Friday, April 30, 2010

ഓട്ടിസം

"ഈ കുട്ടി എന്താ ഇങ്ങനെ? വേറെ പിള്ളേരുടെ കൂടെ പോയി കളിക്കുകയുമില്ല, എപ്പഴും അവന്റെ കളിപ്പാട്ടങ്ങളിങ്ങനെ ഒന്നിന്റെ മുകളില്‍ ഒന്നായിട്ടു് അടുക്കി വച്ചോണ്ടിരിക്കും." നിങ്ങളുടെ കുട്ടി ഇങ്ങനെയാണോ? കുട്ടിയെ കുറ്റം പറയണ്ട. ഒരുപക്ഷെ ഓട്ടിസം \eng(autism) \mal എന്ന പേരില്‍ അറിയപ്പെടുന്ന ഒരു പ്രത്യേക സ്ഥിതിവിശേഷമായിക്കൂടെന്നില്ല ഇത്തരം പെരുമാറ്റത്തിനു് കാരണം. വിരളമായി ജന്മനാലുണ്ടാകുന്ന ഒരു അവസ്ഥയാണു് ഓട്ടിസം. വളരെ ചെറിയ പ്രായത്തില്‍ തന്നെ (ഏതാണ്ടു് മൂന്നു് വയസ്സിനു താഴെ) തിരിച്ചറിഞ്ഞാല്‍ ചികിത്സിച്ചു് ഭേദപ്പെടുത്താവുന്ന അവസ്ഥയാണിതു് എന്നു് വിദഗ്ദ്ധര്‍ പറയുന്നു. എന്നാല്‍ കുട്ടിയ്ക്കു് ഇത്തരം പ്രശ്നങ്ങളുണ്ടാവാമെന്നും അതു് നേരത്തെ തന്നെ കണ്ടെത്താന്‍ ശ്രമം വേണമെന്നും മാതാപിതാക്കള്‍ അറിഞ്ഞിരിക്കുകയും കുട്ടിയെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ വിദഗ്ദ്ധരെ കാണിക്കുകയും വേണം. വിശേഷിച്ചു്, ഓട്ടിസമുള്ള കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നു എന്നു് വിവരങ്ങള്‍ കാണിക്കുന്ന ഈ കാലത്തു് കുട്ടികളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതു് അത്യാവശ്യമാണു്.

വ്യാപകമായ വളര്‍ച്ചാക്രമക്കേടുകള്‍ (pervasive development disorders) എന്നു് അറിയപ്പെടുന്ന അഞ്ചു് പ്രധാന അവസ്ഥളില്‍ ഒന്നാണു് ഓട്ടിസം. വളര്‍ച്ചയിലുണ്ടാകുന്ന അപാകതകളില്‍ ഇന്നു് ഏറ്റവും വ്യാപകമായിട്ടുള്ള ഒന്നാണു് ഓട്ടിസം എന്നു് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ഓട്ടിസത്തിന്റെ പ്രചാരം വര്‍ദ്ധിച്ചു വരുന്നുമുണ്ടത്രെ. 1995ല്‍ 1250 കുട്ടികളില്‍ ഒരാള്‍ക്കു് ഓട്ടിസം ഉണ്ടായിരുന്നപ്പോള്‍ ഇന്നതു് 150ല്‍ ഒരു കുട്ടിക്കു് ഉള്ളതായാണു് കണക്കുകള്‍ കാണിക്കുന്നതു്. പ്രതിവര്‍ഷം 10-17 ശതമാനം നിരക്കിലാണത്രെ ഓട്ടിസമുള്ള കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതു്. മാതാപിതാക്കള്‍ക്കു് ഇത്തരം പ്രശ്നങ്ങളെക്കുറിച്ചുള്ള അറിവു് കൂടി വരുന്നതിനാല്‍ കൂടുതല്‍ കുട്ടികള്‍ ഓട്ടിസമുള്ളവരായി തിരിച്ചറിയുന്നതുകൊണ്ടാണോ ഇങ്ങനെ സംഭവിക്കുന്നതു് എന്ന സംശയം നിലനില്‍ക്കുന്നുണ്ടു്. എങ്കിലും നമ്മില്‍ പലര്‍ക്കും ഇത്തരം പ്രശ്നങ്ങളെക്കുറിച്ചു് അറിവില്ല എന്നതു് വാസ്തവമാണു് എന്നു തോന്നുന്നു.

