Sunday, March 18, 2007

സ്വാതന്ത്ര്യവും നമ്മുടെ മീഡിയയും

കുറച്ചുകാലമായി എഴുതണമെന്നു വിചാരിച്ചിരുന്ന ഒരു വിഷയവുമായി ബന്ധപ്പെട്ട് ഒരു വാര്ത്ത കാണാനിടയായി. അങ്ങനെയാണ് ഇതെഴുതാനുള്ള പ്രചോദനമുണ്ടായത്. വിഷയം തലവാചകത്തില്‍ സൂചിപ്പിച്ചതു തന്നെ. സ്വാതന്ത്ര്യത്തേക്കുറിച്ച് ഏറ്റവും ഉച്ചത്തില്‍ സംസാരിക്കുന്നവരില്‍ ഒരു പക്ഷെ ഏറ്റവും മുന്നില്‍ നില്ക്കുന്നത് നമ്മുടെ മാധ്യ മങ്ങള്‍ തന്നെയായിരിക്കും. ഇതില്‍ തെറ്റൊന്നുമില്ല, എന്നു തന്നെയല്ല ഇതവരുടെ കടമകൂടിയാണ് എന്നു പറയണം. കാരണം സ്വാതന്ത്ര്യബോധം ജനങ്ങളിലുണ്ടാക്കാനും അതു നഷ്ടപ്പെടാതെ സൂക്ഷിക്കാനും മാധ്യമങ്ങള്‍ക്ക് വലിയ ഒരു പങ്കുണ്ട്. നമ്മുടെ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ നമ്മള്‍ തുടര്ച്ചയായി ശ്രദ്ധിച്ചില്ലെങ്കില്‍ അത് നമുക്ക് നഷ്ടപ്പെടാം എന്ന് ഓര്ക്കേണ്ടതുണ്ട്. എന്നാല്‍ സ്വാതന്ത്ര്യത്തേക്കുറിച്ച് ഉച്ചത്തില്‍ സംസാരിക്കുമ്പോള്‍ തന്നെ മറ്റൊരു കാര്യം കൂടി അവര്‍ ഓര്ക്കേണ്ടതുണ്ട്. അത് ഉത്തരവാദിത്ത ബോധമാണ്.

ഉത്തരവാദിത്തമില്ലാത്ത സ്വാതന്ത്ര്യവും ഉത്തരവാദിത്തമില്ലാത്ത അവകാശങ്ങളും ഒരുപോലെ അപകടകാരിയാണ്. (അതുപോലെ തന്നെ അവകാശങ്ങളോ സ്വാതന്ത്ര്യമോ ഇല്ലാത്ത ഉത്തരവാദത്തം അര്ത്ഥശൂന്യവുമാണ്.) സ്വാതന്ത്ര്യം തന്നെ അനിയന്ത്രിതമാകാനാവില്ല. നിങ്ങളുടെ സ്വാതന്ത്ര്യം ആരംഭിക്കുന്നിടത്ത് എന്റെ സ്വാതന്ത്ര്യം അവസാനിക്കണം. അവസാനിച്ചേ പറ്റൂ. അവനവന്റെ സ്വാതന്ത്ര്യം എവിടെ അവസാനിക്കുന്നു എന്നുള്ളതിനേപ്പറ്റി ഓരോരുത്തര്‍ക്കും നല്ല ബോധവും ഉണ്ടായിരിക്കണം. അതുണ്ടായില്ലെങ്കില്‍, അതുണ്ടാകാത്തവര്‍ പല പ്രശ്നങ്ങള്‍ക്കും കാരണക്കാരാകും. സ്വന്തം സ്വാതന്ത്ര്യത്തേപ്പറ്റി അതിരുകവിഞ്ഞ ബോധമുണ്ടാകുകയും മറ്റുള്ളവരുടെ സ്വാതന്ത്ര്യ ത്തിന് വില കല്‍പ്പിക്കാതിരിക്കുകയും ചെയ്യുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് തോന്നുന്നു.

