സ്ക്കൂള് തുറന്നു, മഴയും തുടങ്ങി. സ്ക്കൂള് തുറക്കുന്നതുപോലെതന്നെ മിക്ക വര്‍ഷവും കൃത്യമായി ജൂണ്‍ ഒന്നാം തീയതി മഴയെത്തും. നമ്മളതിനെ കാലവര്‍ഷമെന്നോ ഇടവപ്പാതിയെന്നോ ഒക്കെ വിളിക്കുന്നു. ഒരു കാലത്തു് കേരളീയരുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു സംഭവമായിരുന്നു കാലവര്‍ഷത്തിന്റെ വരവും പോക്കും. മഴയുടെ വരവു് നേരത്തെയോ വൈകിയോ ആയാല്‍ ആ വര്‍ഷത്തെ ഭക്ഷണം തന്നെ ബുദ്ധിമുട്ടിലാകുമായിരുന്നു. മാത്രമല്ല കിട്ടുന്ന മഴ കൂടുകയോ കുറയുകയോ ചെയ്താലും ബൂദ്ധിമുട്ടാകുമായിരുന്നു. ഇതെല്ലാം ഇന്നും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെങ്കിലും ഭക്ഷണം ശേഖരിച്ചു വയ്ക്കുന്നതിലൂടെയും മറ്റും നമുക്കു് പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ടു്. പക്ഷെ, മഴ കുറഞ്ഞാല്‍ വരള്‍ച്ചയും മഴ കൂടിയാല്‍ പ്രളയവും എന്ന സ്ഥിതിയാണല്ലോ ഇപ്പോഴുമുള്ളതു്. കൃത്യമായി ഈ മഴ എവിടെനിന്നു വരുന്നു? എന്തുകൊണ്ടാണു് ഈ മഴ ഇടവമാസം മദ്ധ്യത്തില്‍ തന്നെ വരുന്നതു്?
നമ്മള് 'കാലവര്‍ഷം' എന്നും 'തുലാവര്‍ഷം' എന്നും വിളിക്കുന്ന മഴക്കാലങ്ങളെ കാലാവസ്ഥാശാസ്ത്രജ്ഞര്‍ വിളിക്കുന്നതു് `മണ്‍സൂണ്‍' എന്നാണു്. ആദ്യത്തേതു് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണാണെങ്കില്‍ രണ്ടാമത്തേതു് വടക്കുകിഴക്കന്‍ മണ്‍സൂണാണു്. തുലാവര്‍ഷത്തെ `മണ്‍സൂണിന്റെ മടങ്ങിപ്പോക്കു്' എന്നും വിളിക്കാറുണ്ടു്. ശാസ്ത്രജ്ഞര്‍ക്കു് മണ്‍സൂണ്‍ എന്നാല്‍ കാലാകാലം വരുന്ന ഒരു കാറ്റാണു്. 'കാലാവസ്ഥ' എന്നര്‍ത്ഥം വരുന്ന `മൌസം' എന്ന ഉര്‍ദു-അറബിക് വാക്കില്‍ നിന്നാണു് മണ്‍സൂണ്‍ എന്ന പദത്തിന്റെ ഉത്ഭവം. പണ്ടുകാലത്തു് അറബികള്‍ക്കു് പായ്ക്കപ്പലില്‍ ഇന്ത്യയിലേക്കു് വരാനായി ഈ കാറ്റു് സഹായിച്ചിരുന്നു.
സൂര്യപ്രകാശം ഭൂമിയില്‍ വീഴുമ്പോള്‍ ഭൂമിയുടെ ഉപരിതലം ചൂടാകും എന്നറിയാമല്ലോ. മണ്ണിലും പാറയിലുമാണു് പ്രകാശം വീഴുന്നതെങ്കില്‍ അതു് വേഗത്തില്‍ ചുടാകും. വെള്ളത്തിലാണെങ്കില്‍ പ്രകാശം ഉള്ളിലേയ്ക്കു് കടക്കുന്നതു കൊണ്ടും വെള്ളം ചൂടാക്കാന്‍ കൂടുതല്‍ ഊര്‍ജം വേണ്ടതുകൊണ്ടും പതുക്കെയേ ചൂടാകൂ. മാത്രമല്ല, കടലിന്റെ മുകളിലത്തെ 50 മീറ്ററോളം ആഴം വരെയുള്ള വെള്ളം എപ്പോഴും കൂടിക്കലര്‍ന്നു കിടക്കുന്നതുകൊണ്ടു് ലഭിക്കുന്ന ചൂടു് അത്രയും വെള്ളത്തിലാണു് കലരുന്നതു്. കരയിലാണെങ്കില്‍ ഒരു മീറ്ററോളം ആഴം വരെ മാത്രമെ ചൂടു് കടന്നു ചെല്ലുകയുള്ളൂ. കരയാണെങ്കിലും വെള്ളമാണെങ്കിലും ചൂടാകുമ്പോള്‍ തൊട്ടുമുകളിലുള്ള വായുവും ചൂടാകുകയും സാഹചര്യങ്ങള്‍ അനുയോജ്യമാണെങ്കില്‍ അതു് ഉയരുകയും ചെയ്യും. വായു താഴെനിന്നു് ഉയരുമ്പോള്‍ അതുകാരണം താഴെ വായുവിന്റെ മര്‍ദ്ദം കുറയുകയും ചുറ്റുപാടുമുള്ള വായു അങ്ങോട്ടു നീങ്ങാന്‍ തുടങ്ങുകയും ചെയ്യും. ഇതാണു് നമ്മള് ``മണ്‍സൂണ്‍'' എന്നു വിളിക്കുന്ന പ്രതിഭാസത്തിന്റെ പിന്നിലുള്ള തത്വം.
ഭൂഗാളത്തില്‍ ഇന്ത്യ സ്ഥിതിചെയ്യുന്ന ഭാഗത്തിനു് ഒരു പ്രത്യേകതയുണ്ടു്. ഇവിടെ ഉത്തരാര്‍ദ്ധഗോളത്തിന്റെ വലിയ ഭാഗം കരയും ദക്ഷിണാര്‍ദ്ധഗോളത്തിന്റെ വലിയ ഭാഗം സമുദ്രവുമാണു്. ഏതു് ഭൂപടത്തില്‍നിന്നും ഇക്കാര്യം വ്യക്തമാകുമല്ലോ. വര്‍ഷത്തിലെ ആദ്യമാസങ്ങളില്‍ സൂര്യന് ദക്ഷിണാര്‍ദ്ധഗോളത്തിലാണു്. അതായതു് സൂര്യപ്രകാശം നേരേ വീഴുന്നതു് ഭൂമദ്ധ്യരേഖയ്ക്കു് തെക്കുള്ള പ്രദേശത്താണു്. ആ മാസങ്ങളില്‍ തെക്കന്‍ പ്രദേശങ്ങളില്‍ ചൂടു കൂടുതലും വടക്കന്‍ പ്രദേശങ്ങളില്‍ തണുപ്പും ആയിരിക്കും. ഉത്തരായനം സംഭവിക്കുമ്പോള്‍ സൂര്യന്റെ സ്ഥാനം വടക്കോട്ടു് നീങ്ങി മാര്‍ച്ചു് 20 ആകുമ്പോള്‍ ഭൂമദ്ധ്യരേഖയ്ക്കു് നേരേ മുകളിലാകും. ജൂണ്‍ 21 വരെ സൂര്യന് വടക്കോട്ടുള്ള ഈ യാത്ര തുടരുന്നു. ഈ സമയത്തു് ഉത്തരാര്‍ദ്ധ ഗോളത്തിലുള്ള കര ചൂടുപിടിക്കും. അങ്ങനെ അവിടെ ന്യൂനമര്‍ദ്ദമുണ്ടാകും. അതേ സമയം തെക്കുള്ള സമുദ്രജലം ക്രമേണ തണുക്കുകയും അവിടെ അധികമര്‍ദ്ദം ഉണ്ടാകുകയും ചെയ്യും. ഈ മര്‍ദ്ദവ്യത്യാസം തെക്കുനിന്നു് ഒരു കാറ്റുണ്ടാവാന്‍ ഇടയാക്കുന്നു. ഇതാണു് കാലവര്‍ഷക്കാറ്റിന്റെ ഉത്ഭവം.
