Friday, January 2, 2009

കാലാവസ്ഥാവ്യ‍തിയാനവും നമ്മളും

ഇല എന്ന വെബ്‌സൈറ്റിനു വേണ്ടി ഞാനെഴുതിയ ഒരു ലേഖനമാണു് താഴെ കൊടുത്തിരിക്കുന്നതു്. മലയാളത്തിലുള്ള ബ്ലോഗുകളില്‍ നിന്നു് തിരഞ്ഞെടുത്ത ചിലവയിലേക്കുള്ള ചൂണ്ടുപലകയായി ഈ സൈറ്റിനെ കണക്കാക്കാം.

കാലാവസ്ഥാവ്യ‍തിയാനവും നമ്മളും
വി. ശശി കുമാര്‍

പണ്ടൊരിക്കല്‍ വിദ്യാഭ്യാസവകുപ്പു് ഒരു പരീക്ഷണം നടത്തിയതോര്‍ക്കുന്നു. പള്ളിക്കൂടം തുറക്കുന്നതു് കാലവര്‍ഷം തുടങ്ങുന്ന ദിവസമായതുകൊണ്ടു് വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടു് ഒഴിവാക്കണമെന്നു് അവര‍ക്കു് ന്യായമായും തോന്നി. അങ്ങനെ മെയ് മാസത്തില്‍ ക്ലാസുകള്‍ നടത്തുകയും ജൂണ്‍ മാസത്തില്‍ അവധി കൊടുക്കുകയും ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അതനുസരിച്ചുള്ള നിര്‍‌ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. അക്കൊല്ലം വിദ്യാര്‍ത്ഥികള്‍ മെയ് മാസത്തില്‍ സ്ക്കൂളില്‍ പോയി. നല്ല മഴയായരുന്നു മിക്ക ദിവസവും. പക്ഷെ കുട്ടികള്‍ക്കു് മഴ ഇഷ്ടമാണല്ലോ. അവരതു് ആഘോഷിച്ചു. ജൂണ്‍ മാസം മുഴുവനും അവധിയായി പ്രഖ്യാപിച്ചു. കുട്ടികള്‍ അതും ആഘോഷിച്ചു. അക്കൊല്ലം ജൂണ്‍ മാസത്തില്‍ കേരളത്തില്‍ മഴയേ പെയ്തില്ല. കളിക്കാന്‍ നല്ല സൌകര്യം. ജൂലൈ ഒന്നിനു് സ്ക്കൂള്‍ തുറന്നു. കാലവര്‍ഷവും വന്നെത്തി. കാലവര്‍ഷം സര്‍ക്കാര്‍ നിര്ദ്ദേശമനുസരിക്കില്ല എന്നു വ്യക്തമായി. അതോടെ വിദ്യാഭ്യാസ വകുപ്പു് പരീക്ഷ​ണം അവസാനിപ്പിച്ചു. സ്ക്കൂള്‍കലണ്ടര്‍ വീണ്ടും പഴയപോലെയായി.

