വാല്‍വുകള്‍ക്കു പകരം 1950കളില്‍ ട്രാന്‍സിസ്റ്റര്‍ എന്ന അത്ഭുതവസ്തു കണ്ടുപിടിച്ചു. 1960കളില്‍ അനേകം ട്രാന്‍സിസ്റ്റര്‍ സര്‍ക്യൂട്ടുകള്‍ ഒരു ചെറിയ സിലിക്കണ്‍ `ചിപ്പില്‍' ഉള്‍ക്കൊള്ളിക്കാനുള്ള വിദ്യ കണ്ടുപിടിച്ചു. `വന്‍കിട ഉദ്ഗ്രഥനം' (large scale integration) എന്ന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തതു് 1970കളിലാണു്. ഇതോടെ സ്വന്തമായി കെട്ടിടവും ശീതീകരണവും വേണ്ടിയിരുന്ന സ്ഥിതിയില്‍നിന്നു് കമ്പ്യൂട്ടറുകള്‍ മേശപ്പുറത്തു് വയ്ക്കാന്‍ പറ്റുന്ന ഉപകരണമായി തീര്‍ന്നു. മാത്രമല്ല കമ്പ്യൂട്ടറുകളുടെ വിലയും ആവശ്യമായ ഊര്‍ജവും വളരെയധികം കുറഞ്ഞു. ഏതാണ്ടു് ഇതേ കാലത്തുതന്നെ കമ്പ്യൂട്ടറുകളെ പരസ്പരം ബന്ധിപ്പിച്ചു് ശൃംഘല തീര്‍ക്കാനുള്ള ശ്രമം വിജയിച്ചു. ഇതോടെ ഒറ്റയ്ക്കൊറ്റയ്ക്കു് കമ്പ്യൂട്ടര്‍ ഉപയോഗിക്കുക എന്നതില്‍നിന്നു് വളരെ വ്യത്യസ്തമായ ഇന്റര്‍നെറ്റ് എന്ന ആശയം പ്രചാരത്തിലായി. ഇന്നു് ഇതു് വിവരവിനിമയ സാങ്കേതികവിദ്യ (Information Communication Technology, ICT) എന്ന പേരില്‍ അറിയപ്പെടുന്നു.
സങ്കീര്‍ണ്ണമായ കണക്കുകൂട്ടലുകള്‍ നടത്താനാണു് കമ്പ്യൂട്ടര്‍ വിഭാവനം ചെയ്തതു്. എന്നാല്‍ സാങ്കേതികവിദ്യയിലുണ്ടായ വികസനം കമ്പ്യൂട്ടറിന്റെ കഴിവുകള്‍ വളരെയധികം വര്‍ദ്ധിപ്പിച്ചപ്പോള്‍ അതു് ഉപയോഗിക്കുന്നതു് എളുപ്പമാവുകയും വൈവിദ്ധ്യമാര്‍ന്ന പല മേഖലകളിലും ഉപയോഗിക്കാന്‍ സാദ്ധ്യമാവുകയും ചെയ്തു. ഇന്നു് കണക്കുകൂട്ടാന്‍ കൂടാതെ പ്രബന്ധങ്ങള്‍ രചിക്കാനും ചിത്രങ്ങള്‍ വരയ്ക്കാനും ഫോട്ടോകളില്‍ മാറ്റം വരുത്താനും സംഗീതം കേള്‍ക്കാനും ചലച്ചിത്രം കാണാനും ആശയവിനിമയം നടത്താനും എന്നല്ല മനുഷ്യന്‍ ചെയ്യുന്ന ഏതാണ്ടു് എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നുണ്ടല്ലോ. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പലതും കമ്പ്യൂട്ടര്‍ വഴി ആക്കിക്കൊണ്ടിരിക്കയാണല്ലോ. ഭാവിയില്‍ എന്തിനെല്ലാം കമ്പ്യൂട്ടര്‍ ഉപയോഗിക്കും എന്നതു് നമുക്കിന്നു് സങ്കല്പിക്കാന്‍പോലും കഴിയില്ല.
ഇത്രയും സാദ്ധ്യതകളുള്ള ഒരു യന്ത്രം മനുഷ്യജീവിതത്തിന്റെ എല്ലാ തുറകളിലേക്കും കടന്നു വന്നുകൊണ്ടിരിക്കുമ്പോള്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളില്‍പ്പെട്ട ആളുകളും ഇതുപയോഗിക്കാന്‍ അറിഞ്ഞിരിക്കുകയും അവര്‍ക്കു് ആവശ്യത്തിനു് ഉപയോഗിക്കാനുള്ള അവസരം ഉണ്ടായിരിക്കുകയും ചെയ്യേണ്ടതുണ്ടു് എന്നു് വ്യക്തമാണല്ലോ. എന്നാല്‍ ഇതു് എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരുന്നില്ല. ഈ സാങ്കേതികവിദ്യ ചെലവേറിയതാണു് എന്നതാണു് ഇതിനൊരു പ്രധാന കാരണം. എന്നാല്‍ കമ്പ്യൂട്ടറുകളുടെ വില തുടര്‍ച്ചയായി കുറഞ്ഞുകൊണ്ടിരിക്കയാണു്. മാത്രമല്ല, വാഹനങ്ങളുടെ കാര്യത്തിലെന്നതു പോലെ ഉപയോഗിച്ച കമ്പ്യൂട്ടറുകള്‍ ഇന്നു് നിസ്സാര വിലയ്ക്കു് ലഭ്യമാണുതാനും (അവ ഉപയോഗിക്കുന്നതിനു് ബൂദ്ധിമുട്ടുകളുണ്ടാകാമെങ്കിലും). കൂടാതെ ഇന്റര്‍നെറ്റ് കഫെകളില്‍ ചുരുങ്ങിയ ചെലവില്‍ കുറച്ചു സമയത്തേക്കു് കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഉപയോഗിക്കാനുള്ള സൌകര്യവും ഇന്നുണ്ടു്. ഇതൊക്കെയാണെങ്കിലും ഇന്ത്യയെപ്പോലുള്ളൊരു വികസ്വര രാഷ്ട്രത്തില്‍ വളരെയധികം പേര്‍ക്കു് കമ്പ്യൂട്ടര്‍ ഉപയോഗിക്കാനാവില്ല എന്നതു് വ്യക്തമാണു്.
കമ്പ്യൂട്ടറിന്റെ കാര്യത്തില്‍ മറ്റൊരു ചെലവും കൂടിയുണ്ടു്. സോഫ്റ്റ്‌വെയര്‍ എന്നൊരു ഭാഗം കൂടി ഉണ്ടെങ്കിലേ കമ്പ്യൂട്ടര്‍ ഉപയോഗിക്കാനാവൂ. പൊതുവില്‍ വലിയ ശതമാനം കമ്പ്യൂട്ടറുകളിലും ഇന്നുപയോഗിക്കുന്ന സോഫ്റ്റ്‌വെയര്‍ വിലകൊടുത്തു വാങ്ങേണ്ടതാണു്. സാധാരണഗതിയില്‍ ഒരു കമ്പ്യൂട്ടറില്‍ ആവശ്യമാകുന്ന സോഫ്റ്റ്‌വെയറിനു് കമ്പ്യൂട്ടറിനേക്കാള്‍ വിലയാകും. എന്നാല്‍ അതിനു് ഇന്നു് പരിഹാരമുണ്ടു്. കേരള സര്‍ക്കാര്‍ നയപരമായി തന്നെ സ്വീകരിച്ചിരിക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ക്കു് ഇന്നു് മിക്കവാറും എല്ലാ കാര്യങ്ങളും ചെയ്യാനാവും. അതു് വില കൊടുക്കാതെ ലഭിക്കും എന്നു മാത്രമല്ല അതില്‍ മാറ്റം വരുത്താന്‍ പോലുമുള്ള സ്വാതന്ത്ര്യം നമുക്കു് ലഭിക്കുകയും ചെയ്യുന്നു. എന്നാല്‍ അതു് പൊതുജനങ്ങളുടെ ഇടയില്‍ പ്രചാരത്തിലായി വരുന്നതേയുള്ളൂ. എങ്കിലും ഡിജിറ്റല്‍ വിടവു് കുറയ്ക്കാന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സഹായിക്കും എന്നതു് വ്യക്തമാണു്.
കമ്പ്യൂട്ടറും സോഫ്റ്റ്‌വെയറും ലഭിച്ചാലും മതിയായില്ലല്ലോ. അതു് ഉപയോഗിക്കാനുള്ള അറിവും കൂടി ഉണ്ടാവണ്ടേ. കേരളത്തിലെ സ്ക്കൂളുകളില്‍ ഐ.റ്റി. വിദ്യാഭ്യാസം തുടങ്ങാനുള്ള തീരുമാനത്തിനു പുറകില്‍ എല്ലാവര്‍ക്കും കമ്പ്യൂട്ടറുമായി പരിചയമുണ്ടാകുക എന്ന ഉദ്ദേശ്യവും ഉണ്ടായിരുന്നു. മാത്രമല്ല എല്ലാവരും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പഠിച്ചാല്‍ മതി എന്നും സര്‍ക്കാര്‍ തീരുമാനിച്ചു. അതുകൊണ്ടു് ഇപ്പോള്‍ ഹൈസ്ക്കൂള്‍ പാസായി വരുന്ന കുട്ടികള്‍ക്കു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു് കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. വിവര സാങ്കേതികവിദ്യ അത്രയുംകൂടി ജനങ്ങളുടെ അടുത്തെത്തിക്കാന്‍ ഇതു് സഹായിക്കും എന്നാണു് പ്രതീക്ഷിക്കുന്നതു്. ഇന്നു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രം ഉപയോഗിച്ചു് പ്രവര്‍ത്തിക്കുന്ന, ഡി.റ്റി.പി.യും ത്രിമാന അനിമേഷനുമൊക്കെ പഠിപ്പിക്കുകയും ചെയ്യുന്ന, ഒരു കമ്പ്യൂട്ടര്‍ സെന്ററെങ്കിലും കേരളത്തില്‍ ഉള്ളതു് അതിനു് തെളിവാണു്. അതുകൊണ്ടു് ഭാവിയിലെങ്കിലും ഭൂരിഭാഗം ജനങ്ങള്‍ക്കും കമ്പ്യൂട്ടര്‍ ഒരു പേടിപ്പെടുത്തുന്ന വസ്തു ആവില്ല എന്നു് ആശ്വസിക്കാം.
കമ്പ്യൂട്ടര്‍ ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരത്തിനു് `ഡിജിറ്റല്‍ ഡിവൈഡ്' (digital divide) എന്ന പ്രയോഗം പ്രചാരത്തില്‍ വന്നതു് 1990കളിലാണു്. അമേരിക്കന്‍ രാഷ്ട്രപതിയായിരുന്ന ബില്‍ ക്ലിന്റണും ഉപരാഷ്ട്രപതിയായിരുന്ന ആല്‍ ഗോറും ഈ പ്രയോഗം പ്രചരിപ്പിക്കുന്നതില്‍ പങ്കു വഹിച്ചിരുന്നു. ഈ പദപ്രയോഗം പുതുതാണെങ്കിലും അതിലടങ്ങുന്ന ആശയം മുമ്പുതന്നെ ഉണ്ടായിരുന്നു. എന്തായാലും ഇക്കാലത്തു് ഈ പ്രശ്നം പല വേദികളിലും ചര്‍ച്ചാവിഷയമാണു് എന്നുമാത്രമല്ല ഈ രംഗത്തു് പ്രവര്‍ത്തിക്കുന്ന പല സംഘടനകളുമുണ്ടു് താനും.
ഡിജിറ്റല്‍ വിടവു് പല തരത്തിലുണ്ടു്. അതു് വരുമാനത്തിലുള്ള വ്യത്യാസം, പ്രാദേശികമായുള്ള വ്യത്യാസം എന്നിവ മൂലമാകാം. രാഷ്ട്രങ്ങള്‍ തമ്മിലുള്ളതാകാം. വ്യത്യസ്ത പ്രദേശങ്ങള്‍ തമ്മിലുമാകാം. ഉദാഹരണമായി ആഫ്രിക്കയില്‍ പൊതുവെ വിവരവിനിമയ സാങ്കേതിക വിദ്യയുടെ പ്രചാരം യൂറോപ്പിലേതിനേക്കാള്‍ കുറവാണു്. എന്നാല്‍ കേരളത്തില്‍ തന്നെ പ്രാദേശികമായ വ്യത്യാസങ്ങള്‍ കാണാനാകും. അതുപോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണു് ഈ സാങ്കേതികവിദ്യയുടെ ഗുണം ലഭിക്കുന്നതില്‍ പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള വ്യത്യാസം. ഇതിനു് പ്രാദേശികമായി വലിയ വ്യത്യാസം കാണാറില്ല. മിക്ക സ്ഥലങ്ങളിലും പുരുഷന്മാരേക്കാള്‍ വളരെ കുറച്ചു മാത്രമാണു് സ്ത്രീകള്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതു്. സോഫ്റ്റ്‌വെയര്‍ തയാറാക്കുന്നവരിലും പുരുഷന്മാരാണു് വളരെ കൂടുതല്‍.
ഡിജിറ്റല്‍ വിടവു് കുറയ്ക്കാനും വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനു് കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതു് സാര്‍വ്വത്രികമാക്കാനും സഹായിക്കാനായി കുറഞ്ഞ വിലയ്ക്കു് ലാപ്‌ടോപ്പുകള്‍ ലഭ്യമാക്കാനായി പല ശ്രമങ്ങള്‍ നടന്നിട്ടുണ്ടു്. അവയില്‍ താരതമ്യേന വിജയിച്ച ഒരു പദ്ധതിയാണു് അമേരിക്കയിലെ എം.ഐ.ടി.~എന്ന സ്ഥാപനത്തില്‍നിന്നു് ഉത്ഭവിച്ച OLPC (One Laptop Per Child) എന്ന പരിപാടി. ഓരോ കുട്ടിയുടെ കൈയിലും ഒരു ലാപ്‌ടോപ് എത്തിക്കുക എന്നതാണു് ഇതിന്റെ ലക്ഷ്യം. പെട്ടെന്നു് കേടാകാത്ത തരത്തിലുള്ളതും എന്നാല്‍ കുറഞ്ഞ വിലയ്ക്കു് വില്‍ക്കാനാകുന്നതുമായ ലാപ്‌ടോപ് രൂപകല്പന ചെയ്യുക എന്ന ബുദ്ധിമുട്ടുള്ള കാര്യം അവര്‍ ഫലപ്രദമായി ചെയ്തു. അതിനാവശ്യമായ സോഫ്റ്റ്‌വെയര്‍ സ്വതന്ത്രമായിത്തന്നെ നിര്‍മ്മിച്ചിട്ടുണ്ടു്. അടുത്ത കാലത്താണു് (ഒക്‌ടോബര്‍ 13നു്) തെക്കേ അമേരിക്കയിലെ ഉറുഗ്വെ എന്ന രാജ്യം അവിടത്തെ മൂന്നര ലക്ഷത്തിലധികം വരുന്ന പ്രൈമറി സ്ക്കൂള്‍ കുട്ടികള്‍ക്കു് ഇത്തരം ലാപ്‌ടോപ് നല്‍കിയതു്. ഇതിനു് ചെലവായതു് ആ രാജ്യത്തിന്റെ മൊത്തം വിദ്യാഭ്യാസ ബജറ്റിന്റെ അഞ്ചു ശതമാനത്തില്‍ താഴെ മാത്രമാണത്രെ.
മറ്റെല്ലാത്തിനും എന്നപോലെ, എല്ലാ സാങ്കേതിക വിദ്യയ്ക്കും അതിന്റേതായ രാഷ്ട്രീയമുണ്ടു്. സമൂഹത്തിലെ ഏതു് വിഭാഗത്തിനു് അതു് പ്രയോജനപ്പെടും, മറ്റു വിഭാഗങ്ങളെ അതെങ്ങനെ ബാധിക്കും തുടങ്ങിയവയാണു് ഈ രാഷ്ട്രീയത്തിനു് അടിസ്ഥാനം. സമൂഹത്തില്‍ സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികളെ സഹായിക്കുക എന്ന ഉദ്ദേശ്യത്തോടെ വികസിപ്പിച്ചെടുത്ത ഓ.എല്‍.പി.സിയുടെ കാര്യത്തിലും ഈ രാഷ്ട്രീയം തര്‍ക്കങ്ങള്‍ക്കു് ഇടയാക്കിയിട്ടുണ്ടു്. ദരിദ്രരാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കു് ലാപ്‌ടോപ് നല്‍കുന്നതിനേക്കാല്‍ പ്രധാനമാണു് അവിടങ്ങളിലെ വിദ്യാലയങ്ങളിലുള്ള സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്നു പറയുന്നവരുണ്ടു്. അതില്‍ കഴമ്പില്ല എന്നു പറയാനാവില്ലല്ലോ. എന്നാല്‍ ജീവിതത്തിലെ മിക്ക കാര്യങ്ങള്‍ക്കും ഉപയോഗിക്കുന്ന, ഇനിയും പ്രചാരം വര്‍ദ്ധിച്ചു വരുന്ന, ഈ സാങ്കേതികവിദ്യ വശമില്ലാതെ വളര്‍ന്നുവരുന്ന തലമുറയ്ക്കു് ഭാവിയില്‍ അതു് വലിയൊരു കടമ്പയാകും എന്നു മറ്റുചിലര്‍ വിശ്വസിക്കുന്നു. അതിലും സത്യമുണ്ടു്. ആ സ്ഥിതിക്കു് എന്തു ചെയ്യുന്നതാണു് ഏറ്റവും ഉചിതമെന്നു് നമുക്കു് മുന്‍കൂട്ടി പറയാന്‍ ബൂദ്ധിമുട്ടാണു്. അതുകൊണ്ടു് നമുക്കു് ഏറ്റവും ഉചിതം എന്നു തോന്നുന്ന തരത്തില്‍ പ്രവര്‍ത്തിക്കാനെ നിര്‍വ്വാഹമുള്ളൂ.
( ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് \eng by-sa \mal ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)
No comments:
Post a Comment