Monday, November 17, 2014

എന്താണു് ജീവന്‍?

പ്രിയോണുകള്‍ക്കു് പരിണാമം ഉണ്ടാകുന്നുണ്ടു് എന്നു് ഈയിടെ കണ്ടെത്തിയതായി ആഗോള ശാസ്ത്രവാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന വേള്‍ഡ് സയന്‍സ് എന്ന വെബ് പ്രസിദ്ധീകരണം പറയുന്നു (http://www.world-science.net/othernews/100101\_prions). ശാസ്ത്രജ്ഞരെ അത്ഭൂതപ്പെടുത്തിയ ഒരു വാര്‍ത്തയാണിതു്. കാരണം പ്രിയോണുകള്‍ വെറും പ്രൊട്ടീന്‍ തന്മാത്രകളാണു്. ജീവനുള്ള ചെടികളും മൃഗങ്ങളുമാണു് പ്രൊട്ടീന്‍ ഉത്പാദിപ്പിക്കുന്നതെങ്കിലും ഈ തന്മാത്രകള്‍ക്കു് ജീവനുണ്ടു് എന്നു വിശ്വസിക്കാന്‍ ആരും തയാറാവാത്തതില്‍ അത്ഭുതമില്ലല്ലൊ. പ്രിയോണുകള്‍ പരിണാമത്തിനു് വിധേയമാകുന്നുണ്ടു് എന്ന കണ്ടുപിടിത്തം അടിസ്ഥാനപരമായ ചില ചോദ്യങ്ങളിലേക്കാണു് നയിക്കുന്നതു്. പ്രിയോണുകള്‍ എന്താണെന്നും അവ പരിണാമത്തിനു് വിധേയമാകുന്നുണ്ടെങ്കില്‍ അതുയര്‍ത്തുന്ന ചോദ്യങ്ങളെന്താണെന്നും നമുക്കു് പരിശോധിക്കാം.

1984ല്‍ ഇംഗ്ലണ്ടിലാണു് ആദ്യമായി പശുക്കളില്‍ ഒരു പ്രത്യേക രോഗം കണ്ടതു്. രോഗം തുടങ്ങുമ്പോള്‍ പശുക്കളുടെ സ്വഭാവത്തില്‍ വല്ലാത്ത മാറ്റങ്ങളുണ്ടാകുന്നു. പിന്നീടു് ഒരുമാതിരി ``വട്ടുപിടിച്ചതുപോലെ'' നടക്കുകയും തീറ്റ കുറയ്ക്കുന്നില്ലെങ്കില്‍ പോലും പശു മെലിയാന്‍ തുടങ്ങുകയും ചെയ്യും. ക്രമേണ പശുവിനു് എണീറ്റു് നില്‍ക്കാന്‍ പോലും വയ്യാതായി ചത്തു പോകുകയും ചെയ്യുന്നു. പശുവിറച്ചിയും എല്ലിന്‍ പൊടിയും മറ്റും അരച്ചു് പശുത്തീറ്റയില്‍ ചേര്‍ക്കുന്ന ഒരു പതിവു് ഇംഗ്ലണ്ടില്‍ അക്കാലത്തുണ്ടായിരുന്നു. അവിടെ നന്നായി വളരാത്ത സോയബീനിനു പകരമായിട്ടാണു് ഇവ ചേര്‍ത്തിരുന്നതു്. അങ്ങനത്തെ തീറ്റ കഴിച്ച പശുക്കളിലാണു് ഈ രോഗം കാണുന്നതെന്നു് മനസിലായി. രോഗം വന്ന പശുക്കളുടെ ഇറച്ചി ചേര്‍ത്ത തീറ്റ കഴിച്ച പശുക്കള്‍ക്കാണു് രോഗം പകരുന്നതെന്നു് പിന്നീടു് മനസിലായി. ഈ രോഗം ആദ്യം കണ്ടെത്തിയപ്പോള്‍ അതു് ശാസ്ത്രജ്ഞരെ അത്ഭൂതപ്പെടുത്തുകയും വിസ്മയിപ്പിക്കുകയും ചെയ്തിരുന്നു.

ചില രോഗങ്ങളുണ്ടാക്കുന്നതു് ബാക്ടീരിയയോ വൈറസോ അല്ല, വെറും പ്രോട്ടീന്‍ തന്മാത്രകളായിരിക്കാം എന്നു് 1960 കളില്‍ ചില ശാസ്ത്രജ്ഞര്‍ സങ്കല്പിച്ചിരുന്നു. അള്‍ട്രാവയലറ്റ് രശ്മികളേറ്റാല്‍ എല്ലാ സെല്ലിലുമുള്ള ഡി.എന്‍. എ. (DNA, Deoxyribo Nucleic Acid) തന്മാത്രകള്‍ക്കു് ക്ഷതമേല്‍ക്കുമെങ്കിലും ചില രോഗങ്ങളുണ്ടാക്കുന്ന രോഗാണുക്കള്‍ നശിക്കുന്നില്ല എന്ന കണ്ടുപിടിത്തം വിശദീകരിക്കാനാണു് ഇങ്ങനെയൊരു സങ്കല്പം ഉണ്ടായതു്. മേല്പറഞ്ഞ, ``പ്രാന്തിപ്പശു രോഗം'' (Mad Cow Disease) എന്നു പേരിട്ട, രോഗം ഒരു പ്രോട്ടീന്‍ തന്മാത്രയാണു് ഉണ്ടാക്കുന്നതു് എന്നു് സാന്‍ ഫ്രാന്‍സിസ്ക്കോയിലെ കാലഫോര്‍ണിയ സര്‍വകലാശാലയിലെ പ്രൊഫ. സ്റ്റാന്‍ലി പ്രൂസിനര്‍ 1982ല്‍ തെളിയിച്ചു. അദ്ദേഹം തന്നെയാണു് ഇത്തരം പ്രോട്ടീന്‍ തന്മാത്രകള്‍ക്കു് പ്രിയോണ്‍ എന്നു പേരിട്ടതും. കണ്ടുപിടിത്തത്തിനു് 1997ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബെല്‍ സമ്മാനം സ്റ്റാന്‍ലിയ്ക്കു് ലഭിക്കുകയും ചെയ്തിരുന്നു.

പ്രാന്തിപ്പശു രോഗത്തെപ്പറ്റി ഒരു വാക്കു്. ബൊവൈന്‍ സ്പോഞ്ചിഫോം എന്‍സെഫാലോപ്പതി (Bovine Spongiform Encephalopathy, BSE) എന്നാണു് പ്രാന്തിപ്പശു രോഗത്തിന്റെ ശാസ്ത്രീയനാമം. ഈ രോഗമുള്ള പശുവിന്റെ ഇറച്ചി കഴിച്ചാല്‍ മനുഷ്യനു് ഇതുപോലത്തെ ഒരു രോഗം ഉണ്ടാകും. അതിനു് വ്യത്യസ്തമായ ക്രൂട്ട്സ്‌ഫെല്‍ഡ്റ്റ് ജേക്കബ് രോഗം (variant Creutzfeldt-Jakob disease) എന്നു പറയുന്നു. (ഇതേ പേരില്‍ അറിയപ്പെട്ടിരുന്ന മറ്റൊരു രോഗമുണ്ടു്. അതില്‍നിന്നു് തിരിച്ചറിയാനാണു് ഇതിനെ വ്യത്യസ്തമായ ക്രൂട്ട്സ്‌ഫെല്‍ഡ്റ്റ് ജേക്കബ് രോഗം എന്നു വിളിക്കുന്നതു്.) പ്രാന്തിപ്പശു രോഗമുള്ള പശുക്കളെയെല്ലാം കൊന്നൊടുക്കി തീയീട്ടാണു് ഈ രോഗം ഇല്ലാതാക്കിയതു്.

എല്ലാ ജീവിവര്‍ഗങ്ങളിലും ഒരു തലമുറയില്‍നിന്നു് അടുത്ത തലമുറയിലേക്കു് സ്വഭാവസവിശേഷതകള്‍ പകരുന്നതു് ജീവജാലങ്ങളില്‍ അടങ്ങിയിരിക്കുന്ന കോശങ്ങള്‍ക്കുള്ളിലെ ഡി.എന്‍.എ. തന്മാത്രകളിലൂടെയാണു്. ചെടികളുടെയും മൃഗങ്ങളുടെയും മനുഷ്യരുടെയും കോശങ്ങളിലൊക്കെ ഈ തന്മാത്രകളുണ്ടു്. ബാക്ടീരിയ പോലെയുള്ള ഏകകോശ ജീവികളിലും ഈ തന്മാത്രകളുണ്ടു്. വൈറസുകളിലാണെങ്കില്‍ ഡി.എന്‍.എ. തന്മാത്രകള്‍ മാത്രമെയുള്ളൂ. മറ്റു് ജൈവരൂപങ്ങള്‍ക്കുള്ളതുപോലെ കോശമില്ല. കോശമില്ലാത്ത ഒരു വസ്തുവെങ്ങനെ ജൈവരൂപമാകും എന്നു ചിലര്‍ സംശയിച്ചിരുന്നു. എന്നാല്‍ വൈറസുകള്‍ പ്രത്യുല്പാദിപ്പിക്കുകയും ചിലവ ജൈവകോശങ്ങളെ നശിപ്പിച്ചു് രോഗങ്ങളുണ്ടാക്കുകയും ചെയ്യുന്നതിനാല്‍ അവ ഒരു ജൈവരൂപമാണു് എന്നുതന്നെ എല്ലാവരും അംഗീകരിച്ചു.

എന്നാല്‍ പ്രിയോണാവട്ടെ വെറും പ്രോട്ടീന്‍ തന്മാത്രയാണു്. പ്രോട്ടീന്‍ എന്നതു് എല്ലാ മൃഗങ്ങളുടെയും ശരീരത്തിലുള്ള, അത്യാവശ്യമുള്ള, ഒരു വസ്തുവാണുതാനും. അതെങ്ങനെയാണു് രോഗകാരണമാകുന്നതു്? അതു് മനസിലാക്കാന്‍ പ്രോട്ടീന്‍ തന്മാത്രകളുടെ ഒരു പ്രത്യേകത മനസിലാക്കണം. പ്രോട്ടീന്‍ തന്മാത്രകള്‍ വളരെ വലുതാണു്. വലുപ്പം കാരണമായിരിക്കാം അവ സാധാരണഗതിയില്‍ മടങ്ങിയാണിരിക്കുന്നതു്. ഒരു പ്രത്യേക രീതിയില്‍ മടങ്ങിയിരുന്നാലേ പ്രോട്ടീന്‍ ശരീരത്തില്‍ വേണ്ടവിധത്തില്‍ പ്രവര്‍ത്തിക്കൂ. തന്മാത്ര നിവര്‍ന്നു പോകുകയോ മടക്കം മറ്റൊരു രീതിയിലാകുകയോ ചെയ്താല്‍ ആ തന്മാത്രകൊണ്ടു് ശരീരത്തിനു് പ്രയോജനമില്ലാതാകും. ചില പ്രോട്ടീനുകള്‍ വല്ലാതെ ചൂടാകുകയെ തണുക്കുകയോ ചെയ്യുമ്പോള്‍ നിവര്‍ന്നു പോകും. അങ്ങനെ ആയാല്‍ ആ പ്രോട്ടീന്‍ ശരീരത്തിനു് ഗുണം ചെയ്യില്ല.

പ്രിയോണുകള്‍ എങ്ങനെയാണു് രോഗമുണ്ടാക്കുന്നതു്? ഒരു കോശത്തില്‍ പ്രിയോണ്‍ കടന്നുകഴിയുമ്പോള്‍ ആ കോശത്തിലുള്ള മറ്റു പ്രോട്ടീന്‍ തന്മാത്രകളെ അതു് നിവരാന്‍ പ്രേരിപ്പിക്കും. അങ്ങനെ കൂടുതല്‍ പ്രോട്ടീന്‍ തന്മാത്രകള്‍ ശരീരത്തില്‍ അവ ചെയ്യേണ്ട കര്‍മ്മം ചെയ്യാതാവും. അങ്ങനെ ശാരീരിക പ്രവര്‍ത്തനങ്ങളെ സ്വാധീനിച്ചുകൊണ്ടാണു് പ്രിയോണുകള്‍ രോഗമുണ്ടാക്കുന്നതു്. അങ്ങനെ പ്രിയോണുകള്‍ പുനരുല്പാദിപ്പിക്കുന്നില്ലെങ്കിലും എണ്ണത്തില്‍ വര്‍ദ്ധിക്കുന്നുണ്ടു്. ആ അര്‍ത്ഥത്തില്‍ പ്രിയോണുകള്‍ക്കു് ബാക്ടീരിയ, വൈറസ് തുടങ്ങിയ ഏകകോശജീവികളുമായി സാമ്യമുണ്ടു്. അപ്പോഴും ഒരു ചോദ്യം അവശേഷിക്കുന്നു: എല്ലാ ജന്തുക്കളുടെയും ശരീരത്തില്‍ അടങ്ങിയിരിക്കുന്ന ഒരു രാസവസ്തുവായി പ്രോട്ടീനിന്റെ തന്മാത്രകളെങ്ങനെയാണു് ഒരു ഏകകോശ ജീവിയെപ്പോലെ പെരുമാറുന്നതു്?

പണ്ടൊരു കാലത്തു് ചെടികള്‍ക്കു് ജീവനില്ല എന്നു് കരുതിയിരുന്നു. ജഗദീശ്ചന്ദ്ര ബോസ് ചെടികള്‍ക്കു് ജീവനുണ്ടെന്നു് തെളിയിച്ചു. വൈറസുകളെ ജീവികളായി കണക്കാക്കാമോ എന്നു് പലര്‍ക്കും സംശയമുണ്ടായിരുന്നു. പൊതിഞ്ഞു വച്ചിരിക്കുന്ന ഡി.എന്‍.എ. (അല്ലെങ്കില്‍ ആര്‍.എന്‍.എ.) തന്മാത്രകളാണു് വൈറസുകള്‍. സ്വഭാവസവിശേഷതകള്‍ ഒരു തലമുറയില്‍നിന്നു് അടുത്ത തലമുറയിലേക്കു് പകരുന്നതു് ഡി.എന്‍.എ. വഴിയാണെന്നു മാത്രമല്ല ഒരു ജന്തുവിന്റെ രൂപവും നിറവും സ്വഭാവവും പോലും നിര്‍ണ്ണയിക്കുന്നതില്‍ സുപ്രധാന പങ്കു് വഹിക്കുന്നതു് ഡി.എന്‍.എ. ആണു്. എന്നിരുന്നാലും ഒരു കോശം പോലുമില്ലാത്ത വൈറസിനെ എങ്ങനെ ഒരു ജീവിയായി കണക്കാക്കും എന്നു് സംശയമുണ്ടായെങ്കില്‍ അതില്‍ അത്ഭുതപ്പെടാനില്ലല്ലോ. പ്രിയോണുകള്‍ക്കാണെങ്കില്‍ കോശവുമില്ല, ഡി.എന്‍.എ.യുമില്ല! അവയെ എങ്ങനെ ജീവിയായി കണക്കാക്കാനാകും?

ഇതു് സങ്കീര്‍ണ്ണമായ ഒരു പ്രശ്നത്തിലേക്കു് വിരല്‍ ചൂണ്ടുന്നു എന്നെനിക്കു് തോന്നുന്നു. പ്രിയോണുകള്‍ ജീവികളല്ല എന്നു് സമ്മതിച്ചാലും മറിച്ചു് അവ ജീവികളാണു് എന്നു് സമ്മതിച്ചാലും പ്രശ്നമുണ്ടു്. പ്രിയോണുകള്‍ ജീവനില്ലാത്ത വസ്തുക്കളാണെങ്കില്‍ വൈറസുകളെയും അതുപോലെതന്നെ കാണണ്ടേ? പ്രിയോണുകള്‍ പ്രോട്ടീന്‍ തന്മാത്രകളാണെങ്കില്‍ വൈറസുകള്‍ ഡി.എന്‍.എ. (അല്ലെങ്കില്‍ ആര്‍.എന്‍.എ.) തന്മാത്രകളല്ലേ? രണ്ടും തന്മാത്രകള്‍. പിന്നെ വൈറസില്‍ എവിടെനിന്നു് ജീവന്‍ വന്നു? വൈറസിനു് അധികമായുള്ളതു് ഒരു ആവരണം മാത്രമാണു്. അതിലാണോ ജീവന്‍ കുടികൊള്ളുന്നതു്? അങ്ങനെയെങ്കില്‍, കോശത്തിനുള്ളില്‍ കടക്കുന്ന വൈറസ് ആവരണം ഉപേക്ഷിച്ച ശേഷം കോശത്തിലെ ഘടകങ്ങളുടെ സഹായത്താല്‍ പുനരുല്പാദനം നടത്തുമ്പോള്‍ വൈറസിനു് ജീവന്‍ നഷ്ടമാകുമോ? മാത്രമല്ല, മനുഷ്യന്‍ ഉള്‍പ്പെടെയുള്ള ``ജീവജാല''ങ്ങള്‍ക്കു് ജീവന്‍ എന്നൊന്നുണ്ടോ? അതോ ഇതൊക്കെ നമ്മുടെ തോന്നല്‍ മാത്രമാണോ? ഉത്തരം കിട്ടാന്‍ ബുദ്ധിമുട്ടാണു് ഈ ചോദ്യത്തിനു്.

മറിച്ചു്, പ്രിയോണുകള്‍ ജീവികളാണു് എന്നു് സങ്കല്പിച്ചാലോ? അങ്ങനെയെങ്കില്‍ സാധാരണ പ്രോട്ടീന്‍ തന്മാത്രകള്‍ക്കു് ജീവനില്ലേ എന്ന ചോദ്യം ഉയര്‍ന്നുവരുന്നു. ഇല്ല എങ്കില്‍, പ്രിയോണുകള്‍ക്കു് ഏതു് ഘട്ടത്തിലാണു് ജീവന്‍ ലഭിക്കുന്നതു്? പ്രോട്ടീന്‍ തന്മാത്രയുടെ മടക്കു് നിവരുമ്പോഴോ? മാത്രമല്ല, പ്രോട്ടീന്‍ തന്മാത്രകള്‍ക്കു് ജീവനുണ്ടാകാമെങ്കില്‍ മറ്റു് തന്മാത്രകള്‍ക്കും ജീവനുണ്ടാകില്ല എന്നു് എങ്ങനെ ഉറപ്പിച്ചു് പറയാനാകും? കല്ലിനും മണ്ണിനും പോലും ജീവനില്ല എന്നു് എങ്ങനെ ഉറപ്പിച്ചു് പറയും? ആധുനിക ശാസ്ത്രത്തിന്റെ പുതിയ ചില കണ്ടുപിടിത്തങ്ങള്‍ ഇത്തരത്തിലുള്ള ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. %ശാസ്ത്രത്തില്‍ ഒരു കുതിപ്പുചാട്ടത്തിനു് സമയമായി എന്നാണു് ഇതു് കാണിക്കുന്നതു് എന്നു് ചിലര്‍ വിശ്വസിക്കുന്നു.

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ്  by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)

മിന്നലും ഇടിയും

മിന്നല്‍ എന്ന പ്രതിഭാസത്തെക്കുറിച്ചും അതില്‍നിന്നു് എങ്ങനെ രക്ഷപ്പെടാം, എങ്ങനെ വസ്തുവകകളെ രക്ഷിക്കാം എന്നീ കാര്യങ്ങളെക്കുറിച്ചും ലളിതമായി മനസ്സിലാക്കാനായി ഞാന്‍ എഴുതിയ പുസ്തകമാണു് "മിന്നലും ഇടിയും" എന്ന പേരില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഇക്കഴിഞ്ഞ 14നു് (2014 നവംബര്‍ 14) പ്രസിദ്ധീകരിച്ചതു്. പുസ്തകം സര്‍ക്കാര്‍ പ്രസിദ്ധീകരണങ്ങള്‍ വില്ക്കുന്ന കടകളില്‍ ലഭിക്കും. വില 70 രൂപ. VPP ആയി ലഭിക്കാന്‍ താല്പര്യമുള്ളവര്‍ എനിക്കു് ഇമെയില്‍ അയയ്ക്കുക (വിലാസം: sasi.cess@gmail.com)


Sunday, February 3, 2013

നമ്മുടെ കുട്ടികള്‍ ജീവിക്കട്ടെ

മയ്യനാട്ടു് മോഹന്‍  സമര്‍ത്ഥനായ വിദ്യാര്‍ത്ഥിയായിരുന്നു. പ്രമുഖ  എഞ്ചിനീയറിംഗ്  കോളജില്‍ത്തന്നെ  കമ്പ്യൂട്ടര്‍  സയന്‍സിനു് പ്രവേശനം ലഭിച്ചതു് വെറുതെയല്ല. അവിടെയും അവന്‍  തിളങ്ങി. വിദ്യാര്‍ത്ഥിയായിരിക്കെത്തന്നെ സോഫ്റ്റ്‌വെയറുകള്‍  എഴുതി. പ്രശസ്തമായ ബഹുരാഷ്ട്രകമ്പനിയുടെ പ്രോജക്‌ട്  നേടിയെടുത്തു. സാമാന്യം ബുദ്ധിമുട്ടുള്ള ഒരു പ്രോജക്ടു തന്നെയാണു് എടുത്തതു്. അദ്ധ്യാപകരും മറ്റും സഹകരിച്ചെങ്കിലും അതു് പൊതു ഉപയോഗത്തിനു് ഉപകരിക്കത്തക്കവണ്ണം തീര്‍ക്കാന്‍ മോഹനു് ആയില്ല. ഒരു വ്യക്തിക്കോ ഒരു ചെറിയ കൂട്ടത്തിനോ ചെയ്തുതീര്‍ക്കാന്‍ കഴിയുന്നതായിരുന്നില്ല അതു്. ഇന്നും അതു് മോഹന്‍ ഉപേക്ഷിച്ചുപോയ സ്ഥിതിയില്‍ത്തന്നെ നില്‍ക്കുന്നു എന്നതു് പ്രോജക്ടിന്റെ കാഠിന്യത്തിന്റെ ലക്ഷണമാണു്.  കൂട്ടുകാരോടൊത്തു് ശില്പശാലകളും മറ്റും നടത്തുന്നതില്‍  മുന്‍പിലുണ്ടായിരുന്നു. എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട വിദ്യാര്‍ത്ഥി, പ്രവര്‍ത്തകന്‍, പ്രോഗ്രാമര്‍. എപ്പോഴും പുഞ്ചിരിച്ചുകൊണ്ടിരിക്കുന്ന മുഖം. പല കൂട്ടായ്മകളിലും മെയിലിങ്ങ് ലിസ്റ്റുകളിലും സജീവ സാന്നിദ്ധ്യമായിരുന്നു. അതുകൊണ്ടുതന്നെ വാര്‍ത്തയറിഞ്ഞപ്പോള്‍  അനേകം പേര്‍  ഞെട്ടി - മോഹന്‍  ആത്മഹത്യ ചെയ്തു!

ഇമെയിലായും എസ്.എം.എസ്. ആയും ഒക്കെ വാര്‍ത്തയറിഞ്ഞവര്‍ക്കു് വിശ്വാസമായില്ല. അവര്‍  അറിയാവുന്നവരെയൊക്കെ വിളിച്ചു് ചോദിച്ചു. യാഥാര്‍ത്ഥ്യമാണെന്നു് അറിഞ്ഞപ്പോള്‍  പലരും കരഞ്ഞു. എന്തിനാണവന്‍  ഇങ്ങനെ ചെയ്തതു് എന്നു് ആര്‍ക്കും മനസിലായില്ല. ``അവനിന്നലെയും എന്നോടു് സംസാരിച്ചതാല്ലൊ. അവന്‍ ഇങ്ങനെയൊരു വിഷമത്തിലാണെന്നുപോലും പറഞ്ഞില്ലല്ലൊ'' കുറച്ചു നാളായി അവന്റെ മെയിലോ മെസ്സെജോ ഒന്നും കിട്ടാറില്ലല്ലോ എന്നു് ചിലര്‍  ഓര്‍മ്മിച്ചു. എന്തൊരു നഷ്ടമായിപ്പോയി എന്നു് ചിലര്‍ വിലപിച്ചു. പിന്നെപ്പിന്നെ സുഹൃത്തുക്കള്‍ ഓരോരുത്തരായി മോഹന്റെ വീട്ടുകാരോടും സഹപാഠികളോടുമായി കാര്യങ്ങള്‍ തിരക്കാന്‍ തുടങ്ങി. പഠനത്തിന്റെ സമ്മര്‍ദ്ദമായിരുന്നു എന്നു് ഒരഭിപ്രായം ചിലരെങ്കിലും പറഞ്ഞു. എന്നാല്‍ മോഹന്റെ സുഹൃത്തുക്കള്‍ക്കു് അതു് വിശ്വസിക്കാനായില്ല. കാരണം, കമ്പ്യൂട്ടര്‍ സയന്‍സില്‍ മോഹനുണ്ടായിരുന്ന അവഗാഹം അവര്‍ക്കു് നല്ല നിശ്ചയമായിരുന്നു. അതില്ലാതെ ആര്‍ക്കും പ്രശസ്ത രാഷ്ട്രാന്തരീയ കമ്പനിയുടെ സോഫ്റ്റ്‌വെയര്‍ പ്രോജക്ട് ലഭിക്കുമായിരുന്നില്ല. അവന്റെ മേല്‍ പഠിക്കാനായി സമ്മര്‍ദ്ദമേ ചെലുത്തിയിരുന്നില്ല എന്നു് വീട്ടുകാര്‍ പറഞ്ഞു.

അങ്ങനെയിരിക്കെയാണു് രണ്ടാമത്തെ സെമസ്റ്ററില്‍ മോഹനു് രണ്ടു് പേപ്പര്‍ നഷ്ടപ്പെട്ടിരുന്നു എന്ന വിവരം അവന്റെ സുഹൃത്തുക്കള്‍ അറിയുന്നതു്. ഇടയ്ക്കു് ഒന്നോ രണ്ടോ പേപ്പര്‍ പോകുക എന്നതു് സാധാരണമാണെന്നും മോഹനെപ്പോലെ ഒരു നല്ല വിദ്യാര്‍ത്ഥിക്കു് അതൊന്നും വലിയ പ്രശ്നമാവേണ്ടതില്ല എന്നും അവര്‍ക്കു് നന്നായി അറിയാവുന്നതുമാണു്.അവന്റെ അദ്ധ്യാപകര്‍ക്കും നന്നായി അറിയാമായിരുന്നു അക്കാര്യം. അവര്‍ അവനെ ആശ്വസിപ്പിച്ചു, കൂട്ടത്തില്‍ കൂടുതല്‍ കാര്യമായി പരീക്ഷയ്ക്കു് തയാറെടുക്കാനും പ്രോത്സാഹിപ്പിച്ചു. അതുകൊണ്ടു് ആത്മഹത്യയ്ക്കു് അതു് കാരണമാവേണ്ടതില്ല എന്നു് തന്നെ മോഹന്റെ സുഹൃത്തുക്കളായ എഞ്ചിനീയറന്മാര്‍ക്കും എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കും മറ്റും തോന്നിയതില്‍ അത്ഭുതമില്ല. എന്നാല്‍ മെറ്റൊരൊരു കാര്യം അവരപ്പോള്‍ അറിഞ്ഞിരുന്നില്ല. ``നീയിനി പരീക്ഷയെല്ലാം പാസായിട്ടു് കറങ്ങാന്‍ പോയാല്‍ മതി'' എന്നു പറഞ്ഞു് അവനെ ഒരുതരം വീട്ടുതടങ്കലിനു് വിധേയമാക്കിയിരുന്നു അവന്റെ മാതാപിതാക്കള്‍ എന്നതാണു് ആ സത്യം. പാവം അതുകൊണ്ടാവണം കൂട്ടായ്മകള്‍ക്കും ഒന്നും കാണാതിരുന്നതു്. നമ്മളെല്ലാം മോഹനെ കാണാതിരുന്നതില്‍ വിഷമിച്ചതിന്റെ എത്രയൊ ഇരട്ടി അവന്‍ വിഷമിച്ചിരിക്കും എന്നു് അവര്‍ മനസിലാക്കി.

മേല്പറഞ്ഞ പേരില്‍  ഒരു വിദ്യാര്‍ത്ഥി ഉണ്ടോ എന്നറിയില്ല. ഉണ്ടെങ്കില്‍  ആ ചെറുപ്പക്കാരന്‍  ആത്മഹത്യ ചെയ്യാതിരിക്കട്ടെ. പക്ഷെ മേല്പറഞ്ഞ കഥ തീര്‍ത്തും സാങ്കല്പികമല്ല. മാര്‍ക്കിനു പകരം ഗ്രേഡ് ആക്കുകയും പരീക്ഷാ സമ്പ്രദായംതന്നെ മാറ്റുകയും ചെയ്തതുകൊണ്ടു് സ്ക്കൂള്‍  വിദ്യാര്‍ത്ഥികളുടെ ആത്മഹത്യാനിരക്കു് കുറഞ്ഞു എന്നതു് സത്യമായിരിക്കും. ഒരുപക്ഷെ സ്ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ തീര്‍ത്തും ഇല്ലാതായിരിക്കാം. പക്ഷെ  മാതാപിതാക്കളുടെ സങ്കല്പത്തിനൊത്തു് പരീക്ഷയില്‍  തിളങ്ങാനായി  നമ്മുടെ കുട്ടികളുടെ പുറത്തു് നമ്മള്‍ ചെലുത്തുന്ന സമ്മര്‍ദ്ദം ഇപ്പോള്‍  ഉയര്‍ന്ന ക്ലാസുകളിലേക്കു് മാറിയിട്ടില്ലേ? കോളജുകളില്‍  അശ്രദ്ധമായി പഠിപ്പിക്കുന്ന അദ്ധ്യാപകരും ഇന്നും പരീക്ഷയിലെ മാര്‍ക്കില്‍  മാത്രം കേന്ദ്രീകരിച്ചിരിക്കുന്ന, മനസിലാക്കുന്നതിനേക്കാളേറെ മാര്‍ക്കുവാങ്ങുന്നതില്‍  പ്രാധാന്യം കാണുന്ന ഉപരിപഠനമേഖലയും എല്ലാം മോഹനെപ്പോലെ എത്ര കുട്ടികളെ ബലിയാടുകളാക്കുന്നുണ്ടു്? ഓരോ രാഷ്ടീയക്കാരന്റെയും ഓരോ വാക്കും ശ്രദ്ധിച്ചു്, വിശകലനം ചെയ്തു്, കഥകള്‍  മെനയുന്ന നമ്മുടെ മാധ്യമങ്ങള്‍ക്കു്  ഇതിലൊന്നും ശ്രദ്ധിക്കാന്‍  സമയമില്ലല്ലോ. പക്ഷെ നമ്മള്‍  മാതാപിതാക്കളെങ്കിലും സ്വന്തം മക്കളുടെ ജീവിതത്തെപ്പറ്റി വ്യാകുലപ്പെടേണ്ടതില്ലേ?

ഇവിടെ ആര്‍ക്കാണു് തെറ്റുപറ്റിയതു്? മോഹനനാണോ? അതോ അവന്റെ മാതാപിതാക്കള്‍ക്കോ? മോഹനന്‍ എന്തു് തെററാണു് ചെയ്തതു്? അവനു് വളരെയധികം ഇഷ്ടമുള്ള പണി അവന്‍ വൃത്തിയായി ചെയ്തതോ? അതോ, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തനത്തില്‍ ആത്മാര്‍ത്ഥമായി മുഴുകിയതോ? മോഹന്റെ മാതാപിതാക്കള്‍ എന്തു തെറ്റാണു് ചെയ്തതു്? മകനെ എഞ്ചിനിയറിംഗ് പഠിക്കാനയച്ചതൊ? അതൊ, അവന്‍ നല്ല നിലയില്‍ പാസാകണമെന്നു് ആഗ്രഹിച്ചതൊ?

