Thursday, June 25, 2009

കേരളത്തിലെ മഴയുടെ വിതരണം

കേരളത്തില്‍ ഓരോ ഭാഗത്തും ഒരു വര്‍ഷം ശരാശരി എത്ര മഴ ലഭിക്കുന്നു, ഒരു വര്‍ഷത്തില്‍ എത്ര മണിക്കൂര്‍ മഴ പെയ്യുന്നു, എന്നൊക്കെയുള്ള കാര്യങ്ങളേപ്പറ്റി തിരുവനന്തപുരത്തെ ഭൌമശാസ്ത്രപഠനകേന്ദ്രം 1989ല്‍ തയാറാക്കിയ ഒരു റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയുള്ളതാണു് ഈ ലേഖനം. കേരളത്തിലെ 80 കേന്ദ്രങ്ങളിലെ മഴമാപിനികളില്‍ നിന്നുള്ള 70 വര്‍ഷത്തെ വിവരങ്ങളാണു് മേല്പറഞ്ഞ പഠനത്തിനു് ഉപയോഗിച്ചതു്. ഈ വിവരങ്ങള്‍ ഭാരതീയ കാലാവസ്ഥാനിരീക്ഷണ വകുപ്പില്‍ നിന്നു് ശേഖരിച്ചവയാണു്. ഡോ. എസ്. സമ്പത്ത്, ഡോ. പി.വി.എസ്.എസ്.കെ. വിനായക് എന്നിവര്‍ ചേര്‍ന്നാണു് റിപ്പോര്‍ട്ട് തയാറാക്കിയതു്.

കേരളത്തെ മൂന്നു് പ്രദേശങ്ങളായി തിരിക്കാം -- തീരദേശം, ഇടനാടു്, മലനാടു് എന്നിങ്ങനെ. അതുപോലെ, മഴയെ സംബന്ധിച്ചിടത്തോളം ഒരു കൊല്ലത്തെ മൂന്നു് കാലങ്ങളായും തിരിക്കാം -- കാലവര്‍ഷം (ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ), തുലാവര്‍ഷം (ഒക്‌ടോബര്‍, നവംബര്‍, ഡിസംബര്‍), ഇടക്കാലം (ജനുവരി മുതല്‍ മെയ് വരെ) എന്നിങ്ങനെ. ഓരോ പ്രദേശത്തും ഓരോ കാലത്തും ലഭിക്കുന്ന മഴയുടെ പ്രത്യേകതകള്‍ എന്താണെന്നു് നോക്കാം.

ആദ്യം തീരദേശത്തെ കാര്യം പരിശോധിക്കാം. തീരദേശത്തു് കാലവര്‍ഷക്കാലത്തു് ലഭിക്കന്ന മൊത്തം മഴയുടെ അളവു് തെക്കുനിന്നു് വടക്കോട്ടു് പോകുംതോറും വര്‍ദ്ധിച്ചു വരുന്നു എന്നാണു് കണക്കുകള്‍ കാണിക്കുന്നതു്. മേല്പറഞ്ഞ 70 വര്‍ഷത്തെ ശരാശരി മഴ പരിശോധിച്ചാല്‍ തിരുവനന്തപുലത്തു് കാലവര്‍ഷക്കാലത്തു് 863 മില്ലിമീറ്റര്‍ മഴ ലഭിക്കുമ്പോള്‍ ആലപ്പുഴയില്‍ 1331ഉം, കൊച്ചിയില്‍ 2004ഉം കോഴിക്കോട്ടു് 2377ഉം കണ്ണൂരില്‍ 2616ഉം കാസര്‍കോടില്‍ 2936ഉം മില്ലിമാറ്റര്‍ മഴയാണു് ലഭിക്കുന്നതു്. ഒരു വര്‍ഷം മൊത്തം ലഭിക്കുന്ന മഴയുടെ ശതമാനമായി നോക്കിയാല്‍ ഇതു് യഥാക്രമം 49, 56, 65, 75, 81, 83 ശതമാനമാണു്. അതായതു് കാലവര്‍ഷക്കാലത്തു് ലഭിക്കുന്ന മഴ വടക്കോട്ടു പോകുംതോറും വര്‍ദ്ധിക്കുന്നു എന്നു മാത്രമല്ല മഴയുടെ കൂടുതല്‍ ഭാഗവും ലഭിക്കുന്നതു് ഈ കാലത്താണു്. എന്നാല്‍ ഓരോ വര്‍ഷവും കാലവര്‍ഷക്കാലത്തു് ലഭിക്കുന്ന മഴയിലുണ്ടാകുന്ന വ്യത്യാസം പരിശോധിച്ചാല്‍ കാണുന്നതു് അതു് വടക്കോട്ടു പോകുംതോറും കുറഞ്ഞു വരുന്നതാണു്. അതായതു്, തെക്കന്‍ ജില്ലകളിലെ തീരദേശത്തു് വര്‍ഷാനുവര്‍ഷം കാലവര്‍ഷക്കാലത്തു് ലഭിക്കുന്ന മഴയുടെ അളവില്‍ വടക്കന്‍ ജില്ലകളില്‍ കാണുന്നതിനേക്കാള്‍ കൂടുതല്‍ വ്യത്യാസമുണ്ടാകുന്നുണ്ടു്.