ഇനി ‍ഞാന്‍ ഇതെഴുതിത്തുടങ്ങാനിടയായ വാര്‍ത്തയിലേക്കു കടക്കട്ടെ. ഒരു അനുസ്മരണ സമ്മേളനത്തില്‍ വച്ച് ശ്രീ ഋഷിരാജ് സിങ്ങ് പറഞ്ഞ കാര്യ മാണ് ഇതെഴുതാന്‍ കാരണമായത്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന ആ സമ്മേളനത്തില്‍ വച്ച് പത്രപ്രവര്‍ത്തകര്‍ പലപ്പോഴും സംഭവങ്ങളെ തീരെ ലളിതവല്‍ക്കരിക്കുകയും വ്യക്തികളുടെ മാനസികാവസ്ഥ പരിഗണിക്കാതെ ചോദ്യങ്ങള്‍ ചോദിക്കുന്നതായും അദ്ദേഹം ആരോപിച്ചു. മാനസിക സംഘര്‍ഷം അനുഭവിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയോട് "ഇപ്പോള്‍ എന്തു തോന്നുന്നു?" എന്നതുപോലെയുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നു എന്നതാണ് അദ്ദേഹം പറഞ്ഞ ഒരു കാര്യം എന്നാണെന്റെ ഓര്‍മ്മ. ചില സമയത്തെങ്കിലും എനിക്കും ഇങ്ങനെ തോന്നിയിട്ടുണ്ട്. പലപ്പോഴും പത്രലേഖകരോടൊപ്പം ടെലിവിഷന്‍കാരും ഉണ്ടാകും എന്നതു കൊണ്ടും മാധ്യമ പ്രവര്‍ത്തകരെ വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകാം എന്നതു കൊണ്ടും പലര്ക്കും ന്യായമായി പ്രതികരിക്കാന്‍ പറ്റാറില്ല. ആ പ്രയാസം തന്നെയാണ് മാധ്യമ പ്രവര്ത്തകര്‍ മുതലെടുക്കുന്നതും. ചില രാഷ്ട്രീയ പ്രവര്‍ത്തകരെങ്കിലും ഇങ്ങനെ ഞെളിപിരി കൊള്ളുന്നത് നമ്മളില്‍ പലരും കണ്ട് ആസ്വദിച്ചിട്ടുമുണ്ടാകും. എന്നാല്‍ ഇത് നിസ്സഹായരായ കുട്ടികളോടാകുമ്പോള്‍ നമുക്കത് സഹിക്കാവുന്നതിലും അപ്പുറത്താകും. അത്തരമൊരു സംഭവമാണ് ഞാന്‍ ആദ്യം സൂചിപ്പിച്ചത്.