2004ല്‍  രജനിയുടെ ആത്മഹത്യ വലിയ വാര്‍ത്തയാകുകയും വളരെയധികം സമരങ്ങള്‍ക്കും മറ്റും കാരണമാകുകയും ചെയ്തു. പഠിക്കാന്‍  പണം ലഭിക്കാത്തതിനാണു് ആ കുട്ടി ആത്മഹത്യ ചെയ്തതു്. അതിന്റെ പിന്നില്‍  സര്‍ക്കാരിന്റെ  നയങ്ങളുടെ പ്രശ്നമോ ഒക്കെ ഉണ്ടായിരുന്നിരിക്കാം. പക്ഷെ ആതുകൊണ്ടു മാത്രം ആ ആത്മഹത്യയ്ക്കു് പ്രത്യേകമായ പ്രാധാന്യമുണ്ടാകുമോ? ഏതു് കുട്ടി ആത്മഹത്യ ചെയ്താലും അതു് ഒരുപോലെ സങ്കടകരമല്ലേ? മോഹന്റെപോലെ സമ്മര്‍ദ്ദം താങ്ങാനാവാതെ ചെയ്യുന്ന ആത്മഹത്യയും നമ്മുടെ സംവിധാനങ്ങളുടെ പോരായ്മയില്‍  നിന്നു തന്നെയല്ലേ തുടങ്ങുന്നതു്?
സമരങ്ങളും ബസ് കത്തിക്കലുമല്ലെങ്കിലും ഇത്തരം ആത്മഹത്യകളുടെ കാരണങ്ങളും അന്വേഷിക്കപ്പെടേണ്ടതല്ലേ? വൈല്‍ഡ്ലൈഫ് ഫോട്ടോഗ്രഫിയില്‍ തല്പരനും സമര്‍ത്ഥനുമായ ഫര്‍ഹാനെ എഞ്ചിനിയറിംഗ് കോളജിലയച്ചതും അവനവിടെ കഷ്ടപ്പെട്ടതും ഒടുവില്‍ നായകന്‍ റാഞ്ഛോഡ്ദാസ് ഛംഛഡ് ഇടപെട്ടു് ഫര്‍ഹാനെ ലോകപ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫറുടെ സഹായി ആക്കുന്നതും നമ്മള്‍ 3 വിഡ്ഢികള്‍ (3 Idiots) എന്ന ചിത്രത്തില്‍ കണ്ടതാണല്ലൊ. എല്ലാ കുട്ടികളെയും രക്ഷിക്കാന്‍ അങ്ങനെയൊരു നായകന്‍ ജീവിതത്തിലുണ്ടായി എന്നു വരില്ല.

സമ്മര്‍ദ്ദം എല്ലാവരെയും ആത്മഹത്യയിലേക്കു് നയിക്കണമെന്നില്ല. ചിലര്‍ക്കു് പോറലേല്‍ക്കാതെ അവയെ  അതിജീവിക്കാനായി എന്നു വരാം. പക്ഷെ നമ്മള്‍  മറന്നു പോകുന്നതു് ഈ രണ്ടു് കൂട്ടര്‍ക്കുമിടയില്‍  ശക്തമായ മാനസിക സംഘര്‍ഷം നേരിട്ടുകൊണ്ടു് കഴിയുന്ന, പല തോതില്‍  മാനസിക പ്രശ്നങ്ങള്‍ക്കിടയില്‍ കഷ്ടപ്പെടുന്ന, അനേകം പേരുണ്ടായിരിക്കണം എന്നതാണു്. ഇവിടെ കറുപ്പും വെളുപ്പുമല്ല കാര്യങ്ങള്‍. ചാരനിറത്തിന്റെ പല ഷേഡുകളുണ്ടു്. ഇവരില്‍  വലിയ വിഭാഗം നിശബ്ദമായി, ഇതു് തങ്ങളുടെ വിധിയാണെന്നും, അതിലും കഷ്ടമായി ഇതു് തങ്ങളുടെ നന്മയ്ക്കാണെന്നും, വിശ്വസിച്ചു് ജീവിക്കുന്നവരുണ്ടു്.

മാര്‍ക്കു നേടാനുള്ള സമ്മര്‍ദ്ദം വളരെ ചെറുപ്പത്തിലേ തുടങ്ങുന്നതാണു് - പലപ്പോഴും പ്രൈമറി ക്ലാസുകളില്‍നിന്നു തന്നെ. പ്രായപൂര്‍ത്തിയായവര്‍ക്കുതന്നെ താങ്ങാനാവുന്നതിനു് അപ്പുറം സമ്മര്‍ദ്ദമാണു് പലപ്പോഴും കുട്ടികളുടെ മേല്‍  ചെലുത്തുന്നതു്. അതു് മാതാപിതാക്കളും അദ്ധ്യാപകരും ബന്ധുക്കളും എല്ലാം ചേര്‍ന്നുതന്നെയാണു്. വളരെ വികലമായ മൂല്യബോധം കുട്ടികളിലുണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ. സ്വന്തമായ താത്പര്യങ്ങളും കഴിവുകളും പരിപോഷിപ്പിക്കുന്നതിനു് പകരം ആരോ (അതു് മാതാപിതാക്കളോ അദ്ധ്യാപകരോ മറ്റാരെങ്കിലുമോ ആവാം) തീരുമാനിച്ചതനുസരിച്ചുള്ള വിഷയം പഠിക്കാന്‍  നിര്‍ബ്ബന്ധിതരാകുകയും അതാണു് തങ്ങള്‍ക്കു് നല്ലതെന്നു് വിശ്വസിപ്പിക്കപ്പെടുകയും ചെയ്തു് ആ വിഷയം പഠിച്ചുതുടങ്ങുന്നവരാണു് ഏറെ. അതില്‍  നന്നായി മാര്‍ക്കു വാങ്ങാനാവാത്തതു് പലപ്പോഴും ആ വിഷയത്തില്‍  അവര്‍ക്കുള്ള താത്പര്യവും ടാലന്റും കുറവായതുകൊണ്ടാണു് എന്നു് മനസിലാക്കാതെ അവര്‍ക്കുമേല്‍  അധികമായി സമ്മര്‍ദ്ദം ചെലുത്തുകയാണു് നമ്മള്‍  ചെയ്യുന്നതു്. ഐഐടിയില്‍ ചേര്‍ന്നു് എഞ്ചിനീയറിംഗ് പഠിക്കാന്‍ ആഗ്രഹിക്കുകയും ഐഐടിയുടെ പ്രവേശനപ്പരീക്ഷ പാസാകുകയും ചെയ്ത കുട്ടിയെ മാതാപിതാക്കള്‍ നിര്‍ബന്ധിച്ചു് മെഡിസിനു് ചേര്‍ക്കുകയും പ്രതിഫലമായി ഒരു മാരുതി കാര്‍ വാങ്ങിക്കൊടുക്കുകയും ചെയ്തതിന്റെ കഥ ഒരു സുഹൃത്തു് പറഞ്ഞതു് ഓര്‍മ്മ വരുന്നു. ഒരു ദിവസം കോളജില്‍ നിന്നു് തിരിച്ചു് വരാതിരുന്നപ്പോള്‍ പോലിസില്‍ അറിയിച്ച മാതാപിതാക്കള്‍ക്കു് കിട്ടിയ വാര്‍ത്ത കാര്‍ കോവളത്തുണ്ടെന്നതായിരുന്നുവത്രെ. കുട്ടി കാറിലുണ്ടായിരുന്നു. പക്ഷെ അവന്‍ ഇഷ്ടമില്ലാതെ പഠിച്ചിരുന്ന വൈദ്യശാസ്ത്രത്തിനുപോലും രക്ഷിക്കാന്‍ കഴിയാത്ത സ്ഥിതിയിലായിരുന്നു. ക്ലാസുകളും പരീക്ഷയുമൊന്നും ഇല്ലാത്ത ലോകത്തു് അവന്‍ എത്തിക്കഴിഞ്ഞിരുന്നു. പിന്നീടു് പശ്ചാത്തപിക്കുകയൊ കരയുകയൊ ചെയ്തിട്ടു് യാതൊരു പ്രയോജനവുമില്ലല്ലൊ. അതുകൊണ്ടു് നമുക്കു് നമ്മുടെ കുട്ടികളെ സ്നേഹിച്ചു്, മനസിലാക്കി, അവരുടെ ആഗ്രഹത്തിനനുസരിച്ചുള്ള വിഷയം പഠിക്കാനുള്ള അവസരം നല്‍കി വളര്‍ത്താം. അവര്‍ക്കു് നമ്മോടു് കാര്യങ്ങള്‍ തുറന്നു പറയാനുള്ള സ്വാതന്ത്ര്യവും നല്‍കേണ്ടതുണ്ടു് മേല്പറഞ്ഞതുപോലത്തെ അത്യാഹിതങ്ങള്‍ ഒഴിവാക്കണമെങ്കില്‍.

പരീക്ഷയിലെ സ്ക്കോര്‍ അറിവിന്റെയൊ സാമര്‍ത്ഥ്യത്തിന്റെയൊ മാനദണ്ഡമല്ല എന്നതു് വ്യക്തമാണു്. പാസായി വരുന്ന എഞ്ചിനീയറന്മാരില്‍ വലിയ ശതമാനത്തിനും പ്രാക്ടിക്കലായുള്ള സാമര്‍ത്ഥ്യത്തിന്റെ അഭാവത്തെപ്പറ്റി പലരും പരിതപിച്ചിട്ടുണ്ടു്. ഏതെങ്കിലും ഉദ്യോഗത്തിനുവേണ്ടിയുള്ള ഇന്റര്‍വ്യൂവില്‍ ചോദ്യകര്‍ത്താവായി ഇരുന്നിട്ടുള്ള എല്ലാവര്‍ക്കും അറിയാവുന്ന കാര്യവുമാണിതു്. ഇന്നത്തെ സ്ഥിതിയിലാണെങ്കില്‍ മാര്‍ക്കിനെക്കാള്‍ പ്രധാനമാണു് കാര്യങ്ങളിലുള്ള അറിവും കാര്യങ്ങള്‍ ചെയ്യാനുള്ള ശേഷിയും. അതുകൊണ്ടുതന്നെ, മോഹനെപ്പോലുള്ള, കാര്യങ്ങള്‍ ചെയ്യാനറിയാവുന്നവര്‍ക്കാണു് ഇന്നത്തെക്കാലത്തു് ഒരു ജോലി ലഭിക്കാനും അതില്‍ തിളങ്ങാനുമുള്ള സാദ്ധ്യത പണ്ടത്തെക്കാള്‍ ഏറെയുള്ളതു്. ഈ വസ്തുത മനസിലാക്കാതെ കൂടുതല്‍ മാര്‍ക്കു് വാങ്ങാനായി നമ്മള്‍ അത്തരം കുട്ടികളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതു് അവരെ തളര്‍ത്തുകയല്ലേ ചെയ്യുന്നതു്? അനുഭവം അതാണു് കാണിക്കുന്നതു്. ഇതു് പരിഹരിക്കാനായി നമ്മുടെ വിദ്യാഭ്യാസസമ്പ്രദായത്തിലും മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടാകാം. ഒന്നാലോചിച്ചു നോക്കൂ. കുമാരനാശാന്‍ ഗണിതശാസ്ത്രത്തില്‍ സമര്‍ത്ഥനായിരുന്നു. അല്ലായിരുന്നെങ്കിലും അദ്ദേഹം മോശപ്പെട്ട കവിയാകുമായിരുന്നോ? ചരിത്രത്തിലൊ ഭാഷയിലൊ മോശമാണെന്നു കരുതി ഒരാള്‍ മോശപ്പെട്ട എഞ്ചിനിയറാകുമൊ? ഇല്ലല്ലൊ? പിന്നെന്തിനു് നമ്മള്‍ അത്തരം കാര്യങ്ങളില്‍ വാശിപിടിക്കുന്നു?രണ്ടാം ലോകമഹായുദ്ധകാലത്തു് ജര്‍മ്മന്‍കാരുടെ രഹസ്യസന്ദേശങ്ങള്‍ വായിക്കാന്‍ ബ്രിട്ടിഷ് സൈന്യത്തെ സഹായിച്ച പ്രതിഭാധനനും കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യയുടെ പിതാവുമായ അലന്‍ ട്യൂറിങ്ങ് മോശമായ വിദ്യാര്‍ത്ഥിയാണെന്നു് പറഞ്ഞു് സ്ക്കൂളില്‍നിന്നു് പറഞ്ഞുവിട്ടതു് ഓര്‍മ്മ വരുന്നു.

കോംപ്ലാനിനും കോണ്‍ഫ്ലേക്സിനും അപ്പുറം കുട്ടികള്‍ക്കു് പല ആവശ്യങ്ങളുമുണ്ടു് എന്ന കാര്യം നമ്മള്‍  പലപ്പോഴും മറന്നു പോകുന്നു. മേല്പറഞ്ഞ രണ്ടും കുട്ടികള്‍ക്കു് ആവശ്യമില്ല എന്നതല്ലേ സത്യം. അവര്‍ക്കു് പ്രകൃത്യാലുള്ള നല്ല ഭക്ഷണവും ധാരാളം സ്നേഹവും അവരുടെ കഴിവിനും താത്പര്യത്തിനും അനുസരിച്ചു് ജീവിക്കാനും പഠിച്ചു് വളരാനുമുള്ള സാഹചര്യവുമല്ലേ വേണ്ടതു്.

Sunday, July 3, 2011

വെളിച്ചെണ്ണ നല്ലതുതന്നെ

(തേജസ് പത്രത്തിനുവേണ്ടി എഴുതിയതു്)

നൂറ്റാണ്ടുകളായി കേരളത്തില്‍ വ്യാപകമായി പാചകത്തിനു് ഉപയോഗിച്ചുവരുന്ന വെളിച്ചെണ്ണ ആരോഗ്യത്തിനു് നല്ലതല്ല എന്നു് ഡോക്‌ടര്‍മാര്‍ പറഞ്ഞുതുടങ്ങിയതു് കുറച്ചു് വര്‍ഷങ്ങള്‍ക്കു് മുമ്പാണു്. വെളിച്ചെണ്ണയില്‍ ഒരുപാടു് കോളസ്റ്ററോള്‍ ഉണ്ടു് എന്നതാണു് അതിനു് കാരണം പറഞ്ഞിരുന്നതു്. എന്നാല്‍ ഈ പ്രചരണം ചില തല്പര കക്ഷികളുടെ ഇടപെടല്‍ മൂലമാണു് എന്നു് വാദിക്കുന്നവരുണ്ടായിരുന്നു. അതേസമയം വെളിച്ചെണ്ണയില്‍ ധാരാളം പൂരിത കൊഴുപ്പുകള്‍ (saturated fats) ഉണ്ടു് എന്നു് പഠനങ്ങള്‍ ചൂണ്ടിക്കാട്ടി വിശദീകരിക്കാന്‍ വിദഗ്ദ്ധരുണ്ടായിരുന്നു. ഇത്തരം കൊഴുപ്പുകളാണു് രക്തത്തിലെ കോളസ്റ്ററോളിന്റെ അളവു് വര്‍ദ്ധിപ്പിക്കുന്നതു്. എങ്കിലും, വെളിച്ചെണ്ണയില്‍ പൂരിത കൊഴുപ്പുകള്‍ ഉണ്ടു് എന്നു സമ്മതിച്ചാല്‍പോലും തലമുറകളായി ഉപയോഗിച്ചുവരുന്ന ഈ എണ്ണ എങ്ങനെ പെട്ടെന്നു് കൊള്ളരുതാത്തതായി എന്ന ചോദ്യത്തിനു് ഒരു ഉത്തരവുമുണ്ടായില്ല. വെളിച്ചെണ്ണയെ നമ്മള്‍ വില്ലനായി കണ്ടുതുടങ്ങിയിട്ടു് കുറച്ചു കാലമായി. ഇപ്പോള്‍ ഭക്ഷണകാര്യത്തില്‍ വളരെ ശ്രദ്ധാലുക്കാളായി മാറുന്ന അമേരിക്കന്‍ ജനതയ്ക്കു മുന്നില്‍ വെളിച്ചെണ്ണ "ആരോഗ്യഭക്ഷണം'' (Health Food) ആയി അവതരിച്ചിരിക്കുന്നു! വെളിച്ചെണ്ണ ദോഷകരമല്ലെന്നു മാത്രമല്ല ചില രോഗങ്ങള്‍ വരാതിരിക്കാന്‍ നല്ലതാണു് എന്നാണു് ഇപ്പോള്‍ ചില ആരോഗ്യവിദഗ്ദ്ധര്‍ അവകാശപ്പെടുന്നതു്.

കോളസ്റ്ററോള്‍ എന്നു കേട്ടാല്‍ ആരോഗ്യം നശിപ്പിക്കുന്ന അനാവശ്യമായ എന്തോ വസ്തു എന്നാണു് നമുക്കു് പെട്ടെന്നു് തോന്നുക. എന്നാല്‍ എല്ലാ സസ്തന ജീവികളുടെയും കരളിലോ കുടലിലോ ഉത്പാദിപ്പിക്കുന്ന, ശരീരത്തിനു് വളരെ ആവശ്യമായ സ്റ്റിറോയ്ഡ് വര്‍ഗത്തില്‍പ്പെട്ട ജൈവരാസവസ്തുവാണു് കോളസ്റ്ററോള്‍. കരളില്‍ പിത്തരസം ഉത്പാദിപ്പിക്കുന്നതിനു് കോളസ്റ്ററോള്‍ സഹായിക്കുന്നു. സെല്ലുകളുടെ പ്രവര്‍ത്തനത്തിനു് കോളസ്റ്ററോള്‍ ആവശ്യമാണു്. മൃഗങ്ങളുടെയും സസ്യങ്ങളുടെയും കോശങ്ങളുടെ ചര്‍മ്മമെന്നോ ഭിത്തിയെന്നോ (cell wall) ഭാഗം നിര്‍മ്മിക്കാനും പരിപാലിക്കാനും കോളസ്റ്ററോള്‍ അത്യാവശ്യമാണു്. നമ്മുടെ പല ശരീരഭാഗങ്ങളുടെയും ധര്‍മ്മം പരിപാലിക്കുന്നതിനു് കോളസ്റ്ററോള്‍ ഉണ്ടായേ തീരൂ. ശരീരത്തിന്റെ പ്രവര്‍ത്തനത്തിനു് അത്യാവശ്യമായ ഘടകങ്ങളായ ഹോര്‍മ്മോണുകളുടെ ഉത്പാദനത്തിലും കോളസ്റ്ററോളിനു് പങ്കുണ്ടു്. അങ്ങനെ കോളസ്റ്ററോള്‍ ശരീരത്തിനു് വളരെയധികം ആവശ്യമായ ഒരു വസ്തുവാണു്.

എന്നാല്‍, "അധികമായാല്‍ അമൃതും വിഷം'' എന്ന പോലെ, അധികമായാല്‍ കോളസ്റ്ററോളും അപകടകാരിയാവാം. കോളസ്റ്ററോളില്‍ത്തന്നെ നല്ലതും ചീത്തയുമുണ്ടു്. ആവശ്യത്തിലധികമായാല്‍ ചീത്ത കോളസ്റ്ററോള്‍ എന്നറിയപ്പെടുന്ന വസ്തു രക്തധമനികളില്‍ അടിഞ്ഞുകൂടി അവയുടെ വ്യാസം കുറയ്ക്കുകയും അങ്ങനെ രക്തപ്രവാഹത്തിനു് തടസ്സം സൃഷ്ടിക്കുകയും ചെയ്യാം. ഇതാണു് ഹൃദ്രോഗങ്ങള്‍ക്കു് കാരണമാകുന്നതു്. നമ്മുടെ ശരീരത്തിനാവശ്യമായ കോളസ്റ്ററോളിന്റെ 80 ശതമാനത്തോളം കരളിലാണു് ഉത്പാദിപ്പിക്കുന്നതു്. ശേഷമുള്ളതു് നമ്മുടെ ഭക്ഷണത്തില്‍നിന്നു് ലഭിക്കുന്നു. പ്രധാനമായും മൂട്ടയുടെ മഞ്ഞക്കരു, ഇറച്ചി, ചീസ്, ചില എണ്ണകള്‍ തുടങ്ങിയവയില്‍ നിന്നാണു് നമുക്കു് കോളസ്റ്ററോള്‍ ലഭിക്കുന്നതു്. മുലപ്പാലില്‍ പോലും കോളസ്റ്ററോളുണ്ടു്. പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്ന കാര്യമായതുകൊണ്ടു് ആവര്‍ത്തിക്കട്ടെ. കോളസ്റ്ററോള്‍ ശരീരത്തിനു് ആവശ്യമാണു്. അതു് അധികമാകുമ്പോഴാണു് പ്രശ്നം.

കോളസ്റ്ററോളിനെക്കുറിച്ചുള്ള ഭയം അനേകം പേരുടെ ആഹാരരീതിയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടു്. പാശ്ചാത്യരാജ്യക്കാര്‍ പലരും കൊഴുപ്പു കുറഞ്ഞ, ധാന്യകം (carbohydrate) ധാരാളമുള്ള, ഭക്ഷണക്രമത്തിലേക്കു് മാറി. ഈ ഭയം കേരളത്തിലെത്തിയപ്പോഴാണു് വെളിച്ചെണ്ണയിലുള്ള കോളസ്റ്ററോളിനെപ്പറ്റി നമ്മളെല്ലാം ബോധവാന്മാരായതും പകരം മറ്റു് എണ്ണകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതും.

വെളിച്ചെണ്ണയെക്കുറിച്ചു് കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന ചില പഠനങ്ങള്‍ അതിന്റെ ഗുണങ്ങള്‍ പുറത്തു് കൊണ്ടുവന്നിട്ടുണ്ടു്. ഉദാഹരണമായി, രക്തം കട്ട പിടിക്കുന്നതു് തടയാനുള്ള വെളിച്ചെണ്ണയുടെ കഴിവു് കേരളത്തില്‍ നടന്ന ഒരു പഠനം വ്യക്തമാക്കി. വെളിച്ചെണ്ണ കഴിച്ചവര്‍ക്കു് സോയബീന്‍ എണ്ണ കഴിച്ചവരേക്കാള്‍ ശരീരഭാരവും അരക്കെട്ടിന്റെ വണ്ണവും കുറഞ്ഞതായി ബ്രസീലില്‍ നാല്പതു് സ്ത്രീകളില്‍ നടത്തിയ ഒരു പഠനം കണ്ടെത്തി. മാത്രമല്ല, വെളിച്ചെണ്ണ ഉപയോഗിച്ചവരുടെ ശരീരത്തിലുള്ള "നല്ല കോളസ്റ്ററോ''ളിന്റെ അളവു കൂടുകയും താരതമ്യേന ചീത്ത കോളസ്റ്ററോളി''ന്റെ അളവു് കുറയുകയും ചെയ്തു. കൂടാതെ, ശുദ്ധമായ വെളിച്ചെണ്ണയിലുള്ള കൊഴുപ്പു് അത്ര അപകടകാരിയല്ല എന്ന തിരിച്ചറിവും ഉണ്ടായിട്ടുണ്ടു്. മുമ്പു നടന്ന പഠനങ്ങള്‍ ഹൈഡ്രജനേറ്റഡ് (വനസ്പതി പോലെ ആക്കിയ) വെളിച്ചെണ്ണയില്‍ ആയിരുന്നതുകൊണ്ടാണു് അതില്‍ ദോഷം കണ്ടതു് എന്നു് കരുതപ്പെടുന്നു. ഹൈഡ്രജനേറ്റ് ചെയ്ത എല്ലാ എണ്ണകളും ശരീരത്തിനു് ഹാനികരമാണത്രെ.

ഇത്തരം പഠനങ്ങള്‍ വെളിച്ചെണ്ണയുടെ ഗുണങ്ങള്‍ തെളിയിച്ചുകൊണ്ടിരിക്കെയാണു് മറ്റൊരു തിരിച്ചറിവുണ്ടാകുന്നതു്. ആധുനിക ലോകത്തില്‍ വലിയ പ്രശ്നമായിവരുന്ന ഒരു രോഗമാണു് അല്‍ഷൈമേഴ്സ്. ഈ അവസ്ഥയിലാകുന്ന മനുഷ്യരുടെ കഷ്ടസ്ഥിതി തന്മാത്ര എന്ന ചലച്ചിത്രം ശക്തമായി ദൃശ്യവല്‍ക്കരിച്ചതു് ഓര്‍മ്മയുണ്ടാകുമല്ലോ. വര്‍ഷങ്ങളായി കോടിക്കണക്കിനു് ഡോളര്‍ ചെലവുചെയ്തു് ഇതിനെപ്പറ്റി ഗവേഷണം നടത്തുന്നുണ്ടെങ്കിലും അല്‍ഷൈമേഴ്സ് ഉണ്ടാകുന്നതു് എന്തുകൊണ്ടാണെന്നോ അതു് എങ്ങനെ ചികിത്സിക്കാമെന്നോ ഉള്ളതിനെപ്പറ്റി ഒരു വ്യക്തതയും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണു് ചില സംശയങ്ങള്‍ ഉയര്‍ന്നു വന്നതു്. അവയില്‍ പ്രധാനപ്പെട്ട ഒന്നാണു് ഭക്ഷണക്രമവും അല്‍ഷൈമേഴ്സുമായി ബന്ധമുണ്ടോ എന്നതു്.

മൃഗങ്ങളില്‍ നടത്തിയ പഠനങ്ങളില്‍നിന്നു് ചിലതരം ഭക്ഷണങ്ങള്‍ ഓര്‍മ്മശക്തി പരിപോഷിപ്പിക്കാന്‍ സഹായിക്കും എന്ന സൂചനകള്‍ ലഭിച്ചു. കൂടാതെ, ചിലതരം കൊഴുപ്പുകള്‍ തലച്ചോറിനു് കേടുവരാതിരിക്കാന്‍ സഹായിക്കും എന്നു് ചില പഠനങ്ങള്‍ സൂചിപ്പിക്കുകയും ചെയ്തു. കൊഴുപ്പുകള്‍ ഏതാണ്ടു് പൂര്‍ണ്ണമായിത്തന്നെ വര്‍ജ്ജിച്ചു് ധാന്യകം മാത്രമുള്ള ഭക്ഷണക്രമത്തിലേക്കു് പോയതിന്റെ പ്രശ്നമാണോ അല്‍ഷൈമേഴ്സിന്റെ കടന്നുകയറ്റം എന്നു് സംശയം തോന്നിത്തുടങ്ങാന്‍ ഇതൊക്കെ കാരണങ്ങളായി. തലച്ചോറിനു് ആവശ്യമായ കോളസ്റ്ററോള്‍ ലഭിക്കാത്തതായിരിക്കാം അല്‍ഷൈമേഴ്സിലേക്കു് നയിക്കുന്നതു് എന്നു് ഒരു പഠനറിപ്പോര്‍ട്ടില്‍ സൂചനയുണ്ടായി. "ശരീരഭാരത്തിന്റെ 2% മാത്രമാണു് തലച്ചോറു്. പക്ഷെ ശരീരത്തിലുള്ള കോളസ്റ്ററോളിന്റെ 25% തലച്ചോറിലാണു്. അവിടെ പല ആവശ്യങ്ങള്‍ക്കും കോളസ്റ്ററോള്‍ ആവശ്യമാണു്.'' എന്നവര്‍ ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല, പല അല്‍ഷൈമേഴ്സ് രോഗികളുടെ തലച്ചോറിലും കോളസ്റ്ററോളിന്റെ അളവു് കുറവാണെന്നു് പഠനങ്ങള്‍ കാണിച്ചിട്ടുമുണ്ടു്. കൊഴുപ്പും കോളസ്റ്ററോളും തീരെ കുറവുള്ള, ധാന്യകം ഏറെയുള്ള ഭക്ഷണം എങ്ങനെ അല്‍ഷൈമേഴ്സിലേക്കു് നയിക്കാം എന്നു് മറ്റൊരു പഠനം ചൂണ്ടിക്കാട്ടുകയും ചെയ്തു.

വെളിച്ചെണ്ണയോടുള്ള പ്രതിപത്തി വളരാന്‍ സഹായിച്ച കാര്യങ്ങളില്‍ ഒന്നു മാത്രമാണു് കോളസ്റ്ററോളിനോടുള്ള ഭയം കുറഞ്ഞുവരുന്നതു്. മുടിക്കും തൊലിക്കുമെല്ലാം വെളിച്ചെണ്ണ നല്ലതാണു് എന്നു് അതിന്റെ വക്താക്കള്‍ അവകാശപ്പെടുന്നുണ്ടു്. ലോറിക് ആസിഡ് (lauric acid) എന്നറിയപ്പെടുന്ന ഒരുതരം കൊഴുപ്പാണു് വെളിച്ചെണ്ണയിലുള്ളതു്. ഇതു് ശരീരത്തിനു് പല തരത്തില്‍ ഗുണം ചെയ്യുന്നതാണു് എന്നാണു് വെളിച്ചെണ്ണയുടെ വക്താക്കള്‍ പറയുന്നതു്. വലിയ ദോഷം ചെയ്യാത്ത ഈ കൊഴുപ്പു് \mbox{ബാക്‌ടീരിയ,} വൈറസ് തുടങ്ങിയ രോഗാണുക്കളെ---എച്ച്.ഐ.വി. ഉള്‍പ്പെടെ---പ്രതിരോധിക്കാന്‍ സഹായിക്കും എന്നതാണു് മറ്റൊരവകാശവാദം. തെളിവുകളില്ല എന്ന കാരണത്താല്‍ ഇതു് ശാസ്ത്രജ്ഞര്‍ പൂര്‍ണ്ണമായി അംഗീകരിക്കുന്നില്ല. എന്നാല്‍ അതിനെതിരായ തെളിവുകളും ഉള്ളതായി അറിവില്ല.

പാശ്ചാത്യരുടെ പല തരം ഭക്ഷണങ്ങള്‍ പാചകം ചെയ്യാന്‍ വെളിച്ചെണ്ണ നല്ലതാണു് എന്ന കണ്ടെത്തലാണു് അമേരിക്കയിലും മറ്റും വെളിച്ചെണ്ണയ്ക്കു് പ്രിയമേറാന്‍ മറ്റൊരു കാരണം. കേക്കും അതിനുള്ള ഐസിങ്ങും ഉണ്ടാക്കാന്‍ വെളിച്ചെണ്ണ ഉത്തമമാണു് എന്നവര്‍ കണ്ടെത്തി. ചില ഭക്ഷണങ്ങള്‍ക്കു് നല്ല രുചി നല്‍കാന്‍ വെളിച്ചെണ്ണയ്ക്കു് കഴിയും എന്നുമവര്‍ മനസിലാക്കി. അങ്ങനെ, വെളിച്ചെണ്ണ ഉപയോഗിക്കരുതു് എന്നു് ഇത്രയും കാലം നമ്മോടു പറഞ്ഞിരുന്നവര്‍ ഇപ്പോള്‍ പറയുന്നതു്, മിതമായി ഉപയോഗിച്ചാല്‍ രുചിയുള്ള ആരോഗ്യദായകമായ ഭക്ഷണമുണ്ടാക്കാന്‍ വെളിച്ചെണ്ണ ഉത്തമമാണു് എന്നാണു്.

നൂറുകണക്കിനു് വര്‍ഷങ്ങളായി ഒരു പ്രദേശത്തു് ജീവിച്ചുവരുന്ന ജനസമൂഹം ആ പ്രദേശത്തു ലഭിക്കുന്ന കായ്‌കനികളുപയോഗിച്ചു് തയാറാക്കുന്ന ഭക്ഷണം തന്നെയാവണം ആ പ്രദേശത്തു് താമസിക്കുന്നവര്‍ക്കു് ഏറ്റവും ഉചിതം. തലമുറകളായി ഭക്ഷ്യവസ്തുക്കളുടെ ഗുണദോഷങ്ങള്‍ അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ടാവണം. അതുകൊണ്ടു് നമ്മുടെ പരമ്പരാഗതമായ ഭക്ഷണക്രമം നമുക്കു് ഉത്തമം തന്നെയാവണം. അവനവന്റെ ശരീരത്തിനു് ഗുണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കള്‍ എന്തെല്ലാമാണു് എന്നു് മണത്തും രുചിച്ചുമറിയാനുള്ള കഴിവു് മറ്റു മൃഗങ്ങള്‍ക്കെന്നപോലെ മനുഷ്യനും ഒരു കാലത്തു് ഉണ്ടായിരുന്നിരിക്കണം. ഈ കഴിവുകള്‍ നഷ്ടമായതു് എങ്ങനെയാണു് എന്നു് നാം മനസിലാക്കേണ്ടതാണു്.