ഇനി തീരദേശത്തു് തുലാവര്‍ഷക്കാലത്തു് ലഭിക്കുന്ന മഴയുടെ അളവു് പരിശോധിച്ചാല്‍ അതു് മേല്പറഞ്ഞതില്‍ നിന്നു് വ്യത്യസ്ഥമാണെന്നു കാണാം. അതു് തെക്കന്‍ ജില്ലകളിലാണു് കൂടുതല്‍. വടക്കോട്ടു് പോകുംതോറും തുലാവര്‍ഷക്കാലത്തു് ലഭിക്കുന്ന മഴയുടെ അളവു് കുറഞ്ഞു വരുന്നു. എഴുപതു് വര്‍ഷത്തെ ശരാശരി എടുക്കുമ്പോള്‍ തുലാവര്‍ഷക്കാലത്തു് തിരുവനന്തപുരത്തു് 626 മി.മീ. മഴ ലഭിക്കുമ്പോള്‍ ആലപ്പുഴയില്‍ 644ഉം കൊച്ചിയില്‍ 555ഉം കോഴിക്കോട്ടു് 444ഉം കണ്ണൂരില്‍ 329ഉം കാസര്‍കോടില്‍ 329ഉം മില്ലിമീറ്ററാണു് ലഭിക്കുന്നതു്. ഇതു്, യഥാക്രമം, ഒരു വര്‍ഷം മൊത്തത്തില്‍ ലഭിക്കുന്ന മഴയുടെ 33, 21, 18, 14, 10, 9 ശതമാനമാണു്. ഇടക്കാലത്തുള്ള മഴ കൊച്ചിയ്ക്കു് തെക്കുള്ള ഭാഗത്തു മാത്രമാണു് കാര്യമായുള്ളതു്. കോഴിക്കോടിനു് വടക്കു് അതു് ഒരു വര്‍ഷം ലഭിക്കുന്ന മഴയുടെ പത്തു് ശതമാനത്തിനു് താഴെയാണു്. (ഉദാഹരണമായി ഏതാനും കേന്ദ്രങ്ങളിലെ വിവരങ്ങള്‍ മാത്രമെ ഇവിടെ കൊടുത്തിട്ടുള്ളൂ.)

