Thursday, June 25, 2009

കേരളത്തിലെ മഴയുടെ വിതരണം

കേരളത്തില്‍ ഓരോ ഭാഗത്തും ഒരു വര്‍ഷം ശരാശരി എത്ര മഴ ലഭിക്കുന്നു, ഒരു വര്‍ഷത്തില്‍ എത്ര മണിക്കൂര്‍ മഴ പെയ്യുന്നു, എന്നൊക്കെയുള്ള കാര്യങ്ങളേപ്പറ്റി തിരുവനന്തപുരത്തെ ഭൌമശാസ്ത്രപഠനകേന്ദ്രം 1989ല്‍ തയാറാക്കിയ ഒരു റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയുള്ളതാണു് ഈ ലേഖനം. കേരളത്തിലെ 80 കേന്ദ്രങ്ങളിലെ മഴമാപിനികളില്‍ നിന്നുള്ള 70 വര്‍ഷത്തെ വിവരങ്ങളാണു് മേല്പറഞ്ഞ പഠനത്തിനു് ഉപയോഗിച്ചതു്. ഈ വിവരങ്ങള്‍ ഭാരതീയ കാലാവസ്ഥാനിരീക്ഷണ വകുപ്പില്‍ നിന്നു് ശേഖരിച്ചവയാണു്. ഡോ. എസ്. സമ്പത്ത്, ഡോ. പി.വി.എസ്.എസ്.കെ. വിനായക് എന്നിവര്‍ ചേര്‍ന്നാണു് റിപ്പോര്‍ട്ട് തയാറാക്കിയതു്.

കേരളത്തെ മൂന്നു് പ്രദേശങ്ങളായി തിരിക്കാം -- തീരദേശം, ഇടനാടു്, മലനാടു് എന്നിങ്ങനെ. അതുപോലെ, മഴയെ സംബന്ധിച്ചിടത്തോളം ഒരു കൊല്ലത്തെ മൂന്നു് കാലങ്ങളായും തിരിക്കാം -- കാലവര്‍ഷം (ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ), തുലാവര്‍ഷം (ഒക്‌ടോബര്‍, നവംബര്‍, ഡിസംബര്‍), ഇടക്കാലം (ജനുവരി മുതല്‍ മെയ് വരെ) എന്നിങ്ങനെ. ഓരോ പ്രദേശത്തും ഓരോ കാലത്തും ലഭിക്കുന്ന മഴയുടെ പ്രത്യേകതകള്‍ എന്താണെന്നു് നോക്കാം.

ആദ്യം തീരദേശത്തെ കാര്യം പരിശോധിക്കാം. തീരദേശത്തു് കാലവര്‍ഷക്കാലത്തു് ലഭിക്കന്ന മൊത്തം മഴയുടെ അളവു് തെക്കുനിന്നു് വടക്കോട്ടു് പോകുംതോറും വര്‍ദ്ധിച്ചു വരുന്നു എന്നാണു് കണക്കുകള്‍ കാണിക്കുന്നതു്. മേല്പറഞ്ഞ 70 വര്‍ഷത്തെ ശരാശരി മഴ പരിശോധിച്ചാല്‍ തിരുവനന്തപുലത്തു് കാലവര്‍ഷക്കാലത്തു് 863 മില്ലിമീറ്റര്‍ മഴ ലഭിക്കുമ്പോള്‍ ആലപ്പുഴയില്‍ 1331ഉം, കൊച്ചിയില്‍ 2004ഉം കോഴിക്കോട്ടു് 2377ഉം കണ്ണൂരില്‍ 2616ഉം കാസര്‍കോടില്‍ 2936ഉം മില്ലിമാറ്റര്‍ മഴയാണു് ലഭിക്കുന്നതു്. ഒരു വര്‍ഷം മൊത്തം ലഭിക്കുന്ന മഴയുടെ ശതമാനമായി നോക്കിയാല്‍ ഇതു് യഥാക്രമം 49, 56, 65, 75, 81, 83 ശതമാനമാണു്. അതായതു് കാലവര്‍ഷക്കാലത്തു് ലഭിക്കുന്ന മഴ വടക്കോട്ടു പോകുംതോറും വര്‍ദ്ധിക്കുന്നു എന്നു മാത്രമല്ല മഴയുടെ കൂടുതല്‍ ഭാഗവും ലഭിക്കുന്നതു് ഈ കാലത്താണു്. എന്നാല്‍ ഓരോ വര്‍ഷവും കാലവര്‍ഷക്കാലത്തു് ലഭിക്കുന്ന മഴയിലുണ്ടാകുന്ന വ്യത്യാസം പരിശോധിച്ചാല്‍ കാണുന്നതു് അതു് വടക്കോട്ടു പോകുംതോറും കുറഞ്ഞു വരുന്നതാണു്. അതായതു്, തെക്കന്‍ ജില്ലകളിലെ തീരദേശത്തു് വര്‍ഷാനുവര്‍ഷം കാലവര്‍ഷക്കാലത്തു് ലഭിക്കുന്ന മഴയുടെ അളവില്‍ വടക്കന്‍ ജില്ലകളില്‍ കാണുന്നതിനേക്കാള്‍ കൂടുതല്‍ വ്യത്യാസമുണ്ടാകുന്നുണ്ടു്.

