്‍ന്നതു മൂലമുണ്ടാകുന്നതാണെന്നു പോലും ഈ ശാസ്ത്രജ്ഞര്‍ക്കറിയില്ലേ'' എന്നെഴുതിയ ഒരു കത്തു് എനിക്കു് ലഭിക്കുകയും ചെയ്തു. നമുക്കു മനസിലാക്കാനാകാത്ത ഒരു പ്രതിഭാസം കണ്ടാല്‍ അതു് ശാസ്ത്രീയമായി പഠിക്കുകയും ആ പഠനം ലക്ഷ്യത്തിലെത്തുന്നതു വരെ തുടരുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയാണു് ഈ സംഭവം സൂചിപ്പിക്കുന്നതു്. മനസിലാകാത്ത ഇത്തരം കാര്യങ്ങളേപ്പറ്റി പഠിക്കാന്‍ പോയതാണു് അബദ്ധം എന്നു വരെ ഞങ്ങളുടെ സ്ഥാപനത്തില്‍ ചിലര്‍ക്കു് അഭിപ്രായമുണ്ടായിരുന്നു. അതിനോടു് എനിക്കു് യോജിക്കാനാകുന്നില്ല.
(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-nd ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. ഈ കുറിപ്പുകൂടി ഉള്‍പ്പെടുത്തിയാല്‍ ഈ ലേഖനം ഇതേ രീതിയില്‍ ഏതു് മാധ്യമത്തിലും പുന:പ്രസിദ്ധീകരിക്കാവുന്നതാണു്.)
2 comments:
ഈയിടെ അഗ്നിപര്‍വ്വതങ്ങളെക്കുറിച്ച് വായിച്ചപ്പോള്‍ (അവ പൊട്ടുന്നതിന് മുന്‍പ് പ്രകൃതിയില്‍ വരുന്ന മാറ്റങ്ങള്‍) ഈ കളര്‍മഴയെക്കുറിച്ച് ഓര്‍മ്മ വന്നിരുന്നു. ഇത്രയും വിശദമായി എഴുതിയതിന് നന്ദി.
:-)
മാധ്യമങ്ങളും പത്രസമ്മേളനങ്ങളും എല്ലാം ചേര്‍ന്ന് ചുവന്ന മഴയുടെ കാരണം എന്താണ് എന്നതിനെ ആകെ കുഴച്ചു മറിച്ചു. ആരു പറയുന്നത് വിശ്വസിക്കണം എന്നതിന് കഴിയാത്ത അവസ്ഥ.
താങ്കളുടെ ഈ അനുഭവം വായിച്ചിട്ടും അത് നിലനില്‍ക്കുന്നു. ഡി.ന്‍.എ ഇല്ലാത്ത ജൈവരൂപങ്ങള്‍, ഭൌമേതരജൈവരൂപം എന്നെല്ലാം കേട്ട് ആകെ കണ്‍ഫ്യൂഷന്‍.
സത്യാവസ്ഥ എന്ന് പുറത്തുവരും?
Post a Comment