ഇതു് കാണിക്കുന്നതു് കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ തിരുവനന്തപുരം മുതല്‍ ഏതാണ്ടു് ആലപ്പുഴ വരെയുള്ള ഭാഗത്തു് വര്‍ഷത്തിലുടനീളം മോശമല്ലാത്ത മഴ ലഭിക്കുന്നുണ്ടു് എന്നാണു്. കോഴിക്കോടിനു് വടക്കുള്ള തീരദേശത്തു് മഴയുടെ വലിയ ഭാഗം, ഒരു കൊല്ലത്തില്‍ ആകെ ലഭിക്കുന്ന മഴയുടെ മുക്കാല്‍ പങ്കിലധികം, ലഭിക്കുന്നതു് കാലവര്‍ഷക്കാലത്താണു്. എന്നാല്‍ അവിടെ മഴയുടെ അളവില്‍ വര്‍ഷാവര്‍ഷം വലിയ ഏറ്റക്കുറച്ചില്‍ ഉണ്ടാകാറില്ല.

ഇനി ഇടനാടിലെ സ്ഥിതി എങ്ങനെയാണു് എന്നു നോക്കാം. ഇടനാടിലും തീരദേശത്തു് കാണുന്നതുപോലെ കാലവര്‍ഷക്കാലത്തു് ലഭിക്കുന്ന മഴയുടെ അളവു് വടക്കോട്ടു പോകുംതോറും വര്‍ദ്ധിച്ചുവരുന്നതായാണു് കാണുന്നതു്. എന്നാല്‍ ചെറിയൊരു വ്യത്യാസമുള്ളതു് പാലക്കാടു് ചുരത്തിനോടു് ചേര്‍ന്നുള്ള ഭാഗത്താണു്. അതിനു് തെക്കും വടക്കുമുള്ള സ്ഥലങ്ങളേക്കാള്‍ മഴ കുറവാണു് അവിടെ ലഭിക്കുന്നതു്. ഇതു് സ്വാഭാവികമാണു്. കാലവര്‍ഷക്കാലത്തു് പടിഞ്ഞാറുനിന്നു് വരുന്ന മഴമേഘങ്ങള്‍ സഹ്യാദ്രയുടെ സാന്നിദ്ധ്യത്താല്‍ കേരളത്തില്‍ തന്നെ മഴ പൊഴിക്കുമ്പോള്‍ പാലക്കാടു് ഭാഗത്തെത്തുന്ന മേഘങ്ങള്‍ ചുരത്തില്‍ക്കൂടി കടന്നു പോകുന്നു. എന്നാല്‍ മൊത്തം ഒരു കൊല്ലം ലഭിക്കുന്ന മഴയുടെ ശതമാനമായി നോക്കുമ്പോള്‍ തെക്കുനിന്നു് വടക്കോട്ടു് ക്രമമായി വര്‍ദ്ധിച്ചു വരുന്നതാണു് കാണുന്നതു്. തുലാവര്‍ഷക്കാലത്തെ മഴയുടെ അളവും, തീരദേശത്തെന്നപോലെ, തെക്കുനിന്നു് വടക്കോട്ടു് ക്രമമായി കുറഞ്ഞു വരുന്നതാണു് കാണുന്നതെങ്കിലും വടക്കന്‍ ജില്ലകളിലും അതു് തീരെ കുറവല്ല. ഉദാഹരണമായി, തുലാവര്‍ഷക്കാലത്തു് നെടുമങ്ങാടു് ലഭിക്കുന്നതു് ഒരു കൊല്ലം ലഭിക്കുന്ന മഴയുടെ 29 ശതമാനമാണെങ്കില്‍ കോട്ടയത്തു് അതു് 19 ശതമാനവും ഒറ്റപ്പാലത്തു് 16 ശതമാനവും തളിപ്പറമ്പില്‍ 10 ശതമാനവുമാണു്. ഇടക്കാലത്തു് കിട്ടുന്ന മഴയുടെ കാര്യവും ഏതാണ്ടു് ഇതേപോലെയാണു്. നെടുമങ്ങാടു് ലഭിക്കുന്നതു് മൊത്തം മഴയുടെ 24 ശതമാനമാണെങ്കില്‍ കോട്ടയത്തു് 17 ശതമാനവും ഒറ്റപ്പാലത്തു് 12 ശതമാനവും തളിപ്പറമ്പില്‍ 8 ശതമാനവുമാണു്. അതായതു്, തീരദേശത്തു കാണുന്ന രീതിയിലുള്ള മാറ്റങ്ങളാണു് ഇടനാടിലും കാണുന്നതെങ്കിലും തെക്കന്‍ ജില്ലകളും വടക്കന്‍ ജില്ലകളും തമ്മിലുള്ള വ്യത്യാസം കുറവാണു്.

