ശാരീരികവും മാനസികവുമായ ആരോഗ്യത്തിന്റെ ഒരു സൂചകമാണു് ഉറക്കം. മാനസികമായ പിരിമുറുക്കം, വര്‍ദ്ധിച്ച രക്തസമ്മര്‍ദ്ദം, തുടങ്ങി പലതും ശരിയായ ഉറക്കം ലഭിച്ചില്ലെങ്കില്‍ വഷളാകാം. മറിച്ചു് ആവശ്യത്തിനു് ഉറക്കം ലഭിക്കാത്തതു് മാനസിക പിരിമുറുക്കവും രക്തസമ്മര്‍ദ്ദവും വര്‍ദ്ധിക്കാനും ശ്രദ്ധ കുറയ്ക്കാനും മറ്റും കാരണമാവാം. ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിലെ നീര്‍വീഴ്ച കുറയ്ക്കാന്‍ പോലും ശരിയായ ഉറക്കം സഹായിക്കും എന്നു് പഠനങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ടു്. എന്നാല്‍, വേണ്ടത്ര ഉറക്കമില്ലായ്മ കൌമാരപ്രായക്കാരെ കുറ്റകൃത്യങ്ങളിലേക്കു് നയിക്കാന്‍ സാദ്ധ്യതയുണ്ടു് എന്നു് ആദ്യമായിട്ടാണു് സൂചന ലഭിക്കുന്നതു്.
1980കളിലും 90കളിലും HIV/AIDS \mal പകര്‍ച്ചവ്യാധിയെപ്പറ്റി മനസിലാക്കേണ്ടി വന്നപ്പോഴാണു് കൌമാരപ്രായക്കാരുടെ ലൈംഗിക ശീലങ്ങളും ആരോഗ്യസ്ഥിതിയും പഠിക്കാനായി അമേരിക്കന്‍ സര്‍ക്കാര്‍ അഞ്ചു വര്‍ഷത്തെ പദ്ധതി ആവിഷ്ക്കരിച്ചതു്. National Longitudinal Study of Adolescent Health (കൌമാരപ്രായക്കാരുടെ ആരോഗ്യത്തെക്കുറിച്ചുള്ള തുടര്‍ച്ചയായ പഠനം) എന്നായിരുന്നു ഇതിന്റെ പേരു്. കൌമാരപ്രായക്കാരുടെ ലൈംഗികതയെപ്പറ്റി ദേശീയതലത്തിലുള്ള ഏക പഠനം ഇതായിരിക്കാം. (1991ല്‍ മറ്റൊരു പഠനം അമേരിക്കന്‍ സര്‍ക്കാര്‍ അംഗീകരിച്ചുവെങ്കിലും കുട്ടികള്‍ ലൈംഗികബന്ധത്തെ നിസ്സാരമായി കാണാനിടയാക്കും എന്നു് പലരും കുറ്റപ്പെടുത്തിയതിനെത്തുടര്‍ന്നു് ഈ പഠനം നിര്‍ത്തിവച്ചു.) ഇതിനു വേണ്ടി അമേരിക്കയില്‍ ദേശീയതലത്തില്‍ വളരെയധികം വിവരങ്ങള്‍ ശേഖരിച്ചിരുന്നു. അതേ വിവരങ്ങള്‍ തന്നെയാണു് പുതിയ പഠനത്തിനും ഉപയോഗിച്ചിരിക്കുന്നതു്.
ആവശ്യത്തിനു് ഉറങ്ങുന്നതു് ആരോഗ്യത്തിനു് നന്നാണെന്നും ആവശ്യത്തിനു് ഉറക്കം ലഭിക്കാത്തതു് പല ശാരീരിക പ്രശ്നങ്ങള്‍ക്കും കാരണമാകാം എന്നും മുമ്പേ തന്നെ വ്യക്തമായിരുന്നു എങ്കിലും കൌമാരപ്രായക്കാരുടെ കുറ്റകൃത്യങ്ങളെക്കുറിച്ചു് പഠിക്കുന്നവര്‍ ഇതുവരെ ഉറക്കത്തിന്റെ പങ്കിനെക്കുറിച്ചു് ശ്രദ്ധിച്ചിരുന്നില്ല. പുതിയ പഠനത്തിന്റെ ഉദ്ദേശ്യം ആ കുറവു് പരിഹരിക്കുക എന്നതായിരുന്നു. 8-10 മണിക്കൂര്‍ ഉറക്കം ലഭിക്കുന്ന കൌമാരപ്രായക്കാരുടെ ഇടയിലുള്ളതിനെക്കാള്‍ ഏഴു മണിക്കൂറില്‍ താഴെ ഉറങ്ങുന്നവരുടെ ഇടയില്‍ കുറ്റവാസനയുള്ളവര്‍ പ്രകടമായി കൂടുതലാണു് എന്നാണു് പഠനഫലം കാണിച്ചതു്. മാത്രമല്ല, ദിവസം 5 മണിക്കൂറോ അതില്‍ താഴെയോ മാത്രം ഉറങ്ങുന്ന കൌമാരപ്രായക്കാരുടെ ഇടയില്‍ ഹിംസാത്മകമായ കുറ്റകൃത്യവാസന പ്രകടമായി കൂടുതലാണെന്നും ഈ പഠനം സൂചിപ്പിക്കുന്നു.
കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള വാസന ഉണ്ടാക്കുന്നതില്‍ ആവശ്യത്തിനു് ഉറക്കം ലഭിക്കാത്തതിനു് ഒരു പ്രധാന പങ്കുണ്ടായിരിക്കാം എന്നാണു് ഈ പഠനം കാണിക്കുന്നതു്. കുറ്റവാസന ഉണ്ടാക്കുന്നതിനു് കാരണമാകുന്നതില്‍ ഇന്നുവരെ ശ്രദ്ധിക്കാതിരുന്ന ഒരു കാര്യമാണു് ഉറക്കം. ജീവിതത്തല്‍ നേട്ടങ്ങളുണ്ടാക്കാനും മറ്റും പരക്കം പായുന്നതിനിടയില്‍ ഒരുപക്ഷെ വളരെയധികം നഷ്ടമാകുന്ന ഒരു കാര്യം കൂടിയാണു് ഉറക്കം. ഹൃദ്‌രോഗങ്ങളും രക്തസമ്മര്‍ദ്ദവും മറ്റും വര്‍ദ്ധിച്ചു വരുന്നതില്‍ ഉറക്കക്കുറവിനും ഒരു പങ്കുണ്ടായിരിക്കണം. മറിച്ചു്, ഉറക്കം ആവശ്യത്തിനു് ലഭിക്കാതിരിക്കുന്നതിനു് ഇന്നത്തെ ജീവിതരീതിക്കു്, വിശേഷിച്ചു് അവനവന്‍ ലക്ഷ്യമിടുന്ന നേട്ടങ്ങള്‍ കൈവരിക്കാനുള്ള മാനസിക സമ്മര്‍ദ്ദത്തിനു്, കാര്യമായ പങ്കുണ്ടാവണം.
ഇന്ത്യയിലും കേരളത്തിലും കൌമാരപ്രായത്തില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ വളരെയധികമില്ല. എന്നാല്‍ അതു് വര്‍ധിച്ചുവരുന്നില്ലേ എന്നു് പരിശോധിക്കേണ്ടതുണ്ടു്. ഈ സന്ദര്‍ഭത്തില്‍ പ്രസക്തമായ മറ്റൊരു പഠനത്തിന്റെ കാര്യം ഇവിടെ പറയേണ്ടതുണ്ടു്. 2004ല്‍ അമേരിക്കയിലെ അരിസോണ സ്റ്റേറ്റ് സര്‍വ്വകലാശാലയിലെയും ചൈനയിലെ ഷാന്‍ഡോങ്ങ് സര്‍വ്വകലാശാലയിലെയും ക്സിയാന്‍ചെങ്ങ് ലിയു നടത്തിയ പഠനമാണിതു്. ഉറക്കശീലങ്ങളും ഉറക്കത്തിന്റെ പ്രശ്നങ്ങളും ആത്മഹത്യാപ്രവണതയുമാണു് അദ്ദേഹം പഠനവിധേയമാക്കിയതു്. അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ പ്രാധാന്യമര്‍ഹിക്കുന്നവയാണു്. പഠനവിധേയമാക്കിയവരില്‍ 19.3% പേരാണു് ആത്മഹത്യയെപ്പറ്റി ചിന്തിച്ചിട്ടുണ്ടു് എന്നു പറഞ്ഞതു് -- അതായതു് ഏതാണ്ടു് അഞ്ചു പേരില്‍ ഒരാള്‍! കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ ഒരിക്കലെങ്കിലും ആത്മഹത്യാശ്രമം നടത്തിയവര്‍ 10.5% പേരാണു്. 16.9% പേര്‍ ഉറക്കക്കുറവിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടായീരുന്നു. മുമ്പിലത്തെ ഒരു മാസത്തില്‍ പേടിസ്വപ്നങ്ങള്‍ കാണുന്നുണ്ടായിരുന്നു എന്നു് പറഞ്ഞവര്‍ പകുതിയോളമാണു്. ആകെ പഠനവിധേയമായവര്‍ ശരാശരി ഉറങ്ങിയിരുന്നതു് 8 മണിക്കൂറില്‍ താഴെയായിരുന്നു. വിദ്യാര്‍ത്ഥികളില്‍ ഉറക്കത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാണിക്കുന്ന വളരെ പ്രധാനമായ പഠനമാണിതു്.
കേരളത്തില്‍ ഇന്നു് നമ്മള്‍ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണു് പല കുട്ടികളും ചെറുപ്പക്കാരും, ചിലപ്പോള്‍ നമുക്കു് അറിയാവുന്ന കാരണങ്ങളില്ലെങ്കില്‍ പോലും, ആത്മഹത്യ ചെയ്യുന്നതു്. ഇതു് പഠനവിധേയമാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. എന്നാല്‍ മുകളില്‍ സൂചിപ്പിച്ച പഠനങ്ങള്‍ നമുക്കു് ചില കാര്യങ്ങള്‍ മനസിലാക്കിത്തരേണ്ടതാണു്. പല വിദ്യാര്‍ത്ഥികളും അതിരാവിലെ ട്യൂഷനു് പോയാല്‍ തിരികെ വീട്ടില്‍ വരുന്നതു് രാത്രിയായ ശേഷമാണു്. അതിനു ശേഷം വേണം ക്ലാസിലെ അദ്ധ്യാപകരും ട്യൂഷന്‍ മാസ്റ്റര്‍മാരും നല്‍കിയിട്ടുള്ള പഠനപ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ടതു്. ഇതിനെല്ലാം ശേഷം മാനസികോല്ലാസത്തിനു് അവര്‍ക്കു് ആവശ്യമായ സമയം കിട്ടുന്നില്ല. ആകെക്കൂടിയുള്ള ടെലിവിഷന്‍ കാണല്‍ എന്ന പരിപാടി മാനസികോല്ലാസമായി കാണാനാവില്ല. ഇതിനെല്ലാം സമയം മാറ്റിവെച്ച ശേഷം പലര്‍ക്കും ആവശ്യായത്ര ഉറങ്ങാന്‍ സമയം കിട്ടുന്നുണ്ടാവില്ല. കുട്ടിക്കാലത്തെ ഈ ജീവിതശൈലി അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്നുണ്ടാവണം. നമ്മളിതു് വേണ്ടവിധത്തില്‍ പഠിച്ചിട്ടില്ല.
ഇന്നത്തെ ജീവിതത്തില്‍ നമ്മള്‍ വളരെയധികം പ്രാധാന്യം നല്‍കുന്നതു് നേട്ടങ്ങളിലാണു്. വിദ്യാഭ്യാസകാലത്തു് മറ്റുള്ളവരേക്കാള്‍ മാര്‍ക്കുവാങ്ങുന്നതിനാണു് നമ്മള്‍ കുട്ടികളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതു്. അതു് നേടാനായി രാത്രികാലത്തു് ഉണര്‍ന്നിരുന്നു് പഠിക്കാനായി നമ്മള്‍ കാപ്പിയോ കട്ടന്‍ചായയോ എല്ലാം ഉണ്ടാക്കിക്കൊടുക്കുന്നു. പഠിക്കുന്ന കാര്യങ്ങള്‍ മനസിലാക്കുന്നതിനേക്കാള്‍ മാര്‍ക്കിനു് പ്രാധാന്യം നല്‍കുന്നതിനാല്‍ കുട്ടികള്‍ കാര്യങ്ങള്‍ വേണ്ടവിധം മനസിലാക്കാന്‍ ശ്രമിക്കുന്നില്ല. ക്ലാസിലെ മത്സരം കാരണം ശ്രദ്ധ ഏറ്റവും കൂടുതല്‍ മാര്‍ക്കു് വാങ്ങുന്നതില്‍ മാത്രമാകുന്നു. പരീക്ഷകളില്‍ തന്റെ കഴിവിന്റെ പരമാവധി നന്നായി എഴുതാന്‍ ശ്രമിക്കുന്നു. ഉറക്കം കളഞ്ഞും പഠിക്കാന്‍ ശ്രമിക്കുന്നു. മാതാപിതാക്കളും മറ്റു ബന്ധുക്കളും ഇതിനെയെല്ലാം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പക്ഷെ ഇതെല്ലാം കുട്ടികളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നു് നമ്മള്‍ അന്വേഷിക്കുന്നതേയില്ല. ഇതൊക്കെത്തന്നെ ആവുമോ കുട്ടികളുടെ ആത്മഹത്യയിലേക്കു് നയിക്കുന്നതു്? നമ്മളതു് അന്വേഷിക്കേണ്ടതല്ലേ? അവര്‍ നമ്മുടെ മക്കളല്ലേ?
സാമ്പത്തികമായി മെച്ചപ്പെടാനും ``പുരോഗതി'' കൈവരിക്കാനുമുള്ള നമ്മുടെ പരക്കം പാച്ചില്‍ തുടങ്ങിയിട്ടു് അധികം കാലമായില്ല. ആ രംഗത്തു് നമ്മേക്കാള്‍ വളരെദൂരം പോയിക്കഴിഞ്ഞ രാജ്യങ്ങളില്‍ നിന്നുള്ള അനുഭവപാഠങ്ങള്‍ അവഗണിക്കുന്നതു് നമുക്കു് പ്രശ്നങ്ങളുണ്ടാക്കുകയേയുള്ളൂ. മേല്പറഞ്ഞ പഠനങ്ങള്‍ പോലെയുള്ള പലതും അത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ നമ്മെ സഹായിക്കേണ്ടതാണു്. നമ്മളെല്ലാം ഇത്തരം കുറേ കാര്യങ്ങള്‍ ശ്രദ്ധിച്ചുവെങ്കില്‍!
(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് \eng by-sa \mal ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)
(തേജസ് പത്രത്തിനുവേണ്ടി എഴുതിയ ലേഖനം)
(തേജസ് പത്രത്തിനുവേണ്ടി എഴുതിയ ലേഖനം)
No comments:
Post a Comment