രാജസ്ഥാനിലെ ജോധ്‌പുറിലെ രാജാവായിരുന്ന അഭയ് സിംഹിനുവേണ്ടി 1730ല്‍ ഒരു പുതിയ കൊട്ടാരം പണിയാനായി ഇഷ്ടിക ഉണ്ടാക്കുന്നതിനു് കുറെ വിറകു് വേണ്ടിവന്നു. അതിനുവേണ്ടി ഒരു സംഘം പണിക്കാരും ഉദ്യോഗസ്ഥരും മരമന്വേഷിച്ചു് ഒരു ഗ്രാമത്തിലെത്തി. മരം വെട്ടാനായി കുറേപ്പേര്‍ വന്നിരിക്കുന്നതറിഞ്ഞു് അമൃതാദേവി എന്ന സ്ത്രീ അതു തടയാന്‍ ഒരുമ്പെട്ടു. അവരുടെ അപേക്ഷകള്‍ വകവയ്ക്കാതെ സംഘം മരം വെട്ടാനുള്ള ഒരുക്കം തുടര്‍ന്നു. മരം വെട്ടാന്‍ അനുവദിക്കുന്നതിലും ഭേദം തന്റെ തല വെട്ടുന്നതാണു് എന്നാണു് അമൃതാദേവി പ്രതികരിച്ചതു്. പണിക്കാര്‍ മരം വെട്ടാന്‍ കൊണ്ടുവന്ന കോടാലി തന്നെ അവരുടെ കഴുത്തില്‍ പ്രയോഗിച്ചു. ഇതു് കണ്ടുനിന്ന അമൃതാദേവിയുടെ മൂന്നു് പെണ്‍മക്കളും തങ്ങളുടെ കഴുത്തു് നീട്ടിക്കൊടുത്തു. രാജസേവകര്‍ അതും കൊയ്തെടുത്തു. വിവരമറിഞ്ഞു് ചുറ്റുപാടുകളില്‍ നിന്നെല്ലാം അനേകം പേരെത്തി. മരങ്ങളെ രക്ഷിക്കാനായി അവര്‍ അവയെ ആലിംഗനം ചെയ്തു് നിന്നു എന്നാണു് പറയപ്പെടുന്നതു്. ആദ്യമാദ്യം പ്രായം ചെന്നവരും പിന്നീടു് ചെറുപ്പക്കാരും മരങ്ങളെ രക്ഷിക്കാന്‍ വേണ്ടി ജീവന്‍ നല്‍കാനായി മുന്നോട്ടു് വന്നു. മുന്നൂറ്റി അറുപത്തിമൂന്നു് പേരാണു് അവിടെ ജീവന്‍ ബലിയര്‍പ്പിച്ചതു്. ഇതറിഞ്ഞ മഹാരാജാവു് അവിടത്തെ ജനങ്ങളോടു് ക്ഷമചോദിക്കുകയും അവിടെ മരം വെട്ടുന്നതും നായാട്ടു് നടത്തുന്നതും നിരോധിക്കുകയും ചെയ്തു.
ബിഷ്ണോയ് മതവിശ്വാസികളായിരുന്നു അന്നു് മരങ്ങളെ രക്ഷിക്കാന്‍ ജീവന്‍ ബലികഴിച്ചതു്. സസ്യങ്ങളും മൃഗങ്ങളും എല്ലാം ജീവന്‍ കൊടുത്തും സംരക്ഷിക്കപ്പെടേണ്ടവയാണു് എന്നവര്‍ വിശ്വസിച്ചിരുന്നു. ബിഷ്ണോയ്കളുടെ അന്നത്തെ പ്രവൃത്തിയെ അനുകരിച്ചാണു് ചിപ്കൊ പ്രസ്ഥാനം മരങ്ങളെ ആലിംഗനം ചെയ്യുന്ന സമരരീതി അവലംബിച്ചതു്. അമൃതാദേവിയുടെയും മറ്റും ജീവസമര്‍പ്പണം പോലെയുള്ള ത്യാഗങ്ങള്‍ വേറെ ഉണ്ടാവില്ല. എങ്കിലും ജീവജാലങ്ങളെ സംരക്ഷിക്കേണ്ടതു് തങ്ങളുടെ കടമയാണെന്നു് വിശ്വസിച്ചിരുന്ന പല സമൂഹങ്ങളും ലോകത്തിലുണ്ടായിട്ടുണ്ടു്. പുരോഗതിയുടെ പേരില്‍ പ്രകൃതിയെ നശിപ്പിക്കാന്‍ അശേഷം മടി കാട്ടാത്ത ഇന്നത്തെ സമൂഹത്തെക്കാള്‍ വിവേകമുള്ളവരായിരുന്നു അവര്‍ എന്നു് നമുക്കു് സമ്മതിക്കേണ്ടി വരുന്നു. എന്തായാലും ഇന്നും ബിഷ്ണോയ് ഗ്രാമങ്ങള്‍ രാജസ്ഥാന്‍ മരുഭൂമിയിലെ മരുപ്പച്ചകളായി നിലനില്‍ക്കുന്നു.
പരിസ്ഥിതിയുടെ ആരോഗ്യം തങ്ങളുടെ നിലനില്പിനു് അത്യന്താപേക്ഷിതമാണു് എന്നു് പ്രാചീനകാലത്തെ എല്ലാ സമൂഹങ്ങളും വിശ്വസിച്ചിരുന്നു എന്നു വേണം കരുതാന്‍. മരങ്ങള്‍ നിറഞ്ഞ ചില പ്രദേശങ്ങള്‍ `വിശുദ്ധവനങ്ങള്‍' എന്ന നിലയ്ക്കു് സംരക്ഷിച്ചു നിലനിര്‍ത്തുന്ന ശീലം ലോകത്തില്‍ പലയിടങ്ങളിലും ഉണ്ടായിരുന്നു. മതവിശ്വാസങ്ങളുമായി ബന്ധപ്പെട്ടാണു് ഇവ പലപ്പോഴും സംരക്ഷിച്ചിരുന്നതു്. പ്രാചീന യൂറോപ്പിലും ചില പൌരസ്ത്യ ദേശങ്ങളിലുമാണു് വിശുദ്ധവനങ്ങള്‍ മുഖ്യമായും ഉണ്ടായിരുന്നതു് എന്നാണു് രേഖകള്‍ കാണിക്കുന്നതു്. ഗ്രീസ്, റോമന്‍ സാമ്രാജ്യം, ബാള്‍ട്ടിക്, സെല്‍റ്റിക് പ്രദേശങ്ങള്‍, ജര്‍മ്മനി, പശ്ചിമ ആഫ്രിക്ക, ഇന്ത്യ, ജപ്പാന്‍, എന്നിങ്ങനെ പല പ്രദേശങ്ങളിലും വിശുദ്ധവനങ്ങള്‍ നിലനിന്നിരുന്നതിനു് തെളിവുകള്‍ ഉണ്ടത്രെ. അമേരിക്കയിലെ ഗോത്രവര്‍ഗക്കാര്‍ക്കും പ്രകൃതിയോടു് ആരാധനാമനോഭാവമാണു് ഉണ്ടായിരുന്നതു് എന്നാണു് ചീഫ് സിയറ്റിലിന്റെ സുപ്രസിദ്ധമായ വാക്കുകള്‍ സൂചിപ്പിക്കുന്നതു്. ആധുനിക മതങ്ങളുടെ ആവിര്‍ഭാവത്തോടെയാണു് ഇത്തരം പല വനപ്രദേശങ്ങളും മനുഷ്യര്‍ വെട്ടിമാറ്റിയതു്. എന്നാല്‍ പ്രാചീന മതവിശ്വാസങ്ങള്‍ നിലനില്‍ക്കുന്ന ചിലയിടങ്ങളില്‍ ഇപ്പോഴും വിശുദ്ധവനങ്ങള്‍ അവശേഷിക്കുന്നുണ്ടു്. കേരളത്തില്‍ ഇത്തരം പ്രദേശങ്ങളെ നമ്മള്‍ `കാവുകള്‍' എന്നു വിളിക്കുന്നു. ഇന്ത്യയിലെ വിശുദ്ധവനങ്ങളധികവും ഹിന്ദുമതവുമായി ബന്ധപ്പെട്ടാണു് കാണപ്പെടുന്നതെങ്കിലും ഇസ്ലാമും ബുദ്ധമതവും മറ്റുമായി ബന്ധപ്പെട്ടു് സംരക്ഷിച്ചുവരുന്ന വിശുദ്ധവനങ്ങളും ചിലയിടങ്ങളില്‍ കാണുന്നുണ്ടു്.
വിശുദ്ധവനങ്ങള്‍ ഇന്ത്യയില്‍ പലയിടങ്ങളിലുമുണ്ടു്; അവ പല പേരുകളിലാണു് അറിയപ്പെടുന്നതു്. ഏതാണ്ടു് 14,000 വിശുദ്ധവനങ്ങള്‍ ഇന്ത്യയിലുണ്ടെന്നു് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 1897ല്‍ ഇന്ത്യയിലെ വനങ്ങളുടെ ഇന്‍സ്പെക്ടര്‍ ജനറലായിരുന്ന ബ്രാന്‍ഡിസ് ഇപ്രകാരമെഴുതി: ``ഇന്ത്യയിലെ വിശുദ്ധവനങ്ങളെപ്പറ്റി വളരെക്കുറച്ചേ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളൂ. എന്നാല്‍ അവ നിരവധി എണ്ണമുണ്ടു്, അല്ലെങ്കില്‍ ഉണ്ടായിരുന്നു. മിക്കവാറും എല്ലാ പ്രവിശ്യകളിലും ഞാനവ കണ്ടിട്ടുണ്ടു്.'' ഗോരഖ്പൂരിനടുത്തു് മിയാസാഹിബ് എന്ന മുസ്ലിം സന്യാസി പരിപാലിച്ചു പോന്നിരുന്ന ഒരു വിശുദ്ധവനം അദ്ദേഹം കണ്ടെത്തുകയും ചെയ്തു. മലയാളി ഹിന്ദുക്കള്‍ അവരുടെ പറമ്പുകുളുടെ തെക്കുപടിഞ്ഞാറേ ഭാഗം സ്വാഭാവികമായി വനം വളരുന്നതിനു് മാറ്റി വച്ചിരുന്നതായി മലബാര്‍ മാനുവലില്‍ വില്യം ലോഗന്‍ എഴുതിയിട്ടുണ്ടു്. ഇവയായിരുന്നു സര്‍പ്പക്കാവുകള്‍. മദ്ധ്യപ്രദേശിലെ സര്‍ഗുജ ജില്ലയിലെ ഓരോ ഗ്രാമത്തിലും 20 ഹെക്ടര്‍ വിസ്തീര്‍ണ്ണമുള്ള കാടുണ്ടു്. ഇവിടെ എല്ലാ സസ്യങ്ങളും മൃഗങ്ങളും സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഈ പ്രദേശങ്ങള്‍ ശരണവനങ്ങള്‍ എന്ന പേരിലാണു് അറിയപ്പെടുന്നതു്. ഇന്ത്യയിലെ ഏറ്റവും വലിയ വിശുദ്ധവനങ്ങള്‍ ഒരുപക്ഷെ ഉത്തരഖണ്ഡിലെ ചമോലി ജില്ലയിലെ ഹരിയാലി പ്രദേശത്തും ഹിമാചല്‍ പ്രദേശിലെ സിംലയ്ക്കടുത്തുള്ള ദേവദാര്‍ പ്രദേശത്തും ഉള്ളവയാവാം. കര്‍ണ്ണാടകയിലെ കുടകിലും ധാരാളം വിശുദ്ധവനങ്ങളുണ്ടു്. ഇത്തരം വനങ്ങള്‍ എണ്ണത്തില്‍ ഏറ്റവും കൂടിതലുള്ളതു് ഹിമാചല്‍ പ്രദേശിലാണു് -- ഏതാണ്ടു് 5,000. കേരളത്തില്‍ രണ്ടായിരത്തോളം കാവുകളുണ്ടെന്നാണു് കണക്കാക്കിയിരിക്കുന്നതു് (കണക്കുകള്‍ വിക്കിപ്പീഡിയയില്‍നിന്നു്).