നമ്മള്‍ മലനാട്ടിലെ മഴയേപ്പറ്റി ചര്‍ച്ച ചെയ്യുമ്പോള്‍ ഒരു കാര്യം ഓര്‍ക്കേണ്ടതുണ്ടു്. ഈ പ്രദേശത്തു് ഉയരത്തിനനുസരിച്ചു് മഴയുടെ അളവില്‍ മാറ്റമുണ്ടാകും എന്നതാണതു്. അതുകൊണ്ടു് തീരദേശത്തെയും ഇടനാട്ടിലെയും പോലെ പല സ്ഥലങ്ങളില്‍ പെയ്യുന്ന മഴയുടെ അളവു് നേരിട്ടു് താരതമ്യം ചെയ്യുന്നതില്‍ വലിയ കാര്യമില്ല. പകരം ഓരോ കാലത്തും ലഭിക്കുന്ന മഴ ഒരു കൊല്ലം മൊത്തം ലഭിക്കുന്ന മഴയുടെ ശതമാനമായി നോക്കുന്നതാവും കുറച്ചുകൂടി നല്ലതു്. എന്നാല്‍ പോലും ഇടനാട്ടിലെയും തീരദേശത്തെയും പോലെ വ്യക്തമായ ഒരു ചിത്രം ലഭിക്കണമെന്നില്ല. കൂടാതെ ഈ പ്രദേശത്തു് സ്ഥാപിച്ചിട്ടുള്ള മഴമാപിനികളുടെ എണ്ണം താരതമ്യേന കുറവുമാണു്. ഇക്കാര്യങ്ങള്‍ മനസില്‍ വച്ചുകൊ​ണ്ടു വേണം പഠനഫലങ്ങള്‍ വിലയിരുത്താന്‍.

പഠനത്തിനുപയോഗിച്ച വിവരങ്ങള്‍ ലഭിച്ച മലനാടന്‍ കേന്ദ്രങ്ങളില്‍ ഏറ്റവും തെക്കുള്ളതു് പീരുമേടാണു്. ഏറ്റവും വടക്കു് വൈത്തിരിയും. പീരുമേട്ടില്‍ കാലവര്‍ഷക്കാലത്തു് ആകെ മഴയുടെ 70 ശതമാനം ലഭിക്കുമ്പോള്‍ ദേവികുളത്തു് അതു് 68 ശതമാനവും മൂന്നാറില്‍ 77 ശതമാനവും വൈത്തിരിയില്‍ 80 ശതമാനവുമാണു്. തുലാവര്‍ഷക്കാലത്താണെങ്കില്‍ പീരുമേട്ടിലും ദേവികുളത്തും ലഭിക്കുന്നതു് മൊത്തം മഴയുടെ 17 ശതമാനമാണു്. മൂന്നാറിലും വൈത്തിരിയിലും 11 ശതമാനവും. ഇടക്കാലത്തു് പീരുമേട്ടില്‍ ലഭിക്കുന്നതു് മൊത്തം മഴയുടെ 13 ശതമാനവും ദേവികുളത്തു് 15 ശതമാനവും മൂന്നാറില്‍ 12 ശതമാനവും വൈത്തിരിയില്‍ 9 ശതമാനവുമാണു്.