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു)

Friday, May 6, 2011

കാന്‍കണ്‍ സമ്മമേളനം

(തേജസ് പത്രത്തിനുവേണ്ടി എഴുതിയ ലേഖനം)
കാലാവസ്ഥാവ്യതിയാനവും അതിന്റെ അനന്തരഫലങ്ങളും അതുമായി ബന്ധപ്പെട്ടു് ലോകരാഷ്ട്രങ്ങള്‍ ചെയ്യേണ്ട കാര്യങ്ങളും ചര്‍ച്ച ചെയ്യാനായി ഐക്യരാഷ്ട്രസഭ വിളിച്ചുകൂട്ടിയ സമ്മേളനം മെക്സിക്കൊയിലെ കാന്‍കണ്‍ എന്ന സ്ഥലത്തു് ഇക്കഴിഞ്ഞ നവംബര്‍ 29 മുതല്‍ ഡിസംബര്‍ 10 വരെയുള്ള ദിവസങ്ങളില്‍ നടക്കുകയുണ്ടായല്ലൊ. കാലാവസ്ഥാവ്യതിയാനത്തിന്റെ കാര്യത്തില്‍ എന്തെങ്കിലും ഫലപ്രദമായി ചെയ്യുന്നതിനു് വികസിത രാഷ്ട്രങ്ങളും വികസ്വര രാഷ്ട്രങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ തടസമായി നില്‍ക്കെയാണു് ഈ സമ്മേളനവും നടന്നതു്. ലോകത്തെങ്ങുമുള്ള മനുഷ്യരുള്‍പ്പെടെയുള്ള ജീവജാലങ്ങളുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്ന കാര്യമാണു് കാലാവസ്ഥാവ്യതിയാനം. ആ നിലയ്ക്കു് നാമെല്ലാം അതെക്കുറിച്ചു് മനസിലാക്കുകയും ഭൂമിയില്‍ ജീവന്റെ നിലനില്‍പ്പിനു് ഭീഷണി ഉണ്ടാക്കുന്ന വിധത്തില്‍ വ്യക്തികളൊ സംഘടനകളൊ രാഷ്ട്രങ്ങളൊ പ്രവര്‍ത്തിക്കാനിടയാകരുതു് എന്നു് ലോകരാഷ്ട്രങ്ങളുടെ ഭരണകര്‍ത്താക്കളോടു് ആവശ്യപ്പെടുകയും ചെയ്യേണ്ടതുണ്ടു്. ഇത്തരം തീരുമാനങ്ങളെടുക്കേണ്ടതു് ഭരണകര്‍ത്താക്കളോ സാമ്പത്തികമായോ രാഷ്ട്രീയമായോ സ്വാധീനമുള്ള കുറെപ്പേരോ മാത്രമല്ല എന്നതു് വ്യക്തമാണല്ലോ. ഈ സാഹചര്യത്തില്‍ കാന്‍കണ്‍ സമ്മേളനത്തില്‍ എന്തു് സംഭവിച്ചു എന്നു് നമുക്കു് പരിശോധിക്കാം.

കാലാവസ്ഥാവ്യതിയാനം എന്ന ഭീഷണിയെപ്പറ്റി മനസിലായപ്പോള്‍ അതിനെപ്പറ്റി ചര്‍ച്ച ചെയ്യാനും അതിനെ നേരിടാനായി എന്തെല്ലാം ചെയ്യണം എന്നു് തീരുമാനിക്കാനുമായി ഐക്യരാഷ്ട്രസഭ 1992 ജൂണ്‍ 3 മുതല്‍ 14 വരെയുള്ള ദിവസങ്ങളില്‍ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ ഒരു സമ്മേളനം നടത്തുകയുണ്ടായി. ഭൌമ ഉച്ചകോടി (Earth Summit) എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ സമ്മേളനത്തിന്റെ യഥാര്‍ത്ഥ നാമം പരിസ്ഥിതിയെയും വികസനത്തെയും സംബന്ധിക്കുന്ന ഐക്യരാഷ്ട്ര സമ്മേളനം (United Nations Conference on Environment and Development, UNCED) എന്നായിരുന്നു. അവിടെവച്ചു് കാലാവസ്ഥാവ്യതിയാനത്തെ സംബന്ധിക്കുന്ന ഒരു ഉടമ്പടി ചട്ടക്കൂടു് (UN Framework Convention on Climate Change, UNFCCC) തയാറാക്കുകയുണ്ടായി. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ അതില്‍ 192 അംഗങ്ങള്‍ ചേര്‍ന്നു കഴി‍ഞ്ഞിരുന്നു. ഇവര്‍ ചെയ്ത ആദ്യകാര്യങ്ങളിലൊന്നു് ഓരോ രാഷ്ട്രവും അന്തരീക്ഷത്തിലേക്കു് വിസര്‍ജ്ജിക്കുകയോ വായുവില്‍നിന്നു് നീക്കം ചെയ്യുകയോ ചെയ്യുന്ന ഹരിതഗ്രഹവാതകങ്ങളുടെ കണക്കുകള്‍ തയാറാക്കുക എന്നതാണു്. 1997ല്‍ ക്യോട്ടോ പ്രോട്ടോക്കോള്‍ എന്ന ഉടമ്പടി ഒപ്പിടുകയും വികസിത രാഷ്ട്രങ്ങള്‍ ഹരിതഗ്രഹവാതകങ്ങള്‍ പുറപ്പെടുവിക്കുന്നതിനു് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.

1995 മുതല്‍ "അംഗങ്ങളുടെ സമ്മേളനം" (Conference of Parties) എന്ന പേരില്‍ UNFCCയിലെ അംഗങ്ങള്‍ എല്ലാ വര്‍ഷവും സമ്മേളിക്കുകയും കാലാവസ്ഥാവ്യതിയാനത്തെ നേരിടുന്നതിലുള്ള പുരോഗതി വിലയിരുത്തുകയും ചെയ്തുവരുന്നുണ്ടു്. ഓരോ വര്‍ഷവും ഓരോ സ്ഥലത്താണു് സമ്മേളനം നടക്കുന്നതു്. 2009ല്‍ ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗനിലും 2008ല്‍ പോളണ്ടിലെ പോസ്‌നാനിലും 2007ല്‍ ഇന്‍ഡൊനേഷ്യയിലെ ബാലിയിലും 2002ല്‍ ന്യൂ ഡല്‍ഹിയിലും വച്ചാണു് സമ്മേളനം നടന്നതു്. ഇങ്ങനത്തെ പതിനാറാമത്തെ സമ്മേളനമാണു് 2010 ഡിസംബറില്‍ കാന്‍കണില്‍ നടന്നതു്. അതോടൊപ്പം ക്യോട്ടോ പ്രോട്ടോക്കോളിലെ അംഗങ്ങളുടെ ആറാമത്തെ സമ്മേളനവും നടന്നു.

ഇതിനു് മുമ്പു കോപ്പന്‍ഹേഗനില്‍ വച്ചു് 2009ല്‍ നടന്ന സമ്മേളനത്തില്‍ വച്ചു് എല്ലാ രാജ്യങ്ങള്‍ക്കും നിര്‍ബ്ബന്ധിതമായി ബാധകമാകുന്ന നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞിരുന്നില്ല. ഇതു് ആ സമ്മേളനത്തിന്റെ ഭാഗികമായ പരാജയമായിട്ടാണു് പൊതുവില്‍ കണ്ടിരുന്നതു്. ഇക്കാരണത്താല്‍ 2010ലെ കാന്‍കണ്‍ സമ്മേളനത്തെക്കുറിച്ചു് പ്രതീക്ഷകള്‍ കുറവായിരുന്നു. കാന്‍കണ്‍ സമ്മേളനത്തിനു് തയാറെടുപ്പെന്ന നിലയില്‍ നാലു് സമ്മേളനങ്ങള്‍ 2010ല്‍ നടന്നിരുന്നു. ഇവയില്‍ മൂന്നെണ്ണം ജര്‍മ്മനിയിലെ ബോണ്‍ നഗരത്തില്‍ വച്ചും നാലാമത്തേതു് ചൈനയിലെ ടിയാന്‍ജിന്നില്‍ വച്ചും ആയിരുന്നു. ആദ്യത്തെ മൂന്നു് സമ്മേളനങ്ങളില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല എന്നായിരുന്നു റിപ്പോര്‍ട്ടു്. ചൈനയിലെ സമ്മേളനത്തിലാണെങ്കില്‍ ചെറിയ പുരോഗതി ഉണ്ടായതായി റിപ്പോര്‍ട്ടു ചെയ്തിരുന്നെങ്കിലും ചൈനയും അമേരിക്കയും തമ്മില്‍ കാര്യമായ തര്‍ക്കത്തിലാണു് ആ സമ്മേളനം അവസാനിച്ചതു്. കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച കാര്യങ്ങളില്‍ സമ്പന്ന രാഷ്ട്രങ്ങളും ദരിദ്ര രാഷ്ട്രങ്ങളും ഇപ്പോഴും രണ്ടു തട്ടില്‍ തന്നെയാണു് എന്നു് സെപ്റ്റംബറില്‍ ചൈന പ്രഖ്യാപിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനായി ഒരു പുതിയ ഉടമ്പടി കാന്‍കണില്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍ ബാന്‍ കി-മൂണ്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണു് കാന്‍കണ്‍ സമ്മേളനം നടന്നതു്.

കൂടാതെ കാലാവസ്ഥാവ്യതിയാനം ഏറ്റവുമധികം ബാധിക്കും എന്നു് കരുതപ്പെടുന്ന 12 രാജ്യങ്ങള്‍ ഉഷ്ണമേഖലാ ശാന്തസമുദ്രത്തിലെ കിറബാസ് (Kiribati) എന്ന ദ്വീപരാഷ്ട്രത്തില്‍ നവംബര്‍ 9-10 തീയതികളില്‍ സമ്മേളിക്കുകയുണ്ടായി. ഇതുതന്നെ ഇതിനുമുമ്പു് മാലദ്വീപില്‍ 2009ല്‍ നടന്ന ഒരു സമ്മേളനത്തിന്റെ തുടര്‍ച്ചയായിരുന്നു. കാലാവസ്ഥാവ്യതിയാനം ഏmalറ്റവുമധികം ബാധിക്കാവുന്ന രാഷ്ട്രങ്ങള്‍ ഈ പ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടികള്‍ക്കു് ധാര്‍മ്മികമായ നേതൃത്വം നല്‍കുകയും കാലാവസ്ഥാവ്യതിയാനത്തെ ചെറുക്കാനുള്ള നടപടികള്‍ സ്വമേധയാ ആരംഭിക്കുകയും അവരുടെ പങ്കാളികളുമായി ചേര്‍ന്നു് ഐക്യരാഷ്ട്രസഭ നടത്തുന്ന ശ്രമങ്ങള്‍ക്കു് യോജിക്കുന്ന വിധത്തില്‍ സാഹചര്യമൊരുക്കാന്‍ സഹായിക്കുകയും ചെയ്യുക എന്നതായിരുന്നു സമ്മേളനത്തിന്റെ ലക്ഷ്യം.

ക്യോട്ടോ പ്രോട്ടോക്കോള്‍ പോലെ രാഷ്ട്രങ്ങള്‍ നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള, നിയമപരമായ ബാദ്ധ്യതയുള്ള, ഒരു ഉടമ്പടി ഉണ്ടാക്കുക എന്നതാണു് ഇത്തരം സമ്മേളനങ്ങളില്‍നിന്നു് പ്രതീക്ഷിക്കുന്നതു്. എന്നാല്‍ അത്തരമൊരു ഉടമ്പടി കാന്‍കണില്‍ ഉണ്ടായില്ല. പകരം കോപ്പന്‍ഹേഗനില്‍ സംഭവിച്ചതുപോലെ നിയമപരമായ ബാദ്ധ്യതയില്ലാത്ത പരസ്പരധാരണ മാത്രമാണു് അവിടെ ഉണ്ടായതു്. വികസിത-വകസ്വര രാഷ്ട്രങ്ങളുടെ കാഴ്ചപ്പാടിലുള്ള വ്യത്യാസം തന്നെയാണു് ഇതിനു് കാരണമായതു്. താപനിലയിലുള്ള വര്‍ദ്ധന വ്യവസായവല്‍ക്കരണത്തിനു് മുമ്പുണ്ടായിരുന്നതിനെക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസില്‍ കവിയാതെ നോക്കണം എന്നുള്ളതായിരുന്ന ധാരണയിലെ ഒരു ഇനം. കോപ്പന്‍ഹേഗനില്‍ ഉരുത്തിരിഞ്ഞ ധാരണയില്‍ പറയുന്നതുപോലെ സമ്പന്ന രാഷ്ട്രങ്ങള്‍ വമിക്കുന്ന ഹരിതഗ്രഹ വാതങ്ങളുടെ അളവില്‍ കുറവുവരുത്തണമെന്നും ദരിദ്രരാഷ്ട്രങ്ങള്‍ അത്തരം നടപടികള്‍ക്കു് പദ്ധതിയിടണം എന്നും ധാരണയായി. ഇതിനു് ദരിദ്ര രാഷ്ട്രങ്ങളെ സഹായിക്കാന്‍ ഒരു "ഹരിത കാലാവസ്ഥാ നിധി" (Green Climate Fund) ഉണ്ടാക്കാനും ഈ നിധി 2020ഓടെ പ്രതിവര്‍ഷം പതിനായിരം കോടി ഡോളറായിരിക്കണം എന്നും ധാരണയായി.

എന്നാല്‍ പല കാര്യങ്ങളും അവ്യക്തമായിത്തന്നെ നിലനില്‍ക്കുന്നു. ഉദാഹരണമായി, മേല്പറഞ്ഞ നിധി എവിടെനിന്നു് ഉണ്ടാകും എന്ന കാര്യത്തില്‍ വ്യക്തത ഉണ്ടായില്ല. ഹരിതഗ്രഹവാതകങ്ങള്‍ പുറപ്പെടുവിക്കുന്നതില്‍ വികസ്വര രാഷ്ട്രങ്ങള്‍ നിയന്ത്രണം കൊണ്ടുവരണമൊ അതോ വികസിത രാഷ്ട്രങ്ങള്‍ അതു് ചെയ്തതിനു് ശേഷം മാത്രം മതിയൊ എന്നതു് അവ്യക്തമായി തുടരുന്നു. ഇത്തരം അവ്യക്തത തുടരുന്നതില്‍ സമ്മേളനം ശക്തമായി വിമര്‍ശിക്കപ്പെട്ടു. എന്നാല്‍ നിലനിന്നിരുന്ന സാഹചര്യം കണക്കിലെടുക്കുമ്പോള്‍ ഇത്രയെങ്കിലും സാധിച്ചതു് ഒരു നേട്ടം തന്നെയാണു് എന്നു് ചിലര്‍ കരുതുന്നു.

കാലാവസ്ഥാവ്യതിയാനം സത്യമാണോ മിഥ്യയാണോ എന്നു് സംശയിക്കുന്നവരുണ്ടു്. ഐക്യരാഷ്ട്രസഭ സ്ഥാപിച്ച കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള അന്തര്‍സര്‍ക്കാര്‍ സമിതി (Intergovernmental Panel on Climate Change, IPCC) ആയിരക്കണക്കിനു് ശാസ്ത്രജ്ഞരുടെ പഠനങ്ങള്‍ മുന്‍നിര്‍ത്തി പറയുന്നു സത്യമാണെന്നു്. ഇതു് ശരിയായിരിക്കാനാണു് സാദ്ധ്യത ഏറെ. അങ്ങനെയല്ലെന്നാണു് ഭാവിയിലെ അനുഭവം തെളിയിക്കുന്നതെങ്കില്‍ പോലും ആ സാദ്ധ്യത കാര്യമായി എടുക്കാതെ പ്രവര്‍ത്തിക്കുന്നതു് മനുഷ്യരാശിക്കു് നന്നല്ല. കാരണം അതു് സത്യമാണെന്നു് തെളിഞ്ഞു കഴിയുമ്പോഴേക്കു് അക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യാന്‍ വളരെ വൈകിപ്പോകും. കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കാന്‍ ചെയ്യേണ്ട കാര്യങ്ങളെപ്പറ്റി ശാസ്ത്രലോകം പറഞ്ഞ കാര്യങ്ങളൊന്നും നടപ്പാക്കാനുള്ള ധാരണകള്‍ ഇതുവരെ ആയിട്ടില്ല. ഒരു വശത്തു് തങ്ങളുടെ ജീവിതരീതിയില്‍ മാറ്റം വരുത്താന്‍ മടിക്കുന്ന സമ്പന്നവര്‍ഗം ഇതിനു് പല രീതിയില്‍ തടസ്സം നില്‍ക്കുന്നു. എന്നാല്‍ തങ്ങളുടെ ജീവന്‍ പോലും നിലനിര്‍ത്താനാകുമോ എന്ന ശങ്കയിലാണു് വികസ്വര രാഷ്ട്രങ്ങളിലെയും ചെറിയ ദ്വീപരാഷ്ട്രങ്ങളിലെയും ജനങ്ങള്‍.

കേരളം പോലുള്ള പ്രദേശത്തു് കാലാവസ്ഥാവ്യതിയാനം കാര്യമായ നഷ്ടങ്ങളുണ്ടാക്കാം. എന്നാല്‍ ലോകത്തിലെ എല്ലാ ജനതകളും ചേര്‍ന്നല്ലാതെ ഒഴിവാക്കാനാവാത്ത പ്രശ്നമാണു് കാലാവസ്ഥാവ്യതിയാനം. ഇവിടെ നമുക്കു് ചെയ്യാവുന്നതു് രണ്ടു കാര്യങ്ങളാണു്. ഒന്നു്, ഇക്കാര്യത്തില്‍ ഇന്ത്യയുടെ നിലപാടു് ശക്തമാക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുക. രണ്ടു്, കാലാവസ്ഥാവ്യതിയാനം നമ്മളെ എങ്ങനെയെല്ലാം ബാധിക്കാം എന്നു് മനസിലാക്കി അതിനു് വേണ്ട തയാറെടുപ്പു നടത്തുക. ഇപ്പോഴത്തെയും വരും കാലങ്ങളിലെയും സര്‍ക്കാരുകള്‍ ഇതു് ചെയ്യുമെന്നു് നമുക്കു് പ്രതീക്ഷിക്കാം.


(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)

Tuesday, March 29, 2011

കുട്ടികള്‍ നന്നായി ഉറങ്ങണം

ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിലേക്കു് ചെന്നുപെടുന്നതിനുള്ള ഒരു കാരണം അവര്‍ക്കു് ആവശ്യത്തിനുള്ള ഉറക്കം ലഭിക്കാത്തതായിരിക്കാം എന്നു് ഒരു പുതിയ പഠനം സൂചിപ്പിക്കുന്നു. അമേരിക്കയിലെ ഒമാഹയിലുള്ള നെബ്രാസ്ക്ക സര്‍വ്വകലാശാലയുടെ ക്രിമിനോളജിയുടെയും ക്രിമിനല്‍ നീതിയുടെയും പഠനകേന്ദ്രത്തിലെ നാലു ഗവേഷകരാണു് ഒക്ടോബര്‍ പത്താം തീയതി പുറത്തുവന്ന ഈ പഠനറിപ്പോര്‍ട്ടിന്റെ കര്‍ത്താക്കള്‍. പതിനഞ്ചു വര്‍ഷം മുമ്പു് ഒരു പഠനത്തിനായി ശേഖരിച്ച വിവരങ്ങളായിരുന്നു ഇവരും പഠനത്തിനു് ഉപയോഗിച്ചതു്. അനാരോഗ്യകരമായ പ്രവണതകളുമായി ബന്ധപ്പെടുത്തി അമേരിക്കയിലെ കൌമാരപ്രായക്കാരുടെ ആരോഗ്യപ്രശ്നങ്ങള്‍ വിശകലനം ചെയ്യുകയായിരുന്നു ആ പഠനത്തിന്റെ ഉദ്ദേശ്യം. 14,382 ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികളെയാണു് ഇതിനായി അവര്‍ പഠനവിധേയരാക്കിയതു്.

ശാരീരികവും മാനസികവുമായ ആരോഗ്യത്തിന്റെ ഒരു സൂചകമാണു് ഉറക്കം. മാനസികമായ പിരിമുറുക്കം, വര്‍ദ്ധിച്ച രക്തസമ്മര്‍ദ്ദം, തുടങ്ങി പലതും ശരിയായ ഉറക്കം ലഭിച്ചില്ലെങ്കില്‍ വഷളാകാം. മറിച്ചു് ആവശ്യത്തിനു് ഉറക്കം ലഭിക്കാത്തതു് മാനസിക പിരിമുറുക്കവും രക്തസമ്മര്‍ദ്ദവും വര്‍ദ്ധിക്കാനും ശ്രദ്ധ കുറയ്ക്കാനും മറ്റും കാരണമാവാം. ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിലെ നീര്‍വീഴ്ച കുറയ്ക്കാന്‍ പോലും ശരിയായ ഉറക്കം സഹായിക്കും എന്നു് പഠനങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ടു്. എന്നാല്‍, വേണ്ടത്ര ഉറക്കമില്ലായ്മ കൌമാരപ്രായക്കാരെ കുറ്റകൃത്യങ്ങളിലേക്കു് നയിക്കാന്‍ സാദ്ധ്യതയുണ്ടു് എന്നു് ആദ്യമായിട്ടാണു് സൂചന ലഭിക്കുന്നതു്.

1980കളിലും 90കളിലും HIV/AIDS \mal പകര്‍ച്ചവ്യാധിയെപ്പറ്റി മനസിലാക്കേണ്ടി വന്നപ്പോഴാണു് കൌമാരപ്രായക്കാരുടെ ലൈംഗിക ശീലങ്ങളും ആരോഗ്യസ്ഥിതിയും പഠിക്കാനായി അമേരിക്കന്‍ സര്‍ക്കാര്‍ അഞ്ചു വര്‍ഷത്തെ പദ്ധതി ആവിഷ്ക്കരിച്ചതു്. National Longitudinal Study of Adolescent Health (കൌമാരപ്രായക്കാരുടെ ആരോഗ്യത്തെക്കുറിച്ചുള്ള തുടര്‍ച്ചയായ പഠനം) എന്നായിരുന്നു ഇതിന്റെ പേരു്. കൌമാരപ്രായക്കാരുടെ ലൈംഗികതയെപ്പറ്റി ദേശീയതലത്തിലുള്ള ഏക പഠനം ഇതായിരിക്കാം. (1991ല്‍ മറ്റൊരു പഠനം അമേരിക്കന്‍ സര്‍ക്കാര്‍ അംഗീകരിച്ചുവെങ്കിലും കുട്ടികള്‍ ലൈംഗികബന്ധത്തെ നിസ്സാരമായി കാണാനിടയാക്കും എന്നു് പലരും കുറ്റപ്പെടുത്തിയതിനെത്തുടര്‍ന്നു് ഈ പഠനം നിര്‍ത്തിവച്ചു.) ഇതിനു വേണ്ടി അമേരിക്കയില്‍ ദേശീയതലത്തില്‍ വളരെയധികം വിവരങ്ങള്‍ ശേഖരിച്ചിരുന്നു. അതേ വിവരങ്ങള്‍ തന്നെയാണു് പുതിയ പഠനത്തിനും ഉപയോഗിച്ചിരിക്കുന്നതു്.

ആവശ്യത്തിനു് ഉറങ്ങുന്നതു് ആരോഗ്യത്തിനു് നന്നാണെന്നും ആവശ്യത്തിനു് ഉറക്കം ലഭിക്കാത്തതു് പല ശാരീരിക പ്രശ്നങ്ങള്‍ക്കും കാരണമാകാം എന്നും മുമ്പേ തന്നെ വ്യക്തമായിരുന്നു എങ്കിലും കൌമാരപ്രായക്കാരുടെ കുറ്റകൃത്യങ്ങളെക്കുറിച്ചു് പഠിക്കുന്നവര്‍ ഇതുവരെ ഉറക്കത്തിന്റെ പങ്കിനെക്കുറിച്ചു് ശ്രദ്ധിച്ചിരുന്നില്ല. പുതിയ പഠനത്തിന്റെ ഉദ്ദേശ്യം ആ കുറവു് പരിഹരിക്കുക എന്നതായിരുന്നു. 8-10 മണിക്കൂര്‍ ഉറക്കം ലഭിക്കുന്ന കൌമാരപ്രായക്കാരുടെ ഇടയിലുള്ളതിനെക്കാള്‍ ഏഴു മണിക്കൂറില്‍ താഴെ ഉറങ്ങുന്നവരുടെ ഇടയില്‍ കുറ്റവാസനയുള്ളവര്‍ പ്രകടമായി കൂടുതലാണു് എന്നാണു് പഠനഫലം കാണിച്ചതു്. മാത്രമല്ല, ദിവസം 5 മണിക്കൂറോ അതില്‍ താഴെയോ മാത്രം ഉറങ്ങുന്ന കൌമാരപ്രായക്കാരുടെ ഇടയില്‍ ഹിംസാത്മകമായ കുറ്റകൃത്യവാസന പ്രകടമായി കൂടുതലാണെന്നും ഈ പഠനം സൂചിപ്പിക്കുന്നു.

കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള വാസന ഉണ്ടാക്കുന്നതില്‍ ആവശ്യത്തിനു് ഉറക്കം ലഭിക്കാത്തതിനു് ഒരു പ്രധാന പങ്കുണ്ടായിരിക്കാം എന്നാണു് ഈ പഠനം കാണിക്കുന്നതു്. കുറ്റവാസന ഉണ്ടാക്കുന്നതിനു് കാരണമാകുന്നതില്‍ ഇന്നുവരെ ശ്രദ്ധിക്കാതിരുന്ന ഒരു കാര്യമാണു് ഉറക്കം. ജീവിതത്തല്‍ നേട്ടങ്ങളുണ്ടാക്കാനും മറ്റും പരക്കം പായുന്നതിനിടയില്‍ ഒരുപക്ഷെ വളരെയധികം നഷ്ടമാകുന്ന ഒരു കാര്യം കൂടിയാണു് ഉറക്കം. ഹൃദ്‌രോഗങ്ങളും രക്തസമ്മര്‍ദ്ദവും മറ്റും വര്‍ദ്ധിച്ചു വരുന്നതില്‍ ഉറക്കക്കുറവിനും ഒരു പങ്കുണ്ടായിരിക്കണം. മറിച്ചു്, ഉറക്കം ആവശ്യത്തിനു് ലഭിക്കാതിരിക്കുന്നതിനു് ഇന്നത്തെ ജീവിതരീതിക്കു്, വിശേഷിച്ചു് അവനവന്‍ ലക്ഷ്യമിടുന്ന നേട്ടങ്ങള്‍ കൈവരിക്കാനുള്ള മാനസിക സമ്മര്‍ദ്ദത്തിനു്, കാര്യമായ പങ്കുണ്ടാവണം.

ഇന്ത്യയിലും കേരളത്തിലും കൌമാരപ്രായത്തില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ വളരെയധികമില്ല. എന്നാല്‍ അതു് വര്‍ധിച്ചുവരുന്നില്ലേ എന്നു് പരിശോധിക്കേണ്ടതുണ്ടു്. ഈ സന്ദര്‍ഭത്തില്‍ പ്രസക്തമായ മറ്റൊരു പഠനത്തിന്റെ കാര്യം ഇവിടെ പറയേണ്ടതുണ്ടു്. 2004ല്‍ അമേരിക്കയിലെ അരിസോണ സ്റ്റേറ്റ് സര്‍വ്വകലാശാലയിലെയും ചൈനയിലെ ഷാന്‍ഡോങ്ങ് സര്‍വ്വകലാശാലയിലെയും ക്സിയാന്‍ചെങ്ങ് ലിയു നടത്തിയ പഠനമാണിതു്. ഉറക്കശീലങ്ങളും ഉറക്കത്തിന്റെ പ്രശ്നങ്ങളും ആത്മഹത്യാപ്രവണതയുമാണു് അദ്ദേഹം പഠനവിധേയമാക്കിയതു്. അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ പ്രാധാന്യമര്‍ഹിക്കുന്നവയാണു്. പഠനവിധേയമാക്കിയവരില്‍ 19.3% പേരാണു് ആത്മഹത്യയെപ്പറ്റി ചിന്തിച്ചിട്ടുണ്ടു് എന്നു പറഞ്ഞതു് -- അതായതു് ഏതാണ്ടു് അഞ്ചു പേരില്‍ ഒരാള്‍! കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ ഒരിക്കലെങ്കിലും ആത്മഹത്യാശ്രമം നടത്തിയവര്‍ 10.5% പേരാണു്. 16.9% പേര്‍ ഉറക്കക്കുറവിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടായീരുന്നു. മുമ്പിലത്തെ ഒരു മാസത്തില്‍ പേടിസ്വപ്നങ്ങള്‍ കാണുന്നുണ്ടായിരുന്നു എന്നു് പറഞ്ഞവര്‍ പകുതിയോളമാണു്. ആകെ പഠനവിധേയമായവര്‍ ശരാശരി ഉറങ്ങിയിരുന്നതു് 8 മണിക്കൂറില്‍ താഴെയായിരുന്നു. വിദ്യാര്‍ത്ഥികളില്‍ ഉറക്കത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാണിക്കുന്ന വളരെ പ്രധാനമായ പഠനമാണിതു്.

കേരളത്തില്‍ ഇന്നു് നമ്മള്‍ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണു് പല കുട്ടികളും ചെറുപ്പക്കാരും, ചിലപ്പോള്‍ നമുക്കു് അറിയാവുന്ന കാരണങ്ങളില്ലെങ്കില്‍ പോലും, ആത്മഹത്യ ചെയ്യുന്നതു്. ഇതു് പഠനവിധേയമാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. എന്നാല്‍ മുകളില്‍ സൂചിപ്പിച്ച പഠനങ്ങള്‍ നമുക്കു് ചില കാര്യങ്ങള്‍ മനസിലാക്കിത്തരേണ്ടതാണു്. പല വിദ്യാര്‍ത്ഥികളും അതിരാവിലെ ട്യൂഷനു് പോയാല്‍ തിരികെ വീട്ടില്‍ വരുന്നതു് രാത്രിയായ ശേഷമാണു്. അതിനു ശേഷം വേണം ക്ലാസിലെ അദ്ധ്യാപകരും ട്യൂഷന്‍ മാസ്റ്റര്‍മാരും നല്‍കിയിട്ടുള്ള പഠനപ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ടതു്. ഇതിനെല്ലാം ശേഷം മാനസികോല്ലാസത്തിനു് അവര്‍ക്കു് ആവശ്യമായ സമയം കിട്ടുന്നില്ല. ആകെക്കൂടിയുള്ള ടെലിവിഷന്‍ കാണല്‍ എന്ന പരിപാടി മാനസികോല്ലാസമായി കാണാനാവില്ല. ഇതിനെല്ലാം സമയം മാറ്റിവെച്ച ശേഷം പലര്‍ക്കും ആവശ്യായത്ര ഉറങ്ങാന്‍ സമയം കിട്ടുന്നുണ്ടാവില്ല. കുട്ടിക്കാലത്തെ ഈ ജീവിതശൈലി അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്നുണ്ടാവണം. നമ്മളിതു് വേണ്ടവിധത്തില്‍ പഠിച്ചിട്ടില്ല.

ഇന്നത്തെ ജീവിതത്തില്‍ നമ്മള്‍ വളരെയധികം പ്രാധാന്യം നല്‍കുന്നതു് നേട്ടങ്ങളിലാണു്. വിദ്യാഭ്യാസകാലത്തു് മറ്റുള്ളവരേക്കാള്‍ മാര്‍ക്കുവാങ്ങുന്നതിനാണു് നമ്മള്‍ കുട്ടികളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതു്. അതു് നേടാനായി രാത്രികാലത്തു് ഉണര്‍ന്നിരുന്നു് പഠിക്കാനായി നമ്മള്‍ കാപ്പിയോ കട്ടന്‍ചായയോ എല്ലാം ഉണ്ടാക്കിക്കൊടുക്കുന്നു. പഠിക്കുന്ന കാര്യങ്ങള്‍ മനസിലാക്കുന്നതിനേക്കാള്‍ മാര്‍ക്കിനു് പ്രാധാന്യം നല്‍കുന്നതിനാല്‍ കുട്ടികള്‍ കാര്യങ്ങള്‍ വേണ്ടവിധം മനസിലാക്കാന്‍ ശ്രമിക്കുന്നില്ല. ക്ലാസിലെ മത്സരം കാരണം ശ്രദ്ധ ഏറ്റവും കൂടുതല്‍ മാര്‍ക്കു് വാങ്ങുന്നതില്‍ മാത്രമാകുന്നു. പരീക്ഷകളില്‍ ‌ തന്റെ കഴിവിന്റെ പരമാവധി നന്നായി എഴുതാന്‍ ശ്രമിക്കുന്നു. ഉറക്കം കളഞ്ഞും പഠിക്കാന്‍ ശ്രമിക്കുന്നു. മാതാപിതാക്കളും മറ്റു ബന്ധുക്കളും ഇതിനെയെല്ലാം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പക്ഷെ ഇതെല്ലാം കുട്ടികളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നു് നമ്മള്‍ അന്വേഷിക്കുന്നതേയില്ല. ഇതൊക്കെത്തന്നെ ആവുമോ കുട്ടികളുടെ ആത്മഹത്യയിലേക്കു് നയിക്കുന്നതു്? നമ്മളതു് അന്വേഷിക്കേണ്ടതല്ലേ? അവര്‍ നമ്മുടെ മക്കളല്ലേ?

സാമ്പത്തികമായി മെച്ചപ്പെടാനും ``പുരോഗതി'' കൈവരിക്കാനുമുള്ള നമ്മുടെ പരക്കം പാച്ചില്‍ തുടങ്ങിയിട്ടു് അധികം കാലമായില്ല. ആ രംഗത്തു് നമ്മേക്കാള്‍ വളരെദൂരം പോയിക്കഴിഞ്ഞ രാജ്യങ്ങളില്‍ നിന്നുള്ള അനുഭവപാഠങ്ങള്‍ അവഗണിക്കുന്നതു് നമുക്കു് പ്രശ്നങ്ങളുണ്ടാക്കുകയേയുള്ളൂ. മേല്പറഞ്ഞ പഠനങ്ങള്‍ പോലെയുള്ള പലതും അത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ നമ്മെ സഹായിക്കേണ്ടതാണു്. നമ്മളെല്ലാം ഇത്തരം കുറേ കാര്യങ്ങള്‍ ശ്രദ്ധിച്ചുവെങ്കില്‍!

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് \eng by-sa \mal ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)
(തേജസ് പത്രത്തിനുവേണ്ടി എഴുതിയ ലേഖനം)

വേരറ്റുപോകുന്ന സസ്യങ്ങള്‍

ലോകത്തെ സസ്യങ്ങളില്‍ ഇരുപതു് ശതമാനത്തിലധികം വംശനാശം നേരിടുന്നു എന്നു് ഒരു പഠനം വ്യക്തമാക്കിയിരിക്കുന്നു. ലണ്ടനിലെ ക്യൂ (Kew) എന്ന സ്ഥലത്തുള്ള റോയല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ നേതൃത്വം നല്‍കിയ ഈ പഠനത്തില്‍ ലണ്ടനിലെ നാച്ചുറല്‍ ഹിസറ്ററി മ്യൂസിയവും ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ ദ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറും (International Union for the Conservation of Nature, IUCN) പങ്കെടുത്തിരുന്നു.

പരിണാമത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പല ജന്തുക്കളും സസ്യങ്ങളും വംശനാശത്തിനു് വിധേയമായിട്ടുണ്ടു്. പരിണാമത്തിന്റെ ഫലമായി സ്വാഭാവികമായി ഉണ്ടായതും ചിലപ്പോഴൊക്കെ കാലാവസ്ഥയില്‍ വന്ന മാറ്റങ്ങളുടെ ഫലമായി ഉണ്ടായതുമാണു് ഈ വംശനാശം. ഭൂമിയില്‍ എല്ലാക്കാലത്തും ഉണ്ടായിരുന്ന സസ്യങ്ങളും ജന്തുക്കളും ചേര്‍ത്തുവച്ചാല്‍ അതിന്റെ ഏതാണ്ടു് 99 ശതമാനവും ഇല്ലാതായിട്ടുണ്ടു് എന്നു് കണക്കാക്കപ്പെടുന്നു. ഇങ്ങനെ വംശനാശം നേരിട്ട മൃഗങ്ങളില്‍ ഒരുപക്ഷെ ഏറ്റവും പ്രസിദ്ധം ദിനോസാറുകളായിരിക്കും. എന്നാല്‍ തീര്‍ച്ചയായും അവ മാത്രമല്ല. പല ജന്തുവര്‍ഗങ്ങളും സസ്യങ്ങളും ഇതുപോലെ വേരറ്റു പോയിട്ടുണ്ടു്. ഉദാഹരണമായി, മനുഷ്യന്‍ ഉത്ഭവിക്കുന്നതിനു് മുമ്പു് ഉണ്ടായിരുന്ന, മനുഷ്യനെപ്പോലെയുള്ള നിയാന്‍ഡര്‍ത്താല്‍ മനുഷ്യന്‍ (Neanderthal Man) എന്ന പേരിലറിയപ്പെടുന്ന ഹോമോ നിയാന്‍ഡര്‍ത്താലെന്‍സിസ് (Homo neanderthalensis) ഇങ്ങനെ വംശനാശം വന്നുപോയ ജന്തുവര്‍ഗമാണു്. മനുഷ്യനുമായി മത്സരിച്ചു് നിലനില്‍ക്കാനാവാതെയായിരിക്കണം ആ ജീവിവര്‍ഗം നശിച്ചുപോയതു്.

മേല്പറഞ്ഞ വംശനാശം പക്ഷെ വളരെ സാവധാനത്തിലാണു് നടന്നതു്. എന്നാല്‍ അപൂര്‍വ്വമായി അനേകം ജീവിവര്‍ഗങ്ങളുടെ വംശനാശം ചെറിയ കാലയളവില്‍ നടന്നതായി തെളിവുണ്ടു്. ഏതാണ്ടു് ആറര കോടി വര്‍ഷം മുമ്പു് ദിനോസാറുകള്‍ ഇല്ലാതെയായതു് ഇത്തരമൊരു സംഭവമായിരുന്നു. അന്നു് നിലവിലുണ്ടായിരുന്ന ജൈവരൂപങ്ങളില്‍ അമ്പതു് ശതമാനത്തോളം ഇല്ലാതെയായി എന്നു് ഗവേഷകര്‍ വിശ്വസിക്കുന്നു. ഏതാണ്ടു് ഇരുപത്തഞ്ചു് കോടി വര്‍ഷം മുമ്പു് (ഭൂഖണ്ഡങ്ങളെല്ലാം ഒന്നിച്ചു ചേര്‍ന്നു് കിടന്നിരുന്ന കാലത്തു്) ഉണ്ടായ സംഭവമാവണം ഒരുപക്ഷെ ഏറ്റവും കൂടുതല്‍ ജീവിവര്‍ഗങ്ങളുടെ നാശത്തിനു് കാരണമായതു്. അന്നു് കടലിലെ ഏതാണ്ടു് 90 ശതമാനവും കരയിലെ ഏതാണ്ടു് 70 ശതമാനവും ജീവികള്‍ വേരറ്റു പോയി എന്നു് കരുതപ്പെടുന്നു. ഒരു ഉല്‍ക്കയോ വാല്‍നക്ഷത്രമോ ഭൂമിയുമായി കൂട്ടിയിടിച്ചതിന്റെ ഫലമായിരിക്കാം ഇതു്.

ഒരു ജീവിവര്‍ഗത്തില്‍ ഏതാനും വ്യക്തികള്‍ മാത്രം അവശേഷിക്കുമ്പോള്‍ ആ വര്‍ഗത്തിനു് പുനരുല്പാദനത്തിലൂടെ നിലനില്‍ക്കാന്‍ സാധ്യമല്ലാത്ത സ്ഥിതി എത്താം. അപ്പോള്‍ത്തന്നെ അതിന്റെ വംശനാശം ഉറപ്പായിക്കഴിഞ്ഞു. എന്നാല്‍ ആ വര്‍ഗത്തിലെ അവസാനത്തെ വ്യക്തിയുടെ മരണത്തോടെ മാത്രമാണു് വംശനാശം സംഭവിച്ചതായി കണക്കാക്കുന്നതു്. ഇങ്ങനെ വംശനാശം സംഭവിച്ചതായി പ്രഖ്യാപിച്ച ചില ജന്തുക്കളെ പിന്നീടു് കണ്ടെത്തിയിട്ടുണ്ടു്. ഒരു വസ്തു കണ്ടിട്ടില്ല എന്നതുകൊണ്ടു് അങ്ങനെയൊന്നില്ല എന്നു കണക്കാക്കാനാവില്ലല്ലോ. എന്നാല്‍ പിന്നീടു് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലാത്ത ജൈവരൂപങ്ങളും നിരവധിയാണു്. ഇന്നത്തെ അറിവിന്റെ അടിസ്ഥാനത്തിലേ നമുക്കു് സംസാരിക്കാനാകൂ.

ഇടയ്ക്കൊക്കെ ഹ്രസ്വകാലംകൊണ്ടു് നിരവധി ചെടികളും മൃഗങ്ങളും വംശനാശം നേരിട്ട സംഭവങ്ങളുണ്ടായിട്ടുണ്ടെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കിയാല്‍ വംശനാശം വളരെ സാവധാനത്തിലാണു് മുമ്പൊക്കെ സംഭവിച്ചിരുതു് എന്നു് കാണാം. എന്നാല്‍ മനുഷ്യന്‍ ഉത്ഭവിച്ചതിനു ശേഷമുള്ള കാര്യം അങ്ങനെയല്ല -- വിശേഷിച്ചു് സാങ്കേതികമായു സാമ്പത്തികമായും ഉയര്‍ന്നു തുടങ്ങിയതിനു് ശേഷം. ഏതാണ്ടു് പതിനാറാം നൂറ്റാണ്ടു മുതല്‍ മൃഗങ്ങളുടെയും സസ്യങ്ങളുടെയും വംശനാശം വളരെ വേഗത്തില്‍ സംഭവിച്ചുതുടങ്ങി എന്നാണു് സൂചന. പലപ്പോഴും മനുഷ്യന്റെ അത്യാര്‍ത്തി തന്നെയായിരുന്നു അതിനു് കാരണം. മൌറീഷ്യസില്‍ കണ്ടുവന്നിരുന്ന ഡോഡൊ എന്ന മൃഗം ഇതിനു് നല്ല ഉദാഹരണമാണു്. കണ്ടാല്‍ ഏതാണ്ടു് കോഴിയെപ്പോലെയിരിക്കുന്ന, പറക്കാനാവാത്ത, മൃഗമായിരുന്നു ഡോഡൊ. അതിനെ ഭക്ഷിക്കുന്ന മൃഗങ്ങളില്ലാത്ത പരിസ്ഥിതിയില്‍ ജീവിക്കുന്നതിനാല്‍ മനുഷ്യരെ കണ്ടാല്‍ പേടിച്ചോടാത്ത, താത്പര്യത്തോടെ അടുത്തു വരുന്ന പ്രകൃതമായിരുന്നു അതിന്റേതു്. പറക്കാനുള്ള ശേഷി ഇല്ലാതിരുന്നതിനാല്‍ അതിനു് പെട്ടെന്നു് രക്ഷപ്പെടാനും ആവില്ലായിരുന്നു. ഈ പ്രത്യേകതകള്‍ മുതലെടുത്തു് മനുഷ്യര്‍ ഡോഡൊയെ ധാരാളം കൊന്നു് തിന്നു. അതിന്റെ ഇറച്ചിയ്ക്കു് വലിയ രുചിയില്ല എന്നാണു് രേഖകള്‍ സൂചിപ്പിക്കുന്നതെങ്കിലും മനുഷ്യന്‍ അതിനെ ജീവിക്കാന്‍ അനുവദിച്ചില്ല. പതിനേഴാം നൂറ്റാണ്ടിന്റെ ആരംഭകാലത്തെപ്പഴോ ആയിരിക്കണം അവസാനത്തെ ഒരു ഡോഡൊയെ വധിച്ചതു് എന്നു് കരുതപ്പെടുന്നു. ചരിത്രരേഖയുള്ള ആദ്യത്തെ വംശനാശം എന്ന നിലയ്ക്കു് ഡോഡൊ പ്രശസ്തമായി. അങ്ങനെയാണു് ``ഡോഡൊയെപ്പോലെ ചത്ത'' (Dead as a Dodo), ``ഡോഡൊയുടെ വഴിയേ പോകുക'' (to go the way of the Dodo) തുടങ്ങിയ പ്രയോഗങ്ങള്‍ നിലവില്‍ വന്നതു്. വംശനാശത്തിന്റെ ചിഹ്നമായിരിക്കുകയാണു് ഇന്നു് ഡോഡൊ.

ചരിത്രാതീത കാലത്തു് നൂറു വര്‍ഷംകൊണ്ടു് ആയിരം സ്പീഷീസില്‍ ഒന്നില്‍ താഴെ മാത്രമാണു് വംശനാശം നേരിട്ടിരുന്നതു് എന്നു് കണക്കുകള്‍ കാണിക്കുന്നു. അതിന്റെ നൂറിരട്ടിയാണു് ഇപ്പോഴത്തെ നിരക്കു് -- ഒരു നൂറ്റാണ്ടുകൊണ്ടു് ആയിരത്തില്‍ നൂറു് സ്പീഷീസ്. ഇവയില്‍ പ്രധാനമായിട്ടുള്ളതു് മൃഗങ്ങളാണു്. വിശേഷിച്ചു് ഉഭയജീവികള്‍. പക്ഷികളുടെയും സസ്തനജീവികളുടെയും വംശനാശം അത്രതന്നെയില്ല. എന്നാല്‍ സസ്തനജീവികളുടെ വംശനാശത്തിന്റെ കണക്കുകള്‍ ഒരുപക്ഷെ വളരെ കൃത്യമായിരിക്കില്ല എന്നു് സൂചനകളുണ്ടു്. വംശനാശം സംഭവിച്ചു എന്നു് കരുതിയിരുന്ന ചില ജന്തുക്കളെ പിന്നീടു് കണ്ടെത്തിയതായി വല്ലപ്പോഴും വാര്‍ത്ത വരാറുമുണ്ടു്. ഒരുപക്ഷെ വംശനാശത്തിന്റെ എല്ലാ കണക്കുകളിലും ഈയൊരു ചെറിയ സംശയമുണ്ടാകാം. എങ്കിലും വലിയതോതില്‍ ജീവജാലങ്ങള്‍ ഇല്ലാതാകുന്നു എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. സസ്യങ്ങളുടെ വംശനാശം താരതമ്യേന കുറവാണു് എന്നായിരുന്നു ഇതുവരെയുള്ള വിശ്വാസം. ആ വിശ്വാസത്തെ മാറ്റിമറിച്ചതാണു് ഇപ്പോഴത്തെ കണ്ടുപിടിത്തം.

ക്യൂ ഗാര്‍ഡന്‍സ് (Kew Gardens) എന്നറിയപ്പെടുന്ന ക്യൂവിലെ റോയല്‍ ബൊട്ടാണിക് ഗാര്‍ഡനാണു് പഠനത്തിനു് നേതൃത്വം നല്‍കിയതു്. ലോകത്തിലുണ്ടെന്നു് കരുതപ്പെടുന്ന 3,80,000 തരം സസ്യങ്ങളുടെ വംശനാശത്തെക്കുറിച്ചുള്ള ഏറ്റവും വിശദമായ പഠനമാണു് ഇതു് എന്നാണു് ക്യൂ ഗാര്‍ഡന്‍സിന്റെ ഡയറക്‌ടര്‍ സ്റ്റീഫന്‍ ഹോപ്പര്‍ (Stephen Hopper) പറഞ്ഞതു്. ``ഞങ്ങള്‍ക്കുണ്ടായിരുന്ന സംശയം ഉറപ്പിക്കുന്നതാണു് ഈ കണ്ടുപിടിത്തം'' എന്നദ്ദേഹം പറഞ്ഞു. മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ മൂലം ചെടികളുടെ ആവാസവ്യവസ്ഥ നഷ്ടപ്പെടുകയും അങ്ങനെ അനേകം സസ്യങ്ങള്‍ വംശനാശം നേരിടുകയും ചെയ്യുന്നുണ്ടെന്നു് പലര്‍ക്കും സംശയമുണ്ടായിരുന്നു. മൃഗങ്ങളുടെ അത്ര തന്നെ സസ്യങ്ങളും വംശനാശം നേരിടുന്നുണ്ടു് എന്നു് ഈ പഠനം സൂചിപ്പിക്കുന്നു. വംശനാശം നേരിടുന്ന ജീവജാലങ്ങളെ സംരക്ഷിക്കാനായുള്ള ഐക്യരാഷ്ട്രസഭയുടെ ബയോഡൈവേഴ്സിറ്റി കണ്‍വെന്‍ഷന്‍ ഒക്‌ടോബര്‍ 18 മുതല്‍ 29 വരെയുള്ള തീയതികളില്‍ ജപ്പാനിലെ നഗോയയില്‍ സമ്മേളിക്കാനിരിക്കെയാണു് ഈ കണ്ടെത്തല്‍ ഉണ്ടായതു് എന്നതു് പ്രസക്തമാണു്.

സസ്യങ്ങളുടെയും മൃഗങ്ങളുടെയും കാര്യത്തില്‍ വളരെ സമ്പന്നമായ ഒരു പ്രദേശമാണു് നമ്മുടെ പശ്ചിമഘട്ടം. ലോകത്തിലെ തന്നെ ഏറ്റവുമധികം ജൈവവൈവിധ്യമുള്ള പത്തു് പ്രദേശങ്ങളില്‍ ഒന്നാണിതു്. ഇവിടെ ഏതാണ്ടു് 5,000 തരം പൂച്ചെടികളും 508 തരം പക്ഷികളും 139 ഇനം സസ്തനജീവികളും 179 തരത്തില്‍പ്പെട്ട ഉഭയജീവികളും ഉണ്ടെന്നാണു് കണക്കാക്കപ്പെടുന്നതു്. നമ്മളിതുവരെ കണ്ടെത്തിയിട്ടില്ലാത്ത സസ്യങ്ങളും മറ്റും ഉണ്ടായിരിക്കാമെന്നതുകൊണ്ടു് മേല്പറഞ്ഞതു് ഏറ്റവും കുറഞ്ഞ കണക്കാവാനേ തരമുള്ളൂ. എന്നാല്‍ ഇവയില്‍ തന്നെ 325 എണ്ണം വംശനാശത്തിന്റെ ഭീഷണിയിലാണു് എന്നറിയുന്നതു് സന്തോഷമുണ്ടാക്കുന്ന കാര്യമല്ല.

എല്ലാത്തരം ജീവനും അടിസ്ഥാനം സസ്യങ്ങളാണു്. വായു, ജലം, സൂര്യപ്രകാശം തുടങ്ങിയവയില്‍നിന്നു് ഭക്ഷണം നിര്‍മ്മിക്കാന്‍ കഴിയുന്നതു് സസ്യങ്ങള്‍ക്കു് മാത്രമാണു്. മറ്റെല്ലാ ജൈവരൂപങ്ങളും നിലനില്‍ക്കുന്നതുതന്നെ സസ്യങ്ങളുടെ സഹായത്തോടെയാണു്. മറിച്ചു് പല സസ്യങ്ങളും പരാഗണത്തിനും മറ്റുമായി ചില പക്ഷിമൃഗാദികളെ ആശ്രയിക്കുന്നുമുണ്ടു്. മാത്രമല്ല, എല്ലാ ജൈവരൂപങ്ങളും നേരിട്ടോ അല്ലാതെയോ മറ്റു ജൈവരൂപങ്ങളെ ആശ്രയിച്ചാണു് നിലനില്‍ക്കുന്നതു്. മനുഷ്യന്റെ കാര്യത്തിലാണെങ്കില്‍ ഭക്ഷണത്തിനു് മാത്രമല്ല മരുന്നുകള്‍ക്കും തടിയ്ക്കും വിറകിനും എല്ലാം സസ്യങ്ങള്‍ ആവശ്യമാണു്. ഇപ്പോള്‍ തന്നെ ആയുര്‍വേദ ഔഷധങ്ങള്‍ തയാറാക്കാന്‍ വേണ്ട പല സസ്യങ്ങളും ലഭിക്കാന്‍ ബുദ്ധിമുട്ടാണു്. തത്‌ഫലമായി ആയുര്‍വേദ മരുന്നുകളുടെ ഗുണനിലവാരം ഉറപ്പിക്കാനും ബുദ്ധിമുട്ടാണു്. ഇതെല്ലാംകൊണ്ടു് എല്ലാ തരം സസ്യങ്ങളും നിലനില്‍ക്കേണ്ടതു് മനുഷ്യനു് അത്യാവശ്യമാണു്.

നമ്മള്‍ വികസനത്തിനുവേണ്ടി പരക്കംപായുമ്പോള്‍ മറന്നുപോകുന്ന വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണു് നമ്മുടെ ആവാസവ്യവസ്ഥയുടെ ആരോഗ്യം.

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)
(തേജസ് പത്രത്തിനുവേണ്ടി തയാറാക്കിയ ലേഖനം.)

Wednesday, November 10, 2010

പരസ്പരം സഹായിക്കുന്ന ബാക്‌ടീരിയ

ആന്റിബയോട്ടിക് മരുന്നുകളെ ചെറുത്തു നില്‍ക്കുന്ന രോഗാണുക്കള്‍ ഇടയ്ക്കിടയ്ക്കു് ചര്‍ച്ചാവിഷയമാകാറുണ്ടല്ലോ. പല മരുന്നുകളെയും ചെറുത്തു നില്‍ക്കാന്‍ ശേഷിയുള്ള `സൂപ്പര്‍ ബഗ്ഗു'കളും ഇപ്പോള്‍ നമ്മെ ഭീഷണിപ്പെടുത്തുന്നു. ഈ സാഹചര്യത്തിലാണു് മരുന്നുകളെ ചെറുക്കാന്‍ കഴിവുള്ള ബാക്ടീരിയകള്‍ ആ കഴിവില്ലാത്ത തങ്ങളുടെ സഹോദരങ്ങളെ സഹായിക്കുന്നുണ്ടു് എന്നു് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നതു്. അമേരിക്കയില്‍ മേരിലാന്‍ഡിലെ ചെവി ചേസ് എന്ന സ്ഥലത്തുള്ള ഹവാര്‍ഡ് ഹ്യൂസ് (Harvard Hughes) മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലാണു് ഈ അത്ഭുതകരമായ കണ്ടുപിടിത്തം നടത്തിയിരിക്കുന്നതു്. സെപ്റ്റംബര്‍ 2ലെ നേച്ചര്‍ \eng(Nature) \mal എന്ന പേരെടുത്ത ശാസ്ത്രവാരികയിലാണു് ഇതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടു് വന്നിരിക്കുന്നതു്. എന്തൊക്കയായിരിക്കാം ഇതു് സൂചിപ്പിക്കുന്നതു്? നമുക്കൊരു വിശകലനം നടത്താം.

മരുന്നുകളെ ചെറുത്തുനില്‍ക്കുന്ന രോഗാണുക്കളെപ്പറ്റി നമ്മുടെയിടയില്‍ വേണ്ടത്ര ധാരണയുണ്ടെന്നു തോന്നുന്നില്ല. ഒരു തരത്തില്‍പ്പെട്ട രോഗാണുക്കള്‍ക്കു് ഒരു മരുന്നിനെ ചെറുത്തുനില്‍ക്കാനുള്ള ശേഷി ഉണ്ടാകുമ്പോള്‍ ആ മരുന്നു് ആ പ്രത്യേകതരം രോഗാണുവിനെതിരെ ഫലപ്രദമല്ലാതാകുകയാണു്. പിന്നീടു് അതുണ്ടാക്കുന്ന രോഗം മറ്റൊരു മരുന്നുകൊണ്ടു് മാത്രമെ ചികിത്സിക്കാനാകൂ. ഇങ്ങനെ നമുക്കിന്നറിയാവുന്ന പല മരുന്നുകളും ഉപയോഗശൂന്യമായിട്ടുണ്ടു്. തുടര്‍ച്ചയായി പുതിയ മരുന്നുകള്‍ കണ്ടെത്തേണ്ട സാഹചര്യമാണു് ഇപ്പോഴുള്ളതു്. ഒരര്‍ത്ഥത്തില്‍ ഇതു് പരിണാമത്തിന്റെ ഉദാഹരണമാണു്. A എന്ന മരുന്നു കഴിക്കുന്ന രോഗിയുടെ ശരീരത്തിലുള്ള രോഗാണുക്കളില്‍ മിക്കതിനെയും മരുന്നു് നശിപ്പിച്ചിട്ടുണ്ടാകാം. രോഗം ഭേദമായിട്ടുമുണ്ടാവാം. എന്നാല്‍ ഏതാനും ചില രോഗാണുക്കള്‍, അവയുടെ ജെനറ്റിക് സവിശേഷത കാരണം, മരുന്നിനു് നശിപ്പിക്കാനാവാതെ അവശേഷിക്കാനൊരു ചെറിയ സാദ്ധ്യതയുണ്ടു്. അത്തരം രോഗാണുക്കള്‍ക്കു് വളരാനുള്ള സാഹചര്യം ലഭിച്ചാല്‍ അവയെ നശിപ്പിക്കാന്‍ A എന്ന മരുന്നിനു് ആവില്ല. അപ്പോള്‍ B എന്ന മറ്റൊരു മരുന്നു് വേണ്ടിവരുന്നു. പരിണാമം സംഭവിക്കുന്നതു് ഇതേ രീതിയിലാണു്. സാഹചര്യത്തില്‍ മാറ്റമുണ്ടാകുമ്പോള്‍ സമൂഹത്തിലെ ചില വ്യക്തികള്‍ക്കു് അവിടെ ജീവിക്കാനുള്ള ശേഷിയുണ്ടാകും, ചിലര്‍ക്കു് അതുണ്ടാവില്ല. ആദ്യത്തെ കൂട്ടരുടെ സന്തതി പരമ്പര തഴച്ചുവളരും, മറ്റുള്ളവരുടേതു് നശിക്കും. ഇങ്ങനെ പല മാറ്റങ്ങളുണ്ടാകുമ്പോള്‍ അതൊരു പുതിയ ജന്തുവര്‍ഗമായി പരിണമിക്കാം.

രോഗാണുക്കള്‍ക്കു് മരുന്നിനെ ചെറുത്തുനില്‍ക്കാനുള്ള ശേഷി ഉണ്ടാക്കുന്നതില്‍ മനുഷ്യര്‍തന്നെ ഒരു പങ്കു് വഹിച്ചിട്ടുണ്ടു്. ഏതെങ്കിലുമൊരു ആന്റിബയോട്ടിക് കഴിച്ചു തുടങ്ങിയാല്‍ രക്തത്തിലുള്ള അതിന്റെ അളവു് കുറച്ചു ദിവസത്തേക്കു് ഒരു നിശ്ചിത നിലയില്‍ കുറയാതിരിക്കേണ്ടതു് ആവശ്യമാണു്. എങ്കിലേ രോഗാണുക്കള്‍ പൂര്‍ണ്ണമായി നശിക്കുകയുള്ളൂ. ഡോക്ടര്‍ പറഞ്ഞ അത്രയും ദിവസം കൃത്യമായി മരുന്നു് കഴിച്ചില്ലെങ്കില്‍ രോഗാണുക്കള്‍ ശരീരത്തില്‍ അവശേഷിക്കാനുള്ള സാദ്ധ്യത ഏറെയാണു്. അങ്ങനെ അവശേഷിക്കുന്നവ ആ മരുന്നിനെ പ്രതിരോധിക്കാനുള്ള ശേഷി നേടിയിരിക്കാനും സാദ്ധ്യതയുണ്ടു്. അതുകൊണ്ടു് അഞ്ചു ദിവസം കഴിക്കണം എന്നു് ഡോക്ടര്‍ പറഞ്ഞാല്‍ രോഗം ഭേദമായതായി നമുക്കു് തോന്നിയാലും അത്രയും ദിവസംതന്നെ കഴിക്കേണ്ടതുണ്ടു്. ഇതു് പലപ്പോഴും പല രോഗികളും ചെയ്യാറില്ല. മരുന്നു് ഏശാത്ത രോഗാണുക്കള്‍ ഉണ്ടാകുന്ന ഒരു മാര്‍ഗം ഇതാണത്രെ.

പാശ്ചാത്യ രാജ്യങ്ങളില്‍ കന്നുകാലികള്‍ക്കു് രോഗചികിത്സയ്ക്കല്ലാതെ ആന്റിബയോട്ടിക്കുകള്‍ നല്കാറുണ്ടത്രെ. ആന്റിബയോട്ടിക്കുകള്‍ അടങ്ങിയ കാലിത്തീറ്റയിലൂടെയാണു് ഇങ്ങനെ ചെയ്യുന്നതു്. കന്നുകാലികളുടെ വളര്‍ച്ച മെച്ചപ്പെടുത്താനായിട്ടാണു് ഇതുപയോഗിക്കുന്നതത്രെ. ഇത്തരം ആന്റിബയോട്ടിക്കുകളെ ചെറുത്തുനില്‍ക്കാന്‍ ശേഷിയുള്ള രോഗാണുക്കളുണ്ടാകാന്‍ ഇതും കാരണമാകുന്നുണ്ടു്. ഈ പ്രശ്നമുള്ളതുകൊണ്ടു് രോഗശുശ്രൂഷയ്ക്കല്ലാതെ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതു് നിരോധിക്കുന്ന കാര്യം ചില രാജ്യങ്ങള്‍ പരിഗണിക്കുന്നുണ്ടു്. ചുരുക്കിപ്പറഞ്ഞാല്‍ ആന്റിബയോട്ടിക്കുകളുടെ അനിയന്ത്രിതമായ ഉപയോഗമാണു് ഒരു കണക്കിനു് മരുന്നുകളെ ചെറുക്കാന്‍ ശേഷിയുള്ള രോഗാണുക്കളെയും സൂപ്പര്‍ ബഗ്ഗുകളെയും മറ്റും സൃഷ്ടിച്ചതു്. ഇതിനു് ഡോക്ടര്‍മാരും രോഗികളും മരുന്നു കമ്പനികളും എല്ലാം ഉത്തരവാദികളാണു്.

ഈ സാഹചര്യത്തിലാണു് ഹാര്‍വഡ് ഹ്യൂസില്‍നിന്നുള്ള പുതിയ കണ്ടെത്തല്‍. അതെന്താണെന്നു് പരിശോധിക്കാം. ഓരോ ബാക്ടീരിയയും പ്രത്യേകമായിട്ടാണു് മരുന്നിനോടു് പ്രതികരിക്കുന്നതു് എന്നാണു് ഇതുവരെ ധരിച്ചിരുന്നതു്. അതായതു് മരുന്നിനെ ചെറുത്തുനില്ക്കാനുള്ള ശേഷി ഓരോ ബാക്ടീരിയയുമാണു് കൈവരിക്കുന്നതു് എന്നു്. പുതിയ കണ്ടുപിടിത്തം ആ ധാരണ മാറ്റി. മരുന്നിന്റെ സാന്നിദ്ധ്യത്തില്‍ അതിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ബാക്ടീരിയകള്‍ ചില പ്രത്യേകതരം പ്രൊട്ടീന്‍ തന്മാത്രകള്‍ ഉത്‌പാദിപ്പിക്കുകയും അവയെ പരിസരത്തിലേക്കു് വിസര്‍ജിക്കുകയും ചെയ്യുന്നു എന്നവര്‍ കണ്ടു. ഈ തന്മാത്രകള്‍ മറ്റു ബാക്ടീരിയകളെ മരുന്നില്‍നിന്നു് രക്ഷപ്പെടാന്‍ സഹായിക്കുന്നു എന്നവര്‍ പറയുന്നു. അങ്ങനെ മരുന്നിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ബാക്ടീരിയകള്‍ തങ്ങളുടെ സഹോദരങ്ങളെയും മരുന്നിന്റെ ആക്രമണത്തില്‍നിന്നു് രക്ഷിക്കുന്നുണ്ടത്രെ. ഇ കൊളൈ (escherichia coli) എന്ന ബാക്ടീരിയകളിലാണു് അവര്‍ പരീക്ഷണം നടത്തിയതു്.

ഈ അനുഭവത്തില്‍നിന്നു് എന്തെല്ലാം പാഠങ്ങളാണു് നമ്മള്‍ ഉള്‍ക്കൊള്ളേണ്ടതു്? ആദ്യമായിട്ടു് എന്തുകൊണ്ടാണു് ആധുനിക വൈദ്യശാസ്ത്രത്തിന്റെ മരുന്നുകള്‍ക്കു് ഇത്തരം പ്രശ്നങ്ങളുള്ളതു് എന്ന ചോദ്യമുയരുന്നു. അതിനുള്ള ഒരു ഉത്തരം അതിന്റെ കച്ചവടവല്‍ക്കരണമല്ലേ? മറ്റുല്പന്നങ്ങള്‍ വാങ്ങാന്‍ പരസ്യങ്ങള്‍ വഴി പ്രോത്സാഹിപ്പിക്കുന്നതിനോടു് താരതമ്യം ചെയ്യാവുന്ന തരത്തിലാണു് മരുന്നുകളും കച്ചവടം ചെയ്യുന്നതു്. ഒരു മരുന്നു് കൂടുതല്‍ കുറിച്ചു കൊടുക്കുന്നതിനു് ഡോക്ടറന്മാര്‍ക്കു് പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കുന്നു. അതുകൊണ്ടു് പല ഡോക്ടറന്മാരും ആവശ്യത്തിനും അനാവശ്യത്തിനും രോഗികളെക്കൊണ്ടു് മരുന്നുകള്‍ വാങ്ങിപ്പിക്കുന്നു. അറിവില്ലായ്മകൊണ്ടും ഡോക്ടറന്മാര്‍ ശരിയായ രീതിയില്‍ വിശദീകരിച്ചു കൊടുക്കാത്തതുകൊണ്ടും ഒക്കെ കുറേ രോഗികള്‍ ആന്റിബയോട്ടിക്കുകള്‍ വേണ്ടത്ര നേരം കഴിക്കുന്നില്ല.

ഇതു് ഒരുവശത്തു് സംഭവിക്കുമ്പോള്‍ മറ്റൊരുവശത്തു് ചിലര്‍ ആന്റിബയോട്ടിക്കുകള്‍ ചേര്‍ന്ന കാലിത്തീറ്റ പടച്ചുവിടുന്നു. അവ കന്നുകാലികള്‍ വേഗത്തില്‍ വളരാനായി പലരും ഉപയോഗിക്കുന്നു. ഇതെല്ലാം മരുന്നുകളെ പ്രതിരോധിക്കുന്ന രോഗാണുക്കളുണ്ടാകാനായി വഴിതെളിക്കുന്നു. ചികിത്സയും മരുന്നുല്പാദനവും കന്നുകാലിവളര്‍ത്തലും എല്ലാം പരമാവധി ലാഭം കൊയ്യാന്‍വേണ്ടി ചെയ്യുന്നതിന്റെ, രോഗിയെയും കന്നുകാലികളെയും അതിനുള്ള മാര്‍ഗം മാത്രമായി കാണുന്നതിന്റെ, ഫലമല്ലേയിതു്? പണത്തിനു് ജീവിതത്തില്‍ വളരെ പ്രമുഖമായ ഒരു സ്ഥാനം കൈവന്നതിന്റെ ഫലമായല്ലേ ഇതെല്ലാം ഉണ്ടായതു്?

ഭാരതീയ ചികിത്സാ സമ്പ്രദായത്തില്‍ ചില നിഷ്ഠകള്‍ ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ടു്. വൈദ്യശാസ്ത്രം പഠിക്കുന്നവര്‍ ഒരിക്കലും ആ അറിവു് സ്വന്തം ഗുണത്തിനായി ഉപയോഗിക്കരുതു് എന്നുള്ളതായിരുന്നു അവയില്‍ ഒന്നു് എന്നു് പറഞ്ഞു കേട്ടിട്ടുണ്ടു്. വൈദ്യശാസ്ത്രം ഒരു സേവനമായി കാണണം എന്നായിരുന്നു അതിന്റെ ഉദ്ദേശ്യം. ഇന്നും മിക്ക പാരമ്പര്യ വൈദ്യന്മാരും രോഗിയെ പരിശോധിക്കുന്നതിനോ ചികിത്സ തീരുമാനിക്കുന്നതിനോ പണം വാങ്ങാറില്ല. മരുന്നിന്റെ വില മാത്രമാണു് അവര്‍ ആവശ്യപ്പെടുന്നതു്. രോഗികളില്‍ ചിലര്‍ വൈദ്യനും പ്രതിഫലം നല്‍കാറുണ്ടു്. അതു് രോഗിയുടെ ഇഷ്ടം. പല ആദിവാസി സമൂഹങ്ങളിലും ഇത്തരം ചിട്ടകള്‍ ഇന്നും വളരെ കര്‍ശനമായി പാലിക്കുന്നുണ്ടു്. അതുകൊണ്ടുതന്നെ സ്വന്തം ഗുണത്തിനായി അറിവു് ഉപയോഗിക്കും എന്നു് സംശയിക്കുന്നവരെ അവര്‍ വൈദ്യശാസ്ത്രം പഠിപ്പിക്കാറില്ല. എന്നാല്‍ ഇക്കാലത്തു് പണമുണ്ടാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗങ്ങളില്‍ ഒന്നായിരിക്കുന്നു ആധുനിക വൈദ്യശാസ്ത്രം. അതുകൊണ്ടുതന്നെയല്ലേ മെഡിസിന്‍ പഠിക്കാനുള്ള പരക്കം പാച്ചില്‍?

ഭാരതീയ വൈദ്യശാസ്ത്രത്തിന്റെ കാര്യം പറയുമ്പോള്‍ മറ്റൊരു കാര്യം മനസില്‍ വരുന്നു. ആയിരക്കണക്കിനു് വര്‍ഷം മുമ്പു് ഉപയോഗിച്ചിരുന്ന ഔഷധങ്ങള്‍ തന്നെയാണു് ഇന്നും ആയുര്‍വേദത്തില്‍ കുറിച്ചു കൊടുക്കുന്നതു്. ഇക്കാലമത്രയും കഴിഞ്ഞിട്ടും ഈ മരുന്നുകളെ പ്രതിരോധിക്കുന്ന രോഗാണുക്കള്‍ ഉണ്ടാകാത്തതെന്തേ? പെനിസിലിന്‍ എന്ന `ദിവ്യൌഷധം' കണ്ടുപിടിച്ചിട്ടു് നൂറുവര്‍ഷം തികഞ്ഞിട്ടില്ല. എന്നിട്ടും അതു് ചില രോഗാണുക്കളുടെ കാര്യത്തിലെങ്കിലും പ്രയോജനമില്ലാതായിട്ടുണ്ടു്. അതിനുശേഷം കണ്ടുപിടിച്ച പല മരുന്നുകളെയും ചെറുക്കുന്ന രോഗാണുക്കള്‍ ഉണ്ടായിക്കഴിഞ്ഞു. പുതിയ മരുന്നുകള്‍ കണ്ടുപിടിക്കാന്‍ കഴിയുന്നതിനേക്കാള്‍ വേഗത്തില്‍ മരുന്നുകള്‍ ഫലപ്രദമല്ലാതായി തീരുന്നുണ്ടെന്നു് എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു. എന്താണിങ്ങനെ സംഭവിക്കുന്നതു്? ആയുര്‍വേദത്തിന്റെ (മറ്റു പല പാരമ്പര്യ ചികിത്സാ സമ്പ്രദായങ്ങളുടെയും) അടിസ്ഥാന തത്വങ്ങള്‍ ആധുനിക വൈദ്യശാസ്ത്രത്തിന്റേതിനേക്കാള്‍ മെച്ചപ്പെട്ടവയായതുകൊണ്ടാണോ? ഇതു് ശ്രദ്ധയോടെ, മുന്‍വിധികളില്ലാതെ, പഠിക്കേണ്ടിയിരിക്കുന്നു. മാറേണ്ടി വരുന്നതു് ആധുനിക വൈദ്യശാസ്ത്രം തന്നെയാവില്ല എന്നു് പറയാനാവുമോ?

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)

വെച്ചൂര്‍ പശു തന്നെ നല്ലതു്

(തേജസ് പത്രത്തില്‍ ആഗസ്റ്റ് 2010ല്‍ പ്രസിദ്ധീകരിച്ച ലേഖനം)

നമ്മുടെ ഫോറിന്‍ ഭ്രമവും തങ്ങളുടെ അറിവുകളാണു് കേമം എന്നുള്ള ചില പാശ്ചാത്യരുടെ അഹങ്കാരവും ചേര്‍ന്നു് നമുക്കു് പാരമ്പര്യമായുണ്ടായിരുന്ന പലതും ഇല്ലാതാക്കി. അക്കൂട്ടത്തില്‍ നമ്മുടെ വേഷവിധാനങ്ങളും ഭക്ഷണക്രമങ്ങളും വൈദ്യശാസ്ത്രവും എല്ലാം പെടുന്നു. അങ്ങനെ നമുക്കു് എന്തെല്ലാം നഷ്ടപ്പെട്ടു എന്നു് തിരിച്ചറിയാന്‍ കാലങ്ങളെടുക്കാം. ഓരോന്നായി നമ്മള്‍ മനസിലാക്കിത്തുടങ്ങി എന്നതു് നല്ല കാര്യം തന്നെ. വെച്ചൂര്‍ പശുവിന്റെ പാലിനുള്ള ഗുണങ്ങള്‍ അത്തരത്തിലൊന്നാണു്. തൃശ്ശൂരുള്ള വളര്‍ത്തുമൃഗ-മൃഗശാസ്ത്ര വിദ്യാലയ (College of Veterinary and Animal Science) ത്തില്‍ തന്റെ ഡോക്ടറേറ്റ് ബിരുദത്തിനുവേണ്ടി നടത്തിയ പഠനത്തിലാണു് വെച്ചൂര്‍ പശുവിന്റെ പാലിലുള്ള ആരോഗ്യദായകമായ ഘടകത്തെക്കുറിച്ചു് ഡോക്ടര്‍ ഇ.എം. മുഹമ്മദ് കണ്ടെത്തിയിരിക്കുന്നതു്. പ്രോഫസ്സര്‍ സ്റ്റീഫന്‍ മാത്യുവിന്റെ മാര്‍ഗനിര്‍ദ്ദേശത്തിലാണു് അദ്ദേഹം പഠനം നടത്തിയതു്.

വെച്ചൂര്‍ പശുവിനെപ്പറ്റി അറിയാത്തവര്‍ ഇന്നു് കേരളത്തില്‍ വിരളമായിരിക്കും. കോട്ടയത്തടുത്തുള്ള വെച്ചൂര്‍ എന്ന സ്ഥലത്തിന്റെ പേരിലാണു് അറിയപ്പെടുന്നതെങ്കിലും കോട്ടയം, എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളില്‍ പലയിടങ്ങളിലും സാധാരണമായിരുന്ന പശുവാണിതു്. ലോകത്തിലെ ഏറ്റവും ചെറിയ പശു എന്ന ഖ്യാതി ലഭിച്ച വെച്ചൂര്‍ പശുവിനു് തീറ്റ കുറച്ചു മതി; എന്നാല്‍ തീറ്റയ്ക്കനുസൃതമായി നോക്കിയാല്‍ കൂടുതല്‍ പാല്‍ തരുകയും ചെയ്യും. കൂടാതെ രോഗപ്രതിരോധശേഷി കൂടുതലുള്ള ഇനവുമാണു്. 1960കളില്‍ പാലുല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനായി സങ്കരയിനം പശുക്കളെ വളര്‍ത്തുന്നതു് പ്രോത്സാഹിപ്പിക്കുകയും വിദേശീയ ഇനത്തില്‍പ്പെട്ട കാളകളുടെ ബീജം ഉപയോഗിച്ചു് കൃത്രിമ ബീജസങ്കലനം നടത്തി കൂടുതല്‍ പാല്‍ തരുന്ന ഇനങ്ങളെ സൃഷ്ടിക്കാനുള്ള ശ്രമം നടത്തുകയും ചെയ്തിരുന്നു. മാത്രമല്ല, പുനരുല്പാദനശേഷിയുള്ള നാടന്‍ കാളകളെ വളര്‍ത്തുന്നതുതന്നെ 1961ലെ കേരള ലൈവ്സ്റ്റോക്ക് ആക്‌ട് നിരോധിച്ചു. ഇതിന്റെ ഫലമായി നമ്മുടെ പല നാടന്‍ കന്നുകാലി ഇനങ്ങളും പ്രചാരത്തില്‍ ഇല്ലാതെയായി. ഏതാണ്ടു് രണ്ടു് ദശാബ്ദക്കാലം മുമ്പു് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥികളും മറ്റും നടത്തിയ തെരച്ചിലിന്റെ ഫലമായി കുറെ വെച്ചൂര്‍ പശുക്കളെ കണ്ടെത്താനായി. അങ്ങനെ തുടങ്ങിയ സംരക്ഷണ പരിപാടി കാരണമാണു് കുറേയെങ്കിലും വെച്ചൂര്‍ പശുക്കള്‍ ഇപ്പോഴും അവശേഷിക്കുന്നതു്. അവയില്‍ പകുതിയും വെറ്ററിനറി കോളജിന്റെ സംരക്ഷണത്തിലാണു്. വളര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ രജിസ്റ്റര്‍ ചെയ്തു് ആറുമാസം കാത്തിരുന്നാല്‍ മാത്രമെ ഒരു പശുക്കിടാവിനെ കിട്ടൂ.

മനുഷ്യരുടെ ഭക്ഷണക്രമത്തിലെ പ്രധാനപ്പെട്ട ഒരു ഘടകമാണു് പാല്‍. കുട്ടിക്കാലം മുതല്‍ക്കേ പാലായും തൈരാക്കി മാറ്റിയും മറ്റും നമ്മള്‍ പാല്‍ കഴിക്കുന്നുണ്ടല്ലോ. പ്രായപൂര്‍ത്തിയായ ശേഷവും പലപ്പോഴും പാലായിത്തന്നെയും കാപ്പി, ചായ, മറ്റു പാനീയങ്ങള്‍ എന്നിവയില്‍ ചേര്‍ത്തും നമ്മള്‍ പാല്‍ ഉപയോഗിക്കുന്നണ്ടു്. ഇന്നു് നമ്മളില്‍ പലരും, വിഷേഷിച്ചു് നഗരങ്ങളില്‍ താമസിക്കുന്നവര്‍, ഉപയോഗിക്കുന്നതു് പല പ്രക്രിയകളിലൂടെ കടന്നുവന്ന പാലാണു്. പലപ്പോഴും വാങ്ങാന്‍ ലഭിക്കുന്നതു് തന്നെ പാല്‍പ്പൊടി കലക്കിയുണ്ടാക്കിയ പാലാണു്. പോളിത്തീന്‍ കവറുകളില്‍ പല പേരുകളില്‍ ലഭിക്കുന്ന പാലില്‍ മറ്റെന്തെല്ലാം കലരുന്നുണ്ടു് എന്നു് നമുക്കറിയില്ല. പശുവില്‍നിന്നോ ആടില്‍നിന്നോ ലഭിക്കുന്ന പാലുമായി താരതമ്യം ചെയ്യുമ്പോള്‍ നമുക്കു് ലഭിക്കുന്ന പാലിനു് എന്തെല്ലാം ഗുണങ്ങളോ ദോഷങ്ങളോ ഉണ്ടെന്നു് നമുക്കറിയില്ല. എങ്കിലും ശുദ്ധമായ പശുവിന്‍പാലില്‍ ധാരാളം പ്രൊട്ടീന്‍ ഉണ്ടെന്നു് നമുക്കറിയാം. ഇതില്‍ ഏതാണ്ടു് 80 ശതമാനവും കസീന്‍ (Casein) എന്ന പ്രൊട്ടീനാണത്രെ. കസീന്‍ നാലു തരത്തിലുണ്ടു്. അവയില്‍ ഏറ്റവും പ്രമുഖമായിട്ടുള്ളതു് ബീറ്റ കസീനാണു്. ആകെയുള്ള കസീനിന്റെ 30-35 ശതമാനത്തോളം ഇതാണു്. ഇതുതന്നെ പല തരത്തിലുണ്ടു്. എങ്കിലും A1, A2, എന്ന ഇനങ്ങളാണു് ഏറ്റവും കൂടുതല്‍ കാണപ്പെടുന്നതു്.

പല വര്‍ഗ്ഗത്തിലുള്ള പശുക്കളില്‍ നിന്നു് ലഭിക്കുന്ന പാലിന്റെ ഗുണത്തില്‍ വ്യത്യാസമുണ്ടത്രെ. ചിലയിനം പശുക്കളുടെ പാലില്‍ A1 ബീറ്റ കസീനാണു് കൂടുതലുള്ളതെങ്കില്‍ മറ്റു ചിലയിനം പശുക്കളുടെ പാലില്‍ A2 ബീറ്റ കസീനാണു് കൂടുതലുള്ളതു്. ഉദാഹരണമായി ഫ്രീസിയന്‍ (Friesian) ഇനത്തിലുള്ള പശുക്കള്‍ A1 ബീറ്റ കസീനാണു് കൂടുതല്‍ ഉല്പാദിപ്പിക്കുന്നതു്. എന്നാല്‍ മറ്റു ചിലയിനം പശുക്കളും ആടുകളും കൂടുതല്‍ ഉല്പാദിപ്പിക്കുന്നതു് A2 ബീറ്റ കസീനാണു്. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുള്ള ആസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ സംഘടന 2007ല്‍ വെളിപ്പെടുത്തിയതാണു് ഈ വിവരം.

മേല്പറഞ്ഞ രണ്ടിനം ബീറ്റ കസീനുകളില്‍ A1 എന്നയിനം ചില രോഗങ്ങള്‍ക്കു് കാരണമാകാന്‍ സാദ്ധ്യതയുണ്ടു് എന്നു് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഒരു തരത്തിലുള്ള ഡയബറ്റിസ് (Type 1 Diabetes Mellitus), ഇസ്ക്കീമിക് ഹാര്‍ട്ട് ഡിസീസ് (Ischaemic heart disease, IHD) എന്നറിയപ്പെടുന്ന ഹൃദ്‌രോഗം, സ്ക്കിസോഫ്രീനിയ, ഓട്ടിസം തുടങ്ങിയ ചില മാനസിക പ്രശ്നങ്ങള്‍ എന്നിവയാണു് A1 ബീറ്റ കസീന്‍ മൂലമുണ്ടാകുന്നു എന്നു് സംശയിക്കപ്പെടുന്നതു്. ദഹനപ്രക്രിയയുടെ ഫലമായി ബീറ്റ കസീനില്‍നിന്നു് ഉണ്ടാകുന്ന ചില വസ്തുക്കളാണു് ഈ രോഗങ്ങള്‍ക്കു് കാരണമാകുന്നതു് എന്നാണു് കരുതുന്നതു്.

മെല്‍ബണിലെ ഡീകിന്‍ സര്‍വ്വകലാശാലയിലെ ആരോഗ്യശാസ്ത്ര വിഭാഗത്തിലെ പ്രൊഫസര്‍ ബോയ്ഡ് സ്വിന്‍ബേണ്‍ ന്യൂസിലന്‍ഡിലെ ഭക്ഷ്യസുരക്ഷാ ഏജന്‍സിയ്ക്കുവേണ്ടി ആറു വര്‍ഷം മുമ്പു് ഒരു പഠനം നടത്തിയിരുന്നു. ഡയബറ്റിസ് ഉണ്ടാവാനുള്ള ഒരു കാരണം A1 കസീന്‍ ആവാം എന്നതിനു് തള്ളിക്കളയാനാവാത്ത തെളിവുകള്‍ ഉണ്ടെന്നു് പഠനറിപ്പോര്‍ട്ടില്‍ അദ്ദേഹം പറയുന്നു. ശാസ്ത്രലോകം പൊതുവായി അംഗീകരിക്കുന്ന വസ്തുതകളെ അടിസ്ഥാനമാക്കിയാണു് അദ്ദേഹം ഈ നിഗമനത്തില്‍ എത്തിയതു്. എന്നാല്‍ ഹൃദ്രോഗത്തിന്റെ കാര്യത്തില്‍ തെളിവുകള്‍ അത്രതന്നെ വ്യക്തമല്ല എന്നാണു് അദ്ദേഹത്തിന്റെ മതം. മറ്റു രോഗങ്ങളുടെ കാര്യത്തില്‍ ലഭ്യമായ തെളിവുകള്‍ വളരെ അപര്യാപ്തമാണു് എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. എന്നാല്‍ ന്യൂസിലന്‍ഡ് സര്‍ക്കാരിന്റെ ഒരു വെബ്‌സൈറ്റില്‍ പറയുന്നതു് ഡയബറ്റിസിനും ഹൃദ്രോഗത്തിനും A1 ബീറ്റ കസീനുമായുള്ള ബന്ധത്തിനാണു് ഏറ്റവും ശക്തമായ തെളിവുകളുള്ളതു് എന്നാണു്. വിവിധ രാജ്യങ്ങളില്‍ ഇത്തരം കസീനുള്ള പാലിന്റെ ഉപയോഗവും ഹൃദ്രോഗമുള്ളവരുടെ എണ്ണവും തമ്മലുള്ള ബന്ധമാണു് ഇതിനു് ആധാരമായി ഉപയോഗിച്ചിരിക്കുന്നതു് എന്നും ഇതില്‍നിന്നു് ബീറ്റ കസീനാണു് രോഗത്തിനു് കാരണമാകുന്നതു് എന്നു് അനുമാനിക്കുന്നതു് ശരിയാവണമെന്നില്ല എന്നും അവര്‍ സൂചിപ്പിക്കുന്നുണ്ടു്.

എന്തായാലും A2 ബീറ്റ കസീന്‍ ധാരാളമുള്ള പാലാണു് വെച്ചൂര്‍ പശു തരുന്നതു് എന്നുള്ള കണ്ടുപിടിത്തം --- അതു് ശരിയാണെങ്കില്‍ --- അതു് നമ്മളെ ഒരു പാഠം പഠിപ്പിക്കേണ്ടതാണു്. ആരോ എന്തോ പറഞ്ഞതുകേട്ടു് എന്തെങ്കിലും ചെയ്യാന്‍ കച്ചകെട്ടി ഇറങ്ങരുതു് എന്നുള്ള പഴയ പാഠമാണതു്. ഇതു് നമ്മള്‍ പണ്ടേ പഠിക്കേണ്ട പാഠമായിരുന്നു. ഇത്തരം അബദ്ധങ്ങള്‍ എത്രയോ നമ്മള്‍ കാട്ടിക്കൂട്ടിയിരിക്കുന്നു. ഉദാഹരണമായി, പാലുല്പാദനം വര്‍ദ്ധിപ്പിക്കാനെന്ന പേരില്‍ത്തന്നെ സര്‍ക്കാരുകള്‍ കാണിച്ചിട്ടുള്ളതിനെപ്പറ്റി പ്രമുഖ പത്രപ്രവര്‍ത്തകനായ സായ്‌നാഥ് തന്റെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നതു് നോക്കൂ: ``സമന്വിത എന്ന പദ്ധതി 1978ല്‍ തുടങ്ങിയതാണു്. 80കളുടെ തുടക്കത്തോടെ അതു് പൂര്‍ണ്ണവേഗതയിലായി. ...... ഒരു പുതിയ, ഉയര്‍ന്ന കന്നുകാലി വര്‍ഗ്ഗത്തെ സൃഷ്ടിക്കുക എന്നതായിരുന്നു ഉദ്ദേശ്യം എന്നതുകൊണ്ടു് (മറ്റു കന്നുകാലി വര്‍ഗ്ഗങ്ങളുടെ) അശുദ്ധി തീരെ സ്വീകാര്യമല്ലായിരുന്നു ...... (പശുക്കള്‍ നാടന്‍ കാളകളുമായി ഇണചേരാതിരിക്കാനായി) നാടന്‍ കാളകളുടെ വന്ധീകരണ പരിപാടി ഗംഭീരമായിത്തന്നെ നടത്തി ...... കോംന, ഖരിയര്‍, ഖരിയര്‍ റോഡ് എന്നീ പ്രദേശങ്ങളിലെ എല്ലാ കാളകളെയും വന്ധീകരിച്ചു ...... എന്നിട്ടവര്‍ ജേഴ്സി കാളകളുടെ ബീജമുപയോഗിച്ചു് കൃത്രിമ ബീജസങ്കലനം നടത്തി. രണ്ടു വര്‍ഷവും രണ്ടുകോടി രൂപയും കഴിഞ്ഞപ്പോള്‍ ...... വെറും എട്ടു് സങ്കരവര്‍ഗ്ഗ പശുക്കിടാവുകളാണു് ആ പ്രദേശത്തു് മുഴുവനുംകൂടി പിറന്നതു്. ഒരൊറ്റ ലിറ്റര്‍ പാലു പോലും അധികമായി ഉല്‍പ്പാദിച്ചില്ല. ...... ഒരുകാലത്തു് പാലുല്പാദിപ്പിച്ചു് വിറ്റിരുന്നവര്‍ ഇന്നു് പാല്‍ വാങ്ങുന്നവരായി.''(P. Sainath, Everybody loves a good drought, Penguin, 1996)

മേല്പറഞ്ഞതു് ഒറീസയിലെ ഒരു ഗ്രാമത്തില്‍ നടന്ന കാര്യമാണു്. ഈ `വികസന' പ്രവര്‍ത്തനങ്ങളുടെ ഫലമായി അവിടത്തെ തനതായ ഖരിയര്‍ കാള ആ പ്രദേശത്തു് ഇല്ലാതായി. പിന്നീടു് മറ്റെവിടെയോനിന്നു് ചിലര്‍ കണ്ടെത്തി കൊണ്ടുവന്ന ഒന്നുരണ്ടു് കാളകള്‍ നിമിത്തമാണു് ഇപ്പോഴും ഖരിയര്‍ ഇനത്തില്‍പ്പെട്ട കന്നുകാലികള്‍ അവിടെ നിലനില്‍ക്കുന്നതു്. ഇതിനും രണ്ടു് ദശാബ്ദക്കാലം മുമ്പു് കേരളത്തില്‍ പാലുല്പാദനം വര്‍ദ്ധിപ്പിക്കാനെന്ന പേരില്‍ തന്നെയാണു് വെച്ചൂര്‍ പശുക്കളെ ഇല്ലാതാക്കിയതു്. ഇതില്‍നിന്നൊന്നും ഒരു പാഠവും നമ്മള്‍ പഠിക്കാന്‍ തയാറായില്ല. ഒറീസയില്‍ ഈ നാടകം അരങ്ങേറിയ ശേഷവും മറ്റിടങ്ങളില്‍ പശുക്കളുടെ ഇനം `മെച്ചപ്പെടുത്താനുള്ള' നടപടികള്‍ തുടരുന്നുണ്ടായിരുന്നു. നമ്മുടേതായ കന്നുകാലികളുടെയോ വിത്തിനങ്ങളുടെയോ ഗുണങ്ങള്‍ മനസിലാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനു മുമ്പുതന്നെ വിദേശ ബീജവുമായി സങ്കലനം ചെയ്തു് അവ മെച്ചപ്പെടുത്താനാണു് നമ്മള്‍ ശ്രമിച്ചതു്. ഇങ്ങനെ നമ്മുടെ എത്ര നെല്ലിനങ്ങള്‍ ഇല്ലാതായിരിക്കും എന്നറിയില്ല. വികസനത്തിന്റെ പേരില്‍ ഇനി ഇവിടത്തെ മനുഷ്യരുടെ ഇനം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ എന്നാണോ തുടങ്ങുക!

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)

Sunday, September 26, 2010

അല്‍ഷൈമേഴ്സ് എന്ന ഭീകരനെതിരെ ഒരായുധം?

(തേജസ് പത്രത്തില്‍ ജൂലൈ 2010ല്‍ പ്രസിദ്ധീകരിച്ച ലേഖനം)
നമ്മില്‍ പലര്‍ക്കും `തന്മാത്ര' എന്ന ചലച്ചിത്രം പരിചയപ്പെടുത്തിത്തന്ന രോഗമാണു് അല്‍ഷൈമേഴ്സ്. പൂര്‍ണ്ണ ആരോഗ്യത്തോടെ നടക്കുന്ന ഒരു വ്യക്തി ക്രമേണ ഓര്‍മ്മ നഷ്ടപ്പെട്ടു് അസാധാരണമായി പെരുമാറുന്നതു കണ്ടപ്പോള്‍ കണ്ണു നനയാത്തവരുണ്ടാവില്ല. എന്നാല്‍ അതു് ആര്‍ക്കും വരാവുന്ന രോഗമാണെന്നു മനസിലാകുമ്പോള്‍ ആ സഹാനുഭൂതി ഒരുതരം ഭയമായി മാറുന്നതു് ചിലപ്പോഴെങ്കിലും കാണാം. കേരളത്തിലും പ്രായമായ പലരിലും കണ്ടു തുടങ്ങിയിട്ടുള്ള രോഗമാണു് അല്‍ഷൈമേഴ്സ്. പ്രശസ്തരായ ചിലരും ഇതിനു് അടിപ്പെട്ടിട്ടുണ്ടു്. അല്‍ഷൈമേഴ്സിനു് ഒരു പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങള്‍ കുറച്ചു കാലമായി നടക്കുന്നതാണു്. എന്നാല്‍ അതിനൊരു വഴി കാണാനാവാതെ കുഴങ്ങുകയായിരുന്നു ശാസ്ത്രജ്ഞര്‍. അടുത്ത കാലത്തെ ഒരു കണ്ടെത്തല്‍ അല്‍ഷൈമേഴ്സിനുള്ള ഒരു ചികിത്സയിലേയ്ക്കു് നയിക്കാന്‍ സാദ്ധ്യതയുണ്ടെന്നു് കരുതപ്പെടുന്നു.

ഡെമെന്‍ഷ്യ (dementia) എന്ന രോഗത്തിന്റെ ഒരു വകഭേദമാണു് അല്‍ഷൈമേഴ്സ്. മറവി തന്നെയാണു് ഡെമെന്‍ഷ്യയുടെ ലക്ഷണം. പണ്ടുണ്ടായ കാര്യങ്ങളോ പണ്ടൊരിക്കല്‍ കണ്ട വ്യക്തിയുടെ പേരോ വിവരങ്ങളോ മറക്കുക സ്വാഭാവികമാണു്. എന്നാല്‍ അങ്ങനെയല്ലാത്ത മറവിയാണു് ഡെമെന്‍ഷ്യയുടെ ലക്ഷണം. മറക്കുന്നതു് അടുത്ത കാലത്തുണ്ടായ കാര്യങ്ങളാവാം, അല്ലെങ്കില്‍ അടുത്തുള്ളവരുടെ പേരാകാം. മറ്റുള്ളവര്‍ക്കു് അസ്വാഭാവികമായി തോന്നുന്ന തരത്തിലുള്ള മറവിയാണു് ഡെമെന്‍ഷ്യയായി മാറാന്‍ സാദ്ധ്യതയുള്ളതു്.

