പല രീതിയിലും ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങളേക്കാള്‍ ഉയര്‍ന്ന നിലവാരത്തിലാണ് കേരളം. പറഞ്ഞുപറഞ്ഞ് ആവര്ത്തന വിരസത വന്നതാണെങ്കിലും ഒന്നുകൂടി പറയട്ടെ, പ്രാഥമിക വിദ്യാഭ്യാസം, ആയുര്‍ദൈര്‍ഘ്യം, സ്ത്രീവിദ്യാഭ്യാസം, എന്നിങ്ങനെ പല കാര്യങ്ങളിലും കേരളം മുന്നിലാണ്. അതുപോലെ തന്നെ മദ്യപാനം, ആത്മഹത്യ തുടങ്ങിയവയിലും കേരളം മുന്നിലാണ് എന്നതും സത്യം. എങ്കിലും ചില കാര്യങ്ങളില്‍ കേരളം വളരെ പിറകിലാണ് എന്നത് നമ്മള്‍ മറന്നുകൂട. അത്തരമൊരു കാര്യത്തേപ്പറ്റിയാണ് ഞാനിവിടെ എഴുതാനുദ്ദേശിക്കുന്നത്. അത് മറ്റൊന്നുമല്ല. നമ്മളില്‍ മിക്കവരും ഒരിക്കലും കാണാത്തതും കാണാനാഗ്രഹിക്കാത്തതുമായ മനോരോഗാശുപത്രിയാണ്. അവിടെയുള്ളവരും മനുഷ്യരാണെന്നതും ശരീരത്തിനു വരുന്ന രോഗം പോലെ മനസിനു രോഗം വന്നവരാണ് അവിടെയുള്ളതെന്നും നമ്മള്‍ മറക്കുന്നു. അവരെ ഭ്രാന്തന്മാരെന്നു വിളിച്ച് നമ്മള്‍ ഒളിച്ചോടുന്നു --- അവര്‍ മനുഷ്യരല്ല എന്ന മട്ടില്‍. നമ്മുടെ അടുത്ത ബന്ധുക്കള്‍ക്കാര്‍ക്കെങ്കിലും മനോരോഗം വരുമ്പോള്‍ മാത്രമാണ് ഈ ആശുപത്രികളേക്കുറിച്ച് നമ്മള്‍ ആലോചിക്കുന്നതും അവിടത്തെ പരിതാപകരമായ അവസ്ഥയേപ്പറ്റി അറിയുന്നതും. പലപ്പോഴും ബന്ധുക്കള്‍ പോലും ഇതിനേപ്പറ്റി അന്വേഷിക്കാറില്ല. അവിടെ കിടക്കുന്ന ബന്ധുവിനേപ്പറ്റി പോലും അന്വേഷിക്കാറുമില്ല --- അവര്‍ക്ക് ഭ്രാന്തല്ലേ.
ഏതാണ്ട് രണ്ട് ദശാബ്ദങ്ങള്‍ക്ക് മുന്പ് ഒരാള്‍ തിരുവനന്തപുരത്തെ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് കടന്നുചെന്നു. അദ്ദേഹത്തിന് മാനസികരോഗമുണ്ടായിട്ടല്ല. അവിടത്തെ സ്ഥിതിവിശേഷത്തേപ്പറ്റി നേരിട്ടു മനസിലാക്കാന്‍. വെറുതെ അവിടെ കയറിച്ചെല്ലാന്‍ ആര്‍ക്കും കഴിയില്ല. അതിനായി അദ്ദേഹത്തെ സഹായിച്ചത് അക്കാലത്ത് പൊതുപ്രശ്നങ്ങളില്‍ ആത്മാര്‍ത്ഥമായി ഇടപെട്ട് പൊതുജനങ്ങളുടെ ആദരവ് നേടിയിരുന്ന, 'ആശാന്‍' എന്നറിയപ്പെട്ടിരുന്ന ശ്രീ കെ.വി. സുരേന്ദ്രനാഥായിരുന്നു. രണ്ടുപേരും കൂടിയാണ് മനോരോഗാശുപത്രി കാണാന്‍ പോയത്. അവിടെ അവര്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകളായിരുന്നു. Solitary confinementല് കിടക്കുന്നവരുടെ കാര്യമായിരുന്നു ഒരുപക്ഷെ ഏറ്റവും പരിതാപകരം. മലമൂത്രവിസര്‍ജ്ജനം അവിടെത്തന്നെ. മുറികളിലേക്ക് വല്ലപ്പോഴും കുറേ വെള്ളം ഒഴിക്കുന്നതല്ലാതെ മറ്റു വൃത്തിയാക്കലൊന്നുമില്ല. പലരും, സ്ത്രീകളുള്‍പ്പെടെ, വിവസ്ത്രരാണ്. ആ മുറിയില്‍ തന്നെ ഭക്ഷണവും ഉറക്കവും. കൂടുതല്‍രോഗികള്‍ ഒരുമിച്ചു കിടക്കുന്നിടത്ത് തീരെ സൌകര്യമില്ല. അവരില്‍ ചിലര്‍ക്കെങ്കിലും കാര്യമായ രോഗമില്ല എന്ന തോന്നല്‍ അവരുടെ സംസാരത്തില്‍ നിന്ന് ഉണ്ടാകുന്നു. വൃത്തിഹീനത പരക്കെയുണ്ട്. താരതമ്യന ചെറിയ രോഗമുള്ളവരും മുറികളും മറ്റും വൃത്തിയാക്കുന്നതില്‍ സഹായിക്കുന്നു.
ഏറ്റവും പരിതാപകരമായ കാര്യം പല രോഗികളെയും രോഗം പൂര്‍ണ്ണമായി ഭേദമായാലും ബന്ധുക്കള്‍ തിരികെ വീട്ടിലേക്ക് കൂട്ടിക്കെണ്ടു പോകാറില്ല എന്നതാണ്. മറ്റു രോഗങ്ങളേപ്പോലെ മനോരോഗത്തെയും കാണാന്‍ നമുക്ക് കഴിയുന്നില്ല. ഒരിക്കല്‍ മനോരോഗം വന്നാല്‍ ആ വ്യക്തിയെ ഭ്രാന്തനെന്ന് മുദ്രകുത്തി വീട്ടില്‍നിന്ന് പുറത്താക്കുക എന്നതാണ് പലരും ചെയ്യുന്നത്. മാനസികരോഗത്തേപ്പറ്റി പൊതുജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തേണ്ടതിന്റെ ആവശ്യകതയാണിത് സൂചിപ്പിക്കുന്നത്. സര്‍ക്കാരോ ഏതെങ്കിലും സന്നദ്ധസംഘടനകളോ ഇതിനു മുന്‍കൈ എടുത്താലേ പറ്റൂ.
അന്ന് തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രത്തില്‍ പോകാന്‍ മുന്‍കൈ എടുത്ത സുന്ദര്‍ അവിടെ കണ്ട കാഴ്ചകളേപ്പറ്റി കലാകൌമുദിയില്‍ ലേഖനങ്ങളെഴുതി. അവിടത്തെ സ്ഥിതിക്ക് മാറ്റം വരുത്താനായി അദ്ദേഹം പലരെയും കണ്ടു. ഒടുവില്‍ ഒരു കമ്മിറ്റിയുണ്ടായി. അന്വേഷണമുണ്ടായി. എന്തൊക്കെയോ നിര്‍ദ്ദേശങ്ങളുണ്ടായി. എന്തൊക്കെയോ മാറ്റങ്ങളുണ്ടായി. പിന്നീട് വര്ഷങ്ങള്‍ കഴിഞ്ഞു. മാറ്റങ്ങള്‍ മാറിത്തുടങ്ങി. സ്ഥിതി പഴയതുപോലെ ആയിത്തുടങ്ങി. ഈ സന്ദര്‍ഭത്തിലാണ് സുന്ദറിന്റെ പഴയ ലേഖനങ്ങള്‍ മാതൃഭൂമി പുനപ്രസിദ്ധീകരിക്കുന്നത്. ഈ ഭ്രാന്താലയത്തിന് നാവുണ്ടായിരുന്നെങ്കില്‍ എന്ന പേരില്‍. മാതൃഭൂമി ബുക്സിന്റെ ഭാരവാഹി ഓ.കെ. ജോണി പറയുന്നതുപോലേ, "എണ്‍പതുകളില്‍ പ്രസിദ്ധീകൃതമായ ഒരു റിപ്പോര്‍ട്ട് ഇപ്പോള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നതിന്റെ സാംഗത്യമറിയാന്‍ കേരളത്തിലെ ഭ്രാന്താശുപത്രികളുടെ മതില്‍ക്കെട്ടുകള്‍ക്കുള്ളിലേക്ക് ഒന്നെത്തിനോക്കുകയേ വേണ്ടൂ."
ഭര്‍ത്താവ്, ഭാര്യ, സഹോതരന്മാര്‍ സഹോദരിമാര്‍, തുടങ്ങിയവരെല്ലാം മറന്ന്, പൊതുജനങ്ങളുടെ നോക്കെത്താത്ത ഇടത്ത്, അധികൃതരും രാഷ്ട്രീയക്കാരും തിരിഞ്ഞുനോക്കാതെ ആരുടെയൊക്കെയോ മനുഷ്യത്വരഹിതമായ പെരുമാറ്റം സഹിച്ച് മൃഗങ്ങള്‍ പോലും അറയ്ക്കുന്ന സാഹചര്യങ്ങളില് ശേഷം ജീവിതം കഴിച്ചുകൂട്ടേണ്ടിവരുന്ന ഈ ഹതഭാഗ്യരെ രക്ഷിക്കാന്‍ ആരുമില്ലേ? രാഷ്ട്രീയക്കാരെ പ്രതീക്ഷിക്കണ്ട, കാരണം വളരെയധികം വോട്ടുകളൊന്നും ഇവരില്‍നിന്നു കിട്ടില്ലല്ലോ (സുന്ദറിനെ സഹായിച്ച ആശാനെ മറന്നുകൊണ്ടല്ല ഇതെഴുതുന്നത് --- അങ്ങനെയുള്ളവര്‍ അപൂര്‍വ്വം). കേരളത്തിന്റെ മനസാക്ഷിക്കു (അങ്ങനെയൊന്നുണ്ടെങ്കില്‍) മുന്നില് ഒരു ചോദ്യചിഹ്നമായി ഈ ആശുപത്രികള്‍ എത്രകാലം നില്‍ക്കും?
-------------------------
ഈ പിസ്തകത്തേപ്പറ്റിയുള്ള നിരൂപണം മലയാളം ഇന്ത്യ ടുഡേയിലുണ്ട് (നവമ്പര്‍ 28, 2007)