Friday, September 11, 2009

മിന്നല്‍ഗോളങ്ങള്‍

(ആഗസ്റ്റ് 20, 2009ലെ തേജസ് പത്രത്തിന്റെ നാലാം പേജില്‍ പ്രസിദ്ധീകരിച്ച ലേഖനം)

പ്രകൃതിയില്‍ കാണുന്ന ചില പ്രതിഭാസങ്ങള്‍ ചിലപ്പോള്‍ നമുക്കു് മനസിലാക്കാന്‍ വളരെ ബുദ്ധിമുട്ടാവാറുണ്ടു്. അവയില്‍ ഒന്നാണു് തീഗോളം പോലെയിരിക്കുന്ന, അന്തരീക്ഷത്തില്‍ക്കൂടി പറന്നു നടക്കുന്ന, പരിസരത്തുള്ളവരെയെല്ലാം ഭീതിപ്പെടുത്തുന്ന ഗോളീയമിന്നല്‍ ball lightning എന്നു വിളിക്കുന്ന പ്രതിഭാസം. വളരെ വിരളമായി കാണുന്നതായതുകൊണ്ടും മറ്റും ഈ പ്രതിഭാസത്തേപ്പറ്റി വിശദമായി പഠിക്കാന്‍ ഇതുവരെ ശാസ്ത്രജ്ഞര്‍ക്കായിട്ടില്ല. ചിലപ്പോഴെങ്കിലും ഇതു് പ്രകൃത്യതീതമായ എന്തോ പ്രതിഭാസമാണെന്നോ മറ്റേതോ ഗ്രഹത്തില്‍ നിന്നു വന്നതാണെന്നോ ഒക്കെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടു്.

ഗോളീയമിന്നലിന്റെ ചിത്രങ്ങള്‍ എടുക്കാന്‍ ചിലര്‍ക്കെങ്കിലും കഴിഞ്ഞിട്ടുണ്ടു്. അവയില്‍നിന്നും, ദൃക്‌സാക്ഷികളുടെ വിവരണങ്ങളില്‍ നിന്നും അതിനെ ഇങ്ങനെ വിവരിക്കാം. ഒരു തീഗോളമായാണു് അതു് കാണപ്പെടുക. അതിനു് ഏതാനും മില്ലിമീറ്റര്‍ മുതല്‍ ഏതാനും മീറ്റര്‍ വരെ വ്യാസമുണ്ടാകാം. ഈ ഗോളത്തിനു് മുകളിലേയ്ക്കും താഴേക്കും വശങ്ങളിലേക്കുമൊക്കെ നീങ്ങാനാവും. അതുപോലെ അതിനു് ഒരേ സ്ഥാനത്തു് അനങ്ങാതെ നില്‍ക്കാനുമാകും. ഒരേ ദിശയില്‍ തുടര്‍ച്ചയായി സഞ്ചരിക്കുന്ന ഗോളീയ മിന്നല്‍ കണ്ടതായി ആരും അവകാശപ്പെട്ടിട്ടില്ല. അതു് എപ്പോള്‍ എങ്ങോട്ടു് നീങ്ങും എന്നു് മനസിലാക്കാനും കഴിഞ്ഞിട്ടില്ല. മിക്ക സംഭവങ്ങളിലും ഈ തീഗോളം പെട്ടെന്നു് ഇല്ലാതാകുന്നതായാണു് ദൃക്‌സാക്ഷികള്‍ അവകാശപ്പെട്ടിട്ടുള്ളതു്. ഈ അത്ഭുത പ്രതിഭാസത്തിനെ കണ്ടിട്ടുള്ള എല്ലാവരും പറയുന്ന ഒരു കാര്യമുണ്ടു് -- അതിന്റെ സാന്നിദ്ധ്യത്തില്‍ സള്‍ഫറിന്റെ മണമുണ്ടാകുന്നു എന്നു്. ഇതു് ഒരു പ്രകൃത്യതീത പ്രതിഭാസമാണു് എന്നു് തോന്നിയെങ്കില്‍ അതില്‍ തെറ്റു കാണാനാവില്ലല്ലോ.

ഗോളീയമിന്നല്‍ പ്രത്യക്ഷപ്പെടുന്നതു് ഏതു് തരം ദിനാവസ്ഥയിലുമാകാം. ഇടിയും മഴയും ഉള്ളപ്പോഴും പ്രശാന്തമായ അന്തരീക്ഷത്തിലും ഇതു് കണ്ടിട്ടുള്ളതായി രേഖകളുണ്ടു്. അറിയപ്പെടുന്ന രേഖകളില്‍ ഏറ്റവും ആദ്യത്തേതു് വളരെയധികം നാശനഷ്ടം വരുത്തിയ ഒരു ഗോളീയമിന്നലിനെ പറ്റിയുള്ളതാണു്. 1638 ഒക്‌ടോബര്‍ 21നു് ഇംഗ്ലണ്ടിലെ ഡെവണ്‍ എന്ന പ്രദേശത്തെ ഒരു പള്ളിയെ ഏതാണ്ടു് ഇല്ലാതാക്കിയ ഒരു ഗോളീയമിന്നലാണു് ഇതു്. ശക്തമായ കാറ്റും മഴയും ഇടിമിന്നലും ഉള്ള സമയത്തു് ഏതാണ്ടു് എട്ടടി വ്യാസമുള്ള ഒരു തീഗോളം പള്ളിയില്‍ കടക്കുകയും അതു് കെട്ടിയിരുന്ന വലിയ കല്ലുകളും മറ്റും ഇളക്കി താഴെയിടുകയും ചെയ്തു. പള്ളിയ്ക്കു് വമ്പിച്ച നാശനഷ്ടം വരുത്തി എന്നു മാത്രമല്ല അതു് നാലു പേരുടെ ജീവന്‍ അപഹരിക്കുകയും 60 പേരെ പരിക്കേല്പിക്കുകയും കൂടി ചെയ്തുവത്രെ. ഒടുവില്‍ തീഗോളം രണ്ടായി പിളര്‍ന്നു. ഒന്നു് ജനലില്‍ക്കൂടി പുറത്തേയ്ക്കു് പോയി. മറ്റൊന്നു് പള്ളിയ്ക്കുള്ളിലെവിടെയോ അപ്രത്യക്ഷമായി. പരിസരത്തെല്ലാം സള്‍ഫറിന്റെ മണമുണ്ടായിരുന്നതായി പള്ളിയിലുണ്ടായിരുന്നവര്‍ പറയുന്നു. ജനങ്ങള്‍ ഈ സംഭവത്തെ സാത്താന്റെ പരാക്രമമായാണു് കണക്കാക്കിയതു് എന്നതില്‍ അത്ഭുതപ്പെടാനില്ലല്ലോ.

ഗോളീയമിന്നലേറ്റു് വ്യക്തികള്‍ മരിച്ച പല സംഭവങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടു്. മിന്നലിനെപ്പറ്റി പഠിക്കാന്‍ ശ്രമിക്കുകയായിരുന്ന റഷ്യന്‍ ശാസ്ത്രജ്ഞന്‍ പ്രൊഫസര്‍ ജോര്‍ജ് റിച്ച്‌മന്‍ 1753ല്‍ മരണമടഞ്ഞതു് ബഞ്ചമിന്‍ ഫ്രാങ്ക്ളിന്‍ നൂറു വര്‍ഷം മുമ്പു് ചെയ്തതുപോലെ ഒരു പട്ടം ഉപയോഗിച്ചു് മിന്നലിനേപ്പറ്റി പഠിക്കുന്നതിനിടയിലായിരുന്നു. ഒരു ഗോളീയ മിന്നലായിരുന്നു അദ്ദേഹത്തിന്റെ മരണത്തിനു് ഇടയാക്കിയതു്. 1809ല്‍ വാറന്‍ ഹേസ്റ്റിങ്‌സ് എന്ന ബ്രട്ടിഷ് കപ്പലിലെ മൂന്നു് പണിക്കാര്‍ ഒന്നിനു പുറകെ ഒന്നായി വന്ന മൂന്നു് ഗോളീയ മിന്നലുകളേറ്റു് മരണമടഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ടു്. ഇതു് തികച്ചും അസാധാരണമായ സംഭവമാണു്. പെട്ടെന്നുണ്ടായ ഇടിമിന്നലോടു കൂടിയ മഴയും കാറ്റും നിലനില്‍ക്കെയാണു് ഇതു് സംഭവിച്ചതു്.

സാര്‍ അലക്സാണ്ടര്‍ രണ്ടാമന്റെ പുത്രന്‍ സാര്‍ നിക്കൊളാസ് രണ്ടാമന്‍ തന്റെ പിതാമഹനോടൊപ്പം പള്ളിയിലിരിക്കുന്ന സമയത്തു് ഒരു ഗോളീയ മിന്നല്‍ അവിടെ വരികയും പിതാമഹന്റെ സമീപത്തു് പോയെങ്കിലും അദ്ദേഹത്തിനു് പരിക്കൊന്നും ഏല്പിക്കാതെ പുറത്തുപോകുകയും ചെയ്ത കഥ എഴുതിയിട്ടുണ്ടു്. അതു് സംഭവിച്ചതു് എന്നാണെന്നു് അദ്ദേഹം പറഞ്ഞിട്ടില്ലെങ്കിലും അദ്ദേഹം ഈ പ്രതിഭാസം കണ്ടു് ഭയന്ന കാര്യവും എന്നാല്‍ അദ്ദേഹത്തിന്റെ പിതാമഹന്‍ വളരെ ശാന്തനായി ഇരിക്കുകയും തീഗോളം പുറത്തു പോയശേഷം കുരിശുവരച്ചു് പുഞ്ചിരിക്കുകയും ചെയ്ത കാര്യം അദ്ദേഹം എഴുതിയിട്ടുണ്ടു്. എന്തായാലും അതോടെ നിക്കോളാസിനു് ഇടിമിന്നലിനോടുണ്ടായിരുന്ന ഭയം ഇല്ലാതായത്രെ.

ഇത്തരം അനേകം വിവരണങ്ങള്‍ ഉണ്ടായിട്ടുണ്ടു്. രണ്ടാം ലോകമഹായുദ്ധ സമയത്തു് പല പൈലറ്റുകളും പറന്നു നടക്കുന്ന പ്രകാശഗോളങ്ങളുടെ കാര്യം വിവരിച്ചിട്ടുണ്ടു്. അതുപോലെ അന്തര്‍വാഹിനികളില്‍ സഞ്ചരിച്ചിരുന്ന നാവികസേനയിലെ അംഗങ്ങളും അന്തര്‍വാഹിനിക്കുള്ളില്‍ ചെറിയ തീഗോളങ്ങള്‍ ചില സന്ദര്‍ഭങ്ങളില്‍ ഉണ്ടായതായി പറഞ്ഞിട്ടുണ്ടു്. എന്നാല്‍ പിന്നീടു് ഒരു പഴയ അന്തര്‍വാഹിനിയില്‍ ഇത്തരം തീഗോളം സൃഷ്ടിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെടുകയാണു് ചെയ്തതു്. 1994ല്‍ സ്വീഡനിലെ ഉപ്‌സാല എന്ന സ്ഥലത്തു് അടഞ്ഞുകിടന്ന ഒരു ജനലില്‍ക്കൂടി ഒരു തീഗോളം കടന്നുപോയതായി രേഖപ്പെടുത്തിയിട്ടുണ്ടു്. ഏതാണ്ടു് 5 സെന്റിമീറ്റര്‍ വ്യാസമുള്ള ഒരു ദ്വാരം അവശേഷിപ്പിച്ചുകൊണ്ടാണു് അതു് കടന്നുപോയതു്. ഇതു് ഉപ്‌സാല സര്‍വ്വകലാശാലയിലെ വൈദ്യുത-മിന്നല്‍ ഗവേഷണ വിഭാഗം രേഖപ്പെടുത്തിയിട്ടുണ്ടു്.

ഇന്ത്യയിലും ഗോളീയ മിന്നല്‍ ഉണ്ടായിട്ടുണ്ടു്. 1877ല്‍ ഒരു ഗോളീയമിന്നല്‍ അമൃത്‌സറിലെ സ്വര്‍ണ്ണക്ഷേത്രത്തില്‍ കടക്കുകയും വശത്തുള്ള ഒരു കതകിലൂടെ പുറത്തു പോകുകയും ചെയ്തതു് അവിടെയുണ്ടായിരുന്ന അനേകം പേര്‍ കണ്ടതായി അവിടെ തന്നെ രേഖപ്പെടുത്തിയിട്ടുണ്ടു്. കോട്ടയത്തടുത്തുള്ള ഒരു വീട്ടില്‍ ദശാബ്ദങ്ങള്‍ക്കു മുമ്പു് ഗോളീയ മിന്നല്‍ സന്ദര്‍ശിച്ചതായി ഈ ലേഖകനു് മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടു്. അവിടെ ഒരു ഭിത്തിയില്‍ വൃത്താകൃതിയില്‍ സിമന്റ് തേച്ചതായി കണ്ടിട്ടു് എന്തു സംഭവിച്ചതാണു് എന്നന്വേഷിച്ചപ്പോഴാണു് തീഗോളം സമീപത്തുള്ള ജനലില്‍ക്കൂടി അകത്തു കടന്നിട്ടു് ഭിത്തി തുളച്ചു് പുറത്തു പോയ കഥ അറിയുന്നതു്. അതുപോലെ, കല്‍ക്കട്ടയില്‍ ഗോളീയമിന്നല്‍ പത്യക്ഷമായതിന്റെ രസകരമായ കഥയും കേട്ടിട്ടുണ്ടു്. പറന്നു നടക്കുന്ന തീഗോളം കണ്ട ജനങ്ങള്‍ പോലീസിലും മറ്റും അറിയിച്ചപ്പോള്‍ അതെന്തോ പ്രകൃത്യതീതമായ പ്രതിഭാസമാണു് എന്നായിരുന്നു ആദ്യത്തെ നിഗമനം. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതേപ്പറ്റി അന്വേഷിക്കാന്‍ ജാദവ്‌പുര്‍ സര്‍വകലാശാലയിലെ ഒരു ഭൌതികശാസ്ത്ര പ്രൊഫസറെ ഏല്‍പ്പിച്ചു. പല ദൃക്‌സാക്ഷികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുകയും മറ്റും ചെയ്തതിനു ശേഷം ഈ പ്രതിഭാസം ഗോളീയ മിന്നലാണെന്നു് അദ്ദേഹം റിപ്പോര്‍ട്ടു നല്‍കി. എന്നാല്‍ ആ റിപ്പോര്‍ട്ടു ഒരു തമാശയായിട്ടാണു് പലരും കണ്ടതു്. ഇങ്ങനെയൊരു പ്രതിഭാസത്തേപ്പറ്റി പലര്‍ക്കും അറിയില്ല എന്നതുകൊണ്ടാണു് അവര്‍ക്കീ റിപ്പോര്‍ട്ടു് തമാശയായി തോന്നിയതു്.

എന്താണു് ഈ പ്രതിഭാസം എന്നു് മനസിലാക്കാന്‍ പല ശ്രമങ്ങളും നടന്നിട്ടുണ്ടു്. പല സിദ്ധാന്തങ്ങളും ഉണ്ടായിട്ടുണ്ടു്. എന്നാല്‍ ദൃക്‌സാക്ഷികളുടെ വിവരണങ്ങളില്‍ കാണുന്ന പ്രത്യേകതകളെല്ലാം വിശദീകരിക്കാന്‍ ഒരു സിദ്ധാന്തത്തിനും ആയിട്ടില്ല. ഗോളീയമിന്നല്‍ കണ്ടിട്ടുള്ളവര്‍ എല്ലാവരും ഒരേ തരത്തിലുള്ള സ്വഭാവമല്ല അതിനു് നല്‍കുന്നതു് എന്നൊരു പ്രശ്നവുമുണ്ടു്. ഉദാഹരണമായി, ചിലര്‍ പറയുന്നതനുസരിച്ചു് ഈ ഗോളം ഭിത്തിയില്‍ കൂടിയും തടിയില്‍ കൂടിയും മറ്റും ഒരു പ്രശ്നവുമില്ലാതെ കടന്നു പോകും എന്നാണു്. എന്നാല്‍ മറ്റു ചിലര്‍ പറയുന്നതു് അതു് ഖരവസ്തുക്കളില്‍ക്കൂടി കടന്നു പോകുമ്പോള്‍ അവിടെ ദ്വാരമുണ്ടാക്കും എന്നാണു്. അതുപോലെ, മിന്നലും മഴയും മറ്റും ഉള്ളപ്പോഴാണു് പലരും ഈ പ്രതിഭാസം കണ്ടിട്ടുള്ളതു്. എന്നാല്‍, വളരെ പ്രശാന്തമായ അന്തരീക്ഷത്തില്‍, ഒരു കാറ്റും മഴയുമൊന്നും അടുത്തെങ്ങും കാണാത്തപ്പൊഴും ഗോളീയമിന്നല്‍ കണ്ടതായി റിപ്പോര്‍ട്ടുകളുണ്ടു്. ഇതുപോലെ നിറത്തിന്റെയും ആകൃതിയുടെയും എല്ലാം കാര്യത്തില്‍ ദൃക്‌സാക്ഷികള്‍ തമ്മില്‍ വിയോജിപ്പു കാണാം. ശാസ്ത്രീയമായ വിശദീകരണം കണ്ടെത്തുന്നതില്‍ ഇതു് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടു്. അതുപോലെതന്നെ വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണു് എവിടെ എപ്പോള്‍ ഗോളീയമിന്നലുണ്ടാകും എന്നു് നേരത്തേകൂട്ടി അറിയാനാവില്ല എന്നതു്.

പരീക്ഷണശാലയില്‍ ഗോളീയമിന്നല്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ ഭാഗികമായി വിജയിച്ചിട്ടുണ്ടു് എന്നു പറയാം. എന്നാല്‍ ദൃശ്യമായിട്ടുള്ള സ്വഭാവങ്ങള്‍ കുറേയൊക്കെയെങ്കിലുമുള്ള ഒരു ഗോളം പരീക്ഷണശാലയിലുണ്ടാക്കാന്‍ ഇതുവരെ ആര്‍ക്കും ആയിട്ടില്ല. പല തരത്തിലുള്ള സിദ്ധാന്തങ്ങള്‍ ഈ പ്രതിഭാസം വിശദീകരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ദൃശ്യമായിട്ടുള്ള എല്ലാ സ്വഭാവങ്ങളും വിശദീകരിക്കാന്‍ ഒരു സിദ്ധാന്തത്തിനും ഇതുവരെ കഴിഞ്ഞിട്ടില്ല. അതായതു് പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍തന്നെ നമുക്കു് അജ്ഞാതമായ ഒരു പ്രതിഭാസമായി ഇതു് ഇപ്പൊഴും നിലനില്‍ക്കുകയാണു്. എന്നുവെച്ചു് ഇതൊരു പ്രകൃത്യതീതമായ പ്രതിഭാസമാണു് എന്നു് ചിന്തിക്കേണ്ടതില്ല. ഗോളീയമിന്നലിനെ മനസിലാക്കാനുള്ള ശ്രമം ശാസ്ത്രജ്ഞര്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണു്. 1999 മുതല്‍ രണ്ടു വര്‍ഷം ഇടവിട്ടു് ഗോളീയമിന്നലിനേപ്പറ്റി സെമിനാര്‍ നടക്കുന്നുണ്ടു്. ഇവിടെ പുതിയ പഠനങ്ങളും സിദ്ധാന്തങ്ങളും അവതരിപ്പിക്കുന്നുണ്ടു്. ഒരു ദിവസം ഈ പ്രതിഭാസവും മനസിലാക്കാന്‍ നമുക്കാവും എന്നു് പ്രതീക്ഷിക്കാം. എന്തായാലും ആധുനിക ശാസ്ത്രത്തിനും വിശദീകരിക്കാനാവാത്ത പ്രതിഭാസങ്ങള്‍ പ്രകൃതിയിലുണ്ടു് എന്നു് ഇത്തരം സംഭവങ്ങള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)