രണ്ടു കാരണങ്ങള്‍ കൊണ്ടു് ഡെമെന്‍ഷ്യയുണ്ടാവാം. ഒരു കാരണം മസ്തിഷ്ക്കത്തിനേല്‍ക്കുന്ന ക്ഷതമാണു്. വാഹനാപകടങ്ങളില്‍നിന്നും മറ്റും ഏല്‍ക്കാവുന്ന ഇത്തരം ക്ഷതം മൂലമുണ്ടാകുന്ന ഡെമെന്‍ഷ്യ ഒരേ നിലയ്ക്കുതന്നെ തുടരും. അതായതു് വ്യക്തിയുടെ സ്ഥിതിയില്‍ കാര്യമായ മാറ്റമൊന്നും ദൃശ്യമാവില്ല. രോഗമാണു് ഡെമെന്‍ഷ്യയുണ്ടാവാനുള്ള മറ്റൊരു കാരണം. അങ്ങനെയാണെങ്കില്‍ രോഗിയുടെ മറവി കൂടിക്കൂടി വരുന്നതു് കാണാം. പൊതുവെ വാര്‍ദ്ധക്യകാലത്താണു് ഡെമെന്‍ഷ്യ കണ്ടുവരുന്നതു്. പണ്ടു് ഇതു് വാര്‍ദ്ധക്യത്തിന്റെ ഫലമായുണ്ടാകുന്നതാണു് എന്നു് കരുതിയിരുന്നു. എന്നാല്‍ അല്‍ഷൈമേഴ്സുമായി അതിനുള്ള ബന്ധം ശ്രദ്ധയില്‍ പെട്ടപ്പോഴാണു് ഇതു് വാര്‍ദ്ധക്യം മൂലമുണ്ടാവുന്നതല്ല എന്നും രോഗമാണെന്നും തിരിച്ചറിഞ്ഞതു്. എന്നാല്‍ വാര്‍ദ്ധക്യത്തിനു മുമ്പും ഡെമെന്‍ഷ്യയുണ്ടാവാം, വളരെ അസാധാരണമാണെങ്കിലും. ക്രമേണ വഷളായിവരുന്ന (progressive) രോഗമാണു് ഡെമെന്‍ഷ്യ. ഇതു് ചികിത്സിച്ചു് ഭേദമാക്കാന്‍ ആധുനിക വൈദ്യശാസ്ത്രത്തിനു് (modern medicine) ആവില്ല. മറ്റു ചികിത്സാരീതികള്‍ ഫലവത്തായതായി ചിലപ്പോഴൊക്കെ കേള്‍ക്കാറുണ്ടു്.

1906ല്‍ ജര്‍മ്മന്‍ ന്യൂറോപാതോളജിസ്റ്റായ അല്‍ഷൈമറാണു് ഏറ്റവും സാധാരണമായി കണ്ടുവരുന്ന ഡെമെന്‍ഷ്യയുടെ ലക്ഷണങ്ങള്‍ ആദ്യമായി ക്രോഡീകരിച്ചതു്. അല്‍ഷൈമര്‍ തരത്തില്‍പ്പെട്ട സെനൈല്‍ ഡെമെന്‍ഷ്യ (Senile Dementia of the Alzheimer Type, SDAT) എന്ന പേരിലും അറിയപ്പെടുന്ന ഈ രോഗം ഇന്നു് മൂന്നു കോടിയോളം മനുഷ്യരെ ബാധിച്ചിട്ടുണ്ടു് എന്നു് കണക്കാക്കപ്പെടുന്നു. 2050ഓടെ 85 പേരില്‍ ഒരാള്‍ക്കു് അല്‍ഷൈമേഴ്സ് ഉണ്ടാകും എന്നാണു് പ്രവചനം. സാധാരണഗതിയില്‍ 65 വയസു കഴിഞ്ഞവര്‍ക്കാണു് ഇതുണ്ടാകുന്നതു്. എന്നാല്‍ ചിലപ്പോഴൊക്കെ അതില്‍ താഴെ പ്രായമുള്ളവരിലും വളരെ വിരളമായി ചെറുപ്പക്കാരിലും ഈ രോഗം കാണാറുണ്ടത്രെ. `തന്മാത്ര' എന്ന ചലച്ചിത്രത്തെക്കുറിച്ചുള്ള ഒരു പരാതി അതിലെ കഥാപാത്രത്തെപ്പോലെ ഇത്ര ചെറുപ്രായത്തില്‍ ഈ രോഗം വരാറില്ല എന്നായിരുന്നു. എന്നാല്‍ അതു് ശരിയല്ല. പ്രായം കുറഞ്ഞവരെയും അല്‍ഷൈമേഴ്‌സ് ബാധിക്കാറുണ്ടു്. ഇവരില്‍ പകുതിയിലധികം പേരും കുടുംബത്തില്‍ ഈ രോഗത്തിന്റെ ചരിത്രമുള്ളവരാണു്. അങ്ങനെയുള്ളവര്‍ക്കു് 16 വയസില്‍ പോലും രോഗം കണ്ടിട്ടുണ്ടത്രെ. എന്നാല്‍ 65 വയസിനു മുമ്പു് അല്‍ഷൈമേഴ്സ് കാണുന്നതു് അധികവും 40ഉം 50ഉം വയസുള്ളവരിലാണു്.

ഓരോ രോഗിയിലും ഓരോ വിധത്തിലാണു് രോഗലക്ഷണം കാണുന്നതു്. പൊതുവെ ആദ്യമായി കാണുന്നതു് പുതിയ ഓര്‍മ്മകള്‍ ഉണ്ടാവാനുള്ള ബുദ്ധിമുട്ടാണു്. കുറച്ചുമുമ്പു് കണ്ട കാര്യങ്ങളോ കേട്ട വിവരങ്ങളോ ഓര്‍മ്മിച്ചുവയ്ക്കാന്‍ പറ്റായ്കയാണു് പലപ്പോഴും ആദ്യം കാണുന്ന ലക്ഷണം. ``ഞാന്‍ കണ്ണട എവിടെ വച്ചു?'' ``നീയെന്താ കുറച്ചു മുമ്പു് എന്നോടു പറഞ്ഞതു്?'' തുടങ്ങിയ ചോദ്യങ്ങള്‍ നമുക്കു് പരിചിതമാണു്. ഇതു് എപ്പോഴും അല്‍ഷൈമേഴ്സിന്റെ ലക്ഷണം ആവണമെന്നില്ല. രോഗം മൂര്‍ച്ഛിക്കുന്നതനുസരിച്ചു് രോഗിയ്ക്കു് കൂടുതല്‍ ബുദ്ധിമുട്ടുകളുണ്ടാവുന്നു. സമയം, സ്ഥലം തുടങ്ങിയവയും ചുറ്റുമുള്ളവരുടെ പേരുകളും ഒക്കെ രോഗിക്കു് ഓര്‍മ്മിക്കാന്‍ വയ്യാതാവുന്നു. താനാരാണെന്നുപോലും രോഗി ഓര്‍മ്മിച്ചില്ലെന്നുവരും. ചെറിയ കാര്യങ്ങള്‍ ഇവരെ അസ്വസ്ഥരാക്കാം. നിസ്സാര കാര്യങ്ങള്‍ക്കു് ഇവര്‍ കുപിതരാകാം. സന്തോഷവും ദു:ഖവും മാറിമാറി വരാം. കാലം കഴിയുന്തോറും ഭാഷയുപയോഗിക്കാനുള്ള അവരുടെ കഴിവു് കുറഞ്ഞുവരാം. പിന്നീടു് പഴയ കാര്യങ്ങള്‍ കൂടി അവര്‍ മറന്നു തുടങ്ങാം. ഇന്ദ്രിയങ്ങളുടെ ശേഷി കുറഞ്ഞുവരുന്നതോടെ രോഗി ക്രമേണ ഉള്ളിലേക്കു് വലിയുകയും ഒടുവില്‍ മരണത്തില്‍ അവസാനിക്കുകയും ചെയ്യുന്നു.

അല്‍ഷൈമേഴ്സ് രോഗിയില്‍ എന്തെല്ലാം മാറ്റമുണ്ടാകുമെന്നു് പ്രവചിക്കാനാവില്ല. ചിലപ്പോള്‍ രോഗം ഉണ്ടെന്നു് തിരിച്ചറിയാതെ വര്‍ഷങ്ങള്‍ കടന്നു പോയേക്കാം. രോഗം തിരിച്ചറിഞ്ഞതിനു ശേഷം രോഗി ശരാശരിയായി ഏതാണ്ടു് ഏഴു് വര്‍ഷം വരെ ജീവിച്ചിരിക്കുമെന്നു് പ്രതീക്ഷിക്കാം. മൂന്നു് ശതമാനത്തില്‍ താഴെ രോഗികളേ രോഗമുണ്ടെന്നു് അറിഞ്ഞ ശേഷം പതിനാലു വര്‍ഷത്തിലധികം ജീവിച്ചിരിക്കുന്നുള്ളൂ. രോഗം എങ്ങനെയാണു് ഉണ്ടാകുന്നതെന്നു് മനസിലാക്കാന്‍ ഇതുവരെയായിട്ടില്ല. തലച്ചോറില്‍ നടത്തിയ പഠനങ്ങളില്‍നിന്നു് സെറിബ്രല്‍ കോര്‍ട്ടെക്സ് (cerebral cortex) എന്ന ഭാഗം അല്‍ഷൈമേഴ്സ് രോഗികളില്‍ വളരെ ചുരുങ്ങിയിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടു്. ആധുനിക വൈദ്യശാസ്ത്രത്തില്‍ ചികിത്സ ഉണ്ടെങ്കിലും രോഗലക്ഷണങ്ങളില്‍ ചെറിയ ആശ്വാസമുണ്ടാക്കാന്‍ മാത്രമെ അതിനു് കഴിയൂ. രോഗം ഭേദമാക്കാനോ കുറയ്ക്കാന്‍ പോലുമോ ഇതുവരെ ലഭ്യമായ മരുന്നുകള്‍ക്കു് കഴിഞ്ഞിട്ടില്ല.

ഈ സാഹചര്യത്തിലാണു് എലികളില്‍ നടത്തിയ ഒരു പരീക്ഷണം ശ്രദ്ധേയമാകുന്നതു്. പ്രായമായ എലികളില്‍ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതായി കാണുന്ന ഒരു രാസവസ്തുവാണു് ഇപ്പോള്‍ ശാസ്ത്രജ്ഞരില്‍ താല്പര്യം ജനിപ്പിച്ചിരിക്കുന്നതു്. ടെക്സാസ് സര്‍വ്വകലാശാലയുടെ സൌത്ത് വെസ്റ്റേണ്‍ മെഡിക്കല്‍ സെന്ററിലെ ഗവേഷകരായ സ്റ്റീവന്‍ മക്‌നൈറ്റ് ()Steven McKnight), ആന്‍ഡ്രൂ പീപ്പര്‍ (Andrew Pieper) എന്നിവരാണു് പുതിയ രാസവസ്തു കണ്ടെത്തിയിരിക്കുന്നതു്. പുതിയ സെല്ലുകളുടെ വളര്‍ച്ചയും നിലനില്പും സാദ്ധ്യമാക്കുന്നതിലൂടെയായിരിക്കണം P7C3 എന്നവര്‍ പേരിട്ടിരിക്കുന്ന ഈ രാസവസ്തു ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതു് എന്നാണു് ഗവേഷകരുടെ അഭിപ്രായം. ആയിരത്തിലധികം ചെറിയ തന്മാത്രകള്‍ എലികളില്‍ പരീക്ഷിച്ചതിനു ശേഷമാണു് ഇതിന്റെ ഗുണഫലം അവര്‍ കണ്ടെത്തിയതു്.

നേരത്തെ പഠനവിധേയമാക്കിയിട്ടുള്ള രണ്ടു് മരുന്നുകള്‍ പ്രവര്‍ത്തിക്കുന്ന രീതിയില്‍ തന്നെയാണു് ഈ രാസവസ്തുവും പ്രവര്‍ത്തിക്കുന്നതു് എന്നവര്‍ പറഞ്ഞു. പക്ഷെ മേല്‍പ്പറഞ്ഞ മരുന്നുകള്‍ പഠനങ്ങളില്‍ ഫലപ്രദമായി കണ്ടില്ല. ഓര്‍മ്മയുടെ കേന്ദ്രമായ ഹിപ്പൊകാമ്പസില്‍ തലച്ചോറിലെ സെല്ലുകളായ ന്യൂറോണുകള്‍ ഉണ്ടാവുന്നു. ഇവ പ്രവര്‍ത്തിച്ചു തുടങ്ങാന്‍ ഏതാണ്ടു് രണ്ടുമുതല്‍ നാലാഴ്ച വരെയെടുക്കും. ഇതിനിടെ അവ പല വിഷമങ്ങളും തരണം ചെയ്യേണ്ടതുണ്ടു്. എന്നാല്‍ യുവ ന്യൂറോണുകളില്‍ പലതും അതിനിടെ നശിച്ചുപോകുന്നു. അല്‍ഷൈമേഴ്സ് പോലെയുള്ള രോഗമുള്ള വ്യക്തിയില്‍ ഈ സെല്ലുകള്‍ക്കു് നിലനില്‍ക്കാന്‍ കൂടുതല്‍ ബുദ്ധിമുട്ടാണു്. അതു് മെച്ചപ്പെടുത്താനായാല്‍ ഒരുപക്ഷെ അല്‍ഷൈമേഴ്സ്രോഗിയ്ക്കു് ആശ്വാസം കണ്ടെത്താനായി എന്നുവരാം. ഇതാണു് ഗവേഷകര്‍ നോട്ടമിട്ടിരിക്കുന്നതു്. P7C3 യെക്കാള്‍ ശക്തമാണു് അതില്‍നിന്നു് ഉണ്ടാക്കിയ A20 എന്നവര്‍ പേരിട്ടിരിക്കുന്ന മറ്റൊരു രാസവസ്തു എന്നവര്‍ പറഞ്ഞു.

ഇത്രയും പറഞ്ഞതില്‍നിന്നു് അല്‍ഷൈമേഴ്സ് രോഗികള്‍ക്കു് നാളെമുതല്‍ പുതിയ മരുന്നു് കൊടുത്തു തുടങ്ങാമെന്നു് അര്‍ത്ഥമാകുന്നില്ല. പല പരീക്ഷണ ഘട്ടങ്ങളിലൂടെയും കടന്നു പോയതിനു ശേഷം മാത്രമെ ഈ രാസവസ്തു മരുന്നായി അംഗീകരിക്കപ്പെടുകയുള്ളൂ. മരുന്നിനു് പാര്‍ശ്വഫലങ്ങളുണ്ടോ, ഉണ്ടെങ്കില്‍ അവയെന്തെല്ലാമാണു്, വലിയ പ്രശ്നങ്ങളുണ്ടാക്കാത്തതാണോ, പാര്‍ശ്വഫലങ്ങള്‍ തടയാനാകുമോ, എന്നിങ്ങനെയുള്ള കാര്യങ്ങള്‍ മനസിലാക്കേണ്ടതുണ്ടു്. രോഗത്തിന്റെ ഓരോ ഘട്ടത്തിലും മരുന്നു് എത്ര നല്‍കണം എന്നറിയണം. മൃഗങ്ങളിലും മനുഷ്യരിലും നടത്തുന്ന വിശദമായ പഠനങ്ങള്‍ക്കു ശേഷമെ ഒരു രാസവസ്തു മരുന്നായി പ്രഖ്യാപിക്കപ്പെടുകയുള്ളൂ. അല്‍ഷൈമേഴ്സിനു് ഒരു മരുന്നു് ഉണ്ടാവാനുള്ള സാദ്ധ്യത തെളിഞ്ഞു വരുന്നു എന്നു് തല്‍ക്കാലം ആശ്വസിക്കാം.

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)

Friday, April 30, 2010

ഓട്ടിസം

"ഈ കുട്ടി എന്താ ഇങ്ങനെ? വേറെ പിള്ളേരുടെ കൂടെ പോയി കളിക്കുകയുമില്ല, എപ്പഴും അവന്റെ കളിപ്പാട്ടങ്ങളിങ്ങനെ ഒന്നിന്റെ മുകളില്‍ ഒന്നായിട്ടു് അടുക്കി വച്ചോണ്ടിരിക്കും." നിങ്ങളുടെ കുട്ടി ഇങ്ങനെയാണോ? കുട്ടിയെ കുറ്റം പറയണ്ട. ഒരുപക്ഷെ ഓട്ടിസം \eng(autism) \mal എന്ന പേരില്‍ അറിയപ്പെടുന്ന ഒരു പ്രത്യേക സ്ഥിതിവിശേഷമായിക്കൂടെന്നില്ല ഇത്തരം പെരുമാറ്റത്തിനു് കാരണം. വിരളമായി ജന്മനാലുണ്ടാകുന്ന ഒരു അവസ്ഥയാണു് ഓട്ടിസം. വളരെ ചെറിയ പ്രായത്തില്‍ തന്നെ (ഏതാണ്ടു് മൂന്നു് വയസ്സിനു താഴെ) തിരിച്ചറിഞ്ഞാല്‍ ചികിത്സിച്ചു് ഭേദപ്പെടുത്താവുന്ന അവസ്ഥയാണിതു് എന്നു് വിദഗ്ദ്ധര്‍ പറയുന്നു. എന്നാല്‍ കുട്ടിയ്ക്കു് ഇത്തരം പ്രശ്നങ്ങളുണ്ടാവാമെന്നും അതു് നേരത്തെ തന്നെ കണ്ടെത്താന്‍ ശ്രമം വേണമെന്നും മാതാപിതാക്കള്‍ അറിഞ്ഞിരിക്കുകയും കുട്ടിയെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ വിദഗ്ദ്ധരെ കാണിക്കുകയും വേണം. വിശേഷിച്ചു്, ഓട്ടിസമുള്ള കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നു എന്നു് വിവരങ്ങള്‍ കാണിക്കുന്ന ഈ കാലത്തു് കുട്ടികളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതു് അത്യാവശ്യമാണു്.

വ്യാപകമായ വളര്‍ച്ചാക്രമക്കേടുകള്‍ (pervasive development disorders) എന്നു് അറിയപ്പെടുന്ന അഞ്ചു് പ്രധാന അവസ്ഥളില്‍ ഒന്നാണു് ഓട്ടിസം. വളര്‍ച്ചയിലുണ്ടാകുന്ന അപാകതകളില്‍ ഇന്നു് ഏറ്റവും വ്യാപകമായിട്ടുള്ള ഒന്നാണു് ഓട്ടിസം എന്നു് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ഓട്ടിസത്തിന്റെ പ്രചാരം വര്‍ദ്ധിച്ചു വരുന്നുമുണ്ടത്രെ. 1995ല്‍ 1250 കുട്ടികളില്‍ ഒരാള്‍ക്കു് ഓട്ടിസം ഉണ്ടായിരുന്നപ്പോള്‍ ഇന്നതു് 150ല്‍ ഒരു കുട്ടിക്കു് ഉള്ളതായാണു് കണക്കുകള്‍ കാണിക്കുന്നതു്. പ്രതിവര്‍ഷം 10-17 ശതമാനം നിരക്കിലാണത്രെ ഓട്ടിസമുള്ള കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതു്. മാതാപിതാക്കള്‍ക്കു് ഇത്തരം പ്രശ്നങ്ങളെക്കുറിച്ചുള്ള അറിവു് കൂടി വരുന്നതിനാല്‍ കൂടുതല്‍ കുട്ടികള്‍ ഓട്ടിസമുള്ളവരായി തിരിച്ചറിയുന്നതുകൊണ്ടാണോ ഇങ്ങനെ സംഭവിക്കുന്നതു് എന്ന സംശയം നിലനില്‍ക്കുന്നുണ്ടു്. എങ്കിലും നമ്മില്‍ പലര്‍ക്കും ഇത്തരം പ്രശ്നങ്ങളെക്കുറിച്ചു് അറിവില്ല എന്നതു് വാസ്തവമാണു് എന്നു തോന്നുന്നു.

ഓട്ടിസമുള്ളവര്‍ പല തരത്തിലാകാം. സമര്‍ത്ഥനും വാചാലനും ആയ ഒരു കുട്ടിക്കും അതേപോലെ ബുദ്ധികുറഞ്ഞ തീരെ സംസാരിക്കാത്ത ഒരു കുട്ടിക്കും ഓട്ടിസമുണ്ടാകാം. ഇത്രയും വ്യത്യസ്തമായ ലക്ഷണങ്ങള്‍ ഉണ്ടാകാവുന്നതുകൊണ്ടു് ഓട്ടിസം സ്പെക്‌ട്രം ഡിസോര്‍ഡര്‍ (Autism Spectrum Disorder, ASD) എന്നാണു് ഇതു് അറിയപ്പെടുന്നതു്. ഇത്തരം മനുഷ്യരില്‍ പൊതുവായി കണ്ടുവരുന്ന ഏറ്റവും സാധാരണ ലക്ഷണം മറ്റുള്ളവരുമായി ഇടപെടാനും നേരെ കണ്ണിലോ മുഖത്തോ നോക്കി സംസാരിക്കാനുമുള്ള പ്രയാസമാണു് എന്നു പറയാം. ഓട്ടിസമുള്ള ഓരോ വ്യക്തിയും വ്യത്യസ്തനാണു് എന്നതു് ഓര്‍ത്തിരിക്കേണ്ട കാര്യമാണു്. അത്തരം ഒരു വ്യക്തിയെ അറിയാമെങ്കിലും അതുകൊണ്ടു് ഓട്ടിസമുള്ള മറ്റൊരു വ്യക്തിയെ കണ്ടാല്‍ തിരിച്ചറിയണമെന്നില്ല.

ഓട്ടിസമുള്ള കുട്ടികളെ എങ്ങനെ തിരിച്ചറിയാനാവും? വളരെ ചെറു പ്രായത്തില്‍ വിദഗ്ദ്ധര്‍ക്കേ തിരിച്ചറിയാനാവൂ. ചില വിദഗ്ദ്ധര്‍ക്കു് ഒരു വയസ്സുപോലും ആകാത്ത കുട്ടികളില്‍ ഓട്ടിസമുണ്ടോ എന്നു് തിരിച്ചറിയാനായേക്കും. മറ്റുള്ളവരുമായി ഇടപെടുന്നതിലും സംസാരിക്കുന്നതിലും ആണു് പ്രധാനമായി വ്യത്യാസം കാണുന്നതു്. മനുഷ്യരേക്കാളേറെ വസ്തുക്കളോടാണു് ഇത്തരം കുട്ടികള്‍ താല്പര്യം കാണിക്കുക. അവരെ എടുക്കുന്നതോ കൊഞ്ചിക്കുന്നതോ ഈ കുട്ടികള്‍ക്കു് പൊതുവെ ഇഷ്ടമല്ല. അവര്‍ക്കിഷ്ടം ഒറ്റയ്ക്കിരിക്കാനാണു്. ചില കുട്ടികള്‍ വല്ലാതെ കരയുന്നതായി കാണാറുണ്ടത്രെ. എന്നാല്‍ ചില കുട്ടികള്‍ തീരെ കരയാറില്ല. പാലു് വലിച്ചു് കുടിക്കാനാവാഴിക, അല്ലെങ്കില്‍ പാലു കുടിക്കാന്‍ വിസമ്മതിക്കുക തുടങ്ങിയ പ്രശ്നങ്ങളും കാണാറുണ്ടത്രെ. ഒരേ രീതിയിലുള്ള ചലനങ്ങള്‍ തുടര്‍ച്ചയായി ചെയ്തുകൊണ്ടിരിക്കുന്നതും ഓട്ടിസത്തെ സൂചിപ്പിക്കാം. ഉദാഹരണമായി, ഒരേ രീതിയില്‍ കൈ ഇളക്കിക്കൊണ്ടിരിക്കുക, വിരല്‍ ഞൊടിച്ചുകൊണ്ടിരിക്കുക തുടങ്ങിയവ തുടര്‍ച്ചയായി കുറേ നേരം ചെയ്യുന്നതു്. ചില കുട്ടികള്‍ പതിവായി രാത്രി വളരെ ഇരുട്ടുന്നതുവരെ ഉറങ്ങാതിരിക്കാം.

ഒന്നര രണ്ടു വയസ്സായ ശേഷവും ഇത്തരം ലക്ഷണങ്ങള്‍ കാണാം. ചില കുട്ടികളില്‍ മേല്പറഞ്ഞ ലക്ഷണങ്ങള്‍ മാറുകയുമാവാം. ചില കുട്ടികള്‍ പേരു വിളിച്ചാല്‍ വിളികേള്‍ക്കാതിരിക്കാമത്രെ. കളിപ്പാട്ടങ്ങള്‍ ഒന്നിനുമുകളില്‍ ഒന്നായി അടുക്കി വയ്ക്കുന്നതു് ഓട്ടിസമുള്ള ചില കുട്ടികള്‍ നിരന്തരമായി ചെയ്യുന്ന കാര്യമാണു്. അതുപോലെ ചില കാര്യങ്ങള്‍ താന്‍ ഒരു നിശ്ചിത സമയത്തു് ചെയ്യേണ്ടതാണു് എന്ന തോന്നല്‍ ഓട്ടിസമുള്ള ഒരു കുട്ടിക്കു് ഉണ്ടായാല്‍ പിന്നെ എല്ലാ ദിവസവും ആ പ്രവൃത്തി അതേ സമയത്തു് ചെയ്തില്ലെങ്കില്‍ അയാള്‍ അസ്വസ്ഥനാകുന്നു. ഉദാഹരണമായി, എല്ലാ ദിവസവും കാലത്തു് എട്ടു മണിക്കു് സ്ക്കൂളില്‍ പോകാനായി പുസ്തകമെല്ലാം അടുക്കി വയ്ക്കണമെന്നുണ്ടെങ്കില്‍ അവധി ദിവസങ്ങളില്‍ പോലും അതു് ചെയ്തില്ലെങ്കില്‍ കുട്ടി അസ്വസ്ഥനാകും. ഇതു് ഓട്ടിസത്തിന്റെ ഒരു ലക്ഷണമാകാം. വളരെ വൈകി സംസാരിക്കാന്‍ തുടങ്ങുന്നതും ചിലപ്പോള്‍ ഓട്ടിസത്തിന്റെ ലക്ഷണമാകാം.

ചിലപ്പോള്‍ അസാധാരണമായ കഴിവുകളും ഓട്ടിസമുള്ള കുട്ടികളില്‍ കാണാനാവും. സംഗീതവുമായി ബന്ധപ്പെട്ടാണു് ഇത്തരം കഴിവുകള്‍ പലപ്പോഴും കാണുന്നതു്. ഉദാഹരണമായി, വിവിധ രാഗങ്ങള്‍ ഓര്‍മ്മിച്ചിരിക്കുകയും ഒരു ഗാനത്തിന്റെ ഒരു ഭാഗം കേട്ടാല്‍ രാഗം തിരിച്ചറിയാന്‍ കഴിയുകയും ചെയ്യുക എന്നതു് ഓട്ടിസമുള്ള ചില കുട്ടികളില്‍ കാണാനാവുന്ന സവിശേഷ സിദ്ധിയാണു്.

എന്തുകൊണ്ടാണു് ഓട്ടിസം ഉണ്ടാകുന്നതു്? നമുക്കിപ്പൊഴും വ്യക്തമായി അറിയില്ല എന്നതാണു് സത്യം. തലച്ചോറിന്റെ വളര്‍ച്ച തൃപ്തികരമല്ലാത്ത രീതിയിലാവുന്നതാണു് ഓട്ടിസത്തിനു് കാരണം എന്നു് വിശ്വസിക്കപ്പെടുന്നു. എന്നാല്‍ എന്തുകൊണ്ടാണു് ഇതു് സംഭവിക്കുന്നതു് എന്നു് മനസിലായിട്ടില്ല. പാരമ്പര്യമായി ലഭിച്ച സവിശേഷതകളും, പരിസ്ഥിതിയും, ഗര്‍ഭാവസ്ഥയിലുണ്ടായ പ്രശ്നങ്ങളും, ഈയം, രസം (മെര്‍ക്കുറി), കാഡ്മിയം, കീടനാശിനികള്‍ തുടങ്ങിയ ചില രാസവസ്തുക്കളും എല്ലാം ഓട്ടിസത്തിനു് കാരണമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടു്. അടുത്ത കാലത്തു് അമേരിക്കയിലെ കോര്‍ണല്‍ സര്‍വ്വകലാശാലയില്‍ നടത്തിയ ഒരു പഠനത്തില്‍ മൂന്നു വയസിനു് മുമ്പു് ടെലിവിഷന്‍ കാണുന്നതു് ഓട്ടിസത്തിനു് കാരണമാകാം എന്ന സൂചനയുണ്ടത്രെ! എന്തായാലും ഓട്ടിസത്തിനു് കാരണമാകുന്നതു് എന്താണു് എന്നു് നമുക്കു് മനസിലായിട്ടില്ല എന്നതാണു് സത്യം.

ഒരു കുട്ടിക്കു് ഓട്ടിസമുണ്ടോ എന്നു കണ്ടുപിടിക്കുന്നതു് സാധാരണഗതിയില്‍ മാതാപിതാക്കളോടു് സംസാരിക്കുകയും കുട്ടിയുടെ പെരുമാറ്റം കുറച്ചു് നേരം നിരീക്ഷിക്കുകയും ചെയ്തിട്ടാണു്. ഇതു് തിരിച്ചറിയണമെങ്കില്‍ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ കുഞ്ഞിനെ ഡോക്ടറുടെ അടുത്തു് കൊണ്ടുപോകേണ്ടതുണ്ടു്. നമ്മള്‍ സാധാരണനിലയില്‍ രോഗമുണ്ടെങ്കിലല്ലേ ഡോക്ടറുടെയടുത്തു് പോകാറുള്ളൂ. ഓട്ടിസത്തിന്റെ സാന്നിദ്ധ്യം തിരിച്ചറിയണമെങ്കില്‍ കുഞ്ഞു് വളരുന്ന സമയത്തു് ഇടയ്ക്കിടയ്ക്കു് ഡോക്ടറുടെയടുത്തു് പരിശോധനയ്ക്കു് കൊണ്ടുപോയേ പറ്റൂ എന്നാണു് വിദഗ്ദ്ധര്‍ പറയുന്നതു്. മൂന്നു് വയസ്സു് പ്രായമാകുന്നതിനു് മുമ്പു് ഓട്ടിസമുള്ളതായി തിരിച്ചറിഞ്ഞാല്‍ ഫലപ്രദമായ ചികിത്സ ഉണ്ടെന്നു് എറണാകുളത്തം സണ്‍റൈസ് ആശുപത്രിയിലെ ഡോക്ടര്‍ നീന ശിലന്‍ പറയുന്നു. കേരളത്തില്‍ അവിടെ മാത്രമെ ഈ ചികിത്സ ഉള്ളതായി അറിയൂ.

ഇക്കാലത്തു് കുട്ടികളുടെ നേട്ടങ്ങളില്‍ വളരെ ശ്രദ്ധാലുക്കളാണു് മാതാപിതാക്കള്‍. അവര്‍ നന്നായി പഠിക്കണമെന്നും ക്ലാസിലോ സ്ക്കൂളിലോ സംസ്ഥാനത്തുതന്നെയോ പ്രഗത്ഭവിജയം നേടണമെന്നും പലരും ആഗ്രഹിക്കാറുണ്ടു്. ഇതു് പലപ്പോഴും കുട്ടികള്‍ക്കുതന്നെ പ്രശ്നമാകാറുമുണ്ടു്. ഇക്കാരണത്താലാണു് പരീക്ഷകള്‍ക്കു് മാര്‍ക്കിനു പകരം ഗ്രേഡാകാമെന്നു് വിദ്യാഭ്യാസവകുപ്പു് തീരുമാനിച്ചതും. എന്നിട്ടും മാതാപിതാക്കള്‍ കൂടുതല്‍ നന്നായി പരീക്ഷയെഴുതാനായി കുട്ടികളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതു് പതിവാണു്. ഇതു് കുട്ടികളില്‍ മാനസിക പിരിമുറുക്കം സൃഷ്ടിക്കുന്നു എന്നു തന്നെയല്ല, പഠിക്കുന്നതിന്റെ ലക്ഷ്യം പരീക്ഷയില്‍ വലിയ വിജയം നേടുകയാണു് എന്ന തെറ്റായ ധാരണ കുട്ടികളില്‍ ഉളവാക്കുകയും ചെയ്യുന്നു. കൂടാതെ, എല്ലാ കുട്ടികളും ഒരുപോലെ അല്ലെന്നും ഓരോ കുട്ടിക്കും ഓരോ രംഗത്താണു് കഴിവെന്നും നമ്മള്‍ മറന്നു പോകുന്നു. ഇക്കൂട്ടത്തില്‍ ഓട്ടിസം, ഡിസ്‌ലെക്സിയ തുടങ്ങി വളര്‍ച്ചയുമായി ബന്ധപ്പെട്ട മാനസിക പ്രശ്നങ്ങളുള്ള കുട്ടികള്‍ അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കാനാവാത്ത മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും സമ്മര്‍ദ്ദവും ശകാരങ്ങളും ഏറ്റുവാങ്ങി നിശബ്ദരായി സഹിക്കുകയല്ലാതെ എന്തു ചെയ്യും? നമുക്കു് നമ്മുടെ കുട്ടികളെ മനസിലാക്കാന്‍ കുറേക്കൂടി ശ്രമിച്ചുകൂടെ?

( ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)

Wednesday, April 7, 2010

കലണ്ടറിന്റെ കഥ

(തേജസ് പത്രത്തില്‍ 2009 ഡിസംബര്‍ 31 നു് പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പൂര്‍ണ്ണരൂപം)

നാളെ പുതിയൊരു വര്‍ഷം പിറക്കുകയാണല്ലോ. ലോകത്തില്‍ പലയിടങ്ങളിലും, ഇന്ത്യയില്‍ വിശേഷിച്ചു് നഗരങ്ങളിലും, ഇന്നു രാത്രി മത്സരിച്ചുള്ള ആഘോഷങ്ങളുണ്ടാകും. ടെലിവിഷന്‍ ചാനലുകളില്‍ രാത്രി 12 മണി വരെ മത്സരിച്ചുള്ള പരിപാടികളുണ്ടാകും. അനേകം പേര്‍ രാത്രി പന്ത്രണ്ടു മണിക്കു് പരസ്പരം പുതുവത്സരാശംസകള്‍ നേരും. ഇതു് എല്ലാ വര്‍ഷവും സംഭവിക്കുന്നതാണു്. ഇപ്പോള്‍ ജീവിച്ചിരിക്കുന്ന വലിയ ശതമാനം മനുഷ്യരും ഒരു നൂറ്റാണ്ടു് മാറിയതിനു് സാക്ഷ്യം വഹിച്ചവരാണു്. അന്നു് ലോകത്താകമാനം ഗംഭീരമായ ആഘോഷമുണ്ടായിരുന്നതു് ഓര്‍ക്കുമല്ലോ. എന്താണു് ഈ ആഘോഷത്തിന്റെ പ്രസക്തി? ഇന്നു നമ്മള്‍ ഉപയോഗിക്കുന്ന കലണ്ടര്‍ എങ്ങനെയാണു് ഉണ്ടായതു്? ഇത്തരം കാര്യങ്ങള്‍ നമുക്കു് അന്വേഷിക്കാം.

സാമൂഹികമോ, മതപരമോ, കച്ചവടപരമോ, ഭരണപരമോ ഒക്കെ ആയിട്ടുള്ള ആവശ്യങ്ങള്‍ക്കു് വേണ്ടി ദിവസങ്ങളെ ക്രമീകരിക്കുന്നതിനുള്ള സംവിധാനമാണു് കലണ്ടര്‍ എന്നു് വിക്കിപ്പീഡിയ പറയുന്നു. സമയം കണക്കാക്കേണ്ടതു് എക്കാലത്തും മനുഷ്യരുടെ ആവശ്യമായിരുന്നു. കൃഷിപ്പണി തുടങ്ങേണ്ട സമയം, കൊയ്യേണ്ട സമയം, മഴക്കാലം വരുന്നതു്, തുടങ്ങി അനേകം കാര്യങ്ങള്‍ മുന്‍കൂട്ടി അറിയേണ്ട ആവശ്യം മനുഷ്യനുണ്ടായിരുന്നു.. അതിനായി ദിവസങ്ങള്‍ കൃത്യമായി കണക്കാക്കേണ്ടതും ആവശ്യമായിരുന്നു. വാനനിരീക്ഷണം, ജ്യോതിശാസ്ത്രം, ജ്യോതിഷം തുടങ്ങിയവ ഉത്ഭവിച്ചതു് തന്നെ ഋതുക്കള്‍ മാറിവരുന്നതും മറ്റും മുന്‍കൂട്ടി അറിയാന്‍ വേണ്ടിയിട്ടായിരിക്കണം. കലണ്ടറിന്റെ ആവശ്യകതയും ഇതില്‍നിന്നു തന്നെ ആയിരിക്കാം ഉണ്ടായതു്. നമ്മളിന്നും കലണ്ടര്‍ ഉപയോഗിക്കുന്നതു് പലപ്പോഴും ഓണം, ബക്രീദ്, ക്രിസ്തുമസ്, തുടങ്ങിയ ആഘോഷങ്ങളോ, കാലവര്‍ഷം, തുലാവര്‍ഷം തുടങ്ങിയ കാലങ്ങളോ വന്നെത്താന്‍ ഇനി എത്ര നാളുണ്ടു് എന്നറിയാനാണല്ലോ.

ഒരു സമ്പൂര്‍ണ്ണ കലണ്ടറില്‍ ഓരോ ദിവസത്തെയും വേര്‍തിരിച്ചറിയാനുള്ള സംവിധാനമുണ്ടാകും എന്നു് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതായതു്, ദിവസങ്ങളെ ആഴ്ചകളായും ആഴ്ചകള്‍ ചേര്‍ന്നു് മാസങ്ങളായും മാസങ്ങള്‍ ചേര്‍ന്നു് വര്‍ഷങ്ങളായും ക്രമീകരിക്കുന്നതിലൂടെ ഭൂതകാലത്തിലെയും ഭാവിയിലെയും ഏതു് ദിവസത്തെയും കുറിച്ചു് കൃത്യമായി പറയാനാകും. ഇതിനുള്ള സംവിധാനങ്ങള്‍ ലോകത്തിന്റെ ഓരോ ഭാഗത്തും പ്രത്യേകമായി ഉത്ഭവിച്ചു. ഇന്ത്യയില്‍ പലരും ഉപയോഗിക്കുന്ന ഹിന്ദു കലണ്ടര്‍ ലോകത്തിലെ തന്നെ ഏറ്റവും പഴയ കലണ്ടറുകളില്‍ ഒന്നാണു്. ലോകരാഷ്ട്രങ്ങള്‍ തമ്മില്‍ പരസ്പരം കച്ചവട ബന്ധങ്ങള്‍ ശക്തമായപ്പോഴാണു് എല്ലാ പ്രദേശത്തും ഒരേ കലണ്ടര്‍ ഉപയോഗിക്കുന്നതു് സൌകര്യമായി തോന്നിയതു്. ചില പാശ്ചാത്യ രാഷ്ട്രങ്ങള്‍ ലോകത്തിന്റെ വലിയൊരു ഭാഗം അവരുടെ സാമ്രാജ്യമാക്കിത്തീര്‍ത്തതും അവരുപയോഗിച്ചിരുന്ന കലണ്ടര്‍ ലോകത്തിന്റെ പൊതു കലണ്ടറായിത്തീരാന്‍ കാരണമായിട്ടുണ്ടു് -- ഒരുപക്ഷെ അതുതന്നെയാവും മുഖ്യകാരണം.

ഇന്നു നമ്മള്‍ ഉപയോഗിക്കുന്ന കലണ്ടര്‍ ഉത്ഭവിച്ചതു് റോമന്‍ സാമ്രാജ്യത്തിലാണു്. അന്നു മുതല്‍ ഇന്നു വരെയുള്ള കാലയളവിനുള്ളില്‍ അതു് പല മാറ്റങ്ങളില്‍ക്കൂടി കടന്നു പോയി. ഏതു മാസത്തിലാണു് വര്‍ഷം തുടങ്ങുന്നതെന്നും ഓരോ മാസത്തിലും എത്ര ദിവസമുണ്ടാവണം എന്നതും മാറി വന്നിരുന്നു. അങ്ങനെയാണു് സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങള്‍ക്കു് ഏഴാമത്തെ മാസം, എട്ടാമത്തെ മാസം എന്നിങ്ങനെ അര്‍ത്ഥം വരുന്ന പേരുകള്‍ വന്നതു്. ജൂലിയസ് സീസറിന്റെ പേരിലാണു് ജൂലൈ മാസം ഉണ്ടായതു്. പിന്നീടു് അഗസ്റ്റസ്‍ സീസറിന്റെ ബഹുമാനാര്‍ത്ഥം ആഗസ്റ്റ് എന്നു് ഒരു മാസത്തിനു് പേരിട്ടു. ആദ്യമാസങ്ങള്‍ക്കെല്ലാം (ഫെബ്രുവരി ഒഴിച്ചു്) റോമന്‍ ദൈവങ്ങളുടെ പേരുകളാണു് നല്‍കിയിരിക്കുന്നതു്. ഫെബ്രുവ എന്ന ശുദ്ധീകരണ പെരുന്നാളിന്റെ അനുസ്മരണമായാണു് രണ്ടാമത്തെ മാസത്തിനു് പേരിട്ടിരിക്കുന്നതു് എന്നു കരുതപ്പെടുന്നു.

ഋതുക്കള്‍ മാറുന്നതിനോടു് കലണ്ടറിലെ തീയതികള്‍ യോജിക്കാതെ വന്നപ്പോഴാണു് കലണ്ടറില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നു് ബോധ്യമായതു്. ഇങ്ങനെ പലതവണ ഇന്നത്തെ പൊതുകലണ്ടര്‍ തിരുത്തേണ്ടി വന്നിട്ടുണ്ടു്. ഏറ്റവും ഒടുവില്‍ അതിനു് തീരുമാനമെടുത്തതു് പോപ്പ് ഗ്രിഗറിയാണു്. അതുകൊണ്ടു് ഇന്നു് നമ്മളുപയോഗിക്കുന്ന കലണ്ടറിനു് ഗ്രിഗോറിയന്‍ കലണ്ടര്‍ എന്നാണു് പറയുക. ജൂലിയസ് സീസറിന്റെ കാലത്തു് പുതുക്കിയിരുന്ന കലണ്ടര്‍ സംവിധാനത്തില്‍ പതിനാറാം നൂറ്റാണ്ടിനു മുമ്പേ കാര്യമായ പ്രശ്നങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു. എന്നാല്‍ അതിനു് പരിഹാരം കാണാന്‍ ആരും തയാറായില്ല. അപ്പോഴാണു് ജസ്യൂട്ട് പാതിരിയും ജ്യോതിശാസ്ത്രജ്ഞനും ആയിരുന്ന ക്രിസ്റ്റഫര്‍ ക്ലേവിയസിന്റെ സഹായത്തോടെ പോപ്പ് ഗ്രിഗറി അതു് ശരിയാക്കാന്‍ തീരുമാനിച്ചതു്. അങ്ങനെ, 1582 ഒക്‌ടോബര്‍ 4 കഴിഞ്ഞുള്ള ദിവസം ഒക്‌ടോബര്‍ 5, വെള്ളിയാഴ്ച, ആയിരിക്കില്ല എന്നും പകരം ഒക്‌ടോബര്‍ 15 വെള്ളിയാഴ്ച, ആയിരിക്കും എന്നും അദ്ദേഹം പ്രഖ്യാപിച്ചു. മാത്രമല്ല നാലു വര്‍ഷത്തില്‍ ഒരിക്കല്‍ ഫെബ്രുവരിയില്‍ ഒരു ദിവസം കൂടുതല്‍ ഉണ്ടാകുമെങ്കിലും നൂറ്റാണ്ടുകള്‍ തികയുന്ന വര്‍ഷങ്ങള്‍ 400ന്റെ ഗുണിതങ്ങളാണെങ്കില്‍ മാത്രമെ ഫെബ്രുവരിയില്‍ 29 ദിവസം വേണ്ടൂ എന്നും അദ്ദേഹം നിഷ്‌ക്കര്‍ഷിച്ചു. ഇതോടെ ആയിരക്കണക്കിനു് വര്‍ഷങ്ങള്‍ കഴിഞ്ഞാലും കലണ്ടര്‍ കൃത്യത പുലര്‍ത്തുമെന്നു് ഉറപ്പായി. ജൂലിയന്‍ കലണ്ടറില്‍നിന്നു് ഗ്രിഗോറിയന്‍ കലണ്ടറിലേക്കു് മാറിയതിന്റെ ഫലമായാണു് ഒക്‌ടോബര്‍ വിപ്ലവം തുടങ്ങിയ ദിവസം പുതിയ കലണ്ടറില്‍ നവമ്പറിലായതു്.

യേശുക്രിസ്തു ജനിച്ച വര്‍ഷം മുതലാണല്ലോ ക്രിസ്ത്വബ്ദം കണക്കാക്കുന്നതു്. മുന്‍പൊക്കെ ക്രിസ്തുവിനു് മുമ്പു് എന്നും ക്രിസ്തുവിനു ശേഷം എന്നുമാണു് വര്‍ഷങ്ങളെ തിരിച്ചിരുന്നതെങ്കിലും ക്രിസ്ത്യാനികളല്ലാത്തവര്‍ക്കു് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനായി ഇപ്പോള്‍ 'പൊതുയുഗം' (Common Era) എന്ന പ്രയോഗമാണു് പൊതുവില്‍ ഉപയോഗിക്കുന്നതു്. പക്ഷെ ക്രിസ്ത്വബ്ദം എന്ന പ്രയോഗം ഇപ്പോഴും പലരും ഉപയോഗിക്കുന്നുണ്ടല്ലോ. അതു് ചിലപ്പോള്‍ ഒരു തെറ്റിദ്ധാരണയിലേക്കു് നയിക്കാറുണ്ടു്. യേശുക്രിസ്തു ജനിച്ച വര്‍ഷം 0 ആണു് എന്നതാണു് ഈ തെറ്റിദ്ധാരണ. അങ്ങനെ ഒരു വര്‍ഷം നമ്മുടെ കണക്കിലില്ല. 'ക്രി.മു. 1' എന്ന വര്‍ഷത്തിനു ശേഷം വരുന്നതു് 'ക്രി.ശേ. 1' എന്ന വര്‍ഷമാണു്. അതുകൊണ്ടു് ക്രി.മു. 10ല്‍ ജനിച്ച ഒരു വ്യക്തിയ്ക്കു് 20 വയസ്സു് തികയുന്നതു് ക്രി.ശേ. 11ല്‍ മാത്രമാണു്; ക്രി.ശേ. 10ലല്ല.

ഗ്രിഗോറിയന്‍ കലണ്ടര്‍ ഉപയോഗിക്കുമ്പോള്‍ പോലും എല്ലായ്പ്പോഴും ജനുവരി ഒന്നിനല്ല വര്‍ഷം തുടങ്ങുന്നതു്. ഇതിനു് ഏറ്റവും നല്ല ഉദാഹരണം നമ്മുടെ സ്ക്കൂള്‍ കലണ്ടര്‍ തന്നെയാണു്. അതു് ജൂണ്‍ ഒന്നിനാണല്ലോ തുടങ്ങുന്നതു്. അതുപോലെ മറ്റൊന്നാണു് സാമ്പത്തിക വര്‍ഷം. അതു് നമുക്കു് ഏപ്രില്‍ ഒന്നിനാണല്ലോ തുടങ്ങുന്നതു്. കൂടാതെ ബിസിനസ് ആവശ്യങ്ങള്‍ക്കായി തികച്ചും വ്യത്യസ്തമായ കലണ്ടറുകള്‍ ഉപയോഗിക്കാറുണ്ടു്. ഉദാഹരണമായി, യൂറോപ്പിലും അമേരിക്കയിലും മറ്റും 360 ദിവസമുള്ള ഒരു കലണ്ടര്‍ ഉപയോഗിക്കുന്നുണ്ടത്രെ -- രണ്ടു ദിവസങ്ങള്‍ക്കിടയിലുള്ള കാലാവധി കണക്കാക്കാനാണു് ഈ വ്യത്യസ്ത കലണ്ടര്‍. ഗ്രിഗോറിയന്‍ കലണ്ടറിലെ ചില ദിവസങ്ങള്‍ ഒഴിവാക്കിയാണു് ഇത്തരമൊരു കലണ്ടര്‍ അവര്‍ ഉണ്ടാക്കുന്നതു്.

കൂടാതെ ജൂലിയന്‍ ദിവസം, ജൂലിയന്‍ തീയതി, എന്നിങ്ങനെ ചില സങ്കല്പങ്ങളുണ്ടു്. പൊതുയുഗത്തിനു മുമ്പു് 4713 ജനുവരി 1 ഗ്രീന്‍വിച്ച് സമയം ഉച്ച മുതല്‍ എണ്ണുമ്പോള്‍ കിട്ടുന്ന സംഖ്യയാണു് ജൂലിയന്‍ തീയതി എന്നു പറയുന്നതു്. ഇതില്‍ ഭിന്നസംഖ്യകൂടി ചേര്‍ത്തു് സമയം കൂടി ഉള്‍ക്കൊള്ളിക്കാനാകും. ഇതിനു് ജൂലിയന്‍ ദിവസസംഖ്യ എന്നു പറയുന്നു. ഉദാഹരണമായി, 2455198 എന്നതു് 2010 ജനുവരി 1 നു് ഗ്രീന്‍വിച്ചില്‍ ഉച്ച സമയത്തെ (12 മണി) പ്രതിനിധാനം ചെയ്യുന്നു. ഈ സംഖ്യയില്‍ 0.1 കൂടി ചേരുമ്പോള്‍ 0.24 ദിവസം (അതായതു് 5 മണിക്കൂറും 45 മിനിറ്റും 36 സെക്കണ്ടും) കഴിഞ്ഞുള്ള സമയത്തെയാണു് അതു് സൂചിപ്പിക്കുക. പല കണക്കുകൂട്ടലുകള്‍ക്കും ഈ സമ്പ്രദായം സൌകര്യമാകുന്നു. അതുകൊണ്ടു തന്നെയാണു് കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കുന്ന സ്പ്രെഡ്‌ഷീറ്റ് എന്ന സംവിധാനത്തില്‍ തീയതി കാണിക്കാനായി ഇത്തരമൊരു സമ്പ്രദായം ഉപയോഗിക്കുന്നതു്. ഇവിടെ 1900 ജനുവരി 1 മുതലാണു് ദിവസം എണ്ണിത്തുടങ്ങുന്നതു് എന്ന വ്യത്യാസം മാത്രമെയുള്ളൂ.

കേരളത്തില്‍ പലരും, വിശേഷിച്ചു് പഴമക്കാര്‍, ഉപയോഗിക്കുന്നതു് മലയാളം കലണ്ടര്‍ എന്നും കൊല്ലവര്‍ഷം എന്നൊക്കെ പറയുന്ന സംവിധാനമാണല്ലോ. അതു് പൊതുയുഗം (ക്രിസ്ത്വബ്ദം) 825ലാണു് തുടങ്ങിയതു്. ഈ കലണ്ടറിന്റെ ഉല്പത്തിയെപ്പറ്റി പല അഭിപ്രായങ്ങളുണ്ടു്. അക്കാലത്തു് കൊല്ലം ഒരു പ്രധാന നഗരമായിരുന്നു. കൊല്ലത്തെ രാജാവായിരുന്ന കുലശഖരവര്‍മ്മ 825ല്‍ വിളിച്ചുചേര്‍ത്ത മഹാസമ്മേളനത്തിന്റെ ഓര്‍മ്മയ്ക്കായി സ്ഥാപിച്ചതാണു് കൊല്ലവര്‍ഷം എന്നതാണു് ഒരു അഭിപ്രായം. ഇസ്ലാമിക ആക്രമണം ഭയന്നു് പലായനം ചെയ്തെത്തിയ ക്രിസ്ത്യാനി കച്ചവടക്കാര്‍ പുതിയ പള്ളി സ്ഥാപിച്ചു് തുടങ്ങിയതാണു് കൊല്ലവര്‍ഷം എന്നറിയപ്പെടുന്നതു് എന്നുള്ളതിനു് ചില സൂചനകളുണ്ടു്. ആദിശങ്കരാചാര്യരാണു് കൊല്ലവര്‍ഷം തുടങ്ങിയതു് എന്നും വിശ്വസിക്കുന്നവരുണ്ടു്. ചരിത്രം എഴുതി സൂക്ഷിക്കുന്നതില്‍ ഭാരതീയര്‍ എന്നും പിന്നിലായിരുന്നല്ലോ. അതുകൊണ്ടുതന്നെ ചരിത്രപരമായ ചോദ്യങ്ങള്‍ക്കു് വ്യക്തമായ ഉത്തരം ലഭിക്കാന്‍ ബുദ്ധിമുട്ടാണു്.

കേരളീയര്‍ക്കു് കൊല്ലവര്‍ഷവും തമിഴ്‌നാട്ടുകാര്‍ക്കു് അവരുടേതായ കലണ്ടറും അങ്ങനെ ഓരോ പ്രദേശത്തുള്ളവര്‍ക്കും പ്രത്യേക കലണ്ടര്‍ ഉണ്ടെങ്കിലും നമ്മള്‍ ജനുവരി ഒന്നാം തീയതി തന്നെയാണു് പുതുവര്‍ഷം ഗംഭീരമായി ആഘോഷിക്കുന്നതു്. നഗരങ്ങളിലെങ്കിലും സ്ഥിതി ഇതാണു്. പുതുവര്‍ഷം വരുന്നതിനു് ആഘോഷിക്കാനെന്താണുള്ളതു് എന്നു് മിക്കവരും ചോദിക്കാറില്ല. പണ്ടൊക്കെ വിളവെടുപ്പും മറ്റുമായി ബന്ധപ്പെട്ടാണു് ആഘോഷങ്ങള്‍ നടത്തിയിരുന്നതു്. അന്നു് അതിനു് പ്രസക്തി ഉണ്ടായിരുന്നു. ഇന്നാണെങ്കില്‍ വിളവെടുപ്പിനുതന്നെ പ്രസക്തി ഇല്ലാതായി വരികയാണല്ലോ. ആഘോഷം ആഘോഷത്തിനുവേണ്ടി മാത്രമായി തീര്‍ന്നിരിക്കുന്നു. എന്തായാലും എല്ലാ വായനക്കാര്‍ക്കും പുതുവത്സരാശംസകള്‍ നേരട്ടെ.

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)

Sunday, February 7, 2010

വിശുദ്ധവനങ്ങളും ജൈവവൈവിധ്യവും

രാജസ്ഥാനിലെ ജോധ്‌പുറിലെ രാജാവായിരുന്ന അഭയ് സിംഹിനുവേണ്ടി 1730ല്‍ ഒരു പുതിയ കൊട്ടാരം പണിയാനായി ഇഷ്ടിക ഉണ്ടാക്കുന്നതിനു് കുറെ വിറകു് വേണ്ടിവന്നു. അതിനുവേണ്ടി ഒരു സംഘം പണിക്കാരും ഉദ്യോഗസ്ഥരും മരമന്വേഷിച്ചു് ഒരു ഗ്രാമത്തിലെത്തി. മരം വെട്ടാനായി കുറേപ്പേര്‍ വന്നിരിക്കുന്നതറിഞ്ഞു് അമൃതാദേവി എന്ന സ്ത്രീ അതു തടയാന്‍ ഒരുമ്പെട്ടു. അവരുടെ അപേക്ഷകള്‍ വകവയ്ക്കാതെ സംഘം മരം വെട്ടാനുള്ള ഒരുക്കം തുടര്‍ന്നു. മരം വെട്ടാന്‍ അനുവദിക്കുന്നതിലും ഭേദം തന്റെ തല വെട്ടുന്നതാണു് എന്നാണു് അമൃതാദേവി പ്രതികരിച്ചതു്. പണിക്കാര്‍ മരം വെട്ടാന്‍ കൊണ്ടുവന്ന കോടാലി തന്നെ അവരുടെ കഴുത്തില്‍ പ്രയോഗിച്ചു. ഇതു് കണ്ടുനിന്ന അമൃതാദേവിയുടെ മൂന്നു് പെണ്‍മക്കളും തങ്ങളുടെ കഴുത്തു് നീട്ടിക്കൊടുത്തു. രാജസേവകര്‍ അതും കൊയ്തെടുത്തു. വിവരമറിഞ്ഞു് ചുറ്റുപാടുകളില്‍ നിന്നെല്ലാം അനേകം പേരെത്തി. മരങ്ങളെ രക്ഷിക്കാനായി അവര്‍ അവയെ ആലിംഗനം ചെയ്തു് നിന്നു എന്നാണു് പറയപ്പെടുന്നതു്. ആദ്യമാദ്യം പ്രായം ചെന്നവരും പിന്നീടു് ചെറുപ്പക്കാരും മരങ്ങളെ രക്ഷിക്കാന്‍ വേണ്ടി ജീവന്‍ നല്‍കാനായി മുന്നോട്ടു് വന്നു. മുന്നൂറ്റി അറുപത്തിമൂന്നു് പേരാണു് അവിടെ ജീവന്‍ ബലിയര്‍പ്പിച്ചതു്. ഇതറിഞ്ഞ മഹാരാജാവു് അവിടത്തെ ജനങ്ങളോടു് ക്ഷമചോദിക്കുകയും അവിടെ മരം വെട്ടുന്നതും നായാട്ടു് നടത്തുന്നതും നിരോധിക്കുകയും ചെയ്തു.

ബിഷ്ണോയ് മതവിശ്വാസികളായിരുന്നു അന്നു് മരങ്ങളെ രക്ഷിക്കാന്‍ ജീവന്‍ ബലികഴിച്ചതു്. സസ്യങ്ങളും മൃഗങ്ങളും എല്ലാം ജീവന്‍ കൊടുത്തും സംരക്ഷിക്കപ്പെടേണ്ടവയാണു് എന്നവര്‍ വിശ്വസിച്ചിരുന്നു. ബിഷ്ണോയ്കളുടെ അന്നത്തെ പ്രവൃത്തിയെ അനുകരിച്ചാണു് ചിപ്കൊ പ്രസ്ഥാനം മരങ്ങളെ ആലിംഗനം ചെയ്യുന്ന സമരരീതി അവലംബിച്ചതു്. അമൃതാദേവിയുടെയും മറ്റും ജീവസമര്‍പ്പണം പോലെയുള്ള ത്യാഗങ്ങള്‍ വേറെ ഉണ്ടാവില്ല. എങ്കിലും ജീവജാലങ്ങളെ സംരക്ഷിക്കേണ്ടതു് തങ്ങളുടെ കടമയാണെന്നു് വിശ്വസിച്ചിരുന്ന പല സമൂഹങ്ങളും ലോകത്തിലുണ്ടായിട്ടുണ്ടു്. പുരോഗതിയുടെ പേരില്‍ പ്രകൃതിയെ നശിപ്പിക്കാന്‍ അശേഷം മടി കാട്ടാത്ത ഇന്നത്തെ സമൂഹത്തെക്കാള്‍ വിവേകമുള്ളവരായിരുന്നു അവര്‍ എന്നു് നമുക്കു് സമ്മതിക്കേണ്ടി വരുന്നു. എന്തായാലും ഇന്നും ബിഷ്ണോയ് ഗ്രാമങ്ങള്‍ രാജസ്ഥാന്‍ മരുഭൂമിയിലെ മരുപ്പച്ചകളായി നിലനില്‍ക്കുന്നു.

പരിസ്ഥിതിയുടെ ആരോഗ്യം തങ്ങളുടെ നിലനില്പിനു് അത്യന്താപേക്ഷിതമാണു് എന്നു് പ്രാചീനകാലത്തെ എല്ലാ സമൂഹങ്ങളും വിശ്വസിച്ചിരുന്നു എന്നു വേണം കരുതാന്‍. മരങ്ങള്‍ നിറഞ്ഞ ചില പ്രദേശങ്ങള്‍ `വിശുദ്ധവനങ്ങള്‍' എന്ന നിലയ്ക്കു് സംരക്ഷിച്ചു നിലനിര്‍ത്തുന്ന ശീലം ലോകത്തില്‍ പലയിടങ്ങളിലും ഉണ്ടായിരുന്നു. മതവിശ്വാസങ്ങളുമായി ബന്ധപ്പെട്ടാണു് ഇവ പലപ്പോഴും സംരക്ഷിച്ചിരുന്നതു്. പ്രാചീന യൂറോപ്പിലും ചില പൌരസ്ത്യ ദേശങ്ങളിലുമാണു് വിശുദ്ധവനങ്ങള്‍ മുഖ്യമായും ഉണ്ടായിരുന്നതു് എന്നാണു് രേഖകള്‍ കാണിക്കുന്നതു്. ഗ്രീസ്, റോമന്‍ സാമ്രാജ്യം, ബാള്‍ട്ടിക്, സെല്‍റ്റിക് പ്രദേശങ്ങള്‍, ജര്‍മ്മനി, പശ്ചിമ ആഫ്രിക്ക, ഇന്ത്യ, ജപ്പാന്‍, എന്നിങ്ങനെ പല പ്രദേശങ്ങളിലും വിശുദ്ധവനങ്ങള്‍ നിലനിന്നിരുന്നതിനു് തെളിവുകള്‍ ഉണ്ടത്രെ. അമേരിക്കയിലെ ഗോത്രവര്‍ഗക്കാര്‍ക്കും പ്രകൃതിയോടു് ആരാധനാമനോഭാവമാണു് ഉണ്ടായിരുന്നതു് എന്നാണു് ചീഫ് സിയറ്റിലിന്റെ സുപ്രസിദ്ധമായ വാക്കുകള്‍ സൂചിപ്പിക്കുന്നതു്. ആധുനിക മതങ്ങളുടെ ആവിര്‍ഭാവത്തോടെയാണു് ഇത്തരം പല വനപ്രദേശങ്ങളും മനുഷ്യര്‍ വെട്ടിമാറ്റിയതു്. എന്നാല്‍ പ്രാചീന മതവിശ്വാസങ്ങള്‍ നിലനില്‍ക്കുന്ന ചിലയിടങ്ങളില്‍ ഇപ്പോഴും വിശുദ്ധവനങ്ങള്‍ അവശേഷിക്കുന്നുണ്ടു്. കേരളത്തില്‍ ഇത്തരം പ്രദേശങ്ങളെ നമ്മള്‍ `കാവുകള്‍' എന്നു വിളിക്കുന്നു. ഇന്ത്യയിലെ വിശുദ്ധവനങ്ങളധികവും ഹിന്ദുമതവുമായി ബന്ധപ്പെട്ടാണു് കാണപ്പെടുന്നതെങ്കിലും ഇസ്ലാമും ബുദ്ധമതവും മറ്റുമായി ബന്ധപ്പെട്ടു് സംരക്ഷിച്ചുവരുന്ന വിശുദ്ധവനങ്ങളും ചിലയിടങ്ങളില്‍ കാണുന്നുണ്ടു്.

വിശുദ്ധവനങ്ങള്‍ ഇന്ത്യയില്‍ പലയിടങ്ങളിലുമുണ്ടു്; അവ പല പേരുകളിലാണു് അറിയപ്പെടുന്നതു്. ഏതാണ്ടു് 14,000 വിശുദ്ധവനങ്ങള്‍ ഇന്ത്യയിലുണ്ടെന്നു് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 1897ല്‍ ഇന്ത്യയിലെ വനങ്ങളുടെ ഇന്‍സ്പെക്ടര്‍ ജനറലായിരുന്ന ബ്രാന്‍ഡിസ് ഇപ്രകാരമെഴുതി: ``ഇന്ത്യയിലെ വിശുദ്ധവനങ്ങളെപ്പറ്റി വളരെക്കുറച്ചേ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളൂ. എന്നാല്‍ അവ നിരവധി എണ്ണമുണ്ടു്, അല്ലെങ്കില്‍ ഉണ്ടായിരുന്നു. മിക്കവാറും എല്ലാ പ്രവിശ്യകളിലും ഞാനവ കണ്ടിട്ടുണ്ടു്.'' ഗോരഖ്പൂരിനടുത്തു് മിയാസാഹിബ് എന്ന മുസ്ലിം സന്യാസി പരിപാലിച്ചു പോന്നിരുന്ന ഒരു വിശുദ്ധവനം അദ്ദേഹം കണ്ടെത്തുകയും ചെയ്തു. മലയാളി ഹിന്ദുക്കള്‍ അവരുടെ പറമ്പുകുളുടെ തെക്കുപടിഞ്ഞാറേ ഭാഗം സ്വാഭാവികമായി വനം വളരുന്നതിനു് മാറ്റി വച്ചിരുന്നതായി മലബാര്‍ മാനുവലില്‍ വില്യം ലോഗന്‍ എഴുതിയിട്ടുണ്ടു്. ഇവയായിരുന്നു സര്‍പ്പക്കാവുകള്‍. മദ്ധ്യപ്രദേശിലെ സര്‍ഗുജ ജില്ലയിലെ ഓരോ ഗ്രാമത്തിലും 20 ഹെക്ടര്‍ വിസ്തീര്‍ണ്ണമുള്ള കാടുണ്ടു്. ഇവിടെ എല്ലാ സസ്യങ്ങളും മൃഗങ്ങളും സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഈ പ്രദേശങ്ങള്‍ ശരണവനങ്ങള്‍ എന്ന പേരിലാണു് അറിയപ്പെടുന്നതു്. ഇന്ത്യയിലെ ഏറ്റവും വലിയ വിശുദ്ധവനങ്ങള്‍ ഒരുപക്ഷെ ഉത്തരഖണ്ഡിലെ ചമോലി ജില്ലയിലെ ഹരിയാലി പ്രദേശത്തും ഹിമാചല്‍ പ്രദേശിലെ സിംലയ്ക്കടുത്തുള്ള ദേവദാര്‍ പ്രദേശത്തും ഉള്ളവയാവാം. കര്‍ണ്ണാടകയിലെ കുടകിലും ധാരാളം വിശുദ്ധവനങ്ങളുണ്ടു്. ഇത്തരം വനങ്ങള്‍ എണ്ണത്തില്‍ ഏറ്റവും കൂടിതലുള്ളതു് ഹിമാചല്‍ പ്രദേശിലാണു് -- ഏതാണ്ടു് 5,000. കേരളത്തില്‍ രണ്ടായിരത്തോളം കാവുകളുണ്ടെന്നാണു് കണക്കാക്കിയിരിക്കുന്നതു് (കണക്കുകള്‍ വിക്കിപ്പീഡിയയില്‍നിന്നു്).

കാവു് എന്ന പദത്തിനു് `ബലിയിടുന്ന സ്ഥലം' എന്നും `മരക്കൂട്ടം' എന്നും അര്‍ത്ഥം പറയാറുണ്ടു്. പല കാവുകളുമായി ബന്ധപ്പെട്ടു് ഒരു ആരാധനാമൂര്‍ത്തി ഉണ്ടാവാറുണ്ടു്. അതുകൊണ്ടായിരിക്കണം കേരളത്തില്‍ കാവു് എന്ന പദം ചില ക്ഷേത്രങ്ങള്‍ക്കും ഉപയോഗിക്കാറുള്ളതു്. ഈ കാവുകളില്‍ നിന്നു് തടി വെട്ടിയെടുക്കുന്നതും പക്ഷിമൃഗാദികളെ കൊല്ലുന്നതും കര്‍ശനമായി വിലക്കപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ഈ പ്രദേശങ്ങളിലെ ജൈവവൈവിദ്ധ്യം സംരക്ഷിക്കപ്പെട്ടു. പണ്ടു് കേരളത്തില്‍ മിക്കസ്ഥലങ്ങളിലും ഉണ്ടായിരുന്ന മഴക്കാടുകളുടെ അവശിഷ്ടങ്ങളാണു് കാവുകള്‍ എന്നു വിശ്വസിക്കപ്പെടുന്നു.

എന്നാല്‍ പല കാരണങ്ങളും കൊണ്ടു് വനങ്ങളോടൊപ്പം കാവുകളും നശിച്ചുകൊണ്ടിരിക്കുകയാണു്. 1921ലെ സെന്‍സസ് അനുസരിച്ചു് അന്നു് കേരളത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍, അതായതു് പഴയ തിരുവിതാംകൂര്‍ പ്രദേശത്തു്, മാത്രം 12,000 കാവുകളുണ്ടായിരുന്നു. എന്നാല്‍ ഇന്നതു് ഏതാണ്ടു്' ആറിലൊന്നില്‍ താഴെ ആയിരിക്കുന്നു. കേരളത്തിലെ ജനസാന്ദ്രത, കാവുകളുടെ ദൈവീകതയില്‍ വിശ്വാസമില്ലാത്ത ഒരു തലമുറയുടെ വരവു്, തടിയുടെ ദൌര്‍ലഭ്യത തുടങ്ങി പല കാരണങ്ങളും ഇതിനുണ്ടാവാം. എന്നാല്‍ കാവുകള്‍ക്കു് നിയമപരമായ സംരക്ഷണമില്ല എന്നതു് ഒരു പ്രധാന കാരണമായി ചുണ്ടിക്കാണിക്കാവുന്നതാണു്.

എന്തുകൊണ്ടാണു് കാവുകള്‍ സംരക്ഷിക്കപ്പെടേണ്ടതു്? കാവുകളിലെ ബൃഹത്തായ ജൈവവൈവിദ്ധ്യം തന്നെയാണു് പ്രധാനകാരണം. കേരളത്തിലെ കാവുകളില്‍നിന്നു് അനേകം പുതിയ ചെടികളെയും മൃഗങ്ങളെയും കണ്ടെത്താനായിട്ടുണ്ടു്. കഴിഞ്ഞ നൂറോളം വര്‍ഷമായി തുടരുന്ന വനനശീകരണം നമ്മുടെ നിത്യഹരിതവനങ്ങളുടെ വിസ്തീര്‍ണ്ണം വളരെയധികം കുറയ്ക്കാന്‍ കാരണമായിട്ടുണ്ടു്. അവയുടെ അവശിഷ്ടമെന്ന നിലയ്ക്കു് നമ്മുടെ കാവുകള്‍ക്കു് വളരെയേറെ പ്രാധാന്യമുണ്ടു്. ഇന്ത്യയില്‍ത്തന്നെ ഏറ്റവും കൂടുതല്‍ ജൈവവൈവിധ്യമുള്ള പ്രദേശങ്ങളിലൊന്നാണല്ലോ പശ്ചിമഘട്ടങ്ങളിലെ വനങ്ങള്‍. അവയോളം തന്നെ പ്രധാനമാണു് കാവുകളും. നമ്മുടെ പറമ്പുകളില്‍നിന്നും മറ്റും അന്യംനിന്നു പോകുന്ന തെറ്റി, തുമ്പ, തുളസി, നീലനാരകം, ബലിപ്പൂവു്, നാഗമരം, അകില്‍, തമ്പകം, മരോട്ടി, ഇഞ്ച, തുടങ്ങിയ പല സസ്യങ്ങളും ഇപ്പോഴും കാവുകളില്‍ നിലനില്‍ക്കുന്നുണ്ടത്രെ. നിത്യഹരിത വനങ്ങളില്‍ മാത്രം കാണാറുള്ള പലതരം മരങ്ങള്‍ കാവുകളില്‍ കാണാനാകുമത്രെ. കാവുകള്‍ പല ദേശാടനപ്പക്ഷികളുടെയും സങ്കേതങ്ങളാണെന്നു് കരുതപ്പെടുന്നു. മാത്രമല്ല പുതിയയിനം ചെടികളും മനുഷ്യന്‍ കൃഷി ചെയ്യുന്ന ചിലയിനം ചെടികളുടെ വന്യരൂപങ്ങളും കാവുകളില്‍ കണ്ടെത്തിയിട്ടുണ്ടു്. നമ്മള്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത എന്തെല്ലാം വിഭവങ്ങള്‍ കാവുകളില്‍ ഇനിയുമുണ്ടാവാം! കാവുകളിലെ തടിയുടെ കമ്പോള വിലയേക്കാള്‍ എത്രയോ മൂല്യമേറിയതാവണം അതിലെ ജൈവവൈവിദ്ധ്യം. ഇക്കാരണങ്ങള്‍ കൊണ്ടു് വനങ്ങളും കാവുകളും സംരക്ഷിച്ചു് നിലനിര്‍ത്തേണ്ടതു് നമ്മുടെയും നമ്മുടെ സര്‍ക്കാരിന്റെയും കടമയാണു്. എറണാകുളം ജില്ലയിലെ ഏതാനും കാവുകള്‍ സംരക്ഷിക്കാന്‍ ഈയിടെ എടുത്ത തീരുമാനം സ്വാഗതാര്‍ഹമാണു്. ഈ പദ്ധതി മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും എന്നു് നമുക്കു് ആശിക്കാം.

പ്രകൃതിയെ ഹനിച്ചുകൊണ്ടു് മനുഷ്യസമൂഹത്തിനു് പുരോഗമിക്കാനാവില്ല എന്നു് നമ്മള്‍ മനസിലാക്കേണ്ട കാലം എന്നേ കഴി‍ഞ്ഞിരിക്കുന്നു. എന്നാല്‍ നമുക്കു് ന്യായമായി അര്‍ഹമായതില്‍ എത്രയോ കൂടുതല്‍ പ്രകൃതി വിഭവങ്ങളാണു് നമ്മള്‍ ഉപയോഗിക്കുന്നതു്! അതേ സമയം, ഭൂമിയില്‍ ജീവനു് നിലനില്‍ക്കാന്‍ സഹായിക്കുന്ന വനങ്ങളും ജലാശയങ്ങളും മറ്റും ഇല്ലാതാക്കുന്നവയാണു് നമ്മുടെ പല പ്രവൃത്തികളും. എന്നുതന്നെയല്ല, നമ്മുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായമേകുന്ന വിലയേറിയ ഔഷധസസ്യങ്ങള്‍ക്കു് വളരാനാവശ്യമായ സൌകര്യങ്ങളും നമ്മള്‍ നിഷേധിക്കുകയാണു്. ഇതിന്റെ ഭവിഷ്യത്തുകള്‍ അനുഭവിക്കാന്‍ പോകുന്നതു് വരും തലമുറകളാണു്. അവരെ ഓര്‍ത്തെങ്കിലും "പുരോഗതി"ക്കു വേണ്ടിയുള്ള നമ്മുടെ ഈ പരക്കംപാച്ചിലിനു് അറുതിവരുത്തണം. ഇന്നത്തെ രാജാക്കന്മാര്‍ കൊട്ടാരങ്ങള്‍ പുതുക്കി പണിയേണ്ട എന്നുതന്നെ നമ്മള്‍ പറയേണ്ടിയിരിക്കുന്നു. നമ്മുടെ ജൈവസമ്പത്തിനെ സംരക്ഷിക്കാനായി നമുക്കു് വനങ്ങളെയും കാവുകളെയും ആലിംഗനം ചെയ്യാം. ഒരു രാജസേവകനും നമ്മുടെ തല വെട്ടില്ല.

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)

Wednesday, December 23, 2009

മനുഷ്യരാശിയുടെ ഉത്ഭവവും പരിണാമവും

മനുഷ്യന്‍ എങ്ങനെ ഉണ്ടായി? ജീവന്‍ തന്നെ എങ്ങനെ ഉണ്ടായി? ഒരു പക്ഷെ, പ്രപഞ്ചം എങ്ങനെ ഉണ്ടായി എന്ന ചോദ്യത്തോടൊപ്പം മനുഷ്യനു് അറിയാന്‍ ഏറ്റവും താല്പര്യമുള്ള കാര്യങ്ങളായിരിക്കും ഇവയൊക്കെ. മനുഷ്യന്റെ ഉത്ഭവത്തേപ്പറ്റി പല മതങ്ങളും നമുക്കു് പലതും പറഞ്ഞു തരുന്നുണ്ടു്. ശാസ്ത്രജ്ഞര്‍ അവരുടെ വഴിക്കു് ചിലതൊക്കെ കണ്ടുപിടിച്ചിട്ടുമുണ്ടു്. പുതിയ കണ്ടെത്തലുകള്‍ ഉണ്ടാകുന്നതനുസരിച്ചു് ശാസ്ത്രീയ സത്യങ്ങള്‍ മാറിക്കൊണ്ടിരിക്കുമല്ലോ. മനുഷ്യന്റെ ഉത്ഭവത്തെപ്പറ്റി ശാസ്ത്രം ഇപ്പോള്‍ എന്താണു് പറയുന്നതു് എന്നു് നമുക്കു് പരിശോധിക്കാം.

ഭൂമിയും സൌരയൂഥവും ഉണ്ടായതു് ഏതാണ്ടു് 460 കോടി വര്‍ഷം മുമ്പായിരിക്കണം എന്നു് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ഭൂമിയില്‍ ജീവനുണ്ടായിട്ടു് ഏതാണ്ടു് 300-400 കോടി വര്‍ഷം ആയിട്ടുണ്ടാവണം. ആദ്യമുണ്ടായതു് ജലത്തില്‍ ജീവിക്കുന്ന ചില സൂക്ഷ്മജീവികള്‍ ആയിരിക്കണം. ഇവയെങ്ങനെ ഉണ്ടായി എന്നതു് കൃത്യമായി മനസിലാക്കാനായിട്ടില്ല. എങ്കിലും, ഭൂമിയിലുണ്ടായിരുന്ന ചില രാസവസ്തുക്കള്‍ മിന്നലിന്റെയും മറ്റും ഫലമായി കൂടിച്ചേര്‍ന്നു് കൂടുതല്‍ സങ്കീര്‍ണ്ണമായ ജൈവ രാസപദാര്‍ത്ഥങ്ങള്‍ ഉണ്ടായി എന്നും കടലില്‍ കലങ്ങിയ ഇവയില്‍ നിന്നും അനേകം നൂറ്റാണ്ടുകളിലൂടെ ജീവന്റെ പ്രാഥമിക തന്മാത്രകളുണ്ടായി എന്നും കരുതപ്പെടുന്നു. എന്നാല്‍ സൂക്ഷ്മ ജൈവരൂപങ്ങള്‍ ബഹിരാകാശത്തുനിന്നു് എത്തിച്ചേര്‍ന്നു എന്നു കരുതുന്ന ശാസ്ത്രജ്ഞരുമുണ്ടു്. ഇത്രയധികം വൈരുദ്ധ്യം നിലനില്‍ക്കുന്നതു് തന്നെ നമുക്കു് ഈ പ്രക്രിയ നന്നായി മനസിലാക്കാനായിട്ടില്ല എന്നതിന്റെ തെളിവാണു്.

ആദ്യകാലത്തെ ജീവജാലങ്ങള്‍ കടലില്‍ ആയിരുന്നിരിക്കണം ഉണ്ടായതു് എന്ന കാര്യത്തില്‍ വലിയ തര്‍ക്കമില്ല. അന്നത്തെ അന്തരീക്ഷത്തില്‍ ഓക്സിജന്‍ തീരെ ഇല്ലായിരുന്നതുകൊണ്ടും കാര്‍ബണ്‍ ഡയോക്സൈഡ് ധാരാളം ഉണ്ടായിരുന്നതുകൊണ്ടും കാര്‍ബണ്‍ ഡയോക്സൈഡ് ശ്വസിച്ചു് ഓക്സിജന്‍ പുറന്തള്ളുന്ന സൂക്ഷ്മജീവികള്‍ ആയിരിക്കണം ആദ്യമുണ്ടായതു്. അവയാണു് ഇന്നു കാണുന്ന ജീവജാലങ്ങള്‍ക്കു് ജീവിക്കാന്‍ ഉതകുന്ന തരത്തില്‍ ഓക്സിജന്‍ ധാരാളമുള്ള അന്തരീക്ഷം സൃഷ്ടിക്കാന്‍ സഹായിച്ചതു്. പിന്നീടു് ചെടികളും സങ്കീര്‍ണ്ണമായ മറ്റു ജീവികളും ഉത്ഭവിച്ചു. കരയില്‍ ചെടികളും ആദ്യകാലജന്തുക്കളും ഉണ്ടായതു് ഏതാണ്ടു് 48 കോടി വര്‍ഷം മുമ്പായിരിക്കണം. ഏതാണ്ടു് 37 കോടി വര്‍ഷങ്ങള്‍ക്കും 36 കോടി വര്‍ഷങ്ങള്‍ക്കും ഇടയ്ക്കായിരിക്കണം എല്ലുള്ള ജീവികളുണ്ടായതു്. അവയില്‍നിന്നു് പരിണമിച്ചാണു് മനുഷ്യനും ഇന്നു കാണുന്ന മറ്റു പല ജീവികളും ഉണ്ടായതു്.

ഏതാണ്ടു് മൂന്നു കോടി വര്‍ഷങ്ങള്‍ക്കു മുമ്പു് ആഫ്രിക്കയിലും ദക്ഷിണേഷ്യയിലും ഒഴിച്ചു് ബാക്കിയെല്ലാ പ്രദേശങ്ങളിലെയും പ്രൈമേറ്റുകള്‍ (മനുഷ്യനും കുരങ്ങനും അടങ്ങുന്ന കുടുംബം) വംശനാശത്തിനു് ഇരയായി. പിന്നീടു്, ഏതാണ്ടു് ഒന്നേമുക്കാല്‍ കോടി വര്‍ഷം മുമ്പു്, ആയിരിക്കണം ഹോമിനിഡുകള്‍ എന്നറിയപ്പെടുന്ന വര്‍ഗം ആഫ്രിക്കയില്‍നിന്നു് യൂറോപ്പിലേക്കു് കുടിയേറിയതു്. മെഡിറ്ററേനിയന്‍ കടല്‍ വികസിച്ചു് ആഫ്രിക്കയും യൂറോപ്പും തമ്മില്‍ വേര്‍പെടുന്നതിനു് മുമ്പായിരിക്കണം ഇതുണ്ടായതു്. മനുഷ്യനും ചിംപന്‍സിയും ഒരേ ശാഖയില്‍ നിന്നു് ഉരുത്തിരിഞ്ഞതാണു് എന്നാണു് ശാസ്ത്രജ്ഞര്‍ കരുതുന്നതു്. അവര്‍ വഴി പിരിഞ്ഞതു് ഏതാണ്ടു് 50 - 70 ലക്ഷം വര്‍ഷം മുമ്പു് ആയിരിക്കണം. പക്ഷെ അപ്പോഴും ഇന്നു കാണുന്ന രൂപത്തിലുള്ള മനുഷ്യന്‍ ഉണ്ടായിരുന്നില്ല. ചിംപന്‍സികളുമായി വഴി പിരിഞ്ഞ ശേഷം ഉണ്ടായ ഒരു ശാഖയില്‍ നിന്നാണു് മനുഷ്യനും ഗോറില്ലകളും ഉണ്ടായതു്.

മനുഷ്യന്റെ ശാഖയിലെ ആദ്യത്തെ വര്‍ഗം എന്നു പറയപ്പെടുന്നതു് ആസ്ട്രേലോപിത്തെക്കസ് എന്നു പേരുള്ള ഒന്നാണു്. ഏതാണ്ടു് 25 ലക്ഷം വര്‍ഷം മുമ്പായിരിക്കണം കല്ലുകൊണ്ടുണ്ടാക്കിയ പണിയായുധങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയതു്. അക്കാലത്തു് ഈ ശാഖയിലെ ജന്തുക്കളുടെ തലച്ചോറു് ചെറുതായിരുന്നു എന്നാണു് ഫോസിലുകള്‍ സൂചിപ്പിക്കുന്നതു്. എന്നാല്‍ അതിന്റെ ഏതാണ്ടു് നാലിരട്ടി വലുപ്പമുണ്ടു് ഇന്നു് മനുഷ്യന്റെ തലച്ചോറിനു്. ഇക്കാലത്തിനിടയ്ക്കുള്ള ഫോസിലുകളില്‍ നിന്നു് കാലം കഴിയുന്നതനുസരിച്ചു് തലച്ചോറിന്റെ വലുപ്പം കൂടി വരുന്നതു് നമുക്കു് കാണാനാകും. തലച്ചോറിന്റെ വലുപ്പം ബുദ്ധിശക്തിയുടെ സൂചനയാണു് എന്നാണു് കരുതപ്പെടുന്നതു്. ജന്തുശാസ്ത്രം നയിക്കുന്ന പരിണാമത്തില്‍ നിന്നു് ബുദ്ധിശക്തി നയിക്കുന്ന പരിണാമത്തിലേക്കുള്ള മാറ്റമാണു് ഇവിടെ കാണുന്നതു് എന്നു പറയാം.

പിന്നീടുള്ള മനുഷ്യന്റെ പരിണാമത്തെപ്പറ്റി രണ്ടു് തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടു്. ആഫ്രിക്കയിലുണ്ടായിരുന്ന മനുഷ്യരൂപമുള്ള ചെറിയൊരു കൂട്ടത്തില്‍ നിന്നു് പരിണമിച്ചു് ഏതാണ്ടു് രണ്ടു ലക്ഷം വര്‍ഷം മുമ്പു് ലോകത്തിലെ മറ്റു ദിക്കുകളിലേക്കു് കുടിയേറി അവിടെ ആധിപത്യം സ്ഥാപിക്കുകയായിരുന്നോ, അതോ ലോകത്തു പലയിടത്തും പ്രത്യേകമായി ഉത്ഭവിക്കുകയായിരുന്നോ എന്നതാണു് ഒരു തര്‍ക്കം. ഏതാണ്ടു് ഒരു ലക്ഷം വര്‍ഷം മുമ്പു്, ഫോസിലുകളില്‍ ദൃശ്യമല്ലാത്ത സിരാവ്യൂഹത്തില്‍ വന്ന മാറ്റങ്ങള്‍ കാരണമാവാം, ബുദ്ധിപരവും സാംസ്ക്കാരികവും സാങ്കേതികവുമായ ഒരു കുതിച്ചുചാട്ടം മനുഷ്യനില്‍ സംഭവിച്ചോ എന്നതാണു് മറ്റൊരു തര്‍ക്കം. ഈ തര്‍ക്കങ്ങള്‍ നിലനില്‍ക്കുമ്പോള്‍ത്തന്നെ മനുഷ്യരാശിയുടെ മാതാവായി ഏത്തിയോപ്പിയയില്‍ കണ്ടെത്തിയ, ലൂസി എന്ന ഓമനപ്പേരില്‍ വിളിക്കുന്ന, ഒരു ഫോസിലിനെ ചിത്രീകരിക്കാറുണ്ടു്. കുരങ്ങന്മാരുടേതു പോലെ ചെറിയ തലയുള്ള, എന്നാല്‍ മനുഷ്യരെപ്പോലെ രണ്ടുകാലില്‍ നടന്നിരുന്ന, ഈ സ്ത്രീ ഏതാണ്ടു് 32 ലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പു് ജീവിച്ചിരുന്നു എന്നു് കരുതുന്നു. ബുദ്ധി വികസിക്കുന്നതിനു മുമ്പുതന്നെ രണ്ടു കാലില്‍ നടക്കുന്ന ശീലം ആരംഭിച്ചിരുന്നു എന്നു് ലൂസി തെളിയിക്കുന്നു. ലൂസിയെ ശാസ്ത്രീയമായി ആസ്ട്രേലോപിത്തെക്കസ് അഫാറെന്‍സിസ് Australopithecus afarensis എന്നാണു് വിളിക്കുന്നതു്.

വളരെക്കാലത്തേക്കു് ലൂസിയെ മനുഷ്യരാശിയുടെ മുതുമുത്തശ്ശിയായി കരുതിയിരുന്നു. ഒരുപക്ഷെ ഇത്രയും പഴക്കമുള്ള, എന്നാല്‍ ഇത്ര ഭംഗിയായി സംരക്ഷിക്കപ്പെട്ട മറ്റൊരു ഫോസില്‍ കണ്ടെത്തിയിരുന്നില്ല എന്നതായിരിക്കാം ലൂസിയോടുണ്ടായിരുന്ന സ്നേഹത്തിനു പിന്നിലുള്ള ഒരു കാരണം. ലൂസിയുടെ അസ്ഥിപഞ്ചരത്തിന്റെ ഏതാണ്ടു് നാല്പതു് ശതമാനത്തോളം ഭാഗം നല്ല രൂപത്തില്‍ തന്നെ ലഭിച്ചു. അതു് കണ്ടെത്തിയതിന്റെ പിന്നിലും രസകരമായ കഥയുണ്ടു്. രണ്ടു തവണ പരിശോധിച്ചു് ഫോസിലുകളില്ല എന്നു് തീരുമാനിച്ച ഒരു പ്രദേശത്തു് അകാരണമായ ഒരു വിളിപ്പാടിന്റെ ഫലമായി എന്നപോലെ നടത്തിയ തിരച്ചിലില്‍ ആണു് ലൂസിയുടെ ഫോസില്‍ കഷണങ്ങള്‍ ലഭിച്ചതു്. പ്രശസ്ത പുരാവസ്തു ഗവേഷകയും നരവംശശാസ്ത്രജ്ഞയുമായിരുന്ന മേരി ലീക്കി അടങ്ങിയ സംഘത്തിലുണ്ടായിരുന്ന ഡോണാള്‍ഡ് ജോഹാന്‍സണ്‍ എന്ന അമേരിക്കന്‍ നരവംശശാസ്ത്രജ്ഞനും അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥിയായിരുന്ന ടോം ഗ്രേയും ആണു് ലൂസിയുടെ ഭാഗങ്ങള്‍ കണ്ടതു്. ഒരു പ്രദേശം പരിശോധിച്ചശേഷം തിരിച്ചു് ജീപ്പിലേക്കു് നടക്കുന്നതിനിടയ്ക്കു് വെറുതെ ഒരു താഴ്ന്ന പ്രദേശം, അതു് മുമ്പു് ടീമിലെ അംഗങ്ങള്‍ പരിശോധിച്ചതാണെങ്കിലും, ഒന്നുകൂടി പരിശോധിച്ചു് തിരികെ പോകാന്‍ തുടങ്ങുമ്പോഴാണു് ഒരു എല്ലിന്റെ അറ്റത്തിന്റെ ഫോസില്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടതു്. 1974 നവംബര്‍ 24നായിരുന്നു ഈ സുപ്രധാനമായ കണ്ടുപിടിത്തം നടന്നതു്. എന്നാല്‍ ഇരുപതു് വര്‍ഷം കഴിഞ്ഞപ്പോള്‍ ലൂസിയെ സ്ഥാനഭ്രഷ്ടയാക്കുന്ന മറ്റൊരു കണ്ടുപിടിത്തമുണ്ടായി.

ഒക്ടോബര്‍ 2009ലാണു് പുതിയ കണ്ടെത്തലിനെ കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടായതെങ്കിലും 1994ലാണു് കണ്ടുപിടിത്തം നടന്നതായി അവര്‍ അവകാശപ്പെടുന്നതു്. എത്തിയോപ്പിയയിലെ അഫാര്‍ താഴ്ച എന്ന സ്ഥലത്തു നിന്നു കണ്ടെത്തിയ ആര്‍ഡിപിത്തെക്കസ് രാമിഡസ് (Ardipithecus ramidus) എന്നു പേരിട്ടിരിക്കുന്ന ജന്തുവിന്റെ ഫോസിലാണു് ലൂസിയെ സ്ഥാനഭ്രഷ്ടയാക്കിയിരിക്കുന്നതു്. രണ്ടു കാലില്‍ നടക്കുകയും കുരങ്ങന്റെയും മനുഷ്യന്റെയും ശാരീരിക സ്വഭാവങ്ങള്‍ കാണിക്കുകയും ചെയ്യുന്ന ആര്‍ഡിപിത്തെക്കസ് ഏതാണ്ടു് 44 ലക്ഷം വര്‍ഷം മുമ്പായിരിക്കണം ജീവിച്ചിരുന്നതു്. ആര്‍ഡി എന്നു പേരിട്ടിരിക്കുന്ന ഈ വ്യക്തിക്ക് ഏതാണ്ടു് 120 സെന്റിമീറ്റര്‍ ഉയരവും 50 കിലോഗ്രാം ഭാരവും ഉണ്ടായിരുന്നിരിക്കണം എന്നു കണക്കാക്കുന്നു. ആര്‍ഡിയുടെ അസ്ഥിപഞ്ചരത്തിന്റെ ഭാഗങ്ങള്‍ കൂടാതെ ആര്‍ഡിപിത്തെക്കസ് വര്‍ഗത്തിലെതന്നെ മറ്റു ചില വ്യക്തികളുടെ ഏതാനും എല്ലുകളുടെ ഫോസിലുകളും ലഭിച്ചിട്ടുണ്ടു്. ബര്‍ക്കിലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ പ്രവര്‍ത്തിയെടുക്കുന്ന ടിം വൈറ്റ് എന്ന നരവംശശാസ്ത്രജ്ഞന്‍ നയിച്ച സംഘമാണു് ആദ്യത്തെ ആര്‍ഡിപിത്തെക്കസ് രാമിഡസ് ഫോസില്‍ കണ്ടെത്തിയതു്.

ഇതോടെ മനുഷ്യന്റെ ഉത്ഭവത്തിന്റെ വഴി വ്യക്തമായി എന്നു കരുതാനാവില്ല. എന്നെങ്കിലും പൂര്‍ണ്ണമായി മനസിലാകുമോ? പറയാനാവില്ല. കാലം കഴിയുംതോറും പുതിയ അറിവുകള്‍ ലഭിക്കാം. നമ്മുടെ ധാരണകള്‍ തിരുത്തിക്കുറിക്കേണ്ടി വരാം. പ്രപഞ്ചത്തിന്റെയോ ജീവന്റെയോ ഉത്ഭവത്തെപ്പറ്റി എന്നെങ്കിലും എല്ലാം അറിയാനാവുമോ? പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ ഒരു യൂറോപ്യന്‍ ശാസ്ത്രജ്ഞന്‍ ശാസ്ത്രം തീര്‍ന്നു എന്നു പ്രഖ്യാപിച്ചുവത്രെ. നമുക്കു് പ്രഞ്ചം മുഴുവനും മനസിലായിക്കഴിഞ്ഞു, ഇനി പെട്ടെന്നു തന്നെ മനസിലക്കാനാവുന്ന അല്പം ചില സംശയങ്ങള്‍ മാത്രമെ ബാക്കി നില്‍ക്കുന്നുള്ളൂ എന്നാണദ്ദേഹം പറഞ്ഞതു്. ഭൌതികശാസ്ത്രത്തെപ്പറ്റി ആയിരുന്നു പ്രസ്താവന. എന്നാല്‍ തുടര്‍ന്നുള്ള ഏതാനും വര്‍ഷങ്ങള്‍ക്കുള്ളിലാണു് ഭൌതികശാസ്ത്രത്തില്‍ വിപ്ലവം സൃഷ്ടിച്ചുകൊണ്ടു് രണ്ടു പുതിയ സിദ്ധാന്തങ്ങള്‍ പ്രത്യക്ഷമായതു് -- ക്വാണ്ടം ബലതന്ത്രവും ഐന്‍സ്റ്റൈന്റെ ആപേക്ഷികതാ സിദ്ധാന്തവും. മനുഷ്യനു് എല്ലാ കാര്യങ്ങളും നന്നായി മനസിലാക്കാനായിട്ടുണ്ടു് എന്ന വിശ്വാസം പലപ്പോഴും വഴിതെറ്റിക്കുന്നതാണു്. നമുക്കു് സങ്കല്പിക്കാന്‍ പോലും കഴിയാത്തത്ര സങ്കീര്‍ണ്ണമായിരിക്കാം നമ്മുടെ പ്രപഞ്ചം.

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് \eng by-sa \mal ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)