ഇനി തീരദേശത്തു് തുലാവര്‍ഷക്കാലത്തു് ലഭിക്കുന്ന മഴയുടെ അളവു് പരിശോധിച്ചാല്‍ അതു് മേല്പറഞ്ഞതില്‍ നിന്നു് വ്യത്യസ്ഥമാണെന്നു കാണാം. അതു് തെക്കന്‍ ജില്ലകളിലാണു് കൂടുതല്‍. വടക്കോട്ടു് പോകുംതോറും തുലാവര്‍ഷക്കാലത്തു് ലഭിക്കുന്ന മഴയുടെ അളവു് കുറഞ്ഞു വരുന്നു. എഴുപതു് വര്‍ഷത്തെ ശരാശരി എടുക്കുമ്പോള്‍ തുലാവര്‍ഷക്കാലത്തു് തിരുവനന്തപുരത്തു് 626 മി.മീ. മഴ ലഭിക്കുമ്പോള്‍ ആലപ്പുഴയില്‍ 644ഉം കൊച്ചിയില്‍ 555ഉം കോഴിക്കോട്ടു് 444ഉം കണ്ണൂരില്‍ 329ഉം കാസര്‍കോടില്‍ 329ഉം മില്ലിമീറ്ററാണു് ലഭിക്കുന്നതു്. ഇതു്, യഥാക്രമം, ഒരു വര്‍ഷം മൊത്തത്തില്‍ ലഭിക്കുന്ന മഴയുടെ 33, 21, 18, 14, 10, 9 ശതമാനമാണു്. ഇടക്കാലത്തുള്ള മഴ കൊച്ചിയ്ക്കു് തെക്കുള്ള ഭാഗത്തു മാത്രമാണു് കാര്യമായുള്ളതു്. കോഴിക്കോടിനു് വടക്കു് അതു് ഒരു വര്‍ഷം ലഭിക്കുന്ന മഴയുടെ പത്തു് ശതമാനത്തിനു് താഴെയാണു്. (ഉദാഹരണമായി ഏതാനും കേന്ദ്രങ്ങളിലെ വിവരങ്ങള്‍ മാത്രമെ ഇവിടെ കൊടുത്തിട്ടുള്ളൂ.)

ഇതു് കാണിക്കുന്നതു് കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ തിരുവനന്തപുരം മുതല്‍ ഏതാണ്ടു് ആലപ്പുഴ വരെയുള്ള ഭാഗത്തു് വര്‍ഷത്തിലുടനീളം മോശമല്ലാത്ത മഴ ലഭിക്കുന്നുണ്ടു് എന്നാണു്. കോഴിക്കോടിനു് വടക്കുള്ള തീരദേശത്തു് മഴയുടെ വലിയ ഭാഗം, ഒരു കൊല്ലത്തില്‍ ആകെ ലഭിക്കുന്ന മഴയുടെ മുക്കാല്‍ പങ്കിലധികം, ലഭിക്കുന്നതു് കാലവര്‍ഷക്കാലത്താണു്. എന്നാല്‍ അവിടെ മഴയുടെ അളവില്‍ വര്‍ഷാവര്‍ഷം വലിയ ഏറ്റക്കുറച്ചില്‍ ഉണ്ടാകാറില്ല.

ഇനി ഇടനാടിലെ സ്ഥിതി എങ്ങനെയാണു് എന്നു നോക്കാം. ഇടനാടിലും തീരദേശത്തു് കാണുന്നതുപോലെ കാലവര്‍ഷക്കാലത്തു് ലഭിക്കുന്ന മഴയുടെ അളവു് വടക്കോട്ടു പോകുംതോറും വര്‍ദ്ധിച്ചുവരുന്നതായാണു് കാണുന്നതു്. എന്നാല്‍ ചെറിയൊരു വ്യത്യാസമുള്ളതു് പാലക്കാടു് ചുരത്തിനോടു് ചേര്‍ന്നുള്ള ഭാഗത്താണു്. അതിനു് തെക്കും വടക്കുമുള്ള സ്ഥലങ്ങളേക്കാള്‍ മഴ കുറവാണു് അവിടെ ലഭിക്കുന്നതു്. ഇതു് സ്വാഭാവികമാണു്. കാലവര്‍ഷക്കാലത്തു് പടിഞ്ഞാറുനിന്നു് വരുന്ന മഴമേഘങ്ങള്‍ സഹ്യാദ്രയുടെ സാന്നിദ്ധ്യത്താല്‍ കേരളത്തില്‍ തന്നെ മഴ പൊഴിക്കുമ്പോള്‍ പാലക്കാടു് ഭാഗത്തെത്തുന്ന മേഘങ്ങള്‍ ചുരത്തില്‍ക്കൂടി കടന്നു പോകുന്നു. എന്നാല്‍ മൊത്തം ഒരു കൊല്ലം ലഭിക്കുന്ന മഴയുടെ ശതമാനമായി നോക്കുമ്പോള്‍ തെക്കുനിന്നു് വടക്കോട്ടു് ക്രമമായി വര്‍ദ്ധിച്ചു വരുന്നതാണു് കാണുന്നതു്. തുലാവര്‍ഷക്കാലത്തെ മഴയുടെ അളവും, തീരദേശത്തെന്നപോലെ, തെക്കുനിന്നു് വടക്കോട്ടു് ക്രമമായി കുറഞ്ഞു വരുന്നതാണു് കാണുന്നതെങ്കിലും വടക്കന്‍ ജില്ലകളിലും അതു് തീരെ കുറവല്ല. ഉദാഹരണമായി, തുലാവര്‍ഷക്കാലത്തു് നെടുമങ്ങാടു് ലഭിക്കുന്നതു് ഒരു കൊല്ലം ലഭിക്കുന്ന മഴയുടെ 29 ശതമാനമാണെങ്കില്‍ കോട്ടയത്തു് അതു് 19 ശതമാനവും ഒറ്റപ്പാലത്തു് 16 ശതമാനവും തളിപ്പറമ്പില്‍ 10 ശതമാനവുമാണു്. ഇടക്കാലത്തു് കിട്ടുന്ന മഴയുടെ കാര്യവും ഏതാണ്ടു് ഇതേപോലെയാണു്. നെടുമങ്ങാടു് ലഭിക്കുന്നതു് മൊത്തം മഴയുടെ 24 ശതമാനമാണെങ്കില്‍ കോട്ടയത്തു് 17 ശതമാനവും ഒറ്റപ്പാലത്തു് 12 ശതമാനവും തളിപ്പറമ്പില്‍ 8 ശതമാനവുമാണു്. അതായതു്, തീരദേശത്തു കാണുന്ന രീതിയിലുള്ള മാറ്റങ്ങളാണു് ഇടനാടിലും കാണുന്നതെങ്കിലും തെക്കന്‍ ജില്ലകളും വടക്കന്‍ ജില്ലകളും തമ്മിലുള്ള വ്യത്യാസം കുറവാണു്.

നമ്മള്‍ മലനാട്ടിലെ മഴയേപ്പറ്റി ചര്‍ച്ച ചെയ്യുമ്പോള്‍ ഒരു കാര്യം ഓര്‍ക്കേണ്ടതുണ്ടു്. ഈ പ്രദേശത്തു് ഉയരത്തിനനുസരിച്ചു് മഴയുടെ അളവില്‍ മാറ്റമുണ്ടാകും എന്നതാണതു്. അതുകൊണ്ടു് തീരദേശത്തെയും ഇടനാട്ടിലെയും പോലെ പല സ്ഥലങ്ങളില്‍ പെയ്യുന്ന മഴയുടെ അളവു് നേരിട്ടു് താരതമ്യം ചെയ്യുന്നതില്‍ വലിയ കാര്യമില്ല. പകരം ഓരോ കാലത്തും ലഭിക്കുന്ന മഴ ഒരു കൊല്ലം മൊത്തം ലഭിക്കുന്ന മഴയുടെ ശതമാനമായി നോക്കുന്നതാവും കുറച്ചുകൂടി നല്ലതു്. എന്നാല്‍ പോലും ഇടനാട്ടിലെയും തീരദേശത്തെയും പോലെ വ്യക്തമായ ഒരു ചിത്രം ലഭിക്കണമെന്നില്ല. കൂടാതെ ഈ പ്രദേശത്തു് സ്ഥാപിച്ചിട്ടുള്ള മഴമാപിനികളുടെ എണ്ണം താരതമ്യേന കുറവുമാണു്. ഇക്കാര്യങ്ങള്‍ മനസില്‍ വച്ചുകൊ​ണ്ടു വേണം പഠനഫലങ്ങള്‍ വിലയിരുത്താന്‍.

പഠനത്തിനുപയോഗിച്ച വിവരങ്ങള്‍ ലഭിച്ച മലനാടന്‍ കേന്ദ്രങ്ങളില്‍ ഏറ്റവും തെക്കുള്ളതു് പീരുമേടാണു്. ഏറ്റവും വടക്കു് വൈത്തിരിയും. പീരുമേട്ടില്‍ കാലവര്‍ഷക്കാലത്തു് ആകെ മഴയുടെ 70 ശതമാനം ലഭിക്കുമ്പോള്‍ ദേവികുളത്തു് അതു് 68 ശതമാനവും മൂന്നാറില്‍ 77 ശതമാനവും വൈത്തിരിയില്‍ 80 ശതമാനവുമാണു്. തുലാവര്‍ഷക്കാലത്താണെങ്കില്‍ പീരുമേട്ടിലും ദേവികുളത്തും ലഭിക്കുന്നതു് മൊത്തം മഴയുടെ 17 ശതമാനമാണു്. മൂന്നാറിലും വൈത്തിരിയിലും 11 ശതമാനവും. ഇടക്കാലത്തു് പീരുമേട്ടില്‍ ലഭിക്കുന്നതു് മൊത്തം മഴയുടെ 13 ശതമാനവും ദേവികുളത്തു് 15 ശതമാനവും മൂന്നാറില്‍ 12 ശതമാനവും വൈത്തിരിയില്‍ 9 ശതമാനവുമാണു്.

