(തേജസ് ദിനപ്പത്രത്തിന്റെ 21.5.2009ലെ പതിപ്പിന്റെ നാലാം പേജില്‍ "കെട്ടിടനിര്‍മ്മാണവും ഊര്‍ജപ്രതിസന്ധിയും" എന്ന തലക്കെട്ടില്‍ വന്ന ലേഖനത്തിന്റെ മൂലരൂപം)
വീടുകളായും കടകളായും മറ്റും കെട്ടിടങ്ങള്‍ ധാരാളം ഉയര്‍ന്നുവരുന്ന കാലമാണല്ലോ ഇതു്. അതിനായി വളരെയധികംപ്രകൃതിവിഭവങ്ങള്‍ മനുഷ്യന്‍ ഉപയോഗിക്കുന്നുണ്ടു്. ഇതില്‍ ഒരു ഭാഗം പദാര്‍ത്ഥങ്ങളും (മണ്ണു്, കല്ലു്, തടി, തുടങ്ങി) മറ്റൊരു ഭാഗം ഊര്‍ജ്ജവുമാണെന്നു പറയാം. നിര്‍മ്മാണത്തിനു് ഉപയോഗിക്കുന്ന വസ്തുക്കള്‍ ഉണ്ടാക്കുന്നതിനും അവ കെട്ടിടനിര്‍മ്മാണസ്ഥലത്തു് എത്തിക്കുന്നതിനുമാണു് ഊര്‍ജ്ജം ധാരാളം വേണ്ടതു്. കെട്ടിടനിര്‍മ്മാണത്തിനു് സാധാരണ ഉപയോഗിക്കുന്ന വസ്തുക്കള്‍ ഇഷ്ടിക, സിമന്റ്, കമ്പി, ഗ്ലാസു്, അലുമിനിയം, ടൈലുകള്‍ തുടങ്ങിയവയാണല്ലോ. ഇവയെല്ലാം നിര്‍മ്മിക്കുന്നതിനും ഊര്‍ജ്ജം ആവശ്യമാണു്. കെട്ടിടം ഉപയോഗിക്കുമ്പോഴും നമുക്കു് ഊര്‍ജ്ജം വേണം. ആസമയത്തു് ആവശ്യമാകുന്ന ഊര്‍ജ്ജം എത്രയാണെന്നതു് തീരുമാനിക്കുന്നതില്‍ കെട്ടിടത്തിന്റെ രൂപകല്പയ്ക്കു് വലിയ പങ്കുണ്ടു്. അതുകൊണ്ടു്, കെട്ടിടം പ്ലാന്‍ ചെയ്യുമ്പോള്‍ത്തന്നെ ശ്രദ്ധിച്ചാല്‍ നിര്‍മ്മാണസമയത്തും ഉപയോഗിക്കുമ്പോഴും ചെലവിടേണ്ടി വരുന്ന ഊര്‍ജ്ജവും പണവും നിയന്ത്രിക്കാനാവും. എന്തായാലും അധികകാലം കഴിയുന്നതിനു മുമ്പു് ഇത്തരം നിയന്ത്രണങ്ങള്‍ നിര്‍ബന്ധമായും വേണ്ടിവരും എന്നാണു് ഇന്നത്തെ സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നതു്.
അനിയന്ത്രിതമായി വിഭവങ്ങള്‍ ചൂഷണം ചെയ്തതിന്റെ ഫലമായി ഭൂമി തന്നെ ഒരു പ്രതിസന്ധിയിലേക്കു് നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണല്ലോ ഇപ്പോഴുള്ളതു്. പെട്രോളിയത്തിന്റെ അമിതോപഭോഗവും വനനശീകരണവും മറ്റും കാരണം അന്തരീക്ഷത്തിന്റെ ചൂടു് കൂടി വരികയാണെന്നു് നമ്മള്‍ മനസിലാക്കിക്കഴിഞ്ഞു. "ആഗോളതാപനം" എന്നാണു് നമ്മളതിനെ വിളിക്കുന്നതു്. തത്ഫലമായി കാലാവസ്ഥയില്‍ കാര്യമായ മാറ്റങ്ങളുണ്ടാകുന്നുണ്ടെന്നും നമ്മള്‍ മനസിലാക്കി. വായുവിന്റെ ചൂടു് കൂടിയിട്ടു് മനുഷ്യനു് (മറ്റു് ജീവജാലങ്ങള്‍ക്കും) ജീവിക്കാന്‍ കഴിയാതാകുന്നതിനു് മുമ്പു് നമ്മളിക്കാര്യത്തില്‍ എന്തെങ്കിലും ചെയ്തേ പറ്റൂ. പെട്രോളിയത്തിന്റെ ഉപഭോഗം കുറയ്ക്കുക എന്നതാണു് മനുഷ്യന്‍ ചെയ്യേണ്ട ഒരു പ്രധാന കാര്യം. വികസിത രാഷ്ട്രങ്ങളിലാണു് ഊര്‍ജ്ജത്തിന്റെ പ്രതിശീര്‍ഷ ഉപഭോഗം ഏറ്റവും കൂടുതല്‍. അതുകൊണ്ടു് അവരതു് നിയന്ത്രിച്ചാലാണു് ഏറ്റവും കൂടുതല്‍ ഫലമുണ്ടാകുക. പക്ഷെ നമ്മളും അവരുടെ ജീവിതശൈലിയാണു് പിന്തുടരാന്‍ ശ്രമിക്കുന്നതു് എന്നോര്‍ക്കണം. ഇന്ത്യയും ചൈനയും പോലെയുള്ള രാഷ്ട്രങ്ങളില്‍ ഊര്‍ജ്ജത്തിന്റെ പ്രതിശീര്‍ഷ ഉപഭോഗം വികസിത രാഷ്ട്രങ്ങളുടേതുപോലെ ആയിത്തുടങ്ങിയാല്‍ പ്രകൃതി തന്നെ കഷ്ടത്തിലാകുമല്ലോ.
ഇതു കൂടാതെ മറ്റൊരു പ്രതിസന്ധികൂടി അടുത്തു വരുന്നുണ്ടു്, അതേക്കുറിച്ചു് അധികമാരും സംസാരിക്കുന്നില്ലെങ്കിലും. അതു് പെട്രോളിയത്തിന്റെ അന്ത്യമാണു്. ഇന്നത്തെ നിരക്കില്‍, ഏതാണ്ടു് പതിനഞ്ചു് മുതല്‍ മുപ്പതു് വരെ വര്‍ഷത്തേയ്ക്കു് കൂടിയേ ഖനനം ചെയ്യാന്‍ എണ്ണയുണ്ടാകൂ എന്നാണു് വിദഗ്ദ്ധര്‍ പറയുന്നതു്. കോടിക്കണക്കിനു് വര്‍ഷംമുമ്പു് ഉണ്ടായതാണല്ലോ പെട്രോളിയം. അതു് പുതുതായി ഉണ്ടാകുന്നില്ല. കുറഞ്ഞ ആഴത്തില്‍നിന്നു കിട്ടുന്ന എണ്ണ തീര്‍ന്നുകൊണ്ടിരിക്കുന്നു. പുതുതായി കണ്ടെത്തുന്ന എണ്ണക്കിണറുകള്‍ കൂടുതല്‍ ആഴമുള്ളവയാണു്. അവയില്‍ നിന്നു് ഖനനം ചെയ്യുന്നതിനുള്ള ചെലവും അതിനാവശ്യമായ ഊര്‍ജ്ജവും വര്‍ദ്ധിച്ചു വരികയാണു്. കുറച്ചുനാള്‍ കഴിയുമ്പോള്‍ ഒരു ലിറ്റര്‍ എണ്ണ എടുക്കാന്‍ അത്രയുംതന്നെ എണ്ണയില്‍ നിന്നു ലഭിക്കുന്ന ഊര്‍ജ്ജം വേണ്ടിവരും. അപ്പോള്‍ എണ്ണ ഖനനം ലാഭകരമല്ലാതാകും. ഇന്നു് നമുക്കു ലഭിക്കുന്ന ഊര്‍ജ്ജത്തിന്റെ ഏറിയ പങ്കും എണ്ണയില്‍ നിന്നാണെന്നോര്‍ക്കുമ്പോള്‍ ഇതിന്റെ ഗൌരവം ബോധ്യമാകും. ഇത്ര എളുപ്പത്തില്‍ ഊര്‍ജ്ജം ലഭിക്കുന്ന സ്രോതസ്സ് വേറെയില്ല എന്നു പറയാം.
ഈ സാഹചര്യത്തില്‍ ഊര്‍ജ്ജത്തിന്റെ ഉപഭോഗം കുറയ്ക്കുന്നതിനേപ്പറ്റി നമ്മള്‍ എന്നേ ചിന്തിച്ചു തുടങ്ങേണ്ടതായിരുന്നു. മാത്രമല്ല, കെട്ടിടനിര്‍മ്മാണം വരുത്തിവയ്ക്കുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതു് കാണാമല്ലോ. മണല്‍ വാരുന്നതിന്റെ പ്രശ്നങ്ങളും കരിങ്കല്‍ ക്വാറികളുണ്ടാക്കുന്ന പ്രശ്നങ്ങളും ഇന്നു് നിത്യേനയെന്നോണം വാര്‍ത്തയാകുന്നുണ്ടല്ലോ. ഇതിനെല്ലാമുള്ള പരിഹാരം നമ്മുടെ ഇന്നത്തെ കെട്ടിടനിര്‍മ്മാണ രീതികളില്‍ മാറ്റം വരുത്തുക എന്നുള്ളതാണു്. കെട്ടിടങ്ങളുടെ രൂപകല്പനയിലും ഉപയോഗിക്കുന്ന വസ്തുക്കള്‍ തെരഞ്ഞെടുക്കുന്നതിലും ഊര്‍ജ്ജത്തിന്റെ ഉപഭോഗം കുറയ്ക്കാനുള്ള പരിശ്രമമുണ്ടാകണം. അതുപോലെ മണലിന്റെ ഉപഭോഗവും കുറയ്ക്കാന്‍ ശ്രമിക്കണം. ഇക്കാര്യങ്ങളിലും നമുക്കു് പാശ്ചാത്യരില്‍നിന്നു് പഠിക്കാനാവും. കാരണം അവിടെ ഇത്തരം ശ്രമങ്ങള്‍ പണ്ടേ തുടങ്ങിക്കഴിഞ്ഞു. പക്ഷെ നമ്മുടെ പരമ്പരാഗത രീതികളില്‍ നിന്നു തന്നെ പലതും നമുക്കു പഠിക്കാനാവും -- അതെല്ലാം "പഴഞ്ചന്‍" എന്നു പറഞ്ഞു് തഴയാതിരുന്നാല്‍.
ഇനി കെട്ടിടനിര്‍മ്മാണ വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ ഊര്‍ജ്ജത്തിന്റെ കാര്യം പരിശോധിക്കാം. മണ്ണു്, കരിങ്കല്ലു് തുടങ്ങിയവ ഉപയോഗിക്കുമ്പോള്‍ അവ കൊണ്ടുവരുന്നതിനു് ആവശ്യമായ ഊര്‍ജ്ജം മാത്രം മതിയല്ലോ. മറ്റു വസ്തുക്കളുടെ കാര്യത്തില്‍ കൊണ്ടുവരുന്നതിനു പുറമെ അവ ഉല്‍പ്പാദിപ്പിക്കുന്നതിനും ഊര്‍ജ്ജം വേണ്ടിവരുന്നു. അക്കൂട്ടത്തില്‍ ഇഷ്ടികയുടെ ഉല്പാദനത്തിനാണു് ഏറ്റവും കുറച്ചു് ഊര്‍ജ്ജം ആവശ്യമുള്ളതു്. സിമന്റ്, ഇരുമ്പു് (കമ്പി), തുടങ്ങിയവയുടെ ഉല്പാദനത്തിനു് ആവശ്യമായ ഊര്‍ജ്ജം ഇനിയും കൂടുതലാണു്. നാമിവിടെ പരക്കെ ഉപയോഗിക്കുന്ന കെട്ടിടനിര്‍മ്മാണ വസ്തുക്കളില്‍ ഏറ്റവും കൂടുതല്‍ ഊര്‍ജ്ജം ആവശ്യമുള്ളതു് അലുമിനിയവും ഗ്ലാസും നിര്‍മ്മിക്കാനാണു്. സിമന്റും കമ്പിയും എല്ലാം ഫാക്ടറിയില്‍ നിന്നു് പണിസ്ഥലത്തു് എത്തിക്കുന്നതിനും ധാരാളം ഊര്‍ജ്ജം ആവശ്യമാണു്. ഊര്‍ജ്ജം അധികം വേണ്ട വസ്തുക്കളുടെ ഉപയോഗമാണു് വര്‍ദ്ധിച്ചു വരുന്നതും. ഇത്തരം വസ്തുക്കളുടെ ഉപഭോഗം കുറയ്ക്കുക എന്നതു് പ്രധാനമായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. മഴയില്‍ നിന്നും വെള്ളത്തില്‍ നിന്നും സംരക്ഷണം നല്‍കിയാല്‍ വെറും മണ്ണു് തന്നെ നല്ലൊരു കെട്ടിടനിര്‍മ്മാണ വസ്തുവാണു്. ബാംഗ്ലൂരിലെ ടിപ്പുവിന്റെ കോട്ട 1537ല്‍ കെംപെഗൌഡ മണ്ണില്‍ തീര്‍ത്തതാണു് എന്നോര്‍ക്കണം.
ആഗോളതാപനത്തിന്റെയും കാലാവസ്ഥാവ്യതിയാനത്തിന്റെയും സാഹചര്യത്തില്‍ പല വികസിത രാഷ്ട്രങ്ങളും അവര്‍ വിസര്‍ജ്ജിക്കുന്ന കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവു് കുറയ്ക്കാന്‍ ശ്രമിക്കുന്നുണ്ടു്. അതിനു് ഊര്‍ജ്ജത്തിന്റെ ഉപഭോഗം കുറയ്ക്കേണ്ടതുണ്ടു്. ഇതേക്കുറിച്ചു് ബോധ്യമുള്ള ആര്‍ക്കിടെക്‌ടുകള്‍ ഊര്‍ജ്ജം അധികം ആവശ്യമില്ലാത്ത വസ്തുക്കള്‍ ഉപയോഗിച്ചുകൊണ്ടു് നല്ല കെട്ടിടങ്ങള്‍ എങ്ങനെ നിര്‍മ്മിക്കാമെന്നു് പഠിക്കുകയും അതു് പ്രയോഗത്തില്‍ വരുത്തുകയും ചെയ്യുന്നുണ്ടു്. കെട്ടിടനിര്‍മ്മാണവസ്തുക്കളില്‍ വെച്ചു് ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ഡയോക്സൈഡ് പുറത്തുവിടുന്നതിനു് കാരണമാകുന്നതു് സിമന്റിന്റെയും അലുമിനിയത്തിന്റെയും നിര്‍മ്മാണമാണത്രെ. അതുകൊണ്ടു് കെട്ടിടത്തില്‍ ഇവയുടെ ഉപയോഗം കഴിയുന്നത്ര കുറയ്ക്കേണ്ടതു് ആവശ്യമാണു്. അതുപോലെ കെട്ടിടനിര്‍മ്മാണവസ്തുക്കള്‍ വാഹനങ്ങളില്‍ കയറ്റി പണിസ്ഥലത്തെത്തിക്കുമ്പോഴും ധാരാളം കാര്‍ബണ്‍ ഡയോക്സൈഡ് ഉല്പാദിപ്പിക്കുന്നുണ്ടു്. അതുകൊണ്ടു് ഏറ്റവും അടുത്തു് ലഭിക്കുന്ന വസ്തുക്കളാണു് കഴിവതും കെട്ടിടനിര്‍മ്മാണത്തിനു് ഉപയോഗിക്കേണ്ടതു്. ഇങ്ങനെ ശ്രദ്ധയോടെ രൂപകല്പന ചെയ്തു് നിര്‍മ്മിക്കുന്ന കെട്ടിടങ്ങളുടെ നിര്‍മ്മാണച്ചെലവും അവ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന ചെലവുകളും (വൈദ്യുതിച്ചെലവും മറ്റും) കുറവാണെന്നാണു് അവരുടെ അനുഭവങ്ങള്‍ കാണിക്കുന്നതു്. ഈ ശ്രമങ്ങളേപ്പറ്റി നമ്മള്‍ മനസിലാക്കുകയും നമ്മുടെ നാട്ടിലും ഇത്തരം ശ്രമങ്ങള്‍ നടക്കുകയും വേണം.
പാശ്ചാത്യ മാതൃകകള്‍ പിന്‍തുടരുന്ന ഡിസൈനുകള്‍ ഇന്നു നമ്മുടെ നാട്ടില്‍ ധാരാളമായി കാണാം. താരതമ്യേന തണുപ്പു കൂടുതലുള്ള രാജ്യങ്ങളിലെ മാതൃകകളാണു് നമ്മള്‍ സ്വീകരിക്കുന്നതു്. ഇവ നമ്മുടെ കാലാവസ്ഥയ്ക്കു് തീരെ യോജിച്ചതല്ല. പുറമെ നിന്നു് തണുപ്പു് അകത്തു കടക്കാതിരിക്കാനായിട്ടാണു് അവര്‍ കെട്ടിടങ്ങള്‍ രൂപകല്പന ചെയ്തിട്ടുള്ളതു്. അതുകൊണ്ടു് വായുസഞ്ചാരം തീരെ കുറയ്ക്കുന്ന രീതിയിലാണു് അവരുടെ ഡിസൈനുകള്‍. എന്നാല്‍ നമ്മുടെ കാലാവസ്ഥയില്‍ അത്തരം രൂപകല്പനയല്ല ആവശ്യം. കഴിയുന്നത്ര കാറ്റും വെളിച്ചവും അകത്തു കടക്കുന്ന രീതിയിലുള്ള കെട്ടിടങ്ങളാണു് നമ്മുടെ നാട്ടില്‍ വേണ്ടതു്. ചുടുകാലത്തു് നമുക്കു് അതാണാവശ്യം. മഴക്കാലത്താണെങ്കില്‍ വലിയ ചുടോ തണുപ്പോ നമുക്കു് നേരിടേണ്ടതില്ല. മറിച്ചു് വെള്ളം കെട്ടി നിന്നു് പ്രശ്നമുണ്ടാക്കാതിരിക്കണം. അതിനു് പരന്ന മേല്‍ക്കൂരയേക്കാള്‍ നല്ലതു് പഴയ രീതിയിലുള്ള ചെരിഞ്ഞ മേല്‍ക്കൂരതന്നെയാണു്. വേനല്‍ക്കാലത്തു് ചുടു് നിയന്ത്രിക്കാനും ഇതു് സഹായിക്കും. നമ്മുടെ ചില കെട്ടിടങ്ങളാണെങ്കില്‍, ഒരു കാരണവുമില്ലാതെ, എയര്‍കണ്ടീഷന്‍ ചെയ്യാന്‍വേണ്ടി രൂപകല്പന ചെയ്തവയാണു്. തല്‍ഫലമായി കുറച്ചു സമയം വൈദ്യുതിയില്ലെങ്കില്‍ അവയ്ക്കുള്ളിലിരിക്കുന്നതു് അസഹനീയമായിത്തീരുന്നു.
ഏതു രാജ്യത്തും ഉല്പാദിപ്പിക്കുന്ന ഊര്‍ജ്ജത്തിന്റെ പകുതിയും ഉപയോഗിക്കുന്നതു് കെട്ടിടങ്ങളിലാണത്രെ. നമ്മുടെ പല കെട്ടിടങ്ങളുടെയും രൂപകല്പന അധികമായി ഊര്‍ജ്ജം ഉപയോഗിക്കുന്നതിനു് നമ്മെ നിര്‍ബന്ധിക്കുന്ന തരത്തിലാണു്. ഇത്രയധികം സൂര്യപ്രകാശം ലഭിക്കുന്ന നമ്മുടെ നാട്ടിലെ പല കെട്ടിടങ്ങള്‍ക്കുള്ളിലും പകലു പോലും വിളക്കു വേണ്ടിവരുന്നുണ്ടല്ലോ. പുറമെ നല്ല കാറ്റുണ്ടെങ്കില്‍ പോലും കെട്ടിടത്തിനുള്ളില്‍ ഫാനില്ലാതെ പറ്റില്ല. പല വീടുകളിലും ഇന്നു് എയര്‍കണ്ടീഷനറുകള്‍ ഉപയോഗിക്കുന്നുണ്ടു്. ഇതെല്ലാം കെട്ടിടത്തിന്റെ രൂപകല്പനയിലെ പോരായ്മകളായി കാണാവുന്നതാണു്. കെട്ടിടങ്ങള്‍ രൂപകല്പന ചെയ്യുന്ന സമയത്തു് അല്പം ശ്രദ്ധിച്ചാല്‍ ഇത്തരത്തില്‍ ഊര്‍ജ്ജം വൃഥാ ചെലവഴിക്കേണ്ടി വരുന്നതു് കുറയ്ക്കാനെങ്കിലും കഴിയും.
അടുത്ത കാലത്താണു് കേരള സമൂഹം ഒറ്റക്കെട്ടായി നിന്നുകൊണ്ടു് വൈദ്യുത ഉപഭോഗം കുറയ്ക്കാനും അതിന്റെ ഫലമായി ലോഡ് ഷെഡിങ്ങും പവര്‍ കട്ടും ഒഴിവാക്കാനും കഴിഞ്ഞതു്. വൈദ്യുതിയാണെങ്കിലും മറ്റുതരത്തിലുള്ള ഊര്‍ജ്ജമാണെങ്കിലും ലഭിക്കാന്‍ ഭാവിയില്‍ കൂടുതല്‍ ബുദ്ധിമുട്ടാവും. അതുകൊണ്ടു് കഴിയുന്നത്ര പരമ്പരാഗത ഊര്‍ജ്ജ സ്രോതസ്സുകളെ ആശ്രയിക്കേണ്ടി വരാത്ത ഒരു ജീവിതരീതി കണ്ടെത്താന്‍ നമ്മള്‍ ശ്രമിക്കേണ്ടതുണ്ടു്.
(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)
Thursday, May 28, 2009
Wednesday, May 6, 2009
നമ്മുടെ ചില അബദ്ധധാരണകള്‍
(ഈ ലേഖനം ചെറിയ മാറ്റങ്ങളോടെ 2009 മെയ് 7ലെ തേജസ് ദിനപ്പത്രത്തിന്റെ നാലാം പേജില്‍ പ്രസിദ്ധീകരിച്ചിരുന്നു)
പ്രകൃതിയേക്കുറിച്ചും ആരോഗ്യത്തേക്കുറിച്ചും മറ്റും പല അബദ്ധ ധാരണകള്‍ നമുക്കിടയില്‍ നിലവിലുണ്ടു്. അവയില്‍ പലതും തെറ്റാണെന്നു് ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ളതാണു്. എന്നിട്ടും ഈ ധാരണകള്‍ ഇപ്പോഴും സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ടു്. ഇത്തരം ചില ധാരണകള്‍ ദോഷമൊന്നും ചെയ്യാത്തവയാണു്. മറ്റു ചിലവ ചിലര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കുന്നതാണു്. ഇനിയും ചിലതു് ഉപയോഗപ്പെടുത്തി പണം തട്ടാന്‍ ചിലര്‍ക്കു് കഴിയുന്നുണ്ടു്. ഇങ്ങനെയുള്ള ചില ധാരണകള്‍ ഇവിടെ നമുക്കു് പരിശോധിക്കാം.
മിന്നലുണ്ടാകുന്നതെങ്ങനെ
"ഇടിമിന്നലുണ്ടാകുന്നതെങ്ങനെ?" എന്ന ചോദ്യത്തിനു് "മേഘങ്ങള്‍ കൂട്ടിയിടിച്ചിട്ടാണു്'' എന്ന മറുപടിയാണു് പലപ്പോഴും ലഭിച്ചതു്. പലരും ഇങ്ങനെ വിശ്വസിക്കുന്നുണ്ടു് എന്നു തോന്നുന്നു. ഇതൊരു വലിയ തെറ്റിദ്ധാരണയാണു്. മേഘം ഒരുതരം ഖരവസ്തുവാണു് എന്നുള്ള ധാരണയില്‍ നിന്നാണു് ഇതിന്റെ തുടക്കം എന്നു തോന്നുന്നു. എങ്കിലല്ലേ കൂട്ടിയിടിച്ചു് ശബ്ദമുണ്ടാക്കാനും മിന്നല്‍ പോലെ "തീപ്പൊരി'' ഉണ്ടാക്കാനും സാധിക്കൂ.
വളരെ സൂക്ഷ്മമായ ജലബിന്ദുക്കള്‍ വായുവില്‍ തങ്ങി നില്‍ക്കുന്നതാണു് നമ്മള്‍ മേഘമായി കാണുന്നതു്. ഈര്‍പ്പമേറിയ വായു മുകളിലേക്കു് ഉയരുമ്പോള്‍ തണുക്കുകയും അതിലുള്ള നീരാവി ജലകണങ്ങളായി തീരുകയും ചെയ്യുന്നു. ജലകണങ്ങള്‍ വളരെ സൂക്ഷ്മമായതുകൊണ്ടാണു് അവയ്ക്കു് വായുവില്‍ തങ്ങി നില്‍ക്കാന്‍ കഴിയുന്നതു്. അവ ക്രമേണ വലുതാകുമ്പോള്‍ താഴേയ്ക്കു് നീങ്ങിത്തുടങ്ങുന്നു. മേഘത്തിനുള്ളിലൂടെ വീഴുമ്പോഴും അവ വളര്‍ന്നുകൊണ്ടിരിക്കും. മേഘത്തിനു പുറത്തെത്തിക്കഴിഞ്ഞാല്‍ ചില സമയത്തു് അവ വീണ്ടും ആവിയായിത്തീരാന്‍ സാദ്ധ്യതയുണ്ടു്. വായുവിന്റെ താപനില കൂടിയിരിക്കുകയും ഈര്‍പ്പത്തിന്റെ അളവു് കുറഞ്ഞിരിക്കുകയും ചെയ്താല്‍ ഈ മഴത്തുള്ളികള്‍ ആവിയായിപ്പോകാം. മേഘങ്ങളുടെ സ്ഥിതി ഇങ്ങനെയായിരിക്കെ അവ കൂട്ടിയിടിച്ചാലെങ്ങനെ ശബ്ദവും വെളച്ചവുമുണ്ടാകും?
ഇടിമിന്നലുണ്ടാകുന്നതു് ഒരു പ്രത്യേകതരം മേഘത്തില്‍ നിന്നാണു്. അത്തരം മേഘങ്ങള്‍ക്കു് ഇംഗ്ലീഷില്‍ തണ്ടര്‍സ്റ്റോം (thunderstorm) എന്നു പറയും. കൂറ്റന്‍ മേഘങ്ങളാണിവ. ഏതാണ്ടു് പതിനഞ്ചു് കിലോമീറ്റര്‍ ഉയരമുണ്ടാകും ഇവയ്ക്കു്. പത്തിരുപതു് കിലോമീറ്റര്‍ വ്യാസവും. ഈ മേഘങ്ങളില്‍ നടക്കുന്ന ശക്തമായ ചംക്രമണത്തിന്റെ ഫലമായിട്ടു് മുകളിലും താഴെയും വൈദ്യുത ചാര്‍ജുകള്‍ അടിഞ്ഞുകൂടുന്നു. അങ്ങനെ അവ കൂറ്റന്‍ ബാറ്ററികള്‍ പോലെയായിത്തീരുന്നു. ഈ ചാര്‍ജ് ശേഖരങ്ങള്‍ തമ്മിലോ താഴത്തെ ചാര്‍ജ് ശേഖരത്തില്‍ നിന്നു് ഭൂമിയിലേയ്ക്കോ ഉണ്ടാകുന്ന ഭീമന്‍ വൈദ്യുതസ്പാര്‍ക്കാണു് മിന്നലായി നമ്മള്‍ കാണുന്നതു്. മിന്നലില്‍ വൈദ്യുതിയുണ്ടു് എന്നു് പ്രശസ്ത അമേരിക്കന്‍ ശാസ്ത്രജ്ഞനും പ്രസിഡന്റുമായിരുന്ന ബഞ്ചമിന്‍ ഫ്രാങ്ക്ളിന്‍ 18-ആം നൂറ്റാണ്ടില്‍ കണ്ടുപിടിച്ചതാണു്.
മിന്നല്‍ ഒരു വൈദ്യുത ഡിസ്‌ച്ചാര്‍ജ് ആണു് എന്നു മനസിലാക്കുന്നതു് പ്രധാനമാണു്. കാരണം, അതറിയാമെങ്കില്‍ മിന്നലില്‍ നിന്നു് രക്ഷനേടാനുള്ള മാര്‍ഗങ്ങള്‍ തിരയാനും അവ മനസിലാക്കാനും എളുപ്പമാവും. ഇതേപ്പറ്റി മുമ്പൊരിക്കല്‍ ഇതേ പംക്തിയില്‍ എഴുതിയിരുന്നതുകൊണ്ടു് (ഏപ്രില്‍ 2ലെ പത്രം നോക്കുക) അതിവിടെ ആവര്‍ത്തിക്കുന്നില്ല.
ബഹിരാകാശത്തെ ഗുരുത്വാകര്‍ഷണം
വളരെ സാധാരണമായ മറ്റൊരു തെറ്റിദ്ധാരണയാണു് ബഹിരാകാശത്തു് ഗുരുത്വാകര്‍ഷണമില്ല എന്നതു്. ബലങ്ങളുടെ സ്വഭാവത്തേക്കുറിച്ചുള്ള തെറ്റിദ്ധാരണയാവാം ഇതിലേയ്ക്കു് നയിക്കുന്നതു്. ഗുരുത്വാകര്‍ഷണ ബലമോ, വിദ്യുത്കാന്ത ബലം പോലെയുള്ള മറ്റു ബലങ്ങളോ ഒന്നും തന്നെ അന്തരീക്ഷത്തിന്റെയോ വായുവിന്റെയോ സാന്നിദ്ധ്യവുമായി ബന്ധപ്പെട്ടിരിക്കുന്നില്ല. ഈ ബലങ്ങളെല്ലാം പദാര്‍ത്ഥത്തിന്റെ സ്വഭാവമാണു്. എല്ലാ വസ്തുക്കളും ഗുരുത്വാകര്‍ഷണബലം വഴി എപ്പോഴും പരസ്പരം ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നുണ്ടു്. നമ്മുടെ സമീപത്തുള്ള മേശയും ഭിത്തിയും കാറും ലോറിയും മരവും മലയും എല്ലാം പരസ്പരവും നമ്മെയും എപ്പോഴും ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നുണ്ടു്. ഈ ബലം തന്നെയാണല്ലോ സൂര്യന്റെ സമീപത്തു് ഭൂമിയെയും മറ്റു ഗ്രഹങ്ങളെയും പിടിച്ചു നിര്‍ത്തുന്നതു്.
ഈ തെറ്റിദ്ധാരണ എങ്ങനെയാവാം ഉണ്ടായതു്? മനുഷ്യന്‍ ബഹിരാകാശത്തു് പോയിത്തുടങ്ങിയ കാലം മുതല്‍ ബഹിരാകാശ വാഹനത്തിനുള്ളില്‍ അവര്‍ (ഭാരമില്ലാത്തതുപോലെ) നീന്തി നടക്കുന്നതിന്റെ ചിത്രങ്ങളും ചലച്ചിത്രങ്ങളും നാം കാണുന്നുണ്ടല്ലൊ. ഒരുപക്ഷെ ബഹിരാകാശ വാഹനത്തിനുള്ളില്‍ ഭാരം അനുഭവപ്പെടില്ല എന്നു് എഴുതിക്കാണുകയോ പറഞ്ഞു കേള്‍ക്കുകയോ ചെയ്തിരിക്കാം. ഇതെല്ലാം സത്യം തന്നെയാണു്. പക്ഷെ അതുകൊണ്ടു് `ബഹിരാകാശത്തു് ഗുരുത്വാകര്‍ഷണമില്ല' എന്നര്‍ത്ഥമാകുന്നില്ല. ഭൂമിയുടെ ഭ്രമണപഥത്തില്‍ സ്ഥിതിചെയ്യുന്ന ഒരു പേടകത്തില്‍ ഗുരുത്വാകര്‍ഷണബലം അനുഭവപ്പെടില്ല എന്നതാണു് സത്യം. അതിനുള്ള കാരണം അതിന്റെ ഏതിര്‍ദിശയില്‍ മറ്റൊരു തുല്യ ബലം ഉണ്ടെന്നുള്ളതാണു്.
ഏതു് വസ്തു വൃത്താകൃതിയില്‍ സഞ്ചരിക്കണമെങ്കിലും ഇങ്ങനെ രണ്ടു് ബലങ്ങള്‍ അനിവാര്യമാണു്. ഒരു ബലം വസ്തു അകന്നു പോകാതെ പിടിച്ചു നിര്‍ത്തുന്നു. രണ്ടാമത്തെ ബലം ഉണ്ടാകുന്നതു് പദാര്‍ത്ഥത്തിന്റെ ഒരു ഗുണത്തില്‍ നിന്നാണു്. ഏതു് വസ്തുവും സ്വാഭാവികമായി സഞ്ചരിക്കുക നേര്‍വരയിലൂടെയാണു് എന്നതാണു് ഈ ഗൂണം. ഇതിനെ "ജഢത്വം" (inertia) എന്നു വിളിക്കുന്നു. ഇക്കാര്യം വ്യക്തമാക്കുന്നതാണല്ലോ ന്യൂട്ടന്റെ ആദ്യത്തെ ചലനനിയമം. വസ്തുവിന്റെ ഗതി നേര്‍വരയില്‍നിന്നു് മാറ്റാന്‍ ഒരു ബലം ശ്രമിക്കുമ്പോള്‍ വസ്തു അതിനെ എതിര്‍ക്കുന്നു. ഗ്രഹമൊ ഉപഗ്രഹമൊ ഗുരുത്വാകര്‍ഷണബലം മൂലം നേര്‍വരയിലൂടെയുള്ള ചലനത്തില്‍ നിന്നു് മാറാന്‍ തുടങ്ങുമ്പോള്‍ അതിന്റെ ജഢത്വം മൂലം ഏതിര്‍ദിശയില്‍ ഒരു തുല്യബലം ഉണ്ടാകുന്നു. അപകേന്ദ്ര ബലം (centrifugal force) എന്ന പേരിലാണു് ഇതറിയപ്പെടുന്നതു്. ഫലമോ? അവിടെ ഒരു ബലവും അനുഭവപ്പെടുന്നില്ല. കാരണം രണ്ടു് തുല്യബലങ്ങള്‍ എതിര്‍ദിശകളിലേക്കു് പ്രവര്‍ത്തിക്കുകയാണു് -- തുല്യ ബലമുള്ള രണ്ടു പേര്‍ വടം വലിക്കുന്നതു പോലെ. ഇതാണു് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നതു്.
അങ്ങനെയാണു് ഭൂമിയുടെ ഭ്രമണപഥത്തിലുള്ള പേടകത്തില്‍ ഭാരമില്ലാത്ത അവസ്ഥ ഉണ്ടാകുന്നതു്. അതിന്റെ അര്‍ത്ഥം ബഹിരാകാശത്തു് ഗുരുത്വാകര്‍ഷണം ഇല്ല എന്നല്ല. ഭൂമിയുടെ ഗുരുത്വാകര്‍ഷണബലം തന്നെയാണു് ചന്ദ്രനെയും മനുഷ്യനിര്‍മ്മിതമായ പേടകങ്ങളെയും ഭൂമിക്കു സമീപം പിടിച്ചു നിര്‍ത്തുന്നതു് എന്നു് ഓര്‍മ്മിക്കണം.
സെല്‍ഫോണിന്റെ ദോഷവും മറ്റും
വളരെ രസകരമായ ഒരു വിശ്വാസമാണു് പാലു കാച്ചുകയോ പാല്‍പ്പായസം ഉണ്ടാക്കുകയോ ചെയ്യുമ്പോള്‍ ഇളക്കുന്നതു് ഒരേ ദിശയിലായിരിക്കണം എന്നതു്. അല്ലെങ്കില്‍ പാല്‍ പിരിഞ്ഞുപോകും എന്നാണു് ചിലരുടെ വിശ്വാസം. ചില സൂക്ഷ്മജീവികളാണു് പാലു് പിരിയാന്‍ കാരണമാകുന്നതു്. അമ്ലസ്വഭാവമുള്ള എന്തെങ്കിലും (ഉദാഹരണമായി, നാരങ്ങാനീരു്) പാലില്‍ ചേര്‍ത്താലും പാലു് പിരിയും. പാലിളക്കുന്നതുമായി പിരിയുന്നതിനു് യാതൊരു ബന്ധവുമില്ല. കുറച്ചു് പാലെടുത്തു് രണ്ടു പാത്രങ്ങളിലായി രണ്ടു രീതിയില്‍ (ഒരേ ദിശയിലും രണ്ടു ദിശകളിലും ഇളക്കിക്കൊണ്ടു്) ചൂടാക്കിയാല്‍ ഇതിന്റെ സത്യാവസ്ഥ മനസിലാക്കാവുന്നതല്ലേയുള്ളൂ?
മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതു് ആരോഗ്യത്തിനു് ഹാനികരമാണു് എന്നു് പലരും ധരിച്ചിട്ടുണ്ടു്. ഇതിനു് ശാസ്ത്രീയമായ തെളിവുകളൊന്നും കാണുന്നില്ല. അതില്‍ നിന്നുള്ള മൈക്രോവേവ് വികിരണം ശരീരത്തില്‍ തുടര്‍ച്ചയായി ഏല്‍ക്കുന്നതുകൊണ്ടു് കാന്‍സര്‍ ഉള്‍പ്പെടെയുള്ള പല രോഗങ്ങളും ഉണ്ടാകാമെന്ന ഭയം എങ്ങനെയോ പലരിലും ഉണ്ടായിട്ടുണ്ടു്. ഈ ഭയം മൂലം ഫോണ്‍ കമ്പനികളുടെ ടവര്‍ സ്ഥാപിക്കുന്നതിനു പോലും ചിലയിടങ്ങളില്‍ എതിര്‍പ്പുണ്ടായതായി കേട്ടിട്ടുണ്ടു്. ഇതിന്റെ സത്യാവസ്ഥ മനസിലാക്കാനായി പഠനങ്ങള്‍ നടന്നിട്ടുണ്ടു്. പക്ഷെ വികിരണങ്ങള്‍ മൂലം ഒരു ദോഷവും ഉണ്ടാകുന്നുണ്ടെന്നു് സംശയാതീതമായി ഇതുവരെ തെളിഞ്ഞിട്ടില്ല. തുടര്‍ച്ചയായി കുറേ സമയം സെല്‍ഫോണുപയോഗിച്ചാല്‍ അതില്‍ നിന്നു പ്രസരിക്കുന്ന മൈക്രോവേവ് തരംഗങ്ങള്‍ മൂലം അടുത്തുള്ള പേശികളും മറ്റും ചെറുതായി ചൂടാകാം. പക്ഷെ ഇതു് വളരെ നിസ്സാരമാണു് എന്നാണത്രെ പഠനങ്ങള്‍ കാണിക്കുന്നതു്. അതുകൊണ്ടു് സെല്‍ഫോണിന്റെ ഉപയോഗം യാതൊരു ദോഷവും ചെയ്യില്ല എന്നു തീരുമാനിക്കാന്‍ കഴിയില്ല. ഇതുവരെ ദോഷങ്ങളൊന്നും കണ്ടെത്തിയിട്ടില്ല എന്നേയുള്ളൂ. നാളെ ആരെങ്കിലും ഒരു ദോഷം കണ്ടെത്തില്ല എന്നുറപ്പിക്കാനാവില്ലല്ലോ. അതുകൊണ്ടു് ഇപ്പോള്‍ അറിയാവുന്നിടത്തോളം പ്രശ്നങ്ങളില്ല എന്നു മാത്രം തീരുമാനിക്കാം.
മാതാപിതാക്കള്‍ പലപ്പോഴും കുട്ടികളോടു് പറയാറുള്ളതാണല്ലോ മങ്ങിയ വെളിച്ചത്തിലിരുന്നു് വായിക്കരുതെന്നു്. അതു് കണ്ണിനു് ദോഷം ചെയ്യും എന്നതാണു് കാരണമായി അവര്‍ പറയാറുള്ളതു്. എന്നാല്‍ ഇതിനു് ശാസ്ത്രീയപിന്‍ബലമില്ല. ഏതാനും ദശാബ്ദങ്ങള്‍ക്കു് മുമ്പു്, അതായതു് വൈദ്യുതി വരുന്നതിനും മുമ്പു്, എല്ലാ വിദ്യാര്‍ത്ഥികളും (മണ്ണെണ്ണയോ വിളക്കെണ്ണയോ കത്തിക്കുന്ന) വിളക്കുകളുടെ വെളിച്ചത്തിലായിരുന്നല്ലോ രാത്രിയില്‍ പഠിച്ചിരുന്നതു്. അവരുടെയെല്ലാം കണ്ണുകള്‍ക്കു് ദോഷം വന്നിട്ടില്ലല്ലോ. മങ്ങിയ വെളിച്ചത്തില്‍ വായിക്കുന്നതു് കൂടുതല്‍ ബുദ്ധിമുട്ടാണു് എന്നതു് സത്യം. അതുകൊണ്ടു് കണ്ണിനു് എന്തെങ്കിലും പ്രശ്നമുണ്ടാകുന്നുണ്ടെങ്കില്‍ത്തന്നെ അതു് താല്‍ക്കാലികം മാത്രമാണു് എന്നാണു് ഇപ്പോഴും വൈദ്യശാസ്ത്രം പറയുന്നതു്.
ഇത്തരം അബദ്ധധാരണകള്‍ മനുഷ്യര്‍ക്കു് പ്രശ്നങ്ങളുണ്ടാക്കുന്നുണ്ടോ എന്നു് സ്വയം തീരുമാനിക്കുക. എന്തായാലും, തെറ്റായ ധാരണകള്‍ ഇല്ലാത്തതു തന്നെയാണു് നല്ലതു് എന്നു് എല്ലാവരും സമ്മതിക്കുമല്ലോ. നമ്മള്‍ കേള്‍ക്കുന്ന കാര്യങ്ങള്‍ (ഈ ലേഖനമുള്‍പ്പെടെ) അപ്പടി വിശ്വസിക്കാതെ അവ സത്യമായിരിക്കുമോ എന്നു് നമ്മള്‍ ചിന്തിക്കണം. ചിലപ്പോള്‍ ചെറിയ പരീക്ഷണങ്ങള്‍ നടത്തുകയുമാവാം. സത്യമല്ലാത്തവ തിരിച്ചറിയാന്‍ ഇതു് നമ്മെ സഹായിക്കും.

Subscribe to:
Posts (Atom)