മരുന്നുകളെ ചെറുത്തുനില്‍ക്കുന്ന രോഗാണുക്കളെപ്പറ്റി നമ്മുടെയിടയില്‍ വേണ്ടത്ര ധാരണയുണ്ടെന്നു തോന്നുന്നില്ല. ഒരു തരത്തില്‍പ്പെട്ട രോഗാണുക്കള്‍ക്കു് ഒരു മരുന്നിനെ ചെറുത്തുനില്ക്കാനുള്ള ശേഷി ഉണ്ടാകുമ്പോള്‍ ആ മരുന്നു് ആ പ്രത്യേകതരം രോഗാണുവിനെതിരെ ഫലപ്രദമല്ലാതാകുകയാണു്. പിന്നീടു് അതുണ്ടാക്കുന്ന രോഗം മറ്റൊരു മരുന്നുകൊണ്ടു് മാത്രമെ ചികിത്സിക്കാനാകൂ. ഇങ്ങനെ നമുക്കിന്നറിയാവുന്ന പല മരുന്നുകളും ഉപയോഗശൂന്യമായിട്ടുണ്ടു്. തുടര്‍ച്ചയായി പുതിയ മരുന്നുകള്‍ കണ്ടെത്തേണ്ട സാഹചര്യമാണു് ഇപ്പോഴുള്ളതു്. ഒരര്‍ത്ഥത്തില്‍ ഇതു് പരിണാമത്തിന്റെ ഉദാഹരണമാണു്. A എന്ന മരുന്നു കഴിക്കുന്ന രോഗിയുടെ ശരീരത്തിലുള്ള രോഗാണുക്കളില്‍ മിക്കതിനെയും മരുന്നു് നശിപ്പിച്ചിട്ടുണ്ടാകാം. രോഗം ഭേദമായിട്ടുമുണ്ടാവാം. എന്നാല്‍ ഏതാനും ചില രോഗാണുക്കള്‍, അവയുടെ ജെനറ്റിക് സവിശേഷത കാരണം, മരുന്നിനു് നശിപ്പിക്കാനാവാതെ അവശേഷിക്കാനൊരു ചെറിയ സാദ്ധ്യതയുണ്ടു്. അത്തരം രോഗാണുക്കള്‍ക്കു് വളരാനുള്ള സാഹചര്യം ലഭിച്ചാല്‍ അവയെ നശിപ്പിക്കാന്‍ A എന്ന മരുന്നിനു് ആവില്ല. അപ്പോള്‍ B എന്ന മറ്റൊരു മരുന്നു് വേണ്ടിവരുന്നു. പരിണാമം സംഭവിക്കുന്നതു് ഇതേ രീതിയിലാണു്. സാഹചര്യത്തില്‍ മാറ്റമുണ്ടാകുമ്പോള്‍ സമൂഹത്തിലെ ചില വ്യക്തികള്‍ക്കു് അവിടെ ജീവിക്കാനുള്ള ശേഷിയുണ്ടാകും, ചിലര്‍ക്കു് അതുണ്ടാവില്ല. ആദ്യത്തെ കൂട്ടരുടെ സന്തതി പരമ്പര തഴച്ചുവളരും, മറ്റുള്ളവരുടേതു് നശിക്കും. ഇങ്ങനെ പല മാറ്റങ്ങളുണ്ടാകുമ്പോള്‍ അതൊരു പുതിയ ജന്തുവര്‍ഗമായി പരിണമിക്കാം.
രോഗാണുക്കള്‍ക്കു് മരുന്നിനെ ചെറുത്തുനില്ക്കാനുള്ള ശേഷി ഉണ്ടാക്കുന്നതില്‍ മനുഷ്യര്‍തന്നെ ഒരു പങ്കു് വഹിച്ചിട്ടുണ്ടു്. ഏതെങ്കിലുമൊരു ആന്റിബയോട്ടിക് കഴിച്ചു തുടങ്ങിയാല്‍ രക്തത്തിലുള്ള അതിന്റെ അളവു് കുറച്ചു ദിവസത്തേക്കു് ഒരു നിശ്ചിത നിലയില്‍ കുറയാതിരിക്കേണ്ടതു് ആവശ്യമാണു്. എങ്കിലേ രോഗാണുക്കള്‍ പൂര്‍ണ്ണമായി നശിക്കുകയുള്ളൂ. ഡോക്ടര്‍ പറഞ്ഞ അത്രയും ദിവസം കൃത്യമായി മരുന്നു് കഴിച്ചില്ലെങ്കില്‍ രോഗാണുക്കള്‍ ശരീരത്തില്‍ അവശേഷിക്കാനുള്ള സാദ്ധ്യത ഏറെയാണു്. അങ്ങനെ അവശേഷിക്കുന്നവ ആ മരുന്നിനെ പ്രതിരോധിക്കാനുള്ള ശേഷി നേടിയിരിക്കാനും സാദ്ധ്യതയുണ്ടു്. അതുകൊണ്ടു് അഞ്ചു ദിവസം കഴിക്കണം എന്നു് ഡോക്ടര്‍ പറഞ്ഞാല്‍ രോഗം ഭേദമായതായി നമുക്കു് തോന്നിയാലും അത്രയും ദിവസംതന്നെ കഴിക്കേണ്ടതുണ്ടു്. ഇതു് പലപ്പോഴും പല രോഗികളും ചെയ്യാറില്ല. മരുന്നു് ഏശാത്ത രോഗാണുക്കള്‍ ഉണ്ടാകുന്ന ഒരു മാര്‍ഗം ഇതാണത്രെ.
പാശ്ചാത്യ രാജ്യങ്ങളില്‍ കന്നുകാലികള്‍ക്കു് രോഗചികിത്സയ്ക്കല്ലാതെ ആന്റിബയോട്ടിക്കുകള്‍ നല്കാറുണ്ടത്രെ. ആന്റിബയോട്ടിക്കുകള്‍ അടങ്ങിയ കാലിത്തീറ്റയിലൂടെയാണു് ഇങ്ങനെ ചെയ്യുന്നതു്. കന്നുകാലികളുടെ വളര്‍ച്ച മെച്ചപ്പെടുത്താനായിട്ടാണു് ഇതുപയോഗിക്കുന്നതത്രെ. ഇത്തരം ആന്റിബയോട്ടിക്കുകളെ ചെറുത്തുനില്‍ക്കാന്‍ ശേഷിയുള്ള രോഗാണുക്കളുണ്ടാകാന്‍ ഇതും കാരണമാകുന്നുണ്ടു്. ഈ പ്രശ്നമുള്ളതുകൊണ്ടു് രോഗശുശ്രൂഷയ്ക്കല്ലാതെ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതു് നിരോധിക്കുന്ന കാര്യം ചില രാജ്യങ്ങള്‍ പരിഗണിക്കുന്നുണ്ടു്. ചുരുക്കിപ്പറഞ്ഞാല്‍ ആന്റിബയോട്ടിക്കുകളുടെ അനിയന്ത്രിതമായ ഉപയോഗമാണു് ഒരു കണക്കിനു് മരുന്നുകളെ ചെറുക്കാന്‍ ശേഷിയുള്ള രോഗാണുക്കളെയും സൂപ്പര്‍ ബഗ്ഗുകളെയും മറ്റും സൃഷ്ടിച്ചതു്. ഇതിനു് ഡോക്ടര്‍മാരും രോഗികളും മരുന്നു കമ്പനികളും എല്ലാം ഉത്തരവാദികളാണു്.
ഈ സാഹചര്യത്തിലാണു് ഹാര്‍വഡ് ഹ്യൂസില്‍നിന്നുള്ള പുതിയ കണ്ടെത്തല്‍. അതെന്താണെന്നു് പരിശോധിക്കാം. ഓരോ ബാക്ടീരിയയും പ്രത്യേകമായിട്ടാണു് മരുന്നിനോടു് പ്രതികരിക്കുന്നതു് എന്നാണു് ഇതുവരെ ധരിച്ചിരുന്നതു്. അതായതു് മരുന്നിനെ ചെറുത്തുനില്ക്കാനുള്ള ശേഷി ഓരോ ബാക്ടീരിയയുമാണു് കൈവരിക്കുന്നതു് എന്നു്. പുതിയ കണ്ടുപിടിത്തം ആ ധാരണ മാറ്റി. മരുന്നിന്റെ സാന്നിദ്ധ്യത്തില്‍ അതിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ബാക്ടീരിയകള്‍ ചില പ്രത്യേകതരം പ്രൊട്ടീന്‍ തന്മാത്രകള്‍ ഉത്‌പാദിപ്പിക്കുകയും അവയെ പരിസരത്തിലേക്കു് വിസര്‍ജിക്കുകയും ചെയ്യുന്നു എന്നവര്‍ കണ്ടു. ഈ തന്മാത്രകള്‍ മറ്റു ബാക്ടീരിയകളെ മരുന്നില്‍നിന്നു് രക്ഷപ്പെടാന്‍ സഹായിക്കുന്നു എന്നവര്‍ പറയുന്നു. അങ്ങനെ മരുന്നിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ബാക്ടീരിയകള്‍ തങ്ങളുടെ സഹോദരങ്ങളെയും മരുന്നിന്റെ ആക്രമണത്തില്‍നിന്നു് രക്ഷിക്കുന്നുണ്ടത്രെ. ഇ കൊളൈ (escherichia coli) എന്ന ബാക്ടീരിയകളിലാണു് അവര്‍ പരീക്ഷണം നടത്തിയതു്.
ഈ അനുഭവത്തില്‍നിന്നു് എന്തെല്ലാം പാഠങ്ങളാണു് നമ്മള്‍ ഉള്‍ക്കൊള്ളേണ്ടതു്? ആദ്യമായിട്ടു് എന്തുകൊണ്ടാണു് ആധുനിക വൈദ്യശാസ്ത്രത്തിന്റെ മരുന്നുകള്‍ക്കു് ഇത്തരം പ്രശ്നങ്ങളുള്ളതു് എന്ന ചോദ്യമുയരുന്നു. അതിനുള്ള ഒരു ഉത്തരം അതിന്റെ കച്ചവടവല്‍ക്കരണമല്ലേ? മറ്റുല്പന്നങ്ങള്‍ വാങ്ങാന്‍ പരസ്യങ്ങള്‍ വഴി പ്രോത്സാഹിപ്പിക്കുന്നതിനോടു് താരതമ്യം ചെയ്യാവുന്ന തരത്തിലാണു് മരുന്നുകളും കച്ചവടം ചെയ്യുന്നതു്. ഒരു മരുന്നു് കൂടുതല്‍ കുറിച്ചു കൊടുക്കുന്നതിനു് ഡോക്ടറന്മാര്‍ക്കു് പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കുന്നു. അതുകൊണ്ടു് പല ഡോക്ടറന്മാരും ആവശ്യത്തിനും അനാവശ്യത്തിനും രോഗികളെക്കൊണ്ടു് മരുന്നുകള്‍ വാങ്ങിപ്പിക്കുന്നു. അറിവില്ലായ്മകൊണ്ടും ഡോക്ടറന്മാര്‍ ശരിയായ രീതിയില്‍ വിശദീകരിച്ചു കൊടുക്കാത്തതുകൊണ്ടും ഒക്കെ കുറേ രോഗികള്‍ ആന്റിബയോട്ടിക്കുകള്‍ വേണ്ടത്ര നേരം കഴിക്കുന്നില്ല.
ഇതു് ഒരുവശത്തു് സംഭവിക്കുമ്പോള്‍ മറ്റൊരുവശത്തു് ചിലര്‍ ആന്റിബയോട്ടിക്കുകള്‍ ചേര്‍ന്ന കാലിത്തീറ്റ പടച്ചുവിടുന്നു. അവ കന്നുകാലികള്‍ വേഗത്തില്‍ വളരാനായി പലരും ഉപയോഗിക്കുന്നു. ഇതെല്ലാം മരുന്നുകളെ പ്രതിരോധിക്കുന്ന രോഗാണുക്കളുണ്ടാകാനായി വഴിതെളിക്കുന്നു. ചികിത്സയും മരുന്നുല്പാദനവും കന്നുകാലിവളര്‍ത്തലും എല്ലാം പരമാവധി ലാഭം കൊയ്യാന്‍വേണ്ടി ചെയ്യുന്നതിന്റെ, രോഗിയെയും കന്നുകാലികളെയും അതിനുള്ള മാര്‍ഗം മാത്രമായി കാണുന്നതിന്റെ, ഫലമല്ലേയിതു്? പണത്തിനു് ജീവിതത്തില്‍ വളരെ പ്രമുഖമായ ഒരു സ്ഥാനം കൈവന്നതിന്റെ ഫലമായല്ലേ ഇതെല്ലാം ഉണ്ടായതു്?
ഭാരതീയ ചികിത്സാ സമ്പ്രദായത്തില്‍ ചില നിഷ്ഠകള്‍ ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ടു്. വൈദ്യശാസ്ത്രം പഠിക്കുന്നവര്‍ ഒരിക്കലും ആ അറിവു് സ്വന്തം ഗുണത്തിനായി ഉപയോഗിക്കരുതു് എന്നുള്ളതായിരുന്നു അവയില്‍ ഒന്നു് എന്നു് പറഞ്ഞു കേട്ടിട്ടുണ്ടു്. വൈദ്യശാസ്ത്രം ഒരു സേവനമായി കാണണം എന്നായിരുന്നു അതിന്റെ ഉദ്ദേശ്യം. ഇന്നും മിക്ക പാരമ്പര്യ വൈദ്യന്മാരും രോഗിയെ പരിശോധിക്കുന്നതിനോ ചികിത്സ തീരുമാനിക്കുന്നതിനോ പണം വാങ്ങാറില്ല. മരുന്നിന്റെ വില മാത്രമാണു് അവര്‍ ആവശ്യപ്പെടുന്നതു്. രോഗികളില്‍ ചിലര്‍ വൈദ്യനും പ്രതിഫലം നല്‍കാറുണ്ടു്. അതു് രോഗിയുടെ ഇഷ്ടം. പല ആദിവാസി സമൂഹങ്ങളിലും ഇത്തരം ചിട്ടകള്‍ ഇന്നും വളരെ കര്‍ശനമായി പാലിക്കുന്നുണ്ടു്. അതുകൊണ്ടുതന്നെ സ്വന്തം ഗുണത്തിനായി അറിവു് ഉപയോഗിക്കും എന്നു് സംശയിക്കുന്നവരെ അവര്‍ വൈദ്യശാസ്ത്രം പഠിപ്പിക്കാറില്ല. എന്നാല്‍ ഇക്കാലത്തു് പണമുണ്ടാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗങ്ങളില്‍ ഒന്നായിരിക്കുന്നു ആധുനിക വൈദ്യശാസ്ത്രം. അതുകൊണ്ടുതന്നെയല്ലേ മെഡിസിന്‍ പഠിക്കാനുള്ള പരക്കം പാച്ചില്‍?
ഭാരതീയ വൈദ്യശാസ്ത്രത്തിന്റെ കാര്യം പറയുമ്പോള്‍ മറ്റൊരു കാര്യം മനസില്‍ വരുന്നു. ആയിരക്കണക്കിനു് വര്‍ഷം മുമ്പു് ഉപയോഗിച്ചിരുന്ന ഔഷധങ്ങള്‍ തന്നെയാണു് ഇന്നും ആയുര്‍വേദത്തില്‍ കുറിച്ചു കൊടുക്കുന്നതു്. ഇക്കാലമത്രയും കഴിഞ്ഞിട്ടും ഈ മരുന്നുകളെ പ്രതിരോധിക്കുന്ന രോഗാണുക്കള്‍ ഉണ്ടാകാത്തതെന്തേ? പെനിസിലിന്‍ എന്ന `ദിവ്യൌഷധം' കണ്ടുപിടിച്ചിട്ടു് നൂറുവര്‍ഷം തികഞ്ഞിട്ടില്ല. എന്നിട്ടും അതു് ചില രോഗാണുക്കളുടെ കാര്യത്തിലെങ്കിലും പ്രയോജനമില്ലാതായിട്ടുണ്ടു്. അതിനുശേഷം കണ്ടുപിടിച്ച പല മരുന്നുകളെയും ചെറുക്കുന്ന രോഗാണുക്കള്‍ ഉണ്ടായിക്കഴിഞ്ഞു. പുതിയ മരുന്നുകള്‍ കണ്ടുപിടിക്കാന്‍ കഴിയുന്നതിനേക്കാള്‍ വേഗത്തില്‍ മരുന്നുകള്‍ ഫലപ്രദമല്ലാതായി തീരുന്നുണ്ടെന്നു് എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു. എന്താണിങ്ങനെ സംഭവിക്കുന്നതു്? ആയുര്‍വേദത്തിന്റെ (മറ്റു പല പാരമ്പര്യ ചികിത്സാ സമ്പ്രദായങ്ങളുടെയും) അടിസ്ഥാന തത്വങ്ങള്‍ ആധുനിക വൈദ്യശാസ്ത്രത്തിന്റേതിനേക്കാള്‍ മെച്ചപ്പെട്ടവയായതുകൊണ്ടാണോ? ഇതു് ശ്രദ്ധയോടെ, മുന്‍വിധികളില്ലാതെ, പഠിക്കേണ്ടിയിരിക്കുന്നു. മാറേണ്ടി വരുന്നതു് ആധുനിക വൈദ്യശാസ്ത്രം തന്നെയാവില്ല എന്നു് പറയാനാവുമോ?
(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)
No comments:
Post a Comment