മലനാട്ടില്‍ പാലക്കാടു് ചുരത്തിനു് തെക്കുള്ള നാലു് കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങളും ചുരത്തിനു് വടക്കുള്ള രണ്ടു് കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങളുമാണു് പഠനത്തിനു് ഉപയോഗിച്ചതു്. തെക്കുള്ള കേന്ദ്രങ്ങളില്‍വെച്ചു് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നതു് പീരുമേട്ടിലാണു്. ഏറ്റവും കുറവു് വണ്ടന്‍മേട്ടിലും. ഈ പ്രദേശത്തു് പ്രധാനപ്പെട്ട ജലവൈദ്യുതപദ്ധതികള്‍ ഉള്ളതുകൊണ്ടു് ഇവിടത്തെ മഴ കേരളത്തിനാകെത്തന്നെ പ്രാധാന്യമുള്ളതാണു്. ഈ നാലു് കേന്ദ്രങ്ങളിലെയും മഴയുടെ 25 മുതല്‍ 40 ശതമാനം വരെ ലഭിക്കുന്നതു് തുലാവര്‍ഷ-ഇടക്കാല കാലങ്ങളിലാണു്. ഈ കാലങ്ങളില്‍ വര്‍ഷാവര്‍ഷം ലഭിക്കുന്ന മഴയില്‍ ഉണ്ടാകാവുന്ന വ്യതിയാനം വലുതായതു കൊണ്ടു് മൊത്തം ലഭിക്കുന്ന മഴയിലും കാര്യമായ മാറ്റങ്ങളുണ്ടാകാം. നമ്മുടെ വൈദ്യുതിയുടെ ലഭ്യതയെ സംബന്ധിച്ചിടത്തോളം ഇതു് വളരെ പ്രധാനപ്പെട്ട ഒരു വിവരമാണു്.

മൊത്തം മഴയുടെ ലഭ്യത പരിശോധിച്ചാല്‍, തീരദേശത്തും ഇടനാട്ടിലും തെക്കന്‍ ജില്ലകളില്‍ പൊതുവെ കുറവും വടക്കോട്ടു പോകുംതോറും വര്‍ദ്ധിച്ചു വരുന്നതും ആണു് കാണുന്നതു്. അതുപോലെ, വടക്കോട്ടു പോകുംതോറും മൊത്തം ലഭിക്കുന്ന മഴയുടെ കൂടുതല്‍ ഭാഗവും കാലവര്‍ഷക്കാലത്തു് ലഭിക്കുന്നതായാണു് കാണുന്നതു്. മലനാട്ടില്‍ ഇത്രയും തന്നെ വ്യക്തമായ ഒരു മാറ്റം തിരിച്ചറിയാനാവില്ല. സ്ഥലത്തിന്റെ ഉയരമനുസരിച്ചു് മഴയുടെ അളവിലുണ്ടാകുന്ന വ്യത്യാസമാണു് ഇതിനു് കാരണം.

ഏതു് സിസ്റ്റവും കാര്യക്ഷമമായി നോക്കി നടത്തണമെങ്കില്‍ അതിന്റെ സവിശേഷതകള്‍ അറിയണമല്ലോ. ജനസംഖ്യ വര്‍ദ്ധിച്ചു വരികയും അതോടൊപ്പം ജലത്തിന്റെ പ്രതിശീര്‍ഷ ഉപഭോഗവും വര്‍ദ്ധിച്ചു വരികയും എന്നാല്‍ മുന്‍കാലങ്ങളില്‍ ജലം സംഭരിച്ചു വയ്ക്കാന്‍ സഹായിച്ചിരുന്ന ജലാശയങ്ങളും വനങ്ങളും ഇല്ലാതായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഓരോ പ്രദേശത്തും പെയ്യുന്ന മഴയുടെ പ്രത്യേകതകള്‍ മനസിലാക്കി അതനുസരിച്ചു് ജലലഭ്യത മെച്ചപ്പെടുത്താനാവശ്യമായ പദ്ധതികള്‍ തയാറാക്കുകയും ചെയ്യേണ്ടതുണ്ടു്. അതിനു് ഇത്തരം പഠനങ്ങള്‍ സഹായകമാണു്.

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)

Wednesday, June 17, 2009

കാലവര്‍ഷവും തുലാവര്‍ഷവും നമ്മളും

(2009 ജൂണ്‍ 4 ലെ തേജസ് ദിരപ്പത്രത്തിന്റെ നാലാം പേജില്‍ "കാലവര്‍ഷവും ജലക്ഷാമവും" എന്ന പേരില്‍ പ്രസിദ്ധീകരിച്ച ലേഖനം)

സ്ക്കൂള്‍ തുറന്നു, മഴയും തുടങ്ങി. സ്ക്കൂള്‍ തുറക്കുന്നതുപോലെതന്നെ മിക്ക വര്‍ഷവും കൃത്യമായി ജൂണ്‍ ഒന്നാം തീയതി മഴയെത്തും. നമ്മളതിനെ കാലവര്‍ഷമെന്നോ ഇടവപ്പാതിയെന്നോ ഒക്കെ വിളിക്കുന്നു. ഒരു കാലത്തു് കേരളീയരുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു സംഭവമായിരുന്നു കാലവര്‍ഷത്തിന്റെ വരവും പോക്കും. മഴയുടെ വരവു് നേരത്തെയോ വൈകിയോ ആയാല്‍ ആ വര്‍ഷത്തെ ഭക്ഷണം തന്നെ ബുദ്ധിമുട്ടിലാകുമായിരുന്നു. മാത്രമല്ല കിട്ടുന്ന മഴ കൂടുകയോ കുറയുകയോ ചെയ്താലും ബൂദ്ധിമുട്ടാകുമായിരുന്നു. ഇതെല്ലാം ഇന്നും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെങ്കിലും ഭക്ഷണം ശേഖരിച്ചു വയ്ക്കുന്നതിലൂടെയും മറ്റും നമുക്കു് പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ടു്. പക്ഷെ, മഴ കുറഞ്ഞാല്‍ വരള്‍ച്ചയും മഴ കൂടിയാല്‍ പ്രളയവും എന്ന സ്ഥിതിയാണല്ലോ ഇപ്പോഴുമുള്ളതു്. കൃത്യമായി ഈ മഴ എവിടെനിന്നു വരുന്നു? എന്തുകൊണ്ടാണു് ഈ മഴ ഇടവമാസം മദ്ധ്യത്തില്‍ തന്നെ വരുന്നതു്?

നമ്മള്‍ 'കാലവര്‍ഷം' എന്നും 'തുലാവര്‍ഷം' എന്നും വിളിക്കുന്ന മഴക്കാലങ്ങളെ കാലാവസ്ഥാശാസ്ത്രജ്ഞര്‍ വിളിക്കുന്നതു് `മണ്‍സൂണ്‍' എന്നാണു്. ആദ്യത്തേതു് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണാണെങ്കില്‍ രണ്ടാമത്തേതു് വടക്കുകിഴക്കന്‍ മണ്‍സൂണാണു്. തുലാവര്‍ഷത്തെ `മണ്‍സൂണിന്റെ മടങ്ങിപ്പോക്കു്' എന്നും വിളിക്കാറുണ്ടു്. ശാസ്ത്രജ്ഞര്‍ക്കു് മണ്‍സൂണ്‍ എന്നാല്‍ കാലാകാലം വരുന്ന ഒരു കാറ്റാണു്. 'കാലാവസ്ഥ' എന്നര്‍ത്ഥം വരുന്ന `മൌസം' എന്ന ഉര്‍ദു-അറബിക് വാക്കില്‍ നിന്നാണു് മണ്‍സൂണ്‍ എന്ന പദത്തിന്റെ ഉത്ഭവം. പണ്ടുകാലത്തു് അറബികള്‍ക്കു് പായ്ക്കപ്പലില്‍ ഇന്ത്യയിലേക്കു് വരാനായി ഈ കാറ്റു് സഹായിച്ചിരുന്നു.

സൂര്യപ്രകാശം ഭൂമിയില്‍ വീഴുമ്പോള്‍ ഭൂമിയുടെ ഉപരിതലം ചൂടാകും എന്നറിയാമല്ലോ. മണ്ണിലും പാറയിലുമാണു് പ്രകാശം വീഴുന്നതെങ്കില്‍ അതു് വേഗത്തില്‍ ചുടാകും. വെള്ളത്തിലാണെങ്കില്‍ പ്രകാശം ഉള്ളിലേയ്ക്കു് കടക്കുന്നതു കൊണ്ടും വെള്ളം ചൂടാക്കാന്‍ കൂടുതല്‍ ഊര്‍ജം വേണ്ടതുകൊണ്ടും പതുക്കെയേ ചൂടാകൂ. മാത്രമല്ല, കടലിന്റെ മുകളിലത്തെ 50 മീറ്ററോളം ആഴം വരെയുള്ള വെള്ളം എപ്പോഴും കൂടിക്കലര്‍ന്നു കിടക്കുന്നതുകൊണ്ടു് ലഭിക്കുന്ന ചൂടു് അത്രയും വെള്ളത്തിലാണു് കലരുന്നതു്. കരയിലാണെങ്കില്‍ ഒരു മീറ്ററോളം ആഴം വരെ മാത്രമെ ചൂടു് കടന്നു ചെല്ലുകയുള്ളൂ. കരയാണെങ്കിലും വെള്ളമാണെങ്കിലും ചൂടാകുമ്പോള്‍ തൊട്ടുമുകളിലുള്ള വായുവും ചൂടാകുകയും സാഹചര്യങ്ങള്‍ അനുയോജ്യമാണെങ്കില്‍ അതു് ഉയരുകയും ചെയ്യും. വായു താഴെനിന്നു് ഉയരുമ്പോള്‍ അതുകാരണം താഴെ വായുവിന്റെ മര്‍ദ്ദം കുറയുകയും ചുറ്റുപാടുമുള്ള വായു അങ്ങോട്ടു നീങ്ങാന്‍ തുടങ്ങുകയും ചെയ്യും. ഇതാണു് നമ്മള്‍ ``മണ്‍സൂണ്‍'' എന്നു വിളിക്കുന്ന പ്രതിഭാസത്തിന്റെ പിന്നിലുള്ള തത്വം.