ഓട്ടിസമുള്ളവര്‍ പല തരത്തിലാകാം. സമര്‍ത്ഥനും വാചാലനും ആയ ഒരു കുട്ടിക്കും അതേപോലെ ബുദ്ധികുറഞ്ഞ തീരെ സംസാരിക്കാത്ത ഒരു കുട്ടിക്കും ഓട്ടിസമുണ്ടാകാം. ഇത്രയും വ്യത്യസ്തമായ ലക്ഷണങ്ങള്‍ ഉണ്ടാകാവുന്നതുകൊണ്ടു് ഓട്ടിസം സ്പെക്‌ട്രം ഡിസോര്‍ഡര്‍ (Autism Spectrum Disorder, ASD) എന്നാണു് ഇതു് അറിയപ്പെടുന്നതു്. ഇത്തരം മനുഷ്യരില്‍ പൊതുവായി കണ്ടുവരുന്ന ഏറ്റവും സാധാരണ ലക്ഷണം മറ്റുള്ളവരുമായി ഇടപെടാനും നേരെ കണ്ണിലോ മുഖത്തോ നോക്കി സംസാരിക്കാനുമുള്ള പ്രയാസമാണു് എന്നു പറയാം. ഓട്ടിസമുള്ള ഓരോ വ്യക്തിയും വ്യത്യസ്തനാണു് എന്നതു് ഓര്‍ത്തിരിക്കേണ്ട കാര്യമാണു്. അത്തരം ഒരു വ്യക്തിയെ അറിയാമെങ്കിലും അതുകൊണ്ടു് ഓട്ടിസമുള്ള മറ്റൊരു വ്യക്തിയെ കണ്ടാല്‍ തിരിച്ചറിയണമെന്നില്ല.

ഓട്ടിസമുള്ള കുട്ടികളെ എങ്ങനെ തിരിച്ചറിയാനാവും? വളരെ ചെറു പ്രായത്തില്‍ വിദഗ്ദ്ധര്‍ക്കേ തിരിച്ചറിയാനാവൂ. ചില വിദഗ്ദ്ധര്‍ക്കു് ഒരു വയസ്സുപോലും ആകാത്ത കുട്ടികളില്‍ ഓട്ടിസമുണ്ടോ എന്നു് തിരിച്ചറിയാനായേക്കും. മറ്റുള്ളവരുമായി ഇടപെടുന്നതിലും സംസാരിക്കുന്നതിലും ആണു് പ്രധാനമായി വ്യത്യാസം കാണുന്നതു്. മനുഷ്യരേക്കാളേറെ വസ്തുക്കളോടാണു് ഇത്തരം കുട്ടികള്‍ താല്പര്യം കാണിക്കുക. അവരെ എടുക്കുന്നതോ കൊഞ്ചിക്കുന്നതോ ഈ കുട്ടികള്‍ക്കു് പൊതുവെ ഇഷ്ടമല്ല. അവര്‍ക്കിഷ്ടം ഒറ്റയ്ക്കിരിക്കാനാണു്. ചില കുട്ടികള്‍ വല്ലാതെ കരയുന്നതായി കാണാറുണ്ടത്രെ. എന്നാല്‍ ചില കുട്ടികള്‍ തീരെ കരയാറില്ല. പാലു് വലിച്ചു് കുടിക്കാനാവാഴിക, അല്ലെങ്കില്‍ പാലു കുടിക്കാന്‍ വിസമ്മതിക്കുക തുടങ്ങിയ പ്രശ്നങ്ങളും കാണാറുണ്ടത്രെ. ഒരേ രീതിയിലുള്ള ചലനങ്ങള്‍ തുടര്‍ച്ചയായി ചെയ്തുകൊണ്ടിരിക്കുന്നതും ഓട്ടിസത്തെ സൂചിപ്പിക്കാം. ഉദാഹരണമായി, ഒരേ രീതിയില്‍ കൈ ഇളക്കിക്കൊണ്ടിരിക്കുക, വിരല്‍ ഞൊടിച്ചുകൊണ്ടിരിക്കുക തുടങ്ങിയവ തുടര്‍ച്ചയായി കുറേ നേരം ചെയ്യുന്നതു്. ചില കുട്ടികള്‍ പതിവായി രാത്രി വളരെ ഇരുട്ടുന്നതുവരെ ഉറങ്ങാതിരിക്കാം.

ഒന്നര രണ്ടു വയസ്സായ ശേഷവും ഇത്തരം ലക്ഷണങ്ങള്‍ കാണാം. ചില കുട്ടികളില്‍ മേല്പറഞ്ഞ ലക്ഷണങ്ങള്‍ മാറുകയുമാവാം. ചില കുട്ടികള്‍ പേരു വിളിച്ചാല്‍ വിളികേള്‍ക്കാതിരിക്കാമത്രെ. കളിപ്പാട്ടങ്ങള്‍ ഒന്നിനുമുകളില്‍ ഒന്നായി അടുക്കി വയ്ക്കുന്നതു് ഓട്ടിസമുള്ള ചില കുട്ടികള്‍ നിരന്തരമായി ചെയ്യുന്ന കാര്യമാണു്. അതുപോലെ ചില കാര്യങ്ങള്‍ താന്‍ ഒരു നിശ്ചിത സമയത്തു് ചെയ്യേണ്ടതാണു് എന്ന തോന്നല്‍ ഓട്ടിസമുള്ള ഒരു കുട്ടിക്കു് ഉണ്ടായാല്‍ പിന്നെ എല്ലാ ദിവസവും ആ പ്രവൃത്തി അതേ സമയത്തു് ചെയ്തില്ലെങ്കില്‍ അയാള്‍ അസ്വസ്ഥനാകുന്നു. ഉദാഹരണമായി, എല്ലാ ദിവസവും കാലത്തു് എട്ടു മണിക്കു് സ്ക്കൂളില്‍ പോകാനായി പുസ്തകമെല്ലാം അടുക്കി വയ്ക്കണമെന്നുണ്ടെങ്കില്‍ അവധി ദിവസങ്ങളില്‍ പോലും അതു് ചെയ്തില്ലെങ്കില്‍ കുട്ടി അസ്വസ്ഥനാകും. ഇതു് ഓട്ടിസത്തിന്റെ ഒരു ലക്ഷണമാകാം. വളരെ വൈകി സംസാരിക്കാന്‍ തുടങ്ങുന്നതും ചിലപ്പോള്‍ ഓട്ടിസത്തിന്റെ ലക്ഷണമാകാം.

ചിലപ്പോള്‍ അസാധാരണമായ കഴിവുകളും ഓട്ടിസമുള്ള കുട്ടികളില്‍ കാണാനാവും. സംഗീതവുമായി ബന്ധപ്പെട്ടാണു് ഇത്തരം കഴിവുകള്‍ പലപ്പോഴും കാണുന്നതു്. ഉദാഹരണമായി, വിവിധ രാഗങ്ങള്‍ ഓര്‍മ്മിച്ചിരിക്കുകയും ഒരു ഗാനത്തിന്റെ ഒരു ഭാഗം കേട്ടാല്‍ രാഗം തിരിച്ചറിയാന്‍ കഴിയുകയും ചെയ്യുക എന്നതു് ഓട്ടിസമുള്ള ചില കുട്ടികളില്‍ കാണാനാവുന്ന സവിശേഷ സിദ്ധിയാണു്.

എന്തുകൊണ്ടാണു് ഓട്ടിസം ഉണ്ടാകുന്നതു്? നമുക്കിപ്പൊഴും വ്യക്തമായി അറിയില്ല എന്നതാണു് സത്യം. തലച്ചോറിന്റെ വളര്‍ച്ച തൃപ്തികരമല്ലാത്ത രീതിയിലാവുന്നതാണു് ഓട്ടിസത്തിനു് കാരണം എന്നു് വിശ്വസിക്കപ്പെടുന്നു. എന്നാല്‍ എന്തുകൊണ്ടാണു് ഇതു് സംഭവിക്കുന്നതു് എന്നു് മനസിലായിട്ടില്ല. പാരമ്പര്യമായി ലഭിച്ച സവിശേഷതകളും, പരിസ്ഥിതിയും, ഗര്‍ഭാവസ്ഥയിലുണ്ടായ പ്രശ്നങ്ങളും, ഈയം, രസം (മെര്‍ക്കുറി), കാഡ്മിയം, കീടനാശിനികള്‍ തുടങ്ങിയ ചില രാസവസ്തുക്കളും എല്ലാം ഓട്ടിസത്തിനു് കാരണമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടു്. അടുത്ത കാലത്തു് അമേരിക്കയിലെ കോര്‍ണല്‍ സര്‍വ്വകലാശാലയില്‍ നടത്തിയ ഒരു പഠനത്തില്‍ മൂന്നു വയസിനു് മുമ്പു് ടെലിവിഷന്‍ കാണുന്നതു് ഓട്ടിസത്തിനു് കാരണമാകാം എന്ന സൂചനയുണ്ടത്രെ! എന്തായാലും ഓട്ടിസത്തിനു് കാരണമാകുന്നതു് എന്താണു് എന്നു് നമുക്കു് മനസിലായിട്ടില്ല എന്നതാണു് സത്യം.

ഒരു കുട്ടിക്കു് ഓട്ടിസമുണ്ടോ എന്നു കണ്ടുപിടിക്കുന്നതു് സാധാരണഗതിയില്‍ മാതാപിതാക്കളോടു് സംസാരിക്കുകയും കുട്ടിയുടെ പെരുമാറ്റം കുറച്ചു് നേരം നിരീക്ഷിക്കുകയും ചെയ്തിട്ടാണു്. ഇതു് തിരിച്ചറിയണമെങ്കില്‍ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ കുഞ്ഞിനെ ഡോക്ടറുടെ അടുത്തു് കൊണ്ടുപോകേണ്ടതുണ്ടു്. നമ്മള്‍ സാധാരണനിലയില്‍ രോഗമുണ്ടെങ്കിലല്ലേ ഡോക്ടറുടെയടുത്തു് പോകാറുള്ളൂ. ഓട്ടിസത്തിന്റെ സാന്നിദ്ധ്യം തിരിച്ചറിയണമെങ്കില്‍ കുഞ്ഞു് വളരുന്ന സമയത്തു് ഇടയ്ക്കിടയ്ക്കു് ഡോക്ടറുടെയടുത്തു് പരിശോധനയ്ക്കു് കൊണ്ടുപോയേ പറ്റൂ എന്നാണു് വിദഗ്ദ്ധര്‍ പറയുന്നതു്. മൂന്നു് വയസ്സു് പ്രായമാകുന്നതിനു് മുമ്പു് ഓട്ടിസമുള്ളതായി തിരിച്ചറിഞ്ഞാല്‍ ഫലപ്രദമായ ചികിത്സ ഉണ്ടെന്നു് എറണാകുളത്തം സണ്‍റൈസ് ആശുപത്രിയിലെ ഡോക്ടര്‍ നീന ശിലന്‍ പറയുന്നു. കേരളത്തില്‍ അവിടെ മാത്രമെ ഈ ചികിത്സ ഉള്ളതായി അറിയൂ.

ഇക്കാലത്തു് കുട്ടികളുടെ നേട്ടങ്ങളില്‍ വളരെ ശ്രദ്ധാലുക്കളാണു് മാതാപിതാക്കള്‍. അവര്‍ നന്നായി പഠിക്കണമെന്നും ക്ലാസിലോ സ്ക്കൂളിലോ സംസ്ഥാനത്തുതന്നെയോ പ്രഗത്ഭവിജയം നേടണമെന്നും പലരും ആഗ്രഹിക്കാറുണ്ടു്. ഇതു് പലപ്പോഴും കുട്ടികള്‍ക്കുതന്നെ പ്രശ്നമാകാറുമുണ്ടു്. ഇക്കാരണത്താലാണു് പരീക്ഷകള്‍ക്കു് മാര്‍ക്കിനു പകരം ഗ്രേഡാകാമെന്നു് വിദ്യാഭ്യാസവകുപ്പു് തീരുമാനിച്ചതും. എന്നിട്ടും മാതാപിതാക്കള്‍ കൂടുതല്‍ നന്നായി പരീക്ഷയെഴുതാനായി കുട്ടികളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതു് പതിവാണു്. ഇതു് കുട്ടികളില്‍ മാനസിക പിരിമുറുക്കം സൃഷ്ടിക്കുന്നു എന്നു തന്നെയല്ല, പഠിക്കുന്നതിന്റെ ലക്ഷ്യം പരീക്ഷയില്‍ വലിയ വിജയം നേടുകയാണു് എന്ന തെറ്റായ ധാരണ കുട്ടികളില്‍ ഉളവാക്കുകയും ചെയ്യുന്നു. കൂടാതെ, എല്ലാ കുട്ടികളും ഒരുപോലെ അല്ലെന്നും ഓരോ കുട്ടിക്കും ഓരോ രംഗത്താണു് കഴിവെന്നും നമ്മള്‍ മറന്നു പോകുന്നു. ഇക്കൂട്ടത്തില്‍ ഓട്ടിസം, ഡിസ്‌ലെക്സിയ തുടങ്ങി വളര്‍ച്ചയുമായി ബന്ധപ്പെട്ട മാനസിക പ്രശ്നങ്ങളുള്ള കുട്ടികള്‍ അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കാനാവാത്ത മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും സമ്മര്‍ദ്ദവും ശകാരങ്ങളും ഏറ്റുവാങ്ങി നിശബ്ദരായി സഹിക്കുകയല്ലാതെ എന്തു ചെയ്യും? നമുക്കു് നമ്മുടെ കുട്ടികളെ മനസിലാക്കാന്‍ കുറേക്കൂടി ശ്രമിച്ചുകൂടെ?

( ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)

No comments: