Thursday, April 2, 2009

മിന്നല്‍ വരുന്നു, സൂക്ഷിക്കുക

(തേജസ് എന്ന ദിനപ്പത്രത്തിന്റെ 2009 ഏപ്രില്‍ 2ലെ ലക്കത്തില്‍ പ്രസിദ്ധീകരിച്ചു വന്ന ലേഖനം.)

അത്ഭുതകരവും ദൂരെ നിന്നു കാണാന്‍ സുന്ദരവും അടുത്താണെങ്കില്‍ ഭയമുണ്ടാക്കുന്നതുമായ ഒരു പ്രതിഭാസമാണു് മിന്നല്‍. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ക്കു് കാരണമാകുന്ന പ്രകൃതിയിലെ പ്രതിഭാസവും മിന്നലാണു് എന്നു് പലര്‍ക്കും അറിയുമെന്നു തോന്നുന്നില്ല. കേരളത്തില്‍ പ്രതിവര്‍ഷം 70ലധികം മരണങ്ങളാണു് മിന്നല്‍ മൂലമുണ്ടാകുന്നതു്. അതോടൊപ്പം നൂറിലധികം പേര്‍ക്കു് പരിക്കേല്‍ക്കുകയും ചെയ്യുന്നു. അതുപോലെ സ്വത്തിനുണ്ടാകുന്ന നഷ്ടവും വലുതാണു്. ടെലിഫോണ്‍ കമ്പനികള്‍ക്കും വൈദ്യുതി ബോര്‍ഡിനും മിന്നല്‍ മൂലം എല്ലാ വര്‍ഷവും വളരെയധികം നഷ്ടമുണ്ടാകുന്നുണ്ടു്. ജീവനും സ്വത്തിനും ഇത്രയേറെ നഷ്ടമുണ്ടാക്കുന്ന മറ്റൊരു പ്രതിഭാസമുണ്ടെന്നു തോന്നുന്നില്ല. വലിയ ജനസാന്ദ്രതയാവണം ഇതിനുള്ള ഒരു കാരണം. എന്നാല്‍ ധാരാളമായുള്ള വൃക്ഷങ്ങളും, വിശേഷിച്ചു് ഉയരമുള്ള തെങ്ങുകളും, മിന്നലില്‍നിന്നു് രക്ഷനേടുന്നതിനെക്കുറിച്ചുള്ള അജ്ഞതയും എല്ലാം ഈ നാശനഷ്ടത്തിനു് കാരണമായി ഭവിക്കുന്നുണ്ടാവണം.

മിന്നല്‍ ഒരു വൈദ്യുത പ്രതിഭാസമാണു്. മേഘങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുമ്പോഴാണു് മിന്നലുണ്ടാകുന്നതെന്നു് ചിലരെങ്കിലും ധരിച്ചിട്ടുണ്ടു്. മേഘമെന്താണെന്നതിനേപ്പറ്റി വ്യക്തമായ ധാരണയില്ലാത്തതു കൊണ്ടാണു് ഇങ്ങനെയൊരു വിശ്വാസമുണ്ടാകുന്നതെന്നു തോന്നുന്നു. മേഘം മരമോ കല്ലോ പോലെ ഒരു ഖരവസ്തുവല്ലല്ലോ, കൂട്ടിയിടിച്ചു് ശബ്ദമുണ്ടാക്കാന്‍. മേഘമായി നമ്മള്‍ കാണുന്നതു് സൂക്ഷ്മമായ ജലബിന്ദുക്കള്‍ വായുവില്‍ തങ്ങി നില്‍ക്കുന്നതു മാത്രമാണു് . അഥവാ ഇവ കൂട്ടി മുട്ടിയാല്‍ തന്നെ ശബ്ദമൊ വെളിച്ചമൊ ഉണ്ടാകാനുള്ള സാദ്ധ്യത തീരെയില്ല എന്നു വ്യക്തമാണല്ലോ.

ഒരു പ്രത്യേകതരം മേഘത്തില്‍ നിന്നാണു് ഇടിമിന്നല്‍ ഉണ്ടാകുന്നതു്. ഇത്തരം മേഘത്തിനു് ഇംഗ്ലീഷില്‍ തണ്ടര്‍സ്റ്റോം (thunderstorm) എന്നും സാങ്കേതികഭാഷയില്‍ ക്യുമുലോനിംബസ് (cumulonimbus) എന്നും പറയും. ഭൂമിയുടെ ഉപരിതലത്തില്‍ നിന്നു് ഏതാണ്ടു് ഒന്നോ രണ്ടോ കിലോമീറ്റര്‍ മുതല്‍ ഏതാണ്ടു് 16 കിലോമീറ്റര്‍ ഉയരം വരെ നീണ്ടു കിടക്കുന്ന വലിയ മേഘമാണിതു്. കേരളത്തില്‍ കാണുന്ന തണ്ടര്‍സ്റ്റോമുകള്‍ക്കു് ഏതാണ്ടു് ഇരുപതു് കിലോമീറ്റര്‍ വ്യാസമുണ്ടാകാം. ഇത്തരം മേഘങ്ങളില്‍ നിന്നാണു് വല്ലപ്പോഴും ആലിപ്പഴം വീഴാറുള്ളതു്. താരതമ്യേന ചെറിയ തണ്ടര്‍സ്റ്റോമുകളാണു് നമ്മുടെ നാട്ടിലുള്ളതു് എന്നതു് ഭാഗ്യമായി കരുതാം. ഏതാണ്ടു് അര മണിക്കൂര്‍ സമയമെ ഇവയില്‍നിന്നു് ശക്തമായ മഴ പെയ്യാറുള്ളു. ചില വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ നൂറുകിലോമീറ്ററും മറ്റും വ്യാസമുള്ള കൂറ്റന്‍ തണ്ടര്‍സ്റ്റോമുകളുണ്ടാകാറുണ്ടു്. ഇത്തരം മേഘങ്ങളില്‍ നിന്നു വീഴുന്ന ആലിപ്പഴത്തിനു് 15ഉം 20ഉം സെന്റിമീറ്റര്‍ വലുപ്പമുണ്ടാകാം. ഇവ വീണു് മനുഷ്യര്‍ക്കും കന്നുകാലികള്‍ക്കും അപകടമോ മരണം പോലുമോ ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടു്. ഇത്തരം മേഘങ്ങള്‍ മണിക്കൂറുകള്‍ തുടര്‍ച്ചയായി പെയ്യുകയുമാവാം.

മേഘത്തിന്റെ വലുപ്പവും അതിനുള്ളില്‍ നടക്കുന്ന ശക്തമായ ചംക്രമണവും ധനചാര്‍ജുകളെ (positive charges) മുകള്‍ഭാഗത്തേയ്ക്കും ഋണചാര്‍ജുകളെ (negative charges) അടിഭാഗത്തേയ്ക്കും വേര്‍തിരിച്ചു നിര്‍ത്താന്‍ കാരണമാകുന്നു. ഈ ചാര്‍ജുകള്‍ തമ്മിലോ അടിഭാഗത്തെ ചാര്‍ജുകളും ഭൂമിയും തമ്മിലോ വളരെ വലിയ, കോടിക്കണക്കിനുള്ള, വോള്‍ട്ടത (voltage) ഉണ്ടായിക്കഴിയുമ്പോഴാണു് മിന്നലുണ്ടാകുന്നതു്. മിന്നല്‍ വാസ്തവത്തില്‍ ഒരു വലിയ വൈദ്യുത സ്പാര്‍ക്കാണു്. അതിശക്തമായ കറന്റാണു് മിന്നല്‍പിണറില്‍ പ്രവഹിക്കുന്നതു് \dash\ പതിനായിരക്കണക്കിനു് ആംപിയര്‍. (ഒരു റഫ്രിജറേറ്റര്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഉപയോഗിക്കുന്നതു് ഏതാണ്ടു് ഒരാമ്പിയറാണു്.) ഇതു് വായുവിനെ പെട്ടെന്നു് ചൂടാക്കും. മുപ്പതിനായിരം ഡിഗ്രിയാണു് മിന്നല്‍പ്പിണരിലെ താപനില എന്നാണു് കണക്കാക്കിയിട്ടുള്ളുതു്. ശക്തമായ ഈ ചൂടേറ്റു് വായു പെട്ടെന്നു് വികസിക്കുന്നതു കൊണ്ടുണ്ടാകുന്ന ശബ്ദമാണു് ഇടിയായി നമ്മള്‍ കേള്‍ക്കുന്നതു്.

മൂന്നുതരം മിന്നലാണു് സാധാരണ ഉണ്ടാകുന്നതു് -- ഒരു മേഘത്തിനുള്ളില്‍ത്തന്നെ, രണ്ടു മേഘങ്ങള്‍ക്കിടയില്‍, പിന്നെ മേഘത്തില്‍നിന്നു് ഭൂമിയിലേയ്ക്കു്. ഇവയില്‍ അവസാനത്തേതാണു് നമുക്കു് അപകടകാരിയായിരിക്കുന്നതു് എന്നതു് വ്യക്തമാണല്ലൊ. മറ്റു രണ്ടു തരം മിന്നലുകളും വിമാനങ്ങള്‍ക്കു് പ്രശ്നമുണ്ടാക്കാം. ഇതും മറ്റു ചില കാരണങ്ങളും കൊണ്ടു് വിമാനങ്ങള്‍ ക്യമുലോനിംബസ് മേഘങ്ങളെ ഒഴിവാക്കുകയാണു് പതിവു്.

കേരളത്തില്‍ ഇടിമിന്നലുണ്ടാകുന്നതു് പ്രധാനമായും രണ്ടു് കാലങ്ങളിലാണു് കാലവര്‍ഷത്തിനു മുന്‍പു് ഏപ്രില്‍-മെയ് മാസങ്ങളിലും പിന്നെ തുലാവര്‍ഷ സമയത്തും (ഒക്‌ടോബര്‍--നവംബര്‍). ഇടിമിന്നലുകളുടെ കാലം തുടങ്ങുന്നു എന്നര്‍ത്ഥം. കൂടുതലും ഉച്ചതിരിഞ്ഞാണു് ഇടിമിന്നലോടുകൂടിയ മഴയുണ്ടാകുന്നതു്. തിരുവനന്തപുരത്തെ ഭൌമശാസ്ത്രപഠനകേന്ദ്രം നടത്തിയ ചില പഠനങ്ങള്‍ കേരളത്തിലെ ഇടിമിന്നലുകളേക്കുറിച്ചുള്ള പല വിവരങ്ങളും വെളിച്ചത്തു കൊണ്ടുവന്നിട്ടുണ്ടു്. ഇതില്‍നിന്നു് കാണുന്നതു് ഉച്ചതിരിഞ്ഞു് മൂന്നിനും ഏഴിനും ഇടയ്ക്കാണു് മിന്നലുകള്‍ കൂടുതലും ഉണ്ടാകുന്നതു് എന്നാണു്. കേരളത്തില്‍ മിക്ക ജില്ലകളിലുംഏകദേശം ഒരുപോലെ തന്നെയാണു് മിന്നല്‍ ഉണ്ടാകുന്നതു്. എന്നാല്‍ പാലക്കാടു് ചുരത്തിനു പടിഞ്ഞാറുള്ള പ്രദേശങ്ങളില്‍ മിന്നല്‍ കുറവാണെന്നു കാണാം. തണ്ടര്‍സ്റ്റോമുകളുണ്ടാകുന്നതിനു് പശ്ചിമഘട്ടത്തിനുള്ള സ്വാധീനമാണു് ഇതു് സൂചിപ്പിക്കുന്നതു്.

അപകടങ്ങളില്‍നിന്നു് രക്ഷപ്പെടാന്‍

മിന്നല്‍ മൂലമുണ്ടാകാവുന്ന അപകടങ്ങളില്‍നിന്നു് രക്ഷപ്പെടാന്‍ എന്താണു് മാര്‍ഗം? കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്കുള്ളിലാണു് ഏറ്റവും കൂടുതല്‍ സുരക്ഷ. എങ്കിലും പുറമെ നിന്നു വരുന്ന വൈദ്യുത, ടെലിഫോണ്‍ കമ്പികളുടെ സമീപത്തുനിന്നു് മാറുന്നതാണു് നല്ലതു്. ഇടിമിന്നലുണ്ടാക്കുന്ന മഴമേഘം അടുത്തെത്തുന്ന സമയത്തു് ടെലിഫോണ്‍ ഉപയോഗിക്കാതിരിക്കുന്നതാണു് അഭികാമ്യം. അതുപോലെ, ജനാലകളുടെയും വാതിലുകളുടെയും സമീപത്തുനിന്നും മാറുക; വിശേഷിച്ചു് ലോഹം കൊണ്ടുള്ള മാല, വള, തുടങ്ങി എന്തെങ്കിലും ധരിച്ചിട്ടുണ്ടെങ്കില്‍. തണ്ടര്‍സ്റ്റോം ദൂരത്തേയ്ക്കു് മാറിപ്പോയിക്കഴിഞ്ഞാല്‍ അപകടസാദ്ധ്യത കുറയും. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ നേരത്തേതന്നെ പ്ലഗ് ഊരിയിടണം. തണ്ടര്‍സ്റ്റോം അടുത്തെത്തിക്കഴിഞ്ഞാല്‍ അവയില്‍ നിന്നു് മാറി നില്‍ക്കണം.

ഓടിട്ടതോ ഓല മേഞ്ഞതോ ആയ കെട്ടിടം വലിയ രക്ഷ നല്‍കുന്നില്ല. ഭൂമിയുമായി ബന്ധിപ്പിച്ചിരിക്കുന്ന കമ്പികളോ തകിടുകൊണ്ടുള്ള പാത്തിയോ ഉണ്ടെങ്കില്‍ മിന്നലിന്റെ വൈദ്യുതി ഭൂമിയിലേയ്ക്കൊഴുകിപ്പോകാന്‍ അതു് കുറച്ചൊക്കെ സഹായിക്കും, കെട്ടിടത്തെ അത്രകണ്ടു് രക്ഷിയ്ക്കുകയും ചെയ്യും. ലൈറ്റ്നിങ് കണ്ടക്‌ടര്‍ എന്ന സുരക്ഷാസംവിധാനം ഉണ്ടെങ്കില്‍ കുറേക്കൂടി നല്ലതാണു്.

ഇവിടെ ഒരു കാര്യം വ്യക്തമാക്കട്ടെ. മിന്നലില്‍നിന്നു് രക്ഷ ലഭിക്കാനായി കെട്ടിടങ്ങളുടെ മുകളില്‍ സ്ഥാപിച്ചിരിക്കുന്ന കമ്പികള്‍ എല്ലാവരും കണ്ടിരിക്കും. ഇതു് കാന്തമാണു് എന്നു പലര്‍ക്കും ധാരണയുണ്ടു്. ആ ധാരണ ശരിയല്ല. മിന്നലിലടങ്ങുന്ന വൈദ്യുതിയെ ഭൂമിയിലേയ്ക്കു് നയിക്കാനുള്ള ചാലകം മാത്രമാണതു്. വിദ്യുച്ഛക്തിയ്ക്കു് സുഗമമായി പ്രവഹിക്കാനാകുന്ന ഒരു ലോഹപ്പട്ട ഇതില്‍നിന്നു് മണ്ണിലേയ്ക്കു് നയിക്കുന്നുണ്ടാകും. ഈ സംവിധാനത്തിനു് "മിന്നല്‍ചാലകം" (lightning conductor) എന്നാണു് പറയുക.

നമ്മള്‍ കെട്ടിടത്തിനു പുറത്താണെങ്കില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ടു്. പൂര്‍ണ്ണമായി ലോഹനിര്‍മ്മിതമായ വാഹനത്തിനുള്ളില്‍ ഇരിക്കുന്നതു് തികച്ചും സുരക്ഷിതമാണു്. മിന്നലില്‍ നിന്നുള്ള കറന്റ് പുറമെയുള്ള ലോഹഭാഗങ്ങളിലൂടെ പ്രവഹിച്ചു് ഭൂമിയിലേയ്ക്കു് പൊയ്ക്കോളും. വാഹനത്തിലല്ലെങ്കില്‍, തുറന്ന പ്രദേശത്തു് നില്‍ക്കുന്നതു് അപകടമാണു്. മൈതാനത്തു് കളിക്കുന്നതും കുളത്തിലും മറ്റും നീന്തുകയോ വള്ളത്തിലോ ബോട്ടിലെ സഞ്ചരിക്കുകയോ ചെയ്യുന്നതും ഒഴിവാക്കുന്നതാണു് നല്ലതു്. ഒറ്റയ്ക്കു് നില്‍ക്കുന്നതോ ഉയരമുള്ളതോ ആയ മരങ്ങളുടെ കീഴില്‍ നില്‍ക്കുന്നതു് അപകടം ക്ഷണിച്ചു വരുത്തുകയാവും. മഴ വരുന്നതുകണ്ടു് പശുവനെ അഴിച്ചു കെട്ടാനും ഉണങ്ങാനിട്ട തുണി എടുത്തു മാറ്റാനും മറ്റുമായി പുറത്തിറങ്ങിയ സമയത്തു് മിന്നലേറ്റു് അപകടമുണ്ടായ സംഭവങ്ങളുണ്ടു്. പശുവിന്റെ കയറോ തുണിയിടുന്ന അയയോ കെട്ടിയിരുന്ന മരത്തില്‍ മിന്നലേറ്റാണു് അപകടം പലപ്പോഴുമുണ്ടാകുന്നതു്.

ശക്തമായ ഇടിമിന്നല്‍ വരുന്ന സമയത്തു് തുറന്ന പ്രദേശത്തു് ആയിപ്പോയാല്‍ പെട്ടെന്നുതന്നെ സുരക്ഷിതമായ സ്ഥലത്തേയ്ക്ക് പോകുന്നതാണു് നല്ലതു്. അതിനു് കഴിയുന്നില്ല എങ്കില്‍ ഇപ്രകാരം ചെയ്യാം. രണ്ടുകാലും ചേര്‍ത്തുവെച്ചു് മറ്റൊരു ഭാഗവും നിലത്തു തൊടാതെ കുത്തിയിരിക്കുക. കൈകള്‍ കാലില്‍ ചുറ്റിപ്പിടിക്കുകയും തല കഴിവതും താഴ്ത്തി വയ്ക്കുകയും ചെയ്യണം. ഇങ്ങനെ ചെയ്താല്‍ത്തന്നെ മിന്നല്‍ ഏല്‍ക്കാതിരിക്കാനുള്ള സാദ്ധ്യത കൂടുമെന്നേ പറയാനാവൂ.

കേരളത്തിലെ പ്രത്യേകത

മിന്നല്‍ചാലകം സ്ഥാപിച്ചതുകൊണ്ടു് കെട്ടിടത്തിനു് പൂര്‍ണ്ണ സുരക്ഷ ലഭിക്കില്ല എന്നു് ഭൌമശാസ്ത്രപഠനകേന്ദ്രത്തിലെ ഡോ. മുരളീദാസ് പറയുന്നു. "ഇതു് കേരളത്തിലെ ഒരു പ്രത്യേകതയാണു്. ഇവിടെ ഉയരം കൂടിയ മരങ്ങള്‍ ധാരാളമുള്ളതുകൊണ്ടു് അവയിലൊന്നില്‍ മിന്നലേല്‍ക്കാന്‍ നല്ല സാദ്ധ്യതയുണ്ടു്. മിന്നലിന്റെ വൈദ്യുതി മരത്തില്‍ നിന്നു് ഭൂമിയില്‍ക്കൂടിയോ വൈദ്യുത, ടെലിഫോണ്‍ കമ്പികളില്‍ക്കൂടിയോ കെട്ടിടത്തിനകത്തേയ്ക്കു് പ്രവഹിയ്ക്കാനിടയുണ്ടു്". മിന്നല്‍മൂലമുള്ള കേരളത്തിലെ പല മരണങ്ങളും ഇങ്ങനെയാണുണ്ടായതത്രെ. ഭൂമിയില്‍ക്കൂടി മിന്നലിന്റെ വൈദ്യുതി വീട്ടില്‍ കടക്കുന്നതു് തടയണമെങ്കില്‍ കെട്ടിടത്തിനു ചുറ്റിലുമായി "റിംഗ് കണ്ടക്‌ടര്‍" എന്ന വൈദ്യുതചാലകം കുഴിച്ചിടുകയെ മാര്‍ഗമുള്ളു എന്നദ്ദേഹം പറയുന്നു.

മിന്നലേറ്റു് മരമോ കന്നുകാലിയോ നഷ്ടപ്പെട്ടാല്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുന്നുണ്ടു്.മനുഷ്യര്‍ക്കു് അപകടമുണ്ടായാലും വലുതല്ലാത്ത ഒരു തുക ലഭിക്കും. ഇതിനേക്കാള്‍ നന്നായിരിയ്ക്കും മിന്നലില്‍നിന്നു് രക്ഷനേടാനായി ധനസഹായം നല്‍കുന്നതെന്നു തോന്നുന്നു. മിന്നല്‍മൂലമുള്ള അപകടസാദ്ധ്യത കൂടിയ സ്ഥലങ്ങളില്‍ മിന്നല്‍ചാലകമോ റിംഗ് കണ്ടക്‌ടറോ സ്ഥാപിക്കാന്‍ സാമ്പത്തികമായി ബുദ്ധിമുട്ടുള്ളവര്‍ക്കു് അതിനുള്ള ചെലവിന്റെ ഒരു ഭാഗം വഹിക്കാന്‍ സര്‍ക്കാര്‍ തയാറാകുമെങ്കില്‍ അതു് നന്നായിരിക്കും. സന്നദ്ധസംഘടനകള്‍ക്കും മറ്റും ഇതില്‍ പങ്കുചേരാവുന്നതുമാണു്. നഷ്ടപരിഹാരം നല്‍കുന്നതിനേക്കാള്‍ നല്ലതാണല്ലോ നഷ്ടം തടയുന്നതു്.

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)

2 comments:

R.Sajan said...

Are you the one that blogs about the hazards of mineral sand radiation to Kerala?

V. Sasi Kumar said...

No. I have not blogged about the mineral sands (their hazards or benefits).