Wednesday, November 10, 2010

വെച്ചൂര്‍ പശു തന്നെ നല്ലതു്

(തേജസ് പത്രത്തില്‍ ആഗസ്റ്റ് 2010ല്‍ പ്രസിദ്ധീകരിച്ച ലേഖനം)

നമ്മുടെ ഫോറിന്‍ ഭ്രമവും തങ്ങളുടെ അറിവുകളാണു് കേമം എന്നുള്ള ചില പാശ്ചാത്യരുടെ അഹങ്കാരവും ചേര്‍ന്നു് നമുക്കു് പാരമ്പര്യമായുണ്ടായിരുന്ന പലതും ഇല്ലാതാക്കി. അക്കൂട്ടത്തില്‍ നമ്മുടെ വേഷവിധാനങ്ങളും ഭക്ഷണക്രമങ്ങളും വൈദ്യശാസ്ത്രവും എല്ലാം പെടുന്നു. അങ്ങനെ നമുക്കു് എന്തെല്ലാം നഷ്ടപ്പെട്ടു എന്നു് തിരിച്ചറിയാന്‍ കാലങ്ങളെടുക്കാം. ഓരോന്നായി നമ്മള്‍ മനസിലാക്കിത്തുടങ്ങി എന്നതു് നല്ല കാര്യം തന്നെ. വെച്ചൂര്‍ പശുവിന്റെ പാലിനുള്ള ഗുണങ്ങള്‍ അത്തരത്തിലൊന്നാണു്. തൃശ്ശൂരുള്ള വളര്‍ത്തുമൃഗ-മൃഗശാസ്ത്ര വിദ്യാലയ (College of Veterinary and Animal Science) ത്തില്‍ തന്റെ ഡോക്ടറേറ്റ് ബിരുദത്തിനുവേണ്ടി നടത്തിയ പഠനത്തിലാണു് വെച്ചൂര്‍ പശുവിന്റെ പാലിലുള്ള ആരോഗ്യദായകമായ ഘടകത്തെക്കുറിച്ചു് ഡോക്ടര്‍ ഇ.എം. മുഹമ്മദ് കണ്ടെത്തിയിരിക്കുന്നതു്. പ്രോഫസ്സര്‍ സ്റ്റീഫന്‍ മാത്യുവിന്റെ മാര്‍ഗനിര്‍ദ്ദേശത്തിലാണു് അദ്ദേഹം പഠനം നടത്തിയതു്.

വെച്ചൂര്‍ പശുവിനെപ്പറ്റി അറിയാത്തവര്‍ ഇന്നു് കേരളത്തില്‍ വിരളമായിരിക്കും. കോട്ടയത്തടുത്തുള്ള വെച്ചൂര്‍ എന്ന സ്ഥലത്തിന്റെ പേരിലാണു് അറിയപ്പെടുന്നതെങ്കിലും കോട്ടയം, എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളില്‍ പലയിടങ്ങളിലും സാധാരണമായിരുന്ന പശുവാണിതു്. ലോകത്തിലെ ഏറ്റവും ചെറിയ പശു എന്ന ഖ്യാതി ലഭിച്ച വെച്ചൂര്‍ പശുവിനു് തീറ്റ കുറച്ചു മതി; എന്നാല്‍ തീറ്റയ്ക്കനുസൃതമായി നോക്കിയാല്‍ കൂടുതല്‍ പാല്‍ തരുകയും ചെയ്യും. കൂടാതെ രോഗപ്രതിരോധശേഷി കൂടുതലുള്ള ഇനവുമാണു്. 1960കളില്‍ പാലുല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനായി സങ്കരയിനം പശുക്കളെ വളര്‍ത്തുന്നതു് പ്രോത്സാഹിപ്പിക്കുകയും വിദേശീയ ഇനത്തില്‍പ്പെട്ട കാളകളുടെ ബീജം ഉപയോഗിച്ചു് കൃത്രിമ ബീജസങ്കലനം നടത്തി കൂടുതല്‍ പാല്‍ തരുന്ന ഇനങ്ങളെ സൃഷ്ടിക്കാനുള്ള ശ്രമം നടത്തുകയും ചെയ്തിരുന്നു. മാത്രമല്ല, പുനരുല്പാദനശേഷിയുള്ള നാടന്‍ കാളകളെ വളര്‍ത്തുന്നതുതന്നെ 1961ലെ കേരള ലൈവ്സ്റ്റോക്ക് ആക്‌ട് നിരോധിച്ചു. ഇതിന്റെ ഫലമായി നമ്മുടെ പല നാടന്‍ കന്നുകാലി ഇനങ്ങളും പ്രചാരത്തില്‍ ഇല്ലാതെയായി. ഏതാണ്ടു് രണ്ടു് ദശാബ്ദക്കാലം മുമ്പു് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥികളും മറ്റും നടത്തിയ തെരച്ചിലിന്റെ ഫലമായി കുറെ വെച്ചൂര്‍ പശുക്കളെ കണ്ടെത്താനായി. അങ്ങനെ തുടങ്ങിയ സംരക്ഷണ പരിപാടി കാരണമാണു് കുറേയെങ്കിലും വെച്ചൂര്‍ പശുക്കള്‍ ഇപ്പോഴും അവശേഷിക്കുന്നതു്. അവയില്‍ പകുതിയും വെറ്ററിനറി കോളജിന്റെ സംരക്ഷണത്തിലാണു്. വളര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ രജിസ്റ്റര്‍ ചെയ്തു് ആറുമാസം കാത്തിരുന്നാല്‍ മാത്രമെ ഒരു പശുക്കിടാവിനെ കിട്ടൂ.