ഭാര്യ മദ്യത്തില്‍ വിഷം കലക്കി കൊടുത്തതു മൂലം ഭര്‍ത്താവും സുഹൃത്തും ആശുപത്രിയിലാകുകയും പിന്നീട് മരിക്കുകയും ചെയ്ത സംഭവം ചിലരുടെയെങ്കിലും മനസിലുണ്ടാകും. പിന്നീട് ഭാര്യ അറസ്റ്റിലാകുകയും ചെയ്തു. ഇതിനോടടുത്ത ഒരു ദിവസമാണ് ടെലിവിഷനില്‍ ‍ഞെട്ടിക്കുന്ന ആ കാഴ്ച ഞാന്‍ കണ്ടത്. ഏത് ചാനലാണ് എന്നെനിക്ക് ഓര്‍മ്മയില്ല. കാരണം ഞാന്‍ വെറുതെ ചാനലുകള്‍ മാറ്റിക്കൊണ്ടിരിക്കുകയായിരുന്നു. ഒരു ചെറിയ വീട്. വീട്ടിനുള്ളിലേക്ക് ടെലിവിഷന്‍ ക്യാമറയും റിപ്പോര്‍ട്ടറുമൊക്കെക്കൂടി കയറുന്നു. മുറിയില്‍ കട്ടിലില്‍ ഒരു പെണ്‍കുട്ടി കമഴ്ന്ന് കിടക്കുന്നു. ഒരരികില്‍ ഒരാണ്‍കുട്ടി ഇരിക്കുന്നു. പതിനാറോ പതിനെട്ടോ വയസു വരും. ലൈറ്റ് ആണ്‍കുട്ടിയുടെ മുഖത്തേക്ക് തെളിച്ചുകൊണ്ട് റിപ്പോര്‍ട്ടര്‍ ചോദിക്കുന്നു, "അച്ഛനും അമ്മയും തമ്മിലുള്ള ബന്ധം എങ്ങനെയായിരുന്നു?" രണ്ടോ മൂന്നോ പ്രാവശ്യം ചോദിച്ച ശേഷമാണെന്നു തോന്നുന്നു ആ കുട്ടി പറഞ്ഞു, "എനിക്കറിയില്ല" എന്ന്. ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ആ കുട്ടി പറഞ്ഞു, "ഞാനിവിടെയല്ല പഠിച്ചത്" എന്ന്. ഇവരുടെ ചോദ്യങ്ങളില്‍ നിന്ന് രക്ഷപ്പെടാനാവണം. പക്ഷെ രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. റിപ്പോര്‍ട്ടര്‍ എല്ലാം മനസിലാക്കിത്തന്നെയാണ് ചെന്നിരിക്കുന്നത്. "അതിപ്പോഴല്ലേ. അതിനു മുമ്പെങ്ങനെയായിരുന്നു?" കുട്ടി വീണ്ടും മൌനം പാലിച്ചു. അപ്പോള്‍ ചോദ്യം കമഴ്ന്നു കിടക്കുന്ന (ഒരു പക്ഷെ കരഞ്ഞുകൊണ്ട് കിടക്കുന്ന) പെണ്‍കുട്ടിയോടായി. ആ കുട്ടിയും ഒന്നും മിണ്ടാത്തപ്പോള്‍ പോലീസ് മുറയിലായി ചോദ്യം. "കേട്ടില്ലേ, കുട്ടിയാടാ ചോദിച്ചത്. അമ്മയും അച്ഛനും തമ്മിലുള്ള ബന്ധം എങ്ങനെയായിരുന്നു എന്ന്" എന്നിട്ടും ആ കുട്ടി ഒന്നും മിണ്ടിയില്ല. സഹികെട്ട് ആ 'പട്ടാളം' അവിടെ നിന്ന് ഇറങ്ങിപ്പോയി.

ഇതെനിക്ക് സഹിക്കാവുന്നതിലും അപ്പുറത്തായിപ്പോയി. ഞാനിതെന്റെ ചില മാധ്യമ സുഹൃത്തുക്കളോടു പറഞ്ഞു. അവര്‍ സഹതാപം പ്രകടിപ്പിച്ചു. അവര്‍ക്ക് എന്തു ചെയ്യാനാവും? ഏത് തൊഴിലിലും പല തരത്തിലുള്ളവരുണ്ടല്ലോ. പക്ഷെ നമ്മള്‍ പ്രതികരിച്ചില്ലെങ്കില്‍ ഇത്തരം ക്രൂരതകള്‍ വര്‍ദ്ധിക്കുകയേയുള്ളൂ. മാധ്യമങ്ങള്‍ക്കും അവരുടേതായ സ്വാതന്ത്ര്യം ഉണ്ട്. പക്ഷെ എന്റെ സ്വാതന്ത്ര്യം തുടങ്ങുന്നിടത്ത് അവരുടേത് അവസാനിക്കണം. മാത്രമല്ല ആരായാലും മനുഷ്യത്വ രഹിതമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അനുവദിച്ചു കൊടുക്കാന്‍ പാടില്ല. നമ്മള്‍ ജാഗ്രത കാട്ടിയില്ലെങ്കില്‍ നമുക്ക് നമ്മുടെ സ്വാതന്ത്ര്യം നഷ്ടപ്പെടാം. ഒരിക്കല്‍ നഷ്ടപ്പോട്ടാല്‍ അത് തിരിച്ചെടുക്കാന്‍ വളരെ കഷ്ടപ്പെടേണ്ടിവരും.