Saturday, April 25, 2009

പെട്രോള്‍ സേവറും മറ്റു തട്ടിപ്പുകളും

(തേജസ് ദിനപ്പത്രത്തിന്റെ ഏപ്രില്‍ 16, 2009 ലക്കത്തില്‍ വന്ന ലേഖനം.)

ജനങ്ങളെ കബളിപ്പിച്ചു് പണമുണ്ടാക്കാനുള്ള എന്തെങ്കിലും മാര്‍ഗമുണ്ടെങ്കില്‍ അതുപയോഗിക്കാന്‍ തയാറായിട്ടുള്ളവര്‍ ധാരാളമുണ്ടാകും എന്നാണു് ചരിത്രം കാണിക്കുന്നതു്. ഇതു് എല്ലാ സമൂഹത്തിലും ഒരുപോലെയാണെന്നു തോന്നുന്നു. ശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലുമുണ്ടായ വികാസം ഇത്തരക്കാര്‍ക്കു് പുതിയ ചില അടവുകള്‍ കൂടി തുറന്നു കൊടുത്തു. ഏതാണ്ടു് രണ്ടു നൂറ്റാണ്ടുകള്‍ക്കു മുമ്പാണെന്നു തോന്നുന്നു, കണക്കുകൂട്ടുന്ന യന്ത്രവുമായി ഒരാള്‍ അമേരിക്കയില്‍ ചുറ്റിനടന്നു് പ്രദര്‍ശിപ്പിച്ചു് പണമുണ്ടാക്കിയതായി വായിച്ചതോര്‍ക്കുന്നു. യന്ത്രത്തിനുള്ളില്‍ ഇരിപ്പുണ്ടായിരുന്ന ഒരാളാണു് കണക്കുകള്‍ ചെയ്തു് ഉത്തരങ്ങള്‍ കടലാസില്‍ എഴുതി പുറത്തേയ്ക്കു് നല്‍കിയിരുന്നതു് എന്നു മനസിലായപ്പോഴേയ്ക്കു് ഈ തട്ടിപ്പുകാരനും അയാളുടെ യന്ത്രവും പ്രശസ്തമായിക്കഴിഞ്ഞിരുന്നു.

ചരിത്രത്തില്‍ നിന്നൊരു തട്ടിപ്പു്

രസകരമായ ചില തട്ടിപ്പുകളുടെ കഥകളുണ്ടു്. പ്രശസ്ത തത്വചിന്തകനായിരുന്ന ദിദെറൊ (Diderot) നിരീശ്വരവാദിയായിരുന്നു. ദൈവമുണ്ടോ ഇല്ലയോ എന്നതിനേപ്പറ്റി അന്നത്തെ റഷ്യന്‍ ചക്രവര്‍ത്തിയുടെ മുന്നില്‍ വച്ചു് ദിദെറൊയും പ്രശസ്ത ഗണിതജ്ഞനായിരുന്ന ഓയ്ലറും (Euler) തമ്മില്‍ തര്‍ക്കമുണ്ടായി. ദിദെറോയ്ക്കു് ഗണിതശാസ്ത്രത്തിലുള്ള അജ്ഞതയേപ്പറ്റി അറിയാമായിരുന്ന ഓയ്ലര്‍ ഒരു ഗണിതസമവാക്യം ഉരുവിട്ടശേഷം ഇപ്രകാരം തട്ടിവിട്ടു, "അതുകൊണ്ടു് ദൈവമുണ്ടു്. താങ്കള്‍ക്കിതു് ഖണ്ഡിയ്ക്കാമോ?" ഓയ്ലര്‍ പറഞ്ഞ സമവാക്യത്തിന്റെ അര്‍ത്ഥം പോലും ദിദെറോയ്ക്കു് മനസിലാവാത്തതിനാല്‍ അദ്ദേഹത്തിനു് തോല്‍വി സമ്മതിക്കേണ്ടി വന്നുവത്രെ!

ശാസ്ത്രവും സാങ്കേതികവിദ്യയും വികസിച്ചതനുസരിച്ചു് ശാസ്ത്രീയ പദങ്ങളും ആശയങ്ങളുമുപയോഗിച്ചുള്ള തട്ടിപ്പും വര്‍ദ്ധിച്ചിട്ടുണ്ടു്. ജനങ്ങളില്‍ പലര്‍ക്കും ശാസ്ത്രത്തിലുള്ള അജ്ഞത മുതലെടുത്താണു് ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നതു്. ഇതു് പണം നേടാനാവാം, സ്വന്തം ആശയം പ്രചരിപ്പിക്കാനുമാവാം. ഒരു പ്രയോജനവുമില്ലാത്ത ഒരു വസ്തു നമുക്കനിവാര്യമാണെന്നു് തോന്നിപ്പിക്കാനാണു് പലപ്പോഴും ഈ വിദ്യ ഉപയോഗിച്ചു കാണുന്നതു്. നമുക്കു് പരിചയമോ വ്യക്തമായ ധാരണയോ ഇല്ലാത്ത ശാസ്ത്രീയ പദങ്ങള്‍ ഉപയോഗിച്ചു് "ശാസ്ത്രീയം" എന്നു തോന്നിക്കുന്ന വിശദീകരണം തന്നു് നമ്മെ വിശ്വസിപ്പിക്കുന്നതാണു് വിദ്യ.

പെട്രോള്‍ ലാഭിക്കാം

ഒരുദാഹരണം. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പു്, വാഹനങ്ങളുടെ മൈലേജ് വര്‍ദ്ധിപ്പിക്കും എന്നവകാശപ്പെട്ട ഒരു ഉപകരണം വില്‍ക്കുകയായിരുന്നു ഒരാള്‍. ഒരു ടോര്‍ച്ച് ബാറ്ററിയുടെ രണ്ടറ്റത്തും ഓരോ കുഴല്‍ ഘടിപ്പിച്ചതു പോലിരിക്കും ഉപകരണം. ഒരറ്റത്തെ കുഴല്‍ പെട്രോള്‍ ടാങ്കിലേയ്ക്കും മറ്റേയറ്റത്തെ കുഴല്‍ കാര്‍ബറേറ്ററിലേയ്ക്കും ഘടിപ്പിക്കണം. ഒരറ്റത്തെ കുഴലിനുള്ളില്‍ക്കൂടി നോക്കിയാല്‍ മറുവശത്തെ കുഴലില്‍ക്കൂടി പുറത്തേയ്ക്കു് കാണാം. പെട്രോള്‍ അതില്‍ക്കൂടി വെറുതെ ഒഴുകി പോകുകയേയുള്ളു എന്നു് വ്യക്തം. ഇതു് ഘടിപ്പിച്ചാല്‍ പെട്രോള്‍ ചെലവു് 20 ശതമാനം വരെ കുറയുമെന്നായിരുന്നു അയാളുടെ അവകാശവാദം. ഈ ഉപകരണം എങ്ങനെയാണു് പ്രവര്‍ത്തിക്കുന്നതു് എന്നു ചോദിച്ചപ്പോള്‍ ലഭിച്ച ഉത്തരമിതാണു് :

കുഴല്‍ കടന്നുപോകുന്നതു് ഒരു കാന്തത്തിലൂടെയാണു്. ഈ കാന്തം പെട്രോളിന്റെ തന്മാത്രകളെ നിരയായി അടുക്കി നിര്‍ത്തും, പൈപ്പുകള്‍ അടുക്കി വയ്ക്കുന്നതുപോലെ! അങ്ങനെയാകുമ്പോള്‍ പെട്രോള്‍ കൂടുതല്‍ ഭംഗിയായി കത്തും. അങ്ങനെ പോട്രോള്‍ ചെലവു് കുറയുമത്രെ. എന്തൊരു തമാശ! ഒന്നാമതായി, പെട്രോളിന്റെ തന്മാത്ര എന്നൊന്നില്ല. പെട്രോള്‍ പലതരം തന്മാത്രകളുടെ മിശ്രിതമാണു്. രണ്ടാമതായി, ഒരു കാന്തിക മണ്ഡലത്തിലൂടെ കടന്നു പോകുമ്പോള്‍ ഈ തന്മാത്രകളെല്ലാം നിരന്നു നില്‍ക്കും എന്നു പറയുന്നതിനു് തീരെ ശാസ്ത്രീയാടിസ്ഥാനമില്ല. അവ ചിട്ടയോടുകൂടി നിരന്നിരുന്നാല്‍ കൂടുതല്‍ നന്നായി കത്തും എന്നതിനും ശാസ്ത്രീയാടിസ്ഥാനമില്ല. മൂന്നാമതായി, കാര്‍ബറേറ്ററിലൂടെ കടന്നു് എഞ്ചിനിലെത്തുന്നതിനിടയില്‍ ഈ തന്മാത്രകളുടെ അടുക്കും ചിട്ടയും നഷ്ടപ്പെടില്ല എന്നു് എങ്ങിനെയാണു് ഉറപ്പാക്കുക?

മേല്‍പ്പറഞ്ഞ ഉല്പന്നം ഇന്ധനം ലാഭിക്കാന്‍ സഹായിക്കുമായിരുന്നെങ്കില്‍ ആ ഉല്പന്നം ലോകപ്രശസ്തമാകുമായിരുന്നല്ലോ. അതു് സംഭവിച്ചിട്ടില്ല എന്നതു് ഈ ഉപകരണം വെറും തട്ടിപ്പായിരുന്നു എന്നതിനു് തെളിവാണല്ലോ. ശാസ്ത്രമറിയാവുന്ന ഒരാളിനു് ഈ തട്ടിപ്പില്‍ പെടാതിരിക്കാനാവും. ഇന്നത്തെ കാലത്തു് ഇതിനു് ഇന്‍റര്‍നെറ്റും സഹായകമാകും. ഇത്തരം തട്ടിപ്പുകള്‍ വ്യക്തമാക്കുന്ന വെബ്‌സൈറ്റുകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണു്. ഉദാഹരണമായി മേല്പറഞ്ഞ ഉല്പന്നത്തേപ്പറ്റിയുള്ള ഈ വെബ്‌പേജ് കാണുക.

രോഗം ശമിപ്പിക്കുന്ന വസ്ത്രം

മറ്റൊരു കച്ചവടക്കാരന്‍ പറഞ്ഞതു് അദ്ദേഹം തരുന്ന വസ്ത്രങ്ങളണിഞ്ഞാല്‍ രോഗങ്ങള്‍ മാറുമെന്നാണു്. വാതം, രക്തസമ്മര്‍ദം, തുടങ്ങി കാന്‍സര്‍ വരെ ഭേദപ്പെടുത്തുന്ന വസ്ത്രങ്ങളുണ്ടത്രെ. ഈ വസ്ത്രങ്ങളെങ്ങനെയാണു് രോഗം ഭേദപ്പെടുത്തുന്നതു് എന്നദ്ദേഹം വിശദീകരിച്ചു. ഇവയില്‍ അടങ്ങിയിട്ടുള്ള ഒരു പ്രത്യേകതരം കളിമണ്ണു്. നമ്മുടെ ശരീരത്തില്‍ നിന്നു പുറപ്പെടുന്ന ഇന്‍ഫ്രാറെഡ് രശ്മികളെ പിടിച്ചെടുത്തു് തിരിച്ചു് വികിരണം ചെയ്യുമത്രെ. ആ ഇന്‍ഫ്രാറെഡ് രശ്മികളാണത്രെ രോഗം ശമിപ്പിക്കുന്നതു്. ഇത്തരം വസ്ത്രങ്ങള്‍ രോഗം ശമിപ്പിക്കുമോ ഇല്ലയോ എന്നറിയില്ല. പക്ഷെ, രോഗം ശമിപ്പിക്കുന്നതില്‍ ഇവ ഫലപ്രദമാണെങ്കില്‍ മുകളില്‍ പറഞ്ഞ രീതിയിലല്ല അതു ചെയ്യുന്നതു് എന്നു തീര്‍ച്ച.

എല്ലാ വസ്തുക്കളും വിദ്യുത്കാന്ത രശ്മികള്‍ (electromagnetic radiation) വികിരണം ചെയ്യുന്നുണ്ടു്. സ്പെക്‌ട്രത്തിന്റെ ഏതു ഭാഗത്താണു് വികിരണം ഉണ്ടാകുന്നതു് എന്നതു് വസ്തുവിന്റെ താപനിലയനുസരിച്ചിരിക്കും. മനുഷ്യശരീരത്തന്റെ താപനിലയില്‍ സ്പെക്‍ട്രത്തിന്റെ ഇന്‍ഫ്രാറെഡ് ഭാഗത്താണു് വികിരണമുണ്ടാകുക. താപനില കൂടുമ്പോള്‍ തരംഗദൈര്‍ഘ്യം കുറഞ്ഞ വികിരണങ്ങള്‍ കൂടുതലുണ്ടാകും. അങ്ങനെയാണു് ചൂടുകൂടുമ്പോള്‍ നമുക്കു കാണാന്‍ കഴിയുന്ന പ്രകാശ വികിരണങ്ങള്‍ ഉണ്ടാകുന്നതു്. കൊല്ലന്‍ ഇരുമ്പിന്‍കഷണം ചൂടാക്കുമ്പോള്‍ അതിന്റെ നിറം മാറിവരുന്നതു് കണ്ടിരിക്കുമല്ലോ. ഏതാണ്ടു് 800 ഡിഗ്രി സെല്‍ഷ്യസ് ആകുമ്പോള്‍ ചെന്നിറത്തില്‍ കുറേശ്ശെ വികിരണമുണ്ടാകും. വെള്ള നിറമാകണമെങ്കില്‍ ആയിരക്കണക്കിനു് ഡിഗ്രി സെല്‍ഷ്യസെത്തണം. സൂര്യന്റെ ഉപരിതലത്തിലെ ചൂടു് ഏതാണ്ടു് 6000 ഡിഗ്രിയാണു്. എല്ലാ തരംഗദൈര്‍ഘ്യങ്ങളിലും വികിരണങ്ങള്‍ ഉണ്ടാകുമ്പോഴാണു് വെള്ളനിറമായി നാം കാണുന്നതു്. ബള്‍ബുകളിലെ ഫിലമെന്റിന്റെ ചൂടു് ഏതാണ്ടു് 3000 ഡിഗ്രി എത്തുമ്പോഴാണു് വെളുത്ത പ്രകാശം നമുക്കു് ലഭിക്കുന്നതു്.

വിശ്വാസങ്ങള്‍ പ്രചരിപ്പിക്കാന്‍

സ്വന്തം വിശ്വാസം പ്രചരിപ്പിക്കാനും ചിലര്‍ ശാസ്ത്രത്തിന്റെ ഭാഷയനുകരിച്ചു് സംസാരിക്കാറുണ്ടു്. ആദ്യം പറഞ്ഞ ദിദെറോയുടെയും ഓയ്‌ലറുടെയും കഥ ഇങ്ങനത്തെ ഒന്നാണല്ലൊ. ഇത്തരം വിദ്യകള്‍ നമ്മുടെ നാട്ടിലും പ്രയോഗിച്ചു കാണാറുണ്ടു്. അത്തരത്തിലുള്ള ഒരു പ്രയോഗം കുറച്ചുനാള്‍ മുമ്പു് ടെലിവിഷനില്‍ കാണുകയുണ്ടായി. ആര്‍ത്തവത്തിന്റെ മതപരമായ ആചാരങ്ങളുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയില്‍ പങ്കെടുത്ത ഒരു ഭിഷഗ്വരനാണു് ഇവിടത്തെ കഥാപാത്രം. അദ്ദേഹം പറഞ്ഞതു് ഒരു കഥയായിരുന്നു. അതു് ഓര്‍മ്മയില്‍ നിന്നു് വിവരിക്കട്ടെ.

ഏതോ ഒരു വികസിത രാജ്യത്തു് ഡയോഡുണ്ടാക്കുന്ന കമ്പനിയിലാണു് സംഭവം. (കമ്പനിയുടെ പേരു് അദ്ദേഹം പറഞ്ഞതായി ഓര്‍ക്കുന്നില്ല.) അവിടെ പണിയെടുത്തിരുന്നതു് കൂടുതലും സ്ത്രീകളാണത്രെ. അങ്ങനെയിരിക്കെ അവിടെയൊരു പ്രശ്നമുള്ളതായി അധികാരികള്‍ക്കു് മനസിലായി. ചില കാലങ്ങളില്‍ നിര്‍മ്മിക്കുന്ന ഡയോഡുകളില്‍ വലിയ ശതമാനവും നിലവാരം കുറഞ്ഞവയായി തീരുന്നെന്നു് അവര്‍ കണ്ടെത്തി. ഇതിന്റെ കാരണം പഠിച്ചപ്പോഴാണു് സ്ത്രീകള്‍ ആര്‍ത്തവകാലത്തുണ്ടാക്കുന്ന ഡയോഡുകളിലാണു് നിലവാരം കുറഞ്ഞവ കൂടുതല്‍ വരുന്നതെന്നു് മനസിലായതു്. അങ്ങനെ, ആര്‍ത്തവകാലത്തു് സ്ത്രീകള്‍ക്കു് അവധി കൊടുക്കാന്‍ അവര്‍ തീരുമാനിച്ചു. ഇതായിരുന്നു കഥ. കേള്‍ക്കുമ്പോള്‍ വളരെ വിശ്വസനീയം.

എന്നാല്‍ അല്പം ചിന്തിച്ചാല്‍ ഇതിലെ അബദ്ധങ്ങള്‍ വ്യക്തമാകും. ഡയോഡുകളുണ്ടാക്കുന്നതു് മനുഷ്യരല്ല, യന്ത്രങ്ങളാണു്. മനുഷ്യര്‍ക്കു് കൈകള്‍ കൊണ്ടു് ഡയോഡുകളുണ്ടാക്കാനാവില്ല. അതിനു് യന്ത്രങ്ങളുണ്ടെങ്കിലേ പറ്റൂ. അദ്ദേഹമെന്തിനാണു് ഇത്തരമൊരു ഉദാഹരണമെടുത്തതെന്നു് മനസിലാക്കാന്‍ പ്രയാസമാണു്. ഒരു പിക്കിള്‍ ഫാക്‌ടറിയുടെയൊ ഗാര്‍മെന്റ് ഫാക്‌ടറിയുടെയൊ കഥ പറയാമായിരുന്നു അദ്ദേഹത്തിനു്. അതിനു് മേല്‍പ്പറഞ്ഞ പ്രശ്നമില്ല. ഒരു പക്ഷെ ഒരു ഡയോഡ് ഫാക്‌ടറി സൃഷ്ടിക്കുന്ന ശാസ്ത്രസാങ്കേതികതയുടെ പരിവേഷം ഉപയോഗപ്പെടും എന്നു് അദ്ദേഹത്തിനു് തോന്നിയിട്ടുണ്ടാവാം. എന്തായാലും ചര്‍ച്ചയില്‍ പങ്കെടുത്ത ആര്‍ക്കും അദ്ദേഹത്തിന്റെ വാദം ഖണ്ഡിക്കാനായില്ല എന്നതു് പരിതാപകരമായിപ്പോയി.

ഇത്തരം തട്ടിപ്പുകളില്‍ പെടാതിരിക്കണമെങ്കില്‍ നമുക്കു് ശാസ്ത്രത്തില്‍ അറിവുണ്ടാകണം. അതേ സമയം, ശാസ്ത്രത്തോടു് അതിരു കവിഞ്ഞ ആരാധന ഇല്ലാതിരിക്കുകയും വേണം. എന്തിനെയും ചോദ്യം ചെയ്യാന്‍ നമ്മള്‍ തയാറായിരിക്കണം. എല്ലാ തരത്തിലുള്ള കുട്ടികള്‍ക്കും മനസിലാകുന്ന രീതിയിലാവണം ശാസ്ത്രപഠനം. ശാസ്ത്രവും സാങ്കേതികവിദ്യയും നമ്മുടെ ജീവിതത്തിന്റെ ഭാഗമാകണം. അദ്ധ്യാപകര്‍ക്കും സാമൂഹ്യസംഘടനകള്‍ക്കും ഇക്കാര്യത്തില്‍ പലതും ചെയ്യാനാവും.

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് \eng by-sa \mal ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)

Thursday, April 2, 2009

മിന്നല്‍ വരുന്നു, സൂക്ഷിക്കുക

(തേജസ് എന്ന ദിനപ്പത്രത്തിന്റെ 2009 ഏപ്രില്‍ 2ലെ ലക്കത്തില്‍ പ്രസിദ്ധീകരിച്ചു വന്ന ലേഖനം.)

അത്ഭുതകരവും ദൂരെ നിന്നു കാണാന്‍ സുന്ദരവും അടുത്താണെങ്കില്‍ ഭയമുണ്ടാക്കുന്നതുമായ ഒരു പ്രതിഭാസമാണു് മിന്നല്‍. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ക്കു് കാരണമാകുന്ന പ്രകൃതിയിലെ പ്രതിഭാസവും മിന്നലാണു് എന്നു് പലര്‍ക്കും അറിയുമെന്നു തോന്നുന്നില്ല. കേരളത്തില്‍ പ്രതിവര്‍ഷം 70ലധികം മരണങ്ങളാണു് മിന്നല്‍ മൂലമുണ്ടാകുന്നതു്. അതോടൊപ്പം നൂറിലധികം പേര്‍ക്കു് പരിക്കേല്‍ക്കുകയും ചെയ്യുന്നു. അതുപോലെ സ്വത്തിനുണ്ടാകുന്ന നഷ്ടവും വലുതാണു്. ടെലിഫോണ്‍ കമ്പനികള്‍ക്കും വൈദ്യുതി ബോര്‍ഡിനും മിന്നല്‍ മൂലം എല്ലാ വര്‍ഷവും വളരെയധികം നഷ്ടമുണ്ടാകുന്നുണ്ടു്. ജീവനും സ്വത്തിനും ഇത്രയേറെ നഷ്ടമുണ്ടാക്കുന്ന മറ്റൊരു പ്രതിഭാസമുണ്ടെന്നു തോന്നുന്നില്ല. വലിയ ജനസാന്ദ്രതയാവണം ഇതിനുള്ള ഒരു കാരണം. എന്നാല്‍ ധാരാളമായുള്ള വൃക്ഷങ്ങളും, വിശേഷിച്ചു് ഉയരമുള്ള തെങ്ങുകളും, മിന്നലില്‍നിന്നു് രക്ഷനേടുന്നതിനെക്കുറിച്ചുള്ള അജ്ഞതയും എല്ലാം ഈ നാശനഷ്ടത്തിനു് കാരണമായി ഭവിക്കുന്നുണ്ടാവണം.

മിന്നല്‍ ഒരു വൈദ്യുത പ്രതിഭാസമാണു്. മേഘങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുമ്പോഴാണു് മിന്നലുണ്ടാകുന്നതെന്നു് ചിലരെങ്കിലും ധരിച്ചിട്ടുണ്ടു്. മേഘമെന്താണെന്നതിനേപ്പറ്റി വ്യക്തമായ ധാരണയില്ലാത്തതു കൊണ്ടാണു് ഇങ്ങനെയൊരു വിശ്വാസമുണ്ടാകുന്നതെന്നു തോന്നുന്നു. മേഘം മരമോ കല്ലോ പോലെ ഒരു ഖരവസ്തുവല്ലല്ലോ, കൂട്ടിയിടിച്ചു് ശബ്ദമുണ്ടാക്കാന്‍. മേഘമായി നമ്മള്‍ കാണുന്നതു് സൂക്ഷ്മമായ ജലബിന്ദുക്കള്‍ വായുവില്‍ തങ്ങി നില്‍ക്കുന്നതു മാത്രമാണു് . അഥവാ ഇവ കൂട്ടി മുട്ടിയാല്‍ തന്നെ ശബ്ദമൊ വെളിച്ചമൊ ഉണ്ടാകാനുള്ള സാദ്ധ്യത തീരെയില്ല എന്നു വ്യക്തമാണല്ലോ.

ഒരു പ്രത്യേകതരം മേഘത്തില്‍ നിന്നാണു് ഇടിമിന്നല്‍ ഉണ്ടാകുന്നതു്. ഇത്തരം മേഘത്തിനു് ഇംഗ്ലീഷില്‍ തണ്ടര്‍സ്റ്റോം (thunderstorm) എന്നും സാങ്കേതികഭാഷയില്‍ ക്യുമുലോനിംബസ് (cumulonimbus) എന്നും പറയും. ഭൂമിയുടെ ഉപരിതലത്തില്‍ നിന്നു് ഏതാണ്ടു് ഒന്നോ രണ്ടോ കിലോമീറ്റര്‍ മുതല്‍ ഏതാണ്ടു് 16 കിലോമീറ്റര്‍ ഉയരം വരെ നീണ്ടു കിടക്കുന്ന വലിയ മേഘമാണിതു്. കേരളത്തില്‍ കാണുന്ന തണ്ടര്‍സ്റ്റോമുകള്‍ക്കു് ഏതാണ്ടു് ഇരുപതു് കിലോമീറ്റര്‍ വ്യാസമുണ്ടാകാം. ഇത്തരം മേഘങ്ങളില്‍ നിന്നാണു് വല്ലപ്പോഴും ആലിപ്പഴം വീഴാറുള്ളതു്. താരതമ്യേന ചെറിയ തണ്ടര്‍സ്റ്റോമുകളാണു് നമ്മുടെ നാട്ടിലുള്ളതു് എന്നതു് ഭാഗ്യമായി കരുതാം. ഏതാണ്ടു് അര മണിക്കൂര്‍ സമയമെ ഇവയില്‍നിന്നു് ശക്തമായ മഴ പെയ്യാറുള്ളു. ചില വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ നൂറുകിലോമീറ്ററും മറ്റും വ്യാസമുള്ള കൂറ്റന്‍ തണ്ടര്‍സ്റ്റോമുകളുണ്ടാകാറുണ്ടു്. ഇത്തരം മേഘങ്ങളില്‍ നിന്നു വീഴുന്ന ആലിപ്പഴത്തിനു് 15ഉം 20ഉം സെന്റിമീറ്റര്‍ വലുപ്പമുണ്ടാകാം. ഇവ വീണു് മനുഷ്യര്‍ക്കും കന്നുകാലികള്‍ക്കും അപകടമോ മരണം പോലുമോ ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടു്. ഇത്തരം മേഘങ്ങള്‍ മണിക്കൂറുകള്‍ തുടര്‍ച്ചയായി പെയ്യുകയുമാവാം.

മേഘത്തിന്റെ വലുപ്പവും അതിനുള്ളില്‍ നടക്കുന്ന ശക്തമായ ചംക്രമണവും ധനചാര്‍ജുകളെ (positive charges) മുകള്‍ഭാഗത്തേയ്ക്കും ഋണചാര്‍ജുകളെ (negative charges) അടിഭാഗത്തേയ്ക്കും വേര്‍തിരിച്ചു നിര്‍ത്താന്‍ കാരണമാകുന്നു. ഈ ചാര്‍ജുകള്‍ തമ്മിലോ അടിഭാഗത്തെ ചാര്‍ജുകളും ഭൂമിയും തമ്മിലോ വളരെ വലിയ, കോടിക്കണക്കിനുള്ള, വോള്‍ട്ടത (voltage) ഉണ്ടായിക്കഴിയുമ്പോഴാണു് മിന്നലുണ്ടാകുന്നതു്. മിന്നല്‍ വാസ്തവത്തില്‍ ഒരു വലിയ വൈദ്യുത സ്പാര്‍ക്കാണു്. അതിശക്തമായ കറന്റാണു് മിന്നല്‍പിണറില്‍ പ്രവഹിക്കുന്നതു് \dash\ പതിനായിരക്കണക്കിനു് ആംപിയര്‍. (ഒരു റഫ്രിജറേറ്റര്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഉപയോഗിക്കുന്നതു് ഏതാണ്ടു് ഒരാമ്പിയറാണു്.) ഇതു് വായുവിനെ പെട്ടെന്നു് ചൂടാക്കും. മുപ്പതിനായിരം ഡിഗ്രിയാണു് മിന്നല്‍പ്പിണരിലെ താപനില എന്നാണു് കണക്കാക്കിയിട്ടുള്ളുതു്. ശക്തമായ ഈ ചൂടേറ്റു് വായു പെട്ടെന്നു് വികസിക്കുന്നതു കൊണ്ടുണ്ടാകുന്ന ശബ്ദമാണു് ഇടിയായി നമ്മള്‍ കേള്‍ക്കുന്നതു്.

മൂന്നുതരം മിന്നലാണു് സാധാരണ ഉണ്ടാകുന്നതു് -- ഒരു മേഘത്തിനുള്ളില്‍ത്തന്നെ, രണ്ടു മേഘങ്ങള്‍ക്കിടയില്‍, പിന്നെ മേഘത്തില്‍നിന്നു് ഭൂമിയിലേയ്ക്കു്. ഇവയില്‍ അവസാനത്തേതാണു് നമുക്കു് അപകടകാരിയായിരിക്കുന്നതു് എന്നതു് വ്യക്തമാണല്ലൊ. മറ്റു രണ്ടു തരം മിന്നലുകളും വിമാനങ്ങള്‍ക്കു് പ്രശ്നമുണ്ടാക്കാം. ഇതും മറ്റു ചില കാരണങ്ങളും കൊണ്ടു് വിമാനങ്ങള്‍ ക്യമുലോനിംബസ് മേഘങ്ങളെ ഒഴിവാക്കുകയാണു് പതിവു്.

കേരളത്തില്‍ ഇടിമിന്നലുണ്ടാകുന്നതു് പ്രധാനമായും രണ്ടു് കാലങ്ങളിലാണു് കാലവര്‍ഷത്തിനു മുന്‍പു് ഏപ്രില്‍-മെയ് മാസങ്ങളിലും പിന്നെ തുലാവര്‍ഷ സമയത്തും (ഒക്‌ടോബര്‍--നവംബര്‍). ഇടിമിന്നലുകളുടെ കാലം തുടങ്ങുന്നു എന്നര്‍ത്ഥം. കൂടുതലും ഉച്ചതിരിഞ്ഞാണു് ഇടിമിന്നലോടുകൂടിയ മഴയുണ്ടാകുന്നതു്. തിരുവനന്തപുരത്തെ ഭൌമശാസ്ത്രപഠനകേന്ദ്രം നടത്തിയ ചില പഠനങ്ങള്‍ കേരളത്തിലെ ഇടിമിന്നലുകളേക്കുറിച്ചുള്ള പല വിവരങ്ങളും വെളിച്ചത്തു കൊണ്ടുവന്നിട്ടുണ്ടു്. ഇതില്‍നിന്നു് കാണുന്നതു് ഉച്ചതിരിഞ്ഞു് മൂന്നിനും ഏഴിനും ഇടയ്ക്കാണു് മിന്നലുകള്‍ കൂടുതലും ഉണ്ടാകുന്നതു് എന്നാണു്. കേരളത്തില്‍ മിക്ക ജില്ലകളിലുംഏകദേശം ഒരുപോലെ തന്നെയാണു് മിന്നല്‍ ഉണ്ടാകുന്നതു്. എന്നാല്‍ പാലക്കാടു് ചുരത്തിനു പടിഞ്ഞാറുള്ള പ്രദേശങ്ങളില്‍ മിന്നല്‍ കുറവാണെന്നു കാണാം. തണ്ടര്‍സ്റ്റോമുകളുണ്ടാകുന്നതിനു് പശ്ചിമഘട്ടത്തിനുള്ള സ്വാധീനമാണു് ഇതു് സൂചിപ്പിക്കുന്നതു്.

അപകടങ്ങളില്‍നിന്നു് രക്ഷപ്പെടാന്‍

മിന്നല്‍ മൂലമുണ്ടാകാവുന്ന അപകടങ്ങളില്‍നിന്നു് രക്ഷപ്പെടാന്‍ എന്താണു് മാര്‍ഗം? കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്കുള്ളിലാണു് ഏറ്റവും കൂടുതല്‍ സുരക്ഷ. എങ്കിലും പുറമെ നിന്നു വരുന്ന വൈദ്യുത, ടെലിഫോണ്‍ കമ്പികളുടെ സമീപത്തുനിന്നു് മാറുന്നതാണു് നല്ലതു്. ഇടിമിന്നലുണ്ടാക്കുന്ന മഴമേഘം അടുത്തെത്തുന്ന സമയത്തു് ടെലിഫോണ്‍ ഉപയോഗിക്കാതിരിക്കുന്നതാണു് അഭികാമ്യം. അതുപോലെ, ജനാലകളുടെയും വാതിലുകളുടെയും സമീപത്തുനിന്നും മാറുക; വിശേഷിച്ചു് ലോഹം കൊണ്ടുള്ള മാല, വള, തുടങ്ങി എന്തെങ്കിലും ധരിച്ചിട്ടുണ്ടെങ്കില്‍. തണ്ടര്‍സ്റ്റോം ദൂരത്തേയ്ക്കു് മാറിപ്പോയിക്കഴിഞ്ഞാല്‍ അപകടസാദ്ധ്യത കുറയും. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ നേരത്തേതന്നെ പ്ലഗ് ഊരിയിടണം. തണ്ടര്‍സ്റ്റോം അടുത്തെത്തിക്കഴിഞ്ഞാല്‍ അവയില്‍ നിന്നു് മാറി നില്‍ക്കണം.

ഓടിട്ടതോ ഓല മേഞ്ഞതോ ആയ കെട്ടിടം വലിയ രക്ഷ നല്‍കുന്നില്ല. ഭൂമിയുമായി ബന്ധിപ്പിച്ചിരിക്കുന്ന കമ്പികളോ തകിടുകൊണ്ടുള്ള പാത്തിയോ ഉണ്ടെങ്കില്‍ മിന്നലിന്റെ വൈദ്യുതി ഭൂമിയിലേയ്ക്കൊഴുകിപ്പോകാന്‍ അതു് കുറച്ചൊക്കെ സഹായിക്കും, കെട്ടിടത്തെ അത്രകണ്ടു് രക്ഷിയ്ക്കുകയും ചെയ്യും. ലൈറ്റ്നിങ് കണ്ടക്‌ടര്‍ എന്ന സുരക്ഷാസംവിധാനം ഉണ്ടെങ്കില്‍ കുറേക്കൂടി നല്ലതാണു്.

ഇവിടെ ഒരു കാര്യം വ്യക്തമാക്കട്ടെ. മിന്നലില്‍നിന്നു് രക്ഷ ലഭിക്കാനായി കെട്ടിടങ്ങളുടെ മുകളില്‍ സ്ഥാപിച്ചിരിക്കുന്ന കമ്പികള്‍ എല്ലാവരും കണ്ടിരിക്കും. ഇതു് കാന്തമാണു് എന്നു പലര്‍ക്കും ധാരണയുണ്ടു്. ആ ധാരണ ശരിയല്ല. മിന്നലിലടങ്ങുന്ന വൈദ്യുതിയെ ഭൂമിയിലേയ്ക്കു് നയിക്കാനുള്ള ചാലകം മാത്രമാണതു്. വിദ്യുച്ഛക്തിയ്ക്കു് സുഗമമായി പ്രവഹിക്കാനാകുന്ന ഒരു ലോഹപ്പട്ട ഇതില്‍നിന്നു് മണ്ണിലേയ്ക്കു് നയിക്കുന്നുണ്ടാകും. ഈ സംവിധാനത്തിനു് "മിന്നല്‍ചാലകം" (lightning conductor) എന്നാണു് പറയുക.

നമ്മള്‍ കെട്ടിടത്തിനു പുറത്താണെങ്കില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ടു്. പൂര്‍ണ്ണമായി ലോഹനിര്‍മ്മിതമായ വാഹനത്തിനുള്ളില്‍ ഇരിക്കുന്നതു് തികച്ചും സുരക്ഷിതമാണു്. മിന്നലില്‍ നിന്നുള്ള കറന്റ് പുറമെയുള്ള ലോഹഭാഗങ്ങളിലൂടെ പ്രവഹിച്ചു് ഭൂമിയിലേയ്ക്കു് പൊയ്ക്കോളും. വാഹനത്തിലല്ലെങ്കില്‍, തുറന്ന പ്രദേശത്തു് നില്‍ക്കുന്നതു് അപകടമാണു്. മൈതാനത്തു് കളിക്കുന്നതും കുളത്തിലും മറ്റും നീന്തുകയോ വള്ളത്തിലോ ബോട്ടിലെ സഞ്ചരിക്കുകയോ ചെയ്യുന്നതും ഒഴിവാക്കുന്നതാണു് നല്ലതു്. ഒറ്റയ്ക്കു് നില്‍ക്കുന്നതോ ഉയരമുള്ളതോ ആയ മരങ്ങളുടെ കീഴില്‍ നില്‍ക്കുന്നതു് അപകടം ക്ഷണിച്ചു വരുത്തുകയാവും. മഴ വരുന്നതുകണ്ടു് പശുവനെ അഴിച്ചു കെട്ടാനും ഉണങ്ങാനിട്ട തുണി എടുത്തു മാറ്റാനും മറ്റുമായി പുറത്തിറങ്ങിയ സമയത്തു് മിന്നലേറ്റു് അപകടമുണ്ടായ സംഭവങ്ങളുണ്ടു്. പശുവിന്റെ കയറോ തുണിയിടുന്ന അയയോ കെട്ടിയിരുന്ന മരത്തില്‍ മിന്നലേറ്റാണു് അപകടം പലപ്പോഴുമുണ്ടാകുന്നതു്.

ശക്തമായ ഇടിമിന്നല്‍ വരുന്ന സമയത്തു് തുറന്ന പ്രദേശത്തു് ആയിപ്പോയാല്‍ പെട്ടെന്നുതന്നെ സുരക്ഷിതമായ സ്ഥലത്തേയ്ക്ക് പോകുന്നതാണു് നല്ലതു്. അതിനു് കഴിയുന്നില്ല എങ്കില്‍ ഇപ്രകാരം ചെയ്യാം. രണ്ടുകാലും ചേര്‍ത്തുവെച്ചു് മറ്റൊരു ഭാഗവും നിലത്തു തൊടാതെ കുത്തിയിരിക്കുക. കൈകള്‍ കാലില്‍ ചുറ്റിപ്പിടിക്കുകയും തല കഴിവതും താഴ്ത്തി വയ്ക്കുകയും ചെയ്യണം. ഇങ്ങനെ ചെയ്താല്‍ത്തന്നെ മിന്നല്‍ ഏല്‍ക്കാതിരിക്കാനുള്ള സാദ്ധ്യത കൂടുമെന്നേ പറയാനാവൂ.

കേരളത്തിലെ പ്രത്യേകത

മിന്നല്‍ചാലകം സ്ഥാപിച്ചതുകൊണ്ടു് കെട്ടിടത്തിനു് പൂര്‍ണ്ണ സുരക്ഷ ലഭിക്കില്ല എന്നു് ഭൌമശാസ്ത്രപഠനകേന്ദ്രത്തിലെ ഡോ. മുരളീദാസ് പറയുന്നു. "ഇതു് കേരളത്തിലെ ഒരു പ്രത്യേകതയാണു്. ഇവിടെ ഉയരം കൂടിയ മരങ്ങള്‍ ധാരാളമുള്ളതുകൊണ്ടു് അവയിലൊന്നില്‍ മിന്നലേല്‍ക്കാന്‍ നല്ല സാദ്ധ്യതയുണ്ടു്. മിന്നലിന്റെ വൈദ്യുതി മരത്തില്‍ നിന്നു് ഭൂമിയില്‍ക്കൂടിയോ വൈദ്യുത, ടെലിഫോണ്‍ കമ്പികളില്‍ക്കൂടിയോ കെട്ടിടത്തിനകത്തേയ്ക്കു് പ്രവഹിയ്ക്കാനിടയുണ്ടു്". മിന്നല്‍മൂലമുള്ള കേരളത്തിലെ പല മരണങ്ങളും ഇങ്ങനെയാണുണ്ടായതത്രെ. ഭൂമിയില്‍ക്കൂടി മിന്നലിന്റെ വൈദ്യുതി വീട്ടില്‍ കടക്കുന്നതു് തടയണമെങ്കില്‍ കെട്ടിടത്തിനു ചുറ്റിലുമായി "റിംഗ് കണ്ടക്‌ടര്‍" എന്ന വൈദ്യുതചാലകം കുഴിച്ചിടുകയെ മാര്‍ഗമുള്ളു എന്നദ്ദേഹം പറയുന്നു.

മിന്നലേറ്റു് മരമോ കന്നുകാലിയോ നഷ്ടപ്പെട്ടാല്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുന്നുണ്ടു്.മനുഷ്യര്‍ക്കു് അപകടമുണ്ടായാലും വലുതല്ലാത്ത ഒരു തുക ലഭിക്കും. ഇതിനേക്കാള്‍ നന്നായിരിയ്ക്കും മിന്നലില്‍നിന്നു് രക്ഷനേടാനായി ധനസഹായം നല്‍കുന്നതെന്നു തോന്നുന്നു. മിന്നല്‍മൂലമുള്ള അപകടസാദ്ധ്യത കൂടിയ സ്ഥലങ്ങളില്‍ മിന്നല്‍ചാലകമോ റിംഗ് കണ്ടക്‌ടറോ സ്ഥാപിക്കാന്‍ സാമ്പത്തികമായി ബുദ്ധിമുട്ടുള്ളവര്‍ക്കു് അതിനുള്ള ചെലവിന്റെ ഒരു ഭാഗം വഹിക്കാന്‍ സര്‍ക്കാര്‍ തയാറാകുമെങ്കില്‍ അതു് നന്നായിരിക്കും. സന്നദ്ധസംഘടനകള്‍ക്കും മറ്റും ഇതില്‍ പങ്കുചേരാവുന്നതുമാണു്. നഷ്ടപരിഹാരം നല്‍കുന്നതിനേക്കാള്‍ നല്ലതാണല്ലോ നഷ്ടം തടയുന്നതു്.

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)

Friday, March 20, 2009

കാലാവസ്ഥാവ്യതിയാനവും നമ്മളും

(തേജസ് എന്ന പത്രത്തിന്റെ 2009 മാര്‍ച്ച് 19ലെ ലക്കത്തില്‍ നാലാം പേജില്‍ പ്രസിദ്ധീകരിച്ച ലേഖനം)

ഇന്നു് ലോകത്താകമാനം ചര്‍ച്ചചെയ്യപ്പെടുന്ന ഒരു വിഷയമാണല്ലോ കാലാവസ്ഥാവ്യതിയാനം. മനുഷ്യരുടെ പ്രവൃത്തികളുടെ ഫലമായുണ്ടാകുന്ന കാലാവസ്ഥാമാറ്റങ്ങളാണു് ആ വാക്കുകൊണ്ടു് പ്രധാനമായി ഉദ്ദേശിക്കുന്നതു്. പെട്രോളിയം കത്തിക്കുകയും കാടുവെട്ടിത്തെളിക്കുകയും മറ്റും ചെയ്യുന്നതിലൂടെ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവു് വര്‍ദ്ധിക്കുന്നു. ഇതു്, ഒരു കമ്പിളിപ്പുതപ്പുപോലെ, ചൂടു് പുറത്തേക്കു് പോകുന്നതു് തടയുന്നു. അങ്ങനെ അന്തരീക്ഷത്തിന്റെ താപനില വര്‍ദ്ധിക്കുന്നുണ്ടത്രെ. ഇതിനു് ഭൌമതാപനം എന്നു പറയുന്നു. കാര്‍ബണ്‍ ഡയോക്സൈഡ് കൂടാതെ നീരാവി, മീഥെയ്ന്‍, ഓസോണ്‍ തുടങ്ങിയ, ഹരിതഗൃഹവാതകങ്ങള്‍ എന്നറിയപ്പെടുന്ന, ചില വാതകങ്ങള്‍ക്കും ഈ സ്വഭാവമുണ്ടു്. ഇക്കൂട്ടത്തില്‍ ഭൌമതാപനത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ടതു് കാര്‍ബണ്‍ ഡയോക്സൈഡാണു്. ഭൂമിയിലെല്ലായിടത്തും ജീവനാവശ്യമായ ചൂടു് നിലനിര്‍ത്തണമെങ്കില്‍ ഈ വാതകങ്ങള്‍ ആവശ്യവുമാണു്. എന്നാല്‍ , ``അധികമായാല്‍ അമൃതും വിഷം'' എന്നു പറയാറുള്ളതുപോലെ, ഹരിതഗൃഹവാതകങ്ങളുടെ അളവു് അധികമായാല്‍ അന്തരീക്ഷത്തിന്റെ ചൂടും കൂടും. ഇതാണു് കാലാവസ്ഥാവ്യതിയാനത്തിലേക്കു് നയിക്കുന്നതത്രെ.

ഭൌമതാപനം സംഭവിക്കുന്നതു് സാവധാനത്തിലാണത്രെ. പക്ഷെ, ഭൂമിയുടെ ശരാശരി താപനില വര്‍ദ്ധിക്കുന്നതു് കൂടുതല്‍ വേഗത്തിലായിക്കൊണ്ടിരിക്കയാണെന്നു് പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ടു്. ഉദാഹരണമായി, കഴിഞ്ഞ ഏതാണ്ടു് നൂറു വര്‍ഷങ്ങളില്‍ ഭൂമിയുടെ അന്തരീക്ഷത്തിന്റെ താപനില വര്‍ദ്ധിച്ചതിനേക്കാള്‍ ഇരട്ടിയോളം വേഗത്തിലാണു് കഴിഞ്ഞ അമ്പതു് വര്‍ഷമായി ചൂടു കൂടുന്നതു്. ഒന്നര നൂറ്റാണ്ടോളമായി ഭൂമിയില്‍ പലയിടത്തും താപനില അളക്കുന്നതില്‍നിന്നു് വ്യക്തമാകുന്ന കാര്യങ്ങളാണിതു്. ഭൌമതാപനമുണ്ടാകുന്നതു് മനുഷ്യരുടെ പ്രവൃത്തികള്‍ മൂലമാണെന്നതിനു് വലിയ സംശയമൊന്നും ഇപ്പോള്‍ അവശേഷിക്കുന്നില്ല.

അന്തരീക്ഷത്തിന്റെ താപനില വര്‍ദ്ധിക്കുന്നതു് മറ്റു പലതിനെയും ബാധിക്കുന്നുണ്ടു് എന്നു് വ്യക്തമായിട്ടുണ്ടു്.. അവയില്‍ പ്രധാനപ്പെട്ട ചിലവയാണു് കടല്‍നിരപ്പുയരുക, ആകെ ലഭിക്കുന്ന മഴയുടെ അളവു് കുറയുക, ശക്തമായ മഴയും കഠിനമായ വരള്‍ച്ചയും കൂടുതലുണ്ടാകുക, സമുദ്രജലത്തിന്റെ അമ്ലത കൂടുക, തുടങ്ങിയവ. കാലാവസ്ഥാവ്യതിയാനത്തേപ്പറ്റി പഠിക്കാന്‍ നിയോഗിച്ച അന്തര്‍സര്‍ക്കാര്‍ സമിതിയുടെ (Intergovernmental Panel on Climate Change, IPCC) നാലാമത്തെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു് ഇക്കാര്യങ്ങളിവിടെ എഴുതുന്നതു്.

അന്തരീക്ഷത്തിന്റെ ചൂടു് കൂടുന്നതു് ജീവിതം കൂടുതല്‍ ദുസ്സഹമാക്കും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവില്ലല്ലോ. മനുഷ്യര്‍ക്കു മാത്രമല്ല ചെടികള്‍ക്കും മൃഗങ്ങള്‍ക്കും ജീവിയ്ക്കാന്‍ ബുദ്ധിമുട്ടു കൂടും. താപനില കൂടുന്നതനുസരിച്ചു് കൃഷിയുടെ ഉല്പാദനക്ഷമത കുറയും എന്നു് \eng IPCC\mal യുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ടു്. യൂറോപ്പുപോലെയുള്ള മിതശീതോഷ്ണമേഖലകളില്‍ (കടുത്ത ചൂടോ കഠിനമായ തണുപ്പോ അനുഭവപ്പെടാത്ത പ്രദേശങ്ങളില്‍) മൂന്നു ഡിഗ്രി ചൂടു് കൂടുന്നതുവരെ ഉല്പാദനക്ഷമത കൂടാന്‍ സാദ്ധ്യതയുണ്ടത്രെ. പക്ഷെ കേരളവും ആന്ധ്രയും മറ്റും പോലെയുള്ള ഉഷ്ണമേഖലാപ്രദേശങ്ങളില്‍ അരിയുടെയും മറ്റും ഉല്പാദനം കുറയുകയെയുള്ളു. ഇപ്പോള്‍ത്തന്നെ ഭക്ഷ്യവസ്തുക്കള്‍ക്കായി മറ്റു് പ്രദേശങ്ങളെ ആശ്രയിക്കേണ്ടി വരുന്ന കേരള സംസ്ഥാനം ഒരുപക്ഷെ കുറേക്കൂടി ദൂരെ നിന്നു് അരിയും പച്ചക്കറികളും മറ്റും കൊണ്ടുവരേണ്ടി വരാം. ഇവിടത്തെ ഏതെല്ലാം കൃഷിയെ കൂടിവരുന്ന ചൂടു് എങ്ങനെയെല്ലാം ബാധിക്കാം എന്നു നമുക്കറിയില്ല. നെല്ലു്, വാഴ, കൈത, പച്ചക്കറി, തെങ്ങു്, തേയില, റബ്ബര്‍, തുടങ്ങിയവയുടെ തോട്ടങ്ങളെ കാലാവസ്ഥാവ്യതിയാനം എങ്ങനെ ബാധിക്കും എന്നറിയില്ല. കൂടുതല്‍ അറിവു കിട്ടുന്നതുവരെ, ഇവയുടെയെല്ലാം ഉത്പാദനക്ഷമത കുറയും എന്നു വിചാരിക്കുന്നതാവും നല്ലതു്.

ഉയര്‍ന്നുവരുന്ന സമുദ്രജലനിരപ്പു് കടല്‍ത്തീരത്തു താമസിക്കുന്നവര്‍ക്കു് ബുദ്ധിമുട്ടുണ്ടാക്കും എന്നതു് വ്യക്തമാണല്ലൊ. കടലാക്രമണം കൂടുതല്‍ ശക്തമാകാം. തീരപ്രദേശത്തെ ചില ഭാഗങ്ങള്‍ കടലിനടിയിലാവാം. പക്ഷെ എത്രകാലം കൊണ്ടു് കടല്‍ എത്ര ഉയരുമെന്നൊ കരയുടെ ഏതൊക്കെ ഭാഗം കടലിലേയ്ക്കു് നഷ്ടപ്പെടാമെന്നൊ നമുക്കറിയില്ല. തീരദേശത്തു വസിക്കുന്നവരില്‍ ഭൂരിപക്ഷം വരുന്ന മത്സ്യത്തൊഴിലാളികള്‍ മറ്റൊരു പ്രശ്നവും നേരിടേണ്ടിവരും. കടല്‍ജലത്തന്റെ ചൂടു് കൂടുന്നതുകൊണ്ടു് മത്സ്യങ്ങള്‍ പലതും ചുടു കുറഞ്ഞ പ്രദേശങ്ങളിലേയ്ക്കു് നീങ്ങാന്‍ സാദ്ധ്യതയുണ്ടത്രെ. ഇതു് സംഭവിച്ചു തുടങ്ങി എന്നു് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുമുണ്ടു്. അങ്ങനെയെങ്കില്‍ ഒരു വശത്തു് മത്സ്യത്തിന്റെ ലഭ്യത കുറയുകയും മറുവശത്തു് കര നഷ്ടപ്പെടുകയും ചെയ്യാം. അതോടൊപ്പം സമുദ്രജലത്തിന്റെ അമ്ലത കൂടുന്നതു് പലതരം മീനുകളുടെ നിലനില്പിനെയും കാര്യമായി ബാധിച്ചേക്കാം. ഇതെല്ലാം മത്സ്യത്തൊഴിലാളികളുടെ ജീവിതം കൂടുതല്‍ കഷ്ടപൂര്‍ണ്ണമാക്കുമെന്നു വേണം അനുമാനിക്കാന്‍.

കടല്‍നിരപ്പുയരുന്നതുകൊണ്ടുണ്ടാകാവുന്ന മറ്റൊരു പ്രശ്നം നദികളിലേയ്ക്കു് ഉപ്പുവെള്ളം കടന്നുകയറുക എന്നതാണു്. ഇന്നുതന്നെ പലയിടങ്ങളിലും വേനല്‍ക്കാലത്തു് ഉപ്പുവെള്ളം കയറുന്നുണ്ടു്. മഴകുറയുന്നതുമൂലം നദിയിലൂടെയുള്ള ജലപ്രവാഹം കുറയുന്നതു് ഈ പ്രശ്നം കൂടുതല്‍ രൂക്ഷമാക്കാം. കാടുകള്‍ വെട്ടിത്തെളിച്ചതും തടാകങ്ങളും കുളങ്ങളും നികത്തിയതും അണക്കെട്ടുകള്‍ നിര്‍മ്മിച്ചതും നദീജലം മറ്റാവശ്യങ്ങള്‍ക്കായി തോടുകള്‍വെട്ടി തിരിച്ചുകൊണ്ടുപോയതും ആണു് നദികളില്‍ ഉപ്പുവെള്ളം കയറുന്നതിനു് കാരണമായിട്ടുള്ളതെന്നാണു് ശാസ്ത്രജ്ഞര്‍ കരുതുന്നതു്. ഈ പ്രശ്നത്തെ കാലാവസ്ഥാവ്യതിയാനം കൂടുതല്‍ തീവ്രമാക്കുമെന്നു് വേണം കരുതാന്‍.

ആകെ ലഭിക്കുന്ന മഴയുടെ അളവു് കുറയുകയും അതേ സമയം ലഭിക്കുന്ന മഴ കൂടുതല്‍ ശക്തമായതാകുകയും ചെയ്യുന്നതു് ഇപ്പോള്‍ത്തന്നെ നിലവിലുള്ള പ്രശ്നങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കാം. ഭൂഗര്‍ഭജലത്തിന്റെ ലഭ്യത കുറയാം. മഴയുടെ തീവ്രത കൂടുമ്പോള്‍ കൂടുതല്‍ വെള്ളം കുത്തിയൊലിച്ചു പോകാനും ഭൂമിയിലേയ്ക്കു് താഴ്ന്നിറങ്ങുന്ന വെള്ളം കുറയാനും ഇടയാകും. വെള്ളം താഴ്ന്നിറങ്ങാന്‍ സഹായിക്കുന്ന കാടുകളും തടാകങ്ങളും കുളങ്ങളും നമ്മള്‍ കുറേയേറെ ഇല്ലാതാക്കിക്കഴിഞ്ഞു. അതുകൊണ്ടു് കാലം കഴിയും തോറും ശുദ്ധജലം കിട്ടാനുള്ള ബുദ്ധിമുട്ടു് കൂടിവരുമെന്നു വേണം കരുതാന്‍. കൃഷിയ്ക്കും മനുഷ്യരുടെയും മൃഗങ്ങളുടെയും ഉപയോഗത്തിനും ശുദ്ധജലം കിട്ടാന്‍ കഷ്ടമാകാം. താപനില ഉയരുമ്പോള്‍ കൂടുതല്‍ വെള്ളം ആവശ്യമായിവരികയും ചെയ്യുമല്ലൊ.

ഈ സന്ദര്‍ഭത്തില്‍ മറ്റൊരു കാര്യം കൂടി ഓര്‍മ്മിക്കട്ടെ. നമ്മുടെ വൈദ്യുതിയുടെ വലിയ ഭാഗം ലഭിക്കുന്നതു് ജലവൈദ്യുത പദ്ധതികളില്‍ നിന്നാണല്ലൊ. ജലത്തിന്റെ ലഭ്യത കുറയുമ്പോള്‍ വൈദ്യതോല്പാദനം കുറയും. പെട്രോളിയത്തിന്റെ ലഭ്യതയും കുറഞ്ഞുവരുന്നതിനാല്‍ താപോര്‍ജ്ജത്തിന്റെ സാദ്ധ്യതയും കുറയും. സൌരോര്‍ജ്ജവും വാതോര്‍ജ്ജവും മാത്രമാണു് സ്ഥിരമായി, പരിസ്ഥിതി പ്രശ്നങ്ങള്‍ കാര്യമായിട്ടില്ലാതെ (നമുക്കിന്നു് അറിയാവുന്നിടത്തോളം), ലഭിക്കാന്‍ സാദ്ധ്യതയുള്ളതു്. ഈ സാഹചര്യത്തില്‍ നമ്മുടെ വൈദ്യുതോല്പാദനത്തെക്കുറിച്ചും ഉപഭോഗത്തെക്കുറിച്ചും ഗാഢമായി ചിന്തിക്കുകയും പഠിക്കുകയും ചെയ്യേണ്ടതാവശ്യമാണു് എന്നു തോന്നുന്നു. കാലാവസ്ഥാവ്യതിയാനവും പെട്രോളിയം തീരാന്‍ തുടങ്ങുന്നതും നമ്മുടെ വികസന പരിപ്രേക്ഷ്യത്തെക്കുറിച്ചു് ഒരു പുനര്‍ചിന്തനം നടത്തുന്നതിലേയ്ക്കു് നമ്മെ നയിക്കേണ്ടതാണു്.

കാലാവസ്ഥാവ്യതിയാനമുണ്ടാക്കാവുന്ന പ്രശ്നങ്ങളേപ്പറ്റി നമ്മുടെ സര്‍ക്കാര്‍ ചിന്തിച്ചു തുടങ്ങി എന്നതു് സന്തോഷമുള്ള കാര്യമാണു്. ഇതു ചര്‍ച്ച ചെയ്യാനും ഒരു വൈറ്റ് പേപ്പര്‍ തയാറാക്കാനുമായി ഏതാനും മാസങ്ങള്‍ക്കുമുമ്പു് റവന്യൂ വകുപ്പു് ഒരു മീറ്റിങ്ങ് വിളിച്ചു ചേര്‍ത്തിരുന്നു. കാലാവസ്ഥാവ്യതിയാനം സംഭവിക്കുന്നതു് സാവധാനത്തിലാണു്. എങ്കിലും, ജനങ്ങള്‍ക്കു് വലിയ കഷ്ടപ്പാടുണ്ടാകാതിരിക്കണമെങ്കില്‍ നമുക്കു് ഒരുപാടു് കാര്യങ്ങള്‍ ചെയ്യാനുണ്ടു്. കേരളത്തെ കാലാവസ്ഥാവ്യതിയാനം എങ്ങനെ ബാധിക്കാം എന്നതിനേപ്പറ്റി കൃത്യമായ അറിവുണ്ടാക്കേണ്ടതുണ്ടു്. എങ്കിലല്ലേ നമുക്കതിനെ പ്രതിരോധിക്കാനാവൂ. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഗവേഷകര്‍ക്കും ഇക്കാര്യത്തില്‍ ചെയ്യാന്‍ ധാരാളമുണ്ടു്.

കാലാവസ്ഥാവ്യതിയാനത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നതു് പെട്രോളിയത്തിന്റെ ഉപഭോഗമായതുകൊണ്ടു് വികസിത രാഷ്ട്രങ്ങളാണു് പ്രധാന ഉത്തരവാദികള്‍. അവരുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാവും എന്നാര്‍ക്കും പ്രവചിക്കാനാവാത്തതുകൊണ്ടു് കാലാവസ്ഥയിലെ മാറ്റം എത്ര വേഗത്തിലാവും എന്നും മുന്‍കൂട്ടി അറിയാനാവില്ല. എങ്കിലും നമ്മളതേപ്പറ്റി ഒരേകദേശരൂപം ഉണ്ടാക്കിയേ തീരൂ. അതോടൊപ്പം ഓരോ കാലഘട്ടത്തിലും കടല്‍നിരപ്പു് എത്രകണ്ടു് ഉയരുമെന്നും അപ്പോള്‍ കടല്‍ കരയിലേയ്ക്കു് എത്ര കയറിവരുമെന്നും ഏകദേശമായെങ്കിലും അറിയണം. എങ്കിലേ കടല്‍ത്തീരത്തു വസിക്കുന്നവരെ കടലാക്രമണത്തില്‍നിന്നും കഷ്ടപ്പാടില്‍നിന്നും രക്ഷിക്കാനാവൂ.

ജലലഭ്യത കുറയുമെന്നുള്ളതുകൊണ്ടു് ശുദ്ധജലം സംരക്ഷിക്കാനുള്ള നടപടികള്‍ കഴിവതും വേഗം തുടങ്ങണം. വനനശീകരണം തടയുക, വനവല്‍ക്കരണം നടത്തുക, അവശേഷിക്കുന്ന ജലാശയങ്ങള്‍ സംരക്ഷിക്കുകയും പുതിയവ നിര്‍മ്മിക്കുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ ആത്മാര്‍ത്ഥമായിത്തന്നെ നടത്തേണ്ടതുണ്ടു്. ഇത്തരം പല കാര്യങ്ങളിലും സര്‍ക്കാരിന്റെ സൂക്ഷ്മശ്രദ്ധ പതിയേണ്ടതിനോടൊപ്പം ഇതെല്ലാം നമ്മുടെ പ്രശ്നമായി കരുതി ജനങ്ങളും പ്രവര്‍ത്തിക്കേണ്ടതുണ്ടു്. നമ്മള്‍ ശ്രദ്ധയോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക ഭേദമില്ലാതെ നമ്മളും നമ്മുടെ കുഞ്ഞുങ്ങളും തന്നെയാണു് കഷ്ടപ്പെടാന്‍ പോകുന്നതെന്നു് നാം മനസിലാക്കണം.

ഉയരുന്ന താപനില ഏതെല്ലാം വിളകളെ എങ്ങനെയെല്ലാമാണു് ബാധിക്കാന്‍ പോകുന്നതെന്നു് മനസിലാക്കേണ്ടതുണ്ടു്. അത്തരം ചെടികളുടെ പുതിയ ഇനങ്ങള്‍ വികസിപ്പിച്ചെടുക്കുകയൊ മറ്റു് വിളകള്‍ പകരം കണ്ടെത്തുകയൊ ചെയ്യണം. കീടങ്ങളുടെ ഇനത്തിലും എണ്ണത്തിലും വ്യത്യാസമുണ്ടാകാം. ഇതെല്ലാം നേരിടാനായി കഴിയുന്നത്ര വിവരങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തുന്നതു സഹായകമാകും. രോഗങ്ങളുടെ വിതരണത്തിലും വ്യത്യാസമുണ്ടാകുമെന്നാണു് സൂചന. ഇവിടെയെല്ലാം ഗവേഷകര്‍ക്കു് ഒരുപാടു് കാര്യങ്ങള്‍ ചെയ്യാനുണ്ടു്. നമ്മളെല്ലാവരും ഒത്തുപിടിച്ചാല്‍ എല്ലാവരുടെയും, വിശേഷിച്ചു് സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്നവരുടെ, കഷ്ടപ്പാടു് കുറയ്ക്കാനായേക്കും.


(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)

Friday, January 2, 2009

കാലാവസ്ഥാവ്യ‍തിയാനവും നമ്മളും

ഇല എന്ന വെബ്‌സൈറ്റിനു വേണ്ടി ഞാനെഴുതിയ ഒരു ലേഖനമാണു് താഴെ കൊടുത്തിരിക്കുന്നതു്. മലയാളത്തിലുള്ള ബ്ലോഗുകളില്‍ നിന്നു് തിരഞ്ഞെടുത്ത ചിലവയിലേക്കുള്ള ചൂണ്ടുപലകയായി ഈ സൈറ്റിനെ കണക്കാക്കാം.

കാലാവസ്ഥാവ്യ‍തിയാനവും നമ്മളും
വി. ശശി കുമാര്‍

പണ്ടൊരിക്കല്‍ വിദ്യാഭ്യാസവകുപ്പു് ഒരു പരീക്ഷണം നടത്തിയതോര്‍ക്കുന്നു. പള്ളിക്കൂടം തുറക്കുന്നതു് കാലവര്‍ഷം തുടങ്ങുന്ന ദിവസമായതുകൊണ്ടു് വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടു് ഒഴിവാക്കണമെന്നു് അവര‍ക്കു് ന്യായമായും തോന്നി. അങ്ങനെ മെയ് മാസത്തില്‍ ക്ലാസുകള്‍ നടത്തുകയും ജൂണ്‍ മാസത്തില്‍ അവധി കൊടുക്കുകയും ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അതനുസരിച്ചുള്ള നിര്‍‌ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. അക്കൊല്ലം വിദ്യാര്‍ത്ഥികള്‍ മെയ് മാസത്തില്‍ സ്ക്കൂളില്‍ പോയി. നല്ല മഴയായരുന്നു മിക്ക ദിവസവും. പക്ഷെ കുട്ടികള്‍ക്കു് മഴ ഇഷ്ടമാണല്ലോ. അവരതു് ആഘോഷിച്ചു. ജൂണ്‍ മാസം മുഴുവനും അവധിയായി പ്രഖ്യാപിച്ചു. കുട്ടികള്‍ അതും ആഘോഷിച്ചു. അക്കൊല്ലം ജൂണ്‍ മാസത്തില്‍ കേരളത്തില്‍ മഴയേ പെയ്തില്ല. കളിക്കാന്‍ നല്ല സൌകര്യം. ജൂലൈ ഒന്നിനു് സ്ക്കൂള്‍ തുറന്നു. കാലവര്‍ഷവും വന്നെത്തി. കാലവര്‍ഷം സര്‍ക്കാര്‍ നിര്ദ്ദേശമനുസരിക്കില്ല എന്നു വ്യക്തമായി. അതോടെ വിദ്യാഭ്യാസ വകുപ്പു് പരീക്ഷ​ണം അവസാനിപ്പിച്ചു. സ്ക്കൂള്‍കലണ്ടര്‍ വീണ്ടും പഴയപോലെയായി.

മഴയും വെയിലും കൃത്യമായി മാറിമാറി വരുന്നതു് നമ്മുടെ ജീവിതത്തെ എത്രമാത്രം സ്വാധീനിക്കുന്നു എന്നു സൂചിപ്പിക്കാനാണു് ഈ പഴയ കഥ പറഞ്ഞതു്. നമ്മുടെ കൃഷി കാലാവസ്ഥയെ എത്ര ആശ്രയിച്ചാണിരിക്കുന്നതു് എന്നെല്ലാവര്‍ക്കും അറിയാമല്ലോ. അതുപോലെ എല്ലാ ദിവസവും വെളിച്ചത്തിരുന്നു് അത്താഴം കഴിക്കാനാകുമോ എന്നതും. മഴ മാത്രമല്ല, അന്തരീക്ഷത്തിന്റെ ഊഷ്മാവും നമുക്കു വളരെ നിര്‍ണ്ണായകമാണെന്നു് ഒരുപക്ഷെ നാം പലപ്പോഴും ഓര്‍മ്മിക്കാറില്ല. ``ഹൊ, എന്തൊരുഷ്ണം'' എന്നും മറ്റും പറഞ്ഞു് ഫാനോ (ഇന്നത്തെ കാലത്തു്) AC യോ പ്രവര്‍ത്തിപ്പിക്കുകയല്ലാതെ ഉയര്‍ന്ന ഊഷ്മാവിന്റെ കാരണം നമ്മളാരും അന്വേഷിക്കാറില്ലല്ലോ. നഗരവല്‍ക്കരണവും മരങ്ങളും ചെടികളും വെട്ടി മാറ്റുന്നതും കുളങ്ങളും തടാകങ്ങളും നികത്തുന്നതും വായുവിന്റെ സ്വതന്ത്രമായ ഒഴുക്കു് അനുവദിക്കാത്ത വിധത്തില്‍ കെട്ടിടം രൂപകല്പന ചെയ്യുന്നതും ഒക്കെ കാരണമാകാം. ഇതൊക്കെ നമുക്കു് പരിഹാരം കാണാവുന്ന കാര്യങ്ങളാണു്. എന്നാല്‍ അന്തരീക്ഷത്തിന്റെ ഉഷ്മാവു് കൂടിക്കൊണ്ടിരുന്നാല്‍ എന്തൊക്കെ സംഭവിക്കാം? പല ചെടികള്‍ക്കും മൃഗങ്ങള്‍ക്കും ജീവിതം ദുസ്സഹമാകാം, മനുഷ്യര്‍ക്കുള്‍പ്പെടെ. പല ചെടികളുടെയും നിലനില്പു് തന്നെ പ്രയാസത്തിലാകാം. മറ്റു പല പ്രശ്നങ്ങളുമുണ്ടാകാം.

ഇതു് അനാവശ്യമായ ചിന്തയല്ല. അന്തരീക്ഷത്തിന്റെ ശരാശരി ഊഷ്മാവു് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണു് എന്നതിനു് ധാരാളം തെളിവുകളുണ്ടു്. ധ്രൂവങ്ങളിലെ മഞ്ഞുരുകുന്നതും സമുദ്രജലനിരപ്പുയരുന്നതും എല്ലാം ഇതിനുള്ള തെളിവുകളാണു്. അന്തരീക്ഷ ഊഷ്മാവു് ഇങ്ങനെ വര്‍ദ്ധിക്കുന്നതിനാണല്ലോ ആഗോളതാപനം (Global Warming) എന്നു പറയുന്നതു്. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡിന്റെയും മറ്റു് പല ഹരിതഗൃഹ വാതകങ്ങളുടെയും അളവു് വര്‍ദ്ധിക്കുന്നതു കൊണ്ടാണു് ഇങ്ങനെ സംഭവിക്കുന്നതു് എന്നു് നമുക്കറിവായിട്ടുണ്ടു്. ഈ വാതകങ്ങളില്‍ കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവു കൂടുന്നതിനുള്ള പ്രധാന കാരണം പെട്രോളിയത്തിന്റെ ഉപഭോഗമാണത്രെ. പ്രതിശീര്‍ഷ പെട്രോളിയം ഉപഭോഗത്തില്‍ ഏറ്റവും മുന്നിട്ടു നില്‍ക്കുന്ന രാജ്യം അമേരിക്കന്‍ ഐക്യനാടുകളാണു്. പിന്നെ മറ്റു വികസിത രാഷ്ട്രങ്ങളും. ഇന്ത്യയേപ്പോലുള്ള വികസ്വര രാഷ്ട്രങ്ങള്‍ പെട്രോളിയം ഉപഭോഗത്തില്‍ വളരെ പിന്നിലാണു്. ആഗോളതാപനം നിയന്ത്രിക്കാനായിരുന്നു ജപ്പാനിലെ ക്യോട്ടോ നഗരത്തില്‍ വെച്ചു് രാഷ്ട്രങ്ങള്‍ തമ്മില്‍ കാര്‍ബണ്‍ ഡയോക്സൈഡ് വിസര്‍ജ്ജിക്കുന്നതില്‍ നിയന്ത്രണം വരുത്താനുള്ള ഒരു കരാറില്‍ ഒപ്പു വെച്ചതു്. മറ്റെല്ലാ രാഷ്ട്രങ്ങളും ഈ കരാര്‍ ശരി വച്ചെങ്കിലും അമേരിക്കന്‍ ഐക്യനാടുകള്‍ ഈ കരാറനെ തള്ളിപ്പറയുകയാണു് ചെയ്തതു്. എന്തായാലും അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവു് നിയന്ത്രിക്കുന്നതില്‍ വികസിത രാഷ്ട്രങ്ങള്‍ക്കാണു് വലിയൊരു പങ്കു വഹിക്കാനുള്ളതു്. ഇന്ത്യയ്ക്കും മറ്റു വികസ്വരരാഷ്ട്രങ്ങള്‍ക്കും ഇപ്പോള്‍ സാമ്പത്തിക പുരോഗതിയാണു് ഏറ്റവും പ്രധാനം. അതു് സാദ്ധ്യമാകണമെങ്കില്‍ തത്ക്കാലം പെട്രോളിയം ഉപഭോഗം വര്‍ദ്ധിപ്പിച്ചേ പറ്റൂ.

ആഗോളതാപനത്തെയും അതിലൂടെയുണ്ടാകുന്ന കാലാവസ്ഥാവ്യതിയാനത്തെയും കുറിച്ചു പഠിക്കാനും അവമൂലം എന്തെല്ലാം മറ്റു ഫലങ്ങളുണ്ടാകാം, ഭാവിയിലെന്തെല്ലാം സംഭവിക്കാം എന്നും മറ്റും മനസിലാക്കാനുമായി സ്ഥാപിച്ച Inter Governmental Panel on Climate Change (IPCC) അവരുടെ നാലാം റിപ്പോര്‍ട്ടു് 2007 നവമ്പറില്‍ സമര്‍പ്പിച്ചു കഴിഞ്ഞു. ആഗോളതാപനം സംഭവിക്കുന്നുണ്ടു് എന്നും അതിനു പ്രധാന കാരണക്കാര്‍ മനുഷ്യര്‍ തന്നെയാണെന്നും ഈ റിപ്പോര്‍ട്ടു് തറപ്പിച്ചു പറയുന്നുണ്ടു്. (അതുകൊണ്ടു്, അടുത്ത തവണ നമ്മള്‍ "ഹൊ! എന്തൊരുഷ്ണം!" എന്നു പറയുമ്പോള്‍ ഓര്‍മ്മിക്കണം, നമ്മളൊക്കെത്തന്നെയാണു് അതിനു കാരണക്കാരെന്നു്.) ഇതുവരെ ലഭിച്ചിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണു് IPCC ഈ തീരുമാനത്തിലെത്തിയിരിക്കുന്നതു്. 1850നു ശേഷമുള്ള അമ്പതു വര്‍ഷങ്ങളില്‍ ഏറ്റവും ഊഷ്മാവു കൂടിയ പന്ത്രണ്ടു വര്‍ഷങ്ങളില്‍ പതിനൊന്നും 1995നു ശേഷമാണെന്നു് IPCCയുടെ നാലാം റിപ്പോര്‍ട്ടില്‍ പറയുന്നു. 1956നു ശേഷമുള്ള 50 വര്‍ഷത്തില്‍ ഓരോ ദശാബ്ദത്തിലും ശരാശരി 0.13 ഡിഗ്രി വീതം ഊഷ്മാവു വര്‍ദ്ധിച്ചിട്ടുണ്ടത്രെ. കൂടാതെ ധ്രുവങ്ങളിലും മറ്റും കാലാകാലങ്ങളായി അടിഞ്ഞുകൂടി കിടക്കുന്ന മഞ്ഞു് അസാധാരണമായ തോതില്‍ ഉരുകി തുടങ്ങിയിട്ടുണ്ടു്. സമുദ്രജലത്തിന്റെയും ഊഷ്മാവു് വര്‍ദ്ധിച്ചു വരുന്നതിനു തെളിവുകളുണ്ടു്. മാത്രമല്ല, സമുദ്രനിരപ്പു് ഉയര്‍ന്നുവരുന്നതിനും തെളിവുകളുണ്ടു്. ഇതു് മാനുഷികപ്രവര്‍ത്തനങ്ങള്‍ മൂലമാണെന്നു് തെളിവുകളുടെ അടിസ്ഥാനത്തില്‍ IPCC ഉറപ്പിച്ചു പറയുന്നു. എന്നിട്ടും ഈ കാണുന്ന മാറ്റങ്ങള്‍ സ്വാഭാവികമായുണ്ടാകുന്നവ മാത്രമാണെന്നു വിശ്വസിക്കുന്നവര്‍ ഇപ്പോഴുമുണ്ടു്. അതുകൊണ്ടു് നമ്മുടെ ജീവിതരീതിയില്‍ വലിയ മാറ്റമൊന്നും ആവശ്യമില്ല എന്നാണവരുടെ മതം. തല്‍ക്കാലത്തേക്കെങ്കിലും ഈ അഭിപ്രായത്തെ അവഗണിക്കുന്നതായിരിക്കും മനുഷ്യരാശിക്കു നല്ലതു് എന്നു തോന്നുന്നു. കാരണം, ഏതെങ്കിലും കാരണവശാല്‍, IPCC പറയുന്നതാണു് ശരിയെങ്കില്‍ അനിയന്ത്രിതമായി പെട്രോളിയം ഉപഭോഗം വര്‍ദ്ധിക്കുന്നതു് അനിയന്ത്രിതമായ ആഗോളതാപനത്തിലേക്കു് നയിക്കാം. തത്ഫലമായി ഭൂമിയില്‍ ജീവനു നിലനില്‍ക്കാന്‍ പോലും ബുദ്ധിമുട്ടാവാം. അതുകൊണ്ടു് നമ്മുടെ ജീവിതരീതിയിലും നമ്മുടെ വികസന പരിപ്രേക്ഷ്യത്തില്‍ തന്നെയും മാറ്റങ്ങള്‍ വരുത്തുന്നതു് നന്നായിരിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കേണ്ടതു് വികസിത രാഷ്ട്രങ്ങളാണല്ലോ. ഈ സാഹചര്യത്തില്‍ ഇന്ത്യയേപ്പോലൊരു വികസ്വര പ്രദേശത്തുള്ള നമുക്കു് എന്തു ചെയ്യാനാവും?

നമുക്കു പലതും ചെയ്യാനുണ്ടു്, പലതും ചെയ്യേണ്ടതുണ്ടു്. നമ്മുടെ നാട്ടില്‍ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകാവുന്ന മാറ്റങ്ങള്‍ എന്തെല്ലാമായിരിക്കുമെന്നു് മനസിലാക്കുക എന്നതാണു് ആദ്യമായി ചെയ്യേണ്ടതു് എന്നതു് വ്യക്തമാണല്ലോ. അതു് മനസിലായാലേ നമുക്കു് അതിനുവേണ്ടി തയാറെടുക്കാനാകുകയുള്ളല്ലോ. ഉദാഹരണമായി, ശരാശരി ഊഷ്മാവു് മൂന്നോ നാലോ ഡിഗ്രി കൂടിയാല്‍ അതു് നമുക്കു് പ്രാധാന്യമുള്ള ഏതെല്ലാം ചെടികളെ എങ്ങനെയൊക്കെ ബാധിക്കും എന്നറിയണമല്ലോ. ഊഷ്മാവു് വര്‍ദ്ധിക്കുന്നതനുസരിച്ചു് ഉഷ്ണമേഘലാ പ്രദേശങ്ങളില്‍ നെല്ലിന്റെ ഉല്പാദനക്ഷമത കുറയും എന്നു് IPCC മുന്നറിയിപ്പു തന്നിട്ടുണ്ടു്. എന്നാല്‍ മിതശീതോഷ്ണമേഘലകളില്‍ മൂന്നു ഡിഗ്രി വരെ ഊഷ്മാവു് വര്‍ദ്ധിക്കുമ്പോള്‍ നെല്ലിന്റെ ഉല്പാദനക്ഷമത വര്‍ദ്ധിക്കുകയാണു് ചെയ്യുന്നതത്രെ. അതുകൊണ്ടു് ഒരുപക്ഷെ നാളെ നമുക്കു് കുറേക്കൂടി ദൂരത്തുനിന്നു് അരി കൊണ്ടുവരേണ്ടി വന്നേക്കാം. നെല്ലു കൂടാതെ മറ്റു കൃഷികളെ ഭൌമതാപനം എങ്ങനെ ബാധിക്കുമെന്നു് പരിശോധിക്കേണ്ടതുണ്ടു്. നമുക്കിന്നു് സുലഭമായ ഭക്ഷണവസ്തുക്കള്‍ സുലഭമായിത്തന്നെ തുടരും എന്നതിനു് യാതൊരു ഉറപ്പുമില്ല. നമ്മുടെ ഭക്ഷണരീതിയല്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തേണ്ടി വരുമോ? നാം മനസിലാക്കേണ്ടിയിരിക്കുന്നു. സമുദ്രജലത്തിന്റെ ഊഷ്മാവു് വര്‍ദ്ധിക്കുമ്പോള്‍ ഇന്നു നമുക്കു ലഭിക്കുന്ന മത്സ്യങ്ങള്‍ തുടര്‍ന്നും ലഭിക്കുമോ? ചില മത്സ്യങ്ങള്‍ ഇപ്പോള്‍ തന്നെ കൂടുതല്‍ തണുപ്പുള്ള പ്രദേശങ്ങളിലേക്കു് മാറിപ്പോകുന്നതായി റിപ്പോര്‍ട്ടുകളുണ്ടു്. സമുദ്രനിരപ്പു് പത്തു സെന്റിമീറ്റര്‍ ഉയര്‍ന്നാല്‍ കടല്‍ എവിടെ വരെ കയറിവരും എന്നു നമുക്കറിയില്ല. കടല്‍വെള്ളം കരയിലേക്കു് കയറി നാശനഷ്ടം വരുത്തുമ്പോള്‍ മാത്രം അറിഞ്ഞിട്ടു കാര്യമില്ലല്ലോ. ഇത്തരം കാര്യങ്ങള്‍ മുന്‍കൂട്ടി മനസിലാക്കി നാശനഷ്ടം ഒഴിവാക്കാനുള്ള നടപടികള്‍ എടുക്കുകയാണല്ലോ വേണ്ടതു്.

കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ചു് ഇത്തരം പല കാര്യങ്ങളും പഠിക്കുകയും പ്രശ്നങ്ങള്‍ ലഘൂകരിക്കാനും ഒഴിവാക്കാനും നടപടികള്‍ എടുക്കുകയും ചെയ്യേണ്ടതുണ്ടു്. കാലാവസ്ഥാ വ്യതിയാനത്തേക്കുറിച്ചു് ഭാരത സര്‍ക്കാര്‍ ഒരു നയം സ്വീകരിച്ചതായി വാര്‍ത്തകള്‍ വന്നിട്ടുണ്ടു്. എന്നാല്‍ എന്തെല്ലാം നടപടികളാണു് സ്വീകരിക്കേണ്ടതു് എന്നതിനെപ്പറ്റി വ്യക്തമായ ധാരണ ഉണ്ടായതായി കണ്ടില്ല. അതുപോലെ, കേരള സര്‍ക്കാര്‍ ചില പ്രവര്‍ത്തനങ്ങള്‍ക്കായി മുന്‍കൈ എടുത്തെങ്കിലും കാര്യമായ പുരോഗതി കണ്ടില്ല. കാലാവസ്ഥാ വ്യതിയാനം സാവധാനത്തിലാണു് ഉണ്ടാകുന്നതെങ്കിലും നമ്മള്‍ ഇനിയും കണ്ണടച്ചിരുന്നുകൂട. ഈ വര്‍ഷം കാലാവസ്ഥയില്‍ ദൃശ്യമായ മാറ്റങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമാണോ എന്നു നമുക്കറിയില്ല. എങ്കിലും മാര്‍ച്ചു മാസത്തിലെ അസാധാരണമായ മഴയും തുടര്‍ന്നുള്ള കാലവര്‍ഷക്കാലത്തു ലഭിച്ച മഴയുടെ കുറവും നമുക്കു പല പ്രശ്നങ്ങളും ഉണ്ടാക്കിയിട്ടുണ്ടല്ലോ. ഈ സാഹചര്യത്തില്‍ ഭാവിയേപ്പറ്റി നമ്മള്‍ നന്നായി ചിന്തിക്കുകയും പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ കഴിയുന്നത്ര ചെയ്യുകയും വേണ്ടേ?

Sunday, July 27, 2008

How many children should I have?

Today's Mangalam newspaper carries a report that the V.R. Krishna Iyer committee for legal reforms has recommended that there should be a law that limits children to two per family. If a third child is born, then the parents would have to pay a fine of Rs. 10,000. I thought this is absurd and could lead to problems like infanticide. But the committee also suggests that certain facilities like free education should be withheld for the child. I am generally in favour of this although the child will feel discriminated agains. But it seems there are people who are totally opposed to any such suggestions. One such response was that people should be free to decide how many children they want and such laws shouldn't even be dreamt of. I cannot agree with that view.

Free Society does not really mean that everybody is free to do what they want. No society can survive that way. When there are issues that the society faces as a unit, every member may have to make compromises. We as a people are very irresponsible, putting all responsibility on the government while claiming all benefits that are supposed to come to us. When we have more children, we simply assume that the government will provide for them. We may say that it is not the government who provides for *my* children. Think again. The water to drink, electricity, space on the road for travelling, parking space, medical care, education---a lot of things are provided by the government. I may provide only money, and that too from the salary I get, which again could be mediated by the government (government job, for instance). So long as we live in a society, we have to respond to the needs of society and abide by the laws that the society implements from time to time. We can, of course, examine the laws and express our opinions. But what is decided finally will have to be followed. And the government is only a group of people whom society has entrusted the job of running the society. That is what we call democracy.

I don't support the idea of punishing people who have more than two children. But withholding benefits from the third child is, I think, one way of promoting the idea of two children per family. I have nothing against it. Everyone knows that these are the consequences. If they still go ahead with a third child, well, they should face the consequences. We all know that the world itself is over-populated. Unless we bring down human population, there is going to be a catastrophe. Money we can print as much as we want, but not resources. Resources are limited and we are depleting them one by one. Unless we are very careful, we could soon be looking at the end of the world.

Wednesday, July 16, 2008

കാലാവസ്ഥാവ്യ‍തിയാനവും കേരളവും

ഈ വര്‍ഷത്തെ അനുഭവത്തിനു ശേഷം കാലാവസ്ഥാവ്യ‍തിയാനം (climate change) ഉണ്ടാകുന്നില്ല എന്നാരും പറയില്ല. മാര്‍ച്ചിലെ അസാധാരണ മഴയും തുടര്‍ന്ന് ഇടവപ്പാതിയിലെ അസാധാരണ ഉണക്കും എല്ലാവരെയും ബുദ്ധിമുട്ടിക്കുകയും ഞെട്ടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്തിന്, സര്‍ക്കാര്‍ പോലും പ്രവര്‍ത്യോന്മുഖമായിരിക്കുന്നു. കാലാവസ്ഥാവ്യ‍തിയാനത്തേപ്പറ്റി ഒരു വൈറ്റ് പേപ്പര്‍ തയാറാക്കാനായി ഒരു കമ്മിറ്റിയെ തന്നെ ഏല്‍പ്പിച്ചിരിക്കയാണ്.

എന്താണീ കാലാവസ്ഥാവ്യ‍തിയാനം? ചുരുക്കിപ്പറഞ്ഞാല്‍ മനുഷ്യ‍ന്‍ അനിയന്ത്രിതമായി പെട്രോളിയം കത്തിക്കുകയും കാടു വെട്ടിത്തെളിക്കുകയും ചെയ്യുന്നതിന്റെ ഫലമായി അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡ് എന്ന വാതകത്തിന്റെ അളവ് വളരെ കൂടുകയും തത്ഫലമായി അന്തരീക്ഷത്തിന്റെ ഊഷ്മാവ് വര്‍ദ്ധിക്കുകയും ചെയ്തിരിക്കുന്നു. പക്ഷെ അതു കൊണ്ടവസാനിക്കുന്നില്ല. ഊഷ്മാവ് കൂടുമ്പോള്‍ കൂടുതല്‍ മഞ്ഞുരുകുന്നു. ധ്രുവങ്ങളിലും പര്‍വ്വ‍തങ്ങള്‍ക്കു മുകളിലും ഖനീഭവിച്ചു കിടന്നിരുന്ന മഞ്ഞ് ഉരുകിത്തുടങ്ങിയിരിക്കുന്നു. ഇങ്ങനെ ഉണ്ടാകുന്ന വെള്ളം കടലില്‍ ചെന്നു ചേരുമല്ലോ. ഇത് കടല്‍ നിരപ്പുയരാന്‍ കാരണമാകുന്നു. മാത്രമല്ല, ഊഷ്മാവ് കൂടുമ്പോള്‍ ജലത്തിന്റെ വ്യാപ്തം വര്‍ദ്ധിക്കുന്നതു കൊണ്ടും കടല്‍നിരപ്പുയരുന്നു. അങ്ങനെ, താഴ്‍ന്നു കിടക്കുന്ന തീരപ്രദേശങ്ങളും ദ്വീപുകളും കടലിനടിയിലാകാന്‍ ഇടയാവുന്നു. ശരാശരി ഊഷ്മാവ് വര്‍ദ്ധിക്കുന്നതുകൊണ്ട് പല ജീവികള്‍ക്കും അവ ജീവിച്ചിരുന്നയിടങ്ങളില്‍ ജീവിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്നു. മത്സ്യ‍ങ്ങളും മൃഗങ്ങളും കൂടുതല്‍ തണുപ്പുള്ളയിടങ്ങള്‍ അന്വേഷിച്ചു പോകാം. എന്നാല്‍ ചെടികളെന്തു ചെയ്യും? അവയ്ക്ക് മറ്റൊരിടത്തേക്ക് പോകാന്‍ കഴിയാത്തതുകൊണ്ട് അവയുടെ വളര്‍ച്ച മുരടിക്കാം. ചെടികളുടെ ഉത്പ്പാദനക്ഷമത കുറയും. കാലാവസ്ഥാ വ്യ‍തിയാനം പഠിക്കാനായി ഐക്യ‍രാഷ്ടസഭ ഉണ്ടാക്കിയ Intergovernmental Panel on Climate Change അഥവാ IPCC യുടെ 2007 ലിറങ്ങിയ നാലാം റിപ്പോര്‍ട്ടനുസരിച്ച് മൊത്തം മഴ കുറയുമെങ്കിലും മഴയുടെയും വരള്‍ച്ചയുടെയും തീവ്രത വര്‍ദ്ധിക്കാനാണ് സാദ്ധ്യ‍ത. ഇങ്ങനെ പല പ്രത്യാഘാതങ്ങളുമുണ്ടാകാം.

ഇത് കേരളത്തെ എങ്ങനെ ബാധിക്കും എന്നാലോചിച്ചു നോക്കൂ. കടല്‍ നിരപ്പുയര്‍ന്നാല്‍ കേരളതീരത്തുള്ള താഴ്ന്നയിടങ്ങളില്‍ കടല്‍ വെള്ളം കയറാം. ശരാശരി കടല്‍ നിരപ്പ് അര മീറ്റല്‍ ഉയര്‍ന്നാല്‍ ജലം എവിടെ വരെ കയറും എന്ന് ഇപ്പോള്‍ നമുക്കറിയില്ല. കടല്‍ നിര്പ്പുയരുമ്പോള്‍ നദികളില്‍ ഇപ്പോള്‍ കാണുന്നതിനേക്കാള്‍ ഉള്ളിലേക്ക് ഉപ്പുവെള്ളത്തിന്റെ പ്രഭാവമുണ്ടാകും. ഇപ്പോള്‍ത്തന്നെ ഭക്ഷണാവശ്യ‍ങ്ങള്‍ക്കായി മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന നമ്മള്‍ കൂടുതല്‍ ദൂരെ നിന്ന് ഭക്ഷണം കൊണ്ടുവരേണ്ടി വരാം. മൊത്തം ലഭിക്കുന്ന മഴയുടെ അളവു കുറയുന്നതുകൊണ്ട് ജലലഭ്യ‍ത കുറയാനാണ് സാദ്ധ്യ‍ത. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നമ്മുടെ കുളങ്ങളും തടാകങ്ങളും നികത്തിയതിന്റെ തിക്തഫലങ്ങള്‍ ഇനിയും അറിയാനിരിക്കുന്നതേയുള്ളൂ. മനുഷ്യ‍രാശിയുടെ തന്നെ ആര്‍ത്തി മൂത്ത ജീവിതരീതി തന്നെയാണ് നമ്മെ ഇത്തരമൊരവസ്ഥയില്‍ കൊണ്ടുവന്നെത്തിച്ചിരിക്കുന്നത്. ഇതിന് ഈ കൊച്ചു കേരളത്തില്‍ മാത്ര ജീവിക്കുന്നവര്‍ വിചാരിച്ചാല്‍ കാര്യ‍മായ മാറ്റമൊന്നും വരുത്താനാവില്ല. എന്നാല്‍ കാലാവസ്ഥാവ്യ‍തിയാനം കൊണ്ടുണ്ടാകുന്ന ദോഷഫലങ്ങളില്‍ നിന്ന് കുറേയൊക്കെ ആശ്വാസം ലഭിക്കാന്‍ കഴിഞ്ഞേക്കും. ഇക്കാര്യ‍ത്തില്‍ സര്‍ക്കാര്‍ താല്പര്യ‍മെടുത്തു കാണുന്നത് നല്ലതുതന്നെ. പക്ഷെ അതുകൊണ്ട് സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ പോര. വരാന്‍ പോകുന്ന വിപത്തിനെ നമ്മള്‍ തിരിച്ചറിഞ്ഞ് വേണ്ട രീതിയില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ അതിന്റെ ഫലം നമ്മള്‍ ജനങ്ങള്‍ തന്നെ അനുഭവിക്കേണ്ടി വരും.

Friday, May 16, 2008

ഒരു സ്വാതന്ത്ര്യദിനസ്മരണ

ജയിച്ചിടട്ടെ ഭാരതം, സ്വതന്ത്രസിംഹതാവളം
മുഴക്കിടട്ടെ കാഹളം, വിറച്ചിടട്ടെ പാരിടെ
ജയവീരഭാരതം, ജയധീരഭാരതം, ജയവീരഭാരതം

ഒരു ഗാനത്തിന്റെ പല്ലവിയാണത്. ദശാബ്ദങ്ങള്‍ക്കുമുന്‍പ് ഒരു സ്വാതന്ത്ര്യദിനത്തില്‍ പാടി നടന്ന പാട്ടാണിത്. ഞാന്‍ സ്ക്കൂളില്‍ പഠിച്ചിരുന്ന കാലം. ഒരു വര്‍​ഷം സ്വാതന്ത്ര്യദിനത്തില്‍ സ്ക്കൂളുകള്‍ തമ്മില്‍ മത്സരമുണ്ടാകുമെന്ന് പ്രഖ്യാപനമുണ്ടായി. അന്ന് സ്ക്കൂള്‍കുട്ടികളുടെ പ്രകടനമുണ്ടാകുമെന്നും ഏറ്റവും നന്നായി പ്രകടനം നടത്തുന്ന സ്ക്കൂളുകള്‍ക്ക് സമ്മാനങ്ങള് ലഭിക്കുമെന്നായിരുന്നു പ്രഖ്യാപനം. പ്രകടനത്തിനു കുറേ മുദ്രാവാക്യങ്ങളും പാടാന്‍ ഒരു ഗാനവും ആരോ എഴുതിയിരുന്നു. ആ പാട്ടിന്റെ ആദ്യവരികളാണു മുകളില്‍ കൊടുത്തത്. ഞാന്‍ പഠിച്ചിരുന്നത് എം.ടി. സെമിനാരി ഹൈസ്ക്കുളിലായിരുന്നു. ഏത് ക്ലാസിലായിരുന്നു എന്നെനിക്ക് ഓര്മ്മയില്ല.

ഞങ്ങളുടെ സ്ക്കൂളില്‍ മത്സരത്തിനുള്ള തയാറെടുപ്പ് കാര്യമായിത്തന്നെ നടന്നു. പ്രകടനം എങ്ങനെയാവണം എന്ന ചര്‍ച്ച വന്നപ്പോള്‍ ഒരഭിപ്രായം വന്നത് പാടുന്നവര്‍ പ്രത്യേക കൂട്ടങ്ങളായി ജാഥയുടെ ഇടയ്ക്കിടയ്ക്കായി ഉണ്ടാവണം എന്നായിരുന്നു. ബാക്കിയുള്ളവര്‍ മുദ്രാവാക്യം വിളിക്കുക മാത്രം ചെയ്യും. എല്ലാവരും കുറച്ചുസമയം പാടുകയും കുറച്ചു സമയം മുദ്രാവാക്യം വിളിക്കുകയും ചെയ്യുക എന്നതായിരുന്നു ആദ്യമുണ്ടായിരുന്ന പദ്ധതി. പുതിയ ആശയം പൊതുവെ അംഗീകരിക്കപ്പെട്ടു. എനിക്ക് ഒരുമാതിരി പാടാന്‍ പറ്റും എന്ന് അദ്ധ്യാപകരില്‍ ചിലര്‍ക്ക് അഭിപ്രായം ഉണ്ടായിരുന്നതുകൊണ്ട് ഞാന്‍ പാടുന്നവരുടെ കൂട്ടത്തിലായിരുന്നു. അങ്ങനെ പാടിപ്പഠിച്ച ഗാനമാണിത്. ഈണം ഇവിടെ എഴുതാന്‍ പറ്റില്ലെങ്കിലും പാട്ടിന്റെ വരികള്‍ നഷ്ടപ്പെടണ്ട എന്ന ഉദ്ദേശ്യത്തോടെ വരികളെല്ലാം ഇവിടെ കുറിച്ചിടട്ടെ. കവി ആരാണെന്നറിയില്ല എന്നോര്‍മ്മിപ്പിക്കട്ടെ.

ജയിച്ചിടട്ടെ ഭാരതം, സ്വതന്ത്രസിംഹതാവളം
മുഴക്കിടട്ടെ കാഹളം, വിറച്ചിടട്ടെ പാരിടെ
ജയവീരഭാരതം, ജയധീരഭാരതം, ജയവീരഭാരതം
......ജയിച്ചിടട്ടെ ഭാരതം

ദൂരെയങ്ങതാ ഹിമാലയം ഹിമാലയം (2)
വീരഭാരതീയരെ വിളിച്ചിടുന്നനര്‍ഗ്ഗളം (2)
വീരരക്തതിലകിതരായ്
ധീരചിത്ത പുളകിതരായ്
വരുവിന്‍മാതൃഭൂമി രക്ഷക്കുണരുവിന്‍ വിളിക്കുവിന്‍
ജയവീരഭാരതം, ജയധീരഭാരതം, ജയവീരഭാരതം
......ജയിച്ചിടട്ടെ ഭാരതം

ജീവരക്തവേദിയില്‍ നിന്നുണരും ദിവ്യഗീതം (2)
ധീരശിവജി ചന്ദ്രതിലകരോതിയോരു ശംഖുനാദം (2)
ഗീതയോതിടുന്നതെന്ത്, ജീവിതത്തിന്‍ ധര്‍മ്മമെന്ത്
സുഭാഷ്ചന്ദ്രതത്വമെന്ത് പൊരുതുവാന്‍, സ്വാതന്ത്ര്യം പുലരുവാന്
വരുന്നിതാ നിരന്നിതാ വീരജവാന്മാര്
ധീരജവാന്മാര്‍
വീരജവാന്മാര്‍

അവസാനം പല്ലവി ആവര്‍ത്തിക്കുന്നില്ല എന്നത് ശ്രദ്ധിക്കുക.

വായനക്കാരില്‍ ആരെങ്കിലും ഈ ഗാനം ഓര്‍മ്മിക്കുന്നുണ്ടെങ്കില്‍ ഇതില്‍ തെറ്റുകളുണ്ടോ എന്നു പരിശോധിക്കുമല്ലോ. തെറ്റു കണ്ടാല്‍ എനിക്ക് ഇമെയ്ല്‍ അയക്കാന്‍ അപേക്ഷ. എന്റെ വിലാസം vsasi_at_hotpop dot com.

അന്ന് ഞങ്ങളുടെ സ്ക്കൂളിനു ഒരു സമ്മാനം കിട്ടി എന്നാണോര്‍മ്മ. ഞങ്ങള്‍ മാത്രമാണു മുദ്രാവാക്യം വിളിക്കുന്നവരെയും പാടുന്നവരെയും പ്രത്യേകം ഗ്രൂപ്പുകളായ വേര്‍തിരിച്ചിരുന്നത്. അതുകൊണ്ടു തന്നെയാവണം ഞങ്ങളുുടെ പാട്ടാണു മറ്റു സ്ക്കൂളുകളേക്കാള്‍ മെച്ചപ്പെട്ടിരുന്നത് എന്നും പറഞ്ഞുകേട്ടിരുന്നു എന്നാണോര്‍മ്മ.