മനുഷ്യരുടെ ഭക്ഷണക്രമത്തിലെ പ്രധാനപ്പെട്ട ഒരു ഘടകമാണു് പാല്‍. കുട്ടിക്കാലം മുതല്‍ക്കേ പാലായും തൈരാക്കി മാറ്റിയും മറ്റും നമ്മള്‍ പാല്‍ കഴിക്കുന്നുണ്ടല്ലോ. പ്രായപൂര്‍ത്തിയായ ശേഷവും പലപ്പോഴും പാലായിത്തന്നെയും കാപ്പി, ചായ, മറ്റു പാനീയങ്ങള്‍ എന്നിവയില്‍ ചേര്‍ത്തും നമ്മള്‍ പാല്‍ ഉപയോഗിക്കുന്നണ്ടു്. ഇന്നു് നമ്മളില്‍ പലരും, വിഷേഷിച്ചു് നഗരങ്ങളില്‍ താമസിക്കുന്നവര്‍, ഉപയോഗിക്കുന്നതു് പല പ്രക്രിയകളിലൂടെ കടന്നുവന്ന പാലാണു്. പലപ്പോഴും വാങ്ങാന്‍ ലഭിക്കുന്നതു് തന്നെ പാല്‍പ്പൊടി കലക്കിയുണ്ടാക്കിയ പാലാണു്. പോളിത്തീന്‍ കവറുകളില്‍ പല പേരുകളില്‍ ലഭിക്കുന്ന പാലില്‍ മറ്റെന്തെല്ലാം കലരുന്നുണ്ടു് എന്നു് നമുക്കറിയില്ല. പശുവില്‍നിന്നോ ആടില്‍നിന്നോ ലഭിക്കുന്ന പാലുമായി താരതമ്യം ചെയ്യുമ്പോള്‍ നമുക്കു് ലഭിക്കുന്ന പാലിനു് എന്തെല്ലാം ഗുണങ്ങളോ ദോഷങ്ങളോ ഉണ്ടെന്നു് നമുക്കറിയില്ല. എങ്കിലും ശുദ്ധമായ പശുവിന്‍പാലില്‍ ധാരാളം പ്രൊട്ടീന്‍ ഉണ്ടെന്നു് നമുക്കറിയാം. ഇതില്‍ ഏതാണ്ടു് 80 ശതമാനവും കസീന്‍ (Casein) എന്ന പ്രൊട്ടീനാണത്രെ. കസീന്‍ നാലു തരത്തിലുണ്ടു്. അവയില്‍ ഏറ്റവും പ്രമുഖമായിട്ടുള്ളതു് ബീറ്റ കസീനാണു്. ആകെയുള്ള കസീനിന്റെ 30-35 ശതമാനത്തോളം ഇതാണു്. ഇതുതന്നെ പല തരത്തിലുണ്ടു്. എങ്കിലും A1, A2, എന്ന ഇനങ്ങളാണു് ഏറ്റവും കൂടുതല്‍ കാണപ്പെടുന്നതു്.

പല വര്‍ഗ്ഗത്തിലുള്ള പശുക്കളില്‍ നിന്നു് ലഭിക്കുന്ന പാലിന്റെ ഗുണത്തില്‍ വ്യത്യാസമുണ്ടത്രെ. ചിലയിനം പശുക്കളുടെ പാലില്‍ A1 ബീറ്റ കസീനാണു് കൂടുതലുള്ളതെങ്കില്‍ മറ്റു ചിലയിനം പശുക്കളുടെ പാലില്‍ A2 ബീറ്റ കസീനാണു് കൂടുതലുള്ളതു്. ഉദാഹരണമായി ഫ്രീസിയന്‍ (Friesian) ഇനത്തിലുള്ള പശുക്കള്‍ A1 ബീറ്റ കസീനാണു് കൂടുതല്‍ ഉല്പാദിപ്പിക്കുന്നതു്. എന്നാല്‍ മറ്റു ചിലയിനം പശുക്കളും ആടുകളും കൂടുതല്‍ ഉല്പാദിപ്പിക്കുന്നതു് A2 ബീറ്റ കസീനാണു്. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുള്ള ആസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ സംഘടന 2007ല്‍ വെളിപ്പെടുത്തിയതാണു് ഈ വിവരം.

മേല്പറഞ്ഞ രണ്ടിനം ബീറ്റ കസീനുകളില്‍ A1 എന്നയിനം ചില രോഗങ്ങള്‍ക്കു് കാരണമാകാന്‍ സാദ്ധ്യതയുണ്ടു് എന്നു് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഒരു തരത്തിലുള്ള ഡയബറ്റിസ് (Type 1 Diabetes Mellitus), ഇസ്ക്കീമിക് ഹാര്‍ട്ട് ഡിസീസ് (Ischaemic heart disease, IHD) എന്നറിയപ്പെടുന്ന ഹൃദ്‌രോഗം, സ്ക്കിസോഫ്രീനിയ, ഓട്ടിസം തുടങ്ങിയ ചില മാനസിക പ്രശ്നങ്ങള്‍ എന്നിവയാണു് A1 ബീറ്റ കസീന്‍ മൂലമുണ്ടാകുന്നു എന്നു് സംശയിക്കപ്പെടുന്നതു്. ദഹനപ്രക്രിയയുടെ ഫലമായി ബീറ്റ കസീനില്‍നിന്നു് ഉണ്ടാകുന്ന ചില വസ്തുക്കളാണു് ഈ രോഗങ്ങള്‍ക്കു് കാരണമാകുന്നതു് എന്നാണു് കരുതുന്നതു്.

മെല്‍ബണിലെ ഡീകിന്‍ സര്‍വ്വകലാശാലയിലെ ആരോഗ്യശാസ്ത്ര വിഭാഗത്തിലെ പ്രൊഫസര്‍ ബോയ്ഡ് സ്വിന്‍ബേണ്‍ ന്യൂസിലന്‍ഡിലെ ഭക്ഷ്യസുരക്ഷാ ഏജന്‍സിയ്ക്കുവേണ്ടി ആറു വര്‍ഷം മുമ്പു് ഒരു പഠനം നടത്തിയിരുന്നു. ഡയബറ്റിസ് ഉണ്ടാവാനുള്ള ഒരു കാരണം A1 കസീന്‍ ആവാം എന്നതിനു് തള്ളിക്കളയാനാവാത്ത തെളിവുകള്‍ ഉണ്ടെന്നു് പഠനറിപ്പോര്‍ട്ടില്‍ അദ്ദേഹം പറയുന്നു. ശാസ്ത്രലോകം പൊതുവായി അംഗീകരിക്കുന്ന വസ്തുതകളെ അടിസ്ഥാനമാക്കിയാണു് അദ്ദേഹം ഈ നിഗമനത്തില്‍ എത്തിയതു്. എന്നാല്‍ ഹൃദ്രോഗത്തിന്റെ കാര്യത്തില്‍ തെളിവുകള്‍ അത്രതന്നെ വ്യക്തമല്ല എന്നാണു് അദ്ദേഹത്തിന്റെ മതം. മറ്റു രോഗങ്ങളുടെ കാര്യത്തില്‍ ലഭ്യമായ തെളിവുകള്‍ വളരെ അപര്യാപ്തമാണു് എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. എന്നാല്‍ ന്യൂസിലന്‍ഡ് സര്‍ക്കാരിന്റെ ഒരു വെബ്‌സൈറ്റില്‍ പറയുന്നതു് ഡയബറ്റിസിനും ഹൃദ്രോഗത്തിനും A1 ബീറ്റ കസീനുമായുള്ള ബന്ധത്തിനാണു് ഏറ്റവും ശക്തമായ തെളിവുകളുള്ളതു് എന്നാണു്. വിവിധ രാജ്യങ്ങളില്‍ ഇത്തരം കസീനുള്ള പാലിന്റെ ഉപയോഗവും ഹൃദ്രോഗമുള്ളവരുടെ എണ്ണവും തമ്മലുള്ള ബന്ധമാണു് ഇതിനു് ആധാരമായി ഉപയോഗിച്ചിരിക്കുന്നതു് എന്നും ഇതില്‍നിന്നു് ബീറ്റ കസീനാണു് രോഗത്തിനു് കാരണമാകുന്നതു് എന്നു് അനുമാനിക്കുന്നതു് ശരിയാവണമെന്നില്ല എന്നും അവര്‍ സൂചിപ്പിക്കുന്നുണ്ടു്.

എന്തായാലും A2 ബീറ്റ കസീന്‍ ധാരാളമുള്ള പാലാണു് വെച്ചൂര്‍ പശു തരുന്നതു് എന്നുള്ള കണ്ടുപിടിത്തം --- അതു് ശരിയാണെങ്കില്‍ --- അതു് നമ്മളെ ഒരു പാഠം പഠിപ്പിക്കേണ്ടതാണു്. ആരോ എന്തോ പറഞ്ഞതുകേട്ടു് എന്തെങ്കിലും ചെയ്യാന്‍ കച്ചകെട്ടി ഇറങ്ങരുതു് എന്നുള്ള പഴയ പാഠമാണതു്. ഇതു് നമ്മള്‍ പണ്ടേ പഠിക്കേണ്ട പാഠമായിരുന്നു. ഇത്തരം അബദ്ധങ്ങള്‍ എത്രയോ നമ്മള്‍ കാട്ടിക്കൂട്ടിയിരിക്കുന്നു. ഉദാഹരണമായി, പാലുല്പാദനം വര്‍ദ്ധിപ്പിക്കാനെന്ന പേരില്‍ത്തന്നെ സര്‍ക്കാരുകള്‍ കാണിച്ചിട്ടുള്ളതിനെപ്പറ്റി പ്രമുഖ പത്രപ്രവര്‍ത്തകനായ സായ്‌നാഥ് തന്റെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നതു് നോക്കൂ: ``സമന്വിത എന്ന പദ്ധതി 1978ല്‍ തുടങ്ങിയതാണു്. 80കളുടെ തുടക്കത്തോടെ അതു് പൂര്‍ണ്ണവേഗതയിലായി. ...... ഒരു പുതിയ, ഉയര്‍ന്ന കന്നുകാലി വര്‍ഗ്ഗത്തെ സൃഷ്ടിക്കുക എന്നതായിരുന്നു ഉദ്ദേശ്യം എന്നതുകൊണ്ടു് (മറ്റു കന്നുകാലി വര്‍ഗ്ഗങ്ങളുടെ) അശുദ്ധി തീരെ സ്വീകാര്യമല്ലായിരുന്നു ...... (പശുക്കള്‍ നാടന്‍ കാളകളുമായി ഇണചേരാതിരിക്കാനായി) നാടന്‍ കാളകളുടെ വന്ധീകരണ പരിപാടി ഗംഭീരമായിത്തന്നെ നടത്തി ...... കോംന, ഖരിയര്‍, ഖരിയര്‍ റോഡ് എന്നീ പ്രദേശങ്ങളിലെ എല്ലാ കാളകളെയും വന്ധീകരിച്ചു ...... എന്നിട്ടവര്‍ ജേഴ്സി കാളകളുടെ ബീജമുപയോഗിച്ചു് കൃത്രിമ ബീജസങ്കലനം നടത്തി. രണ്ടു വര്‍ഷവും രണ്ടുകോടി രൂപയും കഴിഞ്ഞപ്പോള്‍ ...... വെറും എട്ടു് സങ്കരവര്‍ഗ്ഗ പശുക്കിടാവുകളാണു് ആ പ്രദേശത്തു് മുഴുവനുംകൂടി പിറന്നതു്. ഒരൊറ്റ ലിറ്റര്‍ പാലു പോലും അധികമായി ഉല്‍പ്പാദിച്ചില്ല. ...... ഒരുകാലത്തു് പാലുല്പാദിപ്പിച്ചു് വിറ്റിരുന്നവര്‍ ഇന്നു് പാല്‍ വാങ്ങുന്നവരായി.''(P. Sainath, Everybody loves a good drought, Penguin, 1996)

