Tuesday, March 29, 2011

കുട്ടികള്‍ നന്നായി ഉറങ്ങണം

ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിലേക്കു് ചെന്നുപെടുന്നതിനുള്ള ഒരു കാരണം അവര്‍ക്കു് ആവശ്യത്തിനുള്ള ഉറക്കം ലഭിക്കാത്തതായിരിക്കാം എന്നു് ഒരു പുതിയ പഠനം സൂചിപ്പിക്കുന്നു. അമേരിക്കയിലെ ഒമാഹയിലുള്ള നെബ്രാസ്ക്ക സര്‍വ്വകലാശാലയുടെ ക്രിമിനോളജിയുടെയും ക്രിമിനല്‍ നീതിയുടെയും പഠനകേന്ദ്രത്തിലെ നാലു ഗവേഷകരാണു് ഒക്ടോബര്‍ പത്താം തീയതി പുറത്തുവന്ന ഈ പഠനറിപ്പോര്‍ട്ടിന്റെ കര്‍ത്താക്കള്‍. പതിനഞ്ചു വര്‍ഷം മുമ്പു് ഒരു പഠനത്തിനായി ശേഖരിച്ച വിവരങ്ങളായിരുന്നു ഇവരും പഠനത്തിനു് ഉപയോഗിച്ചതു്. അനാരോഗ്യകരമായ പ്രവണതകളുമായി ബന്ധപ്പെടുത്തി അമേരിക്കയിലെ കൌമാരപ്രായക്കാരുടെ ആരോഗ്യപ്രശ്നങ്ങള്‍ വിശകലനം ചെയ്യുകയായിരുന്നു ആ പഠനത്തിന്റെ ഉദ്ദേശ്യം. 14,382 ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികളെയാണു് ഇതിനായി അവര്‍ പഠനവിധേയരാക്കിയതു്.

ശാരീരികവും മാനസികവുമായ ആരോഗ്യത്തിന്റെ ഒരു സൂചകമാണു് ഉറക്കം. മാനസികമായ പിരിമുറുക്കം, വര്‍ദ്ധിച്ച രക്തസമ്മര്‍ദ്ദം, തുടങ്ങി പലതും ശരിയായ ഉറക്കം ലഭിച്ചില്ലെങ്കില്‍ വഷളാകാം. മറിച്ചു് ആവശ്യത്തിനു് ഉറക്കം ലഭിക്കാത്തതു് മാനസിക പിരിമുറുക്കവും രക്തസമ്മര്‍ദ്ദവും വര്‍ദ്ധിക്കാനും ശ്രദ്ധ കുറയ്ക്കാനും മറ്റും കാരണമാവാം. ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിലെ നീര്‍വീഴ്ച കുറയ്ക്കാന്‍ പോലും ശരിയായ ഉറക്കം സഹായിക്കും എന്നു് പഠനങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ടു്. എന്നാല്‍, വേണ്ടത്ര ഉറക്കമില്ലായ്മ കൌമാരപ്രായക്കാരെ കുറ്റകൃത്യങ്ങളിലേക്കു് നയിക്കാന്‍ സാദ്ധ്യതയുണ്ടു് എന്നു് ആദ്യമായിട്ടാണു് സൂചന ലഭിക്കുന്നതു്.

1980കളിലും 90കളിലും HIV/AIDS \mal പകര്‍ച്ചവ്യാധിയെപ്പറ്റി മനസിലാക്കേണ്ടി വന്നപ്പോഴാണു് കൌമാരപ്രായക്കാരുടെ ലൈംഗിക ശീലങ്ങളും ആരോഗ്യസ്ഥിതിയും പഠിക്കാനായി അമേരിക്കന്‍ സര്‍ക്കാര്‍ അഞ്ചു വര്‍ഷത്തെ പദ്ധതി ആവിഷ്ക്കരിച്ചതു്. National Longitudinal Study of Adolescent Health (കൌമാരപ്രായക്കാരുടെ ആരോഗ്യത്തെക്കുറിച്ചുള്ള തുടര്‍ച്ചയായ പഠനം) എന്നായിരുന്നു ഇതിന്റെ പേരു്. കൌമാരപ്രായക്കാരുടെ ലൈംഗികതയെപ്പറ്റി ദേശീയതലത്തിലുള്ള ഏക പഠനം ഇതായിരിക്കാം. (1991ല്‍ മറ്റൊരു പഠനം അമേരിക്കന്‍ സര്‍ക്കാര്‍ അംഗീകരിച്ചുവെങ്കിലും കുട്ടികള്‍ ലൈംഗികബന്ധത്തെ നിസ്സാരമായി കാണാനിടയാക്കും എന്നു് പലരും കുറ്റപ്പെടുത്തിയതിനെത്തുടര്‍ന്നു് ഈ പഠനം നിര്‍ത്തിവച്ചു.) ഇതിനു വേണ്ടി അമേരിക്കയില്‍ ദേശീയതലത്തില്‍ വളരെയധികം വിവരങ്ങള്‍ ശേഖരിച്ചിരുന്നു. അതേ വിവരങ്ങള്‍ തന്നെയാണു് പുതിയ പഠനത്തിനും ഉപയോഗിച്ചിരിക്കുന്നതു്.

ആവശ്യത്തിനു് ഉറങ്ങുന്നതു് ആരോഗ്യത്തിനു് നന്നാണെന്നും ആവശ്യത്തിനു് ഉറക്കം ലഭിക്കാത്തതു് പല ശാരീരിക പ്രശ്നങ്ങള്‍ക്കും കാരണമാകാം എന്നും മുമ്പേ തന്നെ വ്യക്തമായിരുന്നു എങ്കിലും കൌമാരപ്രായക്കാരുടെ കുറ്റകൃത്യങ്ങളെക്കുറിച്ചു് പഠിക്കുന്നവര്‍ ഇതുവരെ ഉറക്കത്തിന്റെ പങ്കിനെക്കുറിച്ചു് ശ്രദ്ധിച്ചിരുന്നില്ല. പുതിയ പഠനത്തിന്റെ ഉദ്ദേശ്യം ആ കുറവു് പരിഹരിക്കുക എന്നതായിരുന്നു. 8-10 മണിക്കൂര്‍ ഉറക്കം ലഭിക്കുന്ന കൌമാരപ്രായക്കാരുടെ ഇടയിലുള്ളതിനെക്കാള്‍ ഏഴു മണിക്കൂറില്‍ താഴെ ഉറങ്ങുന്നവരുടെ ഇടയില്‍ കുറ്റവാസനയുള്ളവര്‍ പ്രകടമായി കൂടുതലാണു് എന്നാണു് പഠനഫലം കാണിച്ചതു്. മാത്രമല്ല, ദിവസം 5 മണിക്കൂറോ അതില്‍ താഴെയോ മാത്രം ഉറങ്ങുന്ന കൌമാരപ്രായക്കാരുടെ ഇടയില്‍ ഹിംസാത്മകമായ കുറ്റകൃത്യവാസന പ്രകടമായി കൂടുതലാണെന്നും ഈ പഠനം സൂചിപ്പിക്കുന്നു.

കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള വാസന ഉണ്ടാക്കുന്നതില്‍ ആവശ്യത്തിനു് ഉറക്കം ലഭിക്കാത്തതിനു് ഒരു പ്രധാന പങ്കുണ്ടായിരിക്കാം എന്നാണു് ഈ പഠനം കാണിക്കുന്നതു്. കുറ്റവാസന ഉണ്ടാക്കുന്നതിനു് കാരണമാകുന്നതില്‍ ഇന്നുവരെ ശ്രദ്ധിക്കാതിരുന്ന ഒരു കാര്യമാണു് ഉറക്കം. ജീവിതത്തല്‍ നേട്ടങ്ങളുണ്ടാക്കാനും മറ്റും പരക്കം പായുന്നതിനിടയില്‍ ഒരുപക്ഷെ വളരെയധികം നഷ്ടമാകുന്ന ഒരു കാര്യം കൂടിയാണു് ഉറക്കം. ഹൃദ്‌രോഗങ്ങളും രക്തസമ്മര്‍ദ്ദവും മറ്റും വര്‍ദ്ധിച്ചു വരുന്നതില്‍ ഉറക്കക്കുറവിനും ഒരു പങ്കുണ്ടായിരിക്കണം. മറിച്ചു്, ഉറക്കം ആവശ്യത്തിനു് ലഭിക്കാതിരിക്കുന്നതിനു് ഇന്നത്തെ ജീവിതരീതിക്കു്, വിശേഷിച്ചു് അവനവന്‍ ലക്ഷ്യമിടുന്ന നേട്ടങ്ങള്‍ കൈവരിക്കാനുള്ള മാനസിക സമ്മര്‍ദ്ദത്തിനു്, കാര്യമായ പങ്കുണ്ടാവണം.

ഇന്ത്യയിലും കേരളത്തിലും കൌമാരപ്രായത്തില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ വളരെയധികമില്ല. എന്നാല്‍ അതു് വര്‍ധിച്ചുവരുന്നില്ലേ എന്നു് പരിശോധിക്കേണ്ടതുണ്ടു്. ഈ സന്ദര്‍ഭത്തില്‍ പ്രസക്തമായ മറ്റൊരു പഠനത്തിന്റെ കാര്യം ഇവിടെ പറയേണ്ടതുണ്ടു്. 2004ല്‍ അമേരിക്കയിലെ അരിസോണ സ്റ്റേറ്റ് സര്‍വ്വകലാശാലയിലെയും ചൈനയിലെ ഷാന്‍ഡോങ്ങ് സര്‍വ്വകലാശാലയിലെയും ക്സിയാന്‍ചെങ്ങ് ലിയു നടത്തിയ പഠനമാണിതു്. ഉറക്കശീലങ്ങളും ഉറക്കത്തിന്റെ പ്രശ്നങ്ങളും ആത്മഹത്യാപ്രവണതയുമാണു് അദ്ദേഹം പഠനവിധേയമാക്കിയതു്. അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ പ്രാധാന്യമര്‍ഹിക്കുന്നവയാണു്. പഠനവിധേയമാക്കിയവരില്‍ 19.3% പേരാണു് ആത്മഹത്യയെപ്പറ്റി ചിന്തിച്ചിട്ടുണ്ടു് എന്നു പറഞ്ഞതു് -- അതായതു് ഏതാണ്ടു് അഞ്ചു പേരില്‍ ഒരാള്‍! കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ ഒരിക്കലെങ്കിലും ആത്മഹത്യാശ്രമം നടത്തിയവര്‍ 10.5% പേരാണു്. 16.9% പേര്‍ ഉറക്കക്കുറവിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടായീരുന്നു. മുമ്പിലത്തെ ഒരു മാസത്തില്‍ പേടിസ്വപ്നങ്ങള്‍ കാണുന്നുണ്ടായിരുന്നു എന്നു് പറഞ്ഞവര്‍ പകുതിയോളമാണു്. ആകെ പഠനവിധേയമായവര്‍ ശരാശരി ഉറങ്ങിയിരുന്നതു് 8 മണിക്കൂറില്‍ താഴെയായിരുന്നു. വിദ്യാര്‍ത്ഥികളില്‍ ഉറക്കത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാണിക്കുന്ന വളരെ പ്രധാനമായ പഠനമാണിതു്.

കേരളത്തില്‍ ഇന്നു് നമ്മള്‍ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണു് പല കുട്ടികളും ചെറുപ്പക്കാരും, ചിലപ്പോള്‍ നമുക്കു് അറിയാവുന്ന കാരണങ്ങളില്ലെങ്കില്‍ പോലും, ആത്മഹത്യ ചെയ്യുന്നതു്. ഇതു് പഠനവിധേയമാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. എന്നാല്‍ മുകളില്‍ സൂചിപ്പിച്ച പഠനങ്ങള്‍ നമുക്കു് ചില കാര്യങ്ങള്‍ മനസിലാക്കിത്തരേണ്ടതാണു്. പല വിദ്യാര്‍ത്ഥികളും അതിരാവിലെ ട്യൂഷനു് പോയാല്‍ തിരികെ വീട്ടില്‍ വരുന്നതു് രാത്രിയായ ശേഷമാണു്. അതിനു ശേഷം വേണം ക്ലാസിലെ അദ്ധ്യാപകരും ട്യൂഷന്‍ മാസ്റ്റര്‍മാരും നല്‍കിയിട്ടുള്ള പഠനപ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ടതു്. ഇതിനെല്ലാം ശേഷം മാനസികോല്ലാസത്തിനു് അവര്‍ക്കു് ആവശ്യമായ സമയം കിട്ടുന്നില്ല. ആകെക്കൂടിയുള്ള ടെലിവിഷന്‍ കാണല്‍ എന്ന പരിപാടി മാനസികോല്ലാസമായി കാണാനാവില്ല. ഇതിനെല്ലാം സമയം മാറ്റിവെച്ച ശേഷം പലര്‍ക്കും ആവശ്യായത്ര ഉറങ്ങാന്‍ സമയം കിട്ടുന്നുണ്ടാവില്ല. കുട്ടിക്കാലത്തെ ഈ ജീവിതശൈലി അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്നുണ്ടാവണം. നമ്മളിതു് വേണ്ടവിധത്തില്‍ പഠിച്ചിട്ടില്ല.

ഇന്നത്തെ ജീവിതത്തില്‍ നമ്മള്‍ വളരെയധികം പ്രാധാന്യം നല്‍കുന്നതു് നേട്ടങ്ങളിലാണു്. വിദ്യാഭ്യാസകാലത്തു് മറ്റുള്ളവരേക്കാള്‍ മാര്‍ക്കുവാങ്ങുന്നതിനാണു് നമ്മള്‍ കുട്ടികളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതു്. അതു് നേടാനായി രാത്രികാലത്തു് ഉണര്‍ന്നിരുന്നു് പഠിക്കാനായി നമ്മള്‍ കാപ്പിയോ കട്ടന്‍ചായയോ എല്ലാം ഉണ്ടാക്കിക്കൊടുക്കുന്നു. പഠിക്കുന്ന കാര്യങ്ങള്‍ മനസിലാക്കുന്നതിനേക്കാള്‍ മാര്‍ക്കിനു് പ്രാധാന്യം നല്‍കുന്നതിനാല്‍ കുട്ടികള്‍ കാര്യങ്ങള്‍ വേണ്ടവിധം മനസിലാക്കാന്‍ ശ്രമിക്കുന്നില്ല. ക്ലാസിലെ മത്സരം കാരണം ശ്രദ്ധ ഏറ്റവും കൂടുതല്‍ മാര്‍ക്കു് വാങ്ങുന്നതില്‍ മാത്രമാകുന്നു. പരീക്ഷകളില്‍ ‌ തന്റെ കഴിവിന്റെ പരമാവധി നന്നായി എഴുതാന്‍ ശ്രമിക്കുന്നു. ഉറക്കം കളഞ്ഞും പഠിക്കാന്‍ ശ്രമിക്കുന്നു. മാതാപിതാക്കളും മറ്റു ബന്ധുക്കളും ഇതിനെയെല്ലാം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പക്ഷെ ഇതെല്ലാം കുട്ടികളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നു് നമ്മള്‍ അന്വേഷിക്കുന്നതേയില്ല. ഇതൊക്കെത്തന്നെ ആവുമോ കുട്ടികളുടെ ആത്മഹത്യയിലേക്കു് നയിക്കുന്നതു്? നമ്മളതു് അന്വേഷിക്കേണ്ടതല്ലേ? അവര്‍ നമ്മുടെ മക്കളല്ലേ?

സാമ്പത്തികമായി മെച്ചപ്പെടാനും ``പുരോഗതി'' കൈവരിക്കാനുമുള്ള നമ്മുടെ പരക്കം പാച്ചില്‍ തുടങ്ങിയിട്ടു് അധികം കാലമായില്ല. ആ രംഗത്തു് നമ്മേക്കാള്‍ വളരെദൂരം പോയിക്കഴിഞ്ഞ രാജ്യങ്ങളില്‍ നിന്നുള്ള അനുഭവപാഠങ്ങള്‍ അവഗണിക്കുന്നതു് നമുക്കു് പ്രശ്നങ്ങളുണ്ടാക്കുകയേയുള്ളൂ. മേല്പറഞ്ഞ പഠനങ്ങള്‍ പോലെയുള്ള പലതും അത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ നമ്മെ സഹായിക്കേണ്ടതാണു്. നമ്മളെല്ലാം ഇത്തരം കുറേ കാര്യങ്ങള്‍ ശ്രദ്ധിച്ചുവെങ്കില്‍!

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് \eng by-sa \mal ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)
(തേജസ് പത്രത്തിനുവേണ്ടി എഴുതിയ ലേഖനം)

വേരറ്റുപോകുന്ന സസ്യങ്ങള്‍

ലോകത്തെ സസ്യങ്ങളില്‍ ഇരുപതു് ശതമാനത്തിലധികം വംശനാശം നേരിടുന്നു എന്നു് ഒരു പഠനം വ്യക്തമാക്കിയിരിക്കുന്നു. ലണ്ടനിലെ ക്യൂ (Kew) എന്ന സ്ഥലത്തുള്ള റോയല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ നേതൃത്വം നല്‍കിയ ഈ പഠനത്തില്‍ ലണ്ടനിലെ നാച്ചുറല്‍ ഹിസറ്ററി മ്യൂസിയവും ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ ദ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറും (International Union for the Conservation of Nature, IUCN) പങ്കെടുത്തിരുന്നു.

പരിണാമത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പല ജന്തുക്കളും സസ്യങ്ങളും വംശനാശത്തിനു് വിധേയമായിട്ടുണ്ടു്. പരിണാമത്തിന്റെ ഫലമായി സ്വാഭാവികമായി ഉണ്ടായതും ചിലപ്പോഴൊക്കെ കാലാവസ്ഥയില്‍ വന്ന മാറ്റങ്ങളുടെ ഫലമായി ഉണ്ടായതുമാണു് ഈ വംശനാശം. ഭൂമിയില്‍ എല്ലാക്കാലത്തും ഉണ്ടായിരുന്ന സസ്യങ്ങളും ജന്തുക്കളും ചേര്‍ത്തുവച്ചാല്‍ അതിന്റെ ഏതാണ്ടു് 99 ശതമാനവും ഇല്ലാതായിട്ടുണ്ടു് എന്നു് കണക്കാക്കപ്പെടുന്നു. ഇങ്ങനെ വംശനാശം നേരിട്ട മൃഗങ്ങളില്‍ ഒരുപക്ഷെ ഏറ്റവും പ്രസിദ്ധം ദിനോസാറുകളായിരിക്കും. എന്നാല്‍ തീര്‍ച്ചയായും അവ മാത്രമല്ല. പല ജന്തുവര്‍ഗങ്ങളും സസ്യങ്ങളും ഇതുപോലെ വേരറ്റു പോയിട്ടുണ്ടു്. ഉദാഹരണമായി, മനുഷ്യന്‍ ഉത്ഭവിക്കുന്നതിനു് മുമ്പു് ഉണ്ടായിരുന്ന, മനുഷ്യനെപ്പോലെയുള്ള നിയാന്‍ഡര്‍ത്താല്‍ മനുഷ്യന്‍ (Neanderthal Man) എന്ന പേരിലറിയപ്പെടുന്ന ഹോമോ നിയാന്‍ഡര്‍ത്താലെന്‍സിസ് (Homo neanderthalensis) ഇങ്ങനെ വംശനാശം വന്നുപോയ ജന്തുവര്‍ഗമാണു്. മനുഷ്യനുമായി മത്സരിച്ചു് നിലനില്‍ക്കാനാവാതെയായിരിക്കണം ആ ജീവിവര്‍ഗം നശിച്ചുപോയതു്.

മേല്പറഞ്ഞ വംശനാശം പക്ഷെ വളരെ സാവധാനത്തിലാണു് നടന്നതു്. എന്നാല്‍ അപൂര്‍വ്വമായി അനേകം ജീവിവര്‍ഗങ്ങളുടെ വംശനാശം ചെറിയ കാലയളവില്‍ നടന്നതായി തെളിവുണ്ടു്. ഏതാണ്ടു് ആറര കോടി വര്‍ഷം മുമ്പു് ദിനോസാറുകള്‍ ഇല്ലാതെയായതു് ഇത്തരമൊരു സംഭവമായിരുന്നു. അന്നു് നിലവിലുണ്ടായിരുന്ന ജൈവരൂപങ്ങളില്‍ അമ്പതു് ശതമാനത്തോളം ഇല്ലാതെയായി എന്നു് ഗവേഷകര്‍ വിശ്വസിക്കുന്നു. ഏതാണ്ടു് ഇരുപത്തഞ്ചു് കോടി വര്‍ഷം മുമ്പു് (ഭൂഖണ്ഡങ്ങളെല്ലാം ഒന്നിച്ചു ചേര്‍ന്നു് കിടന്നിരുന്ന കാലത്തു്) ഉണ്ടായ സംഭവമാവണം ഒരുപക്ഷെ ഏറ്റവും കൂടുതല്‍ ജീവിവര്‍ഗങ്ങളുടെ നാശത്തിനു് കാരണമായതു്. അന്നു് കടലിലെ ഏതാണ്ടു് 90 ശതമാനവും കരയിലെ ഏതാണ്ടു് 70 ശതമാനവും ജീവികള്‍ വേരറ്റു പോയി എന്നു് കരുതപ്പെടുന്നു. ഒരു ഉല്‍ക്കയോ വാല്‍നക്ഷത്രമോ ഭൂമിയുമായി കൂട്ടിയിടിച്ചതിന്റെ ഫലമായിരിക്കാം ഇതു്.

ഒരു ജീവിവര്‍ഗത്തില്‍ ഏതാനും വ്യക്തികള്‍ മാത്രം അവശേഷിക്കുമ്പോള്‍ ആ വര്‍ഗത്തിനു് പുനരുല്പാദനത്തിലൂടെ നിലനില്‍ക്കാന്‍ സാധ്യമല്ലാത്ത സ്ഥിതി എത്താം. അപ്പോള്‍ത്തന്നെ അതിന്റെ വംശനാശം ഉറപ്പായിക്കഴിഞ്ഞു. എന്നാല്‍ ആ വര്‍ഗത്തിലെ അവസാനത്തെ വ്യക്തിയുടെ മരണത്തോടെ മാത്രമാണു് വംശനാശം സംഭവിച്ചതായി കണക്കാക്കുന്നതു്. ഇങ്ങനെ വംശനാശം സംഭവിച്ചതായി പ്രഖ്യാപിച്ച ചില ജന്തുക്കളെ പിന്നീടു് കണ്ടെത്തിയിട്ടുണ്ടു്. ഒരു വസ്തു കണ്ടിട്ടില്ല എന്നതുകൊണ്ടു് അങ്ങനെയൊന്നില്ല എന്നു കണക്കാക്കാനാവില്ലല്ലോ. എന്നാല്‍ പിന്നീടു് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലാത്ത ജൈവരൂപങ്ങളും നിരവധിയാണു്. ഇന്നത്തെ അറിവിന്റെ അടിസ്ഥാനത്തിലേ നമുക്കു് സംസാരിക്കാനാകൂ.

ഇടയ്ക്കൊക്കെ ഹ്രസ്വകാലംകൊണ്ടു് നിരവധി ചെടികളും മൃഗങ്ങളും വംശനാശം നേരിട്ട സംഭവങ്ങളുണ്ടായിട്ടുണ്ടെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കിയാല്‍ വംശനാശം വളരെ സാവധാനത്തിലാണു് മുമ്പൊക്കെ സംഭവിച്ചിരുതു് എന്നു് കാണാം. എന്നാല്‍ മനുഷ്യന്‍ ഉത്ഭവിച്ചതിനു ശേഷമുള്ള കാര്യം അങ്ങനെയല്ല -- വിശേഷിച്ചു് സാങ്കേതികമായു സാമ്പത്തികമായും ഉയര്‍ന്നു തുടങ്ങിയതിനു് ശേഷം. ഏതാണ്ടു് പതിനാറാം നൂറ്റാണ്ടു മുതല്‍ മൃഗങ്ങളുടെയും സസ്യങ്ങളുടെയും വംശനാശം വളരെ വേഗത്തില്‍ സംഭവിച്ചുതുടങ്ങി എന്നാണു് സൂചന. പലപ്പോഴും മനുഷ്യന്റെ അത്യാര്‍ത്തി തന്നെയായിരുന്നു അതിനു് കാരണം. മൌറീഷ്യസില്‍ കണ്ടുവന്നിരുന്ന ഡോഡൊ എന്ന മൃഗം ഇതിനു് നല്ല ഉദാഹരണമാണു്. കണ്ടാല്‍ ഏതാണ്ടു് കോഴിയെപ്പോലെയിരിക്കുന്ന, പറക്കാനാവാത്ത, മൃഗമായിരുന്നു ഡോഡൊ. അതിനെ ഭക്ഷിക്കുന്ന മൃഗങ്ങളില്ലാത്ത പരിസ്ഥിതിയില്‍ ജീവിക്കുന്നതിനാല്‍ മനുഷ്യരെ കണ്ടാല്‍ പേടിച്ചോടാത്ത, താത്പര്യത്തോടെ അടുത്തു വരുന്ന പ്രകൃതമായിരുന്നു അതിന്റേതു്. പറക്കാനുള്ള ശേഷി ഇല്ലാതിരുന്നതിനാല്‍ അതിനു് പെട്ടെന്നു് രക്ഷപ്പെടാനും ആവില്ലായിരുന്നു. ഈ പ്രത്യേകതകള്‍ മുതലെടുത്തു് മനുഷ്യര്‍ ഡോഡൊയെ ധാരാളം കൊന്നു് തിന്നു. അതിന്റെ ഇറച്ചിയ്ക്കു് വലിയ രുചിയില്ല എന്നാണു് രേഖകള്‍ സൂചിപ്പിക്കുന്നതെങ്കിലും മനുഷ്യന്‍ അതിനെ ജീവിക്കാന്‍ അനുവദിച്ചില്ല. പതിനേഴാം നൂറ്റാണ്ടിന്റെ ആരംഭകാലത്തെപ്പഴോ ആയിരിക്കണം അവസാനത്തെ ഒരു ഡോഡൊയെ വധിച്ചതു് എന്നു് കരുതപ്പെടുന്നു. ചരിത്രരേഖയുള്ള ആദ്യത്തെ വംശനാശം എന്ന നിലയ്ക്കു് ഡോഡൊ പ്രശസ്തമായി. അങ്ങനെയാണു് ``ഡോഡൊയെപ്പോലെ ചത്ത'' (Dead as a Dodo), ``ഡോഡൊയുടെ വഴിയേ പോകുക'' (to go the way of the Dodo) തുടങ്ങിയ പ്രയോഗങ്ങള്‍ നിലവില്‍ വന്നതു്. വംശനാശത്തിന്റെ ചിഹ്നമായിരിക്കുകയാണു് ഇന്നു് ഡോഡൊ.

ചരിത്രാതീത കാലത്തു് നൂറു വര്‍ഷംകൊണ്ടു് ആയിരം സ്പീഷീസില്‍ ഒന്നില്‍ താഴെ മാത്രമാണു് വംശനാശം നേരിട്ടിരുന്നതു് എന്നു് കണക്കുകള്‍ കാണിക്കുന്നു. അതിന്റെ നൂറിരട്ടിയാണു് ഇപ്പോഴത്തെ നിരക്കു് -- ഒരു നൂറ്റാണ്ടുകൊണ്ടു് ആയിരത്തില്‍ നൂറു് സ്പീഷീസ്. ഇവയില്‍ പ്രധാനമായിട്ടുള്ളതു് മൃഗങ്ങളാണു്. വിശേഷിച്ചു് ഉഭയജീവികള്‍. പക്ഷികളുടെയും സസ്തനജീവികളുടെയും വംശനാശം അത്രതന്നെയില്ല. എന്നാല്‍ സസ്തനജീവികളുടെ വംശനാശത്തിന്റെ കണക്കുകള്‍ ഒരുപക്ഷെ വളരെ കൃത്യമായിരിക്കില്ല എന്നു് സൂചനകളുണ്ടു്. വംശനാശം സംഭവിച്ചു എന്നു് കരുതിയിരുന്ന ചില ജന്തുക്കളെ പിന്നീടു് കണ്ടെത്തിയതായി വല്ലപ്പോഴും വാര്‍ത്ത വരാറുമുണ്ടു്. ഒരുപക്ഷെ വംശനാശത്തിന്റെ എല്ലാ കണക്കുകളിലും ഈയൊരു ചെറിയ സംശയമുണ്ടാകാം. എങ്കിലും വലിയതോതില്‍ ജീവജാലങ്ങള്‍ ഇല്ലാതാകുന്നു എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. സസ്യങ്ങളുടെ വംശനാശം താരതമ്യേന കുറവാണു് എന്നായിരുന്നു ഇതുവരെയുള്ള വിശ്വാസം. ആ വിശ്വാസത്തെ മാറ്റിമറിച്ചതാണു് ഇപ്പോഴത്തെ കണ്ടുപിടിത്തം.

ക്യൂ ഗാര്‍ഡന്‍സ് (Kew Gardens) എന്നറിയപ്പെടുന്ന ക്യൂവിലെ റോയല്‍ ബൊട്ടാണിക് ഗാര്‍ഡനാണു് പഠനത്തിനു് നേതൃത്വം നല്‍കിയതു്. ലോകത്തിലുണ്ടെന്നു് കരുതപ്പെടുന്ന 3,80,000 തരം സസ്യങ്ങളുടെ വംശനാശത്തെക്കുറിച്ചുള്ള ഏറ്റവും വിശദമായ പഠനമാണു് ഇതു് എന്നാണു് ക്യൂ ഗാര്‍ഡന്‍സിന്റെ ഡയറക്‌ടര്‍ സ്റ്റീഫന്‍ ഹോപ്പര്‍ (Stephen Hopper) പറഞ്ഞതു്. ``ഞങ്ങള്‍ക്കുണ്ടായിരുന്ന സംശയം ഉറപ്പിക്കുന്നതാണു് ഈ കണ്ടുപിടിത്തം'' എന്നദ്ദേഹം പറഞ്ഞു. മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ മൂലം ചെടികളുടെ ആവാസവ്യവസ്ഥ നഷ്ടപ്പെടുകയും അങ്ങനെ അനേകം സസ്യങ്ങള്‍ വംശനാശം നേരിടുകയും ചെയ്യുന്നുണ്ടെന്നു് പലര്‍ക്കും സംശയമുണ്ടായിരുന്നു. മൃഗങ്ങളുടെ അത്ര തന്നെ സസ്യങ്ങളും വംശനാശം നേരിടുന്നുണ്ടു് എന്നു് ഈ പഠനം സൂചിപ്പിക്കുന്നു. വംശനാശം നേരിടുന്ന ജീവജാലങ്ങളെ സംരക്ഷിക്കാനായുള്ള ഐക്യരാഷ്ട്രസഭയുടെ ബയോഡൈവേഴ്സിറ്റി കണ്‍വെന്‍ഷന്‍ ഒക്‌ടോബര്‍ 18 മുതല്‍ 29 വരെയുള്ള തീയതികളില്‍ ജപ്പാനിലെ നഗോയയില്‍ സമ്മേളിക്കാനിരിക്കെയാണു് ഈ കണ്ടെത്തല്‍ ഉണ്ടായതു് എന്നതു് പ്രസക്തമാണു്.

സസ്യങ്ങളുടെയും മൃഗങ്ങളുടെയും കാര്യത്തില്‍ വളരെ സമ്പന്നമായ ഒരു പ്രദേശമാണു് നമ്മുടെ പശ്ചിമഘട്ടം. ലോകത്തിലെ തന്നെ ഏറ്റവുമധികം ജൈവവൈവിധ്യമുള്ള പത്തു് പ്രദേശങ്ങളില്‍ ഒന്നാണിതു്. ഇവിടെ ഏതാണ്ടു് 5,000 തരം പൂച്ചെടികളും 508 തരം പക്ഷികളും 139 ഇനം സസ്തനജീവികളും 179 തരത്തില്‍പ്പെട്ട ഉഭയജീവികളും ഉണ്ടെന്നാണു് കണക്കാക്കപ്പെടുന്നതു്. നമ്മളിതുവരെ കണ്ടെത്തിയിട്ടില്ലാത്ത സസ്യങ്ങളും മറ്റും ഉണ്ടായിരിക്കാമെന്നതുകൊണ്ടു് മേല്പറഞ്ഞതു് ഏറ്റവും കുറഞ്ഞ കണക്കാവാനേ തരമുള്ളൂ. എന്നാല്‍ ഇവയില്‍ തന്നെ 325 എണ്ണം വംശനാശത്തിന്റെ ഭീഷണിയിലാണു് എന്നറിയുന്നതു് സന്തോഷമുണ്ടാക്കുന്ന കാര്യമല്ല.

എല്ലാത്തരം ജീവനും അടിസ്ഥാനം സസ്യങ്ങളാണു്. വായു, ജലം, സൂര്യപ്രകാശം തുടങ്ങിയവയില്‍നിന്നു് ഭക്ഷണം നിര്‍മ്മിക്കാന്‍ കഴിയുന്നതു് സസ്യങ്ങള്‍ക്കു് മാത്രമാണു്. മറ്റെല്ലാ ജൈവരൂപങ്ങളും നിലനില്‍ക്കുന്നതുതന്നെ സസ്യങ്ങളുടെ സഹായത്തോടെയാണു്. മറിച്ചു് പല സസ്യങ്ങളും പരാഗണത്തിനും മറ്റുമായി ചില പക്ഷിമൃഗാദികളെ ആശ്രയിക്കുന്നുമുണ്ടു്. മാത്രമല്ല, എല്ലാ ജൈവരൂപങ്ങളും നേരിട്ടോ അല്ലാതെയോ മറ്റു ജൈവരൂപങ്ങളെ ആശ്രയിച്ചാണു് നിലനില്‍ക്കുന്നതു്. മനുഷ്യന്റെ കാര്യത്തിലാണെങ്കില്‍ ഭക്ഷണത്തിനു് മാത്രമല്ല മരുന്നുകള്‍ക്കും തടിയ്ക്കും വിറകിനും എല്ലാം സസ്യങ്ങള്‍ ആവശ്യമാണു്. ഇപ്പോള്‍ തന്നെ ആയുര്‍വേദ ഔഷധങ്ങള്‍ തയാറാക്കാന്‍ വേണ്ട പല സസ്യങ്ങളും ലഭിക്കാന്‍ ബുദ്ധിമുട്ടാണു്. തത്‌ഫലമായി ആയുര്‍വേദ മരുന്നുകളുടെ ഗുണനിലവാരം ഉറപ്പിക്കാനും ബുദ്ധിമുട്ടാണു്. ഇതെല്ലാംകൊണ്ടു് എല്ലാ തരം സസ്യങ്ങളും നിലനില്‍ക്കേണ്ടതു് മനുഷ്യനു് അത്യാവശ്യമാണു്.

നമ്മള്‍ വികസനത്തിനുവേണ്ടി പരക്കംപായുമ്പോള്‍ മറന്നുപോകുന്ന വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണു് നമ്മുടെ ആവാസവ്യവസ്ഥയുടെ ആരോഗ്യം.

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)
(തേജസ് പത്രത്തിനുവേണ്ടി തയാറാക്കിയ ലേഖനം.)

Wednesday, November 10, 2010

പരസ്പരം സഹായിക്കുന്ന ബാക്‌ടീരിയ

ആന്റിബയോട്ടിക് മരുന്നുകളെ ചെറുത്തു നില്‍ക്കുന്ന രോഗാണുക്കള്‍ ഇടയ്ക്കിടയ്ക്കു് ചര്‍ച്ചാവിഷയമാകാറുണ്ടല്ലോ. പല മരുന്നുകളെയും ചെറുത്തു നില്‍ക്കാന്‍ ശേഷിയുള്ള `സൂപ്പര്‍ ബഗ്ഗു'കളും ഇപ്പോള്‍ നമ്മെ ഭീഷണിപ്പെടുത്തുന്നു. ഈ സാഹചര്യത്തിലാണു് മരുന്നുകളെ ചെറുക്കാന്‍ കഴിവുള്ള ബാക്ടീരിയകള്‍ ആ കഴിവില്ലാത്ത തങ്ങളുടെ സഹോദരങ്ങളെ സഹായിക്കുന്നുണ്ടു് എന്നു് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നതു്. അമേരിക്കയില്‍ മേരിലാന്‍ഡിലെ ചെവി ചേസ് എന്ന സ്ഥലത്തുള്ള ഹവാര്‍ഡ് ഹ്യൂസ് (Harvard Hughes) മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലാണു് ഈ അത്ഭുതകരമായ കണ്ടുപിടിത്തം നടത്തിയിരിക്കുന്നതു്. സെപ്റ്റംബര്‍ 2ലെ നേച്ചര്‍ \eng(Nature) \mal എന്ന പേരെടുത്ത ശാസ്ത്രവാരികയിലാണു് ഇതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടു് വന്നിരിക്കുന്നതു്. എന്തൊക്കയായിരിക്കാം ഇതു് സൂചിപ്പിക്കുന്നതു്? നമുക്കൊരു വിശകലനം നടത്താം.

മരുന്നുകളെ ചെറുത്തുനില്‍ക്കുന്ന രോഗാണുക്കളെപ്പറ്റി നമ്മുടെയിടയില്‍ വേണ്ടത്ര ധാരണയുണ്ടെന്നു തോന്നുന്നില്ല. ഒരു തരത്തില്‍പ്പെട്ട രോഗാണുക്കള്‍ക്കു് ഒരു മരുന്നിനെ ചെറുത്തുനില്‍ക്കാനുള്ള ശേഷി ഉണ്ടാകുമ്പോള്‍ ആ മരുന്നു് ആ പ്രത്യേകതരം രോഗാണുവിനെതിരെ ഫലപ്രദമല്ലാതാകുകയാണു്. പിന്നീടു് അതുണ്ടാക്കുന്ന രോഗം മറ്റൊരു മരുന്നുകൊണ്ടു് മാത്രമെ ചികിത്സിക്കാനാകൂ. ഇങ്ങനെ നമുക്കിന്നറിയാവുന്ന പല മരുന്നുകളും ഉപയോഗശൂന്യമായിട്ടുണ്ടു്. തുടര്‍ച്ചയായി പുതിയ മരുന്നുകള്‍ കണ്ടെത്തേണ്ട സാഹചര്യമാണു് ഇപ്പോഴുള്ളതു്. ഒരര്‍ത്ഥത്തില്‍ ഇതു് പരിണാമത്തിന്റെ ഉദാഹരണമാണു്. A എന്ന മരുന്നു കഴിക്കുന്ന രോഗിയുടെ ശരീരത്തിലുള്ള രോഗാണുക്കളില്‍ മിക്കതിനെയും മരുന്നു് നശിപ്പിച്ചിട്ടുണ്ടാകാം. രോഗം ഭേദമായിട്ടുമുണ്ടാവാം. എന്നാല്‍ ഏതാനും ചില രോഗാണുക്കള്‍, അവയുടെ ജെനറ്റിക് സവിശേഷത കാരണം, മരുന്നിനു് നശിപ്പിക്കാനാവാതെ അവശേഷിക്കാനൊരു ചെറിയ സാദ്ധ്യതയുണ്ടു്. അത്തരം രോഗാണുക്കള്‍ക്കു് വളരാനുള്ള സാഹചര്യം ലഭിച്ചാല്‍ അവയെ നശിപ്പിക്കാന്‍ A എന്ന മരുന്നിനു് ആവില്ല. അപ്പോള്‍ B എന്ന മറ്റൊരു മരുന്നു് വേണ്ടിവരുന്നു. പരിണാമം സംഭവിക്കുന്നതു് ഇതേ രീതിയിലാണു്. സാഹചര്യത്തില്‍ മാറ്റമുണ്ടാകുമ്പോള്‍ സമൂഹത്തിലെ ചില വ്യക്തികള്‍ക്കു് അവിടെ ജീവിക്കാനുള്ള ശേഷിയുണ്ടാകും, ചിലര്‍ക്കു് അതുണ്ടാവില്ല. ആദ്യത്തെ കൂട്ടരുടെ സന്തതി പരമ്പര തഴച്ചുവളരും, മറ്റുള്ളവരുടേതു് നശിക്കും. ഇങ്ങനെ പല മാറ്റങ്ങളുണ്ടാകുമ്പോള്‍ അതൊരു പുതിയ ജന്തുവര്‍ഗമായി പരിണമിക്കാം.

രോഗാണുക്കള്‍ക്കു് മരുന്നിനെ ചെറുത്തുനില്‍ക്കാനുള്ള ശേഷി ഉണ്ടാക്കുന്നതില്‍ മനുഷ്യര്‍തന്നെ ഒരു പങ്കു് വഹിച്ചിട്ടുണ്ടു്. ഏതെങ്കിലുമൊരു ആന്റിബയോട്ടിക് കഴിച്ചു തുടങ്ങിയാല്‍ രക്തത്തിലുള്ള അതിന്റെ അളവു് കുറച്ചു ദിവസത്തേക്കു് ഒരു നിശ്ചിത നിലയില്‍ കുറയാതിരിക്കേണ്ടതു് ആവശ്യമാണു്. എങ്കിലേ രോഗാണുക്കള്‍ പൂര്‍ണ്ണമായി നശിക്കുകയുള്ളൂ. ഡോക്ടര്‍ പറഞ്ഞ അത്രയും ദിവസം കൃത്യമായി മരുന്നു് കഴിച്ചില്ലെങ്കില്‍ രോഗാണുക്കള്‍ ശരീരത്തില്‍ അവശേഷിക്കാനുള്ള സാദ്ധ്യത ഏറെയാണു്. അങ്ങനെ അവശേഷിക്കുന്നവ ആ മരുന്നിനെ പ്രതിരോധിക്കാനുള്ള ശേഷി നേടിയിരിക്കാനും സാദ്ധ്യതയുണ്ടു്. അതുകൊണ്ടു് അഞ്ചു ദിവസം കഴിക്കണം എന്നു് ഡോക്ടര്‍ പറഞ്ഞാല്‍ രോഗം ഭേദമായതായി നമുക്കു് തോന്നിയാലും അത്രയും ദിവസംതന്നെ കഴിക്കേണ്ടതുണ്ടു്. ഇതു് പലപ്പോഴും പല രോഗികളും ചെയ്യാറില്ല. മരുന്നു് ഏശാത്ത രോഗാണുക്കള്‍ ഉണ്ടാകുന്ന ഒരു മാര്‍ഗം ഇതാണത്രെ.

പാശ്ചാത്യ രാജ്യങ്ങളില്‍ കന്നുകാലികള്‍ക്കു് രോഗചികിത്സയ്ക്കല്ലാതെ ആന്റിബയോട്ടിക്കുകള്‍ നല്കാറുണ്ടത്രെ. ആന്റിബയോട്ടിക്കുകള്‍ അടങ്ങിയ കാലിത്തീറ്റയിലൂടെയാണു് ഇങ്ങനെ ചെയ്യുന്നതു്. കന്നുകാലികളുടെ വളര്‍ച്ച മെച്ചപ്പെടുത്താനായിട്ടാണു് ഇതുപയോഗിക്കുന്നതത്രെ. ഇത്തരം ആന്റിബയോട്ടിക്കുകളെ ചെറുത്തുനില്‍ക്കാന്‍ ശേഷിയുള്ള രോഗാണുക്കളുണ്ടാകാന്‍ ഇതും കാരണമാകുന്നുണ്ടു്. ഈ പ്രശ്നമുള്ളതുകൊണ്ടു് രോഗശുശ്രൂഷയ്ക്കല്ലാതെ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതു് നിരോധിക്കുന്ന കാര്യം ചില രാജ്യങ്ങള്‍ പരിഗണിക്കുന്നുണ്ടു്. ചുരുക്കിപ്പറഞ്ഞാല്‍ ആന്റിബയോട്ടിക്കുകളുടെ അനിയന്ത്രിതമായ ഉപയോഗമാണു് ഒരു കണക്കിനു് മരുന്നുകളെ ചെറുക്കാന്‍ ശേഷിയുള്ള രോഗാണുക്കളെയും സൂപ്പര്‍ ബഗ്ഗുകളെയും മറ്റും സൃഷ്ടിച്ചതു്. ഇതിനു് ഡോക്ടര്‍മാരും രോഗികളും മരുന്നു കമ്പനികളും എല്ലാം ഉത്തരവാദികളാണു്.

ഈ സാഹചര്യത്തിലാണു് ഹാര്‍വഡ് ഹ്യൂസില്‍നിന്നുള്ള പുതിയ കണ്ടെത്തല്‍. അതെന്താണെന്നു് പരിശോധിക്കാം. ഓരോ ബാക്ടീരിയയും പ്രത്യേകമായിട്ടാണു് മരുന്നിനോടു് പ്രതികരിക്കുന്നതു് എന്നാണു് ഇതുവരെ ധരിച്ചിരുന്നതു്. അതായതു് മരുന്നിനെ ചെറുത്തുനില്ക്കാനുള്ള ശേഷി ഓരോ ബാക്ടീരിയയുമാണു് കൈവരിക്കുന്നതു് എന്നു്. പുതിയ കണ്ടുപിടിത്തം ആ ധാരണ മാറ്റി. മരുന്നിന്റെ സാന്നിദ്ധ്യത്തില്‍ അതിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ബാക്ടീരിയകള്‍ ചില പ്രത്യേകതരം പ്രൊട്ടീന്‍ തന്മാത്രകള്‍ ഉത്‌പാദിപ്പിക്കുകയും അവയെ പരിസരത്തിലേക്കു് വിസര്‍ജിക്കുകയും ചെയ്യുന്നു എന്നവര്‍ കണ്ടു. ഈ തന്മാത്രകള്‍ മറ്റു ബാക്ടീരിയകളെ മരുന്നില്‍നിന്നു് രക്ഷപ്പെടാന്‍ സഹായിക്കുന്നു എന്നവര്‍ പറയുന്നു. അങ്ങനെ മരുന്നിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ബാക്ടീരിയകള്‍ തങ്ങളുടെ സഹോദരങ്ങളെയും മരുന്നിന്റെ ആക്രമണത്തില്‍നിന്നു് രക്ഷിക്കുന്നുണ്ടത്രെ. ഇ കൊളൈ (escherichia coli) എന്ന ബാക്ടീരിയകളിലാണു് അവര്‍ പരീക്ഷണം നടത്തിയതു്.

ഈ അനുഭവത്തില്‍നിന്നു് എന്തെല്ലാം പാഠങ്ങളാണു് നമ്മള്‍ ഉള്‍ക്കൊള്ളേണ്ടതു്? ആദ്യമായിട്ടു് എന്തുകൊണ്ടാണു് ആധുനിക വൈദ്യശാസ്ത്രത്തിന്റെ മരുന്നുകള്‍ക്കു് ഇത്തരം പ്രശ്നങ്ങളുള്ളതു് എന്ന ചോദ്യമുയരുന്നു. അതിനുള്ള ഒരു ഉത്തരം അതിന്റെ കച്ചവടവല്‍ക്കരണമല്ലേ? മറ്റുല്പന്നങ്ങള്‍ വാങ്ങാന്‍ പരസ്യങ്ങള്‍ വഴി പ്രോത്സാഹിപ്പിക്കുന്നതിനോടു് താരതമ്യം ചെയ്യാവുന്ന തരത്തിലാണു് മരുന്നുകളും കച്ചവടം ചെയ്യുന്നതു്. ഒരു മരുന്നു് കൂടുതല്‍ കുറിച്ചു കൊടുക്കുന്നതിനു് ഡോക്ടറന്മാര്‍ക്കു് പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കുന്നു. അതുകൊണ്ടു് പല ഡോക്ടറന്മാരും ആവശ്യത്തിനും അനാവശ്യത്തിനും രോഗികളെക്കൊണ്ടു് മരുന്നുകള്‍ വാങ്ങിപ്പിക്കുന്നു. അറിവില്ലായ്മകൊണ്ടും ഡോക്ടറന്മാര്‍ ശരിയായ രീതിയില്‍ വിശദീകരിച്ചു കൊടുക്കാത്തതുകൊണ്ടും ഒക്കെ കുറേ രോഗികള്‍ ആന്റിബയോട്ടിക്കുകള്‍ വേണ്ടത്ര നേരം കഴിക്കുന്നില്ല.

ഇതു് ഒരുവശത്തു് സംഭവിക്കുമ്പോള്‍ മറ്റൊരുവശത്തു് ചിലര്‍ ആന്റിബയോട്ടിക്കുകള്‍ ചേര്‍ന്ന കാലിത്തീറ്റ പടച്ചുവിടുന്നു. അവ കന്നുകാലികള്‍ വേഗത്തില്‍ വളരാനായി പലരും ഉപയോഗിക്കുന്നു. ഇതെല്ലാം മരുന്നുകളെ പ്രതിരോധിക്കുന്ന രോഗാണുക്കളുണ്ടാകാനായി വഴിതെളിക്കുന്നു. ചികിത്സയും മരുന്നുല്പാദനവും കന്നുകാലിവളര്‍ത്തലും എല്ലാം പരമാവധി ലാഭം കൊയ്യാന്‍വേണ്ടി ചെയ്യുന്നതിന്റെ, രോഗിയെയും കന്നുകാലികളെയും അതിനുള്ള മാര്‍ഗം മാത്രമായി കാണുന്നതിന്റെ, ഫലമല്ലേയിതു്? പണത്തിനു് ജീവിതത്തില്‍ വളരെ പ്രമുഖമായ ഒരു സ്ഥാനം കൈവന്നതിന്റെ ഫലമായല്ലേ ഇതെല്ലാം ഉണ്ടായതു്?

ഭാരതീയ ചികിത്സാ സമ്പ്രദായത്തില്‍ ചില നിഷ്ഠകള്‍ ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ടു്. വൈദ്യശാസ്ത്രം പഠിക്കുന്നവര്‍ ഒരിക്കലും ആ അറിവു് സ്വന്തം ഗുണത്തിനായി ഉപയോഗിക്കരുതു് എന്നുള്ളതായിരുന്നു അവയില്‍ ഒന്നു് എന്നു് പറഞ്ഞു കേട്ടിട്ടുണ്ടു്. വൈദ്യശാസ്ത്രം ഒരു സേവനമായി കാണണം എന്നായിരുന്നു അതിന്റെ ഉദ്ദേശ്യം. ഇന്നും മിക്ക പാരമ്പര്യ വൈദ്യന്മാരും രോഗിയെ പരിശോധിക്കുന്നതിനോ ചികിത്സ തീരുമാനിക്കുന്നതിനോ പണം വാങ്ങാറില്ല. മരുന്നിന്റെ വില മാത്രമാണു് അവര്‍ ആവശ്യപ്പെടുന്നതു്. രോഗികളില്‍ ചിലര്‍ വൈദ്യനും പ്രതിഫലം നല്‍കാറുണ്ടു്. അതു് രോഗിയുടെ ഇഷ്ടം. പല ആദിവാസി സമൂഹങ്ങളിലും ഇത്തരം ചിട്ടകള്‍ ഇന്നും വളരെ കര്‍ശനമായി പാലിക്കുന്നുണ്ടു്. അതുകൊണ്ടുതന്നെ സ്വന്തം ഗുണത്തിനായി അറിവു് ഉപയോഗിക്കും എന്നു് സംശയിക്കുന്നവരെ അവര്‍ വൈദ്യശാസ്ത്രം പഠിപ്പിക്കാറില്ല. എന്നാല്‍ ഇക്കാലത്തു് പണമുണ്ടാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗങ്ങളില്‍ ഒന്നായിരിക്കുന്നു ആധുനിക വൈദ്യശാസ്ത്രം. അതുകൊണ്ടുതന്നെയല്ലേ മെഡിസിന്‍ പഠിക്കാനുള്ള പരക്കം പാച്ചില്‍?

ഭാരതീയ വൈദ്യശാസ്ത്രത്തിന്റെ കാര്യം പറയുമ്പോള്‍ മറ്റൊരു കാര്യം മനസില്‍ വരുന്നു. ആയിരക്കണക്കിനു് വര്‍ഷം മുമ്പു് ഉപയോഗിച്ചിരുന്ന ഔഷധങ്ങള്‍ തന്നെയാണു് ഇന്നും ആയുര്‍വേദത്തില്‍ കുറിച്ചു കൊടുക്കുന്നതു്. ഇക്കാലമത്രയും കഴിഞ്ഞിട്ടും ഈ മരുന്നുകളെ പ്രതിരോധിക്കുന്ന രോഗാണുക്കള്‍ ഉണ്ടാകാത്തതെന്തേ? പെനിസിലിന്‍ എന്ന `ദിവ്യൌഷധം' കണ്ടുപിടിച്ചിട്ടു് നൂറുവര്‍ഷം തികഞ്ഞിട്ടില്ല. എന്നിട്ടും അതു് ചില രോഗാണുക്കളുടെ കാര്യത്തിലെങ്കിലും പ്രയോജനമില്ലാതായിട്ടുണ്ടു്. അതിനുശേഷം കണ്ടുപിടിച്ച പല മരുന്നുകളെയും ചെറുക്കുന്ന രോഗാണുക്കള്‍ ഉണ്ടായിക്കഴിഞ്ഞു. പുതിയ മരുന്നുകള്‍ കണ്ടുപിടിക്കാന്‍ കഴിയുന്നതിനേക്കാള്‍ വേഗത്തില്‍ മരുന്നുകള്‍ ഫലപ്രദമല്ലാതായി തീരുന്നുണ്ടെന്നു് എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു. എന്താണിങ്ങനെ സംഭവിക്കുന്നതു്? ആയുര്‍വേദത്തിന്റെ (മറ്റു പല പാരമ്പര്യ ചികിത്സാ സമ്പ്രദായങ്ങളുടെയും) അടിസ്ഥാന തത്വങ്ങള്‍ ആധുനിക വൈദ്യശാസ്ത്രത്തിന്റേതിനേക്കാള്‍ മെച്ചപ്പെട്ടവയായതുകൊണ്ടാണോ? ഇതു് ശ്രദ്ധയോടെ, മുന്‍വിധികളില്ലാതെ, പഠിക്കേണ്ടിയിരിക്കുന്നു. മാറേണ്ടി വരുന്നതു് ആധുനിക വൈദ്യശാസ്ത്രം തന്നെയാവില്ല എന്നു് പറയാനാവുമോ?

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)

വെച്ചൂര്‍ പശു തന്നെ നല്ലതു്

(തേജസ് പത്രത്തില്‍ ആഗസ്റ്റ് 2010ല്‍ പ്രസിദ്ധീകരിച്ച ലേഖനം)

നമ്മുടെ ഫോറിന്‍ ഭ്രമവും തങ്ങളുടെ അറിവുകളാണു് കേമം എന്നുള്ള ചില പാശ്ചാത്യരുടെ അഹങ്കാരവും ചേര്‍ന്നു് നമുക്കു് പാരമ്പര്യമായുണ്ടായിരുന്ന പലതും ഇല്ലാതാക്കി. അക്കൂട്ടത്തില്‍ നമ്മുടെ വേഷവിധാനങ്ങളും ഭക്ഷണക്രമങ്ങളും വൈദ്യശാസ്ത്രവും എല്ലാം പെടുന്നു. അങ്ങനെ നമുക്കു് എന്തെല്ലാം നഷ്ടപ്പെട്ടു എന്നു് തിരിച്ചറിയാന്‍ കാലങ്ങളെടുക്കാം. ഓരോന്നായി നമ്മള്‍ മനസിലാക്കിത്തുടങ്ങി എന്നതു് നല്ല കാര്യം തന്നെ. വെച്ചൂര്‍ പശുവിന്റെ പാലിനുള്ള ഗുണങ്ങള്‍ അത്തരത്തിലൊന്നാണു്. തൃശ്ശൂരുള്ള വളര്‍ത്തുമൃഗ-മൃഗശാസ്ത്ര വിദ്യാലയ (College of Veterinary and Animal Science) ത്തില്‍ തന്റെ ഡോക്ടറേറ്റ് ബിരുദത്തിനുവേണ്ടി നടത്തിയ പഠനത്തിലാണു് വെച്ചൂര്‍ പശുവിന്റെ പാലിലുള്ള ആരോഗ്യദായകമായ ഘടകത്തെക്കുറിച്ചു് ഡോക്ടര്‍ ഇ.എം. മുഹമ്മദ് കണ്ടെത്തിയിരിക്കുന്നതു്. പ്രോഫസ്സര്‍ സ്റ്റീഫന്‍ മാത്യുവിന്റെ മാര്‍ഗനിര്‍ദ്ദേശത്തിലാണു് അദ്ദേഹം പഠനം നടത്തിയതു്.

വെച്ചൂര്‍ പശുവിനെപ്പറ്റി അറിയാത്തവര്‍ ഇന്നു് കേരളത്തില്‍ വിരളമായിരിക്കും. കോട്ടയത്തടുത്തുള്ള വെച്ചൂര്‍ എന്ന സ്ഥലത്തിന്റെ പേരിലാണു് അറിയപ്പെടുന്നതെങ്കിലും കോട്ടയം, എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളില്‍ പലയിടങ്ങളിലും സാധാരണമായിരുന്ന പശുവാണിതു്. ലോകത്തിലെ ഏറ്റവും ചെറിയ പശു എന്ന ഖ്യാതി ലഭിച്ച വെച്ചൂര്‍ പശുവിനു് തീറ്റ കുറച്ചു മതി; എന്നാല്‍ തീറ്റയ്ക്കനുസൃതമായി നോക്കിയാല്‍ കൂടുതല്‍ പാല്‍ തരുകയും ചെയ്യും. കൂടാതെ രോഗപ്രതിരോധശേഷി കൂടുതലുള്ള ഇനവുമാണു്. 1960കളില്‍ പാലുല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനായി സങ്കരയിനം പശുക്കളെ വളര്‍ത്തുന്നതു് പ്രോത്സാഹിപ്പിക്കുകയും വിദേശീയ ഇനത്തില്‍പ്പെട്ട കാളകളുടെ ബീജം ഉപയോഗിച്ചു് കൃത്രിമ ബീജസങ്കലനം നടത്തി കൂടുതല്‍ പാല്‍ തരുന്ന ഇനങ്ങളെ സൃഷ്ടിക്കാനുള്ള ശ്രമം നടത്തുകയും ചെയ്തിരുന്നു. മാത്രമല്ല, പുനരുല്പാദനശേഷിയുള്ള നാടന്‍ കാളകളെ വളര്‍ത്തുന്നതുതന്നെ 1961ലെ കേരള ലൈവ്സ്റ്റോക്ക് ആക്‌ട് നിരോധിച്ചു. ഇതിന്റെ ഫലമായി നമ്മുടെ പല നാടന്‍ കന്നുകാലി ഇനങ്ങളും പ്രചാരത്തില്‍ ഇല്ലാതെയായി. ഏതാണ്ടു് രണ്ടു് ദശാബ്ദക്കാലം മുമ്പു് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥികളും മറ്റും നടത്തിയ തെരച്ചിലിന്റെ ഫലമായി കുറെ വെച്ചൂര്‍ പശുക്കളെ കണ്ടെത്താനായി. അങ്ങനെ തുടങ്ങിയ സംരക്ഷണ പരിപാടി കാരണമാണു് കുറേയെങ്കിലും വെച്ചൂര്‍ പശുക്കള്‍ ഇപ്പോഴും അവശേഷിക്കുന്നതു്. അവയില്‍ പകുതിയും വെറ്ററിനറി കോളജിന്റെ സംരക്ഷണത്തിലാണു്. വളര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ രജിസ്റ്റര്‍ ചെയ്തു് ആറുമാസം കാത്തിരുന്നാല്‍ മാത്രമെ ഒരു പശുക്കിടാവിനെ കിട്ടൂ.

മനുഷ്യരുടെ ഭക്ഷണക്രമത്തിലെ പ്രധാനപ്പെട്ട ഒരു ഘടകമാണു് പാല്‍. കുട്ടിക്കാലം മുതല്‍ക്കേ പാലായും തൈരാക്കി മാറ്റിയും മറ്റും നമ്മള്‍ പാല്‍ കഴിക്കുന്നുണ്ടല്ലോ. പ്രായപൂര്‍ത്തിയായ ശേഷവും പലപ്പോഴും പാലായിത്തന്നെയും കാപ്പി, ചായ, മറ്റു പാനീയങ്ങള്‍ എന്നിവയില്‍ ചേര്‍ത്തും നമ്മള്‍ പാല്‍ ഉപയോഗിക്കുന്നണ്ടു്. ഇന്നു് നമ്മളില്‍ പലരും, വിഷേഷിച്ചു് നഗരങ്ങളില്‍ താമസിക്കുന്നവര്‍, ഉപയോഗിക്കുന്നതു് പല പ്രക്രിയകളിലൂടെ കടന്നുവന്ന പാലാണു്. പലപ്പോഴും വാങ്ങാന്‍ ലഭിക്കുന്നതു് തന്നെ പാല്‍പ്പൊടി കലക്കിയുണ്ടാക്കിയ പാലാണു്. പോളിത്തീന്‍ കവറുകളില്‍ പല പേരുകളില്‍ ലഭിക്കുന്ന പാലില്‍ മറ്റെന്തെല്ലാം കലരുന്നുണ്ടു് എന്നു് നമുക്കറിയില്ല. പശുവില്‍നിന്നോ ആടില്‍നിന്നോ ലഭിക്കുന്ന പാലുമായി താരതമ്യം ചെയ്യുമ്പോള്‍ നമുക്കു് ലഭിക്കുന്ന പാലിനു് എന്തെല്ലാം ഗുണങ്ങളോ ദോഷങ്ങളോ ഉണ്ടെന്നു് നമുക്കറിയില്ല. എങ്കിലും ശുദ്ധമായ പശുവിന്‍പാലില്‍ ധാരാളം പ്രൊട്ടീന്‍ ഉണ്ടെന്നു് നമുക്കറിയാം. ഇതില്‍ ഏതാണ്ടു് 80 ശതമാനവും കസീന്‍ (Casein) എന്ന പ്രൊട്ടീനാണത്രെ. കസീന്‍ നാലു തരത്തിലുണ്ടു്. അവയില്‍ ഏറ്റവും പ്രമുഖമായിട്ടുള്ളതു് ബീറ്റ കസീനാണു്. ആകെയുള്ള കസീനിന്റെ 30-35 ശതമാനത്തോളം ഇതാണു്. ഇതുതന്നെ പല തരത്തിലുണ്ടു്. എങ്കിലും A1, A2, എന്ന ഇനങ്ങളാണു് ഏറ്റവും കൂടുതല്‍ കാണപ്പെടുന്നതു്.

പല വര്‍ഗ്ഗത്തിലുള്ള പശുക്കളില്‍ നിന്നു് ലഭിക്കുന്ന പാലിന്റെ ഗുണത്തില്‍ വ്യത്യാസമുണ്ടത്രെ. ചിലയിനം പശുക്കളുടെ പാലില്‍ A1 ബീറ്റ കസീനാണു് കൂടുതലുള്ളതെങ്കില്‍ മറ്റു ചിലയിനം പശുക്കളുടെ പാലില്‍ A2 ബീറ്റ കസീനാണു് കൂടുതലുള്ളതു്. ഉദാഹരണമായി ഫ്രീസിയന്‍ (Friesian) ഇനത്തിലുള്ള പശുക്കള്‍ A1 ബീറ്റ കസീനാണു് കൂടുതല്‍ ഉല്പാദിപ്പിക്കുന്നതു്. എന്നാല്‍ മറ്റു ചിലയിനം പശുക്കളും ആടുകളും കൂടുതല്‍ ഉല്പാദിപ്പിക്കുന്നതു് A2 ബീറ്റ കസീനാണു്. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുള്ള ആസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ സംഘടന 2007ല്‍ വെളിപ്പെടുത്തിയതാണു് ഈ വിവരം.

മേല്പറഞ്ഞ രണ്ടിനം ബീറ്റ കസീനുകളില്‍ A1 എന്നയിനം ചില രോഗങ്ങള്‍ക്കു് കാരണമാകാന്‍ സാദ്ധ്യതയുണ്ടു് എന്നു് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഒരു തരത്തിലുള്ള ഡയബറ്റിസ് (Type 1 Diabetes Mellitus), ഇസ്ക്കീമിക് ഹാര്‍ട്ട് ഡിസീസ് (Ischaemic heart disease, IHD) എന്നറിയപ്പെടുന്ന ഹൃദ്‌രോഗം, സ്ക്കിസോഫ്രീനിയ, ഓട്ടിസം തുടങ്ങിയ ചില മാനസിക പ്രശ്നങ്ങള്‍ എന്നിവയാണു് A1 ബീറ്റ കസീന്‍ മൂലമുണ്ടാകുന്നു എന്നു് സംശയിക്കപ്പെടുന്നതു്. ദഹനപ്രക്രിയയുടെ ഫലമായി ബീറ്റ കസീനില്‍നിന്നു് ഉണ്ടാകുന്ന ചില വസ്തുക്കളാണു് ഈ രോഗങ്ങള്‍ക്കു് കാരണമാകുന്നതു് എന്നാണു് കരുതുന്നതു്.

മെല്‍ബണിലെ ഡീകിന്‍ സര്‍വ്വകലാശാലയിലെ ആരോഗ്യശാസ്ത്ര വിഭാഗത്തിലെ പ്രൊഫസര്‍ ബോയ്ഡ് സ്വിന്‍ബേണ്‍ ന്യൂസിലന്‍ഡിലെ ഭക്ഷ്യസുരക്ഷാ ഏജന്‍സിയ്ക്കുവേണ്ടി ആറു വര്‍ഷം മുമ്പു് ഒരു പഠനം നടത്തിയിരുന്നു. ഡയബറ്റിസ് ഉണ്ടാവാനുള്ള ഒരു കാരണം A1 കസീന്‍ ആവാം എന്നതിനു് തള്ളിക്കളയാനാവാത്ത തെളിവുകള്‍ ഉണ്ടെന്നു് പഠനറിപ്പോര്‍ട്ടില്‍ അദ്ദേഹം പറയുന്നു. ശാസ്ത്രലോകം പൊതുവായി അംഗീകരിക്കുന്ന വസ്തുതകളെ അടിസ്ഥാനമാക്കിയാണു് അദ്ദേഹം ഈ നിഗമനത്തില്‍ എത്തിയതു്. എന്നാല്‍ ഹൃദ്രോഗത്തിന്റെ കാര്യത്തില്‍ തെളിവുകള്‍ അത്രതന്നെ വ്യക്തമല്ല എന്നാണു് അദ്ദേഹത്തിന്റെ മതം. മറ്റു രോഗങ്ങളുടെ കാര്യത്തില്‍ ലഭ്യമായ തെളിവുകള്‍ വളരെ അപര്യാപ്തമാണു് എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. എന്നാല്‍ ന്യൂസിലന്‍ഡ് സര്‍ക്കാരിന്റെ ഒരു വെബ്‌സൈറ്റില്‍ പറയുന്നതു് ഡയബറ്റിസിനും ഹൃദ്രോഗത്തിനും A1 ബീറ്റ കസീനുമായുള്ള ബന്ധത്തിനാണു് ഏറ്റവും ശക്തമായ തെളിവുകളുള്ളതു് എന്നാണു്. വിവിധ രാജ്യങ്ങളില്‍ ഇത്തരം കസീനുള്ള പാലിന്റെ ഉപയോഗവും ഹൃദ്രോഗമുള്ളവരുടെ എണ്ണവും തമ്മലുള്ള ബന്ധമാണു് ഇതിനു് ആധാരമായി ഉപയോഗിച്ചിരിക്കുന്നതു് എന്നും ഇതില്‍നിന്നു് ബീറ്റ കസീനാണു് രോഗത്തിനു് കാരണമാകുന്നതു് എന്നു് അനുമാനിക്കുന്നതു് ശരിയാവണമെന്നില്ല എന്നും അവര്‍ സൂചിപ്പിക്കുന്നുണ്ടു്.

എന്തായാലും A2 ബീറ്റ കസീന്‍ ധാരാളമുള്ള പാലാണു് വെച്ചൂര്‍ പശു തരുന്നതു് എന്നുള്ള കണ്ടുപിടിത്തം --- അതു് ശരിയാണെങ്കില്‍ --- അതു് നമ്മളെ ഒരു പാഠം പഠിപ്പിക്കേണ്ടതാണു്. ആരോ എന്തോ പറഞ്ഞതുകേട്ടു് എന്തെങ്കിലും ചെയ്യാന്‍ കച്ചകെട്ടി ഇറങ്ങരുതു് എന്നുള്ള പഴയ പാഠമാണതു്. ഇതു് നമ്മള്‍ പണ്ടേ പഠിക്കേണ്ട പാഠമായിരുന്നു. ഇത്തരം അബദ്ധങ്ങള്‍ എത്രയോ നമ്മള്‍ കാട്ടിക്കൂട്ടിയിരിക്കുന്നു. ഉദാഹരണമായി, പാലുല്പാദനം വര്‍ദ്ധിപ്പിക്കാനെന്ന പേരില്‍ത്തന്നെ സര്‍ക്കാരുകള്‍ കാണിച്ചിട്ടുള്ളതിനെപ്പറ്റി പ്രമുഖ പത്രപ്രവര്‍ത്തകനായ സായ്‌നാഥ് തന്റെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നതു് നോക്കൂ: ``സമന്വിത എന്ന പദ്ധതി 1978ല്‍ തുടങ്ങിയതാണു്. 80കളുടെ തുടക്കത്തോടെ അതു് പൂര്‍ണ്ണവേഗതയിലായി. ...... ഒരു പുതിയ, ഉയര്‍ന്ന കന്നുകാലി വര്‍ഗ്ഗത്തെ സൃഷ്ടിക്കുക എന്നതായിരുന്നു ഉദ്ദേശ്യം എന്നതുകൊണ്ടു് (മറ്റു കന്നുകാലി വര്‍ഗ്ഗങ്ങളുടെ) അശുദ്ധി തീരെ സ്വീകാര്യമല്ലായിരുന്നു ...... (പശുക്കള്‍ നാടന്‍ കാളകളുമായി ഇണചേരാതിരിക്കാനായി) നാടന്‍ കാളകളുടെ വന്ധീകരണ പരിപാടി ഗംഭീരമായിത്തന്നെ നടത്തി ...... കോംന, ഖരിയര്‍, ഖരിയര്‍ റോഡ് എന്നീ പ്രദേശങ്ങളിലെ എല്ലാ കാളകളെയും വന്ധീകരിച്ചു ...... എന്നിട്ടവര്‍ ജേഴ്സി കാളകളുടെ ബീജമുപയോഗിച്ചു് കൃത്രിമ ബീജസങ്കലനം നടത്തി. രണ്ടു വര്‍ഷവും രണ്ടുകോടി രൂപയും കഴിഞ്ഞപ്പോള്‍ ...... വെറും എട്ടു് സങ്കരവര്‍ഗ്ഗ പശുക്കിടാവുകളാണു് ആ പ്രദേശത്തു് മുഴുവനുംകൂടി പിറന്നതു്. ഒരൊറ്റ ലിറ്റര്‍ പാലു പോലും അധികമായി ഉല്‍പ്പാദിച്ചില്ല. ...... ഒരുകാലത്തു് പാലുല്പാദിപ്പിച്ചു് വിറ്റിരുന്നവര്‍ ഇന്നു് പാല്‍ വാങ്ങുന്നവരായി.''(P. Sainath, Everybody loves a good drought, Penguin, 1996)

മേല്പറഞ്ഞതു് ഒറീസയിലെ ഒരു ഗ്രാമത്തില്‍ നടന്ന കാര്യമാണു്. ഈ `വികസന' പ്രവര്‍ത്തനങ്ങളുടെ ഫലമായി അവിടത്തെ തനതായ ഖരിയര്‍ കാള ആ പ്രദേശത്തു് ഇല്ലാതായി. പിന്നീടു് മറ്റെവിടെയോനിന്നു് ചിലര്‍ കണ്ടെത്തി കൊണ്ടുവന്ന ഒന്നുരണ്ടു് കാളകള്‍ നിമിത്തമാണു് ഇപ്പോഴും ഖരിയര്‍ ഇനത്തില്‍പ്പെട്ട കന്നുകാലികള്‍ അവിടെ നിലനില്‍ക്കുന്നതു്. ഇതിനും രണ്ടു് ദശാബ്ദക്കാലം മുമ്പു് കേരളത്തില്‍ പാലുല്പാദനം വര്‍ദ്ധിപ്പിക്കാനെന്ന പേരില്‍ തന്നെയാണു് വെച്ചൂര്‍ പശുക്കളെ ഇല്ലാതാക്കിയതു്. ഇതില്‍നിന്നൊന്നും ഒരു പാഠവും നമ്മള്‍ പഠിക്കാന്‍ തയാറായില്ല. ഒറീസയില്‍ ഈ നാടകം അരങ്ങേറിയ ശേഷവും മറ്റിടങ്ങളില്‍ പശുക്കളുടെ ഇനം `മെച്ചപ്പെടുത്താനുള്ള' നടപടികള്‍ തുടരുന്നുണ്ടായിരുന്നു. നമ്മുടേതായ കന്നുകാലികളുടെയോ വിത്തിനങ്ങളുടെയോ ഗുണങ്ങള്‍ മനസിലാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനു മുമ്പുതന്നെ വിദേശ ബീജവുമായി സങ്കലനം ചെയ്തു് അവ മെച്ചപ്പെടുത്താനാണു് നമ്മള്‍ ശ്രമിച്ചതു്. ഇങ്ങനെ നമ്മുടെ എത്ര നെല്ലിനങ്ങള്‍ ഇല്ലാതായിരിക്കും എന്നറിയില്ല. വികസനത്തിന്റെ പേരില്‍ ഇനി ഇവിടത്തെ മനുഷ്യരുടെ ഇനം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ എന്നാണോ തുടങ്ങുക!

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)

Sunday, September 26, 2010

അല്‍ഷൈമേഴ്സ് എന്ന ഭീകരനെതിരെ ഒരായുധം?

(തേജസ് പത്രത്തില്‍ ജൂലൈ 2010ല്‍ പ്രസിദ്ധീകരിച്ച ലേഖനം)
നമ്മില്‍ പലര്‍ക്കും `തന്മാത്ര' എന്ന ചലച്ചിത്രം പരിചയപ്പെടുത്തിത്തന്ന രോഗമാണു് അല്‍ഷൈമേഴ്സ്. പൂര്‍ണ്ണ ആരോഗ്യത്തോടെ നടക്കുന്ന ഒരു വ്യക്തി ക്രമേണ ഓര്‍മ്മ നഷ്ടപ്പെട്ടു് അസാധാരണമായി പെരുമാറുന്നതു കണ്ടപ്പോള്‍ കണ്ണു നനയാത്തവരുണ്ടാവില്ല. എന്നാല്‍ അതു് ആര്‍ക്കും വരാവുന്ന രോഗമാണെന്നു മനസിലാകുമ്പോള്‍ ആ സഹാനുഭൂതി ഒരുതരം ഭയമായി മാറുന്നതു് ചിലപ്പോഴെങ്കിലും കാണാം. കേരളത്തിലും പ്രായമായ പലരിലും കണ്ടു തുടങ്ങിയിട്ടുള്ള രോഗമാണു് അല്‍ഷൈമേഴ്സ്. പ്രശസ്തരായ ചിലരും ഇതിനു് അടിപ്പെട്ടിട്ടുണ്ടു്. അല്‍ഷൈമേഴ്സിനു് ഒരു പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങള്‍ കുറച്ചു കാലമായി നടക്കുന്നതാണു്. എന്നാല്‍ അതിനൊരു വഴി കാണാനാവാതെ കുഴങ്ങുകയായിരുന്നു ശാസ്ത്രജ്ഞര്‍. അടുത്ത കാലത്തെ ഒരു കണ്ടെത്തല്‍ അല്‍ഷൈമേഴ്സിനുള്ള ഒരു ചികിത്സയിലേയ്ക്കു് നയിക്കാന്‍ സാദ്ധ്യതയുണ്ടെന്നു് കരുതപ്പെടുന്നു.

ഡെമെന്‍ഷ്യ (dementia) എന്ന രോഗത്തിന്റെ ഒരു വകഭേദമാണു് അല്‍ഷൈമേഴ്സ്. മറവി തന്നെയാണു് ഡെമെന്‍ഷ്യയുടെ ലക്ഷണം. പണ്ടുണ്ടായ കാര്യങ്ങളോ പണ്ടൊരിക്കല്‍ കണ്ട വ്യക്തിയുടെ പേരോ വിവരങ്ങളോ മറക്കുക സ്വാഭാവികമാണു്. എന്നാല്‍ അങ്ങനെയല്ലാത്ത മറവിയാണു് ഡെമെന്‍ഷ്യയുടെ ലക്ഷണം. മറക്കുന്നതു് അടുത്ത കാലത്തുണ്ടായ കാര്യങ്ങളാവാം, അല്ലെങ്കില്‍ അടുത്തുള്ളവരുടെ പേരാകാം. മറ്റുള്ളവര്‍ക്കു് അസ്വാഭാവികമായി തോന്നുന്ന തരത്തിലുള്ള മറവിയാണു് ഡെമെന്‍ഷ്യയായി മാറാന്‍ സാദ്ധ്യതയുള്ളതു്.

രണ്ടു കാരണങ്ങള്‍ കൊണ്ടു് ഡെമെന്‍ഷ്യയുണ്ടാവാം. ഒരു കാരണം മസ്തിഷ്ക്കത്തിനേല്‍ക്കുന്ന ക്ഷതമാണു്. വാഹനാപകടങ്ങളില്‍നിന്നും മറ്റും ഏല്‍ക്കാവുന്ന ഇത്തരം ക്ഷതം മൂലമുണ്ടാകുന്ന ഡെമെന്‍ഷ്യ ഒരേ നിലയ്ക്കുതന്നെ തുടരും. അതായതു് വ്യക്തിയുടെ സ്ഥിതിയില്‍ കാര്യമായ മാറ്റമൊന്നും ദൃശ്യമാവില്ല. രോഗമാണു് ഡെമെന്‍ഷ്യയുണ്ടാവാനുള്ള മറ്റൊരു കാരണം. അങ്ങനെയാണെങ്കില്‍ രോഗിയുടെ മറവി കൂടിക്കൂടി വരുന്നതു് കാണാം. പൊതുവെ വാര്‍ദ്ധക്യകാലത്താണു് ഡെമെന്‍ഷ്യ കണ്ടുവരുന്നതു്. പണ്ടു് ഇതു് വാര്‍ദ്ധക്യത്തിന്റെ ഫലമായുണ്ടാകുന്നതാണു് എന്നു് കരുതിയിരുന്നു. എന്നാല്‍ അല്‍ഷൈമേഴ്സുമായി അതിനുള്ള ബന്ധം ശ്രദ്ധയില്‍ പെട്ടപ്പോഴാണു് ഇതു് വാര്‍ദ്ധക്യം മൂലമുണ്ടാവുന്നതല്ല എന്നും രോഗമാണെന്നും തിരിച്ചറിഞ്ഞതു്. എന്നാല്‍ വാര്‍ദ്ധക്യത്തിനു മുമ്പും ഡെമെന്‍ഷ്യയുണ്ടാവാം, വളരെ അസാധാരണമാണെങ്കിലും. ക്രമേണ വഷളായിവരുന്ന (progressive) രോഗമാണു് ഡെമെന്‍ഷ്യ. ഇതു് ചികിത്സിച്ചു് ഭേദമാക്കാന്‍ ആധുനിക വൈദ്യശാസ്ത്രത്തിനു് (modern medicine) ആവില്ല. മറ്റു ചികിത്സാരീതികള്‍ ഫലവത്തായതായി ചിലപ്പോഴൊക്കെ കേള്‍ക്കാറുണ്ടു്.

1906ല്‍ ജര്‍മ്മന്‍ ന്യൂറോപാതോളജിസ്റ്റായ അല്‍ഷൈമറാണു് ഏറ്റവും സാധാരണമായി കണ്ടുവരുന്ന ഡെമെന്‍ഷ്യയുടെ ലക്ഷണങ്ങള്‍ ആദ്യമായി ക്രോഡീകരിച്ചതു്. അല്‍ഷൈമര്‍ തരത്തില്‍പ്പെട്ട സെനൈല്‍ ഡെമെന്‍ഷ്യ (Senile Dementia of the Alzheimer Type, SDAT) എന്ന പേരിലും അറിയപ്പെടുന്ന ഈ രോഗം ഇന്നു് മൂന്നു കോടിയോളം മനുഷ്യരെ ബാധിച്ചിട്ടുണ്ടു് എന്നു് കണക്കാക്കപ്പെടുന്നു. 2050ഓടെ 85 പേരില്‍ ഒരാള്‍ക്കു് അല്‍ഷൈമേഴ്സ് ഉണ്ടാകും എന്നാണു് പ്രവചനം. സാധാരണഗതിയില്‍ 65 വയസു കഴിഞ്ഞവര്‍ക്കാണു് ഇതുണ്ടാകുന്നതു്. എന്നാല്‍ ചിലപ്പോഴൊക്കെ അതില്‍ താഴെ പ്രായമുള്ളവരിലും വളരെ വിരളമായി ചെറുപ്പക്കാരിലും ഈ രോഗം കാണാറുണ്ടത്രെ. `തന്മാത്ര' എന്ന ചലച്ചിത്രത്തെക്കുറിച്ചുള്ള ഒരു പരാതി അതിലെ കഥാപാത്രത്തെപ്പോലെ ഇത്ര ചെറുപ്രായത്തില്‍ ഈ രോഗം വരാറില്ല എന്നായിരുന്നു. എന്നാല്‍ അതു് ശരിയല്ല. പ്രായം കുറഞ്ഞവരെയും അല്‍ഷൈമേഴ്‌സ് ബാധിക്കാറുണ്ടു്. ഇവരില്‍ പകുതിയിലധികം പേരും കുടുംബത്തില്‍ ഈ രോഗത്തിന്റെ ചരിത്രമുള്ളവരാണു്. അങ്ങനെയുള്ളവര്‍ക്കു് 16 വയസില്‍ പോലും രോഗം കണ്ടിട്ടുണ്ടത്രെ. എന്നാല്‍ 65 വയസിനു മുമ്പു് അല്‍ഷൈമേഴ്സ് കാണുന്നതു് അധികവും 40ഉം 50ഉം വയസുള്ളവരിലാണു്.

ഓരോ രോഗിയിലും ഓരോ വിധത്തിലാണു് രോഗലക്ഷണം കാണുന്നതു്. പൊതുവെ ആദ്യമായി കാണുന്നതു് പുതിയ ഓര്‍മ്മകള്‍ ഉണ്ടാവാനുള്ള ബുദ്ധിമുട്ടാണു്. കുറച്ചുമുമ്പു് കണ്ട കാര്യങ്ങളോ കേട്ട വിവരങ്ങളോ ഓര്‍മ്മിച്ചുവയ്ക്കാന്‍ പറ്റായ്കയാണു് പലപ്പോഴും ആദ്യം കാണുന്ന ലക്ഷണം. ``ഞാന്‍ കണ്ണട എവിടെ വച്ചു?'' ``നീയെന്താ കുറച്ചു മുമ്പു് എന്നോടു പറഞ്ഞതു്?'' തുടങ്ങിയ ചോദ്യങ്ങള്‍ നമുക്കു് പരിചിതമാണു്. ഇതു് എപ്പോഴും അല്‍ഷൈമേഴ്സിന്റെ ലക്ഷണം ആവണമെന്നില്ല. രോഗം മൂര്‍ച്ഛിക്കുന്നതനുസരിച്ചു് രോഗിയ്ക്കു് കൂടുതല്‍ ബുദ്ധിമുട്ടുകളുണ്ടാവുന്നു. സമയം, സ്ഥലം തുടങ്ങിയവയും ചുറ്റുമുള്ളവരുടെ പേരുകളും ഒക്കെ രോഗിക്കു് ഓര്‍മ്മിക്കാന്‍ വയ്യാതാവുന്നു. താനാരാണെന്നുപോലും രോഗി ഓര്‍മ്മിച്ചില്ലെന്നുവരും. ചെറിയ കാര്യങ്ങള്‍ ഇവരെ അസ്വസ്ഥരാക്കാം. നിസ്സാര കാര്യങ്ങള്‍ക്കു് ഇവര്‍ കുപിതരാകാം. സന്തോഷവും ദു:ഖവും മാറിമാറി വരാം. കാലം കഴിയുന്തോറും ഭാഷയുപയോഗിക്കാനുള്ള അവരുടെ കഴിവു് കുറഞ്ഞുവരാം. പിന്നീടു് പഴയ കാര്യങ്ങള്‍ കൂടി അവര്‍ മറന്നു തുടങ്ങാം. ഇന്ദ്രിയങ്ങളുടെ ശേഷി കുറഞ്ഞുവരുന്നതോടെ രോഗി ക്രമേണ ഉള്ളിലേക്കു് വലിയുകയും ഒടുവില്‍ മരണത്തില്‍ അവസാനിക്കുകയും ചെയ്യുന്നു.

അല്‍ഷൈമേഴ്സ് രോഗിയില്‍ എന്തെല്ലാം മാറ്റമുണ്ടാകുമെന്നു് പ്രവചിക്കാനാവില്ല. ചിലപ്പോള്‍ രോഗം ഉണ്ടെന്നു് തിരിച്ചറിയാതെ വര്‍ഷങ്ങള്‍ കടന്നു പോയേക്കാം. രോഗം തിരിച്ചറിഞ്ഞതിനു ശേഷം രോഗി ശരാശരിയായി ഏതാണ്ടു് ഏഴു് വര്‍ഷം വരെ ജീവിച്ചിരിക്കുമെന്നു് പ്രതീക്ഷിക്കാം. മൂന്നു് ശതമാനത്തില്‍ താഴെ രോഗികളേ രോഗമുണ്ടെന്നു് അറിഞ്ഞ ശേഷം പതിനാലു വര്‍ഷത്തിലധികം ജീവിച്ചിരിക്കുന്നുള്ളൂ. രോഗം എങ്ങനെയാണു് ഉണ്ടാകുന്നതെന്നു് മനസിലാക്കാന്‍ ഇതുവരെയായിട്ടില്ല. തലച്ചോറില്‍ നടത്തിയ പഠനങ്ങളില്‍നിന്നു് സെറിബ്രല്‍ കോര്‍ട്ടെക്സ് (cerebral cortex) എന്ന ഭാഗം അല്‍ഷൈമേഴ്സ് രോഗികളില്‍ വളരെ ചുരുങ്ങിയിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടു്. ആധുനിക വൈദ്യശാസ്ത്രത്തില്‍ ചികിത്സ ഉണ്ടെങ്കിലും രോഗലക്ഷണങ്ങളില്‍ ചെറിയ ആശ്വാസമുണ്ടാക്കാന്‍ മാത്രമെ അതിനു് കഴിയൂ. രോഗം ഭേദമാക്കാനോ കുറയ്ക്കാന്‍ പോലുമോ ഇതുവരെ ലഭ്യമായ മരുന്നുകള്‍ക്കു് കഴിഞ്ഞിട്ടില്ല.

ഈ സാഹചര്യത്തിലാണു് എലികളില്‍ നടത്തിയ ഒരു പരീക്ഷണം ശ്രദ്ധേയമാകുന്നതു്. പ്രായമായ എലികളില്‍ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതായി കാണുന്ന ഒരു രാസവസ്തുവാണു് ഇപ്പോള്‍ ശാസ്ത്രജ്ഞരില്‍ താല്പര്യം ജനിപ്പിച്ചിരിക്കുന്നതു്. ടെക്സാസ് സര്‍വ്വകലാശാലയുടെ സൌത്ത് വെസ്റ്റേണ്‍ മെഡിക്കല്‍ സെന്ററിലെ ഗവേഷകരായ സ്റ്റീവന്‍ മക്‌നൈറ്റ് ()Steven McKnight), ആന്‍ഡ്രൂ പീപ്പര്‍ (Andrew Pieper) എന്നിവരാണു് പുതിയ രാസവസ്തു കണ്ടെത്തിയിരിക്കുന്നതു്. പുതിയ സെല്ലുകളുടെ വളര്‍ച്ചയും നിലനില്പും സാദ്ധ്യമാക്കുന്നതിലൂടെയായിരിക്കണം P7C3 എന്നവര്‍ പേരിട്ടിരിക്കുന്ന ഈ രാസവസ്തു ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതു് എന്നാണു് ഗവേഷകരുടെ അഭിപ്രായം. ആയിരത്തിലധികം ചെറിയ തന്മാത്രകള്‍ എലികളില്‍ പരീക്ഷിച്ചതിനു ശേഷമാണു് ഇതിന്റെ ഗുണഫലം അവര്‍ കണ്ടെത്തിയതു്.

നേരത്തെ പഠനവിധേയമാക്കിയിട്ടുള്ള രണ്ടു് മരുന്നുകള്‍ പ്രവര്‍ത്തിക്കുന്ന രീതിയില്‍ തന്നെയാണു് ഈ രാസവസ്തുവും പ്രവര്‍ത്തിക്കുന്നതു് എന്നവര്‍ പറഞ്ഞു. പക്ഷെ മേല്‍പ്പറഞ്ഞ മരുന്നുകള്‍ പഠനങ്ങളില്‍ ഫലപ്രദമായി കണ്ടില്ല. ഓര്‍മ്മയുടെ കേന്ദ്രമായ ഹിപ്പൊകാമ്പസില്‍ തലച്ചോറിലെ സെല്ലുകളായ ന്യൂറോണുകള്‍ ഉണ്ടാവുന്നു. ഇവ പ്രവര്‍ത്തിച്ചു തുടങ്ങാന്‍ ഏതാണ്ടു് രണ്ടുമുതല്‍ നാലാഴ്ച വരെയെടുക്കും. ഇതിനിടെ അവ പല വിഷമങ്ങളും തരണം ചെയ്യേണ്ടതുണ്ടു്. എന്നാല്‍ യുവ ന്യൂറോണുകളില്‍ പലതും അതിനിടെ നശിച്ചുപോകുന്നു. അല്‍ഷൈമേഴ്സ് പോലെയുള്ള രോഗമുള്ള വ്യക്തിയില്‍ ഈ സെല്ലുകള്‍ക്കു് നിലനില്‍ക്കാന്‍ കൂടുതല്‍ ബുദ്ധിമുട്ടാണു്. അതു് മെച്ചപ്പെടുത്താനായാല്‍ ഒരുപക്ഷെ അല്‍ഷൈമേഴ്സ്രോഗിയ്ക്കു് ആശ്വാസം കണ്ടെത്താനായി എന്നുവരാം. ഇതാണു് ഗവേഷകര്‍ നോട്ടമിട്ടിരിക്കുന്നതു്. P7C3 യെക്കാള്‍ ശക്തമാണു് അതില്‍നിന്നു് ഉണ്ടാക്കിയ A20 എന്നവര്‍ പേരിട്ടിരിക്കുന്ന മറ്റൊരു രാസവസ്തു എന്നവര്‍ പറഞ്ഞു.

ഇത്രയും പറഞ്ഞതില്‍നിന്നു് അല്‍ഷൈമേഴ്സ് രോഗികള്‍ക്കു് നാളെമുതല്‍ പുതിയ മരുന്നു് കൊടുത്തു തുടങ്ങാമെന്നു് അര്‍ത്ഥമാകുന്നില്ല. പല പരീക്ഷണ ഘട്ടങ്ങളിലൂടെയും കടന്നു പോയതിനു ശേഷം മാത്രമെ ഈ രാസവസ്തു മരുന്നായി അംഗീകരിക്കപ്പെടുകയുള്ളൂ. മരുന്നിനു് പാര്‍ശ്വഫലങ്ങളുണ്ടോ, ഉണ്ടെങ്കില്‍ അവയെന്തെല്ലാമാണു്, വലിയ പ്രശ്നങ്ങളുണ്ടാക്കാത്തതാണോ, പാര്‍ശ്വഫലങ്ങള്‍ തടയാനാകുമോ, എന്നിങ്ങനെയുള്ള കാര്യങ്ങള്‍ മനസിലാക്കേണ്ടതുണ്ടു്. രോഗത്തിന്റെ ഓരോ ഘട്ടത്തിലും മരുന്നു് എത്ര നല്‍കണം എന്നറിയണം. മൃഗങ്ങളിലും മനുഷ്യരിലും നടത്തുന്ന വിശദമായ പഠനങ്ങള്‍ക്കു ശേഷമെ ഒരു രാസവസ്തു മരുന്നായി പ്രഖ്യാപിക്കപ്പെടുകയുള്ളൂ. അല്‍ഷൈമേഴ്സിനു് ഒരു മരുന്നു് ഉണ്ടാവാനുള്ള സാദ്ധ്യത തെളിഞ്ഞു വരുന്നു എന്നു് തല്‍ക്കാലം ആശ്വസിക്കാം.

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)

Friday, April 30, 2010

ഓട്ടിസം

"ഈ കുട്ടി എന്താ ഇങ്ങനെ? വേറെ പിള്ളേരുടെ കൂടെ പോയി കളിക്കുകയുമില്ല, എപ്പഴും അവന്റെ കളിപ്പാട്ടങ്ങളിങ്ങനെ ഒന്നിന്റെ മുകളില്‍ ഒന്നായിട്ടു് അടുക്കി വച്ചോണ്ടിരിക്കും." നിങ്ങളുടെ കുട്ടി ഇങ്ങനെയാണോ? കുട്ടിയെ കുറ്റം പറയണ്ട. ഒരുപക്ഷെ ഓട്ടിസം \eng(autism) \mal എന്ന പേരില്‍ അറിയപ്പെടുന്ന ഒരു പ്രത്യേക സ്ഥിതിവിശേഷമായിക്കൂടെന്നില്ല ഇത്തരം പെരുമാറ്റത്തിനു് കാരണം. വിരളമായി ജന്മനാലുണ്ടാകുന്ന ഒരു അവസ്ഥയാണു് ഓട്ടിസം. വളരെ ചെറിയ പ്രായത്തില്‍ തന്നെ (ഏതാണ്ടു് മൂന്നു് വയസ്സിനു താഴെ) തിരിച്ചറിഞ്ഞാല്‍ ചികിത്സിച്ചു് ഭേദപ്പെടുത്താവുന്ന അവസ്ഥയാണിതു് എന്നു് വിദഗ്ദ്ധര്‍ പറയുന്നു. എന്നാല്‍ കുട്ടിയ്ക്കു് ഇത്തരം പ്രശ്നങ്ങളുണ്ടാവാമെന്നും അതു് നേരത്തെ തന്നെ കണ്ടെത്താന്‍ ശ്രമം വേണമെന്നും മാതാപിതാക്കള്‍ അറിഞ്ഞിരിക്കുകയും കുട്ടിയെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ വിദഗ്ദ്ധരെ കാണിക്കുകയും വേണം. വിശേഷിച്ചു്, ഓട്ടിസമുള്ള കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നു എന്നു് വിവരങ്ങള്‍ കാണിക്കുന്ന ഈ കാലത്തു് കുട്ടികളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതു് അത്യാവശ്യമാണു്.

വ്യാപകമായ വളര്‍ച്ചാക്രമക്കേടുകള്‍ (pervasive development disorders) എന്നു് അറിയപ്പെടുന്ന അഞ്ചു് പ്രധാന അവസ്ഥളില്‍ ഒന്നാണു് ഓട്ടിസം. വളര്‍ച്ചയിലുണ്ടാകുന്ന അപാകതകളില്‍ ഇന്നു് ഏറ്റവും വ്യാപകമായിട്ടുള്ള ഒന്നാണു് ഓട്ടിസം എന്നു് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ഓട്ടിസത്തിന്റെ പ്രചാരം വര്‍ദ്ധിച്ചു വരുന്നുമുണ്ടത്രെ. 1995ല്‍ 1250 കുട്ടികളില്‍ ഒരാള്‍ക്കു് ഓട്ടിസം ഉണ്ടായിരുന്നപ്പോള്‍ ഇന്നതു് 150ല്‍ ഒരു കുട്ടിക്കു് ഉള്ളതായാണു് കണക്കുകള്‍ കാണിക്കുന്നതു്. പ്രതിവര്‍ഷം 10-17 ശതമാനം നിരക്കിലാണത്രെ ഓട്ടിസമുള്ള കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതു്. മാതാപിതാക്കള്‍ക്കു് ഇത്തരം പ്രശ്നങ്ങളെക്കുറിച്ചുള്ള അറിവു് കൂടി വരുന്നതിനാല്‍ കൂടുതല്‍ കുട്ടികള്‍ ഓട്ടിസമുള്ളവരായി തിരിച്ചറിയുന്നതുകൊണ്ടാണോ ഇങ്ങനെ സംഭവിക്കുന്നതു് എന്ന സംശയം നിലനില്‍ക്കുന്നുണ്ടു്. എങ്കിലും നമ്മില്‍ പലര്‍ക്കും ഇത്തരം പ്രശ്നങ്ങളെക്കുറിച്ചു് അറിവില്ല എന്നതു് വാസ്തവമാണു് എന്നു തോന്നുന്നു.

ഓട്ടിസമുള്ളവര്‍ പല തരത്തിലാകാം. സമര്‍ത്ഥനും വാചാലനും ആയ ഒരു കുട്ടിക്കും അതേപോലെ ബുദ്ധികുറഞ്ഞ തീരെ സംസാരിക്കാത്ത ഒരു കുട്ടിക്കും ഓട്ടിസമുണ്ടാകാം. ഇത്രയും വ്യത്യസ്തമായ ലക്ഷണങ്ങള്‍ ഉണ്ടാകാവുന്നതുകൊണ്ടു് ഓട്ടിസം സ്പെക്‌ട്രം ഡിസോര്‍ഡര്‍ (Autism Spectrum Disorder, ASD) എന്നാണു് ഇതു് അറിയപ്പെടുന്നതു്. ഇത്തരം മനുഷ്യരില്‍ പൊതുവായി കണ്ടുവരുന്ന ഏറ്റവും സാധാരണ ലക്ഷണം മറ്റുള്ളവരുമായി ഇടപെടാനും നേരെ കണ്ണിലോ മുഖത്തോ നോക്കി സംസാരിക്കാനുമുള്ള പ്രയാസമാണു് എന്നു പറയാം. ഓട്ടിസമുള്ള ഓരോ വ്യക്തിയും വ്യത്യസ്തനാണു് എന്നതു് ഓര്‍ത്തിരിക്കേണ്ട കാര്യമാണു്. അത്തരം ഒരു വ്യക്തിയെ അറിയാമെങ്കിലും അതുകൊണ്ടു് ഓട്ടിസമുള്ള മറ്റൊരു വ്യക്തിയെ കണ്ടാല്‍ തിരിച്ചറിയണമെന്നില്ല.

ഓട്ടിസമുള്ള കുട്ടികളെ എങ്ങനെ തിരിച്ചറിയാനാവും? വളരെ ചെറു പ്രായത്തില്‍ വിദഗ്ദ്ധര്‍ക്കേ തിരിച്ചറിയാനാവൂ. ചില വിദഗ്ദ്ധര്‍ക്കു് ഒരു വയസ്സുപോലും ആകാത്ത കുട്ടികളില്‍ ഓട്ടിസമുണ്ടോ എന്നു് തിരിച്ചറിയാനായേക്കും. മറ്റുള്ളവരുമായി ഇടപെടുന്നതിലും സംസാരിക്കുന്നതിലും ആണു് പ്രധാനമായി വ്യത്യാസം കാണുന്നതു്. മനുഷ്യരേക്കാളേറെ വസ്തുക്കളോടാണു് ഇത്തരം കുട്ടികള്‍ താല്പര്യം കാണിക്കുക. അവരെ എടുക്കുന്നതോ കൊഞ്ചിക്കുന്നതോ ഈ കുട്ടികള്‍ക്കു് പൊതുവെ ഇഷ്ടമല്ല. അവര്‍ക്കിഷ്ടം ഒറ്റയ്ക്കിരിക്കാനാണു്. ചില കുട്ടികള്‍ വല്ലാതെ കരയുന്നതായി കാണാറുണ്ടത്രെ. എന്നാല്‍ ചില കുട്ടികള്‍ തീരെ കരയാറില്ല. പാലു് വലിച്ചു് കുടിക്കാനാവാഴിക, അല്ലെങ്കില്‍ പാലു കുടിക്കാന്‍ വിസമ്മതിക്കുക തുടങ്ങിയ പ്രശ്നങ്ങളും കാണാറുണ്ടത്രെ. ഒരേ രീതിയിലുള്ള ചലനങ്ങള്‍ തുടര്‍ച്ചയായി ചെയ്തുകൊണ്ടിരിക്കുന്നതും ഓട്ടിസത്തെ സൂചിപ്പിക്കാം. ഉദാഹരണമായി, ഒരേ രീതിയില്‍ കൈ ഇളക്കിക്കൊണ്ടിരിക്കുക, വിരല്‍ ഞൊടിച്ചുകൊണ്ടിരിക്കുക തുടങ്ങിയവ തുടര്‍ച്ചയായി കുറേ നേരം ചെയ്യുന്നതു്. ചില കുട്ടികള്‍ പതിവായി രാത്രി വളരെ ഇരുട്ടുന്നതുവരെ ഉറങ്ങാതിരിക്കാം.

ഒന്നര രണ്ടു വയസ്സായ ശേഷവും ഇത്തരം ലക്ഷണങ്ങള്‍ കാണാം. ചില കുട്ടികളില്‍ മേല്പറഞ്ഞ ലക്ഷണങ്ങള്‍ മാറുകയുമാവാം. ചില കുട്ടികള്‍ പേരു വിളിച്ചാല്‍ വിളികേള്‍ക്കാതിരിക്കാമത്രെ. കളിപ്പാട്ടങ്ങള്‍ ഒന്നിനുമുകളില്‍ ഒന്നായി അടുക്കി വയ്ക്കുന്നതു് ഓട്ടിസമുള്ള ചില കുട്ടികള്‍ നിരന്തരമായി ചെയ്യുന്ന കാര്യമാണു്. അതുപോലെ ചില കാര്യങ്ങള്‍ താന്‍ ഒരു നിശ്ചിത സമയത്തു് ചെയ്യേണ്ടതാണു് എന്ന തോന്നല്‍ ഓട്ടിസമുള്ള ഒരു കുട്ടിക്കു് ഉണ്ടായാല്‍ പിന്നെ എല്ലാ ദിവസവും ആ പ്രവൃത്തി അതേ സമയത്തു് ചെയ്തില്ലെങ്കില്‍ അയാള്‍ അസ്വസ്ഥനാകുന്നു. ഉദാഹരണമായി, എല്ലാ ദിവസവും കാലത്തു് എട്ടു മണിക്കു് സ്ക്കൂളില്‍ പോകാനായി പുസ്തകമെല്ലാം അടുക്കി വയ്ക്കണമെന്നുണ്ടെങ്കില്‍ അവധി ദിവസങ്ങളില്‍ പോലും അതു് ചെയ്തില്ലെങ്കില്‍ കുട്ടി അസ്വസ്ഥനാകും. ഇതു് ഓട്ടിസത്തിന്റെ ഒരു ലക്ഷണമാകാം. വളരെ വൈകി സംസാരിക്കാന്‍ തുടങ്ങുന്നതും ചിലപ്പോള്‍ ഓട്ടിസത്തിന്റെ ലക്ഷണമാകാം.

ചിലപ്പോള്‍ അസാധാരണമായ കഴിവുകളും ഓട്ടിസമുള്ള കുട്ടികളില്‍ കാണാനാവും. സംഗീതവുമായി ബന്ധപ്പെട്ടാണു് ഇത്തരം കഴിവുകള്‍ പലപ്പോഴും കാണുന്നതു്. ഉദാഹരണമായി, വിവിധ രാഗങ്ങള്‍ ഓര്‍മ്മിച്ചിരിക്കുകയും ഒരു ഗാനത്തിന്റെ ഒരു ഭാഗം കേട്ടാല്‍ രാഗം തിരിച്ചറിയാന്‍ കഴിയുകയും ചെയ്യുക എന്നതു് ഓട്ടിസമുള്ള ചില കുട്ടികളില്‍ കാണാനാവുന്ന സവിശേഷ സിദ്ധിയാണു്.

എന്തുകൊണ്ടാണു് ഓട്ടിസം ഉണ്ടാകുന്നതു്? നമുക്കിപ്പൊഴും വ്യക്തമായി അറിയില്ല എന്നതാണു് സത്യം. തലച്ചോറിന്റെ വളര്‍ച്ച തൃപ്തികരമല്ലാത്ത രീതിയിലാവുന്നതാണു് ഓട്ടിസത്തിനു് കാരണം എന്നു് വിശ്വസിക്കപ്പെടുന്നു. എന്നാല്‍ എന്തുകൊണ്ടാണു് ഇതു് സംഭവിക്കുന്നതു് എന്നു് മനസിലായിട്ടില്ല. പാരമ്പര്യമായി ലഭിച്ച സവിശേഷതകളും, പരിസ്ഥിതിയും, ഗര്‍ഭാവസ്ഥയിലുണ്ടായ പ്രശ്നങ്ങളും, ഈയം, രസം (മെര്‍ക്കുറി), കാഡ്മിയം, കീടനാശിനികള്‍ തുടങ്ങിയ ചില രാസവസ്തുക്കളും എല്ലാം ഓട്ടിസത്തിനു് കാരണമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടു്. അടുത്ത കാലത്തു് അമേരിക്കയിലെ കോര്‍ണല്‍ സര്‍വ്വകലാശാലയില്‍ നടത്തിയ ഒരു പഠനത്തില്‍ മൂന്നു വയസിനു് മുമ്പു് ടെലിവിഷന്‍ കാണുന്നതു് ഓട്ടിസത്തിനു് കാരണമാകാം എന്ന സൂചനയുണ്ടത്രെ! എന്തായാലും ഓട്ടിസത്തിനു് കാരണമാകുന്നതു് എന്താണു് എന്നു് നമുക്കു് മനസിലായിട്ടില്ല എന്നതാണു് സത്യം.

ഒരു കുട്ടിക്കു് ഓട്ടിസമുണ്ടോ എന്നു കണ്ടുപിടിക്കുന്നതു് സാധാരണഗതിയില്‍ മാതാപിതാക്കളോടു് സംസാരിക്കുകയും കുട്ടിയുടെ പെരുമാറ്റം കുറച്ചു് നേരം നിരീക്ഷിക്കുകയും ചെയ്തിട്ടാണു്. ഇതു് തിരിച്ചറിയണമെങ്കില്‍ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ കുഞ്ഞിനെ ഡോക്ടറുടെ അടുത്തു് കൊണ്ടുപോകേണ്ടതുണ്ടു്. നമ്മള്‍ സാധാരണനിലയില്‍ രോഗമുണ്ടെങ്കിലല്ലേ ഡോക്ടറുടെയടുത്തു് പോകാറുള്ളൂ. ഓട്ടിസത്തിന്റെ സാന്നിദ്ധ്യം തിരിച്ചറിയണമെങ്കില്‍ കുഞ്ഞു് വളരുന്ന സമയത്തു് ഇടയ്ക്കിടയ്ക്കു് ഡോക്ടറുടെയടുത്തു് പരിശോധനയ്ക്കു് കൊണ്ടുപോയേ പറ്റൂ എന്നാണു് വിദഗ്ദ്ധര്‍ പറയുന്നതു്. മൂന്നു് വയസ്സു് പ്രായമാകുന്നതിനു് മുമ്പു് ഓട്ടിസമുള്ളതായി തിരിച്ചറിഞ്ഞാല്‍ ഫലപ്രദമായ ചികിത്സ ഉണ്ടെന്നു് എറണാകുളത്തം സണ്‍റൈസ് ആശുപത്രിയിലെ ഡോക്ടര്‍ നീന ശിലന്‍ പറയുന്നു. കേരളത്തില്‍ അവിടെ മാത്രമെ ഈ ചികിത്സ ഉള്ളതായി അറിയൂ.

ഇക്കാലത്തു് കുട്ടികളുടെ നേട്ടങ്ങളില്‍ വളരെ ശ്രദ്ധാലുക്കളാണു് മാതാപിതാക്കള്‍. അവര്‍ നന്നായി പഠിക്കണമെന്നും ക്ലാസിലോ സ്ക്കൂളിലോ സംസ്ഥാനത്തുതന്നെയോ പ്രഗത്ഭവിജയം നേടണമെന്നും പലരും ആഗ്രഹിക്കാറുണ്ടു്. ഇതു് പലപ്പോഴും കുട്ടികള്‍ക്കുതന്നെ പ്രശ്നമാകാറുമുണ്ടു്. ഇക്കാരണത്താലാണു് പരീക്ഷകള്‍ക്കു് മാര്‍ക്കിനു പകരം ഗ്രേഡാകാമെന്നു് വിദ്യാഭ്യാസവകുപ്പു് തീരുമാനിച്ചതും. എന്നിട്ടും മാതാപിതാക്കള്‍ കൂടുതല്‍ നന്നായി പരീക്ഷയെഴുതാനായി കുട്ടികളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതു് പതിവാണു്. ഇതു് കുട്ടികളില്‍ മാനസിക പിരിമുറുക്കം സൃഷ്ടിക്കുന്നു എന്നു തന്നെയല്ല, പഠിക്കുന്നതിന്റെ ലക്ഷ്യം പരീക്ഷയില്‍ വലിയ വിജയം നേടുകയാണു് എന്ന തെറ്റായ ധാരണ കുട്ടികളില്‍ ഉളവാക്കുകയും ചെയ്യുന്നു. കൂടാതെ, എല്ലാ കുട്ടികളും ഒരുപോലെ അല്ലെന്നും ഓരോ കുട്ടിക്കും ഓരോ രംഗത്താണു് കഴിവെന്നും നമ്മള്‍ മറന്നു പോകുന്നു. ഇക്കൂട്ടത്തില്‍ ഓട്ടിസം, ഡിസ്‌ലെക്സിയ തുടങ്ങി വളര്‍ച്ചയുമായി ബന്ധപ്പെട്ട മാനസിക പ്രശ്നങ്ങളുള്ള കുട്ടികള്‍ അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കാനാവാത്ത മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും സമ്മര്‍ദ്ദവും ശകാരങ്ങളും ഏറ്റുവാങ്ങി നിശബ്ദരായി സഹിക്കുകയല്ലാതെ എന്തു ചെയ്യും? നമുക്കു് നമ്മുടെ കുട്ടികളെ മനസിലാക്കാന്‍ കുറേക്കൂടി ശ്രമിച്ചുകൂടെ?

( ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)

Wednesday, April 7, 2010

കലണ്ടറിന്റെ കഥ

(തേജസ് പത്രത്തില്‍ 2009 ഡിസംബര്‍ 31 നു് പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പൂര്‍ണ്ണരൂപം)

നാളെ പുതിയൊരു വര്‍ഷം പിറക്കുകയാണല്ലോ. ലോകത്തില്‍ പലയിടങ്ങളിലും, ഇന്ത്യയില്‍ വിശേഷിച്ചു് നഗരങ്ങളിലും, ഇന്നു രാത്രി മത്സരിച്ചുള്ള ആഘോഷങ്ങളുണ്ടാകും. ടെലിവിഷന്‍ ചാനലുകളില്‍ രാത്രി 12 മണി വരെ മത്സരിച്ചുള്ള പരിപാടികളുണ്ടാകും. അനേകം പേര്‍ രാത്രി പന്ത്രണ്ടു മണിക്കു് പരസ്പരം പുതുവത്സരാശംസകള്‍ നേരും. ഇതു് എല്ലാ വര്‍ഷവും സംഭവിക്കുന്നതാണു്. ഇപ്പോള്‍ ജീവിച്ചിരിക്കുന്ന വലിയ ശതമാനം മനുഷ്യരും ഒരു നൂറ്റാണ്ടു് മാറിയതിനു് സാക്ഷ്യം വഹിച്ചവരാണു്. അന്നു് ലോകത്താകമാനം ഗംഭീരമായ ആഘോഷമുണ്ടായിരുന്നതു് ഓര്‍ക്കുമല്ലോ. എന്താണു് ഈ ആഘോഷത്തിന്റെ പ്രസക്തി? ഇന്നു നമ്മള്‍ ഉപയോഗിക്കുന്ന കലണ്ടര്‍ എങ്ങനെയാണു് ഉണ്ടായതു്? ഇത്തരം കാര്യങ്ങള്‍ നമുക്കു് അന്വേഷിക്കാം.

സാമൂഹികമോ, മതപരമോ, കച്ചവടപരമോ, ഭരണപരമോ ഒക്കെ ആയിട്ടുള്ള ആവശ്യങ്ങള്‍ക്കു് വേണ്ടി ദിവസങ്ങളെ ക്രമീകരിക്കുന്നതിനുള്ള സംവിധാനമാണു് കലണ്ടര്‍ എന്നു് വിക്കിപ്പീഡിയ പറയുന്നു. സമയം കണക്കാക്കേണ്ടതു് എക്കാലത്തും മനുഷ്യരുടെ ആവശ്യമായിരുന്നു. കൃഷിപ്പണി തുടങ്ങേണ്ട സമയം, കൊയ്യേണ്ട സമയം, മഴക്കാലം വരുന്നതു്, തുടങ്ങി അനേകം കാര്യങ്ങള്‍ മുന്‍കൂട്ടി അറിയേണ്ട ആവശ്യം മനുഷ്യനുണ്ടായിരുന്നു.. അതിനായി ദിവസങ്ങള്‍ കൃത്യമായി കണക്കാക്കേണ്ടതും ആവശ്യമായിരുന്നു. വാനനിരീക്ഷണം, ജ്യോതിശാസ്ത്രം, ജ്യോതിഷം തുടങ്ങിയവ ഉത്ഭവിച്ചതു് തന്നെ ഋതുക്കള്‍ മാറിവരുന്നതും മറ്റും മുന്‍കൂട്ടി അറിയാന്‍ വേണ്ടിയിട്ടായിരിക്കണം. കലണ്ടറിന്റെ ആവശ്യകതയും ഇതില്‍നിന്നു തന്നെ ആയിരിക്കാം ഉണ്ടായതു്. നമ്മളിന്നും കലണ്ടര്‍ ഉപയോഗിക്കുന്നതു് പലപ്പോഴും ഓണം, ബക്രീദ്, ക്രിസ്തുമസ്, തുടങ്ങിയ ആഘോഷങ്ങളോ, കാലവര്‍ഷം, തുലാവര്‍ഷം തുടങ്ങിയ കാലങ്ങളോ വന്നെത്താന്‍ ഇനി എത്ര നാളുണ്ടു് എന്നറിയാനാണല്ലോ.

ഒരു സമ്പൂര്‍ണ്ണ കലണ്ടറില്‍ ഓരോ ദിവസത്തെയും വേര്‍തിരിച്ചറിയാനുള്ള സംവിധാനമുണ്ടാകും എന്നു് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതായതു്, ദിവസങ്ങളെ ആഴ്ചകളായും ആഴ്ചകള്‍ ചേര്‍ന്നു് മാസങ്ങളായും മാസങ്ങള്‍ ചേര്‍ന്നു് വര്‍ഷങ്ങളായും ക്രമീകരിക്കുന്നതിലൂടെ ഭൂതകാലത്തിലെയും ഭാവിയിലെയും ഏതു് ദിവസത്തെയും കുറിച്ചു് കൃത്യമായി പറയാനാകും. ഇതിനുള്ള സംവിധാനങ്ങള്‍ ലോകത്തിന്റെ ഓരോ ഭാഗത്തും പ്രത്യേകമായി ഉത്ഭവിച്ചു. ഇന്ത്യയില്‍ പലരും ഉപയോഗിക്കുന്ന ഹിന്ദു കലണ്ടര്‍ ലോകത്തിലെ തന്നെ ഏറ്റവും പഴയ കലണ്ടറുകളില്‍ ഒന്നാണു്. ലോകരാഷ്ട്രങ്ങള്‍ തമ്മില്‍ പരസ്പരം കച്ചവട ബന്ധങ്ങള്‍ ശക്തമായപ്പോഴാണു് എല്ലാ പ്രദേശത്തും ഒരേ കലണ്ടര്‍ ഉപയോഗിക്കുന്നതു് സൌകര്യമായി തോന്നിയതു്. ചില പാശ്ചാത്യ രാഷ്ട്രങ്ങള്‍ ലോകത്തിന്റെ വലിയൊരു ഭാഗം അവരുടെ സാമ്രാജ്യമാക്കിത്തീര്‍ത്തതും അവരുപയോഗിച്ചിരുന്ന കലണ്ടര്‍ ലോകത്തിന്റെ പൊതു കലണ്ടറായിത്തീരാന്‍ കാരണമായിട്ടുണ്ടു് -- ഒരുപക്ഷെ അതുതന്നെയാവും മുഖ്യകാരണം.

ഇന്നു നമ്മള്‍ ഉപയോഗിക്കുന്ന കലണ്ടര്‍ ഉത്ഭവിച്ചതു് റോമന്‍ സാമ്രാജ്യത്തിലാണു്. അന്നു മുതല്‍ ഇന്നു വരെയുള്ള കാലയളവിനുള്ളില്‍ അതു് പല മാറ്റങ്ങളില്‍ക്കൂടി കടന്നു പോയി. ഏതു മാസത്തിലാണു് വര്‍ഷം തുടങ്ങുന്നതെന്നും ഓരോ മാസത്തിലും എത്ര ദിവസമുണ്ടാവണം എന്നതും മാറി വന്നിരുന്നു. അങ്ങനെയാണു് സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങള്‍ക്കു് ഏഴാമത്തെ മാസം, എട്ടാമത്തെ മാസം എന്നിങ്ങനെ അര്‍ത്ഥം വരുന്ന പേരുകള്‍ വന്നതു്. ജൂലിയസ് സീസറിന്റെ പേരിലാണു് ജൂലൈ മാസം ഉണ്ടായതു്. പിന്നീടു് അഗസ്റ്റസ്‍ സീസറിന്റെ ബഹുമാനാര്‍ത്ഥം ആഗസ്റ്റ് എന്നു് ഒരു മാസത്തിനു് പേരിട്ടു. ആദ്യമാസങ്ങള്‍ക്കെല്ലാം (ഫെബ്രുവരി ഒഴിച്ചു്) റോമന്‍ ദൈവങ്ങളുടെ പേരുകളാണു് നല്‍കിയിരിക്കുന്നതു്. ഫെബ്രുവ എന്ന ശുദ്ധീകരണ പെരുന്നാളിന്റെ അനുസ്മരണമായാണു് രണ്ടാമത്തെ മാസത്തിനു് പേരിട്ടിരിക്കുന്നതു് എന്നു കരുതപ്പെടുന്നു.

ഋതുക്കള്‍ മാറുന്നതിനോടു് കലണ്ടറിലെ തീയതികള്‍ യോജിക്കാതെ വന്നപ്പോഴാണു് കലണ്ടറില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നു് ബോധ്യമായതു്. ഇങ്ങനെ പലതവണ ഇന്നത്തെ പൊതുകലണ്ടര്‍ തിരുത്തേണ്ടി വന്നിട്ടുണ്ടു്. ഏറ്റവും ഒടുവില്‍ അതിനു് തീരുമാനമെടുത്തതു് പോപ്പ് ഗ്രിഗറിയാണു്. അതുകൊണ്ടു് ഇന്നു് നമ്മളുപയോഗിക്കുന്ന കലണ്ടറിനു് ഗ്രിഗോറിയന്‍ കലണ്ടര്‍ എന്നാണു് പറയുക. ജൂലിയസ് സീസറിന്റെ കാലത്തു് പുതുക്കിയിരുന്ന കലണ്ടര്‍ സംവിധാനത്തില്‍ പതിനാറാം നൂറ്റാണ്ടിനു മുമ്പേ കാര്യമായ പ്രശ്നങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു. എന്നാല്‍ അതിനു് പരിഹാരം കാണാന്‍ ആരും തയാറായില്ല. അപ്പോഴാണു് ജസ്യൂട്ട് പാതിരിയും ജ്യോതിശാസ്ത്രജ്ഞനും ആയിരുന്ന ക്രിസ്റ്റഫര്‍ ക്ലേവിയസിന്റെ സഹായത്തോടെ പോപ്പ് ഗ്രിഗറി അതു് ശരിയാക്കാന്‍ തീരുമാനിച്ചതു്. അങ്ങനെ, 1582 ഒക്‌ടോബര്‍ 4 കഴിഞ്ഞുള്ള ദിവസം ഒക്‌ടോബര്‍ 5, വെള്ളിയാഴ്ച, ആയിരിക്കില്ല എന്നും പകരം ഒക്‌ടോബര്‍ 15 വെള്ളിയാഴ്ച, ആയിരിക്കും എന്നും അദ്ദേഹം പ്രഖ്യാപിച്ചു. മാത്രമല്ല നാലു വര്‍ഷത്തില്‍ ഒരിക്കല്‍ ഫെബ്രുവരിയില്‍ ഒരു ദിവസം കൂടുതല്‍ ഉണ്ടാകുമെങ്കിലും നൂറ്റാണ്ടുകള്‍ തികയുന്ന വര്‍ഷങ്ങള്‍ 400ന്റെ ഗുണിതങ്ങളാണെങ്കില്‍ മാത്രമെ ഫെബ്രുവരിയില്‍ 29 ദിവസം വേണ്ടൂ എന്നും അദ്ദേഹം നിഷ്‌ക്കര്‍ഷിച്ചു. ഇതോടെ ആയിരക്കണക്കിനു് വര്‍ഷങ്ങള്‍ കഴിഞ്ഞാലും കലണ്ടര്‍ കൃത്യത പുലര്‍ത്തുമെന്നു് ഉറപ്പായി. ജൂലിയന്‍ കലണ്ടറില്‍നിന്നു് ഗ്രിഗോറിയന്‍ കലണ്ടറിലേക്കു് മാറിയതിന്റെ ഫലമായാണു് ഒക്‌ടോബര്‍ വിപ്ലവം തുടങ്ങിയ ദിവസം പുതിയ കലണ്ടറില്‍ നവമ്പറിലായതു്.

യേശുക്രിസ്തു ജനിച്ച വര്‍ഷം മുതലാണല്ലോ ക്രിസ്ത്വബ്ദം കണക്കാക്കുന്നതു്. മുന്‍പൊക്കെ ക്രിസ്തുവിനു് മുമ്പു് എന്നും ക്രിസ്തുവിനു ശേഷം എന്നുമാണു് വര്‍ഷങ്ങളെ തിരിച്ചിരുന്നതെങ്കിലും ക്രിസ്ത്യാനികളല്ലാത്തവര്‍ക്കു് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനായി ഇപ്പോള്‍ 'പൊതുയുഗം' (Common Era) എന്ന പ്രയോഗമാണു് പൊതുവില്‍ ഉപയോഗിക്കുന്നതു്. പക്ഷെ ക്രിസ്ത്വബ്ദം എന്ന പ്രയോഗം ഇപ്പോഴും പലരും ഉപയോഗിക്കുന്നുണ്ടല്ലോ. അതു് ചിലപ്പോള്‍ ഒരു തെറ്റിദ്ധാരണയിലേക്കു് നയിക്കാറുണ്ടു്. യേശുക്രിസ്തു ജനിച്ച വര്‍ഷം 0 ആണു് എന്നതാണു് ഈ തെറ്റിദ്ധാരണ. അങ്ങനെ ഒരു വര്‍ഷം നമ്മുടെ കണക്കിലില്ല. 'ക്രി.മു. 1' എന്ന വര്‍ഷത്തിനു ശേഷം വരുന്നതു് 'ക്രി.ശേ. 1' എന്ന വര്‍ഷമാണു്. അതുകൊണ്ടു് ക്രി.മു. 10ല്‍ ജനിച്ച ഒരു വ്യക്തിയ്ക്കു് 20 വയസ്സു് തികയുന്നതു് ക്രി.ശേ. 11ല്‍ മാത്രമാണു്; ക്രി.ശേ. 10ലല്ല.

ഗ്രിഗോറിയന്‍ കലണ്ടര്‍ ഉപയോഗിക്കുമ്പോള്‍ പോലും എല്ലായ്പ്പോഴും ജനുവരി ഒന്നിനല്ല വര്‍ഷം തുടങ്ങുന്നതു്. ഇതിനു് ഏറ്റവും നല്ല ഉദാഹരണം നമ്മുടെ സ്ക്കൂള്‍ കലണ്ടര്‍ തന്നെയാണു്. അതു് ജൂണ്‍ ഒന്നിനാണല്ലോ തുടങ്ങുന്നതു്. അതുപോലെ മറ്റൊന്നാണു് സാമ്പത്തിക വര്‍ഷം. അതു് നമുക്കു് ഏപ്രില്‍ ഒന്നിനാണല്ലോ തുടങ്ങുന്നതു്. കൂടാതെ ബിസിനസ് ആവശ്യങ്ങള്‍ക്കായി തികച്ചും വ്യത്യസ്തമായ കലണ്ടറുകള്‍ ഉപയോഗിക്കാറുണ്ടു്. ഉദാഹരണമായി, യൂറോപ്പിലും അമേരിക്കയിലും മറ്റും 360 ദിവസമുള്ള ഒരു കലണ്ടര്‍ ഉപയോഗിക്കുന്നുണ്ടത്രെ -- രണ്ടു ദിവസങ്ങള്‍ക്കിടയിലുള്ള കാലാവധി കണക്കാക്കാനാണു് ഈ വ്യത്യസ്ത കലണ്ടര്‍. ഗ്രിഗോറിയന്‍ കലണ്ടറിലെ ചില ദിവസങ്ങള്‍ ഒഴിവാക്കിയാണു് ഇത്തരമൊരു കലണ്ടര്‍ അവര്‍ ഉണ്ടാക്കുന്നതു്.

കൂടാതെ ജൂലിയന്‍ ദിവസം, ജൂലിയന്‍ തീയതി, എന്നിങ്ങനെ ചില സങ്കല്പങ്ങളുണ്ടു്. പൊതുയുഗത്തിനു മുമ്പു് 4713 ജനുവരി 1 ഗ്രീന്‍വിച്ച് സമയം ഉച്ച മുതല്‍ എണ്ണുമ്പോള്‍ കിട്ടുന്ന സംഖ്യയാണു് ജൂലിയന്‍ തീയതി എന്നു പറയുന്നതു്. ഇതില്‍ ഭിന്നസംഖ്യകൂടി ചേര്‍ത്തു് സമയം കൂടി ഉള്‍ക്കൊള്ളിക്കാനാകും. ഇതിനു് ജൂലിയന്‍ ദിവസസംഖ്യ എന്നു പറയുന്നു. ഉദാഹരണമായി, 2455198 എന്നതു് 2010 ജനുവരി 1 നു് ഗ്രീന്‍വിച്ചില്‍ ഉച്ച സമയത്തെ (12 മണി) പ്രതിനിധാനം ചെയ്യുന്നു. ഈ സംഖ്യയില്‍ 0.1 കൂടി ചേരുമ്പോള്‍ 0.24 ദിവസം (അതായതു് 5 മണിക്കൂറും 45 മിനിറ്റും 36 സെക്കണ്ടും) കഴിഞ്ഞുള്ള സമയത്തെയാണു് അതു് സൂചിപ്പിക്കുക. പല കണക്കുകൂട്ടലുകള്‍ക്കും ഈ സമ്പ്രദായം സൌകര്യമാകുന്നു. അതുകൊണ്ടു തന്നെയാണു് കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കുന്ന സ്പ്രെഡ്‌ഷീറ്റ് എന്ന സംവിധാനത്തില്‍ തീയതി കാണിക്കാനായി ഇത്തരമൊരു സമ്പ്രദായം ഉപയോഗിക്കുന്നതു്. ഇവിടെ 1900 ജനുവരി 1 മുതലാണു് ദിവസം എണ്ണിത്തുടങ്ങുന്നതു് എന്ന വ്യത്യാസം മാത്രമെയുള്ളൂ.

കേരളത്തില്‍ പലരും, വിശേഷിച്ചു് പഴമക്കാര്‍, ഉപയോഗിക്കുന്നതു് മലയാളം കലണ്ടര്‍ എന്നും കൊല്ലവര്‍ഷം എന്നൊക്കെ പറയുന്ന സംവിധാനമാണല്ലോ. അതു് പൊതുയുഗം (ക്രിസ്ത്വബ്ദം) 825ലാണു് തുടങ്ങിയതു്. ഈ കലണ്ടറിന്റെ ഉല്പത്തിയെപ്പറ്റി പല അഭിപ്രായങ്ങളുണ്ടു്. അക്കാലത്തു് കൊല്ലം ഒരു പ്രധാന നഗരമായിരുന്നു. കൊല്ലത്തെ രാജാവായിരുന്ന കുലശഖരവര്‍മ്മ 825ല്‍ വിളിച്ചുചേര്‍ത്ത മഹാസമ്മേളനത്തിന്റെ ഓര്‍മ്മയ്ക്കായി സ്ഥാപിച്ചതാണു് കൊല്ലവര്‍ഷം എന്നതാണു് ഒരു അഭിപ്രായം. ഇസ്ലാമിക ആക്രമണം ഭയന്നു് പലായനം ചെയ്തെത്തിയ ക്രിസ്ത്യാനി കച്ചവടക്കാര്‍ പുതിയ പള്ളി സ്ഥാപിച്ചു് തുടങ്ങിയതാണു് കൊല്ലവര്‍ഷം എന്നറിയപ്പെടുന്നതു് എന്നുള്ളതിനു് ചില സൂചനകളുണ്ടു്. ആദിശങ്കരാചാര്യരാണു് കൊല്ലവര്‍ഷം തുടങ്ങിയതു് എന്നും വിശ്വസിക്കുന്നവരുണ്ടു്. ചരിത്രം എഴുതി സൂക്ഷിക്കുന്നതില്‍ ഭാരതീയര്‍ എന്നും പിന്നിലായിരുന്നല്ലോ. അതുകൊണ്ടുതന്നെ ചരിത്രപരമായ ചോദ്യങ്ങള്‍ക്കു് വ്യക്തമായ ഉത്തരം ലഭിക്കാന്‍ ബുദ്ധിമുട്ടാണു്.

കേരളീയര്‍ക്കു് കൊല്ലവര്‍ഷവും തമിഴ്‌നാട്ടുകാര്‍ക്കു് അവരുടേതായ കലണ്ടറും അങ്ങനെ ഓരോ പ്രദേശത്തുള്ളവര്‍ക്കും പ്രത്യേക കലണ്ടര്‍ ഉണ്ടെങ്കിലും നമ്മള്‍ ജനുവരി ഒന്നാം തീയതി തന്നെയാണു് പുതുവര്‍ഷം ഗംഭീരമായി ആഘോഷിക്കുന്നതു്. നഗരങ്ങളിലെങ്കിലും സ്ഥിതി ഇതാണു്. പുതുവര്‍ഷം വരുന്നതിനു് ആഘോഷിക്കാനെന്താണുള്ളതു് എന്നു് മിക്കവരും ചോദിക്കാറില്ല. പണ്ടൊക്കെ വിളവെടുപ്പും മറ്റുമായി ബന്ധപ്പെട്ടാണു് ആഘോഷങ്ങള്‍ നടത്തിയിരുന്നതു്. അന്നു് അതിനു് പ്രസക്തി ഉണ്ടായിരുന്നു. ഇന്നാണെങ്കില്‍ വിളവെടുപ്പിനുതന്നെ പ്രസക്തി ഇല്ലാതായി വരികയാണല്ലോ. ആഘോഷം ആഘോഷത്തിനുവേണ്ടി മാത്രമായി തീര്‍ന്നിരിക്കുന്നു. എന്തായാലും എല്ലാ വായനക്കാര്‍ക്കും പുതുവത്സരാശംസകള്‍ നേരട്ടെ.

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)