ഈ കാറ്റു് ഇന്ത്യയ്ക്കു് തെക്കുഭാഗത്തു് ഇന്ത്യന്‍ മഹാസമുദ്രത്തിനു മുകളില്‍ കിഴക്കുനിന്നു് പടിഞ്ഞാറേക്കു് വീശിക്കൊണ്ടാണു് തുടങ്ങുന്നതു്. മേല്പറഞ്ഞ മര്‍ദ്ദവ്യത്യാസം മൂലം അതു് വടക്കോട്ടു് നീങ്ങുന്നു. അതു് മദ്ധ്യരേഖ കടന്നു് ഉത്തരാര്‍ദ്ധ ഗോളത്തിലേക്കു് വരുമ്പോള്‍ കോറിയോലിസ് ബലം എന്നറിയപ്പെടുന്ന ബലം അതിനെ വലത്തേക്കു് തിരിക്കും. ഭൂമി കറങ്ങിക്കൊണ്ടിരിക്കുന്നതാണു് ഇങ്ങനെയൊരു ബലം ഉണ്ടാവാന്‍ കാരണമാകുന്നതു്. കാറ്റു് ആഫ്രിക്കന്‍ തീരത്തു് എത്തുമ്പോഴേക്കു് ഈ ബലം കാറ്റിന്റെ ഗതി തിരിച്ചു് അതിനെ അറബിക്കടലിനു് മുകളിലൂടെ ഇന്ത്യയിലേക്കു് അയയ്ക്കുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിനും അറബിക്കടലിനും മുകളിലൂടെ വരുന്നതുകൊണ്ടു് കാറ്റില്‍ ധാരാളം ഈര്‍പ്പമുണ്ടാകും. ഈ ഈര്‍പ്പമാണു് മേഘമായി മാറുന്നതു്. അതുകൊണ്ടാണു് കാലവര്‍ഷക്കാറ്റു് വരുമ്പോള്‍ മഴയുണ്ടാകുന്നതു്.
കാലവര്‍ഷക്കാറ്റു് ഇന്ത്യയിലാദ്യമായി എത്തുന്ന സ്ഥലം തിരുവനന്തപുരമാണു്. മിക്കവാറും വര്‍ഷങ്ങളില്‍ ഇതു് ജൂണ്‍ ഒന്നാം തീയതി തന്നെ എത്തും. ധാരാളം മേഘങ്ങളുമായി എത്തുന്നതുകൊണ്ടു് ഈ കാറ്റു് നല്ല മഴ തരുന്നു. ഇതു് ഇടവമാസത്തിന്റെ മദ്ധ്യത്തിലായതു കൊണ്ടാണു് നാമിതിനെ ഇടവപ്പാതി എന്നു പറയുന്നതു്. ക്രമേണ കാറ്റു് വടക്കോട്ടു കൂടി വ്യാപിച്ചു് ജൂണ്‍ 10 ആകുമ്പോഴേക്കു് മഹാരാഷ്ട്രയിലും ജൂലൈ 1 ആകുമ്പോള്‍ ദില്ലിയിലും എത്തുന്നു. ഇതിനിടയ്ക്കു് ഈ കാറ്റിന്റെ മറ്റൊരു ശാഖ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ വഴി കടന്നു വരുന്നുണ്ടു്. നമ്മുടെ രാജ്യത്തിനും ജനങ്ങള്‍ക്കും കൃഷിക്കും എല്ലാം സര്‍വ്വപ്രധാനമായ കാലവര്‍ഷം ഇങ്ങനെയാണു് വരുന്നതു്.
ജൂണ്‍, ജൂലൈ മാസങ്ങളില്‍ തകര്‍ത്തു പെയ്യുന്ന കാലവര്‍ഷം ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ക്രമേണ കുറയുന്നു. പക്ഷെ ഈ സമയം കൊണ്ടു് കേരളത്തില്‍ മിക്ക സ്ഥലങ്ങളിലും ഒരു വര്‍ഷം മൊത്തം കിട്ടുന്ന മഴയുടെ നല്ലൊരു പങ്കും കിട്ടിയിട്ടുണ്ടാകും. കാലവര്‍ഷസമയത്തു് കേരളത്തില്‍ ഇത്രയധികം മഴ ലഭിക്കാനുള്ള ഒരു കാരണം നമ്മുടെ സംസ്ഥാനത്തിന്റെ കിഴക്കു ഭാഗത്തു് സ്ഥിതിചെയ്യുന്ന സഹ്യപര്‍വ്വതമാണു്. കാറ്റടിച്ചു് കരയിലേക്കു് വരുന്ന മേഘങ്ങള്‍ പര്‍വ്വതങ്ങള്‍ കാരണം മുകളിലേക്കു് ഉയരാന്‍ നിര്‍ബന്ധിതമാകുന്നു. ഇങ്ങനെ ഉയരുമ്പോള്‍ മേഘങ്ങള്‍ കൂടുതല്‍ തണുക്കും. അതു് മേഘത്തിലുള്ള ഈര്‍പ്പം വേഗത്തില്‍ മഴയായി വീഴാന്‍ ഇടയാക്കും. അതുകൊണ്ടു് സഹ്യനെ കടന്നു് കിഴക്കോട്ടു് പോകുന്ന വായുവില്‍ ഈര്‍പ്പം തീരെ കുറവായിരിക്കും.
ജൂണ്‍ 21 നു് മടക്കയാത്ര ആരംഭിക്കുന്ന സൂര്യന് സെപ്റ്റംബര്‍ 22 ആകുമ്പോള്‍ ഭൂമദ്ധ്യരേഖ കടന്നു് വീണ്ടും തെക്കോട്ടുള്ള യാത്ര തുടരുന്നു. വടക്കുഭാഗത്തുള്ള ഭൂമി തണുത്തു തുടങ്ങുകയും തെക്കുഭാഗത്തുള്ള സമുദ്രം ചൂടായിത്തുടങ്ങുകയും ചെയ്യുന്നു. ഇതോടെ മണ്‍സൂണിന്റെ മടക്കയാത്രയും ആരംഭിക്കുകയായി. ഹിമാലയപര്‍വ്വത പ്രദേശത്തും മറ്റുമുള്ള തണുത്ത, ഈര്‍പ്പം കുറഞ്ഞ വായു തെക്കോട്ടു നീങ്ങിത്തുടങ്ങുന്നു. യാത്രാമദ്ധ്യേ അതു് ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും മറ്റും കുറേ ഈര്‍പ്പം നേടുന്നുണ്ടു്. വടക്കുകിഴക്കു നിന്നു് വീശുന്ന ഈ കാറ്റാണു്, കാലവര്‍ഷസമയത്തു് മഴ കിട്ടാതെ കിടക്കുന്ന, തമിഴ്നാട്ടിലും മറ്റും കുറേ മഴ നല്കുന്നതു്. തെക്കന്‍ കേരളത്തില്‍ ഇതു് തുലാവര്‍ഷമായി അനുഭവപ്പെടുന്നു. ഈ കാലത്തു് ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ചുഴലിക്കാറ്റുകള്‍ ഉണ്ടാകുക സാധാരണമാണു്. ഇതിന്റെ ഫലമായി കേരളത്തിലും പലപ്പോഴും മഴ ലഭിക്കാറുണ്ടു്. തിരുവനന്തപുരത്തും മറ്റും കാലവര്‍ഷസമയത്തും തുലാവര്‍ഷസമയത്തും ഒക്കെ ഏതാണ്ടു് ഒരേപോലെയാണു് മഴ ലഭിക്കുന്നതു്.
കേരളത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍ കുറവും വടക്കോട്ടു പോകുംതോറും കൂടുതലുമാണു് മഴ ലഭിക്കുന്നതു്. തിരുവനന്തപുരത്തു് വര്‍ഷത്തില്‍ ശരാശരി ഏതാണ്ടു് 1800 മില്ലിമീറ്ററാണു് മഴ കിട്ടുന്നതെങ്കില്‍ കണ്ണൂര്‍ ഭാഗത്തു് ഏതാണ്ടു് 4000 മി.മീ. ആണു്. അതായതു്, തിരുവനന്തപുരത്തു പെയ്യുന്ന മഴയില്‍ നിന്നുള്ള വെള്ളമെല്ലാം ഒഴുകിപ്പോകാതെ അവിടെത്തന്നെ കെട്ടിക്കിടക്കുകയാണെങ്കില്‍ രണ്ടു മീറ്ററോളം ഉയരത്തില്‍ വെള്ളമുണ്ടാകും. കണ്ണൂരിലാണെങ്കിലതു് നാലുമീറ്ററാവും. ഇങ്ങനെ കേരളത്തില്‍ മുഴുവനുമാകുമ്പോള്‍ അതു് എത്ര വെള്ളമുണ്ടാകുമെന്നു് ആലോചിച്ചു നോക്കൂ! എത്ര വെള്ളമാണു് നമുക്കു് മഴയായി ലഭിക്കുന്നതു്! എന്നിട്ടും നമുക്കെന്തേ ജലക്ഷാമം?
കേരളത്തിന്റെ തെക്കന്‍ പ്രദേശങ്ങളില്‍ വര്‍ഷത്തില്‍ മൂന്നോ നാലോ മാസമൊഴിച്ചു് ബാക്കി മാസങ്ങളിലെല്ലാം കുറച്ചു മഴയെങ്കിലും ലഭിക്കുമ്പോള്‍ വടക്കന്‍ പ്രദേശങ്ങളില്‍ കാലവര്‍ഷസമയത്താണു് മിക്കവാറും മഴമുഴുവനും ലഭിക്കുന്നതു്. തിരുവനന്തപുരത്തു് ഒരു കൊല്ലം ലഭിക്കുന്ന മൊത്തം മഴയുടെ 46 ശതമാനമാണു് കാലവര്‍ഷസമയത്തു് ലഭിക്കുന്നതെങ്കില്‍ ആലപ്പുഴയില്‍ അതു് 59ഉം, കോഴിക്കോട്ടു് 75ഉം കാസര്‍കോടു് 83ഉം ശതമാനമാണു്. ഇതുപോലെ വടക്കോട്ടു് പോകുംതോറും തുലാവര്‍ഷസമയത്തു് ലഭിക്കുന്ന മഴയുടെ അളവു് കുറഞ്ഞുവരികയാണു്. ജനുവരി മുതല്‍ മെയ് മാസം വരെ കിട്ടുന്ന മഴയുടെ കാര്യവും അതുപോലെ തന്നെ. അങ്ങനെയിരിക്കുമ്പൊഴും, ഒരു വര്‍ഷത്തിലെ ഏതാണ്ടു് 10 ശതമാനത്തില്‍ താഴെ സമയത്തു മാത്രമാണു് നമുക്കു് മഴ ലഭിക്കുന്നതു് (മഴ പെയ്യുന്ന മണിക്കൂറുകള്‍ മാത്രം എണ്ണിയാല്‍) എന്നോര്‍ക്കണം. അതായതു് ഒരു വര്‍ഷത്തില്‍ മുപ്പത്താറു ദിവസം പോലുമില്ല. ഈ ചെറിയ സമയംകൊണ്ടു് നമുക്കു കിട്ടുന്ന മഴവെള്ളം വേണം നമ്മള് വര്‍ഷം മുഴുവനും ഉപയോഗിക്കാന്‍. മഴവെള്ളം സംഭരിച്ചുവെയ്ക്കേണ്ടതിന്റെ ആവശ്യമാണു് ഇതു് ചൂണ്ടിക്കാട്ടുന്നതു്.
ഒരുകാലത്തു്, ഇന്നത്തേക്കാള്‍ ജനസംഖ്യ വളരെ കുറവായിരുന്നപ്പോള്‍, സ്വാഭാവികമായ കുളങ്ങളും തടാകങ്ങളും കാടുകളും മറ്റും വെള്ളം സംഭരിച്ചു വയ്ക്കുന്ന കര്‍മ്മം ഫലപ്രദമായി ചെയ്തിരുന്നു. അന്നത്തേക്കാള്‍ ജനസംഖ്യ കൂടുകയും ജീവിതസൌകര്യങ്ങള്‍ കൂടുകയും വ്യവസായങ്ങള്‍ തുടങ്ങുകയും ചെയ്തതു് കാരണം വെള്ളത്തിനുള്ള ആവശ്യം കൂടിയിട്ടുണ്ടു്. എന്നാല്‍ കാടുകള്‍ വെട്ടിത്തെളിക്കുകയും കുളങ്ങള്‍ മൂടുകയുമാണു് നമ്മള് ചെയ്തതു്. ജലക്ഷാമത്തിന്റെ തുടക്കം അതിലൊക്കെ തന്നെയാണു്. നമ്മുടെ മഴയുടെ സ്വഭാവം മനസിലാക്കി പ്രവര്‍ത്തിക്കുകയും മഴവെള്ളം വെറുതെ ഒലിച്ചുപോകാതെ സംഭരിക്കുകയും ചെയ്താല്‍ നമ്മുടെ ജലക്ഷാമത്തിനു് കുറെയേറെ ആശ്വാസമുണ്ടാക്കാനാകും.
(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)
2 comments:
ജലത്തിന് വേണ്ടിയുള്ള യുദ്ധങ്ങളാണ് ഇനി നമ്മള് കാണാന്‍ പോകുന്നത്
ഉഗ്രന്‍ ലേഖനം. പണ്ട് സ്കൂളില്‍ ജിയോഗ്രഫി ക്ലാസ്സില്‍ കഷ്ടപ്പെട്ട് എന്തൊക്കെയോ മനപ്പാഠമാക്കിയിരുന്നെങ്കിലും ഇപ്പോഴാണ് ഒരു വ്യക്തത കിട്ടിയത്. നന്ദി.
Post a Comment