മേല്പറഞ്ഞതു് ഒറീസയിലെ ഒരു ഗ്രാമത്തില്‍ നടന്ന കാര്യമാണു്. ഈ `വികസന' പ്രവര്‍ത്തനങ്ങളുടെ ഫലമായി അവിടത്തെ തനതായ ഖരിയര്‍ കാള ആ പ്രദേശത്തു് ഇല്ലാതായി. പിന്നീടു് മറ്റെവിടെയോനിന്നു് ചിലര്‍ കണ്ടെത്തി കൊണ്ടുവന്ന ഒന്നുരണ്ടു് കാളകള്‍ നിമിത്തമാണു് ഇപ്പോഴും ഖരിയര്‍ ഇനത്തില്‍പ്പെട്ട കന്നുകാലികള്‍ അവിടെ നിലനില്‍ക്കുന്നതു്. ഇതിനും രണ്ടു് ദശാബ്ദക്കാലം മുമ്പു് കേരളത്തില്‍ പാലുല്പാദനം വര്‍ദ്ധിപ്പിക്കാനെന്ന പേരില്‍ തന്നെയാണു് വെച്ചൂര്‍ പശുക്കളെ ഇല്ലാതാക്കിയതു്. ഇതില്‍നിന്നൊന്നും ഒരു പാഠവും നമ്മള്‍ പഠിക്കാന്‍ തയാറായില്ല. ഒറീസയില്‍ ഈ നാടകം അരങ്ങേറിയ ശേഷവും മറ്റിടങ്ങളില്‍ പശുക്കളുടെ ഇനം `മെച്ചപ്പെടുത്താനുള്ള' നടപടികള്‍ തുടരുന്നുണ്ടായിരുന്നു. നമ്മുടേതായ കന്നുകാലികളുടെയോ വിത്തിനങ്ങളുടെയോ ഗുണങ്ങള്‍ മനസിലാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനു മുമ്പുതന്നെ വിദേശ ബീജവുമായി സങ്കലനം ചെയ്തു് അവ മെച്ചപ്പെടുത്താനാണു് നമ്മള്‍ ശ്രമിച്ചതു്. ഇങ്ങനെ നമ്മുടെ എത്ര നെല്ലിനങ്ങള്‍ ഇല്ലാതായിരിക്കും എന്നറിയില്ല. വികസനത്തിന്റെ പേരില്‍ ഇനി ഇവിടത്തെ മനുഷ്യരുടെ ഇനം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ എന്നാണോ തുടങ്ങുക!

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)

No comments: