(തേജസ് പത്രത്തില്‍ ജൂലൈ 2010ല്‍ പ്രസിദ്ധീകരിച്ച ലേഖനം)
നമ്മില്‍ പലര്‍ക്കും `തന്മാത്ര' എന്ന ചലച്ചിത്രം പരിചയപ്പെടുത്തിത്തന്ന രോഗമാണു് അല്‍ഷൈമേഴ്സ്. പൂര്‍ണ്ണ ആരോഗ്യത്തോടെ നടക്കുന്ന ഒരു വ്യക്തി ക്രമേണ ഓര്‍മ്മ നഷ്ടപ്പെട്ടു് അസാധാരണമായി പെരുമാറുന്നതു കണ്ടപ്പോള്‍ കണ്ണു നനയാത്തവരുണ്ടാവില്ല. എന്നാല്‍ അതു് ആര്‍ക്കും വരാവുന്ന രോഗമാണെന്നു മനസിലാകുമ്പോള്‍ ആ സഹാനുഭൂതി ഒരുതരം ഭയമായി മാറുന്നതു് ചിലപ്പോഴെങ്കിലും കാണാം. കേരളത്തിലും പ്രായമായ പലരിലും കണ്ടു തുടങ്ങിയിട്ടുള്ള രോഗമാണു് അല്‍ഷൈമേഴ്സ്. പ്രശസ്തരായ ചിലരും ഇതിനു് അടിപ്പെട്ടിട്ടുണ്ടു്. അല്‍ഷൈമേഴ്സിനു് ഒരു പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങള്‍ കുറച്ചു കാലമായി നടക്കുന്നതാണു്. എന്നാല്‍ അതിനൊരു വഴി കാണാനാവാതെ കുഴങ്ങുകയായിരുന്നു ശാസ്ത്രജ്ഞര്‍. അടുത്ത കാലത്തെ ഒരു കണ്ടെത്തല്‍ അല്‍ഷൈമേഴ്സിനുള്ള ഒരു ചികിത്സയിലേയ്ക്കു് നയിക്കാന്‍ സാദ്ധ്യതയുണ്ടെന്നു് കരുതപ്പെടുന്നു.
ഡെമെന്‍ഷ്യ (dementia) എന്ന രോഗത്തിന്റെ ഒരു വകഭേദമാണു് അല്‍ഷൈമേഴ്സ്. മറവി തന്നെയാണു് ഡെമെന്‍ഷ്യയുടെ ലക്ഷണം. പണ്ടുണ്ടായ കാര്യങ്ങളോ പണ്ടൊരിക്കല്‍ കണ്ട വ്യക്തിയുടെ പേരോ വിവരങ്ങളോ മറക്കുക സ്വാഭാവികമാണു്. എന്നാല്‍ അങ്ങനെയല്ലാത്ത മറവിയാണു് ഡെമെന്‍ഷ്യയുടെ ലക്ഷണം. മറക്കുന്നതു് അടുത്ത കാലത്തുണ്ടായ കാര്യങ്ങളാവാം, അല്ലെങ്കില്‍ അടുത്തുള്ളവരുടെ പേരാകാം. മറ്റുള്ളവര്‍ക്കു് അസ്വാഭാവികമായി തോന്നുന്ന തരത്തിലുള്ള മറവിയാണു് ഡെമെന്‍ഷ്യയായി മാറാന്‍ സാദ്ധ്യതയുള്ളതു്.
രണ്ടു കാരണങ്ങള്‍ കൊണ്ടു് ഡെമെന്‍ഷ്യയുണ്ടാവാം. ഒരു കാരണം മസ്തിഷ്ക്കത്തിനേല്‍ക്കുന്ന ക്ഷതമാണു്. വാഹനാപകടങ്ങളില്‍നിന്നും മറ്റും ഏല്‍ക്കാവുന്ന ഇത്തരം ക്ഷതം മൂലമുണ്ടാകുന്ന ഡെമെന്‍ഷ്യ ഒരേ നിലയ്ക്കുതന്നെ തുടരും. അതായതു് വ്യക്തിയുടെ സ്ഥിതിയില്‍ കാര്യമായ മാറ്റമൊന്നും ദൃശ്യമാവില്ല. രോഗമാണു് ഡെമെന്‍ഷ്യയുണ്ടാവാനുള്ള മറ്റൊരു കാരണം. അങ്ങനെയാണെങ്കില്‍ രോഗിയുടെ മറവി കൂടിക്കൂടി വരുന്നതു് കാണാം. പൊതുവെ വാര്‍ദ്ധക്യകാലത്താണു് ഡെമെന്‍ഷ്യ കണ്ടുവരുന്നതു്. പണ്ടു് ഇതു് വാര്‍ദ്ധക്യത്തിന്റെ ഫലമായുണ്ടാകുന്നതാണു് എന്നു് കരുതിയിരുന്നു. എന്നാല്‍ അല്‍ഷൈമേഴ്സുമായി അതിനുള്ള ബന്ധം ശ്രദ്ധയില്‍ പെട്ടപ്പോഴാണു് ഇതു് വാര്‍ദ്ധക്യം മൂലമുണ്ടാവുന്നതല്ല എന്നും രോഗമാണെന്നും തിരിച്ചറിഞ്ഞതു്. എന്നാല്‍ വാര്‍ദ്ധക്യത്തിനു മുമ്പും ഡെമെന്‍ഷ്യയുണ്ടാവാം, വളരെ അസാധാരണമാണെങ്കിലും. ക്രമേണ വഷളായിവരുന്ന (progressive) രോഗമാണു് ഡെമെന്‍ഷ്യ. ഇതു് ചികിത്സിച്ചു് ഭേദമാക്കാന്‍ ആധുനിക വൈദ്യശാസ്ത്രത്തിനു് (modern medicine) ആവില്ല. മറ്റു ചികിത്സാരീതികള്‍ ഫലവത്തായതായി ചിലപ്പോഴൊക്കെ കേള്‍ക്കാറുണ്ടു്.
1906ല്‍ ജര്‍മ്മന്‍ ന്യൂറോപാതോളജിസ്റ്റായ അല്‍ഷൈമറാണു് ഏറ്റവും സാധാരണമായി കണ്ടുവരുന്ന ഡെമെന്‍ഷ്യയുടെ ലക്ഷണങ്ങള്‍ ആദ്യമായി ക്രോഡീകരിച്ചതു്. അല്ഷൈമര് തരത്തില്‍പ്പെട്ട സെനൈല്‍ ഡെമെന്‍ഷ്യ (Senile Dementia of the Alzheimer Type, SDAT) എന്ന പേരിലും അറിയപ്പെടുന്ന ഈ രോഗം ഇന്നു് മൂന്നു കോടിയോളം മനുഷ്യരെ ബാധിച്ചിട്ടുണ്ടു് എന്നു് കണക്കാക്കപ്പെടുന്നു. 2050ഓടെ 85 പേരില്‍ ഒരാള്‍ക്കു് അല്‍ഷൈമേഴ്സ് ഉണ്ടാകും എന്നാണു് പ്രവചനം. സാധാരണഗതിയില്‍ 65 വയസു കഴിഞ്ഞവര്‍ക്കാണു് ഇതുണ്ടാകുന്നതു്. എന്നാല്‍ ചിലപ്പോഴൊക്കെ അതില്‍ താഴെ പ്രായമുള്ളവരിലും വളരെ വിരളമായി ചെറുപ്പക്കാരിലും ഈ രോഗം കാണാറുണ്ടത്രെ. `തന്മാത്ര' എന്ന ചലച്ചിത്രത്തെക്കുറിച്ചുള്ള ഒരു പരാതി അതിലെ കഥാപാത്രത്തെപ്പോലെ ഇത്ര ചെറുപ്രായത്തില്‍ ഈ രോഗം വരാറില്ല എന്നായിരുന്നു. എന്നാല്‍ അതു് ശരിയല്ല. പ്രായം കുറഞ്ഞവരെയും അല്‍ഷൈമേഴ്സ് ബാധിക്കാറുണ്ടു്. ഇവരില്‍ പകുതിയിലധികം പേരും കുടുംബത്തില്‍ ഈ രോഗത്തിന്റെ ചരിത്രമുള്ളവരാണു്. അങ്ങനെയുള്ളവര്‍ക്കു് 16 വയസില്‍ പോലും രോഗം കണ്ടിട്ടുണ്ടത്രെ. എന്നാല്‍ 65 വയസിനു മുമ്പു് അല്‍ഷൈമേഴ്സ് കാണുന്നതു് അധികവും 40ഉം 50ഉം വയസുള്ളവരിലാണു്.
ഓരോ രോഗിയിലും ഓരോ വിധത്തിലാണു് രോഗലക്ഷണം കാണുന്നതു്. പൊതുവെ ആദ്യമായി കാണുന്നതു് പുതിയ ഓര്‍മ്മകള്‍ ഉണ്ടാവാനുള്ള ബുദ്ധിമുട്ടാണു്. കുറച്ചുമുമ്പു് കണ്ട കാര്യങ്ങളോ കേട്ട വിവരങ്ങളോ ഓര്‍മ്മിച്ചുവയ്ക്കാന്‍ പറ്റായ്കയാണു് പലപ്പോഴും ആദ്യം കാണുന്ന ലക്ഷണം. ``ഞാന്‍ കണ്ണട എവിടെ വച്ചു?'' ``നീയെന്താ കുറച്ചു മുമ്പു് എന്നോടു പറഞ്ഞതു്?'' തുടങ്ങിയ ചോദ്യങ്ങള്‍ നമുക്കു് പരിചിതമാണു്. ഇതു് എപ്പോഴും അല്‍ഷൈമേഴ്സിന്റെ ലക്ഷണം ആവണമെന്നില്ല. രോഗം മൂര്‍ച്ഛിക്കുന്നതനുസരിച്ചു് രോഗിയ്ക്കു് കൂടുതല്‍ ബുദ്ധിമുട്ടുകളുണ്ടാവുന്നു. സമയം, സ്ഥലം തുടങ്ങിയവയും ചുറ്റുമുള്ളവരുടെ പേരുകളും ഒക്കെ രോഗിക്കു് ഓര്‍മ്മിക്കാന്‍ വയ്യാതാവുന്നു. താനാരാണെന്നുപോലും രോഗി ഓര്‍മ്മിച്ചില്ലെന്നുവരും. ചെറിയ കാര്യങ്ങള്‍ ഇവരെ അസ്വസ്ഥരാക്കാം. നിസ്സാര കാര്യങ്ങള്‍ക്കു് ഇവര്‍ കുപിതരാകാം. സന്തോഷവും ദു:ഖവും മാറിമാറി വരാം. കാലം കഴിയുന്തോറും ഭാഷയുപയോഗിക്കാനുള്ള അവരുടെ കഴിവു് കുറഞ്ഞുവരാം. പിന്നീടു് പഴയ കാര്യങ്ങള്‍ കൂടി അവര്‍ മറന്നു തുടങ്ങാം. ഇന്ദ്രിയങ്ങളുടെ ശേഷി കുറഞ്ഞുവരുന്നതോടെ രോഗി ക്രമേണ ഉള്ളിലേക്കു് വലിയുകയും ഒടുവില്‍ മരണത്തില്‍ അവസാനിക്കുകയും ചെയ്യുന്നു.
അല്‍ഷൈമേഴ്സ് രോഗിയില്‍ എന്തെല്ലാം മാറ്റമുണ്ടാകുമെന്നു് പ്രവചിക്കാനാവില്ല. ചിലപ്പോള്‍ രോഗം ഉണ്ടെന്നു് തിരിച്ചറിയാതെ വര്‍ഷങ്ങള്‍ കടന്നു പോയേക്കാം. രോഗം തിരിച്ചറിഞ്ഞതിനു ശേഷം രോഗി ശരാശരിയായി ഏതാണ്ടു് ഏഴു് വര്‍ഷം വരെ ജീവിച്ചിരിക്കുമെന്നു് പ്രതീക്ഷിക്കാം. മൂന്നു് ശതമാനത്തില്‍ താഴെ രോഗികളേ രോഗമുണ്ടെന്നു് അറിഞ്ഞ ശേഷം പതിനാലു വര്‍ഷത്തിലധികം ജീവിച്ചിരിക്കുന്നുള്ളൂ. രോഗം എങ്ങനെയാണു് ഉണ്ടാകുന്നതെന്നു് മനസിലാക്കാന്‍ ഇതുവരെയായിട്ടില്ല. തലച്ചോറില്‍ നടത്തിയ പഠനങ്ങളില്‍നിന്നു് സെറിബ്രല്‍ കോര്‍ട്ടെക്സ് (cerebral cortex) എന്ന ഭാഗം അല്‍ഷൈമേഴ്സ് രോഗികളില്‍ വളരെ ചുരുങ്ങിയിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടു്. ആധുനിക വൈദ്യശാസ്ത്രത്തില്‍ ചികിത്സ ഉണ്ടെങ്കിലും രോഗലക്ഷണങ്ങളില്‍ ചെറിയ ആശ്വാസമുണ്ടാക്കാന്‍ മാത്രമെ അതിനു് കഴിയൂ. രോഗം ഭേദമാക്കാനോ കുറയ്ക്കാന്‍ പോലുമോ ഇതുവരെ ലഭ്യമായ മരുന്നുകള്‍ക്കു് കഴിഞ്ഞിട്ടില്ല.
ഈ സാഹചര്യത്തിലാണു് എലികളില്‍ നടത്തിയ ഒരു പരീക്ഷണം ശ്രദ്ധേയമാകുന്നതു്. പ്രായമായ എലികളില്‍ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതായി കാണുന്ന ഒരു രാസവസ്തുവാണു് ഇപ്പോള്‍ ശാസ്ത്രജ്ഞരില്‍ താല്പര്യം ജനിപ്പിച്ചിരിക്കുന്നതു്. ടെക്സാസ് സര്‍വ്വകലാശാലയുടെ സൌത്ത് വെസ്റ്റേണ്‍ മെഡിക്കല്‍ സെന്ററിലെ ഗവേഷകരായ സ്റ്റീവന്‍ മക്നൈറ്റ് ()Steven McKnight), ആന്‍ഡ്രൂ പീപ്പര് (Andrew Pieper) എന്നിവരാണു് പുതിയ രാസവസ്തു കണ്ടെത്തിയിരിക്കുന്നതു്. പുതിയ സെല്ലുകളുടെ വളര്‍ച്ചയും നിലനില്പും സാദ്ധ്യമാക്കുന്നതിലൂടെയായിരിക്കണം P7C3 എന്നവര്‍ പേരിട്ടിരിക്കുന്ന ഈ രാസവസ്തു ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതു് എന്നാണു് ഗവേഷകരുടെ അഭിപ്രായം. ആയിരത്തിലധികം ചെറിയ തന്മാത്രകള് എലികളില്‍ പരീക്ഷിച്ചതിനു ശേഷമാണു് ഇതിന്റെ ഗുണഫലം അവര്‍ കണ്ടെത്തിയതു്.
നേരത്തെ പഠനവിധേയമാക്കിയിട്ടുള്ള രണ്ടു് മരുന്നുകള്‍ പ്രവര്‍ത്തിക്കുന്ന രീതിയില്‍ തന്നെയാണു് ഈ രാസവസ്തുവും പ്രവര്‍ത്തിക്കുന്നതു് എന്നവര്‍ പറഞ്ഞു. പക്ഷെ മേല്‍പ്പറഞ്ഞ മരുന്നുകള്‍ പഠനങ്ങളില്‍ ഫലപ്രദമായി കണ്ടില്ല. ഓര്‍മ്മയുടെ കേന്ദ്രമായ ഹിപ്പൊകാമ്പസില്‍ തലച്ചോറിലെ സെല്ലുകളായ ന്യൂറോണുകള്‍ ഉണ്ടാവുന്നു. ഇവ പ്രവര്‍ത്തിച്ചു തുടങ്ങാന്‍ ഏതാണ്ടു് രണ്ടുമുതല്‍ നാലാഴ്ച വരെയെടുക്കും. ഇതിനിടെ അവ പല വിഷമങ്ങളും തരണം ചെയ്യേണ്ടതുണ്ടു്. എന്നാല്‍ യുവ ന്യൂറോണുകളില്‍ പലതും അതിനിടെ നശിച്ചുപോകുന്നു. അല്‍ഷൈമേഴ്സ് പോലെയുള്ള രോഗമുള്ള വ്യക്തിയില്‍ ഈ സെല്ലുകള്‍ക്കു് നിലനില്ക്കാന് കൂടുതല്‍ ബുദ്ധിമുട്ടാണു്. അതു് മെച്ചപ്പെടുത്താനായാല്‍ ഒരുപക്ഷെ അല്‍ഷൈമേഴ്സ്രോഗിയ്ക്കു് ആശ്വാസം കണ്ടെത്താനായി എന്നുവരാം. ഇതാണു് ഗവേഷകര്‍ നോട്ടമിട്ടിരിക്കുന്നതു്. P7C3 യെക്കാള്‍ ശക്തമാണു് അതില്‍നിന്നു് ഉണ്ടാക്കിയ A20 എന്നവര്‍ പേരിട്ടിരിക്കുന്ന മറ്റൊരു രാസവസ്തു എന്നവര്‍ പറഞ്ഞു.
ഇത്രയും പറഞ്ഞതില്‍നിന്നു് അല്‍ഷൈമേഴ്സ് രോഗികള്‍ക്കു് നാളെമുതല്‍ പുതിയ മരുന്നു് കൊടുത്തു തുടങ്ങാമെന്നു് അര്‍ത്ഥമാകുന്നില്ല. പല പരീക്ഷണ ഘട്ടങ്ങളിലൂടെയും കടന്നു പോയതിനു ശേഷം മാത്രമെ ഈ രാസവസ്തു മരുന്നായി അംഗീകരിക്കപ്പെടുകയുള്ളൂ. മരുന്നിനു് പാര്‍ശ്വഫലങ്ങളുണ്ടോ, ഉണ്ടെങ്കില്‍ അവയെന്തെല്ലാമാണു്, വലിയ പ്രശ്നങ്ങളുണ്ടാക്കാത്തതാണോ, പാര്‍ശ്വഫലങ്ങള്‍ തടയാനാകുമോ, എന്നിങ്ങനെയുള്ള കാര്യങ്ങള്‍ മനസിലാക്കേണ്ടതുണ്ടു്. രോഗത്തിന്റെ ഓരോ ഘട്ടത്തിലും മരുന്നു് എത്ര നല്‍കണം എന്നറിയണം. മൃഗങ്ങളിലും മനുഷ്യരിലും നടത്തുന്ന വിശദമായ പഠനങ്ങള്‍ക്കു ശേഷമെ ഒരു രാസവസ്തു മരുന്നായി പ്രഖ്യാപിക്കപ്പെടുകയുള്ളൂ. അല്‍ഷൈമേഴ്സിനു് ഒരു മരുന്നു് ഉണ്ടാവാനുള്ള സാദ്ധ്യത തെളിഞ്ഞു വരുന്നു എന്നു് തല്ക്കാലം ആശ്വസിക്കാം.
(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)