മഴയും വെയിലും കൃത്യമായി മാറിമാറി വരുന്നതു് നമ്മുടെ ജീവിതത്തെ എത്രമാത്രം സ്വാധീനിക്കുന്നു എന്നു സൂചിപ്പിക്കാനാണു് ഈ പഴയ കഥ പറഞ്ഞതു്. നമ്മുടെ കൃഷി കാലാവസ്ഥയെ എത്ര ആശ്രയിച്ചാണിരിക്കുന്നതു് എന്നെല്ലാവര്‍ക്കും അറിയാമല്ലോ. അതുപോലെ എല്ലാ ദിവസവും വെളിച്ചത്തിരുന്നു് അത്താഴം കഴിക്കാനാകുമോ എന്നതും. മഴ മാത്രമല്ല, അന്തരീക്ഷത്തിന്റെ ഊഷ്മാവും നമുക്കു വളരെ നിര്‍ണ്ണായകമാണെന്നു് ഒരുപക്ഷെ നാം പലപ്പോഴും ഓര്‍മ്മിക്കാറില്ല. ``ഹൊ, എന്തൊരുഷ്ണം'' എന്നും മറ്റും പറഞ്ഞു് ഫാനോ (ഇന്നത്തെ കാലത്തു്) AC യോ പ്രവര്‍ത്തിപ്പിക്കുകയല്ലാതെ ഉയര്‍ന്ന ഊഷ്മാവിന്റെ കാരണം നമ്മളാരും അന്വേഷിക്കാറില്ലല്ലോ. നഗരവല്‍ക്കരണവും മരങ്ങളും ചെടികളും വെട്ടി മാറ്റുന്നതും കുളങ്ങളും തടാകങ്ങളും നികത്തുന്നതും വായുവിന്റെ സ്വതന്ത്രമായ ഒഴുക്കു് അനുവദിക്കാത്ത വിധത്തില്‍ കെട്ടിടം രൂപകല്പന ചെയ്യുന്നതും ഒക്കെ കാരണമാകാം. ഇതൊക്കെ നമുക്കു് പരിഹാരം കാണാവുന്ന കാര്യങ്ങളാണു്. എന്നാല്‍ അന്തരീക്ഷത്തിന്റെ ഉഷ്മാവു് കൂടിക്കൊണ്ടിരുന്നാല്‍ എന്തൊക്കെ സംഭവിക്കാം? പല ചെടികള്‍ക്കും മൃഗങ്ങള്‍ക്കും ജീവിതം ദുസ്സഹമാകാം, മനുഷ്യര്‍ക്കുള്‍പ്പെടെ. പല ചെടികളുടെയും നിലനില്പു് തന്നെ പ്രയാസത്തിലാകാം. മറ്റു പല പ്രശ്നങ്ങളുമുണ്ടാകാം.

ഇതു് അനാവശ്യമായ ചിന്തയല്ല. അന്തരീക്ഷത്തിന്റെ ശരാശരി ഊഷ്മാവു് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണു് എന്നതിനു് ധാരാളം തെളിവുകളുണ്ടു്. ധ്രൂവങ്ങളിലെ മഞ്ഞുരുകുന്നതും സമുദ്രജലനിരപ്പുയരുന്നതും എല്ലാം ഇതിനുള്ള തെളിവുകളാണു്. അന്തരീക്ഷ ഊഷ്മാവു് ഇങ്ങനെ വര്‍ദ്ധിക്കുന്നതിനാണല്ലോ ആഗോളതാപനം (Global Warming) എന്നു പറയുന്നതു്. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡിന്റെയും മറ്റു് പല ഹരിതഗൃഹ വാതകങ്ങളുടെയും അളവു് വര്‍ദ്ധിക്കുന്നതു കൊണ്ടാണു് ഇങ്ങനെ സംഭവിക്കുന്നതു് എന്നു് നമുക്കറിവായിട്ടുണ്ടു്. ഈ വാതകങ്ങളില്‍ കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവു കൂടുന്നതിനുള്ള പ്രധാന കാരണം പെട്രോളിയത്തിന്റെ ഉപഭോഗമാണത്രെ. പ്രതിശീര്‍ഷ പെട്രോളിയം ഉപഭോഗത്തില്‍ ഏറ്റവും മുന്നിട്ടു നില്‍ക്കുന്ന രാജ്യം അമേരിക്കന്‍ ഐക്യനാടുകളാണു്. പിന്നെ മറ്റു വികസിത രാഷ്ട്രങ്ങളും. ഇന്ത്യയേപ്പോലുള്ള വികസ്വര രാഷ്ട്രങ്ങള്‍ പെട്രോളിയം ഉപഭോഗത്തില്‍ വളരെ പിന്നിലാണു്. ആഗോളതാപനം നിയന്ത്രിക്കാനായിരുന്നു ജപ്പാനിലെ ക്യോട്ടോ നഗരത്തില്‍ വെച്ചു് രാഷ്ട്രങ്ങള്‍ തമ്മില്‍ കാര്‍ബണ്‍ ഡയോക്സൈഡ് വിസര്‍ജ്ജിക്കുന്നതില്‍ നിയന്ത്രണം വരുത്താനുള്ള ഒരു കരാറില്‍ ഒപ്പു വെച്ചതു്. മറ്റെല്ലാ രാഷ്ട്രങ്ങളും ഈ കരാര്‍ ശരി വച്ചെങ്കിലും അമേരിക്കന്‍ ഐക്യനാടുകള്‍ ഈ കരാറനെ തള്ളിപ്പറയുകയാണു് ചെയ്തതു്. എന്തായാലും അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവു് നിയന്ത്രിക്കുന്നതില്‍ വികസിത രാഷ്ട്രങ്ങള്‍ക്കാണു് വലിയൊരു പങ്കു വഹിക്കാനുള്ളതു്. ഇന്ത്യയ്ക്കും മറ്റു വികസ്വരരാഷ്ട്രങ്ങള്‍ക്കും ഇപ്പോള്‍ സാമ്പത്തിക പുരോഗതിയാണു് ഏറ്റവും പ്രധാനം. അതു് സാദ്ധ്യമാകണമെങ്കില്‍ തത്ക്കാലം പെട്രോളിയം ഉപഭോഗം വര്‍ദ്ധിപ്പിച്ചേ പറ്റൂ.

ആഗോളതാപനത്തെയും അതിലൂടെയുണ്ടാകുന്ന കാലാവസ്ഥാവ്യതിയാനത്തെയും കുറിച്ചു പഠിക്കാനും അവമൂലം എന്തെല്ലാം മറ്റു ഫലങ്ങളുണ്ടാകാം, ഭാവിയിലെന്തെല്ലാം സംഭവിക്കാം എന്നും മറ്റും മനസിലാക്കാനുമായി സ്ഥാപിച്ച Inter Governmental Panel on Climate Change (IPCC) അവരുടെ നാലാം റിപ്പോര്‍ട്ടു് 2007 നവമ്പറില്‍ സമര്‍പ്പിച്ചു കഴിഞ്ഞു. ആഗോളതാപനം സംഭവിക്കുന്നുണ്ടു് എന്നും അതിനു പ്രധാന കാരണക്കാര്‍ മനുഷ്യര്‍ തന്നെയാണെന്നും ഈ റിപ്പോര്‍ട്ടു് തറപ്പിച്ചു പറയുന്നുണ്ടു്. (അതുകൊണ്ടു്, അടുത്ത തവണ നമ്മള്‍ "ഹൊ! എന്തൊരുഷ്ണം!" എന്നു പറയുമ്പോള്‍ ഓര്‍മ്മിക്കണം, നമ്മളൊക്കെത്തന്നെയാണു് അതിനു കാരണക്കാരെന്നു്.) ഇതുവരെ ലഭിച്ചിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണു് IPCC ഈ തീരുമാനത്തിലെത്തിയിരിക്കുന്നതു്. 1850നു ശേഷമുള്ള അമ്പതു വര്‍ഷങ്ങളില്‍ ഏറ്റവും ഊഷ്മാവു കൂടിയ പന്ത്രണ്ടു വര്‍ഷങ്ങളില്‍ പതിനൊന്നും 1995നു ശേഷമാണെന്നു് IPCCയുടെ നാലാം റിപ്പോര്‍ട്ടില്‍ പറയുന്നു. 1956നു ശേഷമുള്ള 50 വര്‍ഷത്തില്‍ ഓരോ ദശാബ്ദത്തിലും ശരാശരി 0.13 ഡിഗ്രി വീതം ഊഷ്മാവു വര്‍ദ്ധിച്ചിട്ടുണ്ടത്രെ. കൂടാതെ ധ്രുവങ്ങളിലും മറ്റും കാലാകാലങ്ങളായി അടിഞ്ഞുകൂടി കിടക്കുന്ന മഞ്ഞു് അസാധാരണമായ തോതില്‍ ഉരുകി തുടങ്ങിയിട്ടുണ്ടു്. സമുദ്രജലത്തിന്റെയും ഊഷ്മാവു് വര്‍ദ്ധിച്ചു വരുന്നതിനു തെളിവുകളുണ്ടു്. മാത്രമല്ല, സമുദ്രനിരപ്പു് ഉയര്‍ന്നുവരുന്നതിനും തെളിവുകളുണ്ടു്. ഇതു് മാനുഷികപ്രവര്‍ത്തനങ്ങള്‍ മൂലമാണെന്നു് തെളിവുകളുടെ അടിസ്ഥാനത്തില്‍ IPCC ഉറപ്പിച്ചു പറയുന്നു. എന്നിട്ടും ഈ കാണുന്ന മാറ്റങ്ങള്‍ സ്വാഭാവികമായുണ്ടാകുന്നവ മാത്രമാണെന്നു വിശ്വസിക്കുന്നവര്‍ ഇപ്പോഴുമുണ്ടു്. അതുകൊണ്ടു് നമ്മുടെ ജീവിതരീതിയില്‍ വലിയ മാറ്റമൊന്നും ആവശ്യമില്ല എന്നാണവരുടെ മതം. തല്‍ക്കാലത്തേക്കെങ്കിലും ഈ അഭിപ്രായത്തെ അവഗണിക്കുന്നതായിരിക്കും മനുഷ്യരാശിക്കു നല്ലതു് എന്നു തോന്നുന്നു. കാരണം, ഏതെങ്കിലും കാരണവശാല്‍, IPCC പറയുന്നതാണു് ശരിയെങ്കില്‍ അനിയന്ത്രിതമായി പെട്രോളിയം ഉപഭോഗം വര്‍ദ്ധിക്കുന്നതു് അനിയന്ത്രിതമായ ആഗോളതാപനത്തിലേക്കു് നയിക്കാം. തത്ഫലമായി ഭൂമിയില്‍ ജീവനു നിലനില്‍ക്കാന്‍ പോലും ബുദ്ധിമുട്ടാവാം. അതുകൊണ്ടു് നമ്മുടെ ജീവിതരീതിയിലും നമ്മുടെ വികസന പരിപ്രേക്ഷ്യത്തില്‍ തന്നെയും മാറ്റങ്ങള്‍ വരുത്തുന്നതു് നന്നായിരിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കേണ്ടതു് വികസിത രാഷ്ട്രങ്ങളാണല്ലോ. ഈ സാഹചര്യത്തില്‍ ഇന്ത്യയേപ്പോലൊരു വികസ്വര പ്രദേശത്തുള്ള നമുക്കു് എന്തു ചെയ്യാനാവും?

നമുക്കു പലതും ചെയ്യാനുണ്ടു്, പലതും ചെയ്യേണ്ടതുണ്ടു്. നമ്മുടെ നാട്ടില്‍ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകാവുന്ന മാറ്റങ്ങള്‍ എന്തെല്ലാമായിരിക്കുമെന്നു് മനസിലാക്കുക എന്നതാണു് ആദ്യമായി ചെയ്യേണ്ടതു് എന്നതു് വ്യക്തമാണല്ലോ. അതു് മനസിലായാലേ നമുക്കു് അതിനുവേണ്ടി തയാറെടുക്കാനാകുകയുള്ളല്ലോ. ഉദാഹരണമായി, ശരാശരി ഊഷ്മാവു് മൂന്നോ നാലോ ഡിഗ്രി കൂടിയാല്‍ അതു് നമുക്കു് പ്രാധാന്യമുള്ള ഏതെല്ലാം ചെടികളെ എങ്ങനെയൊക്കെ ബാധിക്കും എന്നറിയണമല്ലോ. ഊഷ്മാവു് വര്‍ദ്ധിക്കുന്നതനുസരിച്ചു് ഉഷ്ണമേഘലാ പ്രദേശങ്ങളില്‍ നെല്ലിന്റെ ഉല്പാദനക്ഷമത കുറയും എന്നു് IPCC മുന്നറിയിപ്പു തന്നിട്ടുണ്ടു്. എന്നാല്‍ മിതശീതോഷ്ണമേഘലകളില്‍ മൂന്നു ഡിഗ്രി വരെ ഊഷ്മാവു് വര്‍ദ്ധിക്കുമ്പോള്‍ നെല്ലിന്റെ ഉല്പാദനക്ഷമത വര്‍ദ്ധിക്കുകയാണു് ചെയ്യുന്നതത്രെ. അതുകൊണ്ടു് ഒരുപക്ഷെ നാളെ നമുക്കു് കുറേക്കൂടി ദൂരത്തുനിന്നു് അരി കൊണ്ടുവരേണ്ടി വന്നേക്കാം. നെല്ലു കൂടാതെ മറ്റു കൃഷികളെ ഭൌമതാപനം എങ്ങനെ ബാധിക്കുമെന്നു് പരിശോധിക്കേണ്ടതുണ്ടു്. നമുക്കിന്നു് സുലഭമായ ഭക്ഷണവസ്തുക്കള്‍ സുലഭമായിത്തന്നെ തുടരും എന്നതിനു് യാതൊരു ഉറപ്പുമില്ല. നമ്മുടെ ഭക്ഷണരീതിയല്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തേണ്ടി വരുമോ? നാം മനസിലാക്കേണ്ടിയിരിക്കുന്നു. സമുദ്രജലത്തിന്റെ ഊഷ്മാവു് വര്‍ദ്ധിക്കുമ്പോള്‍ ഇന്നു നമുക്കു ലഭിക്കുന്ന മത്സ്യങ്ങള്‍ തുടര്‍ന്നും ലഭിക്കുമോ? ചില മത്സ്യങ്ങള്‍ ഇപ്പോള്‍ തന്നെ കൂടുതല്‍ തണുപ്പുള്ള പ്രദേശങ്ങളിലേക്കു് മാറിപ്പോകുന്നതായി റിപ്പോര്‍ട്ടുകളുണ്ടു്. സമുദ്രനിരപ്പു് പത്തു സെന്റിമീറ്റര്‍ ഉയര്‍ന്നാല്‍ കടല്‍ എവിടെ വരെ കയറിവരും എന്നു നമുക്കറിയില്ല. കടല്‍വെള്ളം കരയിലേക്കു് കയറി നാശനഷ്ടം വരുത്തുമ്പോള്‍ മാത്രം അറിഞ്ഞിട്ടു കാര്യമില്ലല്ലോ. ഇത്തരം കാര്യങ്ങള്‍ മുന്‍കൂട്ടി മനസിലാക്കി നാശനഷ്ടം ഒഴിവാക്കാനുള്ള നടപടികള്‍ എടുക്കുകയാണല്ലോ വേണ്ടതു്.

കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ചു് ഇത്തരം പല കാര്യങ്ങളും പഠിക്കുകയും പ്രശ്നങ്ങള്‍ ലഘൂകരിക്കാനും ഒഴിവാക്കാനും നടപടികള്‍ എടുക്കുകയും ചെയ്യേണ്ടതുണ്ടു്. കാലാവസ്ഥാ വ്യതിയാനത്തേക്കുറിച്ചു് ഭാരത സര്‍ക്കാര്‍ ഒരു നയം സ്വീകരിച്ചതായി വാര്‍ത്തകള്‍ വന്നിട്ടുണ്ടു്. എന്നാല്‍ എന്തെല്ലാം നടപടികളാണു് സ്വീകരിക്കേണ്ടതു് എന്നതിനെപ്പറ്റി വ്യക്തമായ ധാരണ ഉണ്ടായതായി കണ്ടില്ല. അതുപോലെ, കേരള സര്‍ക്കാര്‍ ചില പ്രവര്‍ത്തനങ്ങള്‍ക്കായി മുന്‍കൈ എടുത്തെങ്കിലും കാര്യമായ പുരോഗതി കണ്ടില്ല. കാലാവസ്ഥാ വ്യതിയാനം സാവധാനത്തിലാണു് ഉണ്ടാകുന്നതെങ്കിലും നമ്മള്‍ ഇനിയും കണ്ണടച്ചിരുന്നുകൂട. ഈ വര്‍ഷം കാലാവസ്ഥയില്‍ ദൃശ്യമായ മാറ്റങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമാണോ എന്നു നമുക്കറിയില്ല. എങ്കിലും മാര്‍ച്ചു മാസത്തിലെ അസാധാരണമായ മഴയും തുടര്‍ന്നുള്ള കാലവര്‍ഷക്കാലത്തു ലഭിച്ച മഴയുടെ കുറവും നമുക്കു പല പ്രശ്നങ്ങളും ഉണ്ടാക്കിയിട്ടുണ്ടല്ലോ. ഈ സാഹചര്യത്തില്‍ ഭാവിയേപ്പറ്റി നമ്മള്‍ നന്നായി ചിന്തിക്കുകയും പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ കഴിയുന്നത്ര ചെയ്യുകയും വേണ്ടേ?

2 comments:

Joseph Antony said...

ശശി സര്‍, ഇത്‌ ശരിയാണോ, ജൂണില്‍ അവധി കൊടുത്ത്‌ നമ്മുടെ സര്‍ക്കാര്‍ പരീക്ഷണം നടത്തിയിട്ടുണ്ടോ, മുസ്ലീം മാനേജ്‌മെന്റ്‌ സ്‌കൂളുകള്‍ക്ക്‌ വ്രതമാസത്തില്‍ അവധികൊടുക്കും പോലെ.

ലേഖനം നന്നായിരിക്കുന്നു. കാലാവസ്ഥാമാറ്റം മലയാളികള്‍ ഇനിയും ഗൗരവത്തില്‍ കണ്ടുതുടങ്ങിയിട്ടില്ല. കഴിഞ്ഞ രണ്ട്‌ വര്‍ഷമായി കേരളത്തില്‍ ദുരിതം വിതയ്‌ക്കുന്ന ചിക്കുന്‍ ഗുനിയ പോലും കാലാവസ്ഥാ വ്യതിയാനത്തിന്റെ ആപത്‌ സൂചനയാണെന്നു വേണം അനുമാനിക്കാന്‍.

ലേഖനത്തില്‍ ഒരിടത്ത്‌ വര്‍ഷം മാറിപ്പോയിട്ടുണ്ട്‌; 1950 എന്നത്‌ 1850 എന്നായിരിക്കുന്നു.

കേരളചിന്തകള്‍ക്കും ശശിസാറിനും പുതുവത്സരാശംസകള്‍...

V. Sasi Kumar said...

കുറിപ്പിനു നന്ദി. എന്റെ കുട്ടിക്കാലത്തു് ഞാന്‍ സ്ക്കൂളില്‍ പഠിക്കുമ്പോഴായിരുന്നു അവധിക്കാലം മാറ്റി സര്‍ക്കാര്‍ പരീക്ഷണം നടത്തിയതു്. വര്‍ഷം ഓര്‍മ്മയില്ല, പക്ഷെ ആയിരത്തിത്തൊള്ളായിരത്തി അറുപതുകളിലായിരിക്കണം.

പിന്നെ. വര്‍ഷം എഴുതിയതില്‍ തെറ്റു് പറ്റിയിട്ടില്ല. 1850 തന്നെ. അതിനു ശേഷമുള്ള 150 വര്‍ഷത്തെ താപനിലയുടെ കാര്യമാണു് പറയുന്നതു്.