ഈ വര്‍ഷത്തെ അനുഭവത്തിനു ശേഷം കാലാവസ്ഥാവ്യതിയാനം (climate change) ഉണ്ടാകുന്നില്ല എന്നാരും പറയില്ല. മാര്‍ച്ചിലെ അസാധാരണ മഴയും തുടര്‍ന്ന് ഇടവപ്പാതിയിലെ അസാധാരണ ഉണക്കും എല്ലാവരെയും ബുദ്ധിമുട്ടിക്കുകയും ഞെട്ടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്തിന്, സര്‍ക്കാര്‍ പോലും പ്രവര്‍ത്യോന്മുഖമായിരിക്കുന്നു. കാലാവസ്ഥാവ്യതിയാനത്തേപ്പറ്റി ഒരു വൈറ്റ് പേപ്പര്‍ തയാറാക്കാനായി ഒരു കമ്മിറ്റിയെ തന്നെ ഏല്‍പ്പിച്ചിരിക്കയാണ്.
എന്താണീ കാലാവസ്ഥാവ്യതിയാനം? ചുരുക്കിപ്പറഞ്ഞാല്‍ മനുഷ്യന് അനിയന്ത്രിതമായി പെട്രോളിയം കത്തിക്കുകയും കാടു വെട്ടിത്തെളിക്കുകയും ചെയ്യുന്നതിന്റെ ഫലമായി അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡ് എന്ന വാതകത്തിന്റെ അളവ് വളരെ കൂടുകയും തത്ഫലമായി അന്തരീക്ഷത്തിന്റെ ഊഷ്മാവ് വര്‍ദ്ധിക്കുകയും ചെയ്തിരിക്കുന്നു. പക്ഷെ അതു കൊണ്ടവസാനിക്കുന്നില്ല. ഊഷ്മാവ് കൂടുമ്പോള്‍ കൂടുതല്‍ മഞ്ഞുരുകുന്നു. ധ്രുവങ്ങളിലും പര്‍വ്വതങ്ങള്‍ക്കു മുകളിലും ഖനീഭവിച്ചു കിടന്നിരുന്ന മഞ്ഞ് ഉരുകിത്തുടങ്ങിയിരിക്കുന്നു. ഇങ്ങനെ ഉണ്ടാകുന്ന വെള്ളം കടലില്‍ ചെന്നു ചേരുമല്ലോ. ഇത് കടല്‍ നിരപ്പുയരാന്‍ കാരണമാകുന്നു. മാത്രമല്ല, ഊഷ്മാവ് കൂടുമ്പോള്‍ ജലത്തിന്റെ വ്യാപ്തം വര്‍ദ്ധിക്കുന്നതു കൊണ്ടും കടല്‍നിരപ്പുയരുന്നു. അങ്ങനെ, താഴ്ന്നു കിടക്കുന്ന തീരപ്രദേശങ്ങളും ദ്വീപുകളും കടലിനടിയിലാകാന്‍ ഇടയാവുന്നു. ശരാശരി ഊഷ്മാവ് വര്‍ദ്ധിക്കുന്നതുകൊണ്ട് പല ജീവികള്‍ക്കും അവ ജീവിച്ചിരുന്നയിടങ്ങളില്‍ ജീവിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്നു. മത്സ്യങ്ങളും മൃഗങ്ങളും കൂടുതല്‍ തണുപ്പുള്ളയിടങ്ങള്‍ അന്വേഷിച്ചു പോകാം. എന്നാല്‍ ചെടികളെന്തു ചെയ്യും? അവയ്ക്ക് മറ്റൊരിടത്തേക്ക് പോകാന്‍ കഴിയാത്തതുകൊണ്ട് അവയുടെ വളര്‍ച്ച മുരടിക്കാം. ചെടികളുടെ ഉത്പ്പാദനക്ഷമത കുറയും. കാലാവസ്ഥാ വ്യതിയാനം പഠിക്കാനായി ഐക്യരാഷ്ടസഭ ഉണ്ടാക്കിയ Intergovernmental Panel on Climate Change അഥവാ IPCC യുടെ 2007 ലിറങ്ങിയ നാലാം റിപ്പോര്‍ട്ടനുസരിച്ച് മൊത്തം മഴ കുറയുമെങ്കിലും മഴയുടെയും വരള്‍ച്ചയുടെയും തീവ്രത വര്‍ദ്ധിക്കാനാണ് സാദ്ധ്യത. ഇങ്ങനെ പല പ്രത്യാഘാതങ്ങളുമുണ്ടാകാം.
ഇത് കേരളത്തെ എങ്ങനെ ബാധിക്കും എന്നാലോചിച്ചു നോക്കൂ. കടല്‍ നിരപ്പുയര്‍ന്നാല്‍ കേരളതീരത്തുള്ള താഴ്ന്നയിടങ്ങളില്‍ കടല്‍ വെള്ളം കയറാം. ശരാശരി കടല്‍ നിരപ്പ് അര മീറ്റല്‍ ഉയര്‍ന്നാല്‍ ജലം എവിടെ വരെ കയറും എന്ന് ഇപ്പോള്‍ നമുക്കറിയില്ല. കടല്‍ നിര്പ്പുയരുമ്പോള്‍ നദികളില്‍ ഇപ്പോള്‍ കാണുന്നതിനേക്കാള്‍ ഉള്ളിലേക്ക് ഉപ്പുവെള്ളത്തിന്റെ പ്രഭാവമുണ്ടാകും. ഇപ്പോള്‍ത്തന്നെ ഭക്ഷണാവശ്യങ്ങള്‍ക്കായി മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന നമ്മള് കൂടുതല്‍ ദൂരെ നിന്ന് ഭക്ഷണം കൊണ്ടുവരേണ്ടി വരാം. മൊത്തം ലഭിക്കുന്ന മഴയുടെ അളവു കുറയുന്നതുകൊണ്ട് ജലലഭ്യത കുറയാനാണ് സാദ്ധ്യത. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നമ്മുടെ കുളങ്ങളും തടാകങ്ങളും നികത്തിയതിന്റെ തിക്തഫലങ്ങള്‍ ഇനിയും അറിയാനിരിക്കുന്നതേയുള്ളൂ. മനുഷ്യരാശിയുടെ തന്നെ ആര്‍ത്തി മൂത്ത ജീവിതരീതി തന്നെയാണ് നമ്മെ ഇത്തരമൊരവസ്ഥയില്‍ കൊണ്ടുവന്നെത്തിച്ചിരിക്കുന്നത്. ഇതിന് ഈ കൊച്ചു കേരളത്തില്‍ മാത്ര ജീവിക്കുന്നവര്‍ വിചാരിച്ചാല്‍ കാര്യമായ മാറ്റമൊന്നും വരുത്താനാവില്ല. എന്നാല്‍ കാലാവസ്ഥാവ്യതിയാനം കൊണ്ടുണ്ടാകുന്ന ദോഷഫലങ്ങളില്‍ നിന്ന് കുറേയൊക്കെ ആശ്വാസം ലഭിക്കാന്‍ കഴിഞ്ഞേക്കും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ താല്പര്യമെടുത്തു കാണുന്നത് നല്ലതുതന്നെ. പക്ഷെ അതുകൊണ്ട് സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ പോര. വരാന്‍ പോകുന്ന വിപത്തിനെ നമ്മള് തിരിച്ചറിഞ്ഞ് വേണ്ട രീതിയില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ അതിന്റെ ഫലം നമ്മള് ജനങ്ങള്‍ തന്നെ അനുഭവിക്കേണ്ടി വരും.
No comments:
Post a Comment