കാവു് എന്ന പദത്തിനു് `ബലിയിടുന്ന സ്ഥലം' എന്നും `മരക്കൂട്ടം' എന്നും അര്‍ത്ഥം പറയാറുണ്ടു്. പല കാവുകളുമായി ബന്ധപ്പെട്ടു് ഒരു ആരാധനാമൂര്‍ത്തി ഉണ്ടാവാറുണ്ടു്. അതുകൊണ്ടായിരിക്കണം കേരളത്തില്‍ കാവു് എന്ന പദം ചില ക്ഷേത്രങ്ങള്‍ക്കും ഉപയോഗിക്കാറുള്ളതു്. ഈ കാവുകളില്‍ നിന്നു് തടി വെട്ടിയെടുക്കുന്നതും പക്ഷിമൃഗാദികളെ കൊല്ലുന്നതും കര്‍ശനമായി വിലക്കപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ഈ പ്രദേശങ്ങളിലെ ജൈവവൈവിദ്ധ്യം സംരക്ഷിക്കപ്പെട്ടു. പണ്ടു് കേരളത്തില്‍ മിക്കസ്ഥലങ്ങളിലും ഉണ്ടായിരുന്ന മഴക്കാടുകളുടെ അവശിഷ്ടങ്ങളാണു് കാവുകള്‍ എന്നു വിശ്വസിക്കപ്പെടുന്നു.
എന്നാല്‍ പല കാരണങ്ങളും കൊണ്ടു് വനങ്ങളോടൊപ്പം കാവുകളും നശിച്ചുകൊണ്ടിരിക്കുകയാണു്. 1921ലെ സെന്‍സസ് അനുസരിച്ചു് അന്നു് കേരളത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍, അതായതു് പഴയ തിരുവിതാംകൂര്‍ പ്രദേശത്തു്, മാത്രം 12,000 കാവുകളുണ്ടായിരുന്നു. എന്നാല്‍ ഇന്നതു് ഏതാണ്ടു്' ആറിലൊന്നില്‍ താഴെ ആയിരിക്കുന്നു. കേരളത്തിലെ ജനസാന്ദ്രത, കാവുകളുടെ ദൈവീകതയില്‍ വിശ്വാസമില്ലാത്ത ഒരു തലമുറയുടെ വരവു്, തടിയുടെ ദൌര്‍ലഭ്യത തുടങ്ങി പല കാരണങ്ങളും ഇതിനുണ്ടാവാം. എന്നാല്‍ കാവുകള്‍ക്കു് നിയമപരമായ സംരക്ഷണമില്ല എന്നതു് ഒരു പ്രധാന കാരണമായി ചുണ്ടിക്കാണിക്കാവുന്നതാണു്.
എന്തുകൊണ്ടാണു് കാവുകള്‍ സംരക്ഷിക്കപ്പെടേണ്ടതു്? കാവുകളിലെ ബൃഹത്തായ ജൈവവൈവിദ്ധ്യം തന്നെയാണു് പ്രധാനകാരണം. കേരളത്തിലെ കാവുകളില്‍നിന്നു് അനേകം പുതിയ ചെടികളെയും മൃഗങ്ങളെയും കണ്ടെത്താനായിട്ടുണ്ടു്. കഴിഞ്ഞ നൂറോളം വര്‍ഷമായി തുടരുന്ന വനനശീകരണം നമ്മുടെ നിത്യഹരിതവനങ്ങളുടെ വിസ്തീര്‍ണ്ണം വളരെയധികം കുറയ്ക്കാന്‍ കാരണമായിട്ടുണ്ടു്. അവയുടെ അവശിഷ്ടമെന്ന നിലയ്ക്കു് നമ്മുടെ കാവുകള്‍ക്കു് വളരെയേറെ പ്രാധാന്യമുണ്ടു്. ഇന്ത്യയില്‍ത്തന്നെ ഏറ്റവും കൂടുതല്‍ ജൈവവൈവിധ്യമുള്ള പ്രദേശങ്ങളിലൊന്നാണല്ലോ പശ്ചിമഘട്ടങ്ങളിലെ വനങ്ങള്‍. അവയോളം തന്നെ പ്രധാനമാണു് കാവുകളും. നമ്മുടെ പറമ്പുകളില്‍നിന്നും മറ്റും അന്യംനിന്നു പോകുന്ന തെറ്റി, തുമ്പ, തുളസി, നീലനാരകം, ബലിപ്പൂവു്, നാഗമരം, അകില്‍, തമ്പകം, മരോട്ടി, ഇഞ്ച, തുടങ്ങിയ പല സസ്യങ്ങളും ഇപ്പോഴും കാവുകളില്‍ നിലനില്‍ക്കുന്നുണ്ടത്രെ. നിത്യഹരിത വനങ്ങളില്‍ മാത്രം കാണാറുള്ള പലതരം മരങ്ങള്‍ കാവുകളില്‍ കാണാനാകുമത്രെ. കാവുകള്‍ പല ദേശാടനപ്പക്ഷികളുടെയും സങ്കേതങ്ങളാണെന്നു് കരുതപ്പെടുന്നു. മാത്രമല്ല പുതിയയിനം ചെടികളും മനുഷ്യന്‍ കൃഷി ചെയ്യുന്ന ചിലയിനം ചെടികളുടെ വന്യരൂപങ്ങളും കാവുകളില്‍ കണ്ടെത്തിയിട്ടുണ്ടു്. നമ്മള്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത എന്തെല്ലാം വിഭവങ്ങള്‍ കാവുകളില്‍ ഇനിയുമുണ്ടാവാം! കാവുകളിലെ തടിയുടെ കമ്പോള വിലയേക്കാള്‍ എത്രയോ മൂല്യമേറിയതാവണം അതിലെ ജൈവവൈവിദ്ധ്യം. ഇക്കാരണങ്ങള്‍ കൊണ്ടു് വനങ്ങളും കാവുകളും സംരക്ഷിച്ചു് നിലനിര്‍ത്തേണ്ടതു് നമ്മുടെയും നമ്മുടെ സര്‍ക്കാരിന്റെയും കടമയാണു്. എറണാകുളം ജില്ലയിലെ ഏതാനും കാവുകള്‍ സംരക്ഷിക്കാന്‍ ഈയിടെ എടുത്ത തീരുമാനം സ്വാഗതാര്‍ഹമാണു്. ഈ പദ്ധതി മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും എന്നു് നമുക്കു് ആശിക്കാം.
പ്രകൃതിയെ ഹനിച്ചുകൊണ്ടു് മനുഷ്യസമൂഹത്തിനു് പുരോഗമിക്കാനാവില്ല എന്നു് നമ്മള്‍ മനസിലാക്കേണ്ട കാലം എന്നേ കഴിഞ്ഞിരിക്കുന്നു. എന്നാല്‍ നമുക്കു് ന്യായമായി അര്‍ഹമായതില്‍ എത്രയോ കൂടുതല്‍ പ്രകൃതി വിഭവങ്ങളാണു് നമ്മള്‍ ഉപയോഗിക്കുന്നതു്! അതേ സമയം, ഭൂമിയില്‍ ജീവനു് നിലനില്‍ക്കാന്‍ സഹായിക്കുന്ന വനങ്ങളും ജലാശയങ്ങളും മറ്റും ഇല്ലാതാക്കുന്നവയാണു് നമ്മുടെ പല പ്രവൃത്തികളും. എന്നുതന്നെയല്ല, നമ്മുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായമേകുന്ന വിലയേറിയ ഔഷധസസ്യങ്ങള്‍ക്കു് വളരാനാവശ്യമായ സൌകര്യങ്ങളും നമ്മള്‍ നിഷേധിക്കുകയാണു്. ഇതിന്റെ ഭവിഷ്യത്തുകള്‍ അനുഭവിക്കാന്‍ പോകുന്നതു് വരും തലമുറകളാണു്. അവരെ ഓര്‍ത്തെങ്കിലും "പുരോഗതി"ക്കു വേണ്ടിയുള്ള നമ്മുടെ ഈ പരക്കംപാച്ചിലിനു് അറുതിവരുത്തണം. ഇന്നത്തെ രാജാക്കന്മാര്‍ കൊട്ടാരങ്ങള്‍ പുതുക്കി പണിയേണ്ട എന്നുതന്നെ നമ്മള്‍ പറയേണ്ടിയിരിക്കുന്നു. നമ്മുടെ ജൈവസമ്പത്തിനെ സംരക്ഷിക്കാനായി നമുക്കു് വനങ്ങളെയും കാവുകളെയും ആലിംഗനം ചെയ്യാം. ഒരു രാജസേവകനും നമ്മുടെ തല വെട്ടില്ല.
(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)
1 comment:
നല്ല വിവരണം!! ഈ പൊക്ക് പൊയാല്‍ കാടും മരങ്ങളും നമ്മുടെ വരും തലമുറക്ക് പറഞ്ഞു കെട്ട കഥകളാവും
Post a Comment