മലനാട്ടില്‍ പാലക്കാടു് ചുരത്തിനു് തെക്കുള്ള നാലു് കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങളും ചുരത്തിനു് വടക്കുള്ള രണ്ടു് കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങളുമാണു് പഠനത്തിനു് ഉപയോഗിച്ചതു്. തെക്കുള്ള കേന്ദ്രങ്ങളില്‍വെച്ചു് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നതു് പീരുമേട്ടിലാണു്. ഏറ്റവും കുറവു് വണ്ടന്‍മേട്ടിലും. ഈ പ്രദേശത്തു് പ്രധാനപ്പെട്ട ജലവൈദ്യുതപദ്ധതികള്‍ ഉള്ളതുകൊണ്ടു് ഇവിടത്തെ മഴ കേരളത്തിനാകെത്തന്നെ പ്രാധാന്യമുള്ളതാണു്. ഈ നാലു് കേന്ദ്രങ്ങളിലെയും മഴയുടെ 25 മുതല്‍ 40 ശതമാനം വരെ ലഭിക്കുന്നതു് തുലാവര്‍ഷ-ഇടക്കാല കാലങ്ങളിലാണു്. ഈ കാലങ്ങളില്‍ വര്‍ഷാവര്‍ഷം ലഭിക്കുന്ന മഴയില്‍ ഉണ്ടാകാവുന്ന വ്യതിയാനം വലുതായതു കൊണ്ടു് മൊത്തം ലഭിക്കുന്ന മഴയിലും കാര്യമായ മാറ്റങ്ങളുണ്ടാകാം. നമ്മുടെ വൈദ്യുതിയുടെ ലഭ്യതയെ സംബന്ധിച്ചിടത്തോളം ഇതു് വളരെ പ്രധാനപ്പെട്ട ഒരു വിവരമാണു്.

മൊത്തം മഴയുടെ ലഭ്യത പരിശോധിച്ചാല്‍, തീരദേശത്തും ഇടനാട്ടിലും തെക്കന്‍ ജില്ലകളില്‍ പൊതുവെ കുറവും വടക്കോട്ടു പോകുംതോറും വര്‍ദ്ധിച്ചു വരുന്നതും ആണു് കാണുന്നതു്. അതുപോലെ, വടക്കോട്ടു പോകുംതോറും മൊത്തം ലഭിക്കുന്ന മഴയുടെ കൂടുതല്‍ ഭാഗവും കാലവര്‍ഷക്കാലത്തു് ലഭിക്കുന്നതായാണു് കാണുന്നതു്. മലനാട്ടില്‍ ഇത്രയും തന്നെ വ്യക്തമായ ഒരു മാറ്റം തിരിച്ചറിയാനാവില്ല. സ്ഥലത്തിന്റെ ഉയരമനുസരിച്ചു് മഴയുടെ അളവിലുണ്ടാകുന്ന വ്യത്യാസമാണു് ഇതിനു് കാരണം.

ഏതു് സിസ്റ്റവും കാര്യക്ഷമമായി നോക്കി നടത്തണമെങ്കില്‍ അതിന്റെ സവിശേഷതകള്‍ അറിയണമല്ലോ. ജനസംഖ്യ വര്‍ദ്ധിച്ചു വരികയും അതോടൊപ്പം ജലത്തിന്റെ പ്രതിശീര്‍ഷ ഉപഭോഗവും വര്‍ദ്ധിച്ചു വരികയും എന്നാല്‍ മുന്‍കാലങ്ങളില്‍ ജലം സംഭരിച്ചു വയ്ക്കാന്‍ സഹായിച്ചിരുന്ന ജലാശയങ്ങളും വനങ്ങളും ഇല്ലാതായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഓരോ പ്രദേശത്തും പെയ്യുന്ന മഴയുടെ പ്രത്യേകതകള്‍ മനസിലാക്കി അതനുസരിച്ചു് ജലലഭ്യത മെച്ചപ്പെടുത്താനാവശ്യമായ പദ്ധതികള്‍ തയാറാക്കുകയും ചെയ്യേണ്ടതുണ്ടു്. അതിനു് ഇത്തരം പഠനങ്ങള്‍ സഹായകമാണു്.

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)

No comments: