Wednesday, January 16, 2008
മാനസികാരോഗ്യത്തേക്കുറിച്ച് ഒരു ചിത്രപ്രദര്‍ശനം
കേരളത്തിലെ മനോരോഗികളുടെ സ്ഥിതി വളരെ കഷ്ടതരമാണ്. ഒരു ഭാഗത്ത് സമൂഹത്തില്‍ മനോരോഗികളോടുള്ള അവജ്ഞ. കുടുംബത്തില്‍ ഒരാള്‍ക്ക് മനോരോഗമുണ്ടെങ്കില്‍ ആ വിവരം പുറത്തറിയാതിരിക്കാന്‍ ശ്രമിക്കുക, ആ വ്യക്തിയെ മറ്റുള്ളവരുടെ ദൃഷ്ടിടില്‍ പെടാതെ ഒളിപ്പിച്ചു വയ്ക്കുകയോ ഏതെങ്കിലും മനോരോഗാശുപത്രിയിലോ കൊണ്ടുപോയി ഉപേക്ഷിക്കുക തുടങ്ങിയ കാര്യങ്ങളാണ് പലരും ചെയ്‍യുന്നത്. ഇനി മനോരോഗാശുപത്രിയിലെ കാര്യമാണെങ്കിലോ, ദയനീയമാണ്. പലപ്പോഴും കട്ടിലുണ്ടാവില്ല. ഉള്ള കട്ടിലുകള്‍ തന്നെ ഇരുമ്പുകൊണ്ടുള്ളവ. അതില്‍ മെത്തയോ തലയിണയോ ഉണ്ടാവില്ല. പലപ്പോഴും വിരിപ്പു പോലും ഉണ്ടാവില്ല. ആറും ഏഴും പേരെയാണ് ഒരു മുറിയിലിടുന്നത്. ഭക്ഷണം പലപ്പോഴും കമ്പിയഴിയിട്ട വാതിലിനടിയില്‍ക്കൂടി അകത്തേക്ക് ഒരുന്താണ്. വേണ്ട, കൂടുതല്‍ വിവരിക്കുന്നത് ശരിയല്ല. കാരണം ഇതൊന്നും ഞാന്‍ നേരിട്ടു കണ്ടതല്ല. പലരും പറഞ്ഞുകേട്ടതാണ്. ഇരുപതോളം വര്‍ഷം മുമ്പ് എങ്ങനെയായിരുന്നു എന്ന് എന്റെ സുഹൃത്ത് സുന്ദര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. അദ്ദേഹം എണ്പതുകളുടെ മദ്ധ്യത്തില്‍ തിരുവനന്തപുരത്തെ മാനസികചികിത്സാകേന്ദ്രം സന്ദര്‍ശിച്ചിരുന്നു. അന്ന് അദ്ദേഹത്തോടൊപ്പം നല്ലൊരു രാഷ്ട്രീയപ്രവര്‍ത്തകനും ഉണ്ടായിരുന്നു -- ശ്രീ കെ.വി. സുരേന്ദ്രനാഥ്. അവരവിടെ കണ്ട കാഴ്ചകള്‍ സുന്ദര്‍ ലേഖനങ്ങളായി കലാകൌമുദിയില്‍ എഴുതി. തുടര്‍ന്ന് നടപടികളുണ്ടായി. ആശുപത്രിയില്‍ കുറേയൊക്കെ മാറ്റങ്ങളുണ്ടായി. സുന്ദറിന്റെ അന്നത്തെ ലേഖനപരമ്പര മാതൃഭൂമി പുസ്തകമായി പ്രസിദ്ധീകരിച്ചിരിക്കുന്നു, "ഈ ഭ്രാന്താലയത്തിനു നാവുണ്ടായിരുന്നെങ്കില്‍" എന്ന പേരില്‍.
ഈ പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയെന്നോണം സുന്ദര്‍ തിരുവനന്തപുരത്ത് മാനസികാരോഗ്യത്തേക്കുറിച്ച് ഒരു ഫോട്ടോപ്രദര്‍ശനം സംഘടിപ്പിക്കുന്നതിനേപ്പറ്റി ചിന്തിച്ചു. ചിത്രങ്ങള്‍ കൊല്‍ക്കത്തയിലെ ഒരു സര്‍ക്കാരിതര സംഘടനയായ അഞ്ജലി മൂന്നു ഫോട്ടോഗ്രാഫര്‍മാരുടെ സഹായത്തോടെ ഉണ്ടാക്കിയതാണ്. ഈ പ്രദര്‍ശനം സംഘടിപ്പിക്കുന്നതില്‍ സുന്ദറിനെ സഹായിക്കാന്‍ എനിക്കും ഒരവസരം ലഭിച്ചു. ഞങ്ങളെ സഹായിക്കാന്‍ കേരള ഫോട്ടോഗ്രഫിക്ക് സൊസൈറ്റിയുടെ എല്ലാമായ ശ്രീ ദേവദാസും ഉണ്ടായി. അദ്ദേഹത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് തിരുവനന്തപുരത്തെ മ്യൂസിയം ആഡിറ്റോറിയം തിരഞ്ഞെടുക്കുകയും ശനി, ഞായര്‍ എന്നീ ദിവസങ്ങളില്‍ നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. ശ്രീ ദേവദാസ് തന്നെ ജനുവരി 5, 6 എന്നീ തീയതികളിലേക്ക് ഹാള്‍ ബുക്ക് ചെയ്തു തരികയും ചെയ്തു. കൊല്‍ക്കത്തയില്‍ നിന്ന് അഞ്ജലിയുടെ സ്ഥാപകയും നെടുംതൂണുമായ രത്നബലി റേ പ്രദര്‍ശനത്തിനെത്തുന്നു എന്നറിയിച്ചത് ഞങ്ങള്‍ക്ക് ഉന്മേഷം നല്‍കി. ഏതാനും സുഹൃത്തുക്കളുടെ സഹായത്തോടെ രണ്ടു മന്ത്രിമാരെ പ്രദര്‍ശനത്തിലേക്ക് ക്ഷണിക്കാന്‍ കഴിഞ്ഞതും ഞങ്ങള്‍ക്കെല്ലാവര്‍ക്കും ആവേശം പകര്‍ന്നു.
പ്രദര്‍ശനത്തിലെ ചിത്രങ്ങള്‍ മാനസികരോഗികളുടെ ജീവിതത്തിലെ മൂന്നു ഘട്ടങ്ങളായി തിരിച്ചിരുന്നു. രോഗാവസ്ഥ കാണിക്കുന്നതായിരുന്നു ആദ്യത്തെ ഘട്ടം. ചികിത്സ രണ്ടാമത്തെ ഘട്ടവും സമൂഹത്തില്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നത് മൂന്നാമത്തെ ഘട്ടവും. കുറേ ചിത്രങ്ങള്‍ നിറമില്ലാത്തവയും കുറേയെണ്ണം നിറമുള്ളവയും ആയിരുന്നു. കൂടാതെ ചിത്രങ്ങളേക്കുറിച്ചും ചിത്രങ്ങളെടുത്തവരെക്കുറിച്ചും വിശദീകരിക്കുന്ന ബോര്‍ഡുകളും ഉണ്ടായിരുന്നു. പ്രദര്‍ശനം തുടങ്ങിയ ദിവസം കാലത്ത് ഏതാണ്ട് പന്ത്രണ്ട് മണി മുതല്‍ സന്ദര്‍ശകര്‍ വന്നു തുടങ്ങി. പ്രദര്‍ശനത്തിനു ക്ഷണിച്ചിരുന്നവരും മ്‍യൂസിയം സന്ദര്‍ശിക്കാന്‍ വന്നവരില്‍ ചിലരും സ്ക്കൂള്‍ കുട്ടികളുമായി ഇരുനൂറോ മുന്നൂറോ ആളുകള്‍ ആ ദിവസം പ്രദര്‍ശനം കണ്ടിട്ടുണ്ടാവും.
വൈകുന്നേരം നാലുമണിക്ക് വിദ്‍യാഭ്‍യാസമന്ത്രി ശ്രീ എം. എ. ബേബി പ്രദര്ശനം ഉദ്‍ഘാടനം ചെയ്‍യാമെന്ന് ഏറ്റിരുന്നു. മന്ത്രി ഏതാണ്ട് നാലരയോടെ എത്തി. അദ്ദേഹം പ്രദര്‍ശനം വിശദമായി കാണുകയും കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കുകയും ചെയ്തു. തുടര്‍ന്ന് നടന്ന ചടങ്ങില്‍ ശ്രീ സുന്ദര്‍ സ്‍വാഗതം പറഞ്ഞു. തന്റെ പുസ്തകത്തില്‍നിന്ന് ചില വാചകങ്ങള്‍ വായിക്കുകയും ചെയ്തു. രണ്ട് പതിറ്റാണ്ടുമുന്‍പ് തിരുവനന്തപുരത്തെ മനോരോഗാശുപത്രിയില്‍ നിലനിന്നിരുന്ന സ്ഥിതിവിശേഷം സൂചിപ്പിക്കുന്ന ഈ വാചകങ്ങള്‍ പലരുടെയും മനസിനെ ഉലച്ചിട്ടുണ്ടാവണം. തുടര്‍ന്നു സംസാരിച്ച രത്നബലി തന്റെ സംഘടനയായ അഞ്ജലിയേക്കുറിച്ചും മാനസികരോഗാശുപത്രികളിലെ സ്ഥിതിഗതികളെക്കുറിച്ചും പറഞ്ഞു. കൂടാതെ താനൊരു മാനസികരോഗ ചികിത്സയ്ക്കായി ആശുപത്രിയില്‍ പോയപ്പോഴുണ്ടായ അനുഭവത്തേക്കുറിച്ചും പറഞ്ഞു. താനിപ്പോഴും മരുന്നു കഴിക്കുന്നുണ്ടെന്നും ഇത്തരം കാര്യങ്ങള്‍ തുറന്നു പറയാന്‍ പറ്റുന്ന സാമൂഹ്‍യാവസ്ഥ ഉണ്ടാവണമെന്നും അവര്‍ പറഞ്ഞു. മാനസികരോഗം മറ്റുരോഗങ്ങളേപ്പോലെ തന്നെയുള്ള രോഗമാണെന്നും മാനസികരോഗി എന്ന നിലയ്ക്ക് ആര്‍ക്കും അയിത്തം കല്‍പ്പിക്കരുതെന്നും അവര്‍ പറഞ്ഞു. മാനസികരോഗികളും മനുഷ്യരാണ്. അവര്‍ക്കുമുണ്ട് മനുഷ്യാവകാശങ്ങള്‍.
ശ്രീ എം. എ. ബേബി തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ മാനസികരോഗികളെ പീഢിപ്പിക്കുന്ന സമ്പ്രദായത്തെ വിമര്‍ശിച്ചു. മറ്റു രോഗങ്ങളേപ്പോലെ തന്നെയാണു മാനസികരോഗവും എന്നത് അദ്ദേഹം ഏറ്റുപറഞ്ഞു. മാത്രമല്ല, തന്റെ അമ്മാവനു മാനസികരോഗം ഉണ്ടായിരുന്നു എന്നും അമ്മയ്ക്ക് അവസാന കാലങ്ങളില്‍ മാനസികപ്രശ്നം ഉണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് അഞ്ജലി നിര്‍മ്മിച്ച ഒരു ചെറിയ ചലച്ചിത്രം അദ്ദേഹം കാണുകയും ചെയ്തു. മന്ത്രി പോലും തന്റെ ബന്ധുക്കള്‍ക്ക് മനോരോഗമുണ്ടായിരുന്നു എന്ന് പറഞ്ഞതുകൊണ്ടോ എന്തോ, മീറ്റിങ്ങിനുശേഷം പലരും തങ്ങളുടെ വീട്ടിലുള്ള മനോരോഗികളുടെ കാര്യം ഞങ്ങളോട് സംസാരിക്കുകയുണ്ടായി. ചിലര്‍ സ്‍വന്തം പ്രശ്നത്തേപ്പറ്റിയാണു പറഞ്ഞത്‍. അത്തരമൊരു വ്യക്തിക്ക് സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം എല്ലാ മരുന്നും എല്ലാ നേരവും കഴിക്കാന്‍ പറ്റുന്നില്ല എന്നു മനസിലാക്കി ഒരു നല്ല സുഹൃത്ത് ആ മനുഷ്യന്റെ ചികിത്സാചെലവ് ഏറ്റെടുത്തു എന്നത് പ്രദര്‍ശനത്തിന്റെ ഒരു നല്ല ഫലമായി ഞങ്ങള്‍ കണക്കാക്കുന്നു.
രണ്ടാമത്തെ ദിവസം ധനമന്ത്രി ഡോ. തോമസ് ഐസക്ക് പത്തു മണിക്കു തന്നെയെത്തി. പ്രദര്‍ശനം ചുറ്റിനടന്നു കണ്ട അദ്ദേഹം മാനസികരോഗികളുടെ ക്ഷേമത്തിനായി പണം ഒരു പ്രശ്നമാവില്ല എന്ന് ഉറപ്പു തന്നു. മാനസികരോഗികളുടെ പ്രശ്നങ്ങളേപ്പറ്റി ശ്രീ സുന്ദര്‍ ഇരുനൂറോളം പേര്‍ക്കു കത്തയച്ചതില്‍ ഡോ. തോമസ് ഐസക്ക് മാത്രമാണു മറുപടി അയച്ചത്. എന്നു മാത്രമല്ല, ആദ്യദിവസം ഉദ്‍ഘാടനം കഴിഞ്ഞെങ്കിലും പ്രദര്‍ശനം കാണാന്‍ മാത്രമായി അദ്ദേഹമെത്തി എന്നതും ഇക്കാര്യത്തില്‍ അദ്ദേഹത്തിനുള്ള ആത്മാര്‍ത്ഥത വെളിവാക്കുന്നതാണ്. ഇതില്‍ ഞങ്ങള്‍ക്കെല്ലാം അദ്ദേഹത്തോട് കടപ്പാടുണ്ട്.
പ്രദര്‍ശനത്തെ സാമാന്‍യം നന്നായിത്തന്നെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു, വിശേഷിച്ച് ദൃശ്യമാദ്ധ്യമങ്ങള്‍. ഇതിനു താല്‍പ്പര്യമെടുത്ത എല്ലാ മാദ്ധ്യമസുഹൃത്തുക്കള്‍ക്കും ഞങ്ങളുടെ നന്ദി രേഖപ്പെടുത്തട്ടെ, വിശേഷിച്ച് ഈ പ്രദര്‍ശനം സംഘടിപ്പിക്കുന്നതില്‍ പല വിധത്തിലും സഹായിച്ച ശ്രീ സാജനും ശ്രീ വിശ്വനും ശ്രീ ദേവദാസിനും ശ്രീ സുരേന്ദ്രനും മറ്റും. മനോരോഗികളോടുള്ള സമൂഹത്തിന്റെ നിലപാടില്‍ മാറ്റം വരുത്തുന്നതിനു ചെറുതായെങ്കിലും ഒരു തുടക്കം കുറിക്കാന്‍ ഈ പ്രദര്‍ശനത്തിനു കഴിഞ്ഞിട്ടുണ്ടാവും എന്നു പ്രതീക്ഷിക്കുന്നു.
പ്രദര്‍ശനം കണ്ട ചിലരുടെ അഭിപ്രായങ്ങള്‍:
വളരെ സ്പര്‍ശിച്ച ഒരു എക്സിബിഷന്‍ ആയിരുന്നു. മാലസികരോഗികളുടെ അവസ്ഥ വളരെ വിഷമം ഉളവാക്കുന്ന തരത്തിലുള്ളതാണ്.-- ഷിബുകുമാര്‍
ഇത് കണ്ടപ്പോള്‍ എന്റെ മനസിനു വല്ലാത്തൊരു അസ്വസ്ഥത. -- മൊഹമ്മദ് ഷിയാസ്, ബാബു കെ.
മാനസികമായ മനുഷ്യജീവിതത്തിലും മാനസികമായ മനുഷ്യന്റെ ആരോഗ്യത്തിലും തല്‍പ്പരനായ ഒരാളെന്ന നിലയില്‍ താല്‍പ്പര്യത്തോടെ ഛായാചിത്രങ്ങള്‍ കണ്ടു. നന്ദി. -- ഷണ്‍മുഖദാസ് ഐ.
ഈ എക്സിബിഷന്‍ ഞങ്ങള്‍ക്ക് വളരെയധികം ഉപകാരപ്രദമായി. ജീവിതത്തില്‍ ഞങ്ങള്‍ മാനസികരോഗികളോടുള്ള അനുഭാവത്തില്‍ മാറ്റം വരുത്തും. -- മൊഹമ്മദ് ലുബാബ്.
പ്രദര്‍ശനം കണ്ടപ്പോള്‍ വളരെയധികം വിഷമം തോന്നി. മാനസികരോഗികള്ക്ക് ഇന്നത്തെ തലമുറ എന്തെങ്കിലും ചെയ്തേ പറ്റൂ. അവര്ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യാന്‍ എല്ലാവരും ശ്രമിക്കുക. -- സുധീഷ.
Felt happy seeing those smiling faces at the last stage. I whole-heartedly appreciate you for what you have done to these people. -- Ann Mary Jose
It brought back memories of my visit to the Trivandrum Mental Hospital a few years ago. Hope this show will change all that agony. Amazing show. -- Mythri Prasad.
It strikes your emotional and intellectual chord. Quite disturbing, not because of the reflection of reality, but because of the realization that the way out is rather bleak in the contemporary context. -- Thrani Counselling Centre.
Subscribe to:
Posts (Atom)