ഭൂഗാളത്തില്‍ ഇന്ത്യ സ്ഥിതിചെയ്യുന്ന ഭാഗത്തിനു് ഒരു പ്രത്യേകതയുണ്ടു്. ഇവിടെ ഉത്തരാര്‍ദ്ധഗോളത്തിന്റെ വലിയ ഭാഗം കരയും ദക്ഷിണാര്‍ദ്ധഗോളത്തിന്റെ വലിയ ഭാഗം സമുദ്രവുമാണു്. ഏതു് ഭൂപടത്തില്‍നിന്നും ഇക്കാര്യം വ്യക്തമാകുമല്ലോ. വര്‍ഷത്തിലെ ആദ്യമാസങ്ങളില്‍ സൂര്യന്‍ ദക്ഷിണാര്‍ദ്ധഗോളത്തിലാണു്. അതായതു് സൂര്യപ്രകാശം നേരേ വീഴുന്നതു് ഭൂമദ്ധ്യരേഖയ്ക്കു് തെക്കുള്ള പ്രദേശത്താണു്. ആ മാസങ്ങളില്‍ തെക്കന്‍ പ്രദേശങ്ങളില്‍ ചൂടു കൂടുതലും വടക്കന്‍ പ്രദേശങ്ങളില്‍ തണുപ്പും ആയിരിക്കും. ഉത്തരായനം സംഭവിക്കുമ്പോള്‍ സൂര്യന്റെ സ്ഥാനം വടക്കോട്ടു് നീങ്ങി മാര്‍ച്ചു് 20 ആകുമ്പോള്‍ ഭൂമദ്ധ്യരേഖയ്ക്കു് നേരേ മുകളിലാകും. ജൂണ്‍ 21 വരെ സൂര്യന്‍ വടക്കോട്ടുള്ള ഈ യാത്ര തുടരുന്നു. ഈ സമയത്തു് ഉത്തരാര്‍ദ്ധ ഗോളത്തിലുള്ള കര ചൂടുപിടിക്കും. അങ്ങനെ അവിടെ ന്യൂനമര്‍ദ്ദമുണ്ടാകും. അതേ സമയം തെക്കുള്ള സമുദ്രജലം ക്രമേണ തണുക്കുകയും അവിടെ അധികമര്‍ദ്ദം ഉണ്ടാകുകയും ചെയ്യും. ഈ മര്‍ദ്ദവ്യത്യാസം തെക്കുനിന്നു് ഒരു കാറ്റുണ്ടാവാന്‍ ഇടയാക്കുന്നു. ഇതാണു് കാലവര്‍ഷക്കാറ്റിന്റെ ഉത്ഭവം.

ഈ കാറ്റു് ഇന്ത്യയ്ക്കു് തെക്കുഭാഗത്തു് ഇന്ത്യന്‍ മഹാസമുദ്രത്തിനു മുകളില്‍ കിഴക്കുനിന്നു് പടിഞ്ഞാറേക്കു് വീശിക്കൊണ്ടാണു് തുടങ്ങുന്നതു്. മേല്പറഞ്ഞ മര്‍ദ്ദവ്യത്യാസം മൂലം അതു് വടക്കോട്ടു് നീങ്ങുന്നു. അതു് മദ്ധ്യരേഖ കടന്നു് ഉത്തരാര്‍ദ്ധ ഗോളത്തിലേക്കു് വരുമ്പോള്‍ കോറിയോലിസ് ബലം എന്നറിയപ്പെടുന്ന ബലം അതിനെ വലത്തേക്കു് തിരിക്കും. ഭൂമി കറങ്ങിക്കൊണ്ടിരിക്കുന്നതാണു് ഇങ്ങനെയൊരു ബലം ഉണ്ടാവാന്‍ കാരണമാകുന്നതു്. കാറ്റു് ആഫ്രിക്കന്‍ തീരത്തു് എത്തുമ്പോഴേക്കു് ഈ ബലം കാറ്റിന്റെ ഗതി തിരിച്ചു് അതിനെ അറബിക്കടലിനു് മുകളിലൂടെ ഇന്ത്യയിലേക്കു് അയയ്ക്കുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിനും അറബിക്കടലിനും മുകളിലൂടെ വരുന്നതുകൊണ്ടു് കാറ്റില്‍ ധാരാളം ഈര്‍പ്പമുണ്ടാകും. ഈ ഈര്‍പ്പമാണു് മേഘമായി മാറുന്നതു്. അതുകൊണ്ടാണു് കാലവര്‍ഷക്കാറ്റു് വരുമ്പോള്‍ മഴയുണ്ടാകുന്നതു്.

കാലവര്‍ഷക്കാറ്റു് ഇന്ത്യയിലാദ്യമായി എത്തുന്ന സ്ഥലം തിരുവനന്തപുരമാണു്. മിക്കവാറും വര്‍ഷങ്ങളി‍ല്‍ ഇതു് ജൂണ്‍ ഒന്നാം തീയതി തന്നെ എത്തും. ധാരാളം മേഘങ്ങളുമായി എത്തുന്നതുകൊണ്ടു് ഈ കാറ്റു് നല്ല മഴ തരുന്നു. ഇതു് ഇടവമാസത്തിന്റെ മദ്ധ്യത്തിലായതു കൊണ്ടാണു് നാമിതിനെ ഇടവപ്പാതി എന്നു പറയുന്നതു്. ക്രമേണ കാറ്റു് വടക്കോട്ടു കൂടി വ്യാപിച്ചു് ജൂണ്‍ 10 ആകുമ്പോഴേക്കു് മഹാരാഷ്ട്രയിലും ജൂലൈ 1 ആകുമ്പോള്‍ ദില്ലിയിലും എത്തുന്നു. ഇതിനിടയ്ക്കു് ഈ കാറ്റിന്റെ മറ്റൊരു ശാഖ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ വഴി കടന്നു വരുന്നുണ്ടു്. നമ്മുടെ രാജ്യത്തിനും ജനങ്ങള്‍ക്കും കൃഷിക്കും എല്ലാം സര്‍വ്വപ്രധാനമായ കാലവര്‍ഷം ഇങ്ങനെയാണു് വരുന്നതു്.

ജൂണ്‍, ജൂലൈ മാസങ്ങളില്‍ തകര്‍ത്തു പെയ്യുന്ന കാലവര്‍ഷം ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ക്രമേണ കുറയുന്നു. പക്ഷെ ഈ സമയം കൊണ്ടു് കേരളത്തില്‍ മിക്ക സ്ഥലങ്ങളിലും ഒരു വര്‍ഷം മൊത്തം കിട്ടുന്ന മഴയുടെ നല്ലൊരു പങ്കും കിട്ടിയിട്ടുണ്ടാകും. കാലവര്‍ഷസമയത്തു് കേരളത്തില്‍ ഇത്രയധികം മഴ ലഭിക്കാനുള്ള ഒരു കാരണം നമ്മുടെ സംസ്ഥാനത്തിന്റെ കിഴക്കു ഭാഗത്തു് സ്ഥിതിചെയ്യുന്ന സഹ്യപര്‍വ്വതമാണു്. കാറ്റടിച്ചു് കരയിലേക്കു് വരുന്ന മേഘങ്ങള്‍ പര്‍വ്വതങ്ങള്‍ കാരണം മുകളിലേക്കു് ഉയരാന്‍ നിര്‍ബന്ധിതമാകുന്നു. ഇങ്ങനെ ഉയരുമ്പോള്‍ മേഘങ്ങള്‍ കൂടുതല്‍ തണുക്കും. അതു് മേഘത്തിലുള്ള ഈര്‍പ്പം വേഗത്തില്‍ മഴയായി വീഴാന്‍ ഇടയാക്കും. അതുകൊണ്ടു് സഹ്യനെ കടന്നു് കിഴക്കോട്ടു് പോകുന്ന വായുവില്‍ ഈര്‍പ്പം തീരെ കുറവായിരിക്കും.

ജൂണ്‍ 21 നു് മടക്കയാത്ര ആരംഭിക്കുന്ന സൂര്യന്‍ സെപ്റ്റംബര്‍ 22 ആകുമ്പോള്‍ ഭൂമദ്ധ്യരേഖ കടന്നു് വീണ്ടും തെക്കോട്ടുള്ള യാത്ര തുടരുന്നു. വടക്കുഭാഗത്തുള്ള ഭൂമി തണുത്തു തുടങ്ങുകയും തെക്കുഭാഗത്തുള്ള സമുദ്രം ചൂടായിത്തുടങ്ങുകയും ചെയ്യുന്നു. ഇതോടെ മണ്‍സൂണിന്റെ മടക്കയാത്രയും ആരംഭിക്കുകയായി. ഹിമാലയപര്‍വ്വത പ്രദേശത്തും മറ്റുമുള്ള തണുത്ത, ഈര്‍പ്പം കുറഞ്ഞ വായു തെക്കോട്ടു നീങ്ങിത്തുടങ്ങുന്നു. യാത്രാമദ്ധ്യേ അതു് ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും മറ്റും കുറേ ഈര്‍പ്പം നേടുന്നുണ്ടു്. വടക്കുകിഴക്കു നിന്നു് വീശുന്ന ഈ കാറ്റാണു്, കാലവര്‍ഷസമയത്തു് മഴ കിട്ടാതെ കിടക്കുന്ന, തമിഴ്‌നാട്ടിലും മറ്റും കുറേ മഴ നല്‍കുന്നതു്. തെക്കന്‍ കേരളത്തില്‍ ഇതു് തുലാവര്‍ഷമായി അനുഭവപ്പെടുന്നു. ഈ കാലത്തു് ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ചുഴലിക്കാറ്റുകള്‍ ഉണ്ടാകുക സാധാരണമാണു്. ഇതിന്റെ ഫലമായി കേരളത്തിലും പലപ്പോഴും മഴ ലഭിക്കാറുണ്ടു്. തിരുവനന്തപുരത്തും മറ്റും കാലവര്‍ഷസമയത്തും തുലാവര്‍ഷസമയത്തും ഒക്കെ ഏതാണ്ടു് ഒരേപോലെയാണു് മഴ ലഭിക്കുന്നതു്.

കേരളത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍ കുറവും വടക്കോട്ടു പോകുംതോറും കൂടുതലുമാണു് മഴ ലഭിക്കുന്നതു്. തിരുവനന്തപുരത്തു് വര്‍ഷത്തില്‍ ശരാശരി ഏതാണ്ടു് 1800 മില്ലിമീറ്ററാണു് മഴ കിട്ടുന്നതെങ്കില്‍ കണ്ണൂര്‍ ഭാഗത്തു് ഏതാണ്ടു് 4000 മി.മീ. ആണു്. അതായതു്, തിരുവനന്തപുരത്തു പെയ്യുന്ന മഴയില്‍ നിന്നുള്ള വെള്ളമെല്ലാം ഒഴുകിപ്പോകാതെ അവിടെത്തന്നെ കെട്ടിക്കിടക്കുകയാണെങ്കില്‍ രണ്ടു മീറ്ററോളം ഉയരത്തില്‍ വെള്ളമുണ്ടാകും. കണ്ണൂരിലാണെങ്കിലതു് നാലുമീറ്ററാവും. ഇങ്ങനെ കേരളത്തില്‍ മുഴുവനുമാകുമ്പോള്‍ അതു് എത്ര വെള്ളമുണ്ടാകുമെന്നു് ആലോചിച്ചു നോക്കൂ! എത്ര വെള്ളമാണു് നമുക്കു് മഴയായി ലഭിക്കുന്നതു്! എന്നിട്ടും നമുക്കെന്തേ ജലക്ഷാമം?

കേരളത്തിന്റെ തെക്കന്‍ പ്രദേശങ്ങളില്‍ വര്‍ഷത്തില്‍ മൂന്നോ നാലോ മാസമൊഴിച്ചു് ബാക്കി മാസങ്ങളിലെല്ലാം കുറച്ചു മഴയെങ്കിലും ലഭിക്കുമ്പോള്‍ വടക്കന്‍ പ്രദേശങ്ങളില്‍ കാലവര്‍ഷസമയത്താണു് മിക്കവാറും മഴമുഴുവനും ലഭിക്കുന്നതു്. തിരുവനന്തപുരത്തു് ഒരു കൊല്ലം ലഭിക്കുന്ന മൊത്തം മഴയുടെ 46 ശതമാനമാണു് കാലവര്‍ഷസമയത്തു് ലഭിക്കുന്നതെങ്കില്‍ ആലപ്പുഴയില്‍ അതു് 59ഉം, കോഴിക്കോട്ടു് 75ഉം കാസര്‍കോടു് 83ഉം ശതമാനമാണു്. ഇതുപോലെ വടക്കോട്ടു് പോകുംതോറും തുലാവര്‍ഷസമയത്തു് ലഭിക്കുന്ന മഴയുടെ അളവു് കുറഞ്ഞുവരികയാണു്. ജനുവരി മുതല്‍ മെയ് മാസം വരെ കിട്ടുന്ന മഴയുടെ കാര്യവും അതുപോലെ തന്നെ. അങ്ങനെയിരിക്കുമ്പൊഴും, ഒരു വര്‍ഷത്തിലെ ഏതാണ്ടു് 10 ശതമാനത്തില്‍ താഴെ സമയത്തു മാത്രമാണു് നമുക്കു് മഴ ലഭിക്കുന്നതു് (മഴ പെയ്യുന്ന മണിക്കൂറുകള്‍ മാത്രം എണ്ണിയാല്‍) എന്നോര്‍ക്കണം. അതായതു് ഒരു വര്‍ഷത്തില്‍ മുപ്പത്താറു ദിവസം പോലുമില്ല. ഈ ചെറിയ സമയംകൊണ്ടു് നമുക്കു കിട്ടുന്ന മഴവെള്ളം വേണം നമ്മള്‍ വര്‍ഷം മുഴുവനും ഉപയോഗിക്കാന്‍. മഴവെള്ളം സംഭരിച്ചുവെയ്ക്കേണ്ടതിന്റെ ആവശ്യമാണു് ഇതു് ചൂണ്ടിക്കാട്ടുന്നതു്.

ഒരുകാലത്തു്, ഇന്നത്തേക്കാള്‍ ജനസംഖ്യ വളരെ കുറവായിരുന്നപ്പോള്‍, സ്വാഭാവികമായ കുളങ്ങളും തടാകങ്ങളും കാടുകളും മറ്റും വെള്ളം സംഭരിച്ചു വയ്ക്കുന്ന കര്‍മ്മം ഫലപ്രദമായി ചെയ്തിരുന്നു. അന്നത്തേക്കാള്‍ ജനസംഖ്യ കൂടുകയും ജീവിതസൌകര്യങ്ങള്‍ കൂടുകയും വ്യവസായങ്ങള്‍ തുടങ്ങുകയും ചെയ്തതു് കാരണം വെള്ളത്തിനുള്ള ആവശ്യം കൂടിയിട്ടുണ്ടു്. എന്നാല്‍ കാടുകള്‍ വെട്ടിത്തെളിക്കുകയും കുളങ്ങള്‍ മൂടുകയുമാണു് നമ്മള്‍ ചെയ്തതു്. ജലക്ഷാമത്തിന്റെ തുടക്കം അതിലൊക്കെ തന്നെയാണു്. നമ്മുടെ മഴയുടെ സ്വഭാവം മനസിലാക്കി പ്രവര്‍ത്തിക്കുകയും മഴവെള്ളം വെറുതെ ഒലിച്ചുപോകാതെ സംഭരിക്കുകയും ചെയ്താല്‍ നമ്മുടെ ജലക്ഷാമത്തിനു് കുറെയേറെ ആശ്വാസമുണ്ടാക